Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്തു

മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകാശനം ചെയ്തു


മഹാനായ തമിഴ് കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായ സുബ്രഹ്മണ്യ ഭാരതിയുടെ സമ്പൂർണ കൃതികളുടെ സമാഹാരം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ പ്രകാശനം ചെയ്തു. മഹാനായ തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിച്ച ശ്രീ മോദി, ഇന്ത്യയുടെ സംസ്കാരത്തിനും സാഹിത്യത്തിനും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ഓർമകൾക്കും തമിഴ്നാടിന്റെ അന്തസിനും ഇന്ന് മഹത്തായ അവസരമാണെന്ന് പറഞ്ഞു. മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളുടെ പ്രസിദ്ധീകരണത്തിന്റെ മഹത്തായ പരിസമാപ്തി ഇന്ന് നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

21 വാല്യങ്ങളിലായി ‘കാല വരിസൈയിൽ ഭാരതിയാർ പടൈപ്പുകൾ’ എന്ന സമാഹാരം ഒരുക്കിയ ആറ് പതിറ്റാണ്ടിന്റെ അസാധാരണവും അഭൂതപൂർവവും അശ്രാന്തവുമായ പ്രയത്‌നത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സീനി വിശ്വനാഥൻജിയുടെ കഠിനാധ്വാനം അത്തരത്തിലുള്ള തപസ്സായിരുന്നു. അത് വരും തലമുറകൾക്ക് പ്രയോജനപ്പെടുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. തന്റെ ജീവിതത്തിന്റെ 35 വർഷം ധർമശാസ്ത്ര ചരിത്രരചനയിൽ ചെലവഴിച്ച മഹാ-മഹോപാധ്യായ പാണ്ഡുരംഗ് വാമൻ കാനെയാണ് ശ്രീ വിശ്വനാഥന്റെ തപസ്സ് തന്നെ ഓർമിപ്പിച്ചതെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ശ്രീ സീനി വിശ്വനാഥന്റെ പ്രവർത്തനങ്ങൾ വി‌ദ്യാഭ്യാസ ലോകത്ത് മാനദണ്ഡമായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ സുപ്രധാന പ്രവർത്തനത്തിന് അദ്ദേഹത്തെയും സഹപ്രവർത്തകരെയും അഭിനന്ദിക്കുകയും ചെയ്തു. 

ഭാരതിജിയുടെ കൃതികളെക്കുറിച്ചു മാത്രമല്ല, അദ്ദേഹത്തിന്റെ സാഹിത്യത്തെക്കുറിച്ചും സാഹിത്യയാത്രയെക്കുറിച്ചും ഉള്ള ഉൾക്കാഴ്ചയുള്ള പശ്ചാത്തല വിവരങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടികളെക്കുറിച്ചുള്ള ആഴത്തിലുള്ള ദാർശനിക വിശകലനവും ഈ വാല്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ‘കാല വരിസൈയിൽ ഭാരതി പടൈപ്പുകൾ’ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഓരോ വാല്യത്തിലും വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും വിശദമായ വ്യാഖ്യാനങ്ങളും ഉൾപ്പെടുന്നു. ഭാരതിജിയുടെ ചിന്തകളുടെ ആഴം മനസ്സിലാക്കുന്നതിനും അദ്ദേഹം ഉൾപ്പെട്ട കാലഘട്ടത്തെക്കുറിച്ചുള്ള കാഴ്ചപ്പാടു നൽകുന്നതിനും ഗവേഷക പണ്ഡിതർക്കും ബുദ്ധിജീവികൾക്കും ഈ പതിപ്പ് വലിയ സഹായകമാകുമെന്ന് ശ്രീ മോദി പറഞ്ഞു.

ഗീതാ ജയന്തി ദിനത്തിൽ ഊഷ്മളമായ ആശംസകൾ നേർന്ന പ്രധാനമന്ത്രി, ഗീതയുടെ ശിക്ഷണങ്ങളിലുള്ള അഗാധമായ വിശ്വാസത്തിനും അതിന്റെ ജ്ഞാനത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയ്ക്കും ശ്രീ സുബ്രഹ്മണ്യ ഭാരതിയെ പ്രകീർത്തിച്ചു. “അദ്ദേഹം ഗീത തമിഴിലേക്ക് പരിഭാഷപ്പെടുത്തി. അതിന്റെ ആഴത്തിലുള്ള സന്ദേശത്തിന്റെ ലളിതവും പ്രാപ്യമാക്കാവുന്നതുമായ വ്യാഖ്യാനം നൽകി”- ഗീതാജയന്തിയും സുബ്രഹ്മണ്യ ഭാരതി ജിയുടെ ജന്മദിനവും അദ്ദേഹത്തിന്റെ കൃതികളുടെ പ്രസിദ്ധീകരണവും ഒത്തുവന്നത് ‘ത്രിവേണി’ക്കു സമാനമായ ശ്രദ്ധേയ സംഗമത്തിൽ കുറഞ്ഞതൊന്നുമല്ലെന്ന് ശ്രീ മോദി പറഞ്ഞു.

