Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബൈയില് മെയ്ക്ക് ഇന് ഇന്ത്യ വാരാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

മുംബൈയില് മെയ്ക്ക് ഇന് ഇന്ത്യ വാരാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

മുംബൈയില് മെയ്ക്ക് ഇന് ഇന്ത്യ വാരാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ആദരണീയനായ സ്വീഡന് പ്രധാനമന്ത്രി, ആദരണീയനായ ഫിന്ലന്ഡ് പ്രധാന മന്ത്രി, ആദരണീയനായ പോളണ്ട് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാന മന്ത്രി, മറ്റു രാഷ്ട്രങ്ങളില്നിന്നുള്ള മന്ത്രിമാരേ, ആദരണീയ വ്യക്തിത്വങ്ങളെ, വിശിഷ്ടവ്യക്തികളെ, മഹാരാഷ്ട്ര ഗവര്ണര്, മഹാരാഷ്ട്ര മുഖ്യമന്ത്രി, വാണിജ്യ- വ്യവസായ സഹമ മന്ത്രി, ക്ഷണിതാക്കളെ, വ്യവസായപ്രമുഖരെ, മഹതികളെ, മഹാന്മാരേ,

മെയ്ക്ക് ഇന് ഇന്ത്യ വാരാഘോഷത്തിന്റെ ഭാഗമാകാന് സാധിച്ചതില് എനിക്ക് അതിയായ സന്തോഷമുണ്ട്.

ഞാന് നിങ്ങളെ ഓരോരുത്തരെയും ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈയിലേക്കു സ്വാഗതം ചെയ്യുന്നു.

വിദേശത്തുനിന്നുള്ള നമ്മുടെ സുഹൃത്തുക്കളെ ഞാന് പ്രത്യേകം സ്വാഗതം ചെയ്യുകയും അവരുടെ സജീവമായ പങ്കാളിത്തത്തിനു നന്ദി അറിയിക്കുകയും ചെയ്യുന്നു.

ഈ ആഘോഷത്തിന് ആതിഥ്യമരുളിയതിനു മഹാരാഷ്ട്ര ഗവണ്മെന്റിനോടുള്ള നന്ദി അറിയിക്കുന്നു.

സജീവ പങ്കാളിത്തത്തിനു മറ്റു സംസ്ഥാനങ്ങളെയും നന്ദി അറിയിക്കുന്നു.

സുഹൃത്തുക്കളെ,

ഒരു വര്ഷം മുമ്പ് മെയ്ക്ക് ഇന് ഇന്ത്യ പദ്ധതിക്കു തുടക്കമിട്ടപ്പോള് നമ്മുടെ യുവാക്കള്ക്കുണ്ടായിരുന്ന പ്രതീക്ഷകളെക്കുറിച്ചു ഞാന് ഓര്ക്കുകയാണ്.

ഇന്ത്യന് ജനതയുടെ 65 ശതമാനത്തിലേറെ 35 വയസ്സിനുതാഴെ പ്രായമുള്ളവരാണ്.

യുവത്വപൂര്ണമായ ഊര്ജമാണു നമ്മുടെ ഏറ്റവും വലിയ കരുത്ത്.

യുവാക്കള്ക്കു തൊഴിലവസങ്ങളും സ്വയംതൊഴിലവസരങ്ങളും സൃഷ്ടിക്കാനാണു നാം മെയ്ക്ക് ഇന് ഇന്ത്യ പദ്ധതി നടപ്പാക്കിയത്.

ഇന്ത്യയെ ആഗോള ഉല്പാദന കേന്ദ്രങ്ങളില് ഒന്നാക്കിമാറ്റാന് നാം നന്നായി പ്രയത്നിച്ചുവരികയാണ്.

നമ്മുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തില് ഉല്പാദനമേഖലയുടെ പങ്ക് 25 ശതമാനമായി ഉടനെ ഉയര്ത്തേണ്ടതുണ്ട്.

ഈ പ്രചരണം സൃഷ്ടിക്കുന്ന സമ്മര്ദത്തിനു വിധേയമായി, നയങ്ങളില് ഏറെ തിരുത്തലുകള് വരുത്താന് ഗവണ്മെന്റ് സംവിധാനം നിര്ബന്ധിതമാകുമെന്നു ഞങ്ങള്ക്കറിയാമായിരുന്നു.

ബുദ്ധിമുട്ടില്ലാതെ വ്യാപാരം ചെയ്യാന് സാധിക്കുന്ന ഇടമായി ഇന്ത്യയെ മാറ്റാന് നാം ബാധ്യസ്ഥരാണ്.

ഉല്പാദനത്തിലും രൂപകല്പനയിലും ഗവേഷണത്തിലും വികസനത്തിലും ഇന്ത്യക്കു വാഗ്ദാനം ചെയ്യാന് സാധിക്കുന്ന വ്യാപകമായ അവസരങ്ങള് ലോകത്തിനു മുന്നില് പ്രദര്ശിപ്പിക്കണം.

