Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മാനവകേന്ദ്രീകൃത ആഗോളവൽക്കരണം: ഏവരിലേക്കും ജി-20യെ എത്തിക്കുമ്പോൾ


നരേന്ദ്ര മോദി

‘വസുധൈവ കുടുംബകം’ – ഈ രണ്ട് വാക്കുകൾ ആഴത്തിലുള്ള തത്വചിന്ത ഉൾക്കൊള്ളുന്നതാണ്. ‘ലോകം ഒരു കുടുംബം’ എന്നാണ് അതുകൊണ്ട് അർഥമാക്കുന്നത്. അതിരുകൾക്കും ഭാഷകൾക്കും പ്രത്യയശാസ്ത്രങ്ങൾക്കും അതീതമായി ഏവരെയും ഉൾക്കൊള്ളുന്ന, സാർവത്രിക കുടുംബമായി വളരാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്ന വീക്ഷണമാണത്. ഇന്ത്യയുടെ ജി-20 അധ്യക്ഷതയുടെ കാലത്ത്, മാനവകേന്ദ്രീകൃത പുരോഗതിക്കുള്ള ആഹ്വാനമായി അത് പരിവർത്തനം ചെയ്യപ്പെട്ടു. ഒരൊറ്റഭൂമി എന്ന നിലയിൽ, നമ്മുടെ ഗ്രഹത്തെ പരിപോഷിപ്പിക്കാൻ നാം ഒരുമിക്കുകയാണ്. ഒരു കുടുംബമെന്ന പോലെ, വളർച്ചയിലേക്കുള്ള പാതയിൽ നാം പരസ്പരം പിന്തുണയ്ക്കുന്നു. പരസ്പരബന്ധിതമായ ഈ കാലത്തെ നിഷേധിക്കാനാകാത്ത വസ്തുതയായ ഒരു പങ്കിട്ട ഭാവിയിലേക്ക് – ഏകഭാവിയിലേക്ക്- നാം ഒരുമിച്ച് നീങ്ങുന്നു.

മഹാമാരിക്ക് ശേഷമുള്ള ലോകക്രമം, അതിനു മുമ്പുള്ള ലോകത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അതിൽ മൂന്ന് സുപ്രധാന മാറ്റങ്ങളുണ്ട്.

ഒന്നാമതായി,  മൊത്ത ആഭ്യന്തര ഉൽപ്പാദന വീക്ഷണം കേന്ദ്രീകര‌ിച്ചു ലോകത്തെ വീക്ഷിക്കുന്നതിൽ നിന്ന് മാറി, മനുഷ്യ കേന്ദ്രീകൃത വീക്ഷണത്തിലേക്കുള്ള മാറ്റം ആവശ്യമാണെന്ന തിരിച്ചറിവ് വളർന്നുവരികയാണ്.

രണ്ടാമതായി, ആഗോള വിതരണ ശൃംഖലകളിൽ അതിജീവനശേഷിയുടെയും വിശ്വാസ്യതയുടെയും പ്രാധാന്യം ലോകം തിരിച്ചറിയുന്നു.

മൂന്നാമതായി, ആഗോള സ്ഥാപനങ്ങളുടെ പരിഷ്കരണത്തിലൂടെ ബഹുരാഷ്ട്രവാദം വർധിപ്പിക്കുന്നതിനുള്ള കൂട്ടായ ആഹ്വാനമുണ്ട്.

ഈ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിൽ ഇന്ത്യയുടെ ജി-20 അധ്യക്ഷത സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

2022 ഡിസംബറിൽ ഇന്തോനേഷ്യയിൽ നിന്ന് ഇന്ത്യ അധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോൾ, ജി-20യിലൂടെ ചിന്താഗതി മാറ്റത്തിന് ഉത്തേജനമേകണമെന്ന് ഞാൻ എഴുതിയിരുന്നു. വികസ്വര രാജ്യങ്ങളുൾക്കൊള്ളുന്ന ഗ്ലോബൽ സൗത്ത്, ആഫ്രിക്ക എന്നിവിടങ്ങളിലെ പാർശ്വവൽക്കരിക്കപ്പെട്ട വികസനസ്വപ്നങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പശ്ചാത്തലത്തിൽ ഇതു സവിശേഷമായും പ്രാധാന്യം അർഹിക്കുന്നു.

