എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്കാരം.
കൊറോണ നമ്മുടെ എല്ലാവരുടെയും ക്ഷമയെയും സഹിഷ്ണുതയുടെ പരിമിതികളെയും പരീക്ഷിക്കുന്ന ഒരു സമയത്താണ് ‘മന് കി ബാത്തിലൂടെ’ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. നമ്മുടെ പ്രിയപ്പെട്ടവര്‍ പലരും നമ്മളെ അകാലത്തില്‍ വേർപിരിഞ്ഞു. കൊറോണയുടെ ആദ്യ തരംഗത്തെ വിജയകരമായി നേരിട്ടതിനെ തുടര്‍ന്ന് രാജ്യത്ത് ആവേശവും ആത്മവിശ്വാസവും നിറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് ഈ കൊടുങ്കാറ്റ് രാജ്യത്തെ നടുക്കിയിരിക്കുകയാണ്.
സുഹൃത്തുക്കളേ, ഈ പ്രതിസന്ധിയെ നേരിടാന്‍, വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരുമായി കഴിഞ്ഞ ദിവസങ്ങളില്‍ ഞാന്‍ ഒരു നീണ്ട ചര്‍ച്ച നടത്തിയിരുന്നു. നമ്മുടെ മരുന്ന് വ്യവസായ മേഖലയിലെ ആളുകള്‍, വാക്സിന് നിര്‍മ്മാതാക്കള്‍, ഓക്സിജന്‍ ഉല്പാദനത്തില് ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍, മെഡിക്കല്‍ മേഖലയിലെ വിദഗ്ധര്‍ എന്നിവരോടൊക്കെ ചര്‍ച്ച നടത്തി. അവര്‍ ചില സുപ്രധാന നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ സമയത്ത്, ഈ യുദ്ധത്തില്‍ വിജയിക്കാന്‍, നാം ഈ വിദഗ്ധരുടെ ശാസ്ത്രീയ ഉപദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ ഭാരത സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏര്‍പ്പെട്ടിരിക്കുന്നു. സംസ്ഥാന സര്‍ക്കാരുകളും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പരമാവധി ശ്രമിക്കുന്നു.
സുഹൃത്തുക്കളേ, രാജ്യത്തെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഇപ്പോള്‍ കൊറോണയ്ക്കെതിരെ ഒരു വലിയ പോരാട്ടത്തിലാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍, ഈ രോഗത്തെക്കുറിച്ച് അവര്‍ക്ക് വളരെയധികം അനുഭവപരിചയം ഉണ്ടായിട്ടുണ്ട്. പ്രശസ്ത ഡോക്ടര്‍ ശശാങ്ക് ജോഷി ഇപ്പോള്‍ മുംബൈയില്‍ നിന്ന് നമ്മോടൊപ്പം ചേരുന്നു. കൊറോണ ചികിത്സയിലും അനുബന്ധ ഗവേഷണത്തിലും ഡോ. ശശാങ്ക് ജോഷിക്ക് ധാരാളം അനുഭവങ്ങളുണ്ട്. ഇന്ത്യന്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ ഡീന്‍ കൂടിയാണ് അദ്ദേഹം. ഡോക്ടര്‍ ശശാങ്കുമായി നമുക്ക് സംസാരിക്കാം.
മോദി ജി : ഹലോ ഡോ. ശശാങ്ക്.
ഡോ. ശശാങ്ക് : നമസ്കാര്‍ സര്.
മോദി ജി : കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താങ്കളോട് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചുവല്ലോ. താങ്കളുടെ ആശയങ്ങളുടെ വ്യക്തത ഞാന്‍ ഇഷ്ടപ്പെട്ടു. രാജ്യത്തെ എല്ലാ പൗരന്മാരും താങ്കളുടെ കാഴ്ചപ്പാടുകള്‍ അറിയണമെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ കേട്ട ചില കാര്യങ്ങള്‍ ഒരു ചോദ്യമായി താങ്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാം. ഡോ. ശശാങ്ക്, താങ്കള്‍ നിലവില്‍ രാവും പകലും ജീവന് രക്ഷിക്കാനുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. രണ്ടാമത്തെ തരംഗത്തെക്കുറിച്ച് താങ്കള്‍ ആളുകളോട് പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. വൈദ്യശാസ്ത്രപരമായി, ഇത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു, എന്ത് മുന്‍കരുതലുകള്‍ ആവശ്യമാണ് ?
ഡോ. ശശാങ്ക് : നന്ദി സര്, ഇത് രണ്ടാമത്തെ തരംഗമാണ്. ഇത് വേഗത്തില്‍ വന്നു. ആദ്യ തരംഗത്തേക്കാള്‍ വേഗത്തില്‍ ഇത് പ്രവര്‍ത്തിക്കുന്നു. പക്ഷേ. ഒരു നല്ല കാര്യം എന്താണെന്ന് വച്ചാല്‍ ഇതില്‍ രോഗമുക്തിയും വേഗത്തില്‍ ആണ് എന്നതാണ്. മരണനിരക്കും വളരെ കുറവാണ്. ഇതില്‍ രണ്ട് മൂന്ന് വ്യത്യാസങ്ങളുണ്ട്, ഒന്നാമതായി ഇത് യുവാക്കളിലും കുട്ടികളിലും രോഗതീവ്രത കുറവാണ് കാണിക്കുന്നത്. മുമ്പത്തെ അതേ ലക്ഷണങ്ങള്‍ – ശ്വാസോച്ഛ്വാസത്തിനു തടസ്സം, വരണ്ട ചുമ, പനി, എല്ലാം ഇതിലുമുണ്ട്. ഒപ്പം മണം, രുചി എന്നിവ ഇല്ലാതെയാകുക തുടങ്ങിയവയുമുണ്ട്. ആളുകള്‍ ഭയപ്പെടുന്നു. ഭയപ്പെടേണ്ട ആവശ്യമില്ല. 80-90 ശതമാനം ആളുകള്‍ക്ക് ലക്ഷണങ്ങളൊന്നും കാണുന്നില്ല. ഈ മ്യൂട്ടേഷന് എന്ന് പറയന്നതിനെ കുറിച്ച് ആലോചിച്ച് പരിഭ്രാന്തി ഉണ്ടാവേണ്ട കാര്യമില്ല. നാം വസ്ത്രങ്ങള്‍ മാറ്റുന്നത് പോലെ വൈറസും അതിന്റെ നിറം മാറ്റുന്നു. അതാണ് മ്യൂട്ടേഷന്. അതിനാല്‍ ഭയപ്പെടേണ്ട , മാത്രമല്ല നാം ഈ തരംഗത്തെ മറികടക്കും. തരംഗങ്ങള്‍ വരും, പോകും വൈറസും വന്നു പോകും. പക്ഷെ, വൈദ്യശാസ്ത്രപരമായി നാം ജാഗ്രത പാലിക്കണം. 14 മുതല്‍ 21 ദിവസത്തെ ഒരു കോവിഡ് ടൈം ടേബിള്‍ ആണ് ഇത്. അതിനായി ഡോക്ടറോട് കൂടിയാലോചിക്കണം.
മോദി ജി : ഡോ. ശശാങ്ക്, താങ്കള്‍ എന്നോട് പറഞ്ഞ ഈ വിശകലനം വളരെ രസകരമായി. എനിക്ക് ധാരാളം കത്തുകള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ആളുകള്‍ക്ക് ചികിത്സയെക്കുറിച്ച് നിരവധി സംശയങ്ങളുണ്ട്. ചില മരുന്നുകള്‍ക്ക് ആവശ്യം വളരെ ഉയര്‍ന്നതാണ്. അതിനാല്‍ ആളുകളുടെ അറിവിലേക്ക് ഇതിന്റെ ചികിത്സയെക്കുറിച്ചും പറയൂ.
