Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


ഹര ഹര മഹാദേവ്! ജയ ശ്രീ മഹാകാല്‍, ജയ് ശ്രീ മഹാകാല്‍! മഹാകാല്‍ മഹാദേവ്, മഹാകാല്‍ മഹാപ്രഭോ! മഹാകാല്‍ മഹാരുദ്ര, മഹാകാല്‍ നമോസ്തുതേ!
പുണ്യഭൂമിയായ ഉജ്ജയിനിയിലെ ഈ അവിസ്മരണീയമായ പരിപാടിയില്‍ പങ്കെടുക്കുന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദരണീയരായ സന്യാസിമാരെ, മധ്യപ്രദേശ് ഗവര്‍ണര്‍ ശ്രീ മംഗുഭായ് പട്ടേല്‍, ഛത്തീസ്ഗഢ് ഗവര്‍ണര്‍ അനുസൂയ ഉയ്‌കെ ജി, ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീ രമേഷ് ബെയിന്‍സ് ജി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, സംസ്ഥാന ഗവണ്‍മെന്റ് മന്ത്രിമാരെ, എംപിമാരെ, നിയമസഭാംഗങ്ങളെ, മഹാകാല്‍ ഭഗവാന്റെ ദയാലുക്കളായ ഭക്തന്മാരെ, മഹതികളേ, മഹാന്‍മാരേ, ജയ് മഹാകാല്‍!

ഉജ്ജയിനിലെ ഈ ഊര്‍ജ്ജവും ആവേശവും! അവന്തികയുടെ (ഉജ്ജയിന്‍) ഈ പ്രഭയും മഹത്വവും ആനന്ദവും! മഹാകാലിന്റെ ഈ മഹത്വവും ശോഭയും! ‘മഹാകാല്‍ ലോക’ത്തില്‍ സാമ്പ്രദായികമായി ഒന്നുമില്ല. (പ്രഭു) ശങ്കറിനരികില്‍ സാധാരണമായതായി ഒന്നുമില്ല. എല്ലാം അമാനുഷികവും അസാധാരണവുമാണ്. അത് അവിസ്മരണീയവും അവിശ്വസനീയവുമാണ്. നമ്മുടെ തപസ്സിലും വിശ്വാസത്തിലും മഹാകാല്‍ സന്തുഷ്ടനാകുമ്പോള്‍, അവന്റെ അനുഗ്രഹത്താല്‍ അത്തരം മഹത്തായ രൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, എനിക്ക് ഇത് ഇന്ന് അനുഭവിക്കാന്‍ കഴിയും. മഹാകാലിന്റെ അനുഗ്രഹത്താല്‍ കാലത്തിന്റെ വരകള്‍ മായ്ച്ചു, കാലത്തിന്റെ അതിരുകള്‍ കുറയുന്നു, അനന്തമായ സാധ്യതകള്‍ പൂവണിയുന്നു. അവസാനത്തില്‍നിനന് അനന്തതയിലേക്കുള്ള യാത്ര ആരംഭിക്കുന്നു. ‘മഹാകാല്‍ ലോക’ത്തിന്റെ ഈ മഹത്വം കാലത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് കടക്കാന്‍ അനേകം തലമുറകള്‍ക്ക് അമാനുഷിക ദൈവികതയുടെ ദര്‍ശനം നല്‍കുകയും ഇന്ത്യയുടെ സാംസ്‌കാരികവും ആത്മീയവുമായ അവബോധത്തിന് ഊര്‍ജം പകരുകയും ചെയ്യും. ഈ മഹത്തായ അവസരത്തില്‍ ഞാന്‍ രാജാധിരാജ മഹാകാലിന്റെ പാദങ്ങളില്‍ വണങ്ങുന്നു. രാജ്യത്തെയും ലോകത്തെയും എല്ലാ മഹാകാല്‍ ഭക്തര്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. പ്രത്യേകിച്ചും, ഈ സേവനത്തില്‍ സമ്പൂര്‍ണ അര്‍പ്പണബോധത്തോടെ നിരന്തരം ഏര്‍പ്പെട്ടിരിക്കുന്ന ശിവരാജ് സിംഗ് ചൗഹാനും അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനും ഞാന്‍ ഹൃദയംഗമമായ ആശംസകള്‍ അറിയിക്കുന്നു. ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട എല്ലാ ആളുകള്‍ക്കും, സന്യാസിമാര്‍ക്കും പണ്ഡിതന്മാര്‍ക്കും അതോടൊപ്പം ഈ ശ്രമം വിജയമാക്കുന്നതിനു സഹകരണം അനിവാര്യമായിരുന്ന പണ്ഡിതര്‍ക്കുമൊക്കെ ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു.

