Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബൈ ഇന്‍ മിനുട്‌സ് പദ്ധതി മുന്‍നിര്‍ത്തി മുംബൈ മെട്രോ പദ്ധതികള്‍ക്കു പ്രധാനമന്ത്രിയുടെ പ്രോല്‍സാഹനം


മൂന്നു മെട്രോ പാതകള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു
2024 ആകുമ്പോഴേക്കും മുംബ ലോക്കലിനേക്കാള്‍ യാത്രക്കാരെ മുംബൈ മെട്രോ വഹിക്കുമെന്നു പ്രധാനമന്ത്രി

മുംബൈ ഇന്‍ മിനുട്‌സ് പദ്ധതി മുന്‍നിര്‍ത്തി വിവിധ മുംബൈ മെട്രോ പദ്ധതികള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു. നഗരത്തിലെ മെട്രോ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്തുന്ന പദ്ധതി, എല്ലാ മുംബൈക്കാര്‍ക്കും കൂടുതല്‍ സുരക്ഷിതവും വേഗമാര്‍ന്നതും മെച്ചപ്പെട്ടതുമായ യാത്രാസൗകര്യം ഒരുക്കും. 
മുംബൈ നിവാസികളുടെ ഊര്‍ജത്തെ പ്രശംസിച്ച പ്രധാനമന്ത്രി, ലോകമാന്യ തിലക് തുടക്കമിട്ട ഗണേശോല്‍സവം ഇന്ത്യയിലും വിദേശത്തും പ്രചാരം നേടിയെന്നു ചൂണ്ടിക്കാട്ടി. 
ഐ.എസ്.ആര്‍.ഒയുടെയും അവിടത്തെ ശാസ്ത്രജ്ഞരുടെ സംഘത്തിന്റെയും അന്ത്യമില്ലാത്ത ദൃഢനിശ്ചയത്തെക്കുറിച്ചു പരാമര്‍ശിക്കവേ പ്രധാനമന്ത്രി പറഞ്ഞു: ‘ലക്ഷ്യം നേടാനായി യത്‌നിക്കുന്ന മൂന്നു തരം വ്യക്തികളുണ്ട്: പരാജയപ്പെടുമെന്നു ഭയന്നു തുടക്കമിടുക പോലും ചെയ്യാത്തവര്‍, തുടക്കമിടുകയും വെല്ലുവിളികളെ ഭയന്ന് ഒളിച്ചോടുകയും ചെയ്യുന്നവര്‍, വലിയ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും തുടര്‍ച്ചയായി പരിശ്രമിക്കുന്നവര്‍. ഐ.എസ്.ആര്‍.ഒയും അതുമായി ബന്ധപ്പെട്ടവരും ഇതില്‍ മൂന്നാമതു വിഭാഗത്തില്‍ പെടുന്നവരാണ്. ദൗത്യം യാഥാര്‍ഥ്യമാകുംവരെ അവര്‍ പ്രവര്‍ത്തനം നിര്‍ത്തുകയോ പരിക്ഷീണരാവുകയോ ചെയ്യുന്നില്ല. ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും ലക്ഷ്യം കാണുംവരെ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍ പ്രവര്‍ത്തനം നിര്‍ത്തില്ല. ചന്ദ്രനെ കീഴടക്കുകയെന്ന ലക്ഷ്യം തീര്‍ച്ചയായും പൂര്‍ത്തീകരിച്ചിരിക്കും. ഓര്‍ബിറ്റര്‍ ചാന്ദ്ര ഭ്രമണപഥത്തില്‍ വിജയകരമായി എത്തിക്കാന്‍ സാധിച്ചു എന്നതു ചരിത്രപരമായ നേട്ടമാണ്. 
ഇന്ന് മുംബൈയില്‍ 20,000 കോടി രൂപ മൂല്യമുള്ള പദ്ധതികള്‍ക്കു തുടക്കമിട്ടിരിക്കുകയാണെന്നും മുംബൈ മെട്രോയില്‍ ഇതുവരെ ഒന്നര ലക്ഷം കോടി രൂപ നിക്ഷേപിച്ചുകഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ മെട്രോ പാതകളും മെട്രോ ഭവനും മെട്രോ സ്‌റ്റേഷനുകളിലെ പുതിയ സൗകര്യങ്ങളും മുംബൈക്കു പുതിയ മാനം നേടിക്കൊടുക്കുകയും മുംബൈക്കാരുടെ ജീവിതം സുഗമമാക്കിത്തീര്‍ക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ബാന്ദ്രയും എക്‌സ്പ്രസ് വേയും തമ്മില്‍ ബന്ധപ്പെടുത്തുന്നതു തൊഴില്‍വിദഗ്ധരുടെ ജീവിതം സുഗമമാക്കും. ഈ പദ്ധതികളിലൂടെ മുംബൈയിലൂടെ മിനുട്ടുകള്‍ക്കകം യാത്ര ചെയ്യാന്‍ സാധിക്കും’. അടിസ്ഥാന സൗകര്യ മേഖലയില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ക്ക് അദ്ദേഹം സംസ്ഥാന ഗവണ്‍മെന്റിനെ അഭിനന്ദിച്ചു.