ഡോ. ശശാങ്ക് : അതെ സര്, ക്ലിനിക്കല്‍ ചികിത്സ ആളുകള്‍ വളരെ വൈകി ആരംഭിക്കുകയും അതുകൊണ്ടു തന്നെ സ്വയം രോഗത്താല്‍ അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നു. പലരും പല വിശ്വാസത്തിലാണ് ജീവിക്കുന്നത്. കൂടാതെ, മൊബൈലില്‍ വരുന്ന കാര്യങ്ങളിലും വിശ്വസിക്കുന്നു. സര്‍ക്കാര്‍ നല്കുന്ന വിവരങ്ങള്‍ പിന്തുടരുകയാണെങ്കില് ഈ ബുദ്ധിമുട്ടുകളൊന്നും നാം അഭിമുഖീകരിക്കുകയില്ല. അതിനാല്‍ മനസ്സിലാക്കേണ്ടത് കോവിഡിന് ഒരു ക്ലിനിക് ട്രീറ്റ്മെന്റ് പ്രോട്ടോക്കോള്‍ ഉണ്ട്. അതില്‍ മൂന്ന് തരത്തിലുള്ള തീവ്രതയുണ്ട്, തീവ്രതയില്ലാത്ത കോവിഡ്, മിതമായ കോവിഡ്, ശക്തമായ കോവിഡ് . തീവ്രതയില്ലാത്ത കോവിഡില്‍, ഞങ്ങള്‍ ഓക്സിജന്‍ നിരീക്ഷണം പള്‍സ് നിരീക്ഷണം, പനി നിരീക്ഷിക്കല്‍ എന്നിവ നടത്തുന്നു. പനി വര്‍ദ്ധിക്കുകയാണെങ്കില്‍ ചിലപ്പോള്‍ പാരസെറ്റമോള്‍ പോലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നു.തീവ്രതയില്ലാത്ത കോവിഡ്, മിതമായ കോവിഡ്, ശക്തമായ കോവിഡ് ഇവ ഏതു തന്നെ ആയാലും ഡോക്ടറുമായി ബന്ധപ്പെടണം. ശരിയായതും ചെലവുകുറഞ്ഞതുമായ മരുന്നുകള്‍ ലഭ്യമാണ്. ഇതിന് സ്റ്റിറോയിഡുകള്‍ ഉണ്ട്. അവക്ക് ജീവന് രക്ഷിക്കാന്‍ കഴിയും. നമുക്ക് ഇന്‍ഹേലറുകള്‍ നല്കാന് കഴിയും, ടാബ്ലെറ്റ് നല്കാന് കഴിയും, അതോടൊപ്പം ചിലപ്പോള്‍ പ്രാണവായുവായ ഓക്സിജനും നല്‍കേണ്ടതുണ്ട്. ഇതിന് ചെറിയ ചികിത്സയാണ് ഉള്ളത്. പക്ഷേ, പലപ്പോഴും എന്താണ് സംഭവിക്കുന്നത്. ഇപ്പോള്‍ റെംഡെസിവിർ എന്ന പേരില്‍ ഒരു പുതിയ പരീക്ഷണ മരുന്ന് ഉണ്ട്. ഈ മരുന്ന് ഉപയോഗിച്ചാല്‍ ഉറപ്പുള്ള ഒരു കാര്യം ആശുപത്രി വാസം രണ്ട് മൂന്ന് ദിവസം കുറയ്ക്കാം എന്നതാണ്. അത് പോലെ ക്ലിനിക്കൽ റിക്കവറിയിലും സഹായകമാകുന്നുണ്ട് . ഈ മരുന്ന് പ്രവര്‍ത്തന യോഗ്യമാകുന്നത് തന്നെ ആദ്യത്തെ 9-10 ദിവസങ്ങളില്‍ അത് നല്‍കുമ്പോഴാണ്. അഞ്ച് ദിവസത്തേക്ക് മരുന്ന് നല്‍കണം. ആയതിനാല്‍ റെംഡെസിവിറിനു വേണ്ടിയുള്ള ആളുകളുടെ ഈ പരക്കം പാച്ചില്‍ ഒഴിവാക്കണം. ഇത് മരുന്നിന്റെ കാര്യം. ഇനി ഓക്സിജന്‍ വേണ്ടവര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം ഡോക്ടര്‍ നിങ്ങളോട് പറയുമ്പോള്‍ മാത്രമേ ഓക്സിജന്‍ എടുക്കാവൂ. അതിനാല്‍ എല്ലാ ആളുകളെയും ഇവയെല്ലാം മനസ്സിലാക്കിക്കേണ്ടത് വളരെ പ്രധാനമാണ്. നാം പ്രാണായാമം ചെയ്യും, ശരീരത്തിലെ ശ്വാസകോശം അല്പം വികസിപ്പിക്കുകയും ചെയ്യും. രക്തം കട്ടി പിടിക്കാതിരിക്കാന്‍ നമ്മള് ഇഞ്ചക്ഷന് നല്കുന്നു. ഹെപ്പാരിൻ പോലുള്ളവ. ഇങ്ങനെയുള്ള ചെറിയ മരുന്നുകള്‍ നല്കുുമ്പോള് തന്നെ 98% ആളുകളും സുഖം പ്രാപിക്കുന്നു. ഇവിടെ ഗുണപരമായി ചിന്തിക്കുന്നത് വളരെ പ്രധാനമാണ്.
ഡോക്ടറുടെ ഉപദേശത്തോടെ ചികിത്സാ പ്രോട്ടോക്കോള്‍ തേടേണ്ടത് വളരെ പ്രധാനമാണ്. ഈ വിലയേറിയ മരുന്നിനു പിന്നാലെ ഓടേണ്ട ആവശ്യമില്ല. നമുക്ക് നല്ല ചികിത്സയുണ്ട്, പ്രാണവായുവായ ഓക്സിജനുണ്ട്. വെന്റിലേറ്ററിന്റെ സൗകര്യവുമുണ്ട്. എല്ലാം ഉണ്ട് . ഇനി ഇത്തരത്തിലുള്ള മരുന്ന് കിട്ടിയാല്‍ തന്നെ അത് അര്‍ഹതയുള്ളവര്‍ക്കെ നല്‍കാവൂ. അതിനെ സംബന്ധിച്ച് വളരെയധികം ആശയക്കുഴപ്പമുണ്ട്. അതിനാല്‍ ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നത് നമുക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉണ്ട്. ഇന്ത്യയ്ക്ക് മികച്ച രോഗമുക്തി നിരക്ക് ഉണ്ടെന്ന് നമുക്ക് കാണാന്‍ കഴിയും. നിങ്ങള്‍ ഇത് യൂറോപ്പുമായോ അമേരിക്കയുമായോ താരതമ്യപ്പെടുത്തിയാല്‍, അവരില്‍ നിന്നൊക്കെ നമ്മുടെ ചികിത്സാ പ്രോട്ടോക്കോളില്‍ നിന്ന് മാത്രം രോഗികള്‍ സുഖം പ്രാപിക്കുന്നുണ്ടെന്നു കാണാം.
മോദി ജി : വളരെ നന്ദി ഡോ. ശശാങ്ക്. ഡോ. ശശാങ്ക് നമുക്ക് നല്കിയ വിവരങ്ങള്‍ വളരെ പ്രധാനമാണ്, അത് നമുക്കെല്ലാവര്‍ക്കും ഉപയോഗപ്രദമാകും.
സുഹൃത്തുക്കളേ, നിങ്ങളോട് എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ക്ക് എന്തെങ്കിലും വിവരങ്ങള്‍ വേണമെങ്കില്‍, മറ്റെന്തെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കില്‍, ശരിയായ ഉറവിടത്തില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടുക. നിങ്ങളുടെ കുടുംബ ഡോക്ടറുമായി ബന്ധപ്പെടുക. അല്ലെങ്കില്‍ അടുത്തുള്ള ഡോക്ടര്‍മാരേ ഫോണിലൂടെ ബന്ധപ്പെടുക.നമ്മുടെ ഡോക്ടര്‍മാരില്‍ പലരും ഈ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായി ഞാന്‍ കാണുന്നു. നിരവധി ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയ വഴി ആളുകള്‍ക്ക് വിവരങ്ങള്‍ നല്കുന്നു. ഫോണിലൂടെ, വാട്ട്സ്ആപ്പിലൂടെ കൗണ്‍സിലിംഗ് ചെയ്യുന്നു. നിരവധി ആശുപത്രി വെബ്സൈറ്റുകളുണ്ട്, അവിടെ വിവരങ്ങളും ലഭ്യമാണ്, അവിടെ നിങ്ങള്‍ക്ക് ഡോക്ടര്‍മാരെ സമീപിക്കാം. ഇത് വളരെ പ്രശംസനീയമാണ്.
