നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍
അണ്‍ലോക്ക്-ഒന്നിനുശേഷം നമ്മുടെ ആദ്യ യോഗമാണ് ഇത്. 21 സംസ്ഥാനങ്ങളിലെയും രാജ്യത്തെ കേന്ദ്രഭരണ പ്രദേശങ്ങളിലെയും അണ്‍ലോക്ക്-ഒന്നിന്റെ അനുഭവങ്ങളെക്കുറിച്ച് ഇന്നലെ ഞാന്‍ വിശദമായി സംസാരിച്ചു. വാസ്തവത്തില്‍, കൊറോണ വൈറസിന്റെ വ്യാപനം ചില വലിയ സംസ്ഥാനങ്ങളിലും നഗരങ്ങളിലും കൂടുതലാണ്. തിരക്ക്, ചെറിയ വീടുകള്‍, തെരുവുകളില്‍ ശാരീരിക അകലം പാലിക്കാന്‍ കഴിയാത്തത്, ആയിരക്കണക്കിന് ആളുകളുടെ ഇടപഴകല്‍ എന്നിവ ചില നഗരങ്ങളില്‍ കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തെ കൂടുതല്‍ വെല്ലുവിളിയുള്ളതാക്കി മാറ്റി.
എന്നിട്ടും, രാജ്യത്തെ ഓരോ പൗരന്റെയും അച്ചടക്കം, ഭരണകൂടത്തിന്റെ തയ്യാറെടുപ്പ്, കൊറോണ യോദ്ധാക്കളുടെ അര്‍പ്പണബോധം എന്നിവ വഴി സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകാന്‍ നാം അനുവദിച്ചിട്ടില്ല. യഥാസമയം രോഗം കണ്ടെത്തല്‍, ചികിത്സ, റിപ്പോര്‍ട്ടിംഗ് എന്നിവ കാരണം വൈറസില്‍ നിന്ന് കരകയറുന്നവരുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വളരെ കുറച്ചു രോഗികള്‍ക്കു മാത്രമേ ഐ.സി.യുവും വെന്റിലേറ്റര്‍ പരിചരണവും ആവശ്യമുള്ളൂ എന്നത് വലിയ ആശ്വാസമാണ്.
കൃത്യസമയത്ത് സ്വീകരിച്ച ശരിയായ നടപടികള്‍ കാരണം, ഈ വലിയ അപകടത്തെ നേരിടാന്‍ നമുക്കെല്ലാവര്‍ക്കും കഴിഞ്ഞു. ലോക്ഡൗണ്‍ സമയത്ത് രാജ്യത്തെ ജനങ്ങള്‍ കാണിച്ച അച്ചടക്കം വൈറസിന്റെ പരിധിവിട്ട വളര്‍ച്ച തടഞ്ഞു. ചികിത്സ, ആരോഗ്യ അടിസ്ഥാനസൗകര്യം, പരിശീലനം ലഭിച്ച മനുഷ്യശക്തി എന്നിവയില്‍ ഇന്ന് നാം കൂടുതല്‍ സ്ഥിരതയുള്ള സ്ഥാനത്താണ്.
മൂന്ന് മാസം മുമ്പ്, ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെ പല രാജ്യങ്ങളിലും പി.പി.ഇകള്‍ക്കും പരിശോധനാ കിറ്റുകള്‍ക്കും മുറവിളി ഉയര്‍ന്നിരുന്നുവെന്നും നിങ്ങള്‍ക്കറിയാം. നമ്മള് ഇറക്കുമതിയെ പൂര്‍ണമായും ആശ്രയിച്ചിരുന്നതിനാല്‍ ഇന്ത്യയിലും പരിമിതമായ ശേഖരമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് ഒരു കോടിയിലധികം പി.പി.ഇകളും അത്രതന്നെ എണ്ണം എന്‍ 95 മാസ്കുകളും വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. നമുക്ക് വേണ്ടത്ര പരിശോധനാ കിറ്റുകള്‍ ഉണ്ട് എന്നു മാത്രമല്ല, അവയുടെ ഉല്പാദന ശേഷി വളരെയധികം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ പിഎം-കെയേഴ്സ് ഫണ്ടിനു കീഴില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച വെന്റിലേറ്ററുകളുടെ വിതരണവും ആരംഭിച്ചു.
