Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മുംബൈയില്‍ ആര്‍ബിഐയുടെ 90-ാം വാര്‍ഷികത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം


മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ബൈസ് ജി, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡേ ജി, മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ നിര്‍മല സീതാരാമന്‍ ജി, ഭഗവത് കരാദ് ജി, പങ്കജ് ചൗധരി ജി, മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ് ജി, അജിത് പവാര്‍ ജി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥര്‍, മറ്റ് പ്രമുഖരേ, മഹതികളേ മാന്യവ്യക്തികളേ,

ഇന്ന്, റിസര്‍വ് ബാങ്ക് ഒരു ചരിത്ര നാഴികക്കല്ലില്‍ എത്തിയിരിക്കുന്നു. ആര്‍ ബി ഐ 90 വര്‍ഷം പൂര്‍ത്തിയാക്കി. ഒരു സ്ഥാപനമെന്ന നിലയില്‍, ആര്‍ ബി ഐ സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യത്തിനു ശേഷവുമുള്ള കാലഘട്ടങ്ങള്‍ക്ക് ഒരു പോലെ സാക്ഷിയായിരുന്നു.  പ്രൊഫഷണലിസവും പ്രതിബദ്ധതയും ഇന്ന്, ലോകമെമ്പാടും ആര്‍ ബി ഐ അംഗീകരിക്കപ്പെടുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപിതമായതിന് ശേഷമുള്ള 90 വര്‍ഷത്തെ എല്ലാ ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

കൂടാതെ, ഈ സമയത്ത് ആര്‍ബിഐയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ വളരെ ഭാഗ്യവാന്മാരാണെന്ന് ഞാന്‍ കരുതുന്നു. ഇന്ന് നിങ്ങള്‍ രൂപീകരിക്കുന്ന നയങ്ങള്‍, നിങ്ങള്‍ ചെയ്യുന്ന ജോലികള്‍, അടുത്ത ദശകത്തേക്കുള്ള ആര്‍ ബി ഐയുടെ ദിശ നിര്‍ണ്ണയിക്കും. ഈ ദശകം ഈ സ്ഥാപനത്തെ അതിന്റെ ശതാബ്ദി വര്‍ഷത്തിലേക്ക് കൊണ്ടുപോകും. ഒരു ‘വികസിത് ഭാരത്’ എന്ന ‘സങ്കല്‍പ് യാത്ര’യ്ക്ക് ഈ ദശകം ഒരുപോലെ നിര്‍ണായകമാണ്. അതിനായി, നിങ്ങളുടെ മന്ത്രം സൂചിപ്പിക്കുന്നത് പോലെ – ആര്‍ ബി ഐയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് മുന്‍ഗണന നല്‍കുമ്പോള്‍, വിശ്വാസത്തിലും സ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഒരുപോലെ പ്രധാനമാണ്. ആര്‍ബിഐയുടെ ലക്ഷ്യങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും ഞാന്‍ എല്ലാവിധ ആശംസകളും നേരുന്നു.