ഇനി ശ്രീനഗറില്‍ നിന്ന് ഡോക്ടര്‍ നവീദ് നസീര്‍ ഷാ നമ്മോടൊപ്പം ചേരുന്നു. ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രൊഫസറാണ് ഡോ. നവീദ്. ഡോ. നവീദ് തന്റെ മേല്‍നോട്ടത്തില്‍ നിരവധി കൊറോണ രോഗികളെ സുഖപ്പെടുത്തിയിട്ടുണ്ട്. ഡോ. നവിദും ഈ വിശുദ്ധ റമദാന് മാസത്തില്‍ തന്റെ ജോലി ചെയ്യുന്നുണ്ട്. അതോടൊപ്പം നമ്മളോട് സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
മോദി ജി : നവീദ് ജി ഹലോ.
ഡോ. നവീദ് : ഹലോ സര്.
മോദി ജി : ഡോ. നവീദ്, മന് കി ബാത്തിന്റെ ശ്രോതാക്കള്‍ ഈ വിഷമഘട്ടത്തില്‍ അവരുടെ പരിഭ്രാന്തിയെക്കുറിച്ചുള്ള ചോദ്യം പങ്ക് വച്ചിട്ടുണ്ട്. താങ്കള്‍ എങ്ങനെ അനുഭവത്തില്‍ നിന്ന് ഉത്തരം നല്‍കും?
ഡോ. നവീദ് : കൊറോണ ആരംഭിച്ചപ്പോള്‍ നോക്കൂ, കശ്മീരില്‍ കോവിഡ് ആശുപത്രിയായി രൂപകല്‍പ്പന ചെയ്ത ആദ്യത്തെ ആശുപത്രി ഞങ്ങളുടെ സിറ്റി ഹോസ്പിറ്റല്‍ ആയിരുന്നു. അത് മെഡിക്കല്‍ കോളെജിനു കീഴില്‍ ആണ് വരുന്നത് അക്കാലത്ത് അവിടെയൊക്കെ ഭയത്തിന്റെ അന്തരീക്ഷമുണ്ടായിരുന്നു. ഒരാള്‍ക്ക് കോവിഡ് അണുബാധയുണ്ടായാല്‍ അത് വധശിക്ഷയായി കണക്കാക്കുന്ന സാഹചര്യമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാര്‍, പാരാ മെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്കിടയിലും ഭയപ്പെടുത്തുന്ന അന്തരീക്ഷമായിരുന്നു. ജോലി ചെയ്യാനും ഈ രോഗികളെ അഭിമുഖീകരിക്കാനും അവര്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് മനസ്സിലായ കാര്യം എന്താണെന്ന് വച്ചാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ യഥാവിധി പാലിച്ചാല്‍ നമുക്കും സുരക്ഷിതരാകാം, നമ്മുടെ സ്റ്റാഫും സുരക്ഷിതരകും എന്നാണ്. പിന്നീട് രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളുമില്ലാതെ വന്ന രോഗികളെയും ഞങ്ങള്‍ കണ്ടു. 90-95% രോഗികളും മരുന്നുകളില്ലാതെ സുഖം പ്രാപിക്കുന്നതാണ് ഞങ്ങള്‍ കണ്ടത്. നാളുകള്‍ കടന്നുപോകുന്തോറും ആളുകളില്‍ കൊറോണയെക്കുറിച്ചുള്ള ഭയം വളരെയധികം കുറഞ്ഞു. ഇനി ഇപ്പോഴത്തെ കാര്യമെടുത്താല്‍, ഇപ്പോള്‍ വന്നിരിക്കുന്ന ഈ രണ്ടാം തരംഗം- ഇതിനെയും നാം പേടിക്കേണ്ടതില്ല. ഇപ്പോഴും ശരിയായ രീതിയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും നടപ്പില്‍ വരുത്തുകയും അതായത് മാസ്ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക, സാമൂഹിക ഒത്തുചേരല്‍ ഒഴിവാക്കുക എന്നിവ നടപ്പിലാക്കിയാല്‍ നമുക്ക് നമ്മുടെ ദൈനംദിന ജോലികള്‍ ഭംഗിയായി നിര്‍വഹിക്കാനും കഴിയും. കൂടാതെ രോഗം പകരാതെ സംരക്ഷണവും കിട്ടും.
മോദി ജി : വാക്സിന് സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ നിരവധി സംശയങ്ങളുണ്ട്, വാക്സിനില്‍ നിന്ന് എത്രത്തോളം സംരക്ഷണം നേടാം, വാക്സിനെടുത്തതിനു ശേഷം എത്രത്തോളം സുരക്ഷ ഉറപ്പ് നല്‍കാം? ഇതിനെക്കുറിച്ച് കൂടി പറയുകയാണെങ്കില്‍ അത് ശ്രോതാക്കള്‍ക്ക് വളരെയധികം പ്രയോജനം ചെയ്യും.
ഡോ. നവീദ് : കൊറോണ അണുബാധ പടര്‍ന്നു പിടിച്ച അന്ന് മുതല്‍ ഇന്നുവരെ കോവിഡ് 19 ന് ഫലപ്രദമായ ചികിത്സ ലഭ്യമായിട്ടില്ല. രണ്ടു കാര്യങ്ങളിലൂടെ മാത്രമാണ് ഈ രോഗത്തെ നമുക്ക് നേരിടാന്‍ കഴിയുന്നത്. ഒന്ന് നമ്മള് നേരത്തെ പറഞ്ഞത് പോലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നതാണ്. ഫലപ്രദമായ വാക്സിന് എടുക്കുന്നതിലൂടെ ഈ രോഗത്തില്‍ നിന്നും മുക്തി ലഭിക്കുമെന്ന് ഞങ്ങള്‍ ആദ്യമേ പറഞ്ഞിരുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടില്‍ രണ്ടു വാക്സിന് ലഭ്യമാണ്. കോവാക്സിനും കോവിഷീല്‍ഡും. ഇത് രണ്ടും നമ്മുടെ നാട്ടില്‍ തന്നെ നിര്‍മ്മിച്ചതാണ്. കമ്പനികള്‍ നടത്തിയ പരീക്ഷണങ്ങള്‍ അനുസരിച്ച് ഇതിന്റെ ഫലപ്രാപ്തി 60 ശതമാനത്തിലും കൂടുതലാണ് .നമ്മുടെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്മീരില്‍ ഏകദേശം 15 മുതല്‍ 16 ലക്ഷം വരെ ആള്ക്കാര് വാക്സിന് സ്വീകരിച്ചു കഴിഞ്ഞു . സോഷ്യല്‍ മീഡിയകളില്‍ വാക്സിനെ കുറിച്ച് നിരവധി തെറ്റിദ്ധാരണകളും മിഥ്യാ ധാരണകളും പരക്കുന്നുണ്ട് എന്നത് വാസ്തവമാണ് – വാക്സിന് സൈഡ് ഇഫക്ട് ഉണ്ട് തുടങ്ങിയവ. എന്നാല്‍ ഇന്ന് വരെ ഇവിടെ നിന്ന് വാക്സിന് എടുത്ത ആര്‍ക്കും സൈഡ് ഇഫക്ട് ഉള്ളതായി കണ്ടില്ല. സാധാരണ വാക്സിന് എടുക്കുമ്പോള്‍ ഉണ്ടാകുന്ന പനി, ശരീര വേദന, വാക്സിന് എടുത്ത ഭാഗത്തുള്ള വേദന തുടങ്ങിയവ മാത്രമാണ് ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്. പ്രതികൂല ഫലങ്ങള്‍ ഒന്നും തന്നെ ഇത് വരെ കണ്ടില്ല. വാക്സിനേഷന് ശേഷം കോവിഡ് പോസിറ്റാവായാല്‍ എന്താകും എന്ന ആശങ്ക ആളുകളുടെ ഇടയില്‍ ഉണ്ടായിരുന്നു. കമ്പനിയുടെ ഗൈഡ് ലൈനില്‍ തന്നെ പറയുന്നത് വാക്സിനേഷന് എടുത്ത ആള്‍ക്ക് അതിനു ശേഷം ഇന്ഫെക്ഷന് ഉണ്ടായാല്‍ അയാള്‍ കോവിഡ് പോസിറ്റീവ് ആകാം എന്നാണ്. പക്ഷെ, രോഗത്തിന്റെ തീവ്രത അയാളില്‍ കുറഞ്ഞിരിക്കും. അയാള്‍ പോസിറ്റീവ് ആയാലും രോഗം കാരണം ജീവഹാനി ഉണ്ടാകില്ല. അതിനാല്‍ വാക്സിനേഷനെക്കുറിച്ചുള്ള ഈ തെറ്റിദ്ധാരണകള്‍ എന്തുതന്നെയായാലും അവ നമ്മുടെ മനസ്സില്‍ നിന്ന് നീക്കം ചെയ്യണം. മെയ് 1 മുതല്‍ നമ്മുടെ രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി വാക്സിന് പ്രോഗ്രാം ആരംഭിക്കും. ആളുകളോട് അഭ്യര്‍ത്ഥിക്കാനുള്ളത് ഇതാണ്, വാക്സിന് എടുക്കൂ, സ്വയം സുരക്ഷിതരാകൂ. തന്മൂലം കോവിഡ് 19 ന്റെ അണുബാധയില്‍ നിന്നും നാമും നമ്മുടെ സമൂഹവും സംരക്ഷിക്കപ്പെടും.
