Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുന്നേറുന്ന ഏഷ്യ: ഭാവിക്കായുള്ള നിക്ഷേപം എന്ന വിഷയത്തില്‍ നടന്ന എം.ഒ.എഫ്.-ഐ.എം.എഫ്. സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

മുന്നേറുന്ന ഏഷ്യ: ഭാവിക്കായുള്ള നിക്ഷേപം എന്ന വിഷയത്തില്‍ നടന്ന എം.ഒ.എഫ്.-ഐ.എം.എഫ്. സമ്മേളനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


മാഡം ലഗാര്‍ദേ, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. ജെയ്റ്റ്‌ലി, സഹോദരീസഹോദരന്‍മാരേ,

നിങ്ങളെ ഓരോരുത്തരെയും ഞാന്‍ ഇന്ത്യയിലേക്കും ഡെല്‍ഹിയിലേക്കും സ്വാഗതം ചെയ്യുന്നു. സമ്പന്നമായ പാരമ്പര്യത്തോടും ചരിത്രപരമായ ഒട്ടേറെ നാഴികക്കല്ലുകളോടുംകൂടിയ നഗരമാണു ഡെല്‍ഹി. അവയില്‍ ചിലതൊക്കെ കാണാന്‍ നിങ്ങള്‍ സമയം കണ്ടെത്തുമെന്നു ഞാന്‍ കരുതുന്നു.

നമ്മോടു സഹകരിച്ച് ഇത്തരമൊരു സമ്മേളനം സംഘടിപ്പിക്കാന്‍ ഐ.എം.എഫ്. തയ്യാറായതില്‍ എനിക്കു വളരെയധികം സന്തോഷമുണ്ട്. മാഡം ലഗാര്‍ദേ, നിങ്ങള്‍ക്ക് ഇന്ത്യയോടും ഏഷ്യയോടുമുള്ള താല്‍പര്യത്തിന്റെ മറ്റൊരു ഉദാഹരണമാണിത്. താങ്കള്‍ രണ്ടാംതവണയും മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെട്ടതിനുള്ള അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയെ മനസ്സിലാക്കുന്നതിലും ഈ സ്ഥാപനത്തെ നയിക്കുന്നതിലും താങ്കള്‍ക്കുള്ള കഴിവിനെക്കുറിച്ചു ലോകത്തിനുള്ള വിശ്വാസത്തിന്റെ പ്രതിഫലനമാണിത്. മാഡം ലഗാര്‍ദെ, 2010ല്‍ അംഗീകരിക്കപ്പെട്ടതും വളരെക്കാലമായി ആവശ്യപ്പെട്ടുവരുന്നതുമായ ക്വാട്ട പരിഷ്‌കരിക്കല്‍ അവസാനം നടപ്പായിരിക്കുന്നു. കരുത്താര്‍ജിച്ചുവരുന്ന രാഷ്ട്രങ്ങളുടെ ക്വാട്ട ഇനി മുതല്‍ ലോകസമ്പദ്‌വ്യവസ്ഥയില്‍ വ്യക്തമായി പ്രതിഫലിക്കും. ഐ.എം.എഫ്. കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ അവരുടെ ശബ്ദവും നിര്‍ണായകമാകും. തീരുമാനം വൈകുന്നതു നിമിത്തമുണ്ടായ സമ്മര്‍ദത്തെ നേരിടുന്നതില്‍ അസാമാന്യമായ നേതൃപാടവമാണു താങ്കള്‍ കാണിച്ചത്. 2010ല്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ അംഗീകരിക്കുന്നതിനായി എല്ലാ അംഗങ്ങളെയും പ്രേരിപ്പിക്കുന്നതില്‍ താങ്കള്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.