ഇന്ന്, രാജ്യത്തുടനീളം കൊറോണ വൈറസിനായി 900ലധികം ടെസ്റ്റിംഗ് ലാബുകള്‍, ലക്ഷക്കണക്കിന് കോവിഡ് പ്രത്യേക കിടക്കകള്‍, ആയിരക്കണക്കിന് ക്വാറന്റൈന്-ഐസൊലേഷന്‍ കേന്ദ്രങ്ങള്‍, രോഗികള്‍ക്ക് സൗകര്യമൊരുക്കാന്‍ ആവശ്യമായ ഓക്സിജന്‍ വിതരണം എന്നിവയുണ്ട്. ലോക്ഡൗണ്‍ സമയത്ത് ലക്ഷക്കണക്കിന് മാനവ വിഭവശേഷി പരിശീലനം നല്കാന് സാധിച്ചു. ഏറ്റവും പ്രധാനമായി, ഇന്ന് രാജ്യത്തെ ഓരോ പൗരനും ഈ വൈറസിനെക്കുറിച്ച് മുമ്പത്തേതിനേക്കാള്‍ വളരെയധികം തിരിച്ചറിവുള്ളരായിത്തീര്ന്നിരിക്കുന്നു. സംസ്ഥാന ഗവണ്മെന്റുകളുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രാവും പകലും പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇതെല്ലാം സാധ്യമായത്.
സുഹൃത്തുക്കളേ,
കൊറോണ വൈറസ് പകര്‍ച്ചവ്യാധിക്കെതിരായ നമ്മുടെ പോരാട്ടത്തില്‍ വിജയം നേടുന്നതില്‍ ഇത്രയും കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ സാധിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ അടിസ്ഥാനസൗകര്യം, ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങള്‍, വൈകാരിക പിന്തുണ, പൊതുജന പങ്കാളിത്തം എന്നിവയ്ക്കു കൂടി സമാനമായ ഊന്നല്‍ നല്‍കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതു കണക്കിലെടുക്കുമ്പോള്‍ ആരോഗ്യ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും ഓരോ ജീവനും രക്ഷിക്കുകയും ചെയ്യുക എന്നതിനായിക്കണം പ്രധാന മുന്‍ഗണന. ഓരോ കൊറോണ വൈറസ് രോഗിക്കും ശരിയായ ചികിത്സ ലഭിക്കുമ്പോള്‍ മാത്രമേ ഇത് സംഭവിക്കൂ. ഇതിനായി, പരിശോധനയ്ക്ക് നമ്മള് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ട്, അതുവഴി രോഗം ബാധിച്ച വ്യക്തിയെ എത്രയും വേഗം കണ്ടെത്താനും ഐസൊലേറ്റ് ചെയ്യാനും കഴിയും. നമ്മുടെ നിലവിലുള്ള പരിശോധനാശേഷി പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നുവെന്നും നിരന്തരം നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നുവെന്നതും ഉറപ്പാക്കേണ്ടതാണ്.
സുഹൃത്തുക്കളേ,
കഴിഞ്ഞ രണ്ട്, മൂന്ന് മാസങ്ങളില്‍ ധാരാളം ക്വാറന്റൈന്, ഐസൊലേഷന്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. രോഗികള്‍ക്ക് എവിടെയും കിടക്കകളുടെ കുറവ് നേരിടാതിരിക്കാന്‍ നമ്മള് ഇത്തരം പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ദ്ധിപ്പിക്കണം. കൊറോണ മഹാമാരിക്കിടയില്‍ ടെലിമെഡിസിന്റെ പ്രാധാന്യവും വികസിച്ചു. എല്ലാവര്ക്കും, ഹോം ക്വാറന്റൈനിലോ ഐസൊലേഷനിലോ അല്ലെങ്കില്‍ മറ്റ് രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരായാലും ടെലിമെഡിസിന്‍ പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
സുഹൃത്തുക്കളേ,
ഏതൊരു പകര്‍ച്ചവ്യാധിയെയും കൈകാര്യം ചെയ്യുന്നതില്‍ ശരിയായ സമയത്തെ ശരിയായ വിവരങ്ങള്‍ വളരെ നിര്‍ണായകമാണെന്ന വസ്തുത നിങ്ങള്‍ക്ക് നന്നായി അറിയാം. അതിനാല്‍ നമ്മുടെ ഹെല്പ് ലൈനുകള്‍ സഹായകരമാണെന്നും നിസ്സഹായമല്ലെന്നും നാം കാണേണ്ടതുണ്ട്. നമ്മുടെ മെഡിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ആശുപത്രികളില്‍ കൊറോണയ്ക്കെതിരെ പോരാടുന്നതുപോലെ, ടെലിമെഡിസിന്‍ വഴി രോഗികള്‍ക്കു വഴികാട്ടാന്‍ കഴിയുന്ന മുതിര്‍ന്ന ഡോക്ടര്‍മാരുടെ വലിയ സംഘങ്ങളെ, അവര്‍ക്ക് ശരിയായ വിവരങ്ങള്‍ നല്കിക്കൊണ്ടു നമ്മള് സൃഷ്ടിക്കേണ്ടതുണ്ട്, കൂടാതെ, പൊതുജനങ്ങള്‍ക്കായി ഹെല്പ്പ്ലൈന് ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന യുവ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സേനയെയും നാം ശക്തിപ്പെടുത്തണം.