മോദി ജി : വളരെ നന്ദി ഡോ. നവീദ്, വിശുദ്ധ റമദാന് മാസത്തിന്റെ ആശംസകള്‍.
ഡോ. നവീദ് : വളരെ നന്ദി.
മോദി ജി: സുഹൃത്തുക്കളേ, കൊറോണയുടെ ഈ പ്രതിസന്ധിയില്‍, വാക്സിനുകളുടെ പ്രാധാന്യം എല്ലാവര്ക്കും മനസ്സിലായിട്ടുണ്ടാകും. അതിനാല്‍ വാക്സിനിനെക്കുറിച്ച് ഒരു തരത്തിലുള്ള മിഥ്യാ ധാരണയിലും അകപ്പെടരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സൗജന്യ വാക്സിന് എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇന്ത്യാ ഗവണ്മെന്റ് അയച്ചിട്ടുണ്ടെന്നും നിങ്ങള്‍ക്കറിയാം. 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. ഇപ്പോള്‍ മെയ് 1 മുതല്‍ രാജ്യത്ത് 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് ലഭ്യമാകും. ഇപ്പോള്‍ രാജ്യത്തെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും അവരുടെ ജീവനക്കാര്‍ക്ക് വാക്സിന് നല്‍കാനുള്ള പ്രചാരണത്തില്‍ പങ്കെടുക്കാന്‍ കഴിയും. ഇന്ത്യാ സര്‍ക്കാരില്‍ നിന്ന് സൗജന്യ വാക്സിന് നല്കുന്ന പദ്ധതി ഇപ്പോഴും നടക്കുന്നുണ്ടെന്നും അത് തുടരുമെന്നും ഞാന്‍ പറയട്ടെ. ഇന്ത്യാ ഗവണ്മെന്റിന്റെ ഈ സൗജന്യ വാക്സിന് വിതരണത്തിന്റെ ആനുകൂല്യങ്ങള്‍ കഴിയുന്നത്ര ആളുകള്‍ക്ക് നല്‍കണമെന്ന് ഞാന്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
സുഹൃത്തുക്കളേ, രോഗാവസ്ഥയില്‍ നമ്മളെയും കുടുംബങ്ങളെയും പരിപാലിക്കുന്നത് മാനസികമായി എത്രത്തോളം ബുദ്ധിമുട്ടാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷേ, നമ്മുടെ ആശുപത്രികളിലെ നഴ്സിംഗ് സ്റ്റാഫ് ഒരേസമയം നിരവധി രോഗികളെ ശുശ്രൂഷിക്കുന്നു. ഇവരുടെ സേവനം നമ്മുടെ സമൂഹത്തിന്റെ വലിയ ശക്തിയാണ്. തങ്ങള്‍ ചെയ്യുന്ന സേവനത്തെക്കുറിച്ചും നഴ്സിംഗ് സ്റ്റാഫിന്റെ കഠിനാധ്വാനത്തെക്കുറിച്ചും ഏറ്റവും നന്നായി പറയാന്‍ കഴിയുന്നത് ഒരു നഴ്സിന് തന്നെയാണ്. അതുകൊണ്ടാണ് ഞാന്‍ റായ്പൂരിലെ ഡോ. ബീ.ആര്. അംബേദ്കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്ന ശ്രീമതി ഭാവ്ന ധ്രുവ് ജിയെ ‘മന് കി ബാത്തിലേക്ക്’ക്ഷണിച്ചത്. അവര്‍ എന്നും നിരവധി കൊറോണ രോഗികളെ പരിചരിക്കുന്നുണ്ട്. വരൂ! അവരോട് സംസാരിക്കാം.
മോദി ജി: നമസ്കാര്‍ ഭാവന ജി!
ഭാവനാ: ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നമസ്കാര്‍!
മോദീ ജീ : ഭാവ്നാജീ, താങ്കള്‍ക്കും കുടുംബത്തില്‍ നിരവധി ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഉണ്ട് , അതിനിടയിലും താങ്കള്‍ നിരവധി കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നു. കൊറോണ രോഗികളുമായി ഇടപെടുന്ന താങ്കളുടെ അനുഭവത്തെക്കുറിച്ചറിയാന് ഏവരും തീര്‍ച്ചയായും ആഗ്രഹിക്കുന്നു. രോഗിയുമായി ഏറ്റവും അടുപ്പമുള്ളവരും ഏറ്റവും കൂടുതല്‍ സമയം അവരോടു അടുത്ത് ഇടപഴകുന്നവരും നഴ്സുമാര്‍ ആണല്ലോ അതുകൊണ്ട് നിങ്ങള്‍ക്ക് എല്ലാം വളരെ അടുത്തറിയാന്‍ കഴിയും. പറയൂ.
ഭാവനാ : സര് കോവിഡ് ചികിത്സാ രംഗത്ത് എന്റെ ആകെ എക്സ്പീരിയന്‍സ് 2 വര്‍ഷമാണ്. ഞങ്ങള്‍ 14 ദിവസത്തെ ഡ്യൂട്ടി ചെയ്യുന്നു, 14 ദിവസത്തിന് ശേഷം ഞങ്ങള്‍ക്ക് വിശ്രമം. 2 മാസത്തിനുശേഷം ഞങ്ങളുടെ കോവിഡ് ചുമതലകള്‍ ആവര്‍ത്തിക്കുന്നു. എനിക്ക് ആദ്യമായി കോവിഡ് ഡ്യൂട്ടി ലഭിച്ചപ്പോള്‍, ആ വിവരം ഞാന്‍ എന്റെ കുടുംബാംഗങ്ങളുമായി പങ്കിട്ടു. ഇത് കഴിഞ്ഞ മെയ്മാസത്തെ കാര്യമാണ്, ഞാന്‍ വിവരം പറഞ്ഞ ഉടനെ എല്ലാവരും ഭയപ്പെട്ടു, പരിഭ്രാന്തരായി. അവര്‍ എന്നോട് പറഞ്ഞു, മോളെ, ശ്രദ്ധിച്ച് ജോലി ചെയ്യണേ എന്ന്, തികച്ചും വൈകാരികമായ സാഹചര്യമായിരുന്നു സര് അത്. ഇടയ്ക്കു മകളും ചോദിക്കും, അമ്മ നിങ്ങള്‍ കോവിഡ് ഡ്യൂട്ടിക്ക് പോകുന്നുണ്ടോ, എന്നെ സംബന്ധിച്ച് വളരെ വൈകാരിക വിഷമം ഉണ്ടാക്കിയ സമയമായിരുന്നു. ഒടുവില്‍ വീട്ടിലെ ഉത്തരവാദിത്തം മാറ്റിവെച്ച് ഞാന്‍ കോവിഡ് രോഗികളുടെ അടുത്ത് പോയപ്പോള്‍ കണ്ടത് അവരെല്ലാം നമ്മളെക്കാള്‍ കൂടുതല്‍ പേടിച്ചിരിക്കുന്നതാണ്. കോവിഡ് എന്ന പേരു കേട്ട് തന്നെ അവര്‍ വല്ലാതെ പരിഭ്രാന്തരായിരുന്നു. തങ്ങള്‍ക്കു എന്താണ് സംഭവിക്കുന്നതെന്നും ഞങ്ങള്‍ അവരെ എന്ത് ചെയ്യാന്‍ പോകുന്നു എന്നും ആലോചിച്ച് അവര്‍ അത്യന്തം ഭയചകിതരായിരുന്നു. അവരുടെ ഭയം അകറ്റാനായി ഞങ്ങള്‍ ഏറ്റവും നല്ല ആരോഗ്യപരമായ ഒരു അന്തരീക്ഷം ഒരുക്കി. ഈ കോവിഡ് ഡ്യൂട്ടി ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആദ്യം തന്നെ ഞങ്ങളോട് പി പി ഇ കിറ്റ് ധരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. പി പി ഇ കിറ്റ് ധരിച്ചു ഡ്യൂട്ടി വലിയ ബുദ്ധിമുട്ട് ആണ് സര്. അത് ഞങ്ങള്‍ക്ക് വളരെയേറെ പ്രയാസമുണ്ടാക്കിയിരുന്നു. 2 മാസത്തെ ഡ്യൂട്ടിയില്‍ ഞാന്‍ വാര്‍ഡിലും ഐ സി യുവിലും ഐസോലേഷനിലുമായി മാറി മാറി 14 ദിവസം ഡ്യൂട്ടി ചെയ്തു.