സുഹൃത്തുക്കളേ,

നിങ്ങള്‍ ബന്ധപ്പെട്ട മേഖലകളില്‍ വിദഗ്ധരാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയും ജിഡിപിയും പ്രധാനമായും പണ, ധനനയങ്ങളുടെ ഏകോപനത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാം. 2014ല്‍ റിസര്‍വ് ബാങ്കിന്റെ 80-ാം വര്‍ഷ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ സ്ഥിതി തികച്ചും വ്യത്യസ്തമായിരുന്നു. ഭാരതത്തിന്റെ മുഴുവന്‍ ബാങ്കിംഗ് മേഖലയും പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുകയായിരുന്നു. ഭാരതത്തിന്റെ ബാങ്കിംഗ് സംവിധാനത്തിന്റെ സുസ്ഥിരതയെക്കുറിച്ചും അതിന്റെ ഭാവിയെക്കുറിച്ചും, പ്രത്യേകിച്ച് നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) സംബന്ധിച്ച ആശങ്കകള്‍ വ്യാപകമായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ കാര്യമായ സംഭാവന നല്‍കാന്‍ പൊതുമേഖലാ ബാങ്കുകള്‍ക്ക് കഴിയാത്ത വിധം സ്ഥിതിഗതികള്‍ മോശമായിരുന്നു. ഞങ്ങള്‍ എല്ലാവരും അവിടെ നിന്നാണ് തുടങ്ങിയത്. നോക്കൂ, ഇന്ന് ഭാരതത്തിന്റെ ബാങ്കിംഗ് സംവിധാനം ലോകത്തിലെ ശക്തവും സുസ്ഥിരവുമായ സംവിധാനമായി കണക്കാക്കപ്പെടുന്നു. ഒരു കാലത്ത് തകര്‍ച്ചയുടെ വക്കിലായിരുന്ന ബാങ്കിംഗ് സംവിധാനം ഇന്ന് ലാഭം കൊയ്യുകയും വായ്പയില്‍ റെക്കോര്‍ഡ് വളര്‍ച്ച കാണിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

വെറും 10 വര്‍ഷത്തിനുള്ളില്‍ ഇത്രയും വലിയൊരു മാറ്റം അത്ര എളുപ്പമായിരുന്നില്ല എന്നും നിങ്ങള്‍ക്കറിയാം. നമ്മുടെ നയങ്ങളിലും ഉദ്ദേശ്യങ്ങളിലും തീരുമാനങ്ങളിലും വ്യക്തത ഉണ്ടായിരുന്നതിനാലാണ് ഈ മാറ്റം വന്നത്. നമ്മുടെ പരിശ്രമത്തില്‍ നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും ഉണ്ടായിരുന്നതുകൊണ്ടാണ് ഈ മാറ്റം. ഉദ്ദേശം ശരിയാകുമ്പോള്‍ നയങ്ങളും ശരിയാകും എന്നതിന് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നു. നയങ്ങള്‍ ശരിയാകുമ്പോള്‍ തീരുമാനങ്ങളും ശരിയാകും. തീരുമാനങ്ങള്‍ ശരിയാകുമ്പോള്‍, അതിന്റെ ഫലങ്ങളും ശരിയാകുന്നു. ചുരുക്കത്തില്‍, ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണ് – ഉദ്ദേശ്യങ്ങള്‍ ശരിയാണെങ്കില്‍, ഫലങ്ങളും ശരിയാണ്.

രാജ്യത്തെ ബാങ്കിംഗ് സംവിധാനം എങ്ങനെ പരിവര്‍ത്തനപ്പട്ടു എന്നത് തന്നെ ഒരു പഠന വിഷയമാണ്. അതിനായി ഒരു സാധ്യതയും നഷ്ടപെടുത്തിയില്ല. ‘അംഗീകാരം’, ‘പ്രമേയം’, ‘റീക്യാപിറ്റലൈസേഷന്‍’ എന്നീ നയങ്ങളിലാണ് നമ്മുടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പൊതുമേഖലാ ബാങ്കുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി, സര്‍ക്കാര്‍ ഏകദേശം 3.5 ലക്ഷം കോടി രൂപ മൂലധനം നിക്ഷേപിക്കുകയും ഭരണവുമായി ബന്ധപ്പെട്ട നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. ഇന്‍സോള്‍വന്‍സി ആന്‍ഡ് പാപ്പരത്ത നിയമത്തിന്റെ പുതിയ ചട്ടക്കൂട് മാത്രം ഏകദേശം 3.25 ലക്ഷം കോടി രൂപയുടെ വായ്പകള്‍ പരിഹരിച്ചു.

പൗരന്മാര്‍ അറിഞ്ഞിരിക്കേണ്ട ഒരു കണക്ക്, 27,000-ലധികം അപേക്ഷകള്‍, 9 ലക്ഷം കോടിയിലധികം രൂപയുടെ ഡിഫോള്‍ട്ടുകള്‍, IBC-യില്‍ പ്രവേശനത്തിന് മുമ്പുതന്നെ പരിഹരിച്ചു. ഇത് ഈ പുതിയ സംവിധാനത്തിന്റെ ഫലപ്രാപ്തി തെളിയിക്കുന്നു. 2018ല്‍ ഏകദേശം 11% ആയിരുന്ന ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 2023 സെപ്റ്റംബറോടെ 3% ആയി കുറഞ്ഞു.