ഇന്ത്യൻ തത്വചിന്തയിൽ നിന്നുള്ള ‘ശബ്ദ ബ്രഹ്മ’ സങ്കൽപ്പത്തെ പരാമർശിക്കവേ, വാക്കുകൾ എല്ലായ്‌പ്പോഴും ഒരു ആവിഷ്‌കാര മാധ്യമം എന്നതിലുപരിയായി ഇന്ത്യ എപ്പോഴും കണക്കാക്കിയിട്ടുണ്ടെന്നും അവയുടെ പരിധിയില്ലാത്ത ശക്തിയെ ഉയർത്തിക്കാട്ടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. “ജ്ഞാനികളുടെയും ചിന്തകരുടെയും വാക്കുകൾ അവരുടെ ചിന്തകളുടെയും അനുഭവങ്ങളുടെയും ആത്മീയ ആചാരങ്ങളുടെയും സാരാംശം പ്രതിഫലിപ്പിക്കുന്നു. ഭാവി തലമുറകൾക്കായി അവ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്” – അദ്ദേഹം പറഞ്ഞു. സുപ്രധാന കൃതികൾ സമാഹരിക്കുന്ന ഈ പാരമ്പര്യം ഇന്നും പ്രസക്തമാണെന്ന് ശ്രീ മോദി പറഞ്ഞു. ഉദാഹരണത്തിന്, പുരാണങ്ങളിൽ വ്യവസ്ഥാപിതമായി സംരക്ഷിച്ചിരിക്കുന്ന മഹർഷി വ്യാസന്റെ രചനകൾ ഇപ്പോഴും പ്രതിധ്വനിക്കുന്നു. സ്വാമി വിവേകാനന്ദന്റെ സമ്പൂർണ കൃതികൾ, ഡോ. ബാബാസാഹെബ് അംബേദ്കറുടെ രചനകളും പ്രസംഗങ്ങളും, ദീൻ ദയാൽ ഉപാധ്യായയുടെ സമ്പൂർണ കൃതികൾ എന്നിവ സമൂഹത്തിനും വിദ്യാഭ്യാസ മേഖലയ്ക്കും വലിയ സംഭാവന നൽകിയിട്ടുണ്ടെന്ന് ഏതാനും ഉദാഹരണങ്ങൾ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. തിരുക്കുറൾ ഒന്നിലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും, അത് അതിന്റെ സാഹിത്യ പൈതൃകം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ സമർപ്പണത്ത‌ിന് ഉദാഹരണമാണെന്നും ശ്രീ മോദി പറഞ്ഞു. പാപുവ ന്യൂ ഗിനി സന്ദർശന വേളയിൽ ടോക് പിസിനിൽ തിരുക്കുറൾ പ്രകാശനം ചെയ്യാൻ തനിക്ക് അവസരം ലഭിച്ചതായും ശ്രീ മോദി കൂട്ടിച്ചേർത്തു. ഔദ്യോഗിക വസതിയിൽ അതിന്റെ ഗുജറാത്തി പരിഭാഷ പ്രകാശനം ചെയ്യാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

