Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാരാഷ്ട്രയിലെ പുണെയിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു

മഹാരാഷ്ട്രയിലെ പുണെയിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പുണെ മെട്രോയുടെ പൂര്‍ത്തിയായ ഭാഗങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കൂടാതെ അദ്ദേഹം വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. പുണെ മെട്രോ റെയിലിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ഭാഗങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം മെട്രോ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (പിസിഎംസി) നിര്‍മ്മിച്ച 1280 ലധികം വീടുകളും പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച 2650 ലധികം പിഎംഎവൈ വീടുകളും അദ്ദേഹം ഗുണഭോക്താക്കള്‍ക്ക് കൈമാറി. പിസിഎംസി നിര്‍മ്മിക്കുന്ന 1190 പിഎംഎവൈ വീടുകൾക്കും പുണെ മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി നിര്‍മ്മിക്കുന്ന 6400 വീടുകള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. പിസിഎംസിക്ക് കീഴില്‍ 300 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുത്ത വേസ്റ്റ് ടു എനര്‍ജി പ്ലാന്റിന്റെ (മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജം) ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, ഓഗസ്റ്റ് ആഘോഷങ്ങളുടെയും വിപ്ലവങ്ങളുടെയും മാസമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്യ്രസമരത്തില്‍ പുണെ നഗരം നല്‍കിയ സംഭാവനകള്‍ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ബാലഗംഗാധര തിലക് ഉള്‍പ്പെടെ നിരവധി സ്വാതന്ത്ര്യ സമര സേനാനികളെ പുണെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആദര്‍ശങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന മഹാനായ അണ്ണ ഭാവു സാഠെയുടെ ജന്മവാര്‍ഷികമാണ് ഇന്നെന്നും അദ്ദേഹം പറഞ്ഞു. ഇന്നും നിരവധി വിദ്യാര്‍ത്ഥികളും അക്കാദമിക് വിദഗ്ധരും അദ്ദേഹത്തിന്റെ സാഹിത്യകൃതികളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കൃതികളും ആദര്‍ശങ്ങളും എല്ലാവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയും രാജ്യത്തെ മുഴുവന്‍ യുവാക്കളുടെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുകയും ചെയ്യുന്ന ഊര്‍ജ്ജസ്വലമായ നഗരമാണ് പുണെ. ഏകദേശം 15,000 കോടി രൂപയുടെ ഇന്നത്തെ പദ്ധതികള്‍ ഈ നഗരത്തെ കൂടുതല്‍ ശക്തിപ്പെടുത്തും’-  പ്രധാനമന്ത്രി പറഞ്ഞു.

നഗരങ്ങളിലെ മധ്യവര്‍ഗത്തിന്റെ ജീവിതനിലവാരത്തെക്കുറിച്ചുള്ള ഗവണ്‍മെന്റിന്റെ താല്‍പ്പര്യത്തെക്കുറിച്ച് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത് അനുസ്മരിച്ച പ്രധാനമന്ത്രി, ഈ കാലയളവിൽ 24 കിലോമീറ്റര്‍ മെട്രോ ശൃംഖല ഇതിനകം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.

എല്ലാ നഗരങ്ങളിലും ജീവിക്കുന്ന ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് പൊതുഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് ശ്രീ മോദി ഊന്നൽ നൽകി. അതിനാല്‍ മെട്രോ ശൃംഖല വികസിപ്പിക്കുകയും പുതിയ ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ന് മുമ്പ് രാജ്യത്ത് 250 കിലോമീറ്റര്‍ മെട്രോ ശൃംഖല മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മെട്രോ ലൈനുകളില്‍ ഭൂരിഭാഗവും ഡല്‍ഹിയില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇന്ന് മെട്രോ ശൃംഖല 800 കിലോമീറ്ററിനപ്പുറം പോയിട്ടുണ്ടെന്നും രാജ്യത്ത് 1000 കിലോമീറ്റർ പുതിയ മെട്രോ ലൈനുകളുടെ പ്രവര്‍ത്തനങ്ങൾ ഇതിനകം നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 2014ന് മുമ്പ് മെട്രോ ശൃംഖല ഇന്ത്യയിലെ 5 നഗരങ്ങളില്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് പുണെ, നാഗ്പുർ, മുംബൈ എന്നിവയുള്‍പ്പെടെ 20 നഗരങ്ങളിലേക്ക് വ്യാപിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. ‘ആധുനിക ഇന്ത്യയിലെ നഗരങ്ങളുടെ പുതിയ ജീവനാഡിയായി മെട്രോ മാറുകയാണ്’- പുണെ പോലുള്ള ഒരു നഗരത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ മെട്രോ വിപുലീകരണത്തിന്റെ ആവശ്യകതയ്ക്ക് ഊന്നൽനൽകി പ്രധാനമന്ത്രി പറഞ്ഞു. 

നഗരജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ ശുചിത്വത്തിന്റെ പങ്ക് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. ശുചിത്വ ഭാരത യജ്ഞം ശൗചാലയങ്ങള്‍ ലഭ്യമാക്കുന്നതില്‍ മാത്രം ഒതുങ്ങുന്ന പദ്ധതിയല്ല. മറിച്ച് മാലിന്യസംസ്‌കരണത്തിനും വലിയ ഊന്നല്‍ നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ദൗത്യമെന്ന നിലയിൽ  മാലിന്യക്കുന്നുകൾ നീക്കം ചെയ്യുന്നു. പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (പിസിഎംസി) കീഴിലുള്ള ‘വേസ്റ്റ് ടു എനർജി’ പ്ലാന്റിന്റെ മേന്മകള്‍ അദ്ദേഹം വിശദീകരിച്ചു.

‘സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയുടെ വ്യാവസായിക വികസനത്തിന് വഴിയൊരുക്കിയത് മഹാരാഷ്ട്രയുടെ വ്യാവസായിക വികസനമാണ്’ -പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ വ്യാവസായിക വികസനത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടിയ പ്രധാനന്ത്രി മഹാരാഷ്ട്രയില്‍ ഗവണ്മെന്റ് നടത്തുന്ന അഭൂതപൂര്‍വമായ നിക്ഷേപങ്ങള്‍ എടുത്തുപറഞ്ഞു. സംസ്ഥാനത്തെ പുതിയ അതിവേഗ പാതകൾ, റെയില്‍വേ പാതകള്‍, വിമാനത്താവളങ്ങള്‍ എന്നിവയുടെ ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. റെയില്‍വേ വിപുലീകരണത്തിനായി 2014-നു മുമ്പുള്ളതിനേക്കാള്‍ ചെലവില്‍ പന്ത്രണ്ട് മടങ്ങ് വര്‍ധനയുണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങള്‍ അയല്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും ഗുണകരമാകുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍, മഹാരാഷ്ട്രയെ മധ്യപ്രദേശുമായും ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്ന ഡല്‍ഹി-മുംബൈ സാമ്പത്തിക ഇടനാഴി എന്നിവ ഉദാഹരണങ്ങളായി പ്രധാനമന്ത്രി വിശദീകരിച്ചു. മഹാരാഷ്ട്രയും ഉത്തരേന്ത്യയും തമ്മിലുള്ള റെയില്‍ സമ്പര്‍ക്കത്തെ പരിവര്‍ത്തനം ചെയ്യുന്ന ദേശീയ സമർപ്പിത ചരക്ക് ഇടനാഴി, സംസ്ഥാനത്തെ ഛത്തീസ്ഗഢ്, തെലങ്കാന, മറ്റ് അയല്‍ സംസ്ഥാനങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്നതിനുള്ള ട്രാന്‍സ്മിഷന്‍ ലൈന്‍ ശൃംഖല, എണ്ണ-വാതക പൈപ്പ് ലൈനുകള്‍, ഔറംഗബാദ് വ്യവസായ നഗരം, നവി മുംബൈ വിമാനത്താവളം, ശേന്ദ്ര ബിഡ്കിന്‍ വ്യാവസായിക പാര്‍ക്ക് തുടങ്ങിയ പദ്ധതികള്‍ മഹാരാഷ്ട്രയുടെ സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ ഊര്‍ജ്ജം പകരുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തിലൂടെ രാജ്യത്തിന്റെ വികസനം എന്ന മന്ത്രവുമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര വികസിക്കുമ്പോള്‍ ഇന്ത്യയും വികസിക്കും. ഇന്ത്യ വളരുമ്പോള്‍ മഹാരാഷ്ട്രയ്ക്കും നേട്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നൂതനാശയങ്ങളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും കേന്ദ്രമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ന്നുവരുന്ന പ്രതിച്ഛായയെക്കുറിച്ചു പരാമര്‍ശിക്കവെ, ഇന്ന് ഇന്ത്യ ഒരു ലക്ഷം സ്റ്റാര്‍ട്ടപ്പുകളെന്ന നേട്ടം മറികടന്നതായി പ്രധാനമന്ത്രി അറിയിച്ചു. ഒമ്പതുവർഷം മുമ്പിതു നൂറുകണക്കിനു മാത്രമായിരുന്നു. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ വികസനത്തിന്റെ വിപുലീകരണമാണ് ഈ വിജയത്തിന് കാരണമായതെന്നു പറഞ്ഞ അദ്ദേഹം, ഇന്ത്യയുടെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യ വികസനത്തിന്റെ അടിത്തറയില്‍ പുണെ വഹിച്ച പങ്കിനെ പ്രശംസിച്ചു. ‘കുറഞ്ഞ വിലയിൽ ഡാറ്റ, മിതമായ നിരക്കിലുള്ള ഫോണുകള്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ എന്നിവ എല്ലാ ഗ്രാമങ്ങളിലും എത്തുന്നത് ഈ മേഖലയെ ശക്തിപ്പെടുത്തി. ഏറ്റവും വേഗത്തില്‍ 5 ജി സേവനങ്ങള്‍ ലഭ്യമാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ’ – അദ്ദേഹം പറഞ്ഞു. ഫിന്‍ടെക്, ബയോടെക്, അഗ്രിടെക് എന്നീ മേഖലകളില്‍ യുവാക്കള്‍ കൈവരിച്ച മുന്നേറ്റം പുണെയ്ക്കു ഗുണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കർണാടകത്തിലും ബംഗളൂരുവിലും രാഷ്ട്രീയ സ്വാർഥത സൃഷ്ടിച്ച പ്രത്യാഘാതങ്ങളിൽ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കർണാടകത്തിലും രാജസ്ഥാനിലും വികസനം സ്തംഭിച്ചതായും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിന് നയങ്ങളും ലക്ഷ്യങ്ങളും നിയമങ്ങളും ഒരുപോലെ പ്രധാനമാണ്’ – ശ്രീ നരേന്ദ്ര മോദി പറഞ്ഞു. ഇത് വികസനത്തിന്റെ നിര്‍ണ്ണായക ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. 2014 ന് മുമ്പുള്ള 10 വര്‍ഷങ്ങളില്‍ രണ്ട് പദ്ധതികളിലായി 8 ലക്ഷം വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്. അക്കാലത്ത് മഹാരാഷ്ട്രയിലെ 50,000 വീടുകള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തിലധികം വീടുകള്‍ ഗുണനിലവാരമില്ലാത്തതിനാല്‍ ഗുണഭോക്താക്കൾ നിരസിച്ചതായി അദ്ദേഹം അറിയിച്ചു.

