Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

മണിപ്പൂരില്‍ നടക്കുന്ന 105-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

മണിപ്പൂരില്‍ നടക്കുന്ന 105-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് 
ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

മണിപ്പൂരില്‍ നടക്കുന്ന 105-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് 
ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

മണിപ്പൂരില്‍ നടക്കുന്ന 105-ാമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ് 
ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം


മണിപ്പൂര്‍ ഗവര്‍ണര്‍ ഡോ: നജ്മ ഹെപ്ത്തുള്ള,

മണിപ്പൂര്‍ മുഖ്യമന്ത്രി, ശ്രീ എന്‍. ബിരേന്‍ സിംഗ്,

മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍; ഡോ: ഹര്‍ഷ വര്‍ദ്ധന്‍,

വേദിയിലുള്ള മറ്റ് ബഹുമാന്യരെ,

പ്രധിനിധികളെ,

സഹോദരീ, സഹോദരന്മാരെ,

അടുത്തകാലത്ത് നമ്മെ വിട്ടുപിരിഞ്ഞ മഹാന്മാരായ മൂന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞരായ പത്മവിഭൂഷണ്‍ പ്രൊഫ: യശ്പാല്‍, പത്മവിഭൂഷണ്‍ പ്രൊഫ: യു.ആര്‍.റാവു, പത്മശ്രീ ഡോ: ബല്‍ദേവ് രാജ് എന്നിവര്‍ക്ക് എന്റെ പ്രണാമം അര്‍പ്പിക്കട്ടെ. ഇവരെല്ലാം തന്നെ ഇന്ത്യയില്‍ ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയവരാണ്.

നമ്മുടെ കാലത്തെ മഹാനായ ഭൗതീക ശാസ്ത്രജ്ഞരില്‍ ഒരാളായ-പ്രപഞ്ചശാസ്ത്രത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളിലൊന്നായ സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ നിര്യാണത്തില്‍ ലോകത്തോടൊപ്പം നമുക്കും പങ്കുചേരാം. അദ്ദേഹം ഇന്ത്യയുടെ സുഹൃത്തായിരുന്നു, രണ്ടുതവണ അദ്ദേഹം ഇന്ത്യ സന്ദര്‍ശിച്ചിട്ടുമുണ്ട്. സാധാരണക്കാരായ വ്യക്തികള്‍ തമോഗര്‍ത്തത്തെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ല, എല്ലാ അസമത്വങ്ങള്‍ക്കെതിരെയും അദ്ദേഹത്തിന്റെ അസാധാരണമായ ഉയര്‍ന്ന മനോഭാവത്തിന്റേയൂം പ്രതിജ്ഞാബദ്ധതയുടെയൂം കൂടി അടിസ്ഥാനത്തിലായിരിക്കും അദ്ദേഹത്തെ ഓര്‍ക്കുന്നത്. ലോകത്തെ എക്കാലത്തേയും വലിയ പ്രചോദകന്‍ എന്ന നിലയിലായിരിക്കും അദ്ദേഹം അറിയപ്പെുടുക.

ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന്റെ 105-മത്തെ സമ്മേളനത്തില്‍ ഇവിടെ ഇംഫാലില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. നല്ല നാളെയ്ക്കുള്ള വഴിയൊരുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരോടൊപ്പം ഇവിടെ ഒത്തുകൂടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ അഹ്‌ളാദവാനുമാണ്. ഈ സുപ്രധാനമായ പരിപാടിക്ക് മണിപ്പൂര്‍ സര്‍വകലാശാല ആതിഥേയത്വം വഹിക്കുന്നതും എന്നെ സന്തോഷഭരിതമാക്കുന്നു. വടക്ക് കിഴക്കന്‍ മേഖലയില്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രധാനകേന്ദ്രമായി ഈ സര്‍വ്വകലാശാല ഉയര്‍ന്നുവരികയാണ്. ഒനു നൂറ്റാണ്ടിനിടയില്‍ ഇത് രണ്ടാമത്തെ തവണയാണ് ശാസ്ത്ര കോണ്‍ഗ്രസ് വടക്കുകിഴക്കന്‍ സംസ്ഥാനത്ത് സംഘടിപ്പിക്കുന്നതെന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുവെന്നതിന്റെ തെളിവാണിത്.

ഇത് മികച്ച ഭാവിയുടെ പ്രവചനമാണ്. ഓര്‍മ്മവച്ചകാലം മുതല്‍ തന്നെ ശാസ്ത്രം എന്നത് വികസനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും പര്യായമാണ്. നമ്മുടെ രാജ്യത്തെ മികച്ച ശാസ്ത്ര മനസുകളെന്ന നിലയില്‍ നിങ്ങളുടെ ഇവിടുത്തെ ഒത്തുചേരല്‍ അറിവിന്റെ, നൂതനാശയങ്ങളുടെ, സംരംഭകത്വത്തിന്റെയൊക്കെ ഒരു ഊര്‍ജ്ജകേന്ദ്രമാണുണ്ടാക്കിയിരിക്കുന്നത്. ഇതിന് വേണ്ട മാറ്റങ്ങള്‍ക്കും നിങ്ങളാണ് സജ്ജമായിട്ടുള്ളത്.