നാം എത്രത്തോളം വിജയകരമായി പ്രവര്ത്തിച്ചു എന്നു വിലയിരുത്താനുള്ള അവസരമാണ് മെയ്ക്ക് ഇന് ഇന്ത്യ വാരം.

ഇനി മുന്നോട്ട് എങ്ങനെ നീങ്ങണമെന്നു തീരുമാനിക്കാനുള്ള അവസരം കൂടിയാണിത്.

നമുക്കു കൈവരിക്കാന് സാധിച്ച പുരോഗതിയുടെ വിവിധ വശങ്ങള് ഈ ആഘോഷത്തില് പ്രദര്ശിപ്പിക്കപ്പെടും.

ഇന്ത്യയില് ഇതുവരെ സംഘടിപ്പിക്കപ്പെട്ടതില് വച്ച് ഏറ്റവും വലിയ ബഹുമേഖലാ പരിപാടിയാണിത്.

ഇന്ത്യ എങ്ങോട്ടാണു നീങ്ങുന്നതെന്നും സ്വയം വിലയിരുത്താന് ഞാന് നിങ്ങളെയെല്ലാം പ്രോല്സാഹിപ്പിക്കുകയാണ്.

ഈ അവസരം എന്റെ ചിന്തകള് പങ്കുവെക്കാന് ഉപയോഗപ്പെടുത്തട്ടെ.

ആരംഭിച്ച് ഒരു വര്ഷത്തിനകം മെയ്ക്ക് ഇന് ഇന്ത്യ രാജ്യത്തിലെ ഏറ്റവും വലിയ ബ്രാന്ഡായിക്കഴിഞ്ഞു.

രാഷ്ട്രത്തിനകത്തും പുറത്തുമായി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മാധ്യമങ്ങളുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ചിന്തകളില് അത് ഇടംതേടി.

ഇതിനു കാരണം:

> അതു സൃഷ്ടിപരമായ പ്രവര്ത്തനങ്ങളില് ഏര്പ്പെടാനുള്ള നമ്മുടെ പൊതു ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു

> കുറഞ്ഞ ചെലവില് ഉല്പാദനം നടക്കുകയെന്ന ആഗോള ആവശ്യത്തെയും അതു പ്രതിഫലിപ്പിക്കുന്നു

> അതു തിരുത്തലുകള് വരുത്താനും കാര്യശേഷി നമ്മില് സമ്മര്ദം ചെലുത്തുന്നു.

> ഒരേ തല്ത്തില് ലോകവുമായി കൂട്ടിയിണക്കപ്പെടുന്നതിന് അതു നമുക്കു ധൈര്യം പകരുന്നു.

നാം ചെയ്ത കാര്യങ്ങളുടെ വ്യക്തമായ ചില ഉദാഹരണങ്ങള് ഞാന് പറയാം.

പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ കാര്യത്തില് ഏറ്റവും സുതാര്യമായ രാഷ്ട്രം ചിലപ്പോള് ഇന്ത്യയായിരിക്കും.

മിക്ക മേഖലകളിലെയും പ്രത്യക്ഷ വിദേശ നിക്ഷേപത്തിനുള്ള അംഗീകാരം ഓട്ടോമാറ്റിക് രീതിയിലാക്കി

എന്റെ ഗവണ്മെന്റ് അധികാരമേറ്റതിനുശേഷം പ്രത്യക്ഷ വിദേശ നിക്ഷേപം 48 ശതമാനം ഉയര്ന്നു.

2015 ഡിസംബറിലുണ്ടായ പ്രത്യക്ഷ വിദേശ നിക്ഷേപമാണ് രാജ്യത്ത് ഇതുവരെഒരു മാസമുണ്ടായതില് വച്ച് ഏറ്റവും കൂടുതല്.

ആഗോളതലത്തില് പ്രത്യക്ഷ വിദേശ നിക്ഷേപനിരക്ക് താഴോട്ടു പോയിക്കൊണ്ടിരിക്കുന്ന കാലത്താണ് നമുക്ക് ഈ വര്ധനയുണ്ടായതെന്നോര്ക്കണം.

നികുതിരംഗത്ത് നാം ഒട്ടേറെ പരിഷ്കാരങ്ങള് വരുത്തിയിട്ടുണ്ട്.

മുന്കാല പ്രാബല്യത്തോടെയുള്ള നികുതിയീടാക്കല് ഉണ്ടാവില്ലെന്നു പ്രഖ്യാപിച്ചു.

ഈ ഉറപ്പ് ഞാന് ഒരിക്കല്ക്കൂടി ആവര്ത്തിക്കുകയാണ്.

നികുതിരംഗം സുതാര്യവും സുസ്ഥിരവും മുന്കൂട്ടി കണക്കുകൂട്ടാവുന്നതും ആക്കാനുള്ള സംവിധാനം അതിവേഗം രൂപപ്പെടുത്തിവരികയാണ്.

വ്യാപാരം ചെയ്യുന്നത് എളുപ്പമാക്കുന്നതിനു നാം എല്ലാ വിധത്തിലും ഊന്നല് നല്കുന്നുണ്ട്.

