Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം

മധ്യപ്രദേശിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായുള്ള ആശയവിനിമയത്തില്‍ പ്രധാനമന്ത്രി ചെയ്ത പ്രസംഗം


നമസ്‌തേ ജി!

 മധ്യപ്രദേശ് ഗവര്‍ണറും എന്റെ വളരെ പഴയ സഹപ്രവര്‍ത്തകനുമായ, ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായും ഗോത്ര സമൂഹത്തിന്റെ ഉന്നമനത്തിനായും ജീവിതം മുഴുവന്‍ ചെലവഴിച്ച മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ്, സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഈ പരിപാടിയില്‍ പങ്കെടുക്കുന്ന സഹോദരി സഹോദരന്മാരേ,

 പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ കീഴില്‍ സംഘടിപ്പിക്കുന്ന ഭക്ഷ്യോല്‍പ്പന്ന വിതരണ പദ്ധതിയുടെ പേരില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം അഭിനന്ദനങ്ങള്‍. പദ്ധതി പ്രകാരം, മധ്യപ്രദേശില്‍ ഏകദേശം 5 കോടി ഗുണഭോക്താക്കള്‍ക്കു സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിനായി ഒരു മഹത്തായ പ്രചാരണപരിപാടി നടക്കുകയാണ്. ഈ പദ്ധതി പുതിയതല്ല.  ഒന്നര വര്‍ഷം മുമ്പ് കൊറോണ ബാധിച്ചതിനാല്‍ ഈ രാജ്യത്തെ 80 കോടിയിലധികം പാവങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുകയാണ്. പക്ഷേ, പാവപ്പെട്ടവരുടെ നടുവില്‍ ഇരിക്കാനും അവരോട് സംസാരിക്കാനും എനിക്ക് ഒരിക്കലും അവസരം ലഭിച്ചില്ല.  ഇന്ന് മധ്യപ്രദേശ് ഗവണ്‍മെന്റ് എനിക്ക് ഈ അവസരം നല്‍കി. ദൂരെയാണെങ്കിലും, എനിക്ക് ഇപ്പോഴും എന്റെ പാവപ്പെട്ട സഹോദരങ്ങളെ കാണാനും അവരുടെ അനുഗ്രഹങ്ങള്‍ സ്വീകരിക്കാനും കഴിയും. അതുമൂലം പാവപ്പെട്ടവര്‍ക്കായി ഇനിയും കൂടുതല്‍ ചെയ്യാനുള്ള ശക്തി എനിക്ക് ലഭിക്കുന്നു. നിങ്ങളുടെ അനുഗ്രഹങ്ങളില്‍ നിന്ന് എനിക്ക് ഊര്‍ജ്ജം ലഭിക്കുന്നു. ഇന്നിപ്പോള്‍, ഞാന്‍ ഞങ്ങളുടെ മധ്യപ്രദേശിലെ ചില സഹോദരീസഹോദരന്മാരുമായി സംസാരിക്കുകയായിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഗവണ്‍മെന്റിന്റെ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ഓരോ കുടുംബത്തിനും വലിയ ആശ്വാസമായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി.  അവരുടെ വാക്കുകളില്‍ ഒരു സംതൃപ്തി ഉണ്ടായിരുന്നു; അവരില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. എന്നിരുന്നാലും, മധ്യപ്രദേശിലെ പല ജില്ലകളിലും വെള്ളപ്പൊക്കം പോലുള്ള സാഹചര്യം വികസിക്കുന്നത് വളരെയധികം സുഹൃത്തുക്കളുടെ ജീവിതത്തെയും ഉപജീവനത്തെയും ബാധിക്കുന്നു എന്നത് സങ്കടകരമാണ്. ഈ ദുരിതസമയത്ത് കേന്ദ്ര ഗവണ്‍മെന്റും രാജ്യം മുഴുവനും മധ്യപ്രദേശിനൊപ്പം നില്‍ക്കുന്നു. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ശിവരാജ് ജിയും സംഘവും ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു. എന്‍ഡിആര്‍എഫ് ആകട്ടെ, കേന്ദ്ര സേനയോ അല്ലെങ്കില്‍ നമ്മുടെ വ്യോമസേനയോ ആകട്ടെ, ഈ സാഹചര്യം നേരിടാന്‍ എല്ലാ സഹായവും സംസ്ഥാന ഗവണ്‍മെന്റിനു നല്‍കുന്നു.