ഗവേഷണത്തെ രാജ്യത്തിന് വേണ്ടിയുള്ള ഗവേഷണം എന്ന് പുനര്‍ നിര്‍വചിക്കാന്‍-അതാണ് ഗവേഷണത്തിന്റെ യഥാര്‍ത്ഥ നിര്‍വചനം, അനുയോജ്യമായ കാലമാണിത്. മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനും, മാനവപുരോഗതിയും ക്ഷേമവും കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകുകയും പോലുള്ള മഹത്തായ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗമാണ് ശാസ്ത്രം- ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ 125 കോടി ഇന്ത്യന്‍ പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതിന് നാം നമ്മെത്തന്നെ സമര്‍പ്പിക്കേണ്ടതിനും അനുയോജ്യമായ സമയമാണിത്.

1944 ഏപ്രിലില്‍ നേതാജി സുബാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എ സ്വാതന്ത്ര്യം പ്രഖ്യാപിച്ച ധീരമായ ഈ മണിപ്പൂരിന്റെ മണ്ണിലാണ് ഇന്ന് ഞാന്‍ നില്‍ക്കുന്നത്. മണിപ്പൂര്‍ വിടുമ്പോള്‍ നിങ്ങള്‍ക്കും രാജ്യത്തിന് വേണ്ടി എന്നും നിലനില്‍ക്കുന്ന എന്തെങ്കിലും ചെയ്യണമെന്ന ഊര്‍ജ്ജസ്വലമായ അര്‍പ്പണ മനോഭാവം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇവിടെ കണ്ടുമുട്ടിയ ശാസ്ത്രജ്ഞരുമായി നിങ്ങള്‍ തുടര്‍ന്നും അടുത്ത് പ്രവര്‍ത്തിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.

ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ചില വലിയ പ്രശ്‌നങ്ങള്‍ക്ക് വിവിധ മേഖലകളിലുള്ള ശാസ്ത്രജ്ഞരുടെ അടുത്ത സഹകരണവും ഏകോപനവും ആവശ്യവുമാണ്. കേരന്ദ ഗവണ്‍മെന്റ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി ശാസ്ത്രത്തിന്റെ മേഖലയില്‍ നിരവധി പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ( ഗ്രാമ കൃഷി കാലാവസ്ഥ സഹായ പദ്ധതിയുടെ(ഗ്രാമീണ കൃഷി മൗസം സേവ) ഭാഗമായി കാര്‍ഷിക കാലാവസ്ഥാ സേവനം നല്‍കുന്നുണ്ട്. ഇത് 5 ലക്ഷത്തിലേറെ കര്‍ഷകര്‍ക്ക് സഹായമാകുന്നുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ശാസ്ത്ര സാങ്കേതിക സംവിധാനങ്ങള്‍ക്കായി നിരവധി പുതിയ കേന്ദ്രങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഒരു ” എത്തനോ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍” മണിപ്പൂരില്‍ ആരംഭിച്ചിട്ടുണ്ട്. ഇത് വടക്കുകിഴക്കന്‍ മേഖലകളില്‍ ലഭിക്കുന്ന ഔഷധ, സുഗന്ധ ഗുണമുള്ള വന ഔഷധസസ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്.

ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംസ്ഥാന കാലാവസ്ഥ വ്യതിയാന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവ കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കുകയും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള വിലയിരുത്തല്‍ നടത്തുകയും ചെയ്യും. മുളയെ ഞങ്ങള്‍ മരത്തില്‍ നിന്നും മാറ്റി അതിന്റെ യഥാര്‍ത്ഥ വിഭാഗത്തില്‍പ്പെട്ട പുല്ലാക്കി വര്‍ഗ്ഗീകരിച്ചു. ഇതാനയി ഞങ്ങള്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിയമം മാറ്റി. ഈ ഭേദഗതിയിലൂടെ മുള വളരെ സുഗമമായി കൊണ്ടുപോകുന്നതിന് കഴിയും. ഉല്‍പ്പാദന വിപണകേന്ദ്രങ്ങള്‍ തമ്മില്‍ തടസ്സമില്ലാതെ സംയോജിപ്പിക്കാനാകുമെന്നാണ് ഇതിന്റെ അര്‍ത്ഥം. മുള പാരിസ്ഥിതികാവസ്ഥയുടെ യഥാര്‍ത്ഥമൂല്യവും അതിന്റെ യഥാര്‍ത്ഥ ശേഷിയും ഉള്‍ക്കൊള്ളാന്‍ കര്‍ഷകര്‍ക്ക് കഴിയുകയും ചെയ്യും. ദേശീയ ബാംബൂ മിഷന് 1200 കോടി അനുവദിച്ചുകൊണ്ട് അതിനെ ഗവണ്‍മെന്റ് പുനരുജ്ജീവിപ്പിക്കുകയാണ്. ഈ തീരുമാനത്തിലൂടെ മണിപ്പൂര്‍ പോലുള്ള സംസ്ഥാനങ്ങള്‍ക്കാണ് ഏറെ ഗുണം ലഭിക്കുക.