ഈ വിജയം ഐ.എം.എഫിനു നേട്ടമാകുമെന്ന് എനിക്കുറപ്പാണ്. ആഗോളസ്ഥാപനങ്ങള്‍ പരിഷ്‌കരിക്കപ്പെടുകയെന്നതു തുടര്‍പ്രക്രിയയാണ്. അവ ആഗോള സമ്പദ്‌വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളെയും വളരുന്ന സമ്പദ്‌വ്യവസ്ഥകളുടെ വര്‍ധിച്ചുവരുന്ന പങ്കിനെയും പ്രതിഫലിപ്പിക്കേണ്ടതാണ്. ഇപ്പോഴും ഐ.എം.എഫ്. ക്വോട്ട ആഗോള സമ്പദ്‌വ്യവസ്ഥയിലെ യാഥാര്‍ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ചില രാഷ്ട്രങ്ങളുടെ ‘അധികാരം’ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതല്ല ക്വോട്ടയിലുണ്ടാകുന്ന മാറ്റം. അതു ന്യായത്തിന്റെയും നിയമസാധുതയുടെയും പ്രശ്‌നമാണ്. ദരിദ്രരാഷ്ട്രങ്ങള്‍ക്ക് അത്തരം സ്ഥാപനങ്ങളുടെ നിയമസാധുത അംഗീകരിക്കാന്‍ സാധിക്കണമെങ്കില്‍ അവയ്ക്ക് ആഗ്രഹിക്കാനും പ്രതീക്ഷിക്കാനും സാധിക്കണം. അതുകൊണ്ടുതന്നെ 2017 ഒക്ടോബറില്‍ വീണ്ടും ക്വോട്ട പുതുക്കുന്നതിന് ഐ.എം.എഫ്. തീരുമാനിച്ചതില്‍ എനിക്കു സന്തോഷമുണ്ട്.

ബഹുമുഖത്വത്തില്‍ ഇന്ത്യക്കു വലിയ വിശ്വാസമാണ്. ലോകം കൂടുതല്‍ സങ്കീര്‍ണമാകുമ്പോള്‍ ബഹുമുഖമായ സ്ഥാപനങ്ങളുടെ പങ്ക് വര്‍ധിക്കുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ഐ.എം.എഫിനു ജന്‍മം നല്‍കിയ 1994ലെ ബ്രെറ്റണ്‍ വുഡ്‌സ് കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ പ്രതിനിധിയും പങ്കെടുത്തിരുന്നുവെന്നു നിങ്ങളില്‍ പലര്‍ക്കും അറിയില്ലായിരിക്കാം. പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ധനകാര്യമന്ത്രിയായിത്തീര്‍ന്ന ശ്രീ. ആര്‍.കെ.ഷണ്മുഖം ചെട്ടിയാണ് ഇന്ത്യയെ പ്രതിനിധാനം ചെയ്തത്. നമ്മുടെ ബന്ധം 70 വര്‍ഷത്തിലേറെ പഴക്കമേറിയതാണ്. ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെയും ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെയും സ്ഥാപകാംഗമാണ് ഇന്ത്യ. ഈ ബാങ്കുകള്‍ ഏഷ്യയുടെ വികസനത്തില്‍ നിര്‍ണായകപങ്കു വഹിക്കുമെന്നു നമുക്കുറപ്പാണ്. ഈ ഫണ്ടിലൂടെ ലഭ്യമാകുന്നതു വലിയ സാമ്പത്തികശേഷിയാണ്. എല്ലാ അംഗങ്ങളും അത് ഉപയോഗപ്പെടുത്തണം. സുശക്തമായ വന്‍ സമ്പദ്‌വ്യവസ്ഥ സമ്മാനിക്കുകയും വളര്‍ച്ചയും ഉള്‍ച്ചേര്‍ക്കലും യാഥാര്‍ഥ്യമാക്കുന്നതുമായ നയങ്ങള്‍ നാമെല്ലാം പിന്തുടരണം. ഇക്കാര്യത്തില്‍ ഈ ഫണ്ട് വളരെയധികം സഹായകമാകും.

കേവലം ഉപദേശം നല്‍കുന്നതിനപ്പുറം നയരൂപീകരണ ശേഷി വളര്‍ത്തുന്നതിനും ഐ.എം.എഫിനു സഹായിക്കാവുന്നതാണ്. ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, ശ്രീലങ്ക, ഇന്ത്യ, ഐ.എം.എഫ്. എന്ന പുതിയ സൗഹൃദം പ്രഖ്യാപിക്കാന്‍ എനിക്കു സന്തോഷമുണ്ട്. ദക്ഷിണേഷ്യന്‍ മേഖലാ പരിശീലനവും സാങ്കേതിക സഹായകേന്ദ്രവും ആരംഭിക്കാന്‍ തീരുമാനമെടുത്തുകഴിഞ്ഞു. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ കേന്ദ്രം പരിശീലനം നല്‍കും. ഇതിലൂടെ അവരുടെ നൈപുണ്യം വര്‍ധിക്കുകയും അതു നയരൂപീകരണത്തില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ പ്രാപ്തരാക്കുകയും ചെയ്യും. ഈ കേന്ദ്രം ഗവണ്‍മെന്റുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും സാങ്കേതികസഹായം നല്‍കുകയും ചെയ്യും.