 സഹോദരീ സഹോദരന്മാരേ,

 ഏതൊരു ദുരന്തത്തിന്റെയും ആഘാതം ദൂരവ്യാപകമാണ്. നൂറു വര്‍ഷത്തിനിടെ മനുഷ്യരാശിയെ മുഴുവന്‍ ബാധിച്ച ഏറ്റവും വലിയ ദുരന്തം കൊറോണയുടെ രൂപത്തിലാണ്. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഇത്രയും ഭീകരമായ അനുഭവം ലോകത്ത് ഒരു രാജ്യത്തിനും ഉണ്ടായിട്ടില്ല.  കഴിഞ്ഞ വര്‍ഷം ആദ്യം കൊറോണ വൈറസ് വ്യാപിക്കാന്‍ തുടങ്ങിയപ്പോള്‍, ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഉടന്‍ തന്നെ അതിന്റെ ആരോഗ്യ സൗകര്യങ്ങളിലേക്ക് തിരിഞ്ഞു. എല്ലാവരും അവരുടെ ആരോഗ്യ സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ഇത്രയും വലിയ ജനസംഖ്യയുള്ള നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ലോകത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ വലുതായി കണക്കാക്കേണ്ട സാഹചര്യം വന്നു. കൊറോണ തടയുന്നതിനും ചികിത്സിക്കുന്നതിനും നാം ഒരേസമയം ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ തയ്യാറാക്കുകയും ഈ പ്രതിസന്ധിയില്‍ നിന്ന് ഉണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും വേണമായിരുന്നു. കൊറോണയെ തടയാന്‍ അടച്ചിട്ടതിന്റെ ഫലമായി ലോകമെമ്പാടും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. ഇത് ഇന്ത്യയ്ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു. എന്നാല്‍ ഈ വെല്ലുവിളി നേരിടാന്‍ നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ചു. പട്ടിണി പോലെയുള്ള സാഹചര്യം ഉണ്ടാകാതിരിക്കാന്‍ കോടിക്കണക്കിന് ആളുകള്‍ക്ക് സൗജന്യ റേഷന്‍ നല്‍കേണ്ടിവന്ന. നമ്മുടെ സുഹൃത്തുക്കളില്‍ പലരും ജോലിക്കായി ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് മാറി. അവരുടെ ഭക്ഷണത്തിനും താമസത്തിനുമുള്ള ക്രമീകരണങ്ങള്‍ നടത്തുകയും ഗ്രാമങ്ങളിലേക്ക് മടങ്ങുമ്പോള്‍ അവര്‍ക്ക് ശരിയായ തൊഴില്‍ ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. ഈ വെല്ലുവിളികള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലും ഉണ്ടായിരുന്നു, ഇത് ഇന്ത്യയുടെ പോരാട്ടത്തെയും വെല്ലുവിളികളെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ കൂടുതല്‍ ശക്തമാക്കി.

