ആദരണീയനായ പ്രസിഡന്റ് എന്റെ സ്‌നേഹിതന്‍ സോലിഹ്
മഹതി മഹാന്മാരെ,
എന്റെ ഭരണത്തിന്റെ രണ്ടാമൂഴത്തിലെ പ്രഥമ സന്ദര്‍ശനം നിങ്ങളുടെ ഈ മനോഹരമായ മാലദ്വീപിലേയ്ക്ക് നടത്താന്‍ സാധിച്ചത് ഭാഗ്യമായി ഞാന്‍ കരുതുന്നു, ആഹ്ലാദിക്കുന്നു. അങ്ങയെ പോലുള്ള ആത്മ മിത്രങ്ങളെ വീണ്ടും കാണാന്‍ അവസരം ലഭിച്ചത് വലിയ സന്തോഷമാണ്. അങ്ങ് ഒരുക്കിയ ഈ അവസരത്തിനും വിസ്മയകരമായ ആതിഥ്യത്തിനും എന്റെ സംഘാംഗങ്ങളുടെയും എന്റെയും പേരില്‍ അങ്ങേയ്ക്കും മാലദ്വീപ് ഗവണ്‍മെന്റിനും ഹൃദയംഗമമായ കൃതജ്ഞത അര്‍പ്പിക്കുന്നു. നമ്മുടെ രാജ്യങ്ങള്‍ ഏതാനും ദിവസം മുമ്പാണല്ലോ ആഹ്ലാദപൂര്‍വം ഈദ് ആഘോഷിച്ചത്. ആ ചെറിയ പെരുന്നാളിന്റെ പ്രകാശം എന്നും നമ്മുടെ പൗരന്മാരുടെ ജീവിതത്തില്‍ തിളങ്ങട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
ശ്രേഷ്ഠന്‍,
ഇന്ന് മാലദ്വീപിന്റെ പരമോന്നത ബഹുമതി നല്കി എന്നെ ആദരിക്കുമ്പോള്‍ അങ്ങ് എന്നെ മാത്രമല്ല, ഇന്ത്യയെ മുഴുവനാണ് ആദരിക്കുന്നത്. ഡിസ്റ്റ്വിംഹ്ഷ്ഡ് റൂള്‍ ഓഫ് ഇസുദ്ദീന്‍ ബഹുമതി എന്നെ സംബന്ധിച്ചിടത്തോളം അഭിമാനവും ആഹ്ലാദവുമാണ്. അതു ബഹുമതി മാത്രമല്ല രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും പ്രമാണം കൂടിയാണ്. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെയും പേരില്‍ നന്ദിയോടെ വിനയത്തോടെ ഞാന്‍ ഈ പുരസ്‌കാരം സ്വീകരിക്കുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളായി നമ്മുടെ രാജ്യങ്ങള്‍ രണ്ടും ചരിത്രപരവും സാംസ്‌കാരികവുമായി ഇന്ത്യന്‍ മഹാ സമുദ്രത്തിലെ അലമാലകള്‍ കൊണ്ടു ബന്ധിതമാണ്. എന്നാല്‍ ചാഞ്ചല്യമില്ലാത്ത ഈ സൗഹൃദം വിഷമ ഘട്ടങ്ങളില്‍ നമുക്ക് വഴികാട്ടി കൂടിയാണ്. അത് 1988 ലെ വൈദേശിക ആക്രമണമോ സുനാമി പോലുള്ള പ്രകൃതി ദുരന്തമോ അടുത്ത കാലത്ത് സംഭവിച്ച കുടിവെള്ള ക്ഷാമമോ എന്തും ആകട്ടെ. ഇന്ത്യ എന്നും മാലിദ്വീപിന് ഒപ്പമുണ്ട്, സഹായത്തിന് ഏറ്റവും മുന്നിലും.
സുഹൃത്തുക്കളെ,
ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ ഭരണസ്ഥിരതയും വികസനവും ആണ് ആഗ്രഹിക്കുന്നത് എന്ന് ഈയിടെ ഇന്ത്യയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും മാലിദ്വീപില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും വ്യക്തമായി. അപ്പോള്‍ ജനകേന്ദ്രീകൃത സമഗ്ര വികസനത്തോടും സദ്ഭരണത്തോടും നമുക്കുള്ള ഉത്തരവാദിത്വം കൂടുതല്‍ ഗൗരവമുള്ളതാകുന്നു.
ഞാനും പ്രസിഡന്റ് സോലിഹും തമ്മില്‍ വളരെ പ്രയോജനകരമായ ഒരു ചര്‍ച്ച കഴിഞ്ഞതേയുള്ളു. പരസ്പര താല്പര്യമുള്ള പ്രാദേശിക ആഗോള വിഷയങ്ങളിലെ നമ്മുടെ ഉഭയകക്ഷി സഹകരണം വിശദമായി ഞങ്ങള്‍ ചര്‍ച്ച ചെയ്തു. നമ്മുടെ പങ്കാളിത്തത്തിന്റെ ഭാവിയിലെ ലക്ഷ്യം സംബന്ധിച്ച് ഞങ്ങള്‍ പൂര്‍ണ യോജിപ്പില്‍ എത്തി.
