Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘ഭാവിയുടെ ഉച്ചകോടി’യെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

‘ഭാവിയുടെ ഉച്ചകോടി’യെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയിൽ നടന്ന ‘ഭാവിയുടെ ഉച്ചകോടി’യെ അഭിസംബോധന ചെയ്തു.

‘ഒരു നല്ല നാളേയ്ക്കുള്ള ബഹുമുഖ പ്രതിവിധികൾ’ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. നിരവധി ലോകനേതാക്കളുടെ പങ്കാളിത്തത്തിന് ഉച്ചകോടി സാക്ഷ്യം വഹിച്ചു.

ഭാവിതലമുറകൾക്കായി സുസ്ഥിരലോകം രൂപപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആഗോള സമാധാനവും വികസനവും സമൃദ്ധിയും ആഗ്രഹിക്കുന്ന മനുഷ്യരാശിയുടെ ആറിലൊന്നിനെ പ്രതിനിധാനംചെയ്താണു താൻ ഉച്ചകോടിയിൽ സംസാരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശോഭനമായ ആഗോള ഭാവിക്കായുള്ള നമ്മുടെ കൂട്ടായ അന്വേഷണത്തിൽ മനുഷ്യകേന്ദ്രീകൃത സമീപനത്തിനു പ്രാമുഖ്യം നൽകണമെന്ന് ആഹ്വാനംചെയ്ത പ്രധാനമന്ത്രി, സുസ്ഥിര വികസനസംരംഭങ്ങളുടെ തോതുയർത്തുന്നതിൽ ഇന്ത്യയുടെ വിജയം എടുത്തുപറഞ്ഞു. ഇതുമായി ബന്ധപ്പെട്ട്, കഴിഞ്ഞ ദശകത്തിൽ രാജ്യം 250 ദശലക്ഷംപേരെ ദാരിദ്ര്യത്തിൽനിന്നു കരകയറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്ലോബൽ സൗത്ത് രാജ്യങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച അദ്ദേഹം, അവരുമായി വികസനാനുഭവങ്ങൾ പങ്കുവയ്ക്കാൻ ഇന്ത്യക്ക് അവസരം ലഭിച്ചുവെന്നും പറഞ്ഞു. സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്വമുള്ളതുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സന്തുലിതമായ നിയന്ത്രണങ്ങൾ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൊതുനന്മയ്ക്കായി ഇന്ത്യ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ പങ്കിടാൻ തയ്യാറാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ” ഒരുഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന ഇന്ത്യയുടെ പ്രതിബദ്ധത മുന്നോട്ടുള്ള യാത്രയ്ക്കായുള്ള തത്വമാണെന്നും അദ്ദേഹം പറഞ്ഞു.

പരിഷ്കരണം പ്രസക്തിയുടെ താക്കോലാണെന്നു സൂചിപ്പിച്ച പ്രധാനമന്ത്രി ഐക്യരാഷ്ട്ര സുരക്ഷാസമിതി ഉൾപ്പെടെയുള്ള ആഗോള ഭരണസ്ഥാപനങ്ങളിൽ അടിയന്തര പരിഷ്കരണത്തിന് ആഹ്വാനം ചെയ്തു. ആഗോളതലത്തിലെ പ്രവർത്തനങ്ങൾ ആഗോള അഭിലാഷങ്ങളുമായി പൊരുത്തപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിയുടെ മുഴുവൻ പരാമർശങ്ങളും ഇവിടെ കാണാം. https://bit.ly/4diBR08

‘ആഗോള ഡിജിറ്റൽ ഉടമ്പടി, ഭാവിതലമുറകളെക്കുറിച്ചുള്ള പ്രഖ്യാപനം എന്നീ രണ്ട് അനുബന്ധങ്ങൾക്കൊപ്പം ഭാവിക്കായുള്ള ഉടമ്പടി’ എന്ന രേഖ അംഗീകരിച്ചാണ് ഉച്ചകോടി സമാപിച്ചത്.

***