സുഹൃത്തുക്കളെ,
മഹാകാല്‍ നഗരമായ ഉജ്ജയിനിയെ നമ്മുടെ രാജ്യത്ത് ‘പ്രലയോ ന ബാധതേ തത്ര മഹാകലാപുരി’ എന്നാണ് പരാമര്‍ശിക്കാറുളളത്. അതായത് മഹാകാല്‍ നഗരം ദുരന്തത്തിന്റെ കെടുതികളില്‍ നിന്ന് മുക്തമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ രൂപം ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തമായിരുന്നു. അക്കാലത്ത് ഉജ്ജയിനി ഇന്ത്യയുടെ മധ്യഭാഗത്തായിരുനനു എന്ന് വിശ്വസിക്കപ്പെടുന്നു. ഒരു തരത്തില്‍ പറഞ്ഞാല്‍, ജ്യോതിഷ കണക്കുകൂട്ടലുകളില്‍ ഉജ്ജയിനി ഇന്ത്യയുടെ കേന്ദ്രം മാത്രമല്ല, ഇന്ത്യയുടെ ആത്മാവിന്റെ കേന്ദ്രം കൂടിയാണ്. നമ്മുടെ ഏഴു വിശുദ്ധ പുരികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന നഗരമാണിത്. ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ വന്ന് വിദ്യ അഭ്യസിച്ച നഗരമാണിത്. ഇന്ത്യയുടെ പുതിയ സുവര്‍ണ്ണ കാലഘട്ടത്തിന് തുടക്കമിട്ട മഹാരാജാവ് വിക്രമാദിത്യന്റെ മഹത്വം ഉജ്ജയിനി കണ്ടു. മഹാകാലിന്റെ ഈ ഭൂമിയില്‍ നിന്ന്, വിക്രം സംവത് രൂപത്തില്‍ ഇന്ത്യന്‍ കാല്‍ക്കുലസിന്റെ ഒരു പുതിയ അധ്യായം ആരംഭിച്ചു. ഉജ്ജയിനിയിലെ ഓരോ നിമിഷവും ചരിത്രത്തില്‍ ആഴ്ന്നിറങ്ങുന്നു, ഓരോ കണികയിലും ആത്മീയത നിറഞ്ഞിരിക്കുന്നു. ഓരോ കോണിലും ദൈവിക ഊര്‍ജ്ജമുണ്ട്. കാലചക്രത്തിലെ 84 ‘കല്‍പങ്ങളെ’ പ്രതിനിധീകരിക്കുന്ന 84 ശിവലിംഗങ്ങളുണ്ട്. 4 മഹാവീരന്മാര്‍, 6 വിനായകര്‍, 8 ഭൈരവര്‍, അഷ്ടമാതൃകകള്‍, 9 നവഗ്രഹങ്ങള്‍, 10 വിഷ്ണുമാര്‍, 11 രുദ്രന്മാര്‍, 12 ആദിത്യന്മാര്‍, 24 ദേവികള്‍, 88 തീര്‍ത്ഥങ്ങള്‍. അതിന്റെ കേന്ദ്രത്തില്‍ രാജാധിരാജ് കാലാധിരാജ മഹാകാലാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍, നമ്മുടെ മുഴുവന്‍ പ്രപഞ്ചത്തിന്റെയും ഊര്‍ജ്ജം ഉജ്ജയിനിയില്‍ നമ്മുടെ ഋഷിമാര്‍ പ്രതീകാത്മക രൂപത്തില്‍ സ്ഥാപിച്ചു. അതിനാല്‍, ഉജ്ജയിനി ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയുടെ ഐശ്വര്യത്തെയും സമൃദ്ധിയെയും അറിവിനെയും അന്തസ്സിനെയും നാഗരികതയെയും സാഹിത്യത്തെയും നയിച്ചു. മഹാകവി കാളിദാസിന്റെ മേഘദൂതത്തില്‍ ഈ നഗരത്തിന്റെ വാസ്തുവിദ്യയും വൈഭവവും കരകൗശലവും സൗന്ദര്യവും നമുക്ക് കാണാനാകും. ബാണഭട്ടനെപ്പോലുള്ള കവികളുടെ കവിതകളില്‍ ഉജ്ജയിനിയുടെ സംസ്‌കാരവും പാരമ്പര്യവും കാണാം. കൂടാതെ, മധ്യകാല എഴുത്തുകാരും അതിന്റെ വാസ്തുവിദ്യയെ പ്രശംസിച്ചിട്ടുണ്ട്.