ഞാന്‍ ഈ സമ്മേളനത്തിന്റെ വിഷയത്തിലേക്കു തിരിയട്ടെ. ഞാന്‍ രണ്ടു കാര്യങ്ങള്‍ പരാമര്‍ശിക്കും: ആദ്യം, എന്തുകൊണ്ട് ഏഷ്യ എന്ന കാര്യം. അടുത്തതായി എങ്ങനെ ഇന്ത്യ എന്നതും. എന്തുകൊണ്ടാണ് ഏഷ്യ ഇത്ര പ്രധാനപ്പെട്ടതായിത്തീരുന്നതെന്നും എങ്ങനെയാണ് ഇന്ത്യക്കു സംഭാവനകള്‍ നല്‍കാന്‍ സാധിക്കുകയെന്നും.
അറിവുള്ള പലരും പറഞ്ഞിട്ടുണ്ട്, 21-ാം നൂറ്റാണ്ട് ഏഷ്യയുടേതാണ്, ആയിരിക്കും എന്ന്. ലോകത്തിലെ അഞ്ചില്‍ മൂന്നു പേരും വസിക്കുന്നത് ഏഷ്യയിലാണ്. ആഗോള ഉല്‍പാദനത്തിലും വാണിജ്യത്തിലും ഏതാണ്ട് മൂന്നിലെന്നു വരും, ഏഷ്യയുടെ പങ്ക്. ആഗോള പ്രത്യക്ഷ വിദേശനിക്ഷേപത്തില്‍ ഏഷ്യയുടെ പങ്ക് 40 ശതമാനമാണ്. ലോകത്തില്‍ ഏറ്റവും പ്രസരിപ്പുള്ള പ്രദേശങ്ങളിലൊന്നുകൂടിയാണ് ഏഷ്യ. മാന്ദ്യം പിടിമുറുക്കിയിട്ടും ഏഷ്യ മുന്‍നിര രാഷ്ട്രങ്ങളേക്കാള്‍ മൂന്നിരട്ടി വേഗത്തിലാണു വളരുന്നത്.

ആഗോളസമ്പദ്‌വ്യവസ്ഥയുടെ നഷ്ടപ്രതാപം വീണ്ടെടുക്കുന്നതില്‍ പ്രതീക്ഷാനാളമാണ് ഏഷ്യ.

ഏഷ്യ പല വിധത്തിലും വ്യത്യസ്തമാണെന്നു തിരിച്ചറിയണം. ഉദാഹരണത്തിന്, ഈ സമ്മേളനത്തിന്റെ പ്രമേയം ഭാവിയിലേക്കായി നിക്ഷേപിക്കുക എന്നതാണല്ലോ. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ജനതയെ അപേക്ഷിച്ച് ഏഷ്യയിലുള്ളവര്‍ക്കു സമ്പാദ്യശീലം കൂടുതലാണ്. അവര്‍ ഭാവിക്കായി നിക്ഷേപം നടത്തുന്നു. ഏഷ്യന്‍ രാഷ്ട്രങ്ങളിലുള്ളവരുടെ സമ്പാദ്യശീലത്തെക്കുറിച്ചു സാമ്പത്തികശാസ്ത്രജ്ഞര്‍ പ്രതിപാദിച്ചിട്ടുണ്ട്. വീടു വാങ്ങാന്‍ സമ്പാദ്യമുണ്ടാക്കാനാണ് ഏഷ്യക്കാര്‍ ശ്രമിക്കുക, അല്ലാതെ വായ്പ നേടാനല്ല.

മിക്ക ഏഷ്യന്‍ രാജ്യങ്ങളും മൂലധനവിപണിയേക്കാള്‍ ആശ്രയിച്ചിട്ടുള്ളതു വികസനത്തിനായുള്ള സാമ്പത്തികസ്ഥാപനങ്ങളെയും ബാങ്കുകളെയുമാണ്. ഇത് സാമ്പത്തികരംഗത്ത് ഒരു വേറിട്ട മാതൃകയാണ്.
ശക്തമായ കുടുംബമൂല്യങ്ങളില്‍ അടിയുറപ്പിച്ചിരിക്കുന്ന സാമൂഹികസുരക്ഷ ഏഷ്യയുടെ വികസനത്തിന്റെ മറ്റൊരു സവിശേഷതയാണ്. വരുംതലമുറയ്ക്കായി കരുതിവെക്കുന്നതാണ് ഏഷ്യന്‍ രീതി.

മാഡം ലെഗാര്‍ദെ, താങ്കള്‍ ലോകത്തിലെ ഏറ്റവും പ്രധാന വനിതാനേതാക്കളില്‍ ഒരാളാണ്. വളരെ ചുരുക്കം മാത്രം ഉയര്‍ത്തിക്കാണിക്കപ്പെട്ടിട്ടുള്ള ഏഷ്യയുടെ സവിശേഷതയെക്കുറിച്ചറിയാന്‍ താങ്കള്‍ക്കു താല്‍പര്യമുണ്ടാവും.

വളരെയധികം വനിതാനേതാക്കള്‍ ഉണ്ടെന്നതാണത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഇന്‍ഡോനേഷ്യ, തായ്‌ലന്‍ഡ്, കൊറിയ, മ്യാന്‍മര്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങള്‍ക്കെല്ലാം ദേശീയ വനിതാനേതാക്കള്‍ ഉണ്ടായിരുന്നു. മറ്റു വന്‍കരകളെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ ഏഷ്യക്കു സാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളായ പശ്ചിമബംഗാള്‍, തമിഴ്‌നാട്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട വനിതകളാണു ഭരിക്കുന്നത്. പാര്‍ലമെന്റിന്റെ അധോസഭയുടെ അധ്യക്ഷയും വനിതയാണ്.

ഏഷ്യയില്‍ ഇന്ത്യക്കു പ്രത്യേക സ്ഥാനമുണ്ട്. ഇന്ത്യ ചരിത്രത്തിലുടനീളം ഏഷ്യക്കു വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ചൈന, ജപ്പാന്‍, തെക്കുകിഴക്കന്‍ ഏഷ്യയുടെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങൡലേക്കു ബുദ്ധിസം പ്രചരിച്ചത് ഇന്ത്യയില്‍നിന്നാണ്. അതിനാകട്ടെ, വന്‍കരയുടെയാകെ സംസ്‌കാരത്തില്‍ ആഴത്തിലുള്ള സ്വാധീനമുണ്ടുതാനും. ഇന്ത്യക്കു തെക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങള്‍ ആയിരത്തിലേറെ വര്‍ഷങ്ങളായി ഏഷ്യയുടെ ഇതരഭാഗങ്ങളുമായി കടല്‍വഴി വ്യാപാരം നടത്തിയിട്ടുണ്ട്. ഹിംസയുടെ മാര്‍ഗത്തിലൂടെയല്ലാതെ സ്വാതന്ത്ര്യം നേടാമെന്നതിനു മറ്റ് ഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ഇന്ത്യ വഴികാട്ടിയായി. രാഷ്ട്രബോധം വിശാലവും ഉള്‍ച്ചേര്‍ക്കുന്നതുമായിരിക്കണമെന്ന ബോധവും ഇന്ത്യ പകര്‍ന്നുനല്‍കി. ഭാഷാപരമോ മതപരമോ ആയ വേര്‍തിരിവുകളാല്‍ സങ്കുചിതമായിത്തീരരുത് രാഷ്ട്രബോധം. വസുധൈവകുടുംബകമെന്ന സംസ്‌കൃത ചൊല്ല് ലോകം ഒറ്റ കുടുംബമാണെന്നും എല്ലാം ഒന്നാണെന്നും സൂചിപ്പിക്കുന്നു.

ജനാധിപത്യവും അതിവേഗമുള്ള വളര്‍ച്ചയും ഒന്നിച്ചുപോകില്ലെന്ന അബദ്ധ ധാരണ ഇന്ത്യ ഇല്ലാതാക്കി. ഏഴു ശതമാനത്തിലേറെ വളര്‍ച്ച ജനാധിപത്യരാഷ്ട്രമായ ഇന്ത്യക്കു നേടാന്‍ സാധിച്ചു. കൊളോണിയലിസം ഇന്ത്യക്കു സമ്മാനിച്ചതാണു ജനാധിപത്യം എന്നൊരു കാഴ്ചപ്പാടുണ്ട്. പക്ഷേ, ചരിത്രകാരന്‍മാര്‍ വ്യക്തമാക്കുന്നത് ആധുനിക കാലത്തു ജനാധിപത്യഭരണ സംവിധാനം ഉരുത്തിരിയുന്നതിന് എത്രയോ മുന്‍പ്, നൂറ്റാണ്ടുകള്‍ക്കപ്പുറം ഇന്ത്യയില്‍ ജനാധിപത്യ സ്വയംഭരണം നിലവിലുണ്ടായിരുന്നു എന്നാണ്.