ഉല്പാദനരംഗത്ത് നടപടിക്രമങ്ങള് ലഘൂകരിക്കാനും വ്യവസ്ഥകള് യുക്തിഭദ്രമാക്കാനും നടപടികളെടുത്തു.

ലൈസന്സിങ്, അതിര്ത്തി കടന്നുള്ള വ്യാപാരം, സുരക്ഷ, പരിസ്ഥിതി എന്നീ കാര്യങ്ങളിലുള്ള അനുമതി ഇതില് ഉള്പ്പെടുന്നു.

ഇലക്ട്രോണിക്സ്, ടെക്സ്റ്റൈല്സ് തുടങ്ങി പല മേഖലകളിലും ആകര്ഷകമായ പദ്ധതികള് നാം പ്രഖ്യാപിച്ചുകഴിഞ്ഞു.

പ്രതിരോധ രംഗത്തെ നയങ്ങളില് ഗൗരവമേറിയ തിരുത്തലുകള് വരുത്താന് നാം തയ്യാറായി.

ലൈസന്സിങ് മുതല് കയറ്റുമതി നയങ്ങള് വരെ പ്രതിരോധ വ്യവസായം കാംക്ഷിക്കുന്നതെന്തോ അതു നല്കാന് നാം തയ്യാറായിട്ടുണ്ട്.

പ്രകൃതിവിഭവങ്ങള് തടസ്സമില്ലാതെയും സുതാര്യതയോടെയും അനുവദിച്ചു നല്കുന്നതാണു മറ്റൊന്ന്.

ഇതുകൊണ്ടുള്ള നേട്ടം രണ്ടു വിധത്തിലാണ്: ഒരു ഭാഗത്തുള്ള നേട്ടം, അത്തരം വിഭവങ്ങളുടെ ഉല്പാദനം വര്ധിച്ചുവെന്നുള്ളതാണ്. മറുഭാഗത്ത്, ഉപയോക്താക്കള്ക്കും അധികാരപ്പെട്ടവര്ക്കും തുല്യപരിഗണന ലഭിക്കുന്നതിനു സുതാര്യതാനയം സഹായകമായെന്ന നേട്ടവുമുണ്ട്.

ഈ വര്ഷമാണു നാം ഏറ്റവും കൂടുതല് കല്ക്കരി ഉല്പാദിപ്പിക്കാന് പോകുന്നത്.

2015ലാണ് ഇന്ത്യ ഏറ്റവും കൂടുതല് വൈദ്യതി ഉല്പാദിപ്പിച്ചത്.

വസ്തുവകകളുടെയും അവകാശങ്ങളുടെയും സുരക്ഷയുടെ കാര്യമാണെങ്കില്, കോടതിനടപടിക്രമങ്ങള് വേഗത്തിലാക്കാനുള്ള നിയമം നടപ്പാക്കിക്കഴിഞ്ഞു.

മുഴുവന്സമയ വാണിജ്യ കോടതികളും ഹൈക്കോടതികളില് വാണിജ്യവിഭാഗവും നാം ആരംഭിക്കുകയാണ്.

കമ്പനി നിയമ ട്രൈബ്യൂണല് രൂപീകരിക്കാനുള്ള നടപടിക്രമങ്ങള് അവസാനഘട്ടത്തിലാണ്.

ബൗദ്ധികസ്വത്തവകാശ നിയമവും പേറ്റന്റ് നിയമവും ഫലപ്രദമായി നടപ്പാക്കും.

പാര്ലമെന്റില് സമര്പ്പിച്ചുകഴിഞ്ഞ പാപ്പരത്ത്വ നിയമം പാസ്സാക്കാന് സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

നയങ്ങളുടെയും നടപടിക്രമങ്ങളുടെയും കാര്യത്തില് നാം സംവിധാനങ്ങള് വെടിപ്പുള്ളതും ലളിതവും പ്രതികരണാത്മകവും വാണിജ്യസൗഹൃദപരവുമാക്കി.

ചെറിയ ഗവണ്മെന്റ്, പരമാവധി മെച്ചപ്പെട്ട ഭരണം എന്നതിലാണു ഞാന് വിശ്വസിക്കുന്നത്.

അതുകൊണ്ടുതന്നെ, നിക്ഷേപത്തെയും വളര്ച്ചയെയും ബാധിക്കുന്ന തടസ്സങ്ങള് നീക്കാന് നിത്യേനയെന്നോണം നാം ശ്രമിച്ചുവരികയാണ്.

കേന്ദ്ര ഗവണ്മെന്റ് തലത്തില് മാത്രമല്ല, സംസ്ഥാനതലങ്ങളിലും മാറ്റങ്ങളും തിരുത്തലുകളും നടക്കുന്നുണ്ടെന്നതു നല്ല കാര്യമാണ്.

അടിസ്ഥാനസൗകര്യ ബന്ധം മെച്ചപ്പെടുത്തുന്നതിലും വ്യാപാരം ചെയ്യുന്നത് എളുപ്പമാക്കുന്നതിലും സംസ്ഥാനങ്ങള് തമ്മില് ആരോഗ്യകരമായ മല്സരം നടന്നുവരികയാണ്.