ഇന്ത്യ അഞ്ചു ലക്ഷം കോടി ഡോളര്‍ സമ്പദ്‌വ്യവസ്ഥയിലേക്കു വളരുക എന്ന ലക്ഷ്യത്തിലേക്ക് ഉയരുമ്പോഴേക്കു നമ്മുടെ നഗരങ്ങള്‍ 21ാം നൂറ്റാണ്ടിലെ നഗരങ്ങളായി മാറുന്ന സാഹചര്യമുണ്ടാവണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ആധുനിക അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി അടുത്ത അഞ്ചു വര്‍ഷത്തിനിടെ ഗവണ്‍മെന്റ് 100 ലക്ഷം കോടി രൂപ ചെലവിടുകയാണ്. ഇതിന്റെ നേട്ടം മുംബൈയ്ക്കും ലഭിക്കും. ഭാവിക്കായി ഒരുക്കുന്ന അടിസ്ഥാനസൗകര്യത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, നഗരവികസനം നടപ്പാക്കുമ്പോള്‍ കണക്റ്റിവിറ്റി, ഉല്‍പാദനക്ഷമത, സുസ്ഥിരത, സുരക്ഷ എന്നിവ പരിഗണിക്കപ്പെടണമെന്നു ചൂണ്ടിക്കാട്ടി. 
ഗതാഗതം സുഗമമാക്കുന്നതിനായി ഏകോപിതമായ ഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചുവരികയാണ്. മുംബൈ നഗരമേഖലയില്‍ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനായി വീക്ഷണരേഖ പുറത്തിറക്കപ്പെട്ടു. മുംബൈ ലോക്കല്‍, ബസ് സംവിധാനം തുടങ്ങിയ വിവിധ ഗതാഗത സംവിധാനങ്ങള്‍ നല്ല രീതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നു പ്രസ്തുത രേഖ വിശദീകരിക്കുന്നു. മുംബൈ മെട്രോയ്ക്കുള്ള മാസ്റ്റര്‍പ്ലാനും തയ്യാറാക്കപ്പെട്ടിട്ടുണ്ട്. 
മുംബൈ മെട്രോ വികസിപ്പിക്കാനുള്ള പദ്ധതി പൗരന്‍മാരെ അറിയിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു: ‘നിലവിലുള്ള 11 കിലോമീറ്ററില്‍നിന്നു നഗരത്തിലെ മെട്രോ ശൃംഖല 2023-24 ആകുമ്പോഴേക്കും 325 കിലോമീറ്ററായി വളരും. മുംൈബ ലോക്കല്‍ വഴി ഇപ്പോള്‍ യാത്രചെയ്യുന്നവരെ മുഴുവന്‍ ഉള്‍ക്കൊള്ളാവുന്ന നിലയിലേക്ക് മെട്രോയുടെ ശേഷി വര്‍ധിക്കും. മെട്രോ കോച്ചുകള്‍ ഇന്ത്യയില്‍ത്തന്നെ ഉല്‍പാദിപ്പിക്കപ്പെടും.’
10,000 എന്‍ജിനീയര്‍മാര്‍ക്കും തൊഴില്‍നൈപുണ്യമുള്ളതും ഇല്ലാത്തതുമായ 40,000 പേര്‍ക്കും മെട്രോ പദ്ധതിയില്‍ ജോലി ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നവി മുംബൈ വിമാനത്താവളം, മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ടെര്‍മിനല്‍, ബുള്ളറ്റ് ട്രെയിന്‍ പദ്ധതി എന്നിവ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അഭൂതപൂര്‍വമായ വേഗത്തിലും അളവിലുമണ് ഇപ്പോള്‍ പദ്ധതികള്‍ നടപ്പാക്കപ്പെടുന്നതെന്നു കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ മെട്രോ പദ്ധതി അതിവേഗം വികസിക്കുന്നതിനെക്കുറിച്ചു പരാമര്‍ശിക്കവേ, അടുത്ത കാലം വരെ മെട്രോ ഏതാനും നഗരങ്ങളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും എന്നാല്‍ ഇപ്പോള്‍ 27 നഗരങ്ങളില്‍ ഒന്നുകില്‍ മെട്രോ പ്രവര്‍ത്തന ക്ഷമമായെന്നും അല്ലെങ്കില്‍ നിര്‍മാണ ഘട്ടത്തില്‍ ആണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ‘ഇപ്പോള്‍ 675 കിലോമീറ്റര്‍ മെട്രോ പാത പ്രവര്‍ത്തിച്ചുവരുന്നു. ഇതില്‍ 400 കിലോമീറ്ററോളം പ്രവര്‍ത്തനം ആരംഭിച്ചതു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയാണ്. 850 കിലോമീറ്റര്‍ പാതയുടെ പ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. 600 കിലോമീറ്റര്‍ പാതയ്ക്കു പ്രവര്‍ത്തനാനുമതി ലഭിച്ചുകഴിഞ്ഞു.’