സുഹൃത്തുക്കളെ,

ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസിന് വലിയ സമ്പന്നമായ ഒരു പൈതൃകമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും ഉന്നതരായ ശാസ്ത്രജ്ഞരായിരുന്ന ആചാര്യ ജെ.സി. ബോസ്, സി.വി. രാമന്‍, ഘോനന്ദ ഷാ, എസ്.എന്‍. ബോസ് തുടങ്ങിയവരാണ് ഇതിനെ നയിച്ചിരുന്നത്. ഈ മഹാന്മാരായ ശാസ്ത്രകാരന്മാര്‍ സൃഷ്ടിച്ച മികച്ച നിലവാരത്തില്‍ നിന്നും നവ ഇന്ത്യ പ്രചോദനം ഉള്‍ക്കൊള്ളണം. വിവിധ ആശയവിനിമയ സന്ദര്‍ഭങ്ങളില്‍ നമ്മുടെ സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ കൂടി കണ്ടെത്തണമെന്നാണ് ഞാന്‍ നമ്മുടെ ശാസ്ത്രകാരന്മാരോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്. നമ്മുടെ സമൂഹത്തിലെ പാവപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായവര്‍ക്ക് ഗുണമുണ്ടാകുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കണമെന്നാണ് എനിക്ക് അവരോട് അഭ്യര്‍ത്ഥിക്കാനുണ്ടായിരുന്നത്.

ഈ സാഹചര്യത്തില്‍ ഇക്കൊല്ലത്തെ ശാസ്ത്ര കോണ്‍ഗ്രസിന്റെ വിഷയമായി- ഏത്താപ്പെടാത്തവരില്‍ ശാസ്ത്ര-സാങ്കേതികവിദ്യയിലൂടെ എത്തപ്പെടല്‍” എന്ന ആശയം വളരെ അനുയോജ്യമായതാണ്. ഈ ആശയം എന്റെ ഹൃദയത്തിനോട് വളരെ അടുത്തു നില്‍ക്കുന്നതാണ്.

2018ല്‍ പത്മശ്രീ നല്‍കിയ രാജഗോപാലന്‍ വാസുദേവന്റെ കാര്യമെടുക്കുക. മധുരയില്‍ നിന്നുളള പ്രൊഫസറായ അദ്ദേഹം പ്ലാസ്റ്റിക്ക് മാലിന്യം റോഡിന്റെ നിര്‍മ്മാണത്തിന് പുനരുപയോഗിക്കുന്നതിനുള്ള രീതി കണ്ടെത്തുകയും അതിന്റെ പേറ്റന്റ് നേടുകയും ചെയ്തു. ഇത്തരത്തില്‍ നിര്‍മ്മിക്കുന്ന റോഡുകള്‍ കുടുതല്‍ കാലം നിലനില്‍ക്കുന്നതും വെള്ളത്തെ പ്രതിരോധിക്കുന്നതും കൂടുതല്‍ ഭാരം താങ്ങുന്നതുമാണ്. അതേസമയം വികസിച്ചുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ ഉപയോഗത്തിന് അദ്ദേഹം സൃഷ്ടിപരമായ ഒരു പരിഹാരം കണ്ടെത്തുകയും ചെയ്തു. ഈ സാങ്കേതികവിദ്യ ഗവണ്‍മെന്റിന് സൗജന്യമായി പ്രൊഫ: വാസുദേവന്‍ നല്‍കി. പതിനൊന്ന് സംസ്ഥാനങ്ങളിലായി 5000ത്തോളം കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നതിന് ഈ സാങ്കേതികവിദ്യ ഇതിനകം ഉപയോഗിക്കുകയും ചെയ്തുകഴിഞ്ഞു.
അതുപോലെ 2018ല്‍ പത്മശ്രീ നല്‍കിയ ആദരിച്ച അരവിന്ദ് ഗുപ്ത. അേദ്ദഹം കുപ്പയില്‍ നിന്നും വീട്ടിലുള്ള വസ്തുക്കളില്‍ നിന്നും മാലിന്യങ്ങളില്‍ നിന്നും ശാസ്ത്ര പരീക്ഷണത്തിന് വേണ്ട് കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ശാസ്ത്രവിദ്യാര്‍ത്ഥികളുടെ തലമുറകളെ പ്രചോദിപ്പിച്ചു. ചിന്താകിണ്ടി മല്ലേശ്വരത്തിന് 2017ല്‍ പത്മശ്രീ നല്‍കിയത് സാരി നെയ്യുന്നതിന് സമയവും പ്രവര്‍ത്തനവും ലാഭിക്കുന്ന ലക്ഷ്മി എ.എസ്.യു യന്ത്രം കണ്ടുപിടിച്ചതിനാണ്. അതുകൊണ്ട് നിങ്ങളുടെ ഗവേഷണങ്ങളും നൂതനാശയങ്ങളും നമ്മുടെ കാലത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നമ്മുടെ ജനങ്ങളുടെ അഭിലാഷങ്ങള്‍ സഫലീകരിക്കുന്നതിനുമായി നേടുന്നതിനുമായി തിരിക്കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ശാസ്ത്രീയ സാമൂഹിക പ്രതിബദ്ധത ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