പ്രോല്സാഹജനകമാണ് ഫലങ്ങള്.

ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യയുടേതു മാറി.

ഈ സാമ്പത്തിക വര്ഷം മൊത്തം ആഭ്യന്തര ഉല്പാദനം ഏഴു ശതമാനത്തിലേറെ വളര്ച്ച നേടും.

വരുംവര്ഷങ്ങളില് ഇതിലും മെച്ചപ്പെട്ട വളര്ച്ച രേഖപ്പെടുത്തുമെന്നാണ് ഐ.എം.എഫ്., ലോക ബാങ്ക്, ഒ.ഇ.സി.ഡി., എ.ഡി.ബി. എന്നിവയുള്പ്പെടെയുള്ള സ്ഥാപനങ്ങള് പ്രവചിച്ചിരിക്കുന്നത്.

2014- 15ല് ആഗോളവളര്ച്ചയുടെ 12.5 ശതമാനം സംഭാവന ചെയ്തത് ഇന്ത്യയാണ്.

ലോക സമ്പദ്വ്യവസ്ഥയില് ഇന്ത്യക്കുള്ള പങ്കിനെ അപേക്ഷിച്ച് 68 ശതമാനം കൂടുതലാണ് ആഗോള വളര്ച്ചയില് രാജ്യത്തിന്റെ സംഭാവന.

മറ്റു ചില സൂചികകള് കൂടി ഞാന് സൂചിപ്പിക്കാം

ഒട്ടേറെ ആഗോള ഏജന്സികളും സ്ഥാപനങ്ങളും നിക്ഷേപത്തിനു യോഗ്യമായ ഏറ്റവും നല്ല സ്ഥലമായി ഇന്ത്യയെ സ്ഥിരമായി തെരഞ്ഞെടുക്കുന്നുണ്ട്.

വ്യാപാരം സുഗമമായ രാഷ്ട്രങ്ങളുടേതായി ലോകബാങ്ക് തയ്യാറാക്കുന്ന റാങ്ക് പട്ടികയില് 12 സ്ഥാനം മുകളിലോട്ടു കയറാന് നമുക്കു സാധിച്ചു.

നിക്ഷേപങ്ങളെ എളുപ്പത്തില് ആകര്ഷിക്കുന്നതു സംബന്ധിച്ച യു.എന്.സി.ടി.എ.ഡി. റാങ്കിങ്ങില് 15ാം സ്ഥാനത്തുനിന്ന് ഒമ്പതാം സ്ഥാനത്തേക്ക് ഉയര്ന്നു.

വേള്ഡ് ഇക്കണോമിക് ഫോറത്തിന്റെ ആഗോള മല്സരക്ഷമതാസൂചികയില് ഇന്ത്യ 16 സ്ഥാനം മുകളിലേക്കു കയറി.

ഇന്ത്യയുടെ പദവി മൂഡീസ് പോസിറ്റീവിലേക്ക് ഉയര്ത്തുകയും ചെയ്തു.

മെയ്ക്ക് ഇന് ഇന്ത്യ പദ്ധതിക്ക് ഊര്ജം ലഭിച്ചതു നമുക്ക് ആത്മവിശ്വാസം പകരുന്നുണ്ട്.

നയങ്ങളും നടപടിക്രമങ്ങളും എളുപ്പമാര്ന്നതും സൗഹൃദപരവുമാക്കാന് അതു നമ്മെ പ്രചോദിപ്പിക്കുന്നു.

ഈ പശ്ചാത്തലത്തില്, ഇന്ത്യയെ നിങ്ങളുടെ തൊഴിലിടമാക്കാനും അതിലുപരി വാസസ്ഥലം തന്നെയാക്കിത്തീര്ക്കാനും ഞാന് നിങ്ങളെ സ്വാഗതം ചെയ്യുകയും പ്രോല്സാഹിപ്പിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ!

അതിനൂതന അടിസ്ഥാനസൗകര്യവികസനത്തിനായി നിക്ഷേപം വര്ധിപ്പിക്കുന്നതില് നാം പ്രത്യേക ശ്രദ്ധ പുലര്ത്തുന്നുണ്ട്.

ഇതില് റോഡുകളും തുറമുഖങ്ങളും റെയില്വേയും വിമാനത്താവളങ്ങളും ടെലിക്കോമും ഡിജിറ്റല് ശൃംഖലയും മാലിന്യ സൃഷ്ടിക്കാത്ത ഊര്ജവും ഉള്പ്പെടും.

നമ്മുടെ ജനതയ്ക്കു മെച്ചപ്പെട്ട വരുമാനവും മേന്മയാര്ന്ന ജീവിതവും പ്രദാനം ചെയ്യുന്നതിനായി സാമൂഹിക, വ്യാവസായിക, കാര്ഷിക അടിസ്ഥാനസൗകര്യവികസനത്തിനായും നാം നിക്ഷേപം നടത്തുകയാണ്.

നടപ്പാക്കാനുള്ള ശേഷിക്കുറവായിരുന്നു ഇതുവരെയുള്ള പ്രധാന തടസ്സം.

