മസൂറി എല്‍.ബി.എസ്.എന്‍.എ.എ. സന്ദര്‍ശനത്തിന്റെ രണ്ടാം നാള് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 92-ാമതു ഫൗണ്ടേഷന് കോഴ്സിലെ 360ലേറെ ഓഫീസര്‍ ട്രെയിനിമാരെ അഭിസംബോധന ചെയ്തു. ഓഫീസര്‍ ട്രെയിനികള്‍ 17 സിവില്‍ സര്‍വീസുകളിലും റോയല്‍ ഭൂട്ടാന് സിവില്‍ സര്‍വീസസിലെ മൂന്നു സര്‍വീസുകളിലും പെടുന്നവരാണ്. ഞാന്‍ എന്തുകൊണ്ട് സിവില്‍ സര്‍വീസില്‍ ചേര്‍ന്നു, പാര്‍പ്പിടം, വിദ്യാഭ്യാസം, സമഗ്ര ഗതാഗത സംവിധാനങ്ങള്‍, പോഷകാഹാരക്കുറവ്, ഖരമാലിന്യം കൈകാര്യം ചെയ്യല്‍, നൈപുണ്യവികസനം, ഡിജിറ്റല്‍ ഇടപാടുകള്‍, ഏക ഭാരതം-ശ്രേഷ്ഠ ഭാരതം, ന്യൂ ഇന്ത്യ-2022 തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള ഉപന്യാസങ്ങളെക്കുറിച്ച് ഓഫീസര്‍ ട്രെയിനികള്‍ നടത്തിയ അവതരണങ്ങള്ക്കുശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
സ്വച്ഛ് ഭാരത് ദൗത്യത്തെക്കുറിച്ചുള്ള ആശയങ്ങളും ഓഫീസര്‍ ട്രെയിനികള്‍ അവതരിപ്പിച്ചു.
നടത്തിയ അവതരണങ്ങളെ അഭിനന്ദിച്ചുകൊണ്ടാണു പ്രധാനമന്ത്രി ഓഫീസര്‍ ട്രെയിനികളെ അഭിസംബോധന ചെയ്തത്. ഇവിടെ അവതരിപ്പിക്കപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇന്ത്യാ ഗവണ്മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആഴത്തില്‍ പഠിക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. അവരുടെ നിരീക്ഷണങ്ങളും പ്രതികരണങ്ങളും ഫൗണ്ടേഷന് കോഴ്സ് തീരുംമുമ്പ് ഓഫീസര്‍ ട്രെയിനികളുമായി പങ്കുവെക്കപ്പെടുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പരിശീലനം തീരുന്ന മുറയ്ക്ക് ജീവിതം എങ്ങനെ ആസൂത്രണം ചെയ്യണമെന്നതു സംബന്ധിച്ച സൂചനകള്‍ നല്കിയ പ്രധാനമന്ത്രി, തങ്ങള്‍ക്കു ചുറ്റുമുള്ള ജനങ്ങളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും ഉദ്ബോധിപ്പിച്ചു. പുസ്തകങ്ങളില്‍നിന്നു ലഭിക്കുന്ന അറിവ് തെറ്റായ വഴി പിന്തുടരുന്നതില്നിന്നു തടയുമെങ്കിലും വിജയത്തിലേക്കു നയിക്കുക ജനങ്ങളുമായും ഒപ്പം പ്രവര്‍ത്തിക്കുന്നവരുമായും സ്ഥാപിക്കുന്ന നല്ല ബന്ധം ആയിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നയങ്ങള്‍ വിജയകരമായി നടപ്പാക്കുന്നതിനു ജനപിന്തുണയ്ക്കുള്ള പ്രസക്തി ചൂണ്ടിക്കാട്ടിയാണു പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നത്.
