ഇന്ത്യയില്‍ അടുത്തിടെ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടി വീണ്ടും അധികാരമേറ്റ പ്രധാനമന്ത്രി ശ്രീ. മോദിയെ ഇന്നു നടന്ന ഉഭയകക്ഷി യോഗത്തിനിടെ പ്രധാനമന്ത്രി ഡോ. ലോടെയ് ഷെറിങ് അഭിനന്ദിച്ചു. ബഹുമാന്യനായ ഭൂട്ടാന്‍ രാജാവിന്റെയും ജനതയുടെയും ആശംസകളും അദ്ദേഹം അറിയിച്ചു. പരമാവധി നേരത്തേ ഭൂട്ടാന്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി ശ്രീ. മോദിയെ ക്ഷണിക്കുകയും ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങിനെത്തുകയും ശുഭാശംസകള്‍ നേരുകയും ചെയ്തതിനു ഭൂട്ടാന്‍ പ്രധാനമന്ത്രിയോടു പ്രധാനമന്ത്രി ശ്രീ. മോദി നന്ദി പറഞ്ഞു. ജലവൈദ്യുത പദ്ധതി രംഗത്ത് ഉള്‍പ്പെടെ ഭൂട്ടാനുമായുള്ള വികസന പങ്കാളിത്തത്തിന് ഇന്ത്യ വലിയ വില കല്‍പിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. അഭിവൃദ്ധി ആര്‍ജിക്കാനുള്ള ഭൂട്ടാന്റെ ശ്രമത്തിനു പിന്‍തുണയേകാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉറച്ച പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഭൂട്ടാന്‍ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിച്ച അദ്ദേഹം, ഇരുവിഭാഗത്തിനും സൗകര്യപ്രദമായ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്താമെന്നു വെളിപ്പെടുത്തി.
ഊഷ്മളവും സൗഹാര്‍ദപൂര്‍ണവുമായ അന്തരീക്ഷത്തില്‍ നടന്ന കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദ ബന്ധത്തിന് അടിസ്ഥാനമായ വിശ്വാസവും സഹകരണവും തിരിച്ചറിവും പ്രതിഫലിപ്പിക്കുന്നതായിരുന്നു.