സുഹൃത്തുക്കളെ,

ഈ യോഗത്തിന്റെ ആശയം ചില ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയിലെ കുട്ടികള്‍ക്ക് ശാസ്ത്രം തുറന്നുകൊടുക്കുന്നതിനായി നാം വേണ്ടതൊക്കെ ചെയ്തിട്ടുണ്ടോ? അവരുടെ ജന്മവാസനകള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള ശരിയായ സാഹചര്യം ഒരുക്കികൊടുത്തിട്ടുണ്ടോ? നമ്മുടെ ശാസ്ത്രീയ നേട്ടങ്ങളെല്ലാം വളരെ കാര്യക്ഷമമായി തന്നെ സമൂഹവുമായി ആശയവിനിമയം നടത്തേണ്ടതുണ്ട്. ഇത് യുവാക്കളില്‍ ശാസ്ത്രതാല്‍പര്യം വളര്‍ത്തുന്നതിന് സഹായിക്കും. ഇത് നമ്മുടെ യുവ മനസുകളെ ആകര്‍ഷകവും ഉജ്ജ്വലവുമായി ശാസ്ത്രീയ തൊഴിലുകളിലേക്ക് ആകര്‍ഷിക്കും. നമ്മുടെ ദേശീയ ലാബോറട്ടറികളും സ്ഥാപനങ്ങളും കുട്ടികള്‍ക്കായി നമുക്ക് തുറന്നുകൊടുക്കേണ്ടതായുണ്ട്. സ്‌കൂള്‍ കുട്ടികളുമായി ശരിയായ രീതിയില്‍ ആശയവിനിമയം നടുത്തുന്നതിന് വേണ്ട ഒരു സംവിധാനം വികസിപ്പിച്ചെടുക്കാന്‍ ഞാന്‍ നമ്മുടെ ശാസ്ത്രകാരന്മാരോട് ആവശ്യപ്പെടുകയാണ്. അതോടൊപ്പം പ്രതിവര്‍ഷം 10,11,12 ക്ലാസുകളിലെ 100 വിദ്യാര്‍ത്ഥികളുമായി ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വിവിധ മേഖലകളെക്കുറിച്ച് ചര്‍ച്ചചെയ്യാനായി 100 മണിക്കൂര്‍ നീക്കിവയ്ക്കാനും ഞാന്‍ ആവശ്യപ്പെടുന്നു. 100 മണിക്കുര്‍, 100 വിദ്യാര്‍ത്ഥികള്‍, ഇതിലൂടെ എത്ര ശാസ്ത്രകാരന്മാരെ പരിപോഷിപ്പിക്കാന്‍ നമുക്ക് കഴിയുമെന്ന് ആലോചിച്ചുനോക്കുക.