മോദി: അതായത്, താങ്ങള് തുടര്‍ച്ചയായി ഒരുവര്‍ഷമായി ഈ ജോലി ചെയ്യുന്നു.
ഭാവനാ: അതെ സര്, അവിടെ പോകുന്നതിനുമുമ്പ് എന്റെ സഹപ്രവര്‍ത്തകര്‍ ആരാണെന്ന് എനിക്കറിയില്ലായിരുന്നു. ഞങ്ങള്‍ ഒരു ടീം ആയി പ്രവര്‍ത്തിച്ചു, എന്ത് പ്രശ്നങ്ങളുണ്ടായാലും അവ പങ്കിട്ടു. രോഗിയെ കുറിച്ച് മനസ്സിലാക്കിയതിനു ശേഷം ഞങ്ങള്‍ അവരുടെ മനസ്സിലെ ആശങ്കകള്‍ ദൂരീകരിച്ചു .കോവിഡ് എന്ന പേരിനെ ഭയക്കുന്ന നിരവധി പേരുണ്ടായിരുന്നു. അവര്‍ക്ക് വരുന്ന എല്ലാ ലക്ഷണങ്ങളും ഞങ്ങള്‍ കേസ് ഹിസ്റ്ററിയില്‍ എഴുതി വെയ്ക്കും. പക്ഷെ അവര്‍ ടെസ്റ്റ് ചെയ്യാന്‍ ഭയപ്പെട്ടിരുന്നു. അപ്പോള്‍ ഞങ്ങള്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കും. രോഗം തീവ്രമായാല്‍ ശ്വാസകോശങ്ങളിൽ അണുബാധ ഉള്ള സ്ഥിതിക്ക് ഐ സി യുവിന്റെ ആവശ്യം വരും എന്ന് പറഞ്ഞു കൊടുക്കും . അപ്പോള്‍ അവര്‍ ടെസ്റ്റ് ചെയ്യാന്‍ വരും. അവര്‍ മാത്രമല്ല കുടുംബം മുഴുവന്‍ ടെസ്റ്റ് ചെയ്യാന്‍ വരും. അങ്ങനെയുള്ള ഒന്ന് രണ്ടു കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട് .എല്ലാ ഏജ് ഗ്രൂപ്പിലും ഉള്ളവരുമായി ജോലി ചെയ്തിട്ടുണ്ട്. കുഞ്ഞുങ്ങള്‍, സ്ത്രീകള്‍, പുരുഷന്മാര്, വയസ്സായവര്‍ ഇങ്ങനെ പല പ്രായത്തിലുള്ള രോഗികള്‍ ഉണ്ടായിരുന്നു. അവരോടൊക്കെ സംസാരിച്ചപ്പോള്‍ മനസ്സിലായത് അവരൊക്കെ പേടിച്ചിട്ടു ടെസ്റ്റ് ചെയ്യാന്‍ വന്നില്ല എന്നാണു. എല്ലാവരില്‍ നിന്നും ഇതേ ഉത്തരമാണ് ലഭിച്ചത്. അപ്പോള്‍ ഞങ്ങള്‍ അവരെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു, പേടിക്കേണ്ട കാര്യമില്ല. നിങ്ങള്‍ ഞങ്ങള്‍ പറയുന്നത് കേള്‍ക്കൂക. ഞങ്ങള്‍ നിങ്ങളോടൊപ്പം ഉണ്ടാകും. എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കൂ. ഇങ്ങനെ ഉപദേശം കൊടുത്തു അവരെ സമാധാനപ്പെടുത്തി.
മോദി ജി: ഭാവ്നാ ജി, താങ്കളോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു . താങ്കളില്‍ നിന്ന് വളരെ നല്ല വിവരങ്ങളാണ് കിട്ടിയത്. ഈ വിവരങ്ങള്‍ താങ്കള്‍ സ്വന്തം അനുഭവത്തിലൂടെയാണ് നല്‍കിയത്. അതുകൊണ്ട് തന്നെ ഇത് ജനങ്ങള്‍ക്ക് ഒരു പോസിറ്റീവ് മെസേജ് കൊടുക്കും. വളരെ നന്ദി ശ്രീമതി ഭാവന.
ഭാവ്ന: വളരെയധികം നന്ദി സര്, വളരെയധികം നന്ദി. ജയ് ഹിന്ദ് സര്
മോദി ജി: ജയ് ഹിന്ദ്!
മോദി ജി : ഭാവന ജി, താങ്കളെ പോലുള്ള ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാര് തങ്ങളുടെ ചുമതലകള്‍ നന്നായി നിര്‍വഹിക്കുന്നു. ഇത് നമുക്കെല്ലാവര്‍ക്കും ഒരു വലിയ പ്രചോദനമാണ്. നിങ്ങളുടെ ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ നല്‍കുക. നിങ്ങളുടെ കുടുംബത്തെയും പരിപാലിക്കുക.
മോദി ജി: സുഹൃത്തുക്കളെ നമ്മോടൊപ്പം ഇപ്പോള്‍ ബാംഗ്ലൂരില്‍ നിന്നും സിസ്റ്റര്‍ സുരേഖ ചേര്‍ന്നിട്ടുണ്ട്. സുരേഖ കെ സി ജനറൽ ആശുപതിയിലെ സീനിയർ നഴ്സിംഗ് സൂപ്രണ്ട് ആണ്. വരൂ, അവരുടെ അനുഭവങ്ങള്‍ അറിയാം.
മോദി ജി : നമസ്തേ സുരേഖാ ജീ
സുരേഖ : നമ്മുടെ രാജ്യത്തെ പ്രധാനമന്ത്രിയോട് സംസാരിക്കാന്‍ അവസരം കിട്ടിയതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ശ്രീ മോദി : ശ്രീമതി സുരേഖ താങ്കളുടെ നഴ്സുമാരും ഓഫീസ്സ് സ്റ്റാഫും സ്തുത്യര്‍ഹമായ ജോലിയാണ് ചെയ്യുന്നത്. ഇന്ത്യ താങ്കളോട് കടപ്പെട്ടിരിക്കുന്നു. കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഇന്ത്യക്കാരോട് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
സുരേഖ : അതേ സാര്‍, ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയ്ക്ക് എനിക്ക് ചിലത് പറയാനുണ്ട്. നിങ്ങള്‍ നിങ്ങളുടെ അയല്‍ക്കാരോട് ശാന്തമായി ഇരിക്കാൻ പറയുക. നേരത്തെയുള്ള പരിശോധനയും ശരിയായ ട്രാക്കിങ്ങും കോവിഡ് വ്യാപന നിരക്ക് കുറയ്ക്കുന്നതിന് സഹായിക്കും. മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ അടുത്തുള്ള ഡോക്ടറെ കാണിച്ചു ചികിത്സ തുടങ്ങുക. എന്തെന്നാല്‍ സമൂഹത്തിന് ഈ രോഗത്തെക്കുറിച്ച് ശരിയായ അവബോധം ഉണ്ടായിരിക്കേണ്ടതാണ്. അതോടൊപ്പം നല്ലതുമാത്രം ചിന്തിക്കുക സമ്മര്‍ദത്തില്‍ ആവുകയോ പരിഭ്രാന്തരാവുകയോ ചെയ്യേണ്ട ആവശ്യമില്ല. അങ്ങനെയായാല്‍ അത് രോഗിയുടെ അവസ്ഥയെ ഒന്നുകൂടി വഷളാക്കും. വാക്സിന് ലഭ്യമാക്കിയതിനു സര്‍ക്കാറിനോട് നന്ദി പറയുന്നു. ഇതിനോടകം ഞാന്‍ വാക്സിന് സ്വീകരിച്ചു. ആ അനുഭവത്തില്‍ നിന്നും ഞാന്‍ ഈ രാജ്യത്തെ പൗരന്മാരോട് പറയുകയാണ് ഒരു വാക്സിനും ഉടനടി 100% പരിരക്ഷ നല്‍കില്ല. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു സമയമെടുക്കും. പ്രതിരോധ കുത്തിവെപ്പ് എടുക്കാന്‍ ഭയക്കരുത്. പ്രതിരോധ കുത്തിവെപ്പ് എടുക്കുക. അതിന്റെ പാര്‍ശ്വഫലങ്ങള്‍ വളരെ കുറവാണ്. വീട്ടില്‍ തന്നെ തുടരുക, ആരോഗ്യമുള്ളവരായിരിക്കുക, അസുഖമുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കുക, ആവശ്യമില്ലാതെ മൂക്കിലോ കണ്ണിലോ വായിലോ തൊടാതിരിക്കുക എന്ന സന്ദേശമാണ് ഞാന്‍ നിങ്ങള്‍ക്ക് നല്കാന് ആഗ്രഹിക്കുന്നത്. ദയവായി ശാരീരിക അകലം പാലിക്കുന്നത് ശീലമാക്കുക, മാസ്ക്ക് ശരിയായ രീതിയില്‍ ധരിക്കുക, കൈകള്‍ ഇടയ്ക്കിടക്ക് കഴുകുക, ആയുര്‍വേദ കഷായം കുടിക്കുക, ആവി പിടിക്കുക, ഇടയ്ക്കിടയ്ക്ക് തൊണ്ടയില്‍ ചൂടുവെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുക, കൂടാതെ ശ്വസന വ്യായാമങ്ങളും നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. കോവിഡ് പ്രതിരോധത്തിലെ മുന്‍നിര പോരാളികളോടും മറ്റ് പ്രൊഫഷണലുകളോടും ദയവായി അനുതാപം കാണിക്കുക. ഞങ്ങള്‍ക്ക് നിങ്ങളുടെ പിന്തുണയും സഹകരണവും ആവശ്യമാണ്. നമ്മള് ഒരുമിച്ചു പോരാടുക തന്നെ ചെയ്യും. ഈ പകര്‍ച്ചവ്യാധിയേയും നമ്മള് മറികടക്കും. ഈ സന്ദേശമാണ് എനിക്ക് ജനങ്ങള്‍ക്ക് നല്‍കാനുള്ളത് സാര്‍.