സഹോദരീ സഹോദരന്മാരേ,
ലോകഭൂപടത്തില്‍ വിജയക്കൊടി പാറിക്കുമ്പോള്‍ മാത്രമേ ഒരു രാജ്യത്തിന്റെ സാംസ്‌കാരിക മഹത്വം വിശാലമാകൂ. കൂടാതെ, വിജയത്തിന്റെ പരകോടിയിലെത്താന്‍, രാഷ്ട്രം അതിന്റെ സാംസ്‌കാരിക ഔന്നത്യങ്ങളെ സ്പര്‍ശിക്കുകയും അതിന്റെ സ്വത്വത്തില്‍ അഭിമാനത്തോടെ നിലകൊള്ളുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതുകൊണ്ട്, സ്വാതന്ത്ര്യത്തിന്റെ ‘അമൃത് കാലത്തില്‍’ ‘പഞ്ച് പ്രാണ്‍’ (അഞ്ച് പ്രതിജ്ഞകള്‍) പോലെ ‘അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്നുള്ള മോചനത്തിനും’ ‘പൈതൃകത്തില്‍ അഭിമാനിക്കുന്നതിനും’ ഇന്ത്യ ആഹ്വാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. കാശിയിലെ വിശ്വനാഥ് ധാം ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനത്തിന് അഭിമാനം പകരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ സോമനാഥില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നു. ഉത്തരാഖണ്ഡിലെ ബാബ കേദാറിന്റെ അനുഗ്രഹത്താല്‍ കേദാര്‍നാഥ്-ബദരീനാഥ് തീര്‍ഥാടന മേഖലയില്‍ വികസനത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കപ്പെടുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി, ചാര്‍ധാം പദ്ധതിയിലൂടെ നമ്മുടെ നാല് ധാമുകളെ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുനന റോഡുകളുമായി ബന്ധിപ്പിക്കാന്‍ പോകുന്നു. ഇത് മാത്രമല്ല, കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തുറക്കുകയും സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ഹേമകുണ്ഡ് സാഹിബിനെ റോപ്പ് വേ വഴി ബന്ധിപ്പിക്കാന്‍ പോവുകയും ചെയ്യുന്നു. അതുപോലെ, ‘സ്വദേശ് ദര്‍ശന്‍’, ‘പ്രസാദ് യോജന’ എന്നിവയിലൂടെ നമ്മുടെ ആത്മീയ ബോധത്തിന്റെ അത്തരം നിരവധി കേന്ദ്രങ്ങളുടെ അഭിമാനം രാജ്യത്തുടനീളം പുനഃസ്ഥാപിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി ഭൂതകാലത്തിന്റെ പ്രതാപത്തോടെ ഭാവിയെ വരവേല്‍ക്കാന്‍ ഈ മഹത്തായ ‘മഹാകാല്‍ ലോക’വും ഒരുങ്ങിക്കഴിഞ്ഞു. വടക്ക് നിന്ന് തെക്കോട്ടും കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും നോക്കുമ്പോള്‍, നമ്മുടെ പുരാതന ക്ഷേത്രങ്ങളുടെ വിശാലതയും വാസ്തുവിദ്യയും നമ്മെ അത്ഭുതപ്പെടുത്തുന്നു. കൊണാര്‍ക്കിലെ സൂര്യക്ഷേത്രമോ മഹാരാഷ്ട്രയിലെ എല്ലോറയിലെ കൈലാഷ് ക്ഷേത്രമോ കണ്ട് ആശ്ചര്യപ്പെടാത്തവര്‍ ആരുണ്ട്? കൊണാര്‍ക്ക് സൂര്യക്ഷേത്രം പോലെ, ഗുജറാത്തിലെ മൊധേര സൂര്യക്ഷേത്രവും ഉണ്ട്. അവിടെ സൂര്യന്റെ ആദ്യ കിരണങ്ങള്‍ നേരിട്ട് ശ്രീകോവിലിലേക്ക് പ്രവേശിക്കുന്നു. അതുപോലെ തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ രാജരാജ ചോളന്‍ പണികഴിപ്പിച്ച ബൃഹദീശ്വര ക്ഷേത്രമുണ്ട്. കാഞ്ചീപുരത്ത് വരദരാജ പെരുമാള്‍ ക്ഷേത്രവും രാമേശ്വരത്ത് രാമനാഥ സ്വാമി ക്ഷേത്രവും ഉണ്ട്. ബേലൂരില്‍ ചന്നകേശവ ക്ഷേത്രവും മധുരയില്‍ മീനാക്ഷി ക്ഷേത്രവും തെലങ്കാനയില്‍ രാമപ്പ ക്ഷേത്രവും ശ്രീനഗറില്‍ ശങ്കരാചാര്യ ക്ഷേത്രവും ഉണ്ട്. സമാനതകളില്ലാത്തതും സങ്കല്‍പ്പിക്കാനാവാത്തതും ‘ഭൂതോ ന ഭവിഷ്യതി’ (ഭൂതമോ ഭാവിയോ അല്ല) എന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളുമായ അത്തരം നിരവധി ക്ഷേത്രങ്ങളുണ്ട്. അവ കാണുമ്പോള്‍, ആ കാലഘട്ടത്തില്‍ അവ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച സാങ്കേതികവിദ്യയില്‍ അത്ഭുതപ്പെടാന്‍ നാം നിര്‍ബന്ധിതരാകുന്നു. നമ്മുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കണമെന്നില്ല. എന്നാല്‍ ഈ ക്ഷേത്രങ്ങളിലെ ആത്മീയവും സാംസ്‌കാരികവുമായ സന്ദേശങ്ങള്‍ ഇന്നും തുല്യ വ്യക്തതയോടെ കേള്‍ക്കാം. തലമുറകള്‍ ഈ പൈതൃകം കാണുമ്പോള്‍, അതിന്റെ സന്ദേശങ്ങള്‍ കേള്‍ക്കുമ്പോള്‍, അത് ഒരു നാഗരികതയെന്ന നിലയില്‍ നമ്മുടെ തുടര്‍ച്ചയെയും അനശ്വരതയെയും വഹിക്കുന്നതായി മാറുന്നു. ഈ പാരമ്പര്യം കലയും കരകൗശലവും ‘മഹാകാല്‍ ലോക’ത്തില്‍ ഫലപ്രദമായി കൊത്തിവച്ചിട്ടുണ്ട്. ശിവപുരാണ കഥകളുടെ അടിസ്ഥാനത്തിലാണ് ഈ ക്ഷേത്രമുറ്റം മുഴുവന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെയെത്തിയാല്‍ മഹാകാലിന്റെ ‘ദര്‍ശന’ത്തിനൊപ്പം മഹാകാലിന്റെ മഹത്വവും പ്രാധാന്യവും കാണാനാകും. പഞ്ചമുഖി ശിവന്‍, അദ്ദേഹത്തിന്റെ ഢംരു, പാമ്പ്, ത്രിശൂലം, ചന്ദ്രക്കല, സപ്തഋഷി എന്നിവയുടെ മഹത്തായ രൂപങ്ങള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവ അറിവിന്റെ സംയോജനത്തോടൊപ്പം ‘മഹാകാല്‍ ലോക’ത്തെ അതിന്റെ പൗരാണിക മഹത്വവുമായി ബന്ധിപ്പിക്കുകയും അതിന്റെ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സഹോദരീ സഹോദരന്മാരേ,
‘ശിവം ജ്ഞാനം’- ശിവനാണ് അറിവ് എന്നു നമ്മുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണട്. ശിവന്‍ അറിവാണ് എന്നാണ് ഇതിനര്‍ത്ഥം. പ്രപഞ്ചത്തിന്റെ പരമോന്നതമായ ‘ദര്‍ശനം’ ശിവന്റെ ‘ദര്‍ശന’ത്തിലാണ്. പിന്നെ ‘ദര്‍ശനം’ എന്നാല്‍ ശിവന്റെ ദര്‍ശനമാണ്. നമ്മുടെ ജ്യോതിര്‍ലിംഗങ്ങളുടെ ഈ വികാസം ഇന്ത്യയുടെ ആത്മീയ വെളിച്ചത്തിന്റെ വികാസമാണെന്നും ഇന്ത്യയുടെ വിജ്ഞാനത്തിന്റെയും തത്ത്വചിന്തയുടെയും വികാസമാണെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യയുടെ ഈ സാംസ്‌കാരിക ദര്‍ശനം ഒരിക്കല്‍ കൂടി ഉച്ചകോടിയില്‍ എത്തി ലോകത്തെ നയിക്കാന്‍ ഒരുങ്ങുകയാണ്.

സുഹൃത്തുക്കളെ,
തെക്കോട്ടു ദര്‍ശനമുള്ള ഏക ജ്യോതിര്‍ലിംഗമാണ് മഹാകാല്‍. ശിവന്റെ അത്തരമൊരു രൂപമാണിത്, അദ്ദേഹത്തിന്റെ ‘ഭസ്മ ആരതി’ (ചാരം അര്‍പ്പിക്കുക) ലോകമെമ്പാടും പ്രസിദ്ധമാണ്. ഓരോ ഭക്തനും തീര്‍ച്ചയായും തന്റെ ജീവിതത്തില്‍ ‘ഭസ്മ ആരതി’ കാണാന്‍ ആഗ്രഹിക്കുന്നു. ഇവിടെ സന്നിഹിതരാകുന്ന എല്ലാ സന്യാസിമാര്‍ക്കും ‘ഭസ്മ ആരതി’യുടെ മതപരമായ പ്രാധാന്യത്തെക്കുറിച്ച് പറയാന്‍ കഴിയും. എന്നാല്‍ ഈ പാരമ്പര്യത്തില്‍ നമ്മുടെ ഭാരതത്തിന്റെ വീര്യവും ചൈതന്യവും ഞാന്‍ കാണുന്നു. ഇതില്‍ ഭാരതത്തിന്റെ അജയ്യമായ അസ്തിത്വവും ഞാന്‍ കാണുന്നു, കാരണം, ‘സോയം ഭൂതി വിഭൂഷണഃ’, അതായത് ഭസ്മം