 പക്ഷേ സുഹൃത്തുക്കളേ,

 എത്ര വലിയ വെല്ലുവിളിയാണെങ്കിലും രാജ്യം ഒന്നിച്ച് അതിനെ അഭിമുഖീകരിക്കുമ്പോള്‍, അതിനുള്ള വഴികളും കണ്ടെത്തുകയും പ്രശ്‌നം പരിഹരിക്കപ്പെടുകയും ചെയ്യുന്നു. കൊറോണയില്‍ നിന്ന് ഉണ്ടാകുന്ന പ്രതിസന്ധിയെ നേരിടാന്‍, ഇന്ത്യ അതിന്റെ തന്ത്രത്തില്‍ പാവങ്ങള്‍ക്ക് മുന്‍ഗണന നല്‍കി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയോ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗര്‍ യോജനയോ ആകട്ടെ, പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും റേഷനും ജോലിയും ആദ്യ ദിവസം മുതല്‍ പരിപാലിക്കപ്പെട്ടു. ഈ മുഴുവന്‍ കാലയളവിലും 80 കോടിയിലധികം രാജ്യക്കാര്‍ക്ക് സൗജന്യ റേഷന്‍ നല്‍കി. ഗോതമ്പ്, അരി, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്ക് പുറമേ, 8 കോടിയിലധികം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ സമയത്ത് സൗജന്യമായി ഗ്യാസ് സിലിണ്ടറുകളും നല്‍കി. അതായത് 80 കോടി ആളുകള്‍ക്ക് ഭക്ഷ്യധാന്യങ്ങളും 8 കോടി ആളുകള്‍ക്ക് ഗ്യാസ് സിലിണ്ടറുകളും നല്‍കി. കൂടാതെ, 20 കോടിയിലധികം സഹോദരിമാരുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഏകദേശം 30,000 കോടി രൂപ നേരിട്ട് കൈമാറ്റം ചെയ്യപ്പെട്ടു.  ആയിരക്കണക്കിന് കോടി രൂപ തൊഴിലാളികളുടെയും കര്‍ഷകരുടെയും ബാങ്ക് അക്കൗണ്ടുകളിലും നിക്ഷേപിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, ഓഗസ്റ്റ് 9 ന്, ഏകദേശം ആയിരക്കണക്കിന് കോടി രൂപ 10-11 കോടി കര്‍ഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറാന്‍ പോകുന്നു.

 സുഹൃത്തുക്കളേ,

 ഈ ക്രമീകരണങ്ങള്‍ക്കൊപ്പം, ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകള്‍ക്കും ഇന്ത്യ കൂടുതല്‍ പ്രാധാന്യം നല്‍കി. ഇന്ന് ഇന്ത്യയ്ക്ക് സ്വന്തമായി പ്രതിരോധ കുത്തിവയ്പ്പുകള്‍ ഉള്ളതിന്റെ കാരണം ഇതാണ്. ഈ വാക്‌സിനുകള്‍ ഫലപ്രദവും സുരക്ഷിതവുമാണ്. ഇന്നലെ ഇന്ത്യ 50 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കുന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനുകള്‍ ലോകത്തിലെ പല രാജ്യങ്ങളിലെയും മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ്. ഇത് ഒരു പുതിയ ഇന്ത്യയുടെ പുതിയ സാധ്യതയാണ്- ആത്മനിര്‍ഭര്‍ ഭാരത്. മുമ്പ്, നാം ലോകത്തിന്റെ മറ്റ് ഭാഗങ്ങളെക്കാള്‍ പിന്നിലായിരുന്നു. ഇന്ന് നമ്മള്‍ ലോകത്തേക്കാള്‍ ഒരുപാട് പടികള്‍ മുന്നിലാണ്. സമീപഭാവിയില്‍ ഈ പ്രതിരോധ കുത്തിവയ്പ്പ് കൂടുതല്‍ ത്വരിതപ്പെടുത്തേണ്ടതുണ്ട്.

 സുഹൃത്തുക്കളേ,

 കൊറോണ കാരണം നിരവധി മുന്നണികളില്‍ ഒരേസമയം ഇടപെടുന്ന ഇന്ത്യയുടെ കരുത്ത് ഇത് പ്രദര്‍ശിപ്പിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ് എന്നിവയുടെ സൗകര്യം നല്‍കുന്നു. തൊഴിലാളികള്‍ ചേരികളില്‍ താമസിക്കേണ്ട സ്ഥിതി ഉണ്ടാകാതിരിക്കാന്‍ വലിയ നഗരങ്ങളില്‍ ന്യായമായ വാടക പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി സ്വനിധി പദ്ധതി പ്രകാരം, ബാങ്കുകളില്‍ നിന്നുള്ള എളുപ്പവും പലിശ കുറഞ്ഞതുമായ വായ്പകള്‍ വഴിയോര കച്ചവടക്കാര്‍ക്ക് അവരുടെ കച്ചവടം പുനരാരംഭിക്കുന്നതിനായി ലഭ്യമാക്കുന്നു.  നമ്മുടെ നിര്‍മ്മാണ, അടിസ്ഥാന സൗകര്യ മേഖലകള്‍ വലിയൊരു തൊഴില്‍ സ്രോതസ്സാണ്. അതിനാല്‍, രാജ്യമെമ്പാടും ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഏറ്റെടുത്തിട്ടുണ്ട്.

