Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാകുംഭ മേളയുടെ വിജയകരമായ പരിസമാപ്തിയിൽ ലോക്‌സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി


ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭ മേളയുടെ വിജയകരമായ പരിസമാപ്തിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയെ അഭിസംബോധന ചെയ്തു. മഹാകുംഭ മേളയുടെ മഹത്തായ വിജയം ഉറപ്പാക്കിയ രാജ്യത്തെ എണ്ണമറ്റ പൗരന്മാർക്ക് അദ്ദേഹം ഹൃദയംഗമമായ അഭിവാദ്യം അർപ്പിച്ചു. മഹാകുംഭ മേള വിജയകരമാക്കുന്നതിൽ വിവിധ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും കൂട്ടായ സംഭാവനകളെ എടുത്തുകാണിച്ചുകൊണ്ട്, ഗവൺമെന്റിന്റെയും സമൂഹത്തിന്റെയും സമർപ്പിത തൊഴിലാളികളുടെയും ശ്രമങ്ങളെ അദ്ദേഹം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ജനങ്ങളെ, പ്രത്യേകിച്ച് പ്രയാഗ്‌രാജിലെ പൗരന്മാരെ പ്രത്യേകം പരാമർശിച്ചു കൊണ്ട് രാജ്യമെമ്പാടുമുള്ള ഭക്തർക്ക്, അവരുടെ വിലമതിക്കാനാവാത്ത പിന്തുണയ്ക്കും പങ്കാളിത്തത്തിനും ശ്രീ മോദി നന്ദി പറഞ്ഞു.

മഹാകുംഭ മേളയുടെ മഹത്തായ സംഘാടനത്തിനായുള്ള വിപുലമായ പരിശ്രമങ്ങളെ, ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ഭഗീരഥന്റെ ഐതിഹാസിക  ശ്രമവുമായി  താരതമ്യം ചെയ്തുകൊണ്ട്, ചെങ്കോട്ടയിൽ നിന്നുള്ള തന്റെ പ്രസംഗത്തിലെ “സബ്കാ പ്രയാസ്”ന്റെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ മോദി  പരാമർശിച്ചു. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ മഹത്വം മഹാകുംഭ മേള പ്രദർശിപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.  “ജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്താൽ പ്രചോദിതരായി, അവരുടെ കൂട്ടായ ദൃഢനിശ്ചയത്തിന്റെയും, ഭക്തിയുടെയും, സമർപ്പണത്തിന്റെയും പ്രകടനമാണ് മഹാകുംഭമേള”, അദ്ദേഹം കൂട്ടിച്ചേർത്തു. 