125 രാജ്യങ്ങളിൽ നിന്നുള്ള പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച ‘വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റ്’ ഇന്ത്യയുടെ അധ്യക്ഷതയുടെ കീഴിൽ സംഘടിപ്പിച്ച മുൻനിര സംരംഭങ്ങളിലൊന്നായിരുന്നു. ഗ്ലോബൽ സൗത്ത് രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളും ആശയങ്ങളും ശേഖരിക്കുന്നതിനുള്ള പ്രധാന ഉദ്യമമായിരുന്നു അത്. കൂടാതെ, ഇന്ത്യയുടെ അധ്യക്ഷതയ്ക്ക് കീഴിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള എക്കാലത്തെയും വലിയ പങ്കാളിത്തമാണ് ദൃശ്യമായതെന്ന് മാത്രമല്ല, ആഫ്രിക്കൻ യൂണിയനെ ജി-20 സ്ഥിരാംഗമായി ഉൾപ്പെടുത്തുന്നതിലേക്കും അത് വഴിയൊരുക്കി.

പരസ്പരബന്ധിതമായ ലോകം എന്നതിലൂടെ അർഥമാക്കുന്നത് വിവിധ മേഖലകളിൽ ഉള്ള നമ്മുടെ വെല്ലുവിളികൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഇത് 2030 കാര്യപരിപാടിയുടെ മധ്യവർഷമാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി ശരിയായ ദിശയിലല്ലെന്ന് പലരും വളരെ ആശങ്കയോടെ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള ജി-20 2023 കർമപദ്ധതി, സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനുള്ള ജി-20യുടെ ഭാവിയെ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കും.

ഇന്ത്യയിൽ, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നത് പുരാതന കാലം മുതൽ പതിവുള്ളതാണ്. ആധുനിക കാലത്തും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സ്വീകരിച്ച നടപടികളിൽ ഇന്ത്യ അതിന്റെ പങ്കേകുന്നുണ്ട്.

ഗ്ലോബൽ സൗത്തിലെ പല രാജ്യങ്ങളും വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ അതിന് പരസ്പര പൂരകമായ പരിശ്രമമായിരിക്കണം. കാലാവസ്ഥാ പ്രവർത്തനത്തിനുള്ള അഭിലാഷങ്ങൾ കാലാവസ്ഥാ ധനവിനിയോഗത്തിലും സാങ്കേതികവിദ്യയുടെ കൈമാറ്റത്തിലും ഉള്ള പ്രവർത്തനങ്ങളുമായി പൊരുത്തപ്പെടണം.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ എന്ത് ചെയ്യാൻ പാടില്ല എന്ന തീർത്തും നിയന്ത്രിതമായ മനോഭാവത്തിൽ നിന്ന് മാറി, എന്തുചെയ്യാനാകും എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കൂടുതൽ ക്രിയാത്മകമായ മനോഭാവത്തിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

സുസ്ഥിരവും ഊർജസ്വലവുമായ മത്സ്യ സമ്പദ്‌വ്യവസ്ഥയ്‌ക്കായുള്ള ചെന്നൈ ഉന്നത തല തത്വങ്ങൾ, നമ്മുടെ സമുദ്രങ്ങളെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഗ്രീൻ ഹൈഡ്രജൻ ഇന്നൊവേഷൻ സെന്റർ ഉൾപ്പടെ സംശുദ്ധവും ഹരിതവുമായ ഹൈഡ്രജനുവേണ്ട‌ിയുള്ള ആഗോള ആവാസവ്യവസ്ഥ ഇന്ത്യയുടെ അധ്യക്ഷതയിൽ നിന്ന് ഉയർന്നുവരും. 2015ൽ നാം അന്താരാഷ്ട്ര സൗരസഖ്യത്തിനു തുടക്കമിട്ടു. ഇപ്പോൾ, ആഗോള ജൈവ ഇന്ധന സഖ്യത്തിലൂടെ, ചാക്രിക സമ്പദ്‌വ്യവസ്ഥയുടെ നേട്ടങ്ങൾക്ക് അനുസൃതമായി ഊർജസംക്രമണം സാധ്യമാക്കുന്നതിന് ലോകത്തിന് ഇന്ത്യ പിന്തുണ നൽകും.