ശരിയായ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കാൻ തുടങ്ങിയതെന്നും 2014 ല്‍ അധികാരത്തില്‍ വന്ന ശേഷം നയം മാറ്റിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഗ്രാമങ്ങളിലും നഗരങ്ങളിലുമായി 4 കോടിയിലധികം വീടുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും നഗരങ്ങളിലെ ദരിദ്രര്‍ക്കായി 75 ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നിര്‍മ്മാണത്തിലെ സുതാര്യതയും അവയുടെ ഗുണനിലവാരത്തിലെ മെച്ചപ്പെടുത്തലും ഇതില്‍ നിര്‍ണ്ണായകമാണ്. രാജ്യത്ത് ഇതാദ്യമായി, രജിസ്റ്റർ ചെയ്ത വീടുകളില്‍ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വീടുകളുടെ ചെലവ് ലക്ഷക്കണക്കിന് രൂപയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ ‘ലക്ഷാധിപതികളായി’ മാറിയിട്ടുണ്ടെന്ന് പറഞ്ഞു. പുതിയ വീടുകള്‍ ലഭിച്ച എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.

ദരിദ്ര കുടുംബമായാലും ഇടത്തരം കുടുംബമായാലും എല്ലാവരുടെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം ഒന്നിലധികം തീരുമാനങ്ങള്‍ക്ക് തുടക്കമിടുന്നുവെന്നും അത് ആ വ്യക്തിയുടെ ജീവിതത്തിലെ ചാലകശക്തിയായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങളുടെ കുട്ടികളെയും നിങ്ങളുടെ വര്‍ത്തമാനകാലത്തെയും ഭാവി തലമുറകളെയും ഞങ്ങള്‍ ശ്രദ്ധിക്കുന്നു’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസംഗം ഉപസംഹരിക്കവേ, ഒരു മറാത്തി ചൊല്ല് ഉദ്ധരിച്ച പ്രധാനമന്ത്രി ഇന്ന് മാത്രമല്ല, അതിലും മികച്ച നാളെയും സൃഷ്ടിക്കാനുള്ള പരിശ്രമമാണു ഗവണ്‍മെന്റ് നടത്തുന്നതെന്നു വ്യക്തമാക്കി. വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം ഈ വികാരത്തിന്റെ പ്രകടനമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ഒരേ ലക്ഷ്യവുമായി ഒത്തുചേര്‍ന്ന നിരവധി വ്യത്യസ്ത പാര്‍ട്ടികളെപ്പോലെ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ‘എല്ലാവരുടെയും പങ്കാളിത്തത്തോടെ മഹാരാഷ്ട്രയ്ക്കായി മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനാണു ലക്ഷ്യമിടുന്നത്. മഹാരാഷ്ട്ര അതിവേഗം വികസിക്കണം’ –  പ്രധാനമന്ത്രി ഉപസംഹരിച്ചു.