മഹാകുംഭ വേളയിൽ കാണപ്പെടുന്ന ദേശീയ ബോധത്തിന്റെ ആഴത്തിലുള്ള ഉണർവിനെക്കുറിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, ഈ ബോധം രാജ്യത്തെ പുതിയ തീരുമാനങ്ങളിലേക്ക് എങ്ങനെ നയിക്കുന്നുവെന്നും അവയുടെ പൂർത്തീകരണത്തിന് പ്രചോദനം നൽകുന്നുവെന്നും എടുത്തുകാണിച്ചു. രാജ്യത്തിന്റെ കഴിവുകളെക്കുറിച്ച് ചിലർക്കുള്ള സംശയങ്ങളും ആശങ്കകളും മഹാകുംഭ മേള ഫലപ്രദമായി പരിഹരിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കഴിഞ്ഞ വർഷം അയോധ്യയിൽ നടന്ന രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങിനും ഈ വർഷത്തെ മഹാകുംഭമേളയ്ക്കും ഇടയിൽ സമാന്തര രേഖ രചിച്ചു കൊണ്ട്, രാജ്യത്തിന്റെ പരിവർത്തന യാത്രയെ എടുത്തു കാണിച്ചു കൊണ്ട്, ഈ സംഭവങ്ങൾ അടുത്ത സഹസ്രാബ്ദത്തിലേക്കുള്ള രാജ്യത്തിന്റെ സന്നദ്ധതയെ ശക്തിപ്പെടുത്തുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിന്റെ കൂട്ടായ ബോധം അതിന്റെ അപാരമായ സാധ്യതകളെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മനുഷ്യ ചരിത്രത്തിലെന്നപോലെ, ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തിലെ നിർണായക നിമിഷങ്ങൾ വരും തലമുറകൾക്ക് ഉദാഹരണങ്ങളായി വർത്തിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വദേശി പ്രസ്ഥാനത്തിനിടയിലെ ആത്മീയ പുനരുജ്ജീവനം, ചിക്കാഗോയിലെ സ്വാമി വിവേകാനന്ദന്റെ ഐതിഹാസിക പ്രസംഗം, 1857 ലെ പ്രക്ഷോഭം, ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ “ഡൽഹി ചലോ” ആഹ്വാനം, മഹാത്മാഗാന്ധിയുടെ ദണ്ഡി മാർച്ച് തുടങ്ങിയ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന നിമിഷങ്ങൾ എന്നിവ ഉദ്ധരിച്ചുകൊണ്ട്, രാജ്യത്തെ ഉണർത്തുകയും പുതിയ ദിശാബോധം നൽകുകയും ചെയ്ത ഇന്ത്യയുടെ ചരിത്ര നാഴികക്കല്ലുകളെക്കുറിച്ച് ശ്രീ മോദി പരാമർശിച്ചു. “പ്രയാഗ്‌രാജിലെ മഹാകുംഭ മേള സമാനമായ ഒരു സുപ്രധാന നാഴികക്കല്ലാണ്, ഇത് രാഷ്ട്രത്തിന്റെ സചേതന ചൈതന്യത്തെ പ്രതീകപ്പെടുത്തുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഒന്നര മാസത്തോളം നീണ്ടുനിന്ന മഹാകുംഭ മേളയിൽ കണ്ട ഊർജ്ജസ്വലമായ ആവേശത്തെ അടിവരയിട്ടുകൊണ്ട്, കോടിക്കണക്കിന് ഭക്തർ സൗകര്യത്തിനോ അസൗകര്യത്തിനോ അതീതമായി, രാജ്യത്തിന്റെ അപാരമായ ശക്തി പ്രകടിപ്പിക്കുന്ന വിധത്തിൽ അചഞ്ചലമായ വിശ്വാസത്തോടെ പങ്കെടുത്തതിനെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മഹകുംഭ വേളയിൽ ശേഖരിച്ച പ്രയാഗ്‌രാജിലെ ത്രിവേണിയിൽ നിന്നുള്ള പുണ്യജലം കൊണ്ടുവന്ന മൗറീഷ്യസിലേക്കുള്ള തന്റെ സമീപകാല സന്ദർശനത്തെ ഉദ്ധരിച്ചുകൊണ്ട്, മൗറീഷ്യസിലെ ഗംഗാ തലാവോയിൽ പുണ്യജലം അർപ്പിച്ചപ്പോൾ ഉണ്ടായ ഭക്തിയുടെയും ആഘോഷത്തിന്റെയും ആഴമേറിയ അന്തരീക്ഷത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യയുടെ പാരമ്പര്യങ്ങളെയും സംസ്കാരത്തെയും മൂല്യങ്ങളെയും സ്വീകരിക്കുന്നതിനും ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള വളരുന്ന മനോഭാവത്തെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

തലമുറകളായി പാരമ്പര്യങ്ങളുടെ സുഗമമായ തുടർച്ചയെക്കുറിച്ച് ശ്രീ മോദി അഭിപ്രായപ്പെട്ടു, ഇന്ത്യയിലെ ആധുനിക യുവാക്കൾ മഹാകുംഭ മേളയിലും മറ്റ് ഉത്സവങ്ങളിലും ആഴമായ ഭക്തിയോടെ എങ്ങനെ സജീവമായി പങ്കെടുത്തിട്ടുണ്ടെന്ന് എടുത്തുകാണിച്ചു. ഇന്നത്തെ യുവാക്കൾ അവരുടെ പാരമ്പര്യങ്ങളെയും വിശ്വാസങ്ങളെയും അഭിമാനത്തോടെ സ്വീകരിക്കുന്നുണ്ടെന്നും ഇത് ഇന്ത്യയുടെ സാംസ്കാരിക പൈതൃകവുമായുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