ഇപ്പോള് നാം നടപടിക്രമങ്ങള് വേഗമാക്കിയിട്ടുണ്ട്.

ഇതു പദ്ധതികള് വേഗത്തില് നടപ്പാകുന്നതിനു സഹായകമായി.

ഏറ്റവും കൂടുതല് കിലോമീറ്റര് ഹൈവേ നിര്മാണ കരാര് കൊടുത്തിട്ടുള്ളത് 2015ലാണ്.

അതുപോലെ, റെയില്വേ മൂലധനച്ചെലവില് ഏറ്റവും കൂടുതല് വര്ധനയുണ്ടായിട്ടുള്ളതും ഈ വര്ഷം തന്നെ.

ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യവികസനം മുമ്പെന്നത്തേക്കാളുമേറെ ഫലപ്രദമായി നാം ഇപ്പോള് നടപ്പാക്കിവരുന്നു.

പണമായിരുന്നു മറ്റൊരു തടസ്സം.

ഈ പ്രശ്നത്തിനു പരിഹാരം കാണാന് നാം പുതുമയാര്ന്ന വഴികള് തേടുകയാണ്.

ഗ്രീന്ഫീല്ഡ്, ബ്രൗണ്ഫീല്ഡ് പദ്ധതികള് പൊതു-സ്വകാര്യ പങ്കാളിത്തത്തിനായി തുറന്നുകൊടുക്കുകയാണ്.

ശക്തമായ സാമ്പത്തിക അച്ചടക്കത്തിലൂടെയും ചോര്ച്ച തടഞ്ഞും അടിസ്ഥാനസൗകര്യ വികസനത്തിനായി കൂടുതല് വിഭവങ്ങള് ലഭ്യമാക്കാന് ശ്രമിക്കുകയാണ്.

നാം നാഷണല് ഇന്വെസ്റ്റ്മെന്റ് ആന്ഡ് ഇന്ഫ്രാസ്ട്രക്ചര് ഫണ്ട് ആരംഭിച്ചിട്ടുണ്ട്.

റെയില്, റോഡ്, ജലസേചന പദ്ധതികള്ക്കായി ടാക്സ്ഫ്രീ ഇന്ഫ്രാസ്ട്രക്ചര് ബോണ്ടുകള്ക്കു തുടക്കമിട്ടു.

പണമാര്ജിക്കാനുള്ള ഇത്തരം ഉപാധികള് ഫലപ്രദമാക്കുന്നതിനായി പല രാജ്യങ്ങളുമായും സാമ്പത്തിക വിപണികളുമായും സാമ്പത്തിക സ്രോതസ്സുകളുമായും നാം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.

മഹതികളേ, മഹാന്മാരേ!

ഇന്ത്യ അപാര സാധ്യതകളുള്ള രാജ്യമാണ്.

ഇവിടെയുള്ള 50 നഗരങ്ങള് മെട്രോ റെയില് ഗതാഗതം സ്ഥാപിക്കാന് സജ്ജമാണ്.

രാജ്യത്ത് അഞ്ചു കോടി വീടുകള് നിര്മിക്കേണ്ടതുണ്ട്.

റോഡ്, റെയില്, ജലഗതാഗത മേഖലകളില് ഏറെ കാര്യങ്ങള് ചെയ്തു തീര്ക്കേണ്ടതുണ്ട്.

പതുക്കെപ്പതുക്കെയുള്ള മാറ്റങ്ങള് പോരാ; ഞങ്ങള്ക്കൊരു കുതിച്ചുചാട്ടം അനിവാര്യമാണ്.

ഇതു മലിനീകരണം സൃഷ്ടിക്കാതെ, ഹരിതാഭമായ രീതിയില് നടപ്പാക്കാന് ഞങ്ങള് തീരുമാനിച്ചിട്ടുണ്ട്.

അതുകൊണ്ടാണ് ഈയിടെ പാരീസില് നടന്ന സി.ഒ.പി.-21 യോഗത്തില് ഞങ്ങള് ആഗോളജനതയ്ക്ക് ഒരുറപ്പു നല്കിയത്.

ഈ സാഹചര്യത്തില് ഞങ്ങള് പുനരുപയോഗിക്കാവുന്ന ഊര്ജം വലിയ തോതില്- 175 ജിഗാവാട്സ്- ഉപയോഗപ്പെടുത്താന് പോകുകയാണ്.

തെറ്റില്ലാത്തതും പ്രത്യാഘാതമില്ലാത്തതുമായ ഉല്പാദനത്തിനാണു ഞാന് ഊന്നല് നല്കുന്നത്.

ഊര്ജക്ഷമതയ്ക്കും ജലപുനരുപയോഗത്തിനും മാലിന്യത്തില്നിന്ന് ഊര്ജം ഉല്പാദിപ്പിക്കുന്നതിനും വൃത്തിയുള്ള ഇന്ത്യക്കും നദീശുചീകരണത്തിനും ഞങ്ങള് വലിയ പ്രാധാന്യം കല്പിക്കുന്നു.