ധരിക്കുന്നവനായ ശിവന്‍ ‘സര്‍വാധിപഃ സര്‍വദാ’ ആണ്, അതായത്, അവന്‍ അനശ്വരനും അവിനാശിയുമാണ്. അതിനാല്‍, മഹാകാല്‍ ഉള്ളിടത്ത് കാലഘട്ടത്തിന്റെ അതിരുകളില്ല. മഹാകാലിന്റെ അഭയകേന്ദ്രത്തില്‍ വിഷം പോലും പ്രകമ്പനം കൊള്ളുന്നു. മഹാകാലിന്റെ സാന്നിധ്യത്തില്‍, അവസാനം മുതല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. അനന്തതയുടെ യാത്രയും അവസാനം മുതല്‍ ആരംഭിക്കുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയില്‍ അനശ്വരമായി തുടരുന്ന നമ്മുടെ നാഗരികതയുടെ ആത്മീയ ആത്മവിശ്വാസമാണിത്. അത് അനശ്വരമായി നിലകൊള്ളുന്നു. നമ്മുടെ വിശ്വാസത്തിന്റെ ഈ കേന്ദ്രങ്ങള്‍ ഉണര്‍ന്നിരിക്കുന്നിടത്തോളം കാലം ഇന്ത്യയുടെ ബോധവും ആത്മാവും ഉണര്‍ന്നിരിക്കുന്നു. മുന്‍കാലങ്ങളില്‍ നമ്മള്‍ ശ്രമങ്ങള്‍ നടത്തി, സാഹചര്യങ്ങള്‍ മാറി, അധികാരങ്ങള്‍ മാറി. ഇന്ത്യ ചൂഷണം ചെയ്യപ്പെടുകയും സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്തു. ഇല്‍തുമിഷിനെപ്പോലുള്ള അധിനിവേശക്കാര്‍ ഉജ്ജയിനിലെ ഊര്‍ജം നശിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നമ്മുടെ ഋഷിമാര്‍ പറഞ്ഞു – ചന്ദ്രശേഖരം ആശ്രയേ മം കിം കരിഷ്യതി വൈ യമഃ. അതായത്, മഹാകാല ശിവന്റെ സങ്കേതത്തില്‍ മരണം പോലും നമ്മെ എന്ത് ചെയ്യും? തല്‍ഫലമായി, ഈ ആധികാരിക വിശ്വാസ കേന്ദ്രങ്ങളുടെ ഊര്‍ജ്ജത്തില്‍ നിന്ന് ഇന്ത്യ വീണ്ടും ഉയര്‍ന്നു. നമ്മുടെ അനശ്വരതയുടെ അതേ സാര്‍വത്രിക പ്രഖ്യാപനം നാം വീണ്ടും നടത്തി. മഹാകാലിന്റെ അനുഗ്രഹത്താല്‍ ഇന്ത്യ അതിന്റെ കാലാതീതമായ അസ്തിത്വത്തിന്റെ ഒരു ലിഖിതം എഴുതി. ഇന്ന് ഒരിക്കല്‍ കൂടി ‘അമര്‍ അവന്തിക’ ഇന്ത്യയുടെ സാംസ്‌കാരിക അനശ്വരതയെ സ്വാതന്ത്ര്യത്തിന്റെ ‘അമൃത് കാല’ത്തില്‍ വിളംബരം ചെയ്യുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യന്‍ കാല്‍ക്കുലസിന്റെ കേന്ദ്രബിന്ദുവായിരുന്ന ഉജ്ജയിനി ഇന്ത്യയുടെ മഹത്വത്തിന്റെ ഒരു പുതിയ കാലഘട്ടത്തെ വീണ്ടും അറിയിക്കുകയാണ്.