പ്രസിഡന്റ് സോലിഹ്, അങ്ങ് അധികാരത്തില്‍ എത്തിയ ശേഷം നമ്മുടെ ഉഭയകക്ഷി സഹകരമത്തില്‍ സമൂല മാറ്റവും അതിയായ വേഗതയും ക്രമവും വന്നിട്ടുണ്ട്. 2018 ഡിസംബറില്‍ അങ്ങ് ഇന്ത്യ സന്ദര്‍ശിച്ച അവസരത്തില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ സമയബന്ധിതമായി തന്നെ നടപ്പാക്കി വരികയാണ്.
സുഹൃത്തുക്കളെ,
പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ച 1.4 ശതലക്ഷം ഡോളര്‍ പാക്കേജ് കൊണ്ട് മാലിദ്വീപിന്റെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ പരിഹൃതമാകും. ഇതു കൂടാതെയും സാമൂഹ്യ പ്രാധാന്യമുള്ള നിരവധി പുതിയ പദ്ധതികളും തുടങ്ങിയിട്ടുണ്ട്. 800 ദശലക്ഷം ഡോളര്‍ വായ്പ കൊണ്ടുള്ള പുതിയ വികസന പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വികസന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് മാലിദ്വീപിലെ സാധാരണ പൗരന്മാര്‍ക്ക് പ്രയോജനകരമാകുന്ന പദ്ധതികളിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇന്ന് മാലിദ്വീപിലെ സാധാരണ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സ്പര്‍ശിക്കുന്നതാണ് നമ്മുടെ ഉഭയ കക്ഷി കരാറുകള്‍
വിവിധ ദ്വീപുകള്‍ക്ക് ആവശ്യമായ ജല ശുചീകരണ ക്രമീകരണങ്ങള്‍
ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം
തുറമുഖങ്ങളുടെ വികസനം
സമ്മേളന ഹാളുകളുടെയും സാമൂഹിക കേന്ദ്രങ്ങളുടെയും നിര്‍മ്മാണം
ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം
അടിയന്തിര വൈദ്യ സേവനം
ആംബുലന്‍സ് സര്‍വീസുകള്‍
തീര സുരക്ഷ ഉറപ്പാക്കല്‍
ശാരീരികാഭ്യാസ ഉപകരണങ്ങളുടെ ക്രമീകരണം
മയക്കുമരുന്ന് മോചന കേന്ദ്രങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്രാസൗകര്യം
കൃഷിയും മത്സ്യ ബന്ധനവും
പുനരുപയോഗ യോഗ്യമായ ഊര്‍ജ്ജവും വിനോദസഞ്ചാരവും
ഇന്ത്യയുടെ സഹകരണത്തോടെയുള്ള ഇത്തരം നിരവധി പദ്ധതികള്‍ മാലദ്വീപിലെ ജനങ്ങള്‍ക്ക് നേരിട്ടു പ്രയോജനപ്പെടും.
അഡ്ഡുവില്‍ സ്ഥിതിചെയ്യുന്ന ചരിത്ര സ്മാരകമായ വെള്ളിയാഴ്ച്ച പള്ളി(ഫ്രൈഡെ മോസ്‌ക്)യുടെ അടിസ്ഥാന സൗകര്യ വികസനത്തിനും പരിപാലനത്തിനും സഹായിക്കാമെന്ന് ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം വര്‍ധിപ്പിക്കുന്നതിനായി മാലദ്വീപിലെ മാലെയില്‍ നിന്ന് ഇന്ത്യയിലെ കൊച്ചിയിലേയ്ക്ക് കടത്തു സൗകര്യം ഏര്‍പ്പെടുത്തും. മാലദ്വീപിലും റൂപെയ് കാര്‍ഡ് പുറത്തിറക്കിയതോടെ, ഇവിടെയ്ക്കുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികളുടെ സംഖ്യ വര്‍ധിക്കും. ഇതിന്മേല്‍ അടിയന്തരമായ നടപടികള്‍ ഉണ്ടാവും. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചും ചര്‍ച്ച നടന്നു. ഇന്ന് ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് മാലദ്വീപ് പ്രതിരോധ സേനയുടെ പരിശീലന കേന്ദ്രവും തീരസേനയുടെ റഡാര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനവും ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഇത് മാലദ്വീപിന്റെ സമുദ്ര സുരക്ഷ ഉയര്‍ത്തും. മാലദ്വീപുമായുള്ള ബന്ധത്തില്‍ ഇന്ത്യ അതീവ പ്രാധാന്യമാണ് നല്കുന്നത്. പരസ്പരമുള്ള ബന്ധം ശക്തിയുള്ളതും ആഴത്തിലുള്ളതും ആകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പുരോഗതിയിലേയ്ക്കു വളരുന്ന ശാന്തമായ മാലദ്വീപ് ഈ മേഖലയ്ക്ക് മൊത്തം പ്രയോജനകരമായിരിക്കും. ഞാന്‍ വീണ്ടും പറയുന്നു മാലദ്വീപിന് സാധ്യമായ എല്ലാ സഹായങ്ങളും നല്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഞങ്ങള്‍ക്കു നല്കിയ സ്വീകരണത്തിന്ന േ്രശഷ്ഠനായ പ്രസിഡന്റിനും മാലദ്വീപിലെ ജനങ്ങള്‍ക്കും വീണ്ടും നന്ദി പറയുന്നു. ഇന്ത്യ – മാലി ബന്ധം എന്നും നിലനില്‍ക്കട്ടെ.
—————————-
നിങ്ങള്‍ക്കു നന്ദി.
PM @narendramodi is addressing a joint press meet with President @ibusolih. https://t.co/qCCTwPCqw4
— PMO India (@PMOIndia) June 8, 2019