​രാജ്യത്തിന്റെ ആവശ്യങ്ങൾ മുന്നിൽ കണ്ടു പ്രവർത്തിച്ച മഹാനായ ചിന്തകനായിരുന്നു സുബ്രഹ്മണ്യ ഭാരതിയെന്ന് പ്രകീർത്തിച്ച മോദി, അക്കാലത്ത് രാജ്യത്തിന് ആവശ്യമായ എല്ലാ ദിശകളിലും അദ്ദേഹം പ്രവർത്തിച്ചുവെന്ന് പറഞ്ഞു. ഭാരതിയാർ തമിഴ്‌നാടിന്റെയും തമിഴ് ഭാഷയുടെയും പൈതൃകം മാത്രമല്ല, ഇന്ത്യയുടെ ഉയർച്ചയും അഭിമാനവും സ്വപ്നം കണ്ട, ഭാരതമാതാവിന്റെ സേവനത്തിനായി തന്റെ ഓരോ ശ്വാസവും സമർപ്പിച്ച ചിന്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാരതിയാർജിയുടെ സംഭാവനകൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഗവണ്മെന്റ് കർത്തവ്യ ബോധത്തോടെ തുടർച്ചയായി പ്രവർത്തിച്ചുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. 2020ൽ ലോകം മുഴുവൻ കോവിഡ് മഹാമാരി ബാധിച്ചിട്ടും സുബ്രഹ്മണ്യ ഭാരതിയുടെ നൂറാം ചരമവാർഷികാഘോഷങ്ങൾ ഗംഭീരമായി നടത്തുമെന്ന് ഗവണ്മെന്റ് ഉറപ്പാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര ഭാരതി ഫെസ്റ്റിവലിന്റെ ഭാഗമായിരുന്നു താൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യക്കകത്തും പുറത്തും മഹാകവി ഭാരതിയുടെ ചിന്തകളിലൂടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാട് താൻ നിരന്തരം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. താനും സുബ്രഹ്മണ്യ ഭാരതിയും തമ്മിലുള്ള ജീവസുറ്റതും ആത്മീയവുമായ ബന്ധമാണ് കാശിയെന്ന് എടുത്തുകാട്ടിയ പ്രധാനമന്ത്രി, ചെലവഴിച്ച സമയവും സുബ്രഹ്മണ്യ ഭാരതിയുമായുള്ള ബന്ധവും കാശിയുടെ പൈതൃകത്തിന്റെ ഭാഗമായി മാറിയെന്ന് ചൂണ്ടിക്കാട്ടി. അറിവ് നേടാനാണ് ശ്രീ ഭാരതി കാശിയിൽ എത്തിയതെന്നും അവിടെ എന്നെന്നേക്കും താമസിച്ചുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിലെ നിരവധി പേർ ഇപ്പോഴും കാശിയിൽ താമസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാശിയിൽ താമസിക്കുമ്പോൾ തന്റെ ഗംഭീരമായ മീശ വളർത്താൻ ഭാരതിയാർ പ്രചോദനം ഉൾക്കൊണ്ടിരുന്നുവെന്ന് വിവരിച്ച ശ്രീ മോദി, ഭാരതിയാർ തന്റെ പല കൃതികളും എഴുതിയത് കാശിയിൽ താമസിച്ചാണെന്ന് അഭിപ്രായപ്പെട്ടു. വാരാണസിയിൽ നിന്നുള്ള പാർലമെന്റ് അംഗമെന്ന നിലയിൽ, ഈ പുണ്യ പ്രവർത്തനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബനാറസ് ഹിന്ദു സർവകലാശാലയിൽ മഹാകവി ഭാരതിയാരുടെ സംഭാവനകൾക്കായി കസേര സമർപ്പിക്കാനായത് ഗവണ്മെന്റിന്റെ ഭാഗ്യമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഇതിഹാസ കവിയും ദാർശനികനുമായ ശ്രീ സുബ്രഹ്മണ്യ ഭാരതിക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് ഇന്ത്യയുടെ സാംസ്കാരിക, ബൗദ്ധിക, സാമൂഹിക ഘടനയ്ക്ക് അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഈ ലോകത്തെ അലങ്കരിക്കുന്ന നൂറ്റാണ്ടുകളിലൊരിക്കൽ പിറവിയെടുക്കുന്ന അതുല്യ വ്യക്തിത്വമായിരുന്നു സുബ്രഹ്മണ്യ ഭാരതി. 39 വർഷത്തെ ആയുസ്സ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും അദ്ദേഹം നമ്മുടെ രാജ്യത്ത് മായാത്ത മുദ്ര പതിപ്പിച്ചു” – പ്രധാനമന്ത്രി പറഞ്ഞു. തന്റെ കരുത്തുറ്റ വാക്കുകളിലൂടെ, അദ്ദേഹം സ്വാതന്ത്ര്യം വിഭാവനം ചെയ്യുക മാത്രമല്ല, ജനങ്ങളുടെ കൂട്ടായ ബോധത്തെ ഉണർത്തുകയും ചെയ്തുവെന്ന് ശ്രീ മോദി പറഞ്ഞു, അത് അദ്ദേഹം എഴുതിയ ഈരടിയിൽ ആഴത്തിൽ പ്രതിഫലിക്കുന്നുവെന്നും അത് ഇന്നും നമ്മിൽ പ്രതിധ്വനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു: “എൻറു തണിയും ഇന്ത സുതന്തിര ദാഹം? എൻറു മടിയും എങ്കൾ അടിമയിൻ മോഹം”? ഈ സ്വാതന്ത്ര്യ ദാഹം എപ്പോൾ ശമിക്കും? അടിമത്തത്തോടുള്ള നമ്മുടെ അഭിനിവേശം എപ്പോൾ അവസാനിക്കും? എന്നാണ് ഇതിനർഥം. “രാഷ്ട്രീയ കാർട്ടൂണുകൾ അവതരിപ്പിക്കുന്ന ആദ്യ തമിഴ് പത്രമായ ഇന്ത്യ വീക്കിലി 1906-ൽ ആരംഭിച്ച് ഭാരതി ജി മാധ്യമപ്രവർത്തനത്തിൽ വിപ്ലവം സൃഷ്ടിച്ചു. കണ്ണൻപാട്ട് പോലുള്ള അദ്ദേഹത്തിന്റെ കവിതകൾ അദ്ദേഹത്തിന്റെ അഗാധമായ ആത്മീയതയും പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള ആഴമായ സഹാനുഭൂതിയും പ്രതിഫലിപ്പിക്കുന്നു. ദരിദ്രർക്കായി വസ്ത്രങ്ങൾ സംഭാവന ചെയ്യാനുള്ള അദ്ദേഹത്തിന്റെ അഭ്യർത്ഥന അദ്ദേഹത്തിന്റെ പ്രവൃത്തി പ്രവർത്തനത്തിനും ജീവകാരുണ്യത്തിനും പ്രചോദനമായതെങ്ങനെയെന്ന് വ്യക്തമാക്കുന്നു” – പത്രപ്രവർത്തനത്തിനും സാഹിത്യത്തിനും ഭാരതി ജി നൽകിയ സംഭാവനകളെ പ്രകീർത്തിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. പ്രചോദനത്തിന്റെ ശാശ്വത സ്രോതസ്സായി അദ്ദേഹത്തെ വിശേഷിപ്പിച്ച ശ്രീ മോദി, അദ്ദേഹത്തിന്റെ നിർഭയമായ വ്യക്തതയെയും, സ്വാതന്ത്ര്യത്തിനും സമത്വത്തിനും അനുകമ്പയ്ക്കും വേണ്ടി എപ്പോഴും പരിശ്രമിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന മെച്ചപ്പെട്ട ഭാവിക്കായുള്ള കാലാതീതമായ കാഴ്ചപ്പാടിനെയും പ്രശംസിച്ചു.