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേശ് ബൈസ്, മുഖ്യമന്ത്രി ശ്രീ ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫട്‌നാവിസ്, ശ്രീ അജിത് പവാര്‍, മഹാരാഷ്ട്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

പുണെ മെട്രോ ഒന്നാം ഘട്ടത്തിലെ രണ്ട് ഇടനാഴികളിലെ പൂര്‍ത്തിയായ ഭാഗങ്ങളിലെ സര്‍വീസുകളുടെ ഉദ്ഘാടനം അടയാളപ്പെടുത്തി, പ്രധാനമന്ത്രി മെട്രോ ട്രെയിനുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഫുഗെവാഡി സ്റ്റേഷന്‍ മുതല്‍ സിവില്‍ കോടതി സ്റ്റേഷന്‍ വരെയും ഗാര്‍വെയര്‍ കോളേജ് സ്റ്റേഷന്‍ മുതല്‍ റൂബി ഹാള്‍ ക്ലിനിക് സ്റ്റേഷന്‍ വരെയുമാണ് പുതിയ സര്‍വീസുകള്‍. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ശിവാജി നഗര്‍, സിവില്‍ കോടതി, പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസ്, പുണെ ആര്‍ടിഒ, പുണെ റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പൂനെ നഗരത്തിലെ പ്രധാന സ്ഥലങ്ങളെ പുതിയ സര്‍വീസുകള്‍ ബന്ധിപ്പിക്കും. രാജ്യത്തുടനീളമുള്ള ആധുനികവും പരിസ്ഥിതിസൗഹൃദവുമായ ബഹുജന ദ്രുത നഗര ഗതാഗത സംവിധാനങ്ങൾ പൗരന്മാര്‍ക്ക് നല്‍കുകയെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ ഉദ്ഘാടനം.

ഛത്രപതി ശിവാജി മഹാരാജില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പാതയിലെ ചില മെട്രോ സ്റ്റേഷനുകളുടെ രൂപകല്‍പ്പന. ഛത്രപതി സാംബാജി ഉദ്യാന്‍ മെട്രോ സ്റ്റേഷന്‍, ഡെക്കാന്‍ ജിംഖാന മെട്രോ സ്റ്റേഷനുകള്‍ എന്നിവയ്ക്ക് ഛത്രപതി ശിവാജി മഹാരാജിന്റെ സൈനികര്‍ ധരിക്കുന്ന ശിരോവസ്ത്രത്തോട് സാമ്യമുള്ള സവിശേഷമായ രൂപകല്‍പ്പനയുണ്ട് . ഛത്രപതി ശിവാജി മഹാരാജ് പണികഴിപ്പിച്ച കോട്ടകളെ അനുസ്മരിപ്പിക്കുന്ന സവിശേഷമായ രൂപകല്‍പ്പനയാണ് ശിവാജി നഗര്‍ ഭൂഗര്‍ഭ മെട്രോ സ്റ്റേഷനുള്ളത്.

33.1 മീറ്റര്‍ ആഴമുള്ള സിവില്‍ കോര്‍ട്ട് മെട്രോ സ്റ്റേഷന്‍ രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനുകളില്‍ ഒന്നാണ് എന്നതാണ് ഒരു പ്രത്യേകത. നേരിട്ട് സൂര്യപ്രകാശം പ്ലാറ്റ്‌ഫോമില്‍ വീഴുന്ന രീതിയിലാണ് സ്റ്റേഷന്‍ മേല്‍ക്കൂര നിര്‍മ്മിച്ചിരിക്കുന്നത്.

എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ട് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം പിസിഎംസി നിര്‍മ്മിച്ച 1280 ലധികം വീടുകളും പുണെ മുനിസിപ്പല്‍ കോര്‍പ്പറേഷന് നിര്‍മ്മിച്ച 2650 ലധികം പിഎംഎവൈ വീടുകളും പ്രധാനമന്ത്രി കൈമാറി. കൂടാതെ, പിസിഎംസി നിര്‍മ്മിക്കുന്ന 1190 പിഎംഎവൈ വീടുകള്‍ക്കും പുണെ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്‌മെന്റ് അതോറിറ്റി നിര്‍മ്മിക്കുന്ന 6400 വീടുകള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.   

പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (പിസിഎംസി) കീഴിലുള്ള വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഏകദേശം 300 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുത്ത ഇത് പ്രതിവര്‍ഷം 2.5 ലക്ഷം മെട്രിക് ടണ്‍ മാലിന്യം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുമെന്ന് കണക്കാക്കപ്പെടുന്നു.

ND