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നടപടികളെ ജനാധിപത്യവൽക്കരിക്കുക എന്നതാണ് അത്തരം പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനുള്ള ഏറ്റവും നല്ല മാർഗം. ദീർഘകാല ആരോഗ്യത്തെ അടിസ്ഥാനമാക്കി വ്യക്തികൾ അവരുടെ ദൈനംദിന തീരുമാനങ്ങൾ എടുക്കുന്നതുപോലെ, ഭൂമിയുടെ ദീർഘകാല ആരോഗ്യത്തെ ബാധിക്കുന്നത് അടിസ്ഥാനമാക്കി ജനങ്ങൾക്ക് അവരുടെ ജീവിതശൈലിയിലുള്ള തീരുമാനങ്ങളും എടുക്കാൻ കഴിയും. ആരോഗ്യത്തിനായുള്ള ആഗോള ബഹുജന പ്രസ്ഥാനമായി യോഗ മാറിയതുപോലെ, ‘ലൈഫ്’ (സുസ്ഥിര പരിസ്ഥിതിക്കായുള്ള ജീവിതശൈലി) പദ്ധതിയിലൂടെ ഇന്ത്യ ലോകത്തിന് ആശ്വാസമേകി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്താൽ, ഭക്ഷണവും പോഷക സുരക്ഷയും ഉറപ്പാക്കുക എന്നത് നിർണായകമാകും. ചെറുധാന്യങ്ങൾക്ക്, അഥവാ ‘ശ്രീ അന്ന’യ്ക്ക്, കാലാവസ്ഥാനുസൃത കൃഷിയെ ഉത്തേജിപ്പിക്കാനും ഇതിൽ സഹായമേകാനുമാകും. അന്താരാഷ്ട്ര ചെറുധാന്യ വർഷത്തിൽ, ഞങ്ങൾ ചെറുധാന്യങ്ങളെ ആഗോള രുചിയുടെ ഭാഗമാക്കി. ഭക്ഷ്യസുരക്ഷയും പോഷകാഹാരവും സംബന്ധിച്ച ഡെക്കാൻ ഉന്നതതല തത്വങ്ങളും ഈ ദിശയിൽ സഹായകമാണ്.

സാങ്കേതികവിദ്യ പരിവർത്തനാത്മകമാണ്, എന്നാൽ അത് ഏവരെയും ഉൾക്കൊള്ളുന്ന രീതിയിലും ആകണം. മുൻകാലങ്ങളിൽ, സാങ്കേതിക പുരോഗതിയുടെ നേട്ടങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ പ്രയോജനം ചെയ്തിട്ടില്ല. സാങ്കേതികവിദ്യയിലൂടെ സങ്കുചിതമായ അസമത്വങ്ങൾ വർധിപ്പിക്കുന്നതിന് പകരം, അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ തെളിയിച്ചിട്ടുണ്ട്.

ഉദാഹരണത്തിന്, ബാങ്കിങ് സൗകര്യങ്ങളുമായി ബന്ധപ്പെടാത്തതോ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം ഇല്ലാത്തതോ ആയ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു പേരെ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ (DPI) വഴി സാമ്പത്തികമായി ഉൾപ്പെടുത്താനാകും. ഇത്തരത്തിൽ നാം നിർമിച്ച പരിഹാര മാർഗങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. വികസ്വര രാജ്യങ്ങളിൽ സമഗ്ര വളർച്ചയുടെ ശക്തി കൈവരിക്കുന്നതിന് വേണ്ടി, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുത്താനും നിർമിക്കാനും മാനദണ്ഡമാക്കാനും ഇപ്പോൾ ജി-20യിലൂടെ ഞങ്ങൾ സഹായിക്കും.