 സുഹൃത്തുക്കളേ,

 ലോകമെമ്പാടുമുള്ള ഈ ഉപജീവന പ്രതിസന്ധിയില്‍, ഇന്ത്യയില്‍ കുറഞ്ഞ നഷ്ടമാണ് ഉണ്ടായതെന്ന് നിരന്തരം ഉറപ്പാക്കുന്നു. കഴിഞ്ഞ വര്‍ഷം നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്; അവ തുടരുകയും ചെയ്യുന്നു. ചെറുകിട, സൂക്ഷ്മ വ്യവസായങ്ങള്‍ക്ക് അവരുടെ വ്യവസായം തുടരാനായി ലക്ഷക്കണക്കിന് കോടി രൂപ നല്‍കി. കൃഷിയും അതിന്റെ അനുബന്ധ പ്രവര്‍ത്തനങ്ങളും സുഗമമായി തുടരുമെന്ന് ഗവണ്‍മെന്റ് ഉറപ്പുവരുത്തി.  കര്‍ഷകരെ സഹായിക്കാന്‍ ഞങ്ങള്‍ നൂതനമായ പരിഹാരങ്ങള്‍ കൊണ്ടുവന്നു.  ഇക്കാര്യത്തില്‍ മധ്യപ്രദേശും പ്രശംസനീയമായ ഒരു കാര്യം ചെയ്തിട്ടുണ്ട്.  മധ്യപ്രദേശിലെ കര്‍ഷകര്‍ റെക്കോര്‍ഡ് ഭക്ഷ്യധാന്യങ്ങള്‍ ഉത്പാദിപ്പിക്കുകയും താങ്ങുവിലയില്‍ അവരുടെ റെക്കോര്‍ഡ് സംഭരണം ഗവണ്‍മെന്റ് ഉറപ്പുവരുത്തുകയും ചെയ്തു. ഗോതമ്പ് വാങ്ങുന്നതിനായി മധ്യപ്രദേശില്‍ പരമാവധി സംഭരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് മനസ്സിലാകുന്നത്. മധ്യപ്രദേശിലെ 17 ലക്ഷത്തിലധികം കര്‍ഷകരില്‍ നിന്ന് ഗോതമ്പ് വാങ്ങി, അവര്‍ക്ക് 25,000 കോടി രൂപയിലധികം നേരിട്ട് കൈമാറി.

 സഹോദരീ സഹോദരന്മാരേ,

 കേന്ദ്ര ഗവണ്‍മെന്റിന്റെ പദ്ധതികള്‍ സംസ്ഥാന ഗവണ്‍മെന്റ് കൂടുതല്‍ മെച്ചപ്പെടുത്തുന്നു എന്നതാണ് ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റുകളുടെ വലിയ നേട്ടം. നൈപുണ്യ വികസനം, ആരോഗ്യ അടിസ്ഥാനസൗകര്യം, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം, റെയില്‍-റോഡ് സൗകര്യങ്ങള് എന്നിങ്ങനെ മധ്യപ്രദേശ് അതിവേഗത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നത്. ശിവരാജ് ജിയുടെ നേതൃത്വത്തില്‍, മധ്യപ്രദേശ് ബിമാരു സംസ്ഥാനത്തിന്റെ സ്വത്വം വളരെക്കാലം പിന്നിലാക്കി. അല്ലാത്തപ്പോള്‍ മധ്യിലെ പ്രദശറോഡുകളുടെ അവസ്ഥ ഞാന്‍ ഓര്‍ക്കുന്നു. ഇവിടെ നിന്ന് ധാരാളം വലിയ അഴിമതികളുടെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്ന് മധ്യപ്രദേശിലെ നഗരങ്ങള്‍ ശുചിത്വത്തിന്റെയും വികസനത്തിന്റെയും പുതിയ മാതൃകകള്‍ സൃഷ്ടിക്കുകയാണ്.