ഇന്ന്, ഇരട്ട ബാലന്‍സ് ഷീറ്റിന്റെ പ്രശ്‌നം ഇപ്പോള്‍ ഭൂതകാലത്തിന്റെ ഭാഗമാണ്. ഇന്ന് ബാങ്കുകളുടെ വായ്പാ വളര്‍ച്ച 15 ശതമാനം വരെ എത്തിയിരിക്കുന്നു. ഈ നേട്ടങ്ങളിലെല്ലാം, ആര്‍ബിഐ ഒരു പങ്കാളി എന്ന നിലയില്‍ ഗണ്യമായ പങ്ക് വഹിച്ചു, അതിന്റെ ശ്രമങ്ങള്‍ പ്രശംസനീയമാണ്.

സുഹൃത്തുക്കളേ,

ആര്‍ബിഐ പോലുള്ള സ്ഥാപനങ്ങളെക്കുറിച്ചുള്ള ചര്‍ച്ച പലപ്പോഴും സാമ്പത്തിക നിര്‍വചനങ്ങളിലും സങ്കീര്‍ണ്ണമായ പദാവലികളിലും ഒതുങ്ങിനില്‍ക്കുന്നു. നിങ്ങളുടെ ജോലിയുടെ സങ്കീര്‍ണതകള്‍ കണക്കിലെടുക്കുമ്പോള്‍ ഇത് സ്വാഭാവികമാണ്. എന്നിരുന്നാലും, നിങ്ങള്‍ ചെയ്യുന്ന ജോലി സാധാരണ പൗരന്മാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി, സെന്‍ട്രല്‍ ബാങ്കും ബാങ്കിംഗ് സംവിധാനവും താഴെത്തട്ടിലുള്ള സാധാരണക്കാരും തമ്മിലുള്ള ഈ ബന്ധം ഞങ്ങള്‍ എടുത്തുകാണിച്ചു. ദരിദ്രര്‍ക്കുള്ള സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഇന്നത്തെ സുപ്രധാന ഉദാഹരണമാണ്. ഞങ്ങള്‍ക്ക് രാജ്യത്ത് 52 കോടി ജന്‍ധന്‍ അക്കൗണ്ടുകളുണ്ട്, ഇതില്‍ 55% അക്കൗണ്ടുകളും സ്ത്രീകളുടെ പേരിലാണ്. കൃഷി, മത്സ്യബന്ധനം തുടങ്ങിയ മേഖലകളിലും ഈ സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ പ്രതിഫലനം ദൃശ്യമാണ്. 

ഇന്ന്, 7 കോടിയിലധികം കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും കന്നുകാലി ഉടമകള്‍ക്കും കര്‍ഷക ക്രെഡിറ്റ് കാര്‍ഡുണ്ട്. ഇത് നമ്മുടെ ഗ്രാമീണ സമ്പദ്വ്യവസ്ഥയ്ക്ക് ഗണ്യമായ ഉത്തേജനം നല്‍കി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സഹകരണ മേഖലയ്ക്കും വലിയ ഉത്തേജനം ലഭിച്ചു. സഹകരണ ബാങ്കിംഗ് മേഖലയില്‍ സഹകരണ സ്ഥാപനങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു, ഇത് റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന്റെയും മേല്‍നോട്ടത്തിന്റെയും ഒരു പ്രധാന മേഖല കൂടിയാണ്. ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (UPI) ഇപ്പോള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു പ്ലാറ്റ്ഫോമായി മാറിയിരിക്കുന്നു. ഇത് പ്രതിമാസം 1200 കോടിയിലധികം ഇടപാടുകള്‍ നടത്തുന്നു.