ആരോഗ്യസേതു ആപ്പിന്റെ ഉയര്‍ന്ന ഡൗണ്‍ലോഡുകളുള്ള സംസ്ഥാനങ്ങള്‍ വളരെ നല്ല ഫലങ്ങള്‍ കാണിക്കുന്നു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന വിധം ആരോഗ്യസേതു ആപ്പിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് നാം നിരന്തരം ശ്രമിക്കേണ്ടതുണ്ട്. ഇപ്പോള്‍ രാജ്യത്ത് മണ്‍സൂണ്‍ ക്രമേണ മുന്നേറുകയാണ് എന്നതും നാം ഓര്‍ക്കണം. ഈ സീസണില്‍ വരുന്ന ആരോഗ്യപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ പ്രധാനമാണ്. അല്ലെങ്കില്‍ ഇതും ഒരു വലിയ വെല്ലുവിളിയാകും.
സുഹൃത്തുക്കളേ,
കൊറോണയ്ക്കെതിരായ പോരാത്തിന് ഒരു വൈകാരിക വശവുമുണ്ട്. വൈറസ് ഭയത്തില്‍ നിന്ന് നമ്മുടെ പൗരന്മാരെ പുറത്തെടുക്കുന്നതിനുള്ള മാര്‍ഗങ്ങളും നാം കണ്ടെത്തേണ്ടതുണ്ട്. കൊറോണ വൈറസിനെ പരാജയപ്പെടുത്തിയ ആളുകളുടെ എണ്ണം വളരെ ഉയര്‍ന്നതാണെന്നും അത് അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും നമ്മുടെ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കേണ്ടതുണ്ട്. അതായത്, ആര്‍ക്കെങ്കിലും കൊറോണ വൈറസ് ബാധിച്ചാല്‍, അവര്‍ പരിഭ്രാന്തരാകരുത്.
നമ്മുടെ ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും പോലുള്ള കൊറോണ യോദ്ധാക്കള്‍ക്ക് അവശ്യ സേവനങ്ങള്‍ നല്‍കുകയും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുകയും ചെയ്യേണ്ടത് നമ്മുടെ മുന്‍ഗണനയായിരിക്കണം. അവരെ എല്ലാ തലത്തിലും പരിപാലിക്കേണ്ടത് നമ്മുടെ എല്ലാവരുടെയും, മുഴുവന്‍ രാജ്യത്തിന്റെയും, ഉത്തരവാദിത്തമാണ്.
സുഹൃത്തുക്കളേ,
കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പൊതുസമൂഹത്തില്‍ നിന്നും സമൂഹത്തിലെ മറ്റെല്ലാ മേഖലകളില്‍ നിന്നുമുള്ള ആളുകളെ നിരന്തരം പ്രചോദിപ്പിക്കേണ്ടതുണ്ട്. ഈ മുഴുവന്‍ പോരാട്ടത്തിലും അവര്‍ അഭിനന്ദനീയമായ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ പൊതു സ്ഥലങ്ങളിലും ഓഫീസുകളിലും മാസ്ക് ധരിക്കല്‍, ശാരീരിക അകലം പാലിക്കല്‍, ശുചിത്വ പ്രക്രിയ എന്നിവയെക്കുറിച്ച് ആളുകളെ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ആരെയും അശ്രദ്ധമായിരിക്കാന്‍ അനുവദിക്കരുത്.
സുഹൃത്തുക്കളേ,
കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ പല സംസ്ഥാനങ്ങളും മികച്ച സേവനം ചെയ്യുന്നു. ഈ സംസ്ഥാനങ്ങളുടെ നല്ല രീതികള്‍ പങ്കിടേണ്ടത് പ്രധാനമാണ്. ഓരോ സംസ്ഥാനവും അവരുടെ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും തുറന്ന മനസ്സോടെ ഇവിടെ വിശദീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വരും ദിവസങ്ങളില്‍ ഒരു മികച്ച തന്ത്രം രൂപപ്പെടുത്താന്‍ ഇത് നമ്മെ സഹായിക്കും.
During today’s meeting with CMs, we had wide ranging deliberations on the COVID-19 pandemic. Our focus areas are prevention of the infection, curing of patients and at the same time boosting economic activity. https://t.co/yt96HDyc9v
— Narendra Modi (@narendramodi) June 17, 2020