ഈ ഉദ്യമങ്ങള് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനങ്ങളുടെ ജീവിതനിലവാരം ഉയര്ത്താന് ഉദ്ദേശിച്ചുള്ളതാണ്.

സാങ്കേതികവിദ്യയിലും സേവനങ്ങളിലും മനുഷ്യവിഭവങ്ങളിലും നിക്ഷേപം നടത്താനുള്ള അധിക അവസരം ഈ ഉദ്യമങ്ങള് നമുക്കു പ്രദാനം ചെയ്യുന്നു.

സുഹൃത്തുക്കളേ!

ഡെമോക്രസി (ജനാധിപത്യം), ഡെമോഗ്രഫി (ജനസംഖ്യ), ഡിമാന്ഡ് (ആവശ്യകത) എന്നീ മൂന്നു ‘ഡി’കളാല് ഇന്ത്യ അനുഗൃഹീതമാണ്.

ഇവയോടൊപ്പം നാം നാലാമത്തെ ‘ഡി’ ആയി ഡീറെഗുലേഷന് (നിയന്ത്രണമൊഴിവാക്കല്) കൂട്ടിച്ചേര്ത്തു.

ഇന്നത്തെ ഇന്ത്യ നാലു മാനങ്ങളോടു കൂടിയതാണ്.

നമ്മുടെ നീതിനിര്വഹണ സംവിധാനം സ്വതന്ത്രവും കാലാതിവര്ത്തിയുമാണ്.

ഈ ഘടകങ്ങളെല്ലാം മറ്റൊരു രാജ്യത്തും നിങ്ങള്ക്കു കാണാന് കഴിയില്ല.

ഈ കരുത്തുകളുമായി നിങ്ങളുടെ ഉല്പാദന, രൂപകല്പനശേഷികള് പരീക്ഷിക്കാനും പ്രാവര്ത്തികമാക്കാനും ഒരു ഉറച്ച അടിസ്ഥാനം ഇന്ത്യ നിങ്ങള്ക്കു വാഗ്ദാനം ചെയ്യുകയാണ്.

അതോടൊപ്പം, ഇന്ത്യ സമുദ്രത്താല് ചൂറ്റപ്പെട്ടുകിടക്കുന്നു എന്നതിനാല് നിങ്ങളുടെ ഉല്പന്നങ്ങള് എളുപ്പത്തില് കടല് മാര്ഗം മറ്റു വന്കരകളില് എത്തിക്കാന് സാധിക്കുമെന്ന നേട്ടവുമുണ്ട്.

പുതിയ പാതകള് വെട്ടിത്തുറക്കാനുതകുന്ന പദ്ധതികള് നടപ്പാക്കുകവഴി ഈ വലിയ സാധ്യതയുടെ നേട്ടം കൂടുതല് കൊയ്യുന്നതിന് അവസരമൊരുക്കുന്നതിനെക്കുറിച്ചു ഞങ്ങള് ചിന്തിച്ചുവരികയാണ്.

ജനങ്ങള്ക്ക് ഇതിന്റെ ഭാഗമാകാന് അവസരമൊരുക്കുന്നതിനാണ് ഡിജിറ്റല് ഇന്ത്യ, സ്കില് ഇന്ത്യ തുടങ്ങിയ പ്രചരണ പദ്ധതികള്ക്കു രൂപം നല്കിയിരിക്കുന്നത്.

സംരംഭകത്വത്തെ പ്രോല്സാഹിപ്പിക്കുന്നതിനായി പ്രത്യേക ധനസഹായപദ്ധതികള്ക്കു തുടക്കമിട്ടിട്ടുണ്ട്.

മറ്റു ജാമ്യവസ്തുക്കളില്ലാതെ മുദ്രാ ബാങ്ക് വഴി നാം വായ്പകള് കൊടുക്കുന്നു.

പട്ടികജാതി- പട്ടികവര്ഗ വിഭാഗങ്ങളില് പെട്ട യുവ സംരംഭകര്ക്കും വനിതാസംരംഭകര്ക്കും സാമ്പത്തികസഹായം നല്കുന്നതിനു മുന്ഗണന നല്കണമെന്നു ഞാന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിലൂടെ മാത്രമേ, ഗ്രാമങ്ങളിലും ചെറുകുടിലുകുളിലും വ്യവസായങ്ങള് വിജയപ്രദമായി നടക്കണമെന്ന മഹാത്മാഗാന്ധിയുടെ സ്വപ്നങ്ങള് യാഥാര്ഥ്യമാകൂ.

ഇതിലൂടെ മാത്രമേ, കാര്ഷികമേഖലയില്നിന്ന് ആവശ്യത്തിലധികമുള്ള മനുഷ്യപ്രയത്നം മറ്റു മേഖലകളിലേക്കു തിരിച്ചുവിടണമെന്ന നിലപാടെടുത്ത ഡോ. ഭീമറാവു അംബേദ്കറുടെ സ്വപ്നങ്ങള് യാഥാര്ഥ്യമാകൂ.

സ്റ്റാന്ഡ് അപ് ഇന്ത്യ പദ്ധതിക്കു കീഴില്പ്പെടുത്തി ഈ പദ്ധതി നാം ശക്തിപ്പെടുത്താന് പോകുകയാണ്.