നാനാത്വം നിലനില്‍ക്കുന്ന രാഷ്ട്രത്തെ സാമ്പത്തികവളര്‍ച്ചയും സാമൂഹികസുരക്ഷയും ഉള്ളതാക്കിത്തീര്‍ക്കാന്‍ സാധിക്കുമെന്നതിനു തെളിവാണ് ഇന്ത്യ. സഹകരണാടിസ്ഥാനത്തിലുള്ളതും മല്‍സരാധിഷ്ഠിതവുമായ ഫെഡറലിസത്തിലൂടെയാണു നാം ഇതു സാധ്യമാക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും ഒരേ ലക്ഷ്യങ്ങള്‍ യാഥാര്‍ഥ്യമാക്കാനാണു യത്‌നിക്കുന്നത്. നല്ല നയങ്ങള്‍ പിന്തുടരുകയും ദരിദ്രര്‍ക്കു സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളെ മാതൃകയാക്കാന്‍ മറ്റുള്ളവ തയ്യാറാകുന്നു.

അതിവേഗമുള്ള സാമ്പത്തികവളര്‍ച്ചയും ഏഷ്യയെ വ്യത്യസ്തമാക്കുന്നു. നാമൊരിക്കലും പങ്കാളികളുടെ ബലത്തില്‍ വാണിജ്യം നേടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ല. അയല്‍വാസി ദരിദ്രവാസി എന്ന രീതിയിലുള്ള സാമ്പത്തിക നയങ്ങള്‍ നാം ഒരിക്കലും പിന്തുടര്‍ന്നിട്ടില്ല. കൈമാറ്റമൂല്യത്തെ നാമൊരിക്കലും വിലകുറച്ചു കണ്ടില്ല. കറന്റ് അക്കൗണ്ട് കമ്മിയുടെ കാര്യത്തില്‍ പോലും നാം നല്ല എഷ്യന്‍, ആഗോള സാമ്പത്തികപൗരന്‍മാരാണ്.

വാണിജ്യപങ്കാളികള്‍ക്കാകട്ടെ എന്നും ആവശ്യങ്ങളുടെ സ്രോതസ്സും.

ഏഷ്യ വിജയിക്കുകയെന്നതാണു നമ്മുടെയെല്ലാം ലക്ഷ്യം. സാമ്പത്തികമായി കരുത്തു നേടുകവഴി ഇന്ത്യക്ക് ഏഷ്യയുടെ അഭിവൃദ്ധിക്കും വികസനത്തിനും സഹായമേകാന്‍ സാധിക്കുണെന്നു ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ആഗോളപ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും സാമ്പത്തികസുസ്ഥിരതയുടെയും പ്രതീക്ഷയുടെയും ഊര്‍ജത്തിന്റെയും അവസരങ്ങളുടെയും കേന്ദ്രമാണ് ഇന്ത്യയെന്നു ചൂണ്ടിക്കാണിക്കാന്‍ ഏറെ ആഹ്‌ളാദമുണ്ട്. മാഡം ലഗാര്‍ദേ, ആഗോളസമ്പദ്‌വ്യവസ്ഥയില്‍ ഇന്ത്യ തിളങ്ങിനില്‍ക്കുന്ന ഒരു ബിന്ദുവാണെന്നു താങ്കള്‍ സൂചിപ്പിച്ചുവല്ലോ. ഇതൊരു വലിയ അംഗീകാരമായും അതേസമയം, വലിയ ഉത്തരവാദിത്തമായും ഞാന്‍ കാണുന്നു. കഴിഞ്ഞ് ഏതാനും മാസംകൊണ്ട് ഉണ്ടാക്കാന്‍ സാധിച്ച നേട്ടങ്ങളും ഇനിയങ്ങോട്ടുള്ള മുന്‍ഗണനകളും ഞാന്‍ വിശദീകരിക്കാം.

സാമ്പത്തികസുസ്ഥിരതയുടെ കാര്യത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കാന്‍ നമുക്കു സാധിച്ചിട്ടുണ്ട്. പണപ്പെരുപ്പത്തില്‍ ഗണ്യമായ കുറവ്, സ്ഥിരതയാര്‍ന്ന സാമ്പത്തിക ഏകീകരണം, അപകടകരമല്ലാത്ത ബാലന്‍സ് ഓഫ് പെയ്‌മെന്റ്, ഉയര്‍ന്ന വിദേശനാണ്യശേഖരം തുടങ്ങിയവയാണു ശ്രദ്ധേയമായ നേട്ടങ്ങള്‍.

പ്രതികൂലമായ ആഗോളസാഹചര്യത്തെയും രണ്ടു വര്‍ഷമായി കുറഞ്ഞ മഴ മാത്രം ലഭിക്കുന്ന സാഹചര്യത്തെയും അതിജീവിച്ച് വളര്‍ച്ചാനിരക്ക് 7.6 ശതമാനത്തിലേക്കുയര്‍ത്താന്‍ സാധിച്ചു. ഇതാകട്ടെ, ലോകത്തിലെ വന്‍ സമ്പദ്‌വ്യവസ്ഥകളില്‍ ഏറ്റവും കൂടിയ നിരക്കാണു താനും.