ശ്രീ ഭാരതിയാർ ദീർഘവീക്ഷണമുള്ള ഒരു മനുഷ്യനാണെന്ന് പ്രകീർത്തിച്ച പ്രധാനമന്ത്രി, സമൂഹം മറ്റ് പ്രതിസന്ധികളിൽ അകപ്പെട്ട സമയത്തും ഭാരതിയാർ യുവാക്കളുടെയും സ്ത്രീ ശാക്തീകരണത്തിന്റെയും ഉറച്ച പിന്തുണക്കാരനായിരുന്നുവെന്നും ശാസ്ത്രത്തിലും നൂതനാശയങ്ങളിലും അപാരമായ വിശ്വാസമുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദൂരം കുറയ്ക്കുകയും രാജ്യത്തെ മുഴുവൻ കൂട്ടിയിണക്കുകയും ചെയ്യുന്ന ആശയവിനിമയമാണ് ഭാരതിയാർ വിഭാവനം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കാശി നഗർ, പുലവർ പേസും, ഉറയ് താൻ, കാഞ്ചിയിൽ, കെട്ട്പാടർകോർ, കരുവി ചെയ്‌വോം” എന്ന സുബ്രഹ്മണ്യഭാരതിയുടെ വരികൾ അദ്ദേഹം ചൊല്ലി. അതായത് കാഞ്ചിയിൽ ഇരുന്നു ബനാറസിലെ സന്ന്യാസിമാർ പറയുന്നത് കേൾക്കാൻ ഒരുപകരണം ഉണ്ടായിരിക്കണമെന്നാണ് ഇതിനർഥം. ഇന്ത്യയെ തെക്ക് നിന്ന് വടക്കോട്ടും കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും ബന്ധിപ്പിച്ച് ഡിജിറ്റൽ ഇന്ത്യ ഈ സ്വപ്നങ്ങളെ യാഥാർഥ്യമാക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാഷിണി പോലുള്ള ആപ്പുകൾ ഭാഷയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കിയെന്നും, ഇന്ത്യയിലെ എല്ലാ ഭാഷകളോടും ബഹുമാനവും അഭിമാനവും ഉണ്ടെന്നും പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയിലെ എല്ലാ ഭാഷകളെയും സംരക്ഷിക്കുക എന്ന സദുദ്ദേശ്യത്തോടെ, അത് ഓരോ ഭാഷയ്ക്കും സേവനം ചെയ്യുന്ന രീതിയിലേക്ക് നയിക്കുമെന്ന് അഭിപ്രായപ്പെട്ടു.