ആഗോളതലത്തില് അനിശ്ചിതാവസ്ഥ നിലനില്ക്കുമ്പോഴും ഇന്ത്യയുടെ ആഭ്യന്തര വ്യവസായമേഖലയും നിക്ഷേപകരും വളരെ ആത്മവിശ്വാസത്തോടും പ്രതീക്ഷയോടുമാണു കഴിയുന്നതെന്നാണ് എനിക്കു തോന്നുന്നത്.

നാം മെയ്ക്ക് ഇന് ഇന്ത്യക്കു തുടക്കമിട്ടപ്പോള് ഉല്പാദനമേഖലയിലെ വളര്ച്ച കേവലം 1.7 ശതമാനമായിരുന്നു.

ഇക്കൊല്ലം അതു ഗണ്യമായി വര്ധിച്ചു.

ഈ പാദവാര്ഷികത്തില് ഉല്പാദനമേഖലയിലെ വളര്ച്ച 12.6 ശതമാനമാകുമെന്നാണു പ്രതീക്ഷ.

2016 ജനുവരിയില് പി.എം.ഐ. ഔട്ട്പുട്ട് ഇന്ഡെക്സ് 11 മാസത്തെ ഏറ്റവും കൂടിയ നിരക്കായ 53.3 ശതമാനത്തിലെത്തി.

കഴിഞ്ഞ എട്ടു മാസത്തില് ലഭിച്ച നിക്ഷേപ അപേക്ഷകള് 27 ശതമാനം കൂടുതലാണ്.

2015ല് നാം ഏറ്റവും കൂടുതല് മോട്ടോര് വാഹനങ്ങള് ഉല്പാദിപ്പിച്ചു.

കഴിഞ്ഞ പത്തു മാസത്തിനിടെ രാജ്യത്ത് 50 പുതിയ മൊബൈല് ഫോണ് ഫാക്ടറികള് സ്ഥാപിക്കപ്പെട്ടു.

ഇലക്ട്രോണിക് രംഗത്തെ ഉല്പാദനം ആറിരട്ടി ഉയര്ന്ന് 1.8 കോടിയിലെത്തി.

2015ല് 159 ഇലക്ട്രോണിക് സിസ്റ്റം ഡിസൈന് ആന്ഡ് മാനുഫാക്ചറിങ് യൂണിറ്റുകള് (ഇ.എസ്.ഡി.എം.) സ്ഥാപിച്ചു.

ചില ഏജന്സികളുടെ കണക്കുകള് പ്രകാരം ഇന്ത്യന് തൊഴില്വിപണി അതിവേഗം വളരുകയാണ്.

ഉദാഹരണത്തിന്, മോണ്സ്റ്റര് എംപ്ലോയ്മെന്റ് സൂചിക പ്രകാരം 2016 ജനുവരിയില് ഇന്ത്യയുടെ സൂചിക 229 ആണ്. ഇതാകട്ടെ, കഴിഞ്ഞ ജനുവരിയിലേതിനെക്കാള് 52 ശതമാനം കൂടുതലാണ്.

അതുപോലെ, വ്യാപാരരംഗത്ത്:

ഇന്ത്യയില്നിന്ന് ഏറ്റവും കൂടുതല് സോഫ്റ്റ്വെയര് കയറ്റുമതി നടന്നത് 2015ല് ആണ്.

2015ലാണ് ഇന്ത്യന് തുറമുഖങ്ങളില് ഏറ്റവും കൂടുതല് ചരക്കു കൈകാര്യം ചെയ്യപ്പെട്ടത്.

ഇതൊക്കെ ശുഭലക്ഷണങ്ങളാണ്.

നമ്മുടെ വ്യവസായമേഖലയ്ക്കു സ്നേഹപൂര്വം ഉപദേശം നല്കാന് ഞാന് ആഗ്രഹിക്കുന്നു.

കാത്തിരിക്കരുത്.

വിശ്രമിക്കരുത്.

ഇന്ത്യയില് അപാരമായ അവസരങ്ങളുണ്ട്.

ഇന്ത്യയില് പ്രവര്ത്തിക്കാന് ആഗോളതലത്തില് പ്രവര്ത്തിക്കുന്ന പ്രമുഖ ഗ്രൂപ്പൂകള് ഇപ്പോള് കാണിക്കുന്ന അമിതതാല്പര്യം ഉപയോഗപ്പെടുത്താന് സാധിക്കണം.

അവരില് പലരും ഇന്ത്യയില് സാങ്കേതിക, സാമ്പത്തിക പങ്കാളികളെ കണ്ടെത്താന് ഇഷ്ടപ്പെടുന്നു.

ഇതില് പ്രതിരോധ ഉല്പാദനം പോലുള്ള ഉയര്ന്ന മൂല്യമുള്ള ഹൈടെക് രംഗങ്ങളും ഉള്പ്പെടും.