 സഹോദരീ സഹോദരന്മാരേ,

 ഇന്ന്, ഗവണ്‍മെന്റ് പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നുണ്ടെങ്കില്‍, ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിലെ മാറ്റമാണ് കാരണം. മുമ്പത്തെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരു വൈകല്യം ഉണ്ടായിരുന്നു. അവര്‍ പാവങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും സ്വയം ഉത്തരം നല്‍കുകയും ചെയ്തു. ആര്‍ക്കാണ് ആനുകൂല്യം നല്‍കേണ്ടതെന്ന് നേരത്തെ ചിന്തിച്ചിരുന്നില്ല. എന്തിനാണ് പാവങ്ങള്‍ക്ക് റോഡുകള്‍ വേണ്ടത്, അവര്‍ക്ക് ആദ്യം അപ്പമല്ലേ വേണ്ടത് എന്നാണ് ചിലര്‍ ചിന്തിച്ചത്. ദരിദ്രര്‍ക്ക് ഗ്യാസ് സിലിണ്ടറുകള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയെ ചില ആളുകള്‍ ചോദ്യം ചെയ്യും, കാരണം അവര്‍ വിറകുകൊണ്ടു ഭക്ഷണം പാകം ചെയ്തുകൊള്ളുമല്ലോ. സൂക്ഷിക്കാന്‍ പണമില്ലാത്തവര്‍ക്ക് എന്തിനാണു ബാങ്ക് അക്കൗണ്ട് എന്ന ചിന്തയും ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ നിലനിര്‍ത്തുന്നത്? പാവങ്ങള്‍ക്ക് ഒരു വായ്പ നല്‍കിയാല്‍, അവര്‍ അത് എങ്ങനെ തിരിച്ചടയ്ക്കും എന്ന ചോദ്യങ്ങള്‍ ഉണ്ടായിരുന്നു.  പതിറ്റാണ്ടുകളായി ഇത്തരം ചോദ്യങ്ങള്‍ പാവങ്ങളെ സൗകര്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തി. ഒന്നും ചെയ്യാത്തതിന് ഇത് ഒരു വലിയ ഒഴികഴിവായി മാറി.  റോഡ് പാവപ്പെട്ടവരിലേക്ക് എത്തിയില്ല, പാവങ്ങള്‍ക്ക് ഗ്യാസ്, വൈദ്യുതി, താമസിക്കാന്‍ ഒരു നല്ല വീട് എന്നിവ ഉണ്ടായില്ല. പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ട് തുറക്കപ്പെടുകയോ പാവപ്പെട്ടവരില്‍ വെള്ളം എത്തിക്കുകയോ ചെയ്തില്ല. ഫലം ദരിദ്രര്‍ക്ക് പതിറ്റാണ്ടുകളായി അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുകയും ചെറിയ ആവശ്യങ്ങള്‍ക്കായി അവര്‍ ജീവിതകാലമത്രയും പോരാടുകയും ചെയ്തു. ഇപ്പോള്‍ നമ്മള്‍ അതിനെ എന്ത് വിളിക്കും?  അവര്‍ പാവം എന്ന വാക്ക് ഒരു ദിവസം 100 തവണ ചൊല്ലും, പാവങ്ങള്‍ക്ക് വേണ്ടി പാട്ടുകള്‍ പാടുകയും ചെയ്യും.  ഇതായിരുന്നു അവരുടെ പെരുമാറ്റം!  ഈ കാര്യങ്ങളെ കാപട്യം എന്നാണ് വിളിക്കേണ്ടത്. അവര്‍ സൗകര്യങ്ങള്‍ നല്‍കില്ല, പക്ഷേ അവരോട് സാങ്കല്‍പ്പികമായി സഹതപിക്കും.  മണ്ണില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ നിന്നാണ് വരുന്നത്.  നിങ്ങളുടെ സന്തോഷവും ദു: ഖവും ഞങ്ങള്‍ നന്നായി അനുഭവിച്ചിട്ടുണ്ട. അതിനാലാണ് ഞങ്ങള്‍ നിങ്ങള്‍ക്കായി വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നത്. അത്തരമൊരു സംവിധാനത്തിന്റെ ഭാരം വഹിച്ചുകൊണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്! അതിനാല്‍, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ദരിദ്രരെ ശാക്തീകരണത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇന്ന്, രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും റോഡുകള്‍ നിര്‍മ്മിക്കപ്പെടുന്നു, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, കര്‍ഷകര്‍ക്ക് വിപണികള്‍ പ്രാപ്യമാകുന്നു. പാവപ്പെട്ടവര്‍ക്ക് അസുഖമുണ്ടായാല്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചേരാനാകും. രാജ്യത്തെ പാവപ്പെട്ടവരുടെ ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നതിനാല്‍ അവര്‍ ബാങ്കിംഗ് സംവിധാനവുമായി ബന്ധപ്പെട്ടു. ഇന്ന് അവര്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ഇടനിലക്കാരില്ലാതെ എളുപ്പത്തില്‍ വായ്പ ലഭിക്കുന്നു. നല്ല വീടുകള്‍, വൈദ്യുതി, വെള്ളം, ഗ്യാസ്, ശുചിമുറി സൗകര്യങ്ങള്‍ തുടങ്ങിയവ ദരിദ്രര്‍ക്ക് ആദരവും ആത്മവിശ്വാസവും അപമാനത്തില്‍ നിന്നും കഷ്ടപ്പാടുകളില്‍ നിന്നും സ്വാതന്ത്ര്യവും നല്‍കി. അതുപോലെ, കോടിക്കണക്കിന് സ്വയംതൊഴിലാളികള്‍ മുദ്ര വായ്പകളിലൂടെ അവരുടെ സംരംഭങ്ങള്‍ നടത്തുന്നു, കൂടാതെ അവര്‍ മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു.