സുഹൃത്തുക്കളെ,
ഇന്ത്യക്ക് വേണ്ടിയുള്ള മതം എന്നാല്‍ നമ്മുടെ കടമകളുടെ കൂട്ടായ നിര്‍ണ്ണയമാണ്! ലോകത്തിന്റെ ക്ഷേമം, മനുഷ്യരാശിക്കുള്ള സേവനം എന്നിവയാണ് നമ്മുടെ ദൃഢനിശ്ചയങ്ങളുടെ ലക്ഷ്യം. ശിവനെ ആരാധിക്കുമ്പോള്‍, നാം നമാമി വിശ്വസ്യ ഹിതേ രതം, നമാമി രൂപാണി ബഹൂനി ധത്തേ എന്നു പറയുന്നു. അതായത്, ലോകത്തിനായി നിലകൊളളുനന വിശ്വപതി ശിവനെ നാം വണങ്ങുന്നു. ഇന്ത്യയിലെ തീര്‍ത്ഥാടനങ്ങള്‍, ക്ഷേത്രങ്ങള്‍, ആശ്രമങ്ങള്‍, വിശ്വാസകേന്ദ്രങ്ങള്‍ എന്നിവയുടെ ആത്മാവാണിത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലോകമെമ്പാടുമുള്ള ആളുകള്‍ മഹാകാല്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു. സിംഹസ്ഥ കുംഭത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുകൂടുന്നു. ഒരു മന്ത്രം, ഒരു ദൃഢനിശ്ചയം കൊണ്ട് എണ്ണിയാലൊടുങ്ങാത്ത വൈവിധ്യങ്ങള്‍ കൂടിച്ചേരുമെന്നതിന് ഇതിലും മികച്ച ഉദാഹരണം മറ്റെന്തുണ്ട്? ആയിരക്കണക്കിന് വര്‍ഷങ്ങളായി, കുംഭമേളയ്ക്ക് ഒരുമിച്ചു കലക്കിയ ശേഷം പുറത്തുവരുന്ന അമൃതില്‍ നിന്ന് ഒരു ദൃഢനിശ്ചയം കൈക്കൊണ്ട് നടപ്പിലാക്കുന്ന പാരമ്പര്യം 12 വര്‍ഷമായി ഉണ്ട്. അടുത്ത കുംഭം നടന്നപ്പോള്‍ 12 വര്‍ഷത്തിനു ശേഷം ഒരിക്കല്‍ കൂടി അമൃത് ചീറ്റല്‍ ഉണ്ടായി. വീണ്ടും, അടുത്ത 12 വര്‍ഷത്തേക്ക് ദൃഢനിശ്ചയം എടുത്തു. കഴിഞ്ഞ കുംഭമേളയില്‍ ഇവിടെ വരാനുള്ള ഭാഗ്യം എനിക്കുണ്ടായി. മഹാകാലിന്റെ വിളി ഉണ്ടായപ്പോള്‍ ഈ മകന്‍ എങ്ങനെ അതില്‍ നിന്ന് മാറിനില്‍ക്കും? ആയിരം വര്‍ഷം പഴക്കമുള്ള കുംഭപാരമ്പര്യം നടന്നുകൊണ്ടിരുന്ന ആ സമയം മനസ്സില്‍ നിറഞ്ഞു നിന്നു. മാ ക്ഷിപ്രയുടെ തീരത്തുവെച്ച് എനിക്ക് പല ചിന്തകളും ഉണ്ടായിരുന്നു. എങ്ങനെ ചില വാക്കുകള്‍ എന്നില്‍ നിന്ന് പുറത്തുവന്നു എന്നോ അതെങ്ങനെ ദൃഢനിശ്ചയമായി മാറി എന്നോ എനിക്കറിയില്ല. അത് ഇന്ന് തിരിച്ചറിയപ്പെടുകയാണ് സുഹൃത്തുക്കളെ. ഇന്ന് ആ ആത്മാവിനെ തിരിച്ചറിഞ്ഞ സുഹൃത്തുക്കളെ ഞാന്‍ അഭിനന്ദിക്കുന്നു. ശിവനോടും ശിവത്വത്തോടുമുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം, എല്ലാവരുടെയും മനസ്സില്‍ ക്ഷിപ്രയോടുള്ള ആദരവ്, ജീവജാലങ്ങളോടും പ്രകൃതിയോടുമുള്ള സംവേദനക്ഷമത, അങ്ങനെയൊരു വലിയ സമ്മേളനവും! ലോകക്ഷേമത്തിനായി എത്ര പ്രചോദനങ്ങള്‍ ഇവിടെ നിന്ന് പുറപ്പെടും?