സുഹൃത്തുക്കളെ,

2030 ഓടെ നമ്മുടെ വൈദ്യുതി മിശ്രിതത്തില്‍ ഫോസില്‍ ഇതര ഇന്ധനമടിസ്ഥാനമാക്കിയുള്ള ശേഷി 40% വര്‍ദ്ധിപ്പിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. ബഹുരാജ്യ അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയുടെയും നൂതന ദൗത്യത്തിന്റേയും നേതൃത്വം ഇന്ത്യയ്ക്കാണ്. ശുദ്ധ ഊര്‍ജ്ജത്തിന് വേണ്ട ഗവേഷണ വികസനമാണ് ഈ ഗ്രൂപ്പിലെ ഊന്നല്‍. 700 മെഗാ വാട്ട് ശേഷിയുള്ള പത്ത് പുതിയ തദ്ദേശീയ ഘനജല റിയാക്ടറുകള്‍ അണവോര്‍ജ്ജ വകുപ്പ് സ്ഥാപിക്കുന്നുണ്ട്. ഇത് തദ്ദേശീയ അണു വ്യവസായത്തിന് വലിയ ഉത്തേജനം നല്‍കും. പ്രധാനപ്പെട്ട ആണവ ഉല്‍പ്പാദനരാജ്യം എന്ന നിലയിലുള്ള ഇന്ത്യയുടെ യോഗ്യത ഇത് കൂടുതല്‍ ശക്തിപ്പെടുത്തും. കൈയില്‍ കൊണ്ടുനടക്കാവുന്ന ഒരു പാല്‍പരിശോധന സംവിധാനം സി.എസ്.ഐ.ആര്‍ അടുത്തകാലത്തായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ ഏത് കുടുംബത്തിനും നിമിഷങ്ങള്‍ക്കുള്ളില്‍ പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ കഴിയും. വളരെ അത്യപൂര്‍വമായ ജനിതക അസുഖങ്ങള്‍ക്ക് വേണ്ട പരിശോധന കിറ്റും അതുപോലെ കര്‍ഷകര്‍ തങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനായി ഉപയോഗിക്കുന്ന ഉയര്‍ന്ന വിലയുള്ള സുന്ധ-ഔഷധസസ്യങ്ങളുടെ വികസനത്തിലും പുതിയ വഴിത്തിരിവുകള്‍ സി.എസ്.ഐ.ആര്‍. ഉണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും ക്ഷയം സമ്പൂര്‍ണ്ണമായി തുടച്ചുനീക്കുന്നതിനുള്ള സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളാണ് നാം നടത്തിക്കൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ന്യുഡല്‍ഹിയില്‍ നടന്ന ” ടി.ബി അവസാനിപ്പിക്കു ഉച്ചകോടിയില്‍” ലോകാരോഗ്യസംഘടന നിശ്ചയിച്ച 2030നും അഞ്ചുവര്‍ഷം മുമ്പ് 2025ല്‍ ഇന്ത്യയില്‍ നിന്നും ടി.ബി ഇല്ലാതാക്കുന്നതിനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചിരുന്നു. ഒറ്റ വിക്ഷേപണത്തിലൂടെ നൂറുക്കണക്കിന് ഉപഗ്രഹങ്ങളെ ബഹിരാകാശത്തില്‍ എത്തിക്കാനുള്ള ശേഷി നമ്മുടെ ബഹിരാകാശ ഗവേഷണ പദ്ധതിക്കുണ്ട്. ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സമര്‍പ്പണവും കഠിനപ്രയ്തനവും കൊണ്ടാണ് ഇത് സാദ്ധ്യമായത്.

ചന്ദ്രയാന്‍-1ന്റെ വിജയത്തിന് ശേഷം വരും മാസങ്ങളില്‍ ചന്ദ്രയാന്‍-2ന് നാം തയാറെടുക്കുകയാണ്. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങുകയും അവിടെ അലഞ്ഞുതിരിയുകയും ചെയ്യുന്ന ഒരു റോവര്‍ ഉള്‍പ്പെടുന്നവയ്ക്കുള്ള സമ്പൂര്‍ണ്ണ തദ്ദേശീയ പ്രവര്‍ത്തനമാണ് നടത്തുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഭൂഗുരുത്വതരംഗങ്ങളെക്കുറിച്ചുള്ള ആശയം നമുക്ക് നല്‍കി. കഴിഞ്ഞ മൂന്നു വര്‍ഷത്തിന് മുമ്പ് ഈ ആശയം ശരിയാണെന്ന് തെളിയിച്ച ഇന്റര്‍നാഷണല്‍ ലേസര്‍ ഇന്റഫേറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററിയില്‍(എല്‍.ഐ.ജി.ഒ) നടന്ന പരീക്ഷണത്തില്‍ ഇന്ത്യയിലെ ഒന്‍പത് സ്ഥാപനങ്ങളില്‍ നിന്നായി 37 ശാസ്ത്രകാരന്മാര്‍ പങ്കെടുത്തിരുന്നുവെന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനമുണ്ടാക്കുന്നതാണ്. മുന്നാമത് എല്‍.ഐ.ജി.ഒ കണ്ടെത്തല്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്നതിന് നമ്മുടെ ഗവണ്‍മെന്റ് അനുമതി നല്‍കിക്കഴിഞ്ഞു. ഇത് ലേസര്‍, പ്രകാശതരംഗ, കമ്പ്യൂട്ടിംഗ് എന്നീ അടിസ്ഥാന ശാസ്ത്രമേഖലകളിലെ നമ്മുടെ അറിവ് വികസിപ്പിക്കുന്നതിന് സഹായിക്കും. ഇത് സാക്ഷാത്കരിക്കുന്നതിനായി നമ്മുടെ ശാസ്ത്രകാരന്മാര്‍ വിശ്രമമില്ലാതെ പരിശ്രമിക്കുന്നതായാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്. പ്രധാനപ്പെട്ട ശാസ്ത്ര സ്ഥാപനങ്ങള്‍ക്ക് ചുറ്റിലുമായി നഗരങ്ങളില്‍ ശാസ്ത്ര ക്ലസ്‌റ്റേഴ്‌സ് വികസിപ്പിക്കുന്നതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ടുണ്ട്. അക്കാദമിക് തലം മുതല്‍ സ്ഥാപനങ്ങള്‍ വരെയും വ്യവസായങ്ങള്‍ മുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ വരെയുമുള്ള ശാസ്ത്ര സാങ്കേതിക പങ്കാളികളെ ഒന്നിച്ച് കൊണ്ടുവരികയും നഗരാടിസ്ഥാനത്തില്‍ ആര്‍ ആന്റ് ഡി ക്ലസ്റ്ററുകള്‍ ഉണ്ടാക്കുകയുമാണ് ഇതിന്റെ ഉദ്ദേശലക്ഷ്യം.