ഇന്ത്യ അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് എന്നത് യാദൃച്ഛികമല്ല. നമ്മുടെ ലളിതവും കണക്കാക്കാനാകുന്നതും സുസ്ഥിരവുമായ പരിഹാരമാർഗങ്ങൾ ദുർബലരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും നമ്മുടെ വികസന ഗാഥയ്ക്കു നേതൃത്വം നൽകാൻ പ്രാപ്തരാക്കുന്നു. ബഹിരാകാശം മുതൽ കായികം, സമ്പദ്‌വ്യവസ്ഥ, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യൻ വനിതകൾ നേതൃത്വം നൽകി. സ്ത്രീകളുടെ വികസനം എന്നതിൽ നിന്ന് സ്ത്രീകൾ നയിക്കുന്ന വികസനം എന്നതിലേക്ക് അവർ ആഖ്യാനം മാറ്റി. ലിംഗപരമായ ഡിജിറ്റൽ അന്തരം നികത്തുന്നതിനും തൊഴിൽ പങ്കാളിത്തത്തിലെ വിടവുകൾ കുറയ്ക്കുന്നതിനും സ്ത്രീകൾ നേതൃതലത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നതിലും ഞങ്ങളുടെ ജി-20 അധ്യക്ഷത വഴിയൊരുക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജി-20 അധ്യക്ഷപദം വെറുമൊരു ഉന്നതതല നയതന്ത്ര ശ്രമമല്ല. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയിലും വൈവിധ്യത്തിന്റെ മാതൃകയെന്ന നിലയിലും ഈ അനുഭവത്തിന്റെ വാതിലുകൾ നാം ലോകത്തിനു മുന്നിൽ തുറന്നുകൊടുത്തു.

ഇന്ന്, വലിയ തോതിൽ കാര്യങ്ങൾ കൈവരിക്കുക എന്നത് ഇന്ത്യയുമായി ബന്ധപ്പെട്ട ഒരു ഗുണമാണ്. ജി-20 അധ്യക്ഷതയും ഇതിന് അപവാദമല്ല. അതൊരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. നമ്മുടെ കാലാവധി അവസാനിക്കുമ്പോഴേക്കും 60 ഇന്ത്യൻ നഗരങ്ങളിലായി 125 രാജ്യങ്ങളിൽ നിന്നുള്ള 100,000 പ്രതിനിധികൾക്ക് ആതിഥേയത്വം വഹിക്കുന്ന 200 ലധികം യോഗങ്ങൾ സംഘടിപ്പിക്കും. ഇത്രയും വിശാലവും വൈവിധ്യപൂർണവുമായ ഭൂമിശാസ്ത്രപരമായ വിസ്തൃതിയെ ‌‌ഒരധ്യക്ഷ രാജ്യവും ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല.

ഇന്ത്യയുടെ ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം, വികസനം എന്നിവയെക്കുറിച്ച് മറ്റുള്ളവരിൽ നിന്ന് കേൾക്കുന്നതിനേക്കാൾ അവ നേരിട്ട് അനുഭവിക്കുന്നത് തികച്ചും വ്യത്യസ്തമാണ്. നമ്മുടെ ജി-20 പ്രതിനിധികൾ ഇക്കാര്യം സാക്ഷ്യപ്പെടുത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഭിന്നതകൾ മറികടക്കാനും തടസ്സങ്ങൾ ഇല്ലാതാക്കാനും സഹവർത്തിത്വത്തിന്റെ വിത്തുകൾ പാകാനും നമ്മുടെ ജി-20 അധ്യക്ഷത ശ്രമിക്കുന്നു. അത് ഭിന്നതയ്‌ക്ക് മുകളിൽ ഐക്യം നിലനിർത്തുന്നു. ഭാഗധേയം പങ്കിടുന്നത് ഒറ്റപ്പെടലിനെ മറികടക്കുന്ന ഒരു ലോകത്തെ പോഷിപ്പിക്കുന്നു. ജി-20 അധ്യക്ഷൻ എന്ന നിലയിൽ, ഓരോ ശബ്ദവും കേൾക്കുകയും ഓരോ രാജ്യവും സംഭാവന നൽകുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കി ആഗോള വ്യവസ്ഥിതി വലുതാക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തു. പ്രവർത്തനങ്ങളും അവയുടെ ഫലങ്ങളും അവലോകനം ചെയ്യുമ്പോൾ ഞങ്ങൾ ഞങ്ങളുടെ പ്രതിജ്ഞയുമായി പൊരുത്തപ്പെട്ടു എന്നതിൽ എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്.

NS