ഇപ്പോള്‍ നിങ്ങള്‍ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയിലും (CBDC) പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സംഭവിച്ച പരിവര്‍ത്തനത്തിന്റെ ഒരു സ്നാപ്പ്ഷോട്ട് കൂടിയാണിത്. ഒരു ദശാബ്ദത്തിനുള്ളില്‍, ഞങ്ങള്‍ പൂര്‍ണ്ണമായും പുതിയ ബാങ്കിംഗ് സംവിധാനത്തിലേക്കും പുതിയ സമ്പദ്വ്യവസ്ഥയിലേക്കും പുതിയ കറന്‍സി അനുഭവത്തിലേക്കും പ്രവേശിച്ചു. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, കഴിഞ്ഞ 10 വര്‍ഷമായി സംഭവിച്ചത് ട്രെയിലര്‍ മാത്രമാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, രാജ്യത്തെ ഇനിയും ഒരുപാട് മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

അടുത്ത 10 വര്‍ഷത്തേക്ക് നമുക്ക് വ്യക്തമായ ലക്ഷ്യങ്ങളുണ്ടെന്നത് നിര്‍ണായകമാണ്. അടുത്ത ദശകത്തില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ സാധ്യതകള്‍ വിപുലീകരിക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. പണരഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തിലൂടെ വരുന്ന മാറ്റങ്ങളും നാം നിരീക്ഷിക്കേണ്ടതുണ്ട്. സാമ്പത്തിക ഉള്‍പ്പെടുത്തലും ശാക്തീകരണ ശ്രമങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താനും നാം ശ്രമിക്കണം.

സുഹൃത്തുക്കളേ,

ഇത്രയും വലിയ ജനസംഖ്യയുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ തീര്‍ച്ചയായും വളരെ വ്യത്യസ്തമായിരിക്കും. ചില ആളുകള്‍ പരമ്പരാഗത ഫിസിക്കല്‍ ബ്രാഞ്ച് മോഡലാണ് ഇഷ്ടപ്പെടുന്നത്, മറ്റുള്ളവര്‍ ഡിജിറ്റല്‍ ഡെലിവറി ഇഷ്ടപ്പെടുന്നു. ബാങ്കിംഗ് സൗകര്യം മെച്ചപ്പെടുത്തുകയും എല്ലാവരുടെയും ആവശ്യങ്ങള്‍ക്കനുസരിച്ച് വായ്പ ലഭ്യമാക്കുകയും ചെയ്യുന്ന നയങ്ങള്‍ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഡിപിഐ) രംഗത്ത് ഭാരതത്തെ മുന്‍നിരയിലാക്കാന്‍, നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിംഗും തുടര്‍ച്ചയായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഭാരതത്തിന്റെ പുരോഗതി ദ്രുതവും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമാകുന്നതിന് റിസര്‍വ് ബാങ്ക് സ്ഥിരമായ നടപടികള്‍ തുടരണം. ഒരു റെഗുലേറ്റര്‍ എന്ന നിലയില്‍, ബാങ്കിംഗ് മേഖലയില്‍ നിയമാധിഷ്ഠിത അച്ചടക്കവും സാമ്പത്തികമായി വിവേകപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളും ആര്‍ ബി ഐ ഉറപ്പാക്കിയിട്ടുണ്ട്.