നാം അടുത്തിടെയായാണ് ”’ പ്രധാനമന്ത്രി റിസര്‍ച്ച് ഫെല്ലോ” കളെ അംഗീകരിച്ചത്. പദ്ധതിപ്രകാരം ഐ.ഐ.എസ് സി, ഐ.ഐ.ടി, എന്‍.ഐ.ടി, ഐസര്‍, ഐ.ഐ.ഐ.ടി തുടങ്ങിയവയില്‍ നിന്നുള്ള മികച്ച ബുദ്ധിയുള്ളവര്‍ക്ക് ഐ.ഐ.ടികള്‍, ഐ.ഐ.എസുകള്‍ എന്നിവിടങ്ങളില്‍ പി.എച്ച്ഡിക്ക് നേരിട്ട പ്രവേശനം നല്‍കും. നമ്മുടെ നാട്ടില്‍ നിന്ന് ബുദ്ധിയുള്ളവര്‍ ഇല്ലാതാകുന്നത് തടയുന്നതിന് ഈ പദ്ധതി സഹായിക്കും. ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഏറ്റവും അത്യന്താധുനികമായ ആഭ്യന്തര ഗവേഷണത്തെ ഇത് പ്രോത്സാഹിപ്പിക്കും.

സുഹൃത്തുക്കളെ,

വലിയതോതില്‍ ജനവിഭാഗങ്ങളെ ബാധിക്കുന്ന പ്രധാനപ്പെട്ട സാമൂഹിക-സാമ്പത്തിക വെല്ലുവിളികള്‍ ഇന്ത്യ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെ ശുചിത്വവും ഹരിതാഭവും സമ്പല്‍ സമൃദ്ധവുമാക്കാന്‍ ശാസ്ത്രവും സാങ്കേതികവിദ്യയും നമുക്ക് ആവശ്യമാണ്. ശാസ്ത്രജ്ഞരില്‍ നിന്ന് എനിക്കുള്ള ചില പ്രതീക്ഷകള്‍ ഞാന്‍ ആവര്‍ത്തിക്കട്ടെ. നമ്മുടെ ഗോത്രജനവിഭാഗങ്ങളില്‍ വലിയൊരു പങ്കും സിക്കിള്‍ സെല്‍ അനിമിയ രോഗം ബാധിച്ചവരാണ്. സമീപഭാവിയില്‍ ഇതിനെതിരെ വളരെ ലളിതവും ചെലവ് കുറഞ്ഞതുമായി ഒരു പരിഹാരം നമ്മുടെ ശാസ്ത്രകാര്‍ക്ക് കൊണ്ടുവരാനാകുമോ? നമ്മുടെ കുട്ടികളില്‍ വലിയൊരുവിഭാഗത്തിന് പോഷകകുറവിന്റെ പ്രശ്‌നമുണ്ട്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ഗവണ്‍മെന്റ് ദേശീയ ന്യുട്രീഷന്‍ മിഷന്‍ ആരംഭിച്ചു. ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ നേടുന്നതിന് നിങ്ങളുടെ നിര്‍ദ്ദേശങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും നമ്മെ സഹായിക്കും.

ഇന്ത്യക്ക് കോടിക്കണക്കിന് പുതിയ വീടുകള്‍ അനിവാര്യമാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് 3 ഡി അച്ചടി സാങ്കേതികവിദ്യ സ്വീകരിച്ചുകൊണ്ട് ഈ ആവശ്യം നേടുന്നതിനായി സഹായിക്കാനാകുമോ? നമ്മുടെ നദികള്‍ മലീമസമാണ്. അവയെ ശുചിയാക്കുന്നതിന് നിങ്ങളുടെ നൂതനാശയങ്ങളും സാങ്കേതികവിദ്യകളും ആവശ്യമാണ്. മികച്ച സൗര-പവന ഊര്‍ജ്ജം, ഊര്‍ജ്ജ സംഭരണം, വൈദ്യുതിയുടെ ചലനാത്മകതയ്ക്കുള്ള പരിഹാരം, വൃത്തിയുള്ള പാചകം, കല്‍ക്കരിയെ ശുചിത്വമുള്ള ഇന്ധനമായ ഇത്തനോളുകള്‍ പോലെയുള്ളതായി മാറ്റുക, കല്‍ക്കരിയില്‍ നിന്നും ശുദ്ധ ഊര്‍ജ്ജം, സ്മാര്‍ട്ട് ഗ്രിഡ്, മൈക്രോ-ഗ്രിഡ്, ജൈവ ഇന്ധനം തുടങ്ങി വിവിധങ്ങളായ വിഷയങ്ങള്‍ക്ക് നമുക്ക് ബഹുമതല സമീപനം വേണം.