 സുഹൃത്തുക്കളേ,

 ഡിജിറ്റല്‍ ഇന്ത്യ, വിലകുറഞ്ഞ ഡാറ്റ, ഇന്റര്‍നെറ്റ് എന്നിവ പാവങ്ങള്‍ക്ക് പ്രശ്‌നമല്ലെന്ന് പറഞ്ഞ ആളുകള്‍ ഡിജിറ്റല്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തി അനുഭവിക്കുകയാണ്.

 സഹോദരീ സഹോദരന്മാരേ,

 ഗ്രാമങ്ങള്‍, പാവപ്പെട്ടവര്‍, ആദിവാസി സമൂഹങ്ങള്‍ എന്നിവരെ ശാക്തീകരിക്കാന്‍ രാജ്യത്ത് മറ്റൊരു വലിയ പ്രചാരണം ആരംഭിച്ചു.  ഈ ക്യാംപെയ്ന്‍ നമ്മുടെ കരകൗശലവസ്തുക്കളെയും കൈത്തറിയെയും വസ്ത്രനിര്‍മാണ തൊഴിലാളികളുടെ പ്രവര്‍ത്തനത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഈ പ്രചാരണപരിപാടി പ്രദേശവാസികളെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ്. ഈ മനോഭാവത്തോടെ രാജ്യം ഇന്ന് ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തില്‍ നാം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോള്‍ ഈ ഓഗസ്റ്റ് 7 കൂടുതല്‍ പ്രാധാന്യം കൈവരിക്കുന്നു. 1905 ഓഗസ്റ്റ് 7 -ന് സ്വദേശി പ്രസ്ഥാനം ആരംഭിച്ചതായി നമുക്കെല്ലാവര്‍ക്കും ഓര്‍ക്കാം. ഈ ചരിത്ര ദിനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓഗസ്റ്റ് 7 കൈത്തറിക്ക് സമര്‍പ്പിച്ചിരിക്കുന്നത്. നമ്മുടെ വിസ്മയിപ്പിക്കുന്ന കരകൗശല വിദഗ്ധര്‍, ഗ്രാമങ്ങളിലെ കലാകാരന്മാര്‍, ആദിവാസി മേഖലകള്‍ എന്നിവയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനും അവരുടെ ഉല്‍പന്നങ്ങള്‍ക്ക് ഒരു ആഗോള വേദി നല്‍കുന്നതിനുമുള്ള ദിവസമാണിത്.