സഹോദരീ സഹോദരന്മാരേ,
ഈ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നൂറ്റാണ്ടുകളായി രാജ്യത്തിന് സന്ദേശങ്ങളും ശക്തിയും നല്‍കിയിട്ടുണ്ട്. കാശി പോലുള്ള നമ്മുടെ കേന്ദ്രങ്ങള്‍ മതത്തോടൊപ്പം വിജ്ഞാനത്തിന്റെയും തത്ത്വചിന്തയുടെയും കലയുടെയും തലസ്ഥാനമായിരുന്നു. ഉജ്ജയിനി പോലുള്ള നമ്മുടെ സ്ഥലങ്ങള്‍ ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട ഗവേഷണ കേന്ദ്രങ്ങളാണ്. ഇന്ന്, പുതിയ ഇന്ത്യ അതിന്റെ പുരാതന മൂല്യങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍, അത് വിശ്വാസത്തോടൊപ്പം ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുന്നു. ഇന്ന് നമ്മള്‍ ജ്യോതിശാസ്ത്ര മേഖലയില്‍ ലോകത്തിലെ പ്രധാന ശക്തികളുമായി പൊരുത്തപ്പെടുന്നു. ഇന്ന് ഇന്ത്യ മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്നു. മിഷന്‍ ചന്ദ്രയാന്‍, മിഷന്‍ ഗഗന്‍യാന്‍ തുടങ്ങിയ ദൗത്യങ്ങളിലൂടെ, ആകാശത്ത് ആ കുതിപ്പിന് ഇന്ത്യ തയ്യാറായി. അത് നമുക്ക് പുതിയ ഉയരം നല്‍കും. പ്രതിരോധരംഗത്തും പൂര്‍ണ ശക്തിയോടെ ഇന്ത്യ ഇന്ന് സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണ്. അതുപോലെ, ഇന്ന് നമ്മുടെ യുവാക്കള്‍ പുതിയ യുണികോണുകളും സ്റ്റാര്‍ട്ടപ്പുകളും വഴി എല്ലാ മേഖലകളിലും ഇന്ത്യയുടെ കഴിവുകള്‍ വളര്‍ത്തുന്നു.

ഒപ്പം സഹോദരീ സഹോദരന്മാരെ,
എവിടെ പുതിയ ആശയങ്ങളുണ്ടോ അവിടെ നവീകരണവും ഉണ്ടെന്ന് നാം ഓര്‍ക്കണം. അടിമത്തത്തിന്റെ കാലഘട്ടത്തില്‍ നമുക്ക് നഷ്ടപ്പെട്ടത്, ഇന്ന് ഇന്ത്യ പുതുക്കിപ്പണിയുകയും അതിന്റെ പ്രതാപം വീണ്ടെടുക്കുകയും ചെയ്യുന്നു. എന്നെ വിശ്വസിക്കൂ സുഹൃത്തുക്കളെ. ഇന്ന് നമ്മള്‍ മഹാകാലിന്റെ പാദങ്ങളിലാണ്. ഇത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് മാത്രമല്ല, മുഴുവന്‍ ലോകത്തിനും മനുഷ്യരാശിക്കും ഗുണം ചെയ്യും. മഹാകാലിന്റെ അനുഗ്രഹത്താല്‍, ഇന്ത്യയുടെ മഹത്വം ലോകത്തിന്റെ മുഴുവന്‍ വികസനത്തിന് പുതിയ സാധ്യതകള്‍ നല്‍കും. ഇന്ത്യയുടെ ദിവ്യത്വം ലോകമെമ്പാടും സമാധാനത്തിന് വഴിയൊരുക്കും. ഈ വിശ്വാസത്തോടെ ഞാന്‍ ഒരിക്കല്‍ കൂടി മഹാകാലിന്റെ പാദങ്ങളില്‍ തല കുനിക്കുന്നു. പൂര്‍ണ്ണ ഭക്തിയോടെ എന്നോടൊപ്പം ആവര്‍ത്തിക്കൂ: ജയ് മഹാകാല്‍! ജയ് ജയ് മഹാകാല്‍, ജയ് ജയ് മഹാകാല്‍, ജയ് ജയ് മഹാകാല്‍, ജയ് ജയ് മഹാകാല്‍, ജയ് ജയ് മഹാകാല്‍, ജയ് ജയ് മഹാകാല്‍, ജയ് ജയ് മഹാകാല്‍.

ND