2022 ഓടെ 100 ജിഗാ വാട്ടിന്റെ സൗരോര്‍ജ്ജം എന്ന ലക്ഷ്യം നാം നിശ്ചയിച്ചിട്ടുണ്ട്. ഇന്ന് വിപണിയില്‍ ലഭിക്കുന്ന സോളാര്‍ മോഡ്യൂളുകളുടെ കാര്യശേഷി 17-18% മാണ്. ഇതേ ചെലവില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കഴിയുന്ന കൂടുതല്‍ ശേഷിയുള്ള സോളാര്‍ മോഡ്യൂള്‍ രൂപീകരിക്കുന്നതിനുള്ള വെല്ലുവിളി നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് ഏറ്റെടുക്കാനാകുമോ?

ഇതിലൂടെ നാം ലാഭിക്കുന്ന പണത്തെ കുറിച്ച് ആലോചിച്ച് നോക്കൂ? ഉപഗ്രഹങ്ങളെ ബഹിരാകാശത്തില്‍ എത്തിക്കുന്നതിനായി ഐ.എസ്.ആര്‍.ഒ ഏറ്റവും മികച്ച ബാറ്ററി സംവിധാനമാണ് ഉപയോഗിക്കുന്നത്. മറ്റ് സ്ഥാപനങ്ങള്‍ക്ക് ഐ.എസ്.ആര്‍.ഒയുമായി സഹകരിച്ച് മൊബൈല്‍ ഫോണിനും ഇലക്ട്രിക്ക് കാറുകള്‍ക്കും ചെലവ് കുറഞ്ഞ ബാറ്ററി ഉല്‍പ്പാദിപ്പിക്കാം. നിശബ്ദകൊലയാളികളായ മലേറിയ, ജപ്പാന്‍ ജ്വരം എന്നിവയ്ക്കായി നമുക്ക് പുതിയ ക്രമങ്ങളും, മരുന്നുകളും പ്രതിരോധകുത്തിവയ്പ്പുകളും വികസിപ്പിക്കേണ്ടതുണ്ട്. കായികം, യോഗ, പാരമ്പര്യ അറിവ് ശാഖകള്‍ എന്നിവയിലും ഗവേഷണം നടക്കേണ്ടതുണ്ട്. സൂക്ഷ്മ, ചെറുകിട ഇടത്തരം വ്യവസായ ശൃംഖലയകളാണ് തൊഴില്‍ സൃഷ്ടിക്കുന്നതിലെ പ്രധാനപങ്കുവഹിക്കുന്നത്. ആഗോള മത്സരത്തിന്റെ ഫലമായി അവര്‍ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ വര്‍ദ്ധിച്ചുവരികയാണ്. നമ്മുടെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് ഈ എം.എസ്.ഇ.കളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും അവരുടെ പ്രവര്‍ത്തനങ്ങളും ഉല്‍പ്പാദനവും മെച്ചപ്പെടുത്തുന്നതിന് സഹായിക്കാനും കഴിയുമോ?

സുഹൃത്തുക്കളെ,

രാജ്യത്തിന്റെ സമ്പല്‍സമൃദ്ധിക്കും വളര്‍ച്ചയ്ക്കും അനിവാര്യമായ സാങ്കേതികവിദ്യ നടപ്പാക്കാന്‍ നമ്മുടെ ഭാവി തയാറായിരിക്കുകയാണ്. വിദ്യാഭ്യാസം, ആരോഗ്യസുരക്ഷ, ബാങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ നമ്മുടെ പൗരന്മാര്‍ക്ക് കൂടുതല്‍ ആഴത്തില്‍ ഏത്തിക്കുന്നതിന് സാങ്കേതികവിദ്യ സഹായിക്കും 2020 ഓടെ സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍, നിലവാരം എന്നിവയുടെ വികസനത്തിലും ,5-ജി ബ്രോഡ്ബാന്റ്, ടെലി കമ്മ്യുണിക്കേഷന്‍ ശൃംഖലകള്‍, എന്നിവയുടെ നിര്‍മ്മാണത്തിലും ഇന്ത്യക്ക് പ്രധാന പങ്കുണ്ടാകണം. ഇതോടൊപ്പം കൃത്രിമ ബുദ്ധി, ബിഗ്ഡാറ്റാ അനാലിസിസ്, യന്ത്രപഠനം, സൈബര്‍ ഫിസിക്കല്‍ സംവിധാനം, കാര്യക്ഷമമായ ആശയവിനിമയം എന്നിവയും സ്മാര്‍ട്ട് ഉല്‍പ്പാദനം, സ്മാര്‍ട്ട് സിറ്റികളും വ്യവസായങ്ങളും മുതലായവയും നമ്മുടെ വിജയത്തിലെ പ്രധാന ഘടകകങ്ങളായിരിക്കും.2030 ഓടെ ഇന്ത്യയെ ആഗോള ഇന്നോവേഷന്‍ സൂചികയില്‍ ആദ്യ പത്ത് സ്ഥാനത്ത് എത്തിക്കാമെന്ന് നമുക്ക് ലക്ഷ്യം വയ്ക്കാം.