എന്നിരുന്നാലും, വിവിധ മേഖലകളുടെ ഭാവി ആവശ്യങ്ങള്‍ മുന്‍കൂട്ടി കണ്ട് സജ്ജമാവുക, ബാങ്കുകളുടെ ആവശ്യകതകള്‍ വിലയിരുത്തി സജീവമായ നടപടികള്‍ കൈക്കൊള്ളാന്‍ പ്രോത്സാഹിപ്പിക്കുക എന്നതും ആര്‍ ബി ഐയെ സംബന്ധിച്ച് അത്യന്താപേക്ഷിതമാണ്. സര്‍ക്കാര്‍ നിങ്ങളോടൊപ്പം നില്‍ക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. പത്ത് വര്‍ഷം മുമ്പ് പണപ്പെരുപ്പം ഇരട്ട അക്കത്തില്‍ കൈകാര്യം ചെയ്യുന്നത് സാമ്പത്തിക നയങ്ങളില്‍ പ്രതിഫലിച്ചിരുന്നില്ല എന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ഈ വെല്ലുവിളിയെ നേരിടാന്‍, പണപ്പെരുപ്പം ലക്ഷ്യമിട്ടുള്ള അധികാരം നമ്മുടെ ഗവണ്‍മെന്റ് റിസര്‍വ് ബാങ്കിനെ ഏല്‍പ്പിച്ചു. ഈ കല്‍പ്പന നിറവേറ്റുന്നതില്‍ മോണിറ്ററി പോളിസി കമ്മിറ്റി മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. കൂടാതെ, സജീവമായ വില നിരീക്ഷണം, സാമ്പത്തിക ഏകീകരണം തുടങ്ങിയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍, കോവിഡ് പ്രതിസന്ധിയും വിവിധ രാജ്യങ്ങളിലെ യുദ്ധസാഹചര്യങ്ങളും പിരിമുറുക്കങ്ങളും ഉണ്ടായിട്ടും ഭാരതത്തിലെ പണപ്പെരുപ്പം മിതമായ നിലയിലാണ്.

സുഹൃത്തുക്കളേ,

വ്യക്തമായ മുന്‍ഗണനകളുള്ള ഒരു രാജ്യത്തെ പുരോഗതിയില്‍ നിന്ന് തടയാനാവില്ല. കൊവിഡ് പ്രതിസന്ധിയുടെ കാലത്ത്, സാധാരണ പൗരന്മാരുടെ ജീവിതത്തിന് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം സാമ്പത്തിക വിവേകത്തിനും ഞങ്ങള്‍ മുന്‍ഗണന നല്‍കി. അതുകൊണ്ടാണ് ഭാരതത്തിലെ ദരിദ്രരും ഇടത്തരക്കാരും ഇപ്പോള്‍ പ്രതിസന്ധിക്കിടയിലും സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളില്‍ പലതും ആ ഞെട്ടലില്‍ നിന്ന് കരകയറാന്‍ ഇപ്പോഴും പാടുപെടുമ്പോള്‍, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഭാരതത്തിന്റെ വിജയം ആഗോളതലത്തില്‍ എത്തിക്കാന്‍ ആര്‍ ബി ഐക്ക് കഴിയും.

പണപ്പെരുപ്പ നിയന്ത്രണവും വളര്‍ച്ചയും സന്തുലിതമാക്കുന്നത് ഏതൊരു വികസ്വര രാജ്യത്തിനും സവിശേഷമായ വെല്ലുവിളിയാണ്. ഈ വെല്ലുവിളി നേരിടാന്‍ ഏതൊക്കെ ധന ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഈ സമീപനത്തിന് മാതൃകയായി പ്രവര്‍ത്തിക്കുന്നതിലൂടെ ആര്‍ബിഐക്ക് ആഗോള നേതൃത്വപരമായ പങ്ക് വഹിക്കാനാകും. പത്തുവര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ഇത് പറയുന്നത്, ലോകത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് മനസ്സിലാക്കിയ ശേഷമാണ്. ഇത് ഗ്ലോബല്‍ സൗത്തിന് ഏറെ ഗുണം ചെയ്യും.

സുഹൃത്തുക്കളേ,

അടുത്ത 10 വര്‍ഷത്തേക്കുളള ലക്ഷ്യങ്ങള്‍ നിശ്ചയിക്കുമ്പോള്‍, ഭാരതത്തിന്റെ യുവാക്കളുടെ അഭിലാഷങ്ങളും നാം പരിഗണിക്കണം. ഇന്ന് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഭാരതം. യുവാക്കളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ആര്‍ ബി ഐക്ക് സുപ്രധാന പങ്കുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി, സര്‍ക്കാര്‍ നയങ്ങള്‍ കാരണം പുതിയ മേഖലകള്‍ ഉയര്‍ന്നുവന്നു, ഇത് രാജ്യത്തെ യുവജനങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നു. ഗ്രീന്‍ എനര്‍ജി പോലെ ഉയര്‍ന്നുവരുന്ന മേഖലകളില്‍ നമുക്കിന്ന്് വിപുലീകരണം കാണാന്‍ കഴിയും.

