Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബ്രസീല്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പുറപ്പെടുവിച്ച പത്ര പ്രസ്താവന

ബ്രസീല്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി പുറപ്പെടുവിച്ച പത്ര പ്രസ്താവന


ആദരണീയനായ പ്രസിഡന്റ് മിഷേല്‍ ടെമര്‍, മാധ്യമ പ്രതിനിധികളെ, സുഹൃത്തുക്കളെ,

ബ്രസീല്‍ പ്രസിഡന്റ് മിഷേല്‍ ടെമറിനെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യാന്‍ അവസരം ലഭിച്ചത് ബഹുമതിയായി ഞാന്‍ കരുതുന്നു.

ഇന്ത്യയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ ഈ പ്രഥമ സന്ദര്‍ശനത്തില്‍ ഗോവയുടെ പൊതുവായ പോര്‍ച്ചുഗീസ് പാരമ്പര്യവും ഭാഗമായതില്‍ എനിക്ക് അതിയായ ആഹ്ലാദമുണ്ട്. ഭൂമി ശാസ്ത്രപരമായി അകന്നാണ് സ്ഥിതിചെയ്യുന്തെങ്കിലും ബ്രസീലും ഇന്ത്യയും ജനാധിപത്യം, നിയമവാഴ്ച്ച, വികസന സ്വപ്‌നങ്ങള്‍, സമാധാനം, പുരോഗതി തുടങ്ങി പൊതുവായ ചില മൂല്യങ്ങള്‍ കൊണ്ട് പരസ്പരം ബന്ധിതമാണ്. പ്രശസ്ത ഭരണഘടനാ വിദഗ്ധനായ പ്രസിഡന്റ് ടെമറിന് ഇക്കാര്യങ്ങള്‍ നന്നായി മനസിലാക്കാന്‍ സാധിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഒരു പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്ന വേളയിലാണ് ഈ സന്ദര്‍ശനം. ഈ പത്തു വര്‍ഷത്തിനുള്ളില്‍ ലോകം വളരെയധികം മാറി. ഇന്ത്യയും ബ്രസീലും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ പൂര്‍വാധികം വളര്‍ന്നു. എല്ലാ തലങ്ങലിലും നാം തമ്മിലുള്ള സഹവര്‍ത്തിത്വം വര്‍ദ്ധിച്ചു. ഇരു രാജ്യങ്ങളുടെയും പൊതുവായ താല്പര്യങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും പിന്തുണ ലഭ്യമാക്കുന്നതിനുള്ള അന്താരാഷ്ട്ര പശ്ചാത്തലം ഒരുക്കാന്‍ നാം യോജിച്ച് പ്രവര്‍ത്തിച്ചു. ഇത്തരുണത്തില്‍, 2014 ല്‍ ഞാന്‍ ആദ്യമായി നടത്തിയ ബ്രസീല്‍ സന്ദര്‍ശനം ഓര്‍മ്മയില്‍ വരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഏറ്റെടുത്ത ശേഷം ഏഷ്യയ്ക്കു പുറത്ത് ഞാന്‍ നടത്തുന്ന ആദ്യ വിദേശ പര്യടനമായിരുന്നു അത്. ബ്രസീലിന് ഇന്ത്യയോടുള്ള ഊഷ്മളത പൂര്‍ണമായും ഞാന്‍ അന്ന് അനുഭവിച്ചറിഞ്ഞു. മഹാത്മന്‍, അങ്ങ് ബ്രസീലിന്റെ പുതിയ ഉത്തരവാദിത്വം ഏറ്റെടുത്ത ശേഷം ലാറ്റിനമേരിക്കയ്ക്കു പുറത്ത് ആദ്യം സന്ദര്‍ശിക്കുന്ന രാജ്യമാണല്ലോ ഇന്ത്യ. നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യമാണ് അങ്ങയുടെ ഈ സന്ദര്‍ശനം പ്രതിഫലിപ്പിക്കുന്നത്. ഇന്ന് രാവിലെ നടന്ന നമ്മുടെ ഫലപ്രദമായ ചര്‍ച്ചകളില്‍ ഇത് പ്രകടമായിരുന്നു.