ഞാന് നിങ്ങള്ക്കൊരു ഉറപ്പു തരാം; നിങ്ങള് ഒരു ചുവടു വെക്കുകയാണെങ്കില് ഞങ്ങള് നിങ്ങള്ക്കായി രണ്ടു ചുവടു വെക്കും.

ഒരു മല്സരാധിഷ്ഠിത ലോകത്തില് മാനേജീരിയലും സാങ്കതികവുമായ ശേഷി വളര്ച്ചയ്ക്കും നിലനില്പിനും അനിവാര്യമാണ്.

ബഹിരാകാശ പേടകം മുതല് മലിനീകരണ നിയന്ത്രണം വരെ; ആരോഗ്യം മുതല് വിദ്യാഭ്യാസം വരെ; കൃഷി മുതല് സേവനം വരെ; നമ്മുടെ യുവ സംരംഭകരും സ്റ്റാര്ട്ട് അപ്പുകളും സംരംഭങ്ങള്ക്കായും സേവനം ലഭ്യമാക്കുന്നതിനായും നമുക്കു പുതുമയാര്ന്നതും വേഗം കൂടിയതുമായ വഴികള് കാണിച്ചുതരുന്നു.

അവരെ പിന്തുണയ്ക്കുന്നതിനും അവരുടെ ഊര്ജം പൂര്ണമായി ഉപയോഗപ്പെടുത്തുന്നതിനും എന്റെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.

നമ്മുടെ യുവാക്കള് തൊഴില് സൃഷ്ടിക്കുന്നവരായിത്തീരുകയാണ്, അല്ലാതെ തൊഴില് തേടി നടക്കുന്നവരാകുകയല്ല നമുക്കു വേണ്ടത്.

അതിനാലാണു നാം സ്റ്റാര്ട്ട് അപ് പ്രചരണപദ്ധതിക്കു തുടക്കമിട്ടത്.

ഇനി പറയുന്ന കാര്യങ്ങള് നടപ്പാകുന്നതിനായി വഴി കണ്ടുപിടിക്കുന്നതില് നാം തല്പരരാണ്.

1. നമ്മുടെ മനസ്സുകള് കരങ്ങള്ക്കു ശക്തി പകരാനുള്ള കഴിവു നേടണം.

2. നമ്മുടെ കരങ്ങള് യന്ത്രങ്ങള് പ്രവര്ത്തിപ്പിക്കാന് പ്രാപ്തമാകണം.

3. നമ്മുടെ യന്ത്രങ്ങള് മികച്ച പ്രവര്ത്തനം കാഴ്ചവെക്കാന് പോകുന്നതാകണം.

4. നമ്മുടെ ഉല്പന്നങ്ങള് മറ്റുള്ളവയേക്കാള് മികവുറ്റവയാകണം.

സാധാരണക്കാരന്റെ നടപ്പാക്കപ്പെടാതെ പോകുന്ന ആഗ്രഹങ്ങള് സഫലമാക്കാനുള്ള ഒരു യത്നമാണ് മെയ്ക്ക് ഇന് ഇന്ത്യ.

പൗരന്മാരുടെയും ഓരോ മേഖലയിലെയും ആവശ്യങ്ങള് നടപ്പാക്കപ്പെടുമെന്നതിനാല് ഇന്ത്യക്കായി നിര്മിക്കുകയെന്ന ആശയത്തിനും ഞാന് ഊന്നല് നല്കുന്നു.

എത്രയോ ആഗോള കമ്പനികള് അവരുടെ പ്രാദേശിക പദ്ധതികളെക്കുറിച്ചു ചര്ച്ച ചെയ്യുന്നതു ഞാന് കണ്ടിട്ടുണ്ട്.

ഈ സാഹചര്യത്തില്, ഇന്ത്യന് സമ്പദവ്യവസ്ഥയ്ക്ക് ഊര്ജം പകരാനും അതുവഴി ലോകസാഹചര്യം തന്നെ ശോഭയാര്ന്നതാക്കാനും ഈ പ്രചരണത്തിനു കഴിയും.

സുഹൃത്തുക്കളേ,

ഇത് ഏഷ്യയുടെ നൂറ്റാണ്ടാണെന്നു ഞാന് പറയാറുണ്ട്.

ഈ നൂറ്റാണ്ട് നിങ്ങളുടേതാക്കണമെങ്കില് ഇന്ത്യ നിങ്ങളുടെ പ്രവര്ത്തനകേന്ദ്രമാക്കൂ എന്നാണ് എന്റെ ഉപദേശം.

ഇതള് വിരിയുന്ന ഇന്ത്യയുടെ കഥയുടെ ഭാഗമാകാന് ഇവിയെ ഇരിക്കുന്നതും എത്തിച്ചേര്ന്നിട്ടില്ലാത്തതുമായ എല്ലാവരെയും ഞാന് ക്ഷണിക്കുന്നു.

ഇതാണ് ഇന്ത്യയില് കഴിയാന് പറ്റിയ ഏറ്റവും നല്ല സമയം.

ഇന്ത്യയില് ഉല്പാദിപ്പിക്കുന്നതിനും അനുയോജ്യമായ സമയമാണിത്.

നന്ദി!