സൗരോര്‍ജ്ജം, ഗ്രീന്‍ ഹൈഡ്രജന്‍ തുടങ്ങിയ മേഖലകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. രാജ്യത്ത് എത്തനോള്‍ മിശ്രിതത്തില്‍ സ്ഥിരമായ വളര്‍ച്ചയുണ്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യയില്‍ ഭാരതം ഒരു പ്രധാന പങ്കുവഹിക്കുന്ന തരത്തില്‍ ഉയര്‍ന്നു,  തദ്ദേശീയമായ 5G സാങ്കേതികവിദ്യയിലേക്ക് ശ്രമങ്ങള്‍ ആരംഭിച്ചതിനൊപ്പം  പ്രതിരോധ മേഖലയിലെ കയറ്റുമതിക്കാരന്‍ എന്ന നിലയില്‍ നമ്മള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെയും ഉല്‍പ്പാദന മേഖലയുടെയും നട്ടെല്ലാണ് എംഎസ്എംഇകള്‍. ഈ മേഖലകള്‍ക്കെല്ലാം വ്യത്യസ്ത തരത്തിലുള്ള ധനസഹായം ആവശ്യമാണ്, കൂടാതെ COVID-19 പാന്‍ഡെമിക് സമയത്ത്, MSME-കള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം ഈ മേഖലയ്ക്ക് ഗണ്യമായ ഉത്തേജനം നല്‍കി. സാമ്പ്രദായിക ചട്ടക്കൂടിനപ്പുറത്തുള്ള നയങ്ങളുമായി മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്ക് ആലോചിക്കേണ്ടതുണ്ട്. നമ്മുടെ ശക്തികാന്ത ജി ചട്ടക്കൂടിനപ്പുറം പുറത്ത് ചിന്തിക്കുന്നതില്‍ വിദഗ്ദ്ധനാണെന്ന് ഞാന്‍ കണ്ടു. ഏറ്റവും കൂടുതല്‍ കരഘോഷം ഈ പ്രസ്താവനയ്ക്കായി കരുതിവച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ യുവാക്കള്‍ക്ക് പ്രത്യേകിച്ച് പുതിയ മേഖലകളില്‍ മതിയായ വായ്പ ലഭ്യത ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്,

സുഹൃത്തുക്കളേ,

21-ാം നൂറ്റാണ്ടില്‍ ഇന്നൊവേഷന്‍ ഒരു പ്രധാന പങ്ക് വഹിക്കും. ഇന്നൊവേഷനില്‍ റെക്കോര്‍ഡ് നിക്ഷേപമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈയിടെയുള്ള ഇടക്കാല ബജറ്റില്‍ നവീകരണത്തിനായി 1 ലക്ഷം കോടി രൂപയുടെ ഗവേഷണ ഫണ്ട് ഞങ്ങള്‍ അനുവദിച്ചത് നിങ്ങള്‍ കണ്ടതാണ്. അത്യാധുനിക സാങ്കേതിക വിദ്യയുടെ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവരെ എങ്ങനെ തയ്യാറാക്കാം എന്ന് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. അത്തരം വ്യക്തികളെ തിരിച്ചറിഞ്ഞ് ടീമുകള്‍ ഉണ്ടാക്കണം. പരമ്പരാഗത ബിസിനസുകളിലും വരാനിരിക്കുന്ന വിഷയങ്ങളിലും നാം വൈദഗ്ധ്യം വികസിപ്പിക്കണം.

