ജര്‍മ്മനിയിലെ ഹാംബര്‍ഗില്‍ ജി 20 ഉച്ചകോടിയോട് അനുബന്ധിച്ച് അഞ്ച് ബ്രിക്സ് രാഷ്ട്രങ്ങളിലെ നേതാക്കള്‍ അനൗപചാരിക യോഗം ചേര്‍ന്നു. ചൈനയിലെ ചിയാമെന്നില് സെപ്റ്റംബറില്‍ ചേരാനിരിക്കുന്ന ഒന്‍പതാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായിട്ടായിരുന്നു യോഗം. ബ്രിക്സ് രാഷ്ട്രതലവന്മാരെ സ്വീകരിക്കാന്‍ താന്‍ ഉറ്റുനോക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ പറഞ്ഞു.
ചിയാമെന് ബ്രിക്സ് ഉച്ചകോടിയുടെ ഒരുക്കങ്ങളും മുന്‍ഗണനകളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.
കരുത്തുറ്റ ശബ്ദമായ ബ്രിക്സ് ആഗോള സാമ്പത്തിക രംഗത്തും, ഭീകരവാദത്തിനെതിരെയുള്ള ചെറുത്ത് നില്പ്പിനും നേതൃത്വം നല്‍കണമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്കല്, ഭീകരവാദം അനുവദിച്ച് കൊടുക്കല്‍, അഭയസ്ഥാനം ഒരുക്കല്‍, പിന്തുണയും സഹായവും നല്കല് തുടങ്ങിയവയെ ജി 20 ഒറ്റക്കെട്ടായി ശക്തിയോടെ എതിര്‍ക്കണമെന്ന് അദ്ദേഹം ഊന്നിപറഞ്ഞു. അടുത്തിടെ ഏര്‍പ്പെടുത്തിയ ചരക്ക് സേവന നികുതിയുള്‍പ്പെടെയുള്ള ഇന്ത്യയിലെ പരിഷ്ക്കാരങ്ങളെ കുറിച്ച് പരാമര്‍ശിക്കവെ, ആഗോള സാമ്പത്തിക രംഗത്തെ സുസ്ഥിരമായ വീണ്ടെടുക്കലിന് യോജിച്ച് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംരക്ഷണ വാദത്തിനെതിരെ, പ്രത്യേകിച്ച് വ്യാപാര രംഗത്തും, വൈജ്ഞാനിക ലോകത്തെ പ്രൊഫഷണലുകളുടെ നീക്കത്തിനുമെതിരായുള്ള സംരക്ഷണവാദത്തിനെതിരെ കൂട്ടായ ശബ്ദം ഉയരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാരീസ് ഉടമ്പടി അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിച്ച പ്രധാനമന്ത്രി, കാലാവസ്ഥ വ്യതിയാനത്തെ നേരിടാന്‍ ആഗോളതലത്തില്‍ അതിന്റെ നടപ്പിലാക്കല്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി. ബ്രിക്സ് റേറ്റിംഗ് ഏജന്‍സി സ്ഥാപിക്കുന്നത് വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ട ശ്രീ. നരേന്ദ്ര മോദി ആഫ്രിക്കയുടെ വികസനത്തിനായുള്ള സഹകരണത്തിന് മുന്‍ഗണന നല്‍കണമെന്നും നിര്‍ദ്ദേശിച്ചു. ജനങ്ങള്‍ തമ്മിലുള്ള കൈമാറ്റങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രസിഡന്റ് ഷീയുടെ ആദ്ധ്യക്ഷത്തിലുള്ള ബ്രിക്സിന്റെ ഗതിവേഗത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി ചീയാമെന് ബ്രിക്സ് ഉച്ചകോടിക്ക് പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തതോടൊപ്പം ശുഭാശംസകളും നേര്‍ന്നു.
പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്ക് ശേഷം സമ്മേളനം അവസാനിപ്പിച്ച് കൊണ്ട്, ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ കരുത്തുറ്റ നിശ്ചയദാഢ്യത്തെയും, ഇന്ത്യയുടെ അദ്ധ്യക്ഷതയ്ക്ക് കീഴില്‍ ബ്രിക്സിന് കൈവന്ന ഗതിവേഗത്തെയും 2016 ലെ ഗോവ ഉച്ചകോടിയുടെ പരിണതഫലങ്ങളെയും ചൈനീസ് പ്രസിഡന്റ് ഷീ പ്രകീര്‍ത്തിച്ചു. സാമൂഹിക സാമ്പത്തിക വികസനത്തില്‍ ഇന്ത്യ കൈവരിച്ച വിജയത്തെ അഭിനന്ദിച്ച അദ്ദേഹം ഇന്ത്യയ്ക്ക് കൂടുതല്‍ വലിയ വിജയങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.