സാമ്പത്തികരംഗത്തു ഭരണം മെച്ചപ്പെടുത്തി. അഴിമതിയും ബാങ്കുകളുടെയും നിയന്ത്രണ ഏജന്‍സികളുടെയും തീരുമാനങ്ങളില്‍ ഇടപെടലും ഇല്ലാതായി.

> ബാങ്ക് അക്കൗണ്ടില്ലാതിരുന്ന 20 കോടി ആള്‍ക്കാരെ ഏതാനും മാസങ്ങള്‍കൊണ്ട് ബാങ്കിങ് സംവിധാനത്തിലേക്കു കൊണ്ടുവരികവഴി വളരെ വിജയപ്രദമായ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതി നടപ്പാക്കി.

> സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതിയില്‍ നേരിട്ടുള്ള ആനുകൂല്യം വിതരണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതിയായി പാചകവാതക സബ്‌സിഡി വിതരണം മാറി. ഭക്ഷണം, മണ്ണെണ്ണ, വളങ്ങള്‍ തുടങ്ങിയവയ്ക്കും ഈ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. യഥാര്‍ഥ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാക്കാനും പൊതു ചെലവിന്റെ മേന്‍മ വര്‍ധിപ്പിക്കാനും ഇതു സഹായകമായിട്ടുണ്ട്.

> സമ്പദ്‌വ്യവസ്ഥയുടെ ഏതാണ്ടെല്ലാ മേഖലകളും പ്രത്യക്ഷവിദേശനിക്ഷേപത്തിനായി തുറന്നുനല്‍കി.

> വേള്‍ഡ് ബാങ്ക് ഡൂയിങ് ബിസിനസ് സൂചികകളില്‍ ഏറ്റവും വലിയ റാങ്കാണ് ഇന്ത്യക്ക് 2015ല്‍ ലഭിച്ചത്.
> പല കാര്യങ്ങളിലും ഇന്ത്യ ഈ വര്‍ഷം ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചു. അവ ഇതൊക്കെയാണ്:

* കല്‍ക്കരി, വൈദ്യുതി, യൂറിയ, വളം, മോട്ടോര്‍ വാഹനങ്ങള്‍ എന്നിവയുടെ ഉല്‍പാദനം

* പ്രധാന തുറമുഖങ്ങളിലെ ചരക്കുകടത്തും തുറമുഖങ്ങളില്‍ കപ്പലുകള്‍ ചെലവിടേണ്ടിവരുന്ന സമയം

കുറച്ചുകൊണ്ടുവരല്‍
* ഹൈവേ നിര്‍മാണം

* സോഫ്റ്റ്‌വെയര്‍ കയറ്റുമതി

* നാം കൈക്കൊണ്ട ഒരുകൂട്ടം നടപടികളെത്തുടര്‍ന്നു സംരംഭകത്വരംഗം കുതിക്കുകയാണ്. യു.എസ്.എയും ബ്രിട്ടനും ഇസ്രയേലും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ടെക്‌നിക്കല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്ള രാജ്യം ഇന്ത്യയാണ്.

ഇ-കൊമേഴ്‌സിലെ പുതിയ കേന്ദ്രമെന്നാണ് ദ് ഇക്കണോമിസ്റ്റ് മാസിക ഇന്ത്യയെ വിശേഷിപ്പിച്ചത്.

ഈ നേട്ടങ്ങള്‍കൊണ്ട് വിശ്രമിക്കാനല്ല ഉദ്ദേശിക്കുന്നത്; മറിച്ച് മാറ്റത്തിനായുള്ള പരിഷ്‌കാരങ്ങള്‍ എന്ന എന്റെ അജണ്ട നടപ്പാകാന്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. ഭാവിപദ്ധതികളെയും ലക്ഷ്യങ്ങളെയും ഈ ബജറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. കാഴ്ചപ്പാട് വ്യക്തമാണ്: ധനം ആര്‍ജിക്കുകയും അതെല്ലാ ഇന്ത്യക്കാര്‍ക്കും, വിശേഷിച്ച് ദരിദ്രര്‍ക്കും നിസ്സഹായര്‍ക്കും ആലംബഹീനര്‍ക്കും കര്‍ഷകര്‍ക്കും വീതിച്ചുനല്‍കുകയും ചെയ്യല്‍.