 സഹോദരീ സഹോദരന്മാരേ.

 ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുമ്പോള്‍, ഈ കൈത്തറി ദിനത്തിന് കൂടുതല്‍ പ്രാധാന്യം കൈവരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ നമ്മുടെ ചര്‍ക്കയുടെയും ഖാദിയുടെയും മഹത്തായ സംഭാവന നമുക്കെല്ലാവര്‍ക്കും അറിയാം. വര്‍ഷങ്ങളായി ഖാദിയെ രാജ്യം വളരെയധികം ബഹുമാനിച്ചു. ഒരിക്കല്‍ മറന്ന ഖാദി ഇപ്പോള്‍ ഒരു പുതിയ ബ്രാന്‍ഡായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള ഒരു പുതിയ യാത്രയിലാണ് ഇപ്പോള്‍ നാം. സ്വാതന്ത്ര്യ സമരകാലത്ത് നിലവിലുണ്ടായിരുന്ന ഖാദിയുടെ അതേ ആത്മാവ് ഞങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആത്മനിര്‍ഭര്‍ ഭാരതത്തിനായി നാം പ്രാദേശികമായി ശബ്ദമുയര്‍ത്തണം. ഖാദി മുതല്‍ സില്‍ക്ക് വരെയുള്ള കരകൗശലവസ്തുക്കളുടെ സമ്പന്ന പാരമ്പര്യമാണ് മധ്യപ്രദേശിനുള്ളത്.  വരാനിരിക്കുന്ന ഉത്സവങ്ങളില്‍ തീര്‍ച്ചയായും ചില പ്രാദേശിക കരകൗശല ഉത്പന്നങ്ങള്‍ വാങ്ങാനും നമ്മുടെ കരകൗശലവസ്തുക്കള്‍ പ്രോത്സാഹിപ്പിക്കാനും നിങ്ങളോടും മുഴുവന്‍ രാജ്യത്തോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

 ആഘോഷങ്ങളുടെ ആവേശത്തിനിടയില്‍ കൊറോണയെക്കുറിച്ചു മറക്കരുതെന്നും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കൊറോണയുടെ മൂന്നാം തരംഗം നമുക്ക് തടയണം. ഇത് ഉറപ്പാക്കാന്‍ നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം. മാസ്‌കുകള്‍, വാക്‌സിനുകള്‍, രണ്ട് അടി അകലം എന്നിവ വളരെ പ്രധാനമാണ്.  ആരോഗ്യമുള്ളതും സമൃദ്ധവുമായ ഒരു ഇന്ത്യയ്ക്കായി നമ്മള്‍ പ്രതിജ്ഞയെടുക്കണം.
നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍.  ഇന്ന് മധ്യപ്രദേശിലുടനീളമുള്ള 25,000 ലധികം സൗജന്യ റേഷന്‍ കടകളിലെ ദശലക്ഷക്കണക്കിന് പൗരന്മാര്‍ ഒത്തുകൂടിയിരിക്കുകയാണ്. മുഴുവന്‍ മനുഷ്യരാശിയെയും വിഷമിപ്പിച്ച ഈ പ്രതിസന്ധിയില്‍ നിന്ന് നാം കരകയറുമെന്ന് ഉറപ്പു നല്‍കുകയും ഞാന്‍ അവരെ വണങ്ങുകയും ചെയ്യുന്നു. നാം എല്ലാവരെയും ഒരുമിച്ച് സംരക്ഷിക്കുകയും എല്ലാ നിയമങ്ങളും പാലിച്ച് വിജയം ഉറപ്പാക്കുകയും ചെയ്യും.  
ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. നന്ദി!