ശ്രീ മോദി : നന്ദി ശ്രീമതി സുരേഖ
സുരേഖ : നന്ദി സര്
മോദി ജി : സുരേഖാ ജീ താങ്കള്‍ തീര്‍ച്ചയായും വളരെ പ്രയാസകരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം കാര്യത്തിലും ശ്രദ്ധ പതിപ്പിക്കുക. നിങ്ങളുടെ കുടുംബത്തിന് എന്റെ ആശംസകള്‍. ശ്രീമതി ഭാവനയും സുരേഖയും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചില്ലേ, അത് ജനങ്ങള്‍ ഉള്‍ക്കൊള്ളും എന്ന് ഞാനാഗ്രഹിക്കുന്നു. കൊറോണയുമായി പോരാടുന്നതിന് പോസിറ്റീവ് സ്പിരിറ്റ് വളരെ അത്യാവശ്യമാണ് .എല്ലാ നാട്ടുകാരും ശുഭാപ്തി വിശ്വാസം നിലനിര്‍ത്തേണ്ടതാണ് .
സുഹൃത്തുക്കളെ ഡോക്ടര്‍മാരും നഴ്സുമാരും അവരോടൊപ്പം തന്നെ ലാബ് ടെക്നീഷ്യന്മാരും, ആംബുലന്‍സ് ഡ്രൈവറും, മുന്‍നിര തൊഴിലാളികളും ദൈവത്തെ പോലെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഒരു ആംബുലന്‍സ് ഏതെങ്കിലും രോഗിയുടെ അടുത്തെത്തുമ്പോള്‍ അവര്‍ക്ക് ആംബുലന്‍സ് ഡ്രൈവര്‍ മാലാഖയെപോലെ തോന്നും. ഇവരുടെ സേവനത്തെകുറിച്ചും അവരുടെ അനുഭവത്തെക്കുറിച്ചും രാജ്യം അറിഞ്ഞിരിക്കണം. അത്തരമൊരു വ്യക്തി ഇപ്പോള്‍ എന്നോടൊപ്പമുണ്ട്. ആംബുലന്‍സ് ഡ്രൈവറായ ശ്രീ പ്രേം വര്‍മ്മ. അദ്ദേഹത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ പ്രേം വര്‍മ്മ തന്റെ ജോലിയും കടമയും പൂര്‍ണ സ്നേഹത്തോടും അര്‍പ്പണബോധത്തോടു കൂടിയും ചെയ്യുന്നു. വരൂ അദ്ദേഹത്തോട് സംസാരിക്കാം.
മോദി ജീ: നമസ്കാരം പ്രേം ജീ
പ്രേം ജീ : നമസ്കാരം സാര്‍
മോദി ജീ: താങ്കള്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് ഒന്ന് വിസ്തരിച്ച് പറയാമോ? താങ്കളുടെ അനുഭവങ്ങളും പങ്കുവയ്ക്കൂ .
പ്രേം ജീ : ഞാന്‍ ആംബുലന്‍സിലെ ഡ്രൈവറാണ്. കണ്ട്രോള് റൂമില്‍ നിന്ന് ഞങ്ങള്‍ക്ക് ടാബില്‍ ഒരു കോള്‍ വരും. 102 ല്‍ നിന്നും കോള്‍ വന്നാല്‍ ഉടന്‍ ഞങ്ങള്‍ രോഗിയുടെ അടുത്തേക്ക് പോകും. കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ ജോലി ചെയ്യുകയാണ്. ഞങ്ങള്‍ കിറ്റ് ധരിച്ച്, കയ്യുറയും മാസ്കും ധരിച്ച ശേഷം രോഗിയെ എവിടെയാണോ എത്തിക്കാന്‍ പറയുന്നത് അത് ഏത് ആശുപത്രിയില്‍ ആയാലും ശരി അവിടെ കൊണ്ടുചെന്നാക്കും.
മോദി ജീ: താങ്കള്‍ രണ്ടു ഡോസ് വാക്സിനും എടുത്തു കാണുമല്ലോ?
പ്രേം ജീ: തീര്‍ച്ചയായും
മോദി ജീ: മറ്റുള്ളവരെ വാക്സിന് എടുക്കാന്‍ പ്രേരിപ്പിക്കണം. വാക്സിന് എടുക്കുന്നതിനെ കുറിച്ച് എന്ത് സന്ദേശമാണ് നല്‍കാനുള്ളത്?
പ്രേം ജീ: തീര്‍ച്ചയായും എല്ലാവരും ഈ ഡോസ് എടുക്കണം. അതാണ് കുടുംബത്തിനും നല്ലത്. എന്റെ അമ്മ എന്നോട് ഈ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ മറുപടി പറഞ്ഞു ഞാനും ഈ ജോലി ഉപേക്ഷിച്ചാല്‍ പിന്നെ ആരാണ് ഈ രോഗികളെ കൊണ്ടുപോവുക. കാരണം ഈ കൊറോണ കാലത്ത് എല്ലാവരും ഓടിയൊളിക്കുന്നു. എല്ലാവരും ജോലി ഉപേക്ഷിക്കുന്നു. അമ്മയും എന്നോട് പറയുന്നു ജോലി ഉപേക്ഷിക്കാന്‍. ഞാന്‍ പറഞ്ഞു ഇല്ല ഞാന്‍ ഈ ജോലി ഉപേക്ഷിക്കില്ല.
മോദി ജി : അമ്മയെ വേദനിപ്പിക്കരുത്, പറഞ്ഞു മനസ്സിലാക്കുക.
പ്രേം ജി : ശരി.
മോദി ജീ: അമ്മയുടെ കാര്യം പറഞ്ഞില്ലേ, അത് വളരെ ഹൃദയസ്പര്‍ശിയായിരുന്നു. നിങ്ങളുടെ അമ്മയ്ക്കും എന്റെ അന്വേഷണം അറിയിക്കുക
പ്രേം ജീ : തീര്‍ച്ചയായും
മോദി ജീ: ഞാന്‍ താങ്കളിലൂടെ ഈ ആംബുലന്‍സ് ഓടിക്കുന്ന ഡ്രൈവറും എത്ര വലിയ റിസ്ക് ആണ് ഏറ്റെടുക്കുന്നത് എന്ന് മനസ്സിലാക്കി.