ഗ്രാമീണ മേഖലയിലും കാര്‍ഷികമേഖലയിലുമുള്ള നിക്ഷേപം വര്‍ധിപ്പിച്ചിട്ടുണ്ട്. കാരണം, കൂടുതല്‍ ഇന്ത്യക്കാര്‍ ജീവിക്കുന്നത് അവിടങ്ങൡലാണ്. കര്‍ഷകര്‍ക്കു നാം നല്‍കുന്ന സഹായം കേവലം ലഘുലേഖകള്‍ വിതരണം ചെയ്യലല്ല. ഇനി പറയുന്ന മാര്‍ഗങ്ങളിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാന്‍ നാം ഉദ്ദേശിക്കുന്നു.

1. ജലസേചന സൗകര്യം വര്‍ധിപ്പിക്കുക

2. ജലം ഫലപ്രദമായി ഉപയോഗപ്പെടുത്തുക

3. ഗ്രാമങ്ങളിലെ സമ്പത്ത് വര്‍ധിപ്പിക്കുക

4. ഉല്‍പാദനം വര്‍ധിപ്പിക്കുക

5. വിപണനം മെച്ചപ്പെടുത്തുക

6. മധ്യവര്‍ത്തികളെ ഒഴിവാക്കുക

7. വരുമാനത്തിലെ അപ്രതീക്ഷിത ഇടിവ് ഇല്ലാതാക്കുക
നാം കാര്‍ഷികവിപണനരംഗത്തു പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ബൃഹത്തായ കാര്‍ഷികവിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിക്കഴിഞ്ഞു.

കൃഷിക്കു പുറമെ റോഡ്, റെയില്‍വേ രംഗത്തുള്ള നിക്ഷേപവും വര്‍ധിപ്പിച്ചു. ഇത് ഉല്‍പാദനക്ഷമതയും ജനങ്ങള്‍ക്കു പരസ്പരം ബന്ധപ്പെടാനുള്ള സാധ്യതയും വര്‍ധിപ്പിക്കും. സ്വകാര്യ നിക്ഷേപം താണിരിക്കുമ്പോള്‍ പൊതുമേഖല നിക്ഷേപം നടത്തേണ്ടത് അനിവാര്യമാണ്.

സമ്പത്ത് ആര്‍ജിക്കാനും സാമ്പത്തിക അവസരങ്ങള്‍ സൃഷ്ടിക്കാനും ഗുണകരമായ മറ്റു ചില പരിഷ്‌കാരങ്ങള്‍കൂടി നാം പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. സംരംഭകത്വത്തിന് ഏറെ സാധ്യതകളുള്ള രാഷ്ട്രമെന്ന നിലയില്‍ ‘സ്റ്റാര്‍ട്ടപ് ഇന്ത്യ സ്റ്റാന്‍ഡ് അപ് ഇന്ത്യ’ എന്നതാണ് എന്റെ മുദ്രാവാക്യം. സ്റ്റാര്‍ട്ടപ്പുകള്‍ക്കു പ്രോല്‍സാഹനം നല്‍കാനുള്ള നടപടികള്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

