Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മഹാകാൽ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം മധ്യപ്രദേശിലെ ഉജ്ജയിനിലെ ശ്രീ മഹാകാൽ ലോകിൽ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു

മഹാകാൽ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം മധ്യപ്രദേശിലെ ഉജ്ജയിനിലെ ശ്രീ മഹാകാൽ ലോകിൽ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മധ്യപ്രദേശിലെ ഉജ്ജയിനിൽ ശ്രീ മഹാകാൽ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം രാജ്യത്തിനു സമർപ്പിച്ചു. 

നന്ദിദ്വാറിൽനിന്നു ശ്രീ മഹാകാൽ ലോകിലെത്തിയ പ്രധാനമന്ത്രി പരമ്പരാഗതവേഷമായ ധോത്തിയാണു ധരിച്ചത്. ശ്രീകോവിലിൽ എത്തിയ പ്രധാനമന്ത്രി പൂജയും ദർശനവും നടത്തി. ക്ഷേത്രപൂജാരിമാരുടെ സാന്നിധ്യത്തിൽ ശ്രീ മഹാകാലിനുമുന്നിൽ കൂപ്പുകൈകളോടെ പ്രാർഥിച്ചു. ആരതിയും പുഷ്പാഞ്ജലിയും അർപ്പിച്ച പ്രധാനമന്ത്രി മന്ത്രങ്ങൾമുഴങ്ങവേ, ഉള്ളിലെ ശ്രീകോവിലിന്റെ തെക്കേമൂലയിലിരുന്നു ധ്യാനിച്ചു. പ്രധാനമന്ത്രി നന്ദിപ്രതിമയ്ക്കരിക‌ിലിരുന്നും കൈകൂപ്പി പ്രാർഥിച്ചു. 

ശ്രീ മഹാകാൽ ലോകിന്റെ സമർപ്പണം അടയാളപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഫലകം അനാച്ഛാദനംചെയ്തു. ക്ഷേത്രത്തിലെ സന്ന്യാസിമാരെ സന്ദർശിച്ച പ്രധാനമന്ത്രി അവരുമായി ഹ്രസ്വസംഭാഷണം നടത്തി. തുടർന്ന്, മഹാകാൽ ലോക് ക്ഷേത്രസമുച്ചയം സന്ദർശിച്ച പ്രധാനമന്ത്രി സപ്തർഷി മണ്ഡലം, മണ്ഡപം, ത്രിപുരാസുരവധം, നവ്ഗഢ് എന്നിവ വീക്ഷിച്ചു. സൃഷ്ടികർമം, ഗണപതിയുടെ ജനനം, സതി, ദക്ഷൻ തുടങ്ങിയ ശിവപുരാണത്തിലെ കഥകളെ അടിസ്ഥാനമാക്കിയുള്ള ചുവർചിത്രങ്ങളും പ്രധാനമന്ത്രി വീക്ഷിച്ചു. തുടർന്ന്, ശ്രീ മോദി സാംസ്കാരികപരിപാടി കാണുകയും മാനസരോവറിലെ മല്ലകാമ്പ പ്രകടനത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്തു. തുടർന്നു ഭാരത് മാതാ ക്ഷേത്രത്തിൽ ദർശനംനടത്തി.

പ്രധാനമന്ത്രിക്കൊപ്പം മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ഉണ്ടായിരുന്നു. 

പശ്ചാത്തലം:  

പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യപ്രദേശിലെ ഉജ്ജയിനിൽ ശ്രീ മഹാകാൽ ലോകിൽ മഹാകാൽ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം നാടിനു സമർപ്പിച്ചു. മഹാകാൽ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം, ലോകോത്തര നിലവാരത്തിലുള്ള ആധുനികസൗകര്യങ്ങൾ ഒരുക്കി ക്ഷേത്രം സന്ദർശിക്കുന്ന തീർഥാടകരുടെ അനുഭവം സമ്പന്നമാക്കാൻ സഹായിക്കും. മുഴുവൻ പ്രദേശത്തെയും തിരക്കുകുറയ്ക്കാനും പൈതൃകമന്ദിരങ്ങളുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും പ്രത്യേക ഊന്നൽ നൽകാനും പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതിപ്രകാരം ക്ഷേത്രപരിസരം ഏകദേശം ഏഴുതവണ വികസിപ്പിക്കും. പദ്ധതിയുടെ ആകെച്ചെലവ് ഏകദേശം 850 കോടിരൂപയാണ്. നിലവിൽ പ്രതിവർഷം 1.5 കോടിയോളം വരുന്ന സന്ദർശകരുടെ എണ്ണം ഇരട്ടിയാകുമെന്നാണു പ്രതീക്ഷിക്കുന്നത്. രണ്ടുഘട്ടങ്ങളിലായാണു പദ്ധതിയുടെ വികസനം ആസൂത്രണം ചെയ്തിരിക്കുന്നത്.

ശിവന്റെ ആനന്ദതാണ്ഡവരൂപത്തെ (നൃത്തരൂപം) ചിത്രീകരിക്കുന്ന 108 സ്തംഭങ്ങൾ (തൂണുകൾ) മഹാകാൽ പാതയിൽ അടങ്ങിയിരിക്കുന്നു. ശിവന്റെ ജീവിതം ചിത്രീകരിക്കുന്ന നിരവധി മതപരമായ ശിൽപ്പങ്ങൾ മഹാകാൽ പാതയിൽ സ്ഥാപിച്ചിട്ടുണ്ട്. സൃഷ്ടികർമം, ഗണപതിയുടെ ജനനം, സതി, ദക്ഷൻ തുടങ്ങിയ ശിവപുരാണ കഥകളെ അടിസ്ഥാനമാക്കിയുള്ളതാണു പാതയിലെ മ്യൂറൽചുവർ. 2.5 ഹെക്ടറിൽ പരന്നുകിടക്കുന്ന പ്രദേശം താമരക്കുളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. കൂടാതെ ശിവപ്രതിമയും ജലധാരകളുമുണ്ട്. നിർമിതബുദ്ധിയുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെ സംയോജിത കമാൻഡ്-കൺട്രോൾ കേന്ദ്രം പരിസരംമുഴുവൻ 24×7 നിരീക്ഷണം നടത്തും.

–ND–