വികസനത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നതിനായി ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനം സമഗ്രതയോടെ നടപ്പാക്കാന്‍ ശ്രമിച്ചുവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ആദ്യത്തെ നൂറു ദിവസത്തിനിടെ ചരിത്രപരമായ തീരുമാനങ്ങള്‍ ഗവണ്‍മെന്റ് കൈക്കൊണ്ടതായി അദ്ദേഹം വെളിപ്പെടുത്തി. ജല്‍ ജീവന്‍ ദൗത്യം, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജന, മുത്തലാഖ് നിരോധനം, കുട്ടികളുടെ സുരക്ഷയ്ക്കായുള്ള നിയമം എന്നിവ ഉദാഹരിച്ച പ്രധാനമന്ത്രി, നിര്‍ണായകവും പരിവര്‍ത്തനം സാധ്യമാക്കുന്നതുമായ ചുവടുകള്‍ ഗവണ്‍മെന്റ് കൈക്കൊണ്ടതായി ചൂണ്ടിക്കാട്ടി. 
ഉത്തരവാദിത്തങ്ങളെക്കുറിച്ചു ബോധവാന്‍മാരായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കവേ, സുരാജ്യം എന്നത് ഓരോ ഇന്ത്യക്കാരന്റെയും കടമയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ രക്ഷയ്ക്കായി ദൃഢനിശ്ചയം കൈക്കൊള്ളണമെന്നും അതു സാധ്യമാക്കുന്നതിനായി കഠിനാധ്വാനം ചെയ്യണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ബപ്പ(ഗണേശവിഗ്രഹം) നിമജ്ജനം ചെയ്യുന്ന സമയത്തു വളരെയധികം പ്ലാസ്റ്റിക്കും മാലിന്യങ്ങളും കടലില്‍ കളയുന്ന അവസ്ഥ ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജലാശയങ്ങള്‍ മലിനമാക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് ഓര്‍മിപ്പിച്ചു. മിഥി നദിയും മറ്റു ജലാശയങ്ങളും പ്ലാസ്റ്റിക്മുക്തമാക്കണമെന്നും അതുവഴി ഇന്ത്യയെ പ്ലാസ്റ്റിക്മുക്തമാക്കാനുള്ള ശ്രമത്തിന് ഇന്ത്യയുടെ മറ്റു പ്രദേശങ്ങള്‍ക്കു മാതൃക കാട്ടണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. 

പദ്ധതികള്‍ ചുരുക്കത്തില്‍
നഗരത്തിലെ മെട്രോ ശൃംഖലയുടെ ദൈര്‍ഘ്യം 42 കിലോമീറ്റര്‍ വര്‍ധിപ്പിക്കുന്ന മൂന്നു മെട്രോ പാതകള്‍ക്കു പ്രധാനമന്ത്രി തറക്കല്ലിട്ടു. 9.2 കിലോമീറ്റര്‍ വരുന്ന ഗായ്മുഖ്-ശിവാജി ചൗക്ക് (മീറ റോഡ്) മെട്രോ-10 ഇടനാഴിയും 12.7 കിലോമീറ്റര്‍ വരുന്ന വാദല-ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് മെട്രോ- 11 ഇടനാഴിയും 20.7 കിലോമീറ്റര്‍ വരുന്ന കല്യാണ്‍-തലോജ മെട്രോ- 12 ഇടനാഴിയുമാണ് അവ. 
നവീന മെട്രോ ഭവനും അദ്ദേഹം തറക്കല്ലിട്ടു. 32 നിലകളുള്ള ഈ കേന്ദ്രമാണ് 340 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന 14 മെട്രോ ലൈനുകള്‍ പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക. 
കാണ്ടിവലി ഈസ്റ്റില്‍ ബാന്ദോഗ്രി മെട്രോ സ്‌റ്റേഷന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം നിര്‍മിച്ച ആദ്യ മികച്ച മെട്രോ കോച്ചിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മഹാ മുംബൈ മെട്രോയുടെ ബ്രാന്‍ഡ് വിഷന്‍ രേഖ പ്രധാനമന്ത്രി പ്രകാശിപ്പിച്ചു. 
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ. ഭഗത് സിങ് കോഷിയാരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ. ദേവേന്ദ ഫഡ്‌നാവിസ്, കേന്ദ്ര റെയില്‍വേ, വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. പീയൂഷ് ഗോയല്‍, കേന്ദ്ര സാമൂഹികക്ഷേമ-ശാക്തീകരണ സഹമന്ത്രി ശ്രീ. രാംദാസ് അത്‌വാലെ എന്നിവര്‍ പങ്കെടുത്തു.