അതുപോലെ, പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവരുന്നതോടൊപ്പം ബഹിരാകാശ മേഖലയും തുറക്കുന്നു. ധനലഭ്യതക്കായി അവര്‍ക്ക് എന്ത് പിന്തുണയാണ് വേണ്ടതെന്ന് കണ്ടറിയണം. അതുപോലെ, ഭാരതത്തില്‍ പൂര്‍ണ്ണ ശക്തിയോടെ ഉയര്‍ന്നുവരുന്ന ഏറ്റവും വലിയ മേഖലകളിലൊന്നാണ് ടൂറിസം മേഖല. ടൂറിസം മേഖല വളരുകയാണ്, ലോകം മുഴുവന്‍ ഭാരതത്തിലേക്ക് വരാനും ഭാരതം കാണാനും ഭാരതത്തെ മനസ്സിലാക്കാനും ആഗ്രഹിക്കുന്നു. വരും വര്‍ഷങ്ങളില്‍ മതപരമായ ടൂറിസത്തില്‍ ലോകത്തിലെ ഏറ്റവും വലിയ തലസ്ഥാനമായി അയോധ്യ മാറുമെന്ന് ടൂറിസം വിദഗ്ധര്‍ പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട്. ഈ മേഖലയെ സാമ്പത്തികമായി പിന്തുണയ്ക്കാനുള്ള നമ്മുടെ തയ്യാറെടുപ്പുകള്‍ കാണേണ്ടതുണ്ട്. രാജ്യത്ത് പുതിയ മേഖലകള്‍ ഉയര്‍ന്നുവരുമ്പോള്‍, ഇനി മുതല്‍ അവയില്‍ വൈദഗ്ധ്യം വളര്‍ത്തിയെടുക്കുകയും അവയെ എങ്ങനെ പിന്തുണയ്ക്കും എന്നതിനെക്കുറിച്ച് ചിന്തിക്കുകയും വേണം.

അടുത്ത 100 ദിവസത്തേക്ക് ഞാന്‍ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണ്, അതിനാല്‍ നിങ്ങള്‍ക്ക് ചിന്തിക്കാന്‍ ധാരാളം സമയമുണ്ട്, കാരണം സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ടാം ദിവസം മുതല്‍ തന്നെ ഒരുപാട് ജോലികള്‍ ചെയ്യാനുണ്ടാകും.

സുഹൃത്തുക്കളേ,

സാമ്പത്തിക ഉള്‍പ്പെടുത്തലിലും ഡിജിറ്റല്‍ പേയ്മെന്റിലും ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. തല്‍ഫലമായി, നമ്മുടെ ചെറുകിട ബിസിനസ്സുകളുടെയും തെരുവ് കച്ചവടക്കാരുടെയും സാമ്പത്തിക ശേഷി ഇപ്പോള്‍ സുതാര്യമായി ദൃശ്യമാണ്. ഇപ്പോള്‍, ഈ വിവരങ്ങള്‍ ഉപയോഗിച്ച്, അവരെ സാമ്പത്തികമായി ശാക്തീകരിക്കേണ്ടതുണ്ട്.

സുഹൃത്തുക്കളേ,

അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഭാരതത്തിന്റെ സാമ്പത്തിക സ്വാശ്രയത്വം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആഗോള പ്രതിസന്ധികള്‍ ഏറ്റവും കുറച്ചു മാത്രം ബാധിക്കുന്ന തരത്തിലേക്ക് നമ്മുടെ സമ്പദ് വ്യവസ്ഥയെ മാറ്റണം. ആഗോള ജിഡിപി വളര്‍ച്ചയില്‍ 15 ശതമാനം പങ്കാളിത്തത്തോടെ ഭാരതം ഇന്ന് ആഗോള വളര്‍ച്ചയുടെ എന്‍ജിനായി മാറുകയാണ്. ഈ സാഹചര്യത്തില്‍, നമ്മുടെ കറന്‍സി കൂടുതല്‍ ആക്‌സസ് ചെയ്യാവുന്നതും ലോകമെമ്പാടും സ്വീകാര്യവുമാക്കാന്‍ ശ്രമിക്കണം.