സ്വാതന്ത്ര്യത്തിനുമുമ്പ് സിവില്‍ സര്‍വീസിന്റെ ഉദ്ദേശ്യം ബ്രിട്ടീഷ് ഭരണം സംരക്ഷിക്കുക എന്നതായിരുന്നു എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍, ഇപ്പോള്‍ സിവില്‍ സര്‍വീസസിന്റെ ഉദ്ദേശ്യം ജനങ്ങളുടെ അഭിവൃദ്ധിയും ക്ഷേമവുമാണ്. സിവില്‍ സര്‍വന്റുകള്‍ ഈ ലക്ഷ്യങ്ങള്‍ നിറവേറ്റുകയാണെങ്കില്‍ ഗവണ്മെന്റ് സംവിധാനങ്ങളും ജനങ്ങളും തമ്മിലുള്ള വിടവു നികത്താന്‍ സാധിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
സിവില്‍ സെര്വന്റുകളുടെ രഹസ്യസ്വഭാവം നീക്കാനും കൂട്ടംചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ആവേശം ജനിപ്പിക്കാനും മസൂറിയില്‍ ആദ്യഘട്ടത്തില്‍ ലഭിക്കുന്ന പരിശീലനം സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫൗണ്ടേഷന് കോഴ്സിനിടെ ഓഫീസര്‍ ട്രെയിനികള്‍ നടത്തുന്ന കാല്നടയാത്രയെക്കുറിച്ചു സൂചിപ്പിച്ച പ്രധാനമന്ത്രി, ഈ യാത്രയില്‍നിന്നുള്ള പാഠങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാനും നേതൃത്വശേഷി വികാസത്തിനുമൊക്കെ ഉപയോഗപ്പെടുത്താനും അവ ഔദ്യോഗിക ജീവിതത്തില്‍ ഉപയോഗപ്പെടുത്താനും അഭ്യര്‍ഥിച്ചു.
സാമൂഹികപ്രസ്ഥാനങ്ങള്‍ക്കു ജനാധിപത്യത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ഇതിനുള്ള ഉല്പ്രേരകങ്ങളായിത്തീരാന് സിവില്‍ സര്‍വീസിനു സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ നടന്ന സാംസ്കാരിക പരിപാടിയില്‍ ഓഫീസര്‍ ട്രെയിനികള്‍ അവതരിപ്പിച്ച വൈഷ്ണവ് ജന്‍ എന്ന ഭക്തിഗാനത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഈ ഗാനത്തിന്റെ സാഹിത്യത്തെക്കുറിച്ചു ചിന്തിക്കാന്‍ തയ്യാറാകണമെന്നും വൈഷ്ണവ് ജന്‍ എന്ന വാക്കുകള്‍ക്കുപകരം സിവില്‍ സെര്‍വന്റ് എന്ന വാക്കുകള്‍ പ്രയോഗിക്കണമെന്നും അഭ്യര്‍ഥിച്ചു.
അജ്ഞാതനാണെന്നതാണ് സിവില്‍ സെര്‍വന്റിന്റെ ഏറ്റവും വലിയ കരുത്തെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അശോകമുദ്രയില് കാണാതെ കിടക്കുന്ന നാലാമത്തെ സിംഹത്തോടു സിവില്‍ സര്‍വീസിനെ ഉപമിച്ച അദ്ദേഹം, അസാന്നിധ്യത്തിലും ആ സിഹം സാന്നിധ്യം അറിയിക്കുന്നുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.
യാത്രയെന്നതു മഹത്തായ ഒരു ഇന്ത്യന്‍ പാരമ്പര്യമാണെന്നും യാത്ര ചെയ്യുന്നതും ജനങ്ങളുമായി ഇടപഴകുന്നതും വലിയ പഠനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമനം ലഭിച്ചുകഴിഞ്ഞാല്‍ ആ പ്രദേശം മുഴുവന്‍ ചുറ്റിസഞ്ചരിക്കാന്‍ ഓഫീസര്‍ ട്രെയിനികളോട് അദ്ദേഹം ആഹ്വാനംചെയ്തു.
തൊഴില്‍ എന്ന ലക്ഷ്യത്തോടെയാണ് എല്‍.ബി.എന്‍.എസ്.എ.എയില്‍ എത്തിയതെങ്കില്‍ ഇന്ത്യയിലെ ജനങ്ങളെ സേവിക്കുക എന്ന ദൗത്യമെന്ന ചിന്തയിലേക്കു സ്വയം മാറണമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതായിരിക്കണം ഭാവിയില്‍ ഉദ്യോഗത്തില്‍ തുടരുമ്പോള്‍ ജീവിതലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിമാലയത്തിന്റെ പശ്ചാത്തലത്തിലുള്ള അക്കാദമിയുടെ പുല്‍ത്തകിടിയില്‍ ഓഫീസര്‍ ട്രെയിനകള്ക്കൊപ്പം രാവിലെ പ്രധാനമന്ത്രി യോഗാസനത്തില് ഏര്‍പ്പെട്ടു.
പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിനും 200 മീറ്റര്‍ വിവിധോദ്ദേശ്യ സിന്തറ്റിക് അത്ലറ്റിക് ട്രാക്കിനും അദ്ദേഹം തറക്കല്ലിട്ടു.
അക്കാദമിയിലെ ബാലവാടിയിലെത്തിയ പ്രധാനമന്ത്രി കുട്ടികള്‍ക്കൊപ്പം ഇടപഴകി. ജിംനേഷ്യവും മറ്റു സൗകര്യങ്ങളുംകൂടി അദ്ദേഹം സന്ദര്‍ശിച്ചു.