മെയക്ക് ഇന്‍ ഇന്ത്യ പ്രചരണത്തിന്റെ വിജയത്തിനു യുവാക്കള്‍ക്കു തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്നത് ഒഴിച്ചുകൂടാനാവാത്തതാണ്. തൊഴില്‍പ്പടയെ നൈപുണ്യമുള്ളവരാക്കിത്തീര്‍ക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിനു വ്യക്തമായ ലക്ഷ്യത്തോടെയുള്ള പദ്ധതിയുണ്ട്. ഉദ്ദേശിക്കുന്ന തരത്തിലുള്ള നൈപുണ്യവികസനത്തിനുള്ള സംവിധാനമൊരുക്കിക്കഴിഞ്ഞു. രാജ്യത്താകെ 29 മേഖലകളില്‍ നൈപുണ്യപരിശീലനത്തിനുള്ള പദ്ധതി നമുക്കുണ്ട്.
ഭൂമിയെ സംരക്ഷിക്കണമെന്ന ഉത്തരവാദിത്തബോധമുള്ള ആഗോള പൗരന്റെ പ്രതീകമാണ് ഇന്ത്യ. സി.ഒ.പി. 21 ഉച്ചകോടിയില്‍ വളരെ അനുകൂലമായ നിലപാടാണ് ഇന്ത്യ കൈക്കൊണ്ടത്. 2030നകം നല്ല വളര്‍ച്ച നേടിയും അതസമയം, മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 33 ശതമാനമായി കാര്‍ബണ്‍ നിര്‍ഗമനം കുറച്ചും ചരിത്രം മാറ്റിയെഴുതാന്‍ നാം ലക്ഷ്യമിടുന്നു. അപ്പോഴേക്കും നമ്മുടെ വൈദ്യുതോര്‍ജത്തിന്റെ 40 ശതമാനം ഫോസിലിതര ഊര്‍ജമായിരിക്കും. മരങ്ങള്‍ വച്ചുപിടിപ്പിക്കുകവഴി 2030 ആകുമ്പോഴേക്കും 250 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡുള്ള കാര്‍ബണ്‍ സിങ്ക് യാഥാര്‍ഥ്യമാക്കും. പ്രതിശീര്‍ഷ ഭൂലഭ്യതയും പ്രതിശീര്‍ഷ കാര്‍ബണ്‍ പുറംതള്ളലും വളരെ കുറവായ ഒരു രാഷ്ട്രത്തിന്റേതാണ് ഈ ശ്രമങ്ങളെന്നോര്‍ക്കണം. ഉത്തരായനരേഖയ്ക്കും ദക്ഷിണായനരേഖയ്ക്കും ഇടയിലുള്ള, സൗരോര്‍ജം സുലഭമായ 121 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന രാജ്യാന്തര സൗരോര്‍ജസഖ്യം യാഥാര്‍ഥ്യമാക്കുന്നതില്‍ നാം മുന്‍കയ്യെടുത്തു. ഇതു പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ കാര്യത്തില്‍ ഏഷ്യയിലേതുള്‍പ്പെടെ ഏറെ വികസ്വര രാഷ്ട്രങ്ങള്‍ക്കു ഗുണകരമാവും. കാര്‍ബണ്‍ സബ്‌സിഡിയില്‍നിന്നു കാര്‍ബണ്‍നികുതിയിലേക്ക് ഇന്ത്യ മാറി. കല്‍ക്കരിക്ക് സെസ് ചുമത്തുകവഴി കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തിയ ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2016-17 ബജറ്റില്‍ കാര്‍ബണ്‍നികുതി ഇരട്ടിയാക്കിയിട്ടുമുണ്ട്.

ഇന്ത്യക്ക് ഏഷ്യയില്‍ ഒട്ടേറെ സഹകരണസംരംഭങ്ങളുണ്ട്. ലുക്ക് ഈസ്റ്റ് പോളിസി, ആക്റ്റ് ഈസി പോളിസിയായി മാറ്റുകയാണു നാം. സഹകരണത്തോടുള്ള നമ്മുടെ സമീപനം വഴങ്ങുന്ന ജ്യാമിതിയുടെ അടിസ്ഥാനത്തിലുള്ളതാണ്. ദക്ഷിണേഷ്യയിലെ അയല്‍രാഷ്ട്രങ്ങളുമായും ആസിയാന്‍ പങ്കാളികളുമായും സിംഗപ്പൂര്‍, കൊറിയ, ജപ്പാന്‍ എന്നിവിടങ്ങളിലെ പങ്കാളികളുമായും വ്യത്യസ്ത രീതിയിലും വേഗത്തിലുമാണു നാം കൂട്ടുചേര്‍ന്നത്. ഈ രീതി തുടരാനാണ് ഇഷ്ടപ്പെടുന്നതും.

പരിവര്‍ത്തനം സംഭവിച്ച ഇന്ത്യയാണ് എന്റെ സ്വപ്നം. ഈ സ്വപ്‌നം മുന്നേറിയ ഏഷ്യ എന്ന പൊതുസ്വപ്‌നവുമായി ഞാന്‍ ചേര്‍ത്തുവയ്ക്കുകയാണ്. ലോകജനസംഖ്യയുടെ പകുതിപ്പേര്‍ക്കും സന്തോഷത്തോടും സംതൃപ്തിയോടും കഴിയാവുന്ന ഏഷ്യ യാഥാര്‍ഥ്യമാകണം. നമ്മുടെ പൊതു പാരമ്പര്യവും പരസ്പര ബഹുമാനവും പൊതുലക്ഷ്യങ്ങളും സമാന നയങ്ങളും കൊണ്ട് സ്ഥിരതയാര്‍ന്ന വളര്‍ച്ചയും പൊതു അഭിവൃദ്ധിയും സാധ്യമാകണം, സാധ്യമാക്കണം.

ഒരിക്കല്‍ക്കൂടി നിങ്ങള്‍ ഓരോരുത്തരെയും ഞാന്‍ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യുന്നു. ഈ സമ്മേളനത്തിന് എല്ലാ വിജയവും നേരുന്നു.

നന്ദി.