സുഹൃത്തുക്കളെ,

നാലുവര്‍ഷം കഴിഞ്ഞാല്‍ നാം സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. 2022 ഓടെ നാം യോജിച്ചുകൊണ്ട് ഒരു നവ ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞയെടുത്തിട്ടുണ്ട്. എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്നത് ലക്ഷ്യമാക്കി സമ്പല്‍സമൃദ്ധി പങ്കുവച്ചുകൊണ്ട് നമുക്ക് മുന്നേറാം. ഈ ലക്ഷ്യത്തിനായി നിങ്ങള്‍ ഓരോരുത്തരുടേയും തുറന്ന മനസോടെയുള്ള സഹകരണം ആവശ്യമാണ്. ഇന്ത്യന്‍ സമ്പദ്ഘടന ഉയര്‍ന്ന വളര്‍ച്ചയുടെ പാതയിലാണ്. എന്നാല്‍ മാനവ വികസന സൂചികളകളില്‍ നാം വളരെ താഴേയാണ്. സംസ്ഥാനന്തരത്തിലും സംസ്ഥാനങ്ങള്‍ തമ്മിലും നിലനില്‍ക്കുന്ന അസമത്വങ്ങളാണ് ഇതിനുള്ള പ്രധാന കാരണം. ഇത് പരിഹരിക്കുന്നതിനായി നാം 100 വികസനാഭിലാഷമുള്ള ജില്ലകളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ആരോഗ്യവും പോഷകാഹരവും, വിദ്യാഭ്യാസം, കൃഷി, ജലവിഭവം, സാമ്പത്തികാശ്ലേഷണം, നൈപുണ്യവികസനം, അടിസ്ഥാന പശ്ചാലത്തസൗകര്യം തുടങ്ങിയ പ്രധാനമേഖലകള്‍ക്കാണ് നാം ഊന്നല്‍ നല്‍കുന്നത്. പ്രാദേശിക തലത്തിലെ വെല്ലുവിളികളും ആവശ്യങ്ങളും ലഭ്യമാക്കുന്നതിനുള്ള നൂതനമായ പരിഹാരമാര്‍ഗ്ഗങ്ങളാണ് ഈ മേഖലകള്‍ക്കൊക്കെ ആവശ്യം. ” ഒരേ അളവ് എല്ലാവര്‍ക്കും” എന്ന സമീപനം ഈ വിഷയത്തില്‍ പ്രവര്‍ത്തിക്കില്ല. ഈ വികസനാഭിലാഷമുള്ള ജില്ലകളെ സേവിക്കാന്‍ നമ്മുടെ ശാസ്ത്ര സ്ഥാപനങ്ങള്‍ക്ക് കഴിയുമോ? നൈപുണ്യവും സംരംഭകത്വവും സൃഷ്ടിക്കുന്നതിന് അനുയോജ്യമായ സാങ്കേതികവിദ്യകള്‍ നല്‍കാനും ഇല്ലാതാക്കാനും അവര്‍ക്ക് കഴിയുമോ?
ഇത് ഭാരതമാതാവിനുള്ള ഏറ്റവും വലിയ സേവനമായിരിക്കും. കണ്ടുപിടുത്തങ്ങളുടെയും ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ഉപയോഗത്തിന്റെയും സമ്പന്നമായ ഒരു പാരമ്പര്യവും നീണ്ട ചരിത്രവുമാണ് ഇന്ത്യയ്ക്കുള്ളത്. ഈ മേഖലയില്‍ മുന്‍മ്പന്തിയിലുള്ള രാജ്യങ്ങളില്‍ നമുക്ക് അര്‍ഹമായ സ്ഥാനം തിരിച്ചുപിടിക്കാനുള്ള സമയമാണിത്. തങ്ങളുടെ ഗവേഷണം ലാബുകളില്‍ നിന്നും ഭൂമിയിലേക്ക് വികസിപ്പിക്കാന്‍ ഞാന്‍ നമ്മുടെ ശാസ്ത്ര സമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ അര്‍പ്പണമനോഭാവത്തോടെയുള്ള പരിശ്രമത്തിന്റെ ഫലമായി നാം മികച്ച ഭാവിയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. നമുക്കായും നമ്മുടെ കുട്ടികള്‍ക്കായും നാം ആഗ്രഹിക്കുന്ന ഭാവിയിലേക്ക്.

നിങ്ങള്‍ക്ക് നന്ദി!