സമീപ വര്‍ഷങ്ങളില്‍ ആഗോളതലത്തില്‍ നിരീക്ഷിക്കപ്പെടുന്ന മറ്റൊരു പ്രവണത അമിതമായ സാമ്പത്തിക വികാസവും വര്‍ദ്ധിച്ചുവരുന്ന കടവുമാണ്. പല രാജ്യങ്ങളുടെയും സ്വകാര്യമേഖലയുടെ കടം അവരുടെ ജിഡിപി ഇരട്ടിയോളം എത്തിയിരിക്കുന്നു. പല രാജ്യങ്ങളുടെയും കടബാധ്യത ആ രാജ്യങ്ങളെ മാത്രമല്ല ആഗോള സമ്പദ്വ്യവസ്ഥയെയും ബാധിക്കുന്നു. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്ക് പഠനം നടത്തണം.

ഭാരതത്തിന്റെ വളര്‍ച്ചയുടെ സാധ്യതകളും അഭിവൃദ്ധിയും കണക്കിലെടുത്ത്, ഒരു ആധുനിക സാഹചര്യത്തില്‍ അത് എങ്ങനെ സുസ്ഥിരമായി കൈകാര്യം ചെയ്യണമെന്നും എത്ര ക്രെഡിറ്റ് ലഭ്യത ഉണ്ടായിരിക്കണം എന്നും നിര്‍ണ്ണയിക്കേണ്ടത് അത്യാവശ്യമാണ്.

സുഹൃത്തുക്കളേ,

രാജ്യത്തിനാവശ്യമായ പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിന് നമ്മുടെ ബാങ്കിംഗ് വ്യവസായം മുന്നേറുന്നത് ഒരുപോലെ പ്രധാനമാണ്. ഈ അനിവാര്യതയ്ക്കിടയിലും ഇന്ന് പല മേഖലകളിലും വെല്ലുവിളികളുണ്ട്. AI, BlockChain പോലുള്ള പുതിയ സാങ്കേതിക വിദ്യകള്‍ ബാങ്കിംഗ് രീതികളെ മാറ്റി, മുഴുവന്‍ സമീപനത്തെയും മാറ്റിമറിച്ചു. ഡിജിറ്റല്‍ ബാങ്കിംഗിന്റെ വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തില്‍ സൈബര്‍ സുരക്ഷയുടെ പങ്ക് നിര്‍ണായകമാണ്. ഫിന്‍ടെക്കിലെ നൂതനാശയങ്ങള്‍ ബാങ്കിംഗിന് പുതിയ വഴികള്‍ സൃഷ്ടിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍് രാജ്യത്തിന്റെ ബാങ്കിംഗ് മേഖലയുടെ ഘടനയില്‍ ആവശ്യമായ മാറ്റങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇതിന് പുതിയ ധനസഹായം, പ്രവര്‍ത്തനം, ബിസിനസ്സ് മോഡലുകള്‍ എന്നിവ ആവശ്യമായി വന്നേക്കാം. ആഗോള ചാമ്പ്യന്‍മാരുടെ ക്രെഡിറ്റ് ആവശ്യങ്ങള്‍ മുതല്‍ തെരുവ് കച്ചവടക്കാരുടെ ആവശ്യങ്ങള്‍ വരെ, അത്യാധുനിക മേഖലകള്‍ മുതല്‍ പരമ്പരാഗത മേഖലകള്‍ വരെ, ഈ ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് ‘വികസിത ഭാരതത്തിന് നിര്‍ണായകമാണ്.

‘വികസിത ഭാരതമെന്ന കാഴ്ച്ചപ്പാടിനായുള്ള’ ബാങ്കിംഗ് പഠനത്തിന് റിസര്‍വ് ബാങ്ക് വളരെ ഉചിതമായ സ്ഥാപനമാണ്. 2047-ഓടെ ഒരു ‘വികസിത് ഭാരത്’ വികസിപ്പിക്കുന്നതിന് നിങ്ങളുടെ ശ്രമങ്ങള്‍ നിര്‍ണായകമാകും.

ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.

നന്ദി!

NS