പ്രേം ജീ: അതെ സര്
മോദി ജീ: ഓരോരുത്തരുടെയും അമ്മമാര്‍ എന്തായിരിക്കും ചിന്തിക്കുക? ഇത് ശ്രോതാക്കളില്‍ എത്തുമ്പോള്‍ അവരുടെ ഹൃദയത്തെ സ്പര്‍ശിക്കും എന്ന് ഞാന്‍ തീര്‍ച്ചയായും വിശ്വസിക്കുന്നു.
പ്രേം ജീ : തീര്‍ച്ചയായും
മോദി ജീ: വളരെ നന്ദി ശ്രീ പ്രേം ജീ. താങ്കള്‍ സ്നേഹത്തിന്റെ ഗംഗ ഒഴുക്കുകയാണ്.
പ്രേം ജീ : നന്ദി സാര്‍
മോദി ജീ: നന്ദി സഹോദരാ
പ്രേം ജീ : നന്ദി
മോദി ജി : സുഹൃത്തുക്കളെ പ്രേം വര്‍മ്മയും അവരോടൊപ്പമുള്ള ആയിരക്കണക്കിന് ആളുകളും തങ്ങളുടെ ജീവന് പോലും പണയപ്പെടുത്തി മറ്റുള്ളവരെ സേവിക്കുന്നു. കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ രക്ഷപ്പെട്ട എല്ലാ ജീവനിലും ആംബുലന്‍സ് ഡ്രൈവര്‍മാരുടെ പങ്ക് വളരെ വലുതാണ്. ശ്രീ പ്രേം താങ്കള്‍ക്കും താങ്കളെപ്പോലെ രാജ്യത്തുടനീളമുള്ള താങ്കളുടെ സുഹൃത്തുക്കള്‍ക്കും ഞാന്‍ വളരെയധികം നന്ദി പറയുന്നു. നിങ്ങള്‍ സമയത്ത് എത്തിച്ചേരുക, ജീവന് രക്ഷിക്കുക .
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ധാരാളം ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, രോഗമുക്തി നേടിയ ആളുകളുടെ എണ്ണവും അതുപോലെതന്നെ ഉയര്‍ന്നതാണ്. ഗുരുഗ്രാമിലെ പ്രീതി ചതുര് വേദിയും അടുത്തിടെ കൊറോണയെ പരാജയപ്പെടുത്തി. മന് കി ബാത്തില്‍ അവര്‍ നമ്മളോടൊപ്പം ചേരുന്നു. അവരുടെ അനുഭവങ്ങള്‍ നമുക്ക് എല്ലാവര്ക്കും ഉപയോഗപ്രദമാകും.
മോദീജീ : പ്രീതി ജി നമസ്കാരം
പ്രീതി ജി : നമസ്കാരം സാര്‍, എന്തൊക്കെയുണ്ട്?
മോദീജീ : ഞാന്‍ സുഖമായിരിക്കുന്നു. ആദ്യമായി ഞാന്‍ താങ്കള്‍ കോവിഡ്19 നോട് വിജയകരമായി പോരാടിയതിന് അഭിനന്ദിക്കുന്നു
പ്രീതി ജി : വളരെ നന്ദി സര്
മോദി ജി : നിങ്ങള്‍ക്ക് പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കാന്‍ ആവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
പ്രീതി ജി : നന്ദി സാര്‍
മോദി ജി : പ്രീതി ജി, കൊറോണ താങ്കള്‍ക്കു മാത്രമേ വന്നുള്ളൂ? അതോ കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും വന്നോ?
പ്രീതി ജി : ഇല്ല സാര്‍, എനിക്ക് മാത്രം
മോദി ജി : ദൈവത്തിന്റൊ കടാക്ഷം എപ്പോഴും ഉണ്ടാകട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു
പ്രീതി : ശരി സാര്‍
മോദി ജി :താങ്കളുടെ വേദനാജനകമായ അവസ്ഥയിലെ അനുഭവങ്ങള്‍ പങ്കു വയ്ക്കുകയാണെങ്കില്‍ ഒരുപക്ഷെ ശ്രോതാക്കള്‍ക്ക് ഇത്തരം അവസ്ഥയെ എങ്ങനെ അതിജീവിക്കണം എന്നതിന് ഒരു മാര്‍ഗനിര്‍ദേശം ലഭിക്കും.
പ്രീതി : തീര്‍ച്ചയായും സര്, പ്രാരംഭഘട്ടത്തില്‍ എനിക്ക് വളരെയധികം ക്ഷീണം തോന്നി പിന്നീട് തൊണ്ടവേദന ഉണ്ടായി, ഈ ലക്ഷണം കണ്ടതിനുശേഷം ഞാന്‍ ടെസ്റ്റ് ചെയ്തു. രണ്ടാം ദിവസം റിപ്പോര്‍ട്ട് കിട്ടി പോസിറ്റീവ് ആയിരുന്നു. ഞാന്‍ സ്വയം ക്വാറന്റെയ്നില്‍ പോയി. ഒരു മുറിയില്‍ ഒറ്റക്കിരുന്ന് ഡോക്ടറുമായി സംസാരിച്ച് അവര്‍ പറഞ്ഞ മരുന്നുകള്‍ കഴിക്കാന്‍ തുടങ്ങി.
മോദി ജി: താങ്കളുടെ പെട്ടന്നുള്ള പ്രവൃത്തി കുടുംബത്തെ രക്ഷിച്ചു.
പ്രീതി : അതേ സാര്‍, മറ്റുള്ളവരും പിന്നീട് ടെസ്റ്റ് ചെയ്തു. അവര്‍ എല്ലാം നെഗറ്റീവ് ആയിരുന്നു. ഞാന്‍ മാത്രമാണ് പോസിറ്റീവ്. അതിനു മുന്‍പേ തന്നെ ഞാന്‍ ഒരു മുറിയിലേക്ക് ഐസൊലേറ്റ് ചെയ്യപ്പെട്ടു. എനിക്ക് ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം എടുത്തു കൊണ്ട് ഞാന്‍ ഒരു മുറിയില്‍ എന്നെ തന്നെ പൂട്ടിയിട്ടു. അതോടൊപ്പം ഞാന്‍ ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്ത് മരുന്ന് കഴിച്ചു തുടങ്ങി. മരുന്നിനോടൊപ്പം യോഗയും ആയുര്‍വേദവും തുടങ്ങി. കഷായം കഴിക്കാനും തുടങ്ങിയിരുന്നു. സര് ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാം പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് പ്രോട്ടീന്‍ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിച്ചു. ഞാന്‍ ധാരാളം വെള്ളം കുടിച്ചു, ആവി പിടിച്ചു, ഗാര്‍ഗിള്‍ ചെയ്തു, ചൂടുവെള്ളം ധാരാളം കുടിച്ചു, എല്ലാദിവസവും ഇതുതന്നെ ചെയ്തുകൊണ്ടിരുന്നു. സര് ഈ ദിവസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരിഭ്രാന്തരാകേണ്ടതിന്റെ ആവശ്യമില്ല, മനസ്സിനെ ശക്തിപ്പെടുത്തണം. ഇതിനായി ഞാന്‍ യോഗ, ശ്വസന വ്യായാമം എന്നിവ ചെയ്യാറുണ്ടായിരുന്നു. അത് ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമായിരുന്നു.
മോദി ജി: താങ്കള്‍ ഇത് കൃത്യമായി പാലിച്ചതുകൊണ്ടാണ് പ്രതിസന്ധി തരണം ചെയ്തത്.
പ്രീതി : തീര്‍ച്ചയായും സര്
മോദി ജി: ഇപ്പോള്‍ പരിശോധിച്ചപ്പോള്‍ നെഗറ്റീവായോ?
പ്രീതി : ആയി സര്
മോദി ജി: അപ്പോള്‍ ആരോഗ്യം പരിരക്ഷിക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്?
പ്രീതി : സാര്‍ ഞാന്‍ യോഗ നിര്‍ത്തിയിട്ടില്ല. ഞാന്‍ ഇപ്പോഴും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി കഷായം കുടിക്കുന്നുണ്ട്. ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നുണ്ട്. ഞാന്‍ മുന്‍പ് ഏതൊക്കെ കാര്യങ്ങള്‍ ആണോ അവഗണിച്ചിരുന്നത് അതൊക്കെ ചെയ്യാന്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നുണ്ട് .