​ശ്രീ ഭാരതിയുടെ സാഹിത്യ സംഭാവനകളെ പ്രകീർത്തിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പുരാതന തമിഴ് ഭാഷയ്ക്ക് അമൂല്യമായ പൈതൃകമാണെന്നു വിശേഷിപ്പിച്ചു. “ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളിലൊന്നായ തമിഴ് ഭാഷയ്ക്ക് സുബ്രഹ്മണ്യ ഭാരതിയുടെ സാഹിത്യം ഒരു നിധിയാണ്. അദ്ദേഹത്തിന്റെ സാഹിത്യം പ്രചരിപ്പിക്കുമ്പോൾ നാം തമിഴ് ഭാഷയെയും സേവിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മുടെ രാജ്യത്തിന്റെ പുരാതന പൈതൃകം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു”- അദ്ദേഹം പറഞ്ഞു. തമിഴിന്റെ പദവി ഉയർത്താൻ കഴിഞ്ഞ ദശകത്തിൽ നടത്തിയ ശ്രമങ്ങൾക്ക് ഊന്നൽ നൽകി ശ്രീ മോദി, “കഴിഞ്ഞ 10 വർഷമായി തമിഴിന്റെ അഭിമാനത്തെ ബഹുമാനിക്കാൻ രാജ്യം അർപ്പണബോധത്തോടെ പ്രവർത്തിച്ചു”വെന്നും ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയിൽ തമിഴിന്റെ മഹത്വത്തെ പ്രതിനിധാനം ചെയ്യാനുള്ള ഭാഗ്യം തനിക്കു ലഭിച്ചെന്നും കൂട്ടിച്ചേർത്തു. “ഞങ്ങൾ ലോകമെമ്പാടും തിരുവള്ളുവർ സാംസ്കാരിക കേന്ദ്രങ്ങൾ തുറക്കുന്നു” – അദ്ദേഹം പറഞ്ഞു.

കവി സുബ്രഹ്മണ്യ ഭാരതിയുടെ കൃതികളുടെ സമാഹാരം തമിഴ് ഭാഷയുടെ ഉന്നമനത്തിന് ഗണ്യമായ സംഭാവന നൽകുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. “നാം ഒരുമിച്ച് വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുകയും നമ്മുടെ രാജ്യത്തിനായുള്ള ഭാരതി ജിയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും ചെയ്യും” – അദ്ദേഹം പറഞ്ഞു. കൃതികളുടെ സമാഹാരത്തിലും പ്രസിദ്ധീകരണത്തിലും പങ്കാളികളായ ഏവരെയും അഭിനന്ദിച്ചുകൊണ്ടാണ് ശ്രീ മോദി പ്രസംഗം അവസാനിപ്പിച്ചത്.

കേന്ദ്ര സാംസ്‌കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്ത്, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ റാവു ഇന്ദ്രജിത് സിംഗ്, ശ്രീ എൽ മുരുകൻ, സാഹിത്യകാരൻ ശ്രീ സീനി വിശ്വനാഥൻ, പ്രസാധകൻ ശ്രീ വി ശ്രീനിവാസൻ എന്നിവർ വിശിഷ്ടാതിഥികളായി.

പശ്ചാത്തലം

സുബ്രഹ്മണ്യ ഭാരതിയുടെ രചനകൾ ജനങ്ങളിൽ ദേശസ്‌നേഹം വളർത്തി. ഇന്ത്യൻ സംസ്‌കാരത്തിന്റെയും രാജ്യത്തിന്റെ ആത്മീയ പൈതൃകത്തിന്റെയും സാരാംശം ജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഭാഷയിൽ ജനങ്ങളിലെത്തിച്ചു. അദ്ദേഹത്തിന്റെ സമ്പൂർണ കൃതികളുടെ 23 വാല്യങ്ങളുള്ള സമാഹാരം സീനി വിശ്വനാഥൻ സമാഹരിച്ച് എഡിറ്റ് ചെയ്‌ത് അലയൻസ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ചു. സുബ്രഹ്മണ്യ ഭാരതിയുടെ രചനകളുടെ പതിപ്പുകൾ, വിശദീകരണങ്ങൾ, രേഖകൾ, പശ്ചാത്തല വിവരങ്ങൾ, ദാർശനിക അവതരണം എന്നിവയുടെ വിശദാംശങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

***

***

SK