Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഭോപ്പാലില്‍ ദേശീയ മാനസികാരോഗ്യ പുനരധിവാസകേന്ദ്രം സ്ഥാപിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം


ഭോപ്പാലില്‍ ദേശീയ മാനസികാരോഗ്യ പുനരധിവാസകേന്ദ്രം സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. അംഗപരിമിത ജനവിഭാഗങ്ങളുടെ ശാക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സൊസൈറ്റി രജിസ്‌ട്രേഷന്‍ നിയമം 1860ന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സൊസൈറ്റിയായിട്ടായിരിക്കും ഇത് പ്രവര്‍ത്തിക്കുക. ആദ്യ മൂന്നു വര്‍ഷത്തേക്ക് മൊത്തം 179.54 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ ആവര്‍ത്തന ചെലവല്ലാത്ത 128.54 കോടിയും ആവര്‍ത്തനചെലവിലുള്ള 51 കോടി രൂപയും ഉള്‍പ്പെടും.

മൂന്ന് ജോയിന്റ് സെക്രട്ടറിതല തസ്തികകള്‍ക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെയും രണ്ടു പ്രൊഫസര്‍മാരുടെയൂം തസ്തികകള്‍ ഇതില്‍ ഉള്‍പ്പെടും.
മാനസിക രോഗമുള്ളവര്‍ക്ക് പുനരധിവാസം നല്‍കുക, മാനസികാരോഗ്യ, പുനരധിവാസ മേഖലയിലെ ശേഷിവികസനം, നയരൂപീകരണം, മാനസികാരോഗ്യ പുനരധിവാസമേഖലയില്‍ മുന്നോട്ടുള്ള ഗവേഷണം എന്നിവയാണ് നിംഹറിന്റെ (എന്‍.ഐ.എം.എച്ച്. ആര്‍) പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍.

സ്ഥാപനത്തിന് ഒന്‍പത് വകുപ്പുകള്‍/കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും. ഇവിടെ മാനസികാരോഗ്യം പുനരവിധവാസം എന്നീ മേഖലയില്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, ബിരുദം, ബിരുദാനന്തരബിരുദം, എം.ഫില്‍ ബിരുദം തുടങ്ങി 12 കോഴ്‌സുകള്‍ നടത്തും. അഞ്ചുവര്‍ഷത്തെ സമയപരിധിക്കുള്ളില്‍ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്ന കുട്ടികളുടെ എണ്ണം 400 ആയിരിക്കും.
ഈ സ്ഥാപനം ആരംഭിക്കുന്നതിന് മദ്ധ്യപ്രദേശ് ഗവണ്‍മെന്റ ഭോപ്പാലില്‍ അഞ്ച് ഏക്കര്‍ ഭൂമി അനുവദിച്ച് നല്‍കിയിരുന്നു. രണ്ടുഘട്ടമായിട്ടായിരിക്കും സ്ഥാപനം ആരംഭിക്കുക.

രണ്ടുവര്‍ഷത്തിനുള്ളില്‍ സ്ഥാപനത്തിന്റെ സിവില്‍, വൈദ്യുതി പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കും. അതോടൊപ്പം, കെട്ടിടങ്ങളുടെ നിര്‍മ്മാണം നടക്കുന്ന സമയത്ത് ഭോപ്പാലില്‍, അനയോജ്യമായ ഒരു വാടക കെട്ടിടത്തില്‍ സ്ഥാപനം സര്‍ട്ടിഫിക്കറ്റ്/ഡിപ്ലമോ കോഴ്‌സുകള്‍ നടത്തുകയും ഒ.പി.ഡി സേവനം നല്‍കുകയും ചെയ്യും. പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ട് മാനസിക രോഗമുള്ളവര്‍ക്ക് സമ്പൂര്‍ണ്ണ പുനരധിവാസ സേവനം നല്‍കുകയും ബിരുദാനന്തര ബിരുദവും എം.ഫില്ലും കോഴ്‌സുകള്‍ നടത്തുകയും ചെയ്യും.

മാനസികാരോഗ്യ പുനരധിവാസ രംഗത്ത് ഇത്തരത്തില്‍ രാജ്യത്തെ ആദ്യസ്ഥാപനമാണ് നിംഹര്‍. മാനസികാരോഗ്യം, പുനരധിവാസ മേഖലകളില്‍ ശേഷി വികസിപ്പിക്കുന്ന ഒരു മികച്ച സ്ഥാപനമായി ഇത് പ്രവര്‍ത്തിക്കും. ഒപ്പം മാനസികരോഗമുള്ളവര്‍ക്ക് കാര്യക്ഷമമായ പുനരധിവാസത്തിനുള്ള മാതൃക വികസിപ്പിച്ചെടുക്കാന്‍ ഇത് ഗവണ്‍മെന്റിനെ സഹായിക്കുകയും ചെയ്യും.