“ഒരു സമൂഹം അതിന്റെ പൈതൃകത്തിൽ അഭിമാനിക്കുമ്പോൾ, അത് മഹാകുംഭമേളയിൽ കാണുന്നതുപോലെ മഹത്തായതും പ്രചോദനാത്മകവുമായ നിമിഷങ്ങൾ സൃഷ്ടിക്കുന്നു”, ശ്രീ മോദി പറഞ്ഞു, അത്തരം അഭിമാനം ഐക്യം വളർത്തുകയും സുപ്രധാന ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പാരമ്പര്യങ്ങൾ, വിശ്വാസം, പൈതൃകം എന്നിവയുമായുള്ള ബന്ധം സമകാലിക ഇന്ത്യയ്ക്ക് ഒരു വിലപ്പെട്ട മുതൽക്കൂട്ടാണെന്നും അത് രാജ്യത്തിന്റെ കൂട്ടായ ശക്തിയെയും സാംസ്കാരിക സമ്പന്നതയെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഐക്യത്തിന്റെ ആത്മാവാണ് അതിന്റെ ഏറ്റവും പവിത്രമായ വഴിപാടെന്നും, രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിൽ നിന്നും ദിക്കുകളിൽ നിന്നുമുള്ള ആളുകൾ പ്രയാഗ്‌രാജിൽ ഒത്തുചേർന്ന്, വ്യക്തിഗത അഹങ്കാരങ്ങൾ മാറ്റിവെച്ച്, “ഞാൻ” എന്നതിനേക്കാൾ “നമ്മൾ” എന്ന കൂട്ടായ മനോഭാവം സ്വീകരിച്ചതെങ്ങനെയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യക്തികൾ പവിത്രമായ ത്രിവേണിയുടെ ഭാഗമായിത്തീരുകയും ദേശീയതയുടെയും ഐക്യത്തിന്റെയും വികാരം ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വ്യത്യസ്ത ഭാഷകൾ  സംസാരിക്കുന്ന ആളുകൾ സംഗമത്തിൽ “ഹർ ഹർ ഗംഗെ” എന്ന് ജപിക്കുമ്പോൾ, അത് “ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്” എന്നതിന്റെ സത്തയെ പ്രതിഫലിപ്പിക്കുകയും ഏകത്വത്തിന്റെ ആത്മാവിനെ വർദ്ധിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെറിയവനും വലിയവനും എന്ന വിവേചനം മഹാകുംഭ മേളയിൽ ഒരിടത്തും കണ്ടില്ലെന്നും ഇത് ഇന്ത്യയുടെ അപാരമായ ശക്തി പ്രകടമാക്കുന്നതായും ശ്രീ മോദി അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിനുള്ളിലെ അന്തർലീനമായ ഐക്യം വളരെ ആഴമേറിയതാണെന്നും അത് എല്ലാ വിഭജന ശ്രമങ്ങളെയും മറികടക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഐക്യം ഇന്ത്യക്കാർക്ക് ഒരു വലിയ ഭാഗ്യമാണെന്നും ശിഥിലീകരണം നേരിടുന്ന ലോകത്ത് ഒരു പ്രധാന ശക്തിയാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. “നാനാത്വത്തിൽ ഏകത്വം” എന്നത് ഇന്ത്യയുടെ മുഖമുദ്രയാണെന്ന് അദ്ദേഹം ആവർത്തിച്ചു, പ്രയാഗ്‌രാജിലെ മഹാകുംഭ മേളയുടെ മഹത്വത്താൽ ഇത് തെളിയിക്കപ്പെട്ടിട്ടുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന  സവിശേഷതയെ സമ്പന്നമാക്കുന്നത് തുടരാൻ അദ്ദേഹം രാഷ്ട്രത്തെ ഉദ്ബോധിപ്പിച്ചു.

മഹാകുംഭ മേളയിൽ നിന്ന് ലഭിച്ച നിരവധി പ്രചോദനങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, രാജ്യത്തെ വിശാലമായ നദികളുടെ ശൃംഖലയെക്കുറിച്ച് ശ്രീ മോദി എടുത്തുപറഞ്ഞു, അവയിൽ പലതും വെല്ലുവിളികൾ നേരിടുന്നു. മഹാകുംഭ മേളയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നദീ ഉത്സവങ്ങളുടെ പാരമ്പര്യം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു, അത്തരം സംരംഭങ്ങൾ നിലവിലെ തലമുറയ്ക്ക് ജലത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും, നദികളുടെ ശുചിത്വം പ്രോത്സാഹിപ്പിക്കാനും, നദികളുടെ സംരക്ഷണം ഉറപ്പാക്കാനും സഹായിക്കുമെന്ന് കൂട്ടിച്ചേർത്തു.

മഹാകുംഭ മേളയിൽ നിന്ന് ലഭിക്കുന്ന പ്രചോദ‌നം രാജ്യത്തിന്റെ പ്രതിജ്ഞകൾ പാലിക്കുന്നതിനുള്ള ശക്തമായ ഒരു മാധ്യമമായി വർത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു. മഹാകുംഭ മേള സംഘടിപ്പിക്കുന്നതിൽ പങ്കാളിയായ ഓരോ വ്യക്തിയെയും അദ്ദേഹം അഭിവാദ്യം ചെയ്യുകയും രാജ്യത്തുടനീളമുള്ള എല്ലാ ഭക്തർക്കും തന്റെ അഭിവാദ്യങ്ങൾ അർപ്പിക്കുകയും സഭയ്ക്ക് വേണ്ടി തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു.

 

 

***

SK