മോദി ജി : നന്ദി പ്രീതി ജി
പ്രീതി : നന്ദി സാര്‍
മോദി ജി : നിങ്ങള്‍ നല്കിയ വിവരങ്ങള്‍ വളരെയധികം ആളുകള്‍ക്ക് പ്രയോജനകരമായിരിക്കും എന്ന് ഞാന്‍ കരുതുന്നു. നിങ്ങളുടെ കുടുംബാംഗങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കട്ടെ, ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു .
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് നമ്മുടെ വൈദ്യശാസ്ത്ര മേഖലയിലെ ആളുകളെ പോലെ തന്നെ മുന്‍നിര തൊഴിലാളികളും രാപ്പകല്‍ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. അതുപോലെ സമൂഹത്തിലെ മറ്റു ആളുകളും ഒട്ടും പിന്നിലല്ല. കൊറോണക്കെതിരെ രാജ്യം വീണ്ടും ഐക്യത്തോടെ പോരാടുകയാണ്. ഈ ദിവസങ്ങളില്‍ ഞാന്‍ കാണുന്നത് ആരെങ്കിലും ക്വാറന്റെയ്നില്‍ ആണെങ്കില്‍ ആ കുടുംബത്തിനു മരുന്ന് എത്തിക്കുന്നു, ചിലര്‍ പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവ എത്തിച്ചു കൊടുക്കുന്നു. മറ്റൊരാള്‍ രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനം നല്കുന്നു. രാജ്യത്തിന്റെ വിവിധ കോണുകളില്‍നിന്ന് ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പോലും സന്നദ്ധസംഘടനകള്‍ മുന്നോട്ടുവന്നു മറ്റുള്ളവരെ സഹായിക്കാന്‍ തങ്ങളാല്‍ ആവുന്നതെല്ലാം ചെയ്യാന്‍ ശ്രമിക്കുന്നു. ഇത്തവണ ഗ്രാമങ്ങളിലും പുതിയ അവബോധം കാണുന്നു. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലൂടെ ആളുകള്‍ കൊറോണയില്‍ നിന്നും തങ്ങളുടെ ഗ്രാമത്തെ സംരക്ഷിക്കുന്നു. പുറത്തു നിന്നു വരുന്നവര്‍ക്ക് ശരിയായ ക്രമീകരണങ്ങളും ഒരുക്കുന്നു.
തങ്ങളുടെ പ്രദേശത്ത് കൊറോണ കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ പ്രദേശവാസികളും ആയി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍ നഗരങ്ങളിലും മുന്നോട്ടുവന്നിട്ടുണ്ട്. അതായത് രാജ്യം ഒരുവശത്ത് രാവും പകലും ആശുപത്രി, വെന്റിലേറ്റര്‍, മരുന്ന് എന്നിവയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ മറുവശത്ത് നാട്ടുകാര്‍ കൊറോണ എന്ന വെല്ലുവിളിയെ നേരിടുകയാണ് .ഈ ചിന്ത നമുക്ക് ശക്തിയാണ് പകര്ന്നുനല്കുന്നത്. അത് ഉറച്ച വിശ്വാസം ആണ് നല്‍കുന്നത് .എന്തെല്ലാം പരിശ്രമങ്ങളാണ് നടക്കുന്നത്, അതെല്ലാം തന്നെ സമൂഹത്തിന് വലിയ സേവനവുമാണ്. ഇത് സമൂഹത്തിന്റെ ശക്തി വര്‍ദ്ധിപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് മന് കി ബാത്തില്‍ മുഴുവന്‍ ചര്‍ച്ചയും കൊറോണയെക്കുറിച്ച് ആയിരുന്നു. എന്തെന്നാല്‍ ഇന്ന് ഏറ്റവുമധികം പ്രാധാന്യം നല്‍കുന്നത് ഈ രോഗത്തെ എങ്ങനെ അതിജീവിക്കാം എന്നതിനാണ് .ഇന്ന് മഹാവീര ജയന്തിയാണ്. ഈ അവസരത്തില്‍ എല്ലാ നാട്ടുകാരെയും ഞാന്‍ അഭിനന്ദിക്കുന്നു . മഹാവീരന്റെ സന്ദേശം നമ്മള്‍ക്ക് ദുഃഖം അകറ്റാനും ആത്മസംയമനം പാലിക്കാനും പ്രചോദനം നല്കുന്നു. ഇപ്പോള്‍ വിശുദ്ധ റമദാന് മാസവുമാണ്. ഗുരു തേജ് ബഹാദൂറിന്റെ നാനൂറാമത് ജന്മദിനം പ്രകാശ് പര്‍വ്വ് ആയി ആഘോഷിക്കുന്നു. മറ്റൊരു പ്രധാന ദിനം ടാഗോര്‍ ജയന്തിയാണ്. ഇവയെല്ലാം നമ്മുടെ കടമ നിര്‍വഹിക്കാന്‍ പ്രചോദനം നല്കുന്നവയാണ്. ഒരു പൗരന് എന്ന നിലയില്‍ നമ്മുടെ ജീവിതത്തില്‍ കഴിയുന്നത്ര കാര്യക്ഷമമായി തങ്ങളുടെ കടമകള്‍ നിര്‍വഹിക്കണം. പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടിയ ശേഷം ഭാവിയിലേക്കുള്ള പാതയില്‍ അതിവേഗം മുന്നോട്ടു പോകാന്‍ സാധിക്കട്ടെ. ഈ ആഗ്രഹത്തോടുകൂടി ഒരിക്കല്‍ കൂടി നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ് എല്ലാവരും വാക്സിന് സ്വീകരിക്കണം. വളരെ കരുതലോടെ മുന്നോട്ടുപോകണം. ‘മരുന്നും കഷായവും’ഈ മന്ത്രം ഒരിക്കലും മറക്കരുത്. നമ്മള് ഒരുമിച്ച് ഈ ആപത്തില്‍ നിന്നും പുറത്തു വരും. ഈ വിശ്വാസത്തോടെ നിങ്ങള്‍ക്ക് എല്ലാവര്ക്കും നന്ദി നമസ്കാരം .
*****
PM @narendramodi speaks about the COVID-19 situation during #MannKiBaat. pic.twitter.com/VjTl2kL7Gi
— PMO India (@PMOIndia) April 25, 2021
Tune in to #MannKiBaat April 2021. https://t.co/ti5rqBhiWH
— Narendra Modi (@narendramodi) April 25, 2021
In order to fight COVID-19, important to go by the views of experts. #MannKiBaat pic.twitter.com/bltOHEfXCZ
— PMO India (@PMOIndia) April 25, 2021
In the prevailing situation, it is commendable that many doctors are using technology to offer online consultations to patients. #MannKiBaat pic.twitter.com/fFGUujFMOo
— PMO India (@PMOIndia) April 25, 2021
During #MannKiBaat, PM @narendramodi speaks to Dr. Shashank Joshi from Mumbai about the COVID-19 situation. https://t.co/H4lBgpIOfu
— PMO India (@PMOIndia) April 25, 2021
Dr. Naveed Nazir Shah from Srinagar is discussing different aspects of fighting COVID-19 during #MannKiBaat programme with PM @narendramodi. https://t.co/H4lBgpIOfu
— PMO India (@PMOIndia) April 25, 2021
PM @narendramodi speaks about the vaccination drive across the nation. #MannKiBaat pic.twitter.com/XqtHGiJXzl
— PMO India (@PMOIndia) April 25, 2021
Sister Bhavana from Raipur shares her contribution (and the important efforts of nurses) in strengthening the fight against COVID-19. https://t.co/H4lBgpIOfu
— PMO India (@PMOIndia) April 25, 2021
Sister Surekha shares her perspective on vaccination, keeping a positive spirit and following COVID protocols. #MannKiBaat https://t.co/H4lBgpIOfu
— PMO India (@PMOIndia) April 25, 2021
India's fight against COVID-19 would be incomplete without the effort of the ambulance drivers, lab technicians and other such individuals.
— PMO India (@PMOIndia) April 25, 2021
Do hear what Prem Verma Ji, who drives an ambulance has to say...
#MannKiBaat https://t.co/H4lBgpIOfu
I would like to commend all those individuals and organisations who are helping others in defeating COVID-19. #MannKiBaat pic.twitter.com/Ct5nNvCdJw
— PMO India (@PMOIndia) April 25, 2021
‘दवाई भी - कड़ाई भी’ #MannKiBaat pic.twitter.com/6HLi6AymiX
— PMO India (@PMOIndia) April 25, 2021