സുഹൃത്തുക്കളെ,

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം സംബന്ധിച്ച് പ്രസിഡന്റ് ടെമറും ഞാനും തമ്മില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. സഹകരണത്തിനുള്ള കൂടുതല്‍ സാധ്യതകള്‍ ഉണ്ടെന്നിരിക്കെ നമ്മുടെ ഇടപാടുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ഇരു രാജ്യങ്ങളുടെയും തന്ത്രപ്രധാനമായ പങ്കാളിത്തം ശക്തമാക്കാനുള്ള പരസ്പര താല്പര്യത്തിന് അനുസൃതമായിട്ടാവും ഇത്. ലാറ്റിന്‍ അമേരിക്കയിലെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പങ്കാളിയാണ് ബ്രസീസല്‍. ഇരു രാജ്യങ്ങളും തമ്മില്‍ നിക്ഷേപം നടത്തുന്നതിനുള്ള ഉഭയകക്ഷി കരാറിന് അന്തിമ രൂപമായിക്കഴിഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ക്ക് ഈ കരാര്‍ ഊര്‍ജ്ജം പകരും. ബ്രസീലിന്റെ ആഭ്യന്തര സാമ്പത്തിക വിഷയങ്ങള്‍ക്കാണ് പ്രസിഡന്റ് ടെമര്‍ ഇപ്പോള്‍ പ്രാധാന്യം നല്കുന്നത് എന്ന് നമുക്ക് അറിയാം. ഇക്കാര്യത്തിന്‍ ഇന്ത്യക്ക് വലിയ പങ്കാളിത്തം വഹിക്കാന്‍ സാധിക്കും. ബ്രസീല്‍ കമ്പനികളെ ഞാന്‍ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു, ഇവിടെ നിക്ഷേപം നടത്തി ഇന്ത്യയുമായുള്ള ദീര്‍ഘ കാല വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തി മുമ്പോട്ടു പോകുന്നതിന് ഞാന്‍ അവരെ ക്ഷണിക്കുന്നു.പ്രസിഡന്റ് ടെമറും ഞാനും നമ്മുടെ സിഇഒ മാരുമായി ഇക്കാര്യങ്ങള്‍ നേരിട്ട് ചര്‍ച്ച ചെയ്യുകയുണ്ടായി. സഹകരണത്തിനു മുന്നോടിയായി അവര്‍ സ്വീകരിച്ചിരിക്കുന്ന പ്രായോഗിക നടപടികള്‍ എന്നില്‍ വലിയ ആത്മവിശ്വാസം ജനിപ്പിച്ചിരിക്കുന്നു. നാം ഇതിന് പൂര്‍ണമായ പിന്തുണ നല്കും.

ബ്രസീലില്‍ ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് നല്ല വിപണിയും ഇന്ത്യന്‍ കമ്പനികള്‍ക്ക് നിക്ഷേപത്തിനുള്ള അവസരങ്ങളും ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ ഞാന്‍ പ്രസിഡന്റ് ടെമറിന്റെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അദ്ദേഹം അനുഭാവപൂര്‍വം അത് പരിഗണിച്ചിട്ടുമുണ്ട്. അതിന് ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു. ലഹരിമരുന്ന് നിയന്ത്രണം, കാര്‍ഷിക ഗവേഷണം, സൈബര്‍ സുരക്ഷ തുടങ്ങി ഇന്ത്യയും ബ്രസീലുമായി ഇനിയും സഹകരണം സാധ്യമാകുന്ന പുതിയ മേഖലകള്‍ കണ്ടെത്തുന്നതിന് പ്രസിഡന്റ് ടെമറിന്റെ ഈ സന്ദര്‍ശനം സഹായകരമായി. സുപ്രധാനമായ അന്താരാഷ്ട്ര വേദികളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം കൂടുതല്‍ ശക്തവും തീവ്രവുമാക്കുന്നതിനും ഞങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ട്. കാരണം ഇരു രാജ്യങ്ങളുടെയും സമീപനങ്ങളിലും നിലപാടുകളിലും പല പൊതു ഘടകങ്ങളുമുണ്ട്.

ഐക്യരാഷ്ട്ര സഭയിലും ജി -20, ജി -4 , ലോക വ്യാപാര സംഘടന, ബ്രിക്‌സ്, ഇന്ത്യ- ബ്രസീല്‍ ,സൗത്ത് ആഫ്രിക്ക (ഇബ്‌സ) തുടങ്ങിയ പ്രധാന വേദികളിലും നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും.

എക്‌സലന്‍സി,

ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തില്‍ ബ്രസീല്‍ നല്കുന്ന ശക്തമായ പിന്തുണയെ ഞങ്ങള്‍ അങ്ങേയറ്റം വിലമതിക്കുന്നു. ഈ തിന്മയ്‌ക്കെതിരെ ലോക രാജ്യങ്ങള്‍ വിവേചനമോ ഭിന്നതയോ കൂടാതെ ഒന്നിക്കണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തന വിരുദ്ധ കണ്‍വന്‍ഷന്‍ നേരത്തെ സമ്മേളിക്കുന്നതിന് ഐക്യരാഷ്ട്ര സഭയോട് ചര്‍ച്ച ചെയ്യാന്‍ ബ്രസീലിനെയും കൂടി ഒപ്പം ചേര്‍ത്ത് നമ്മള്‍ പരിശ്രമിക്കുന്നതാണ്. ആണവ രാജ്യ സംഘടനയില്‍ അംഗത്വത്തിനായുള്ള ഇന്ത്യയുടെ പ്രത്യേക താല്പര്യം ബ്രസീല്‍ മനസിലാക്കുന്നു എന്നതില്‍ ഞങ്ങള്‍ക്ക് നന്ദിയുണ്ട്.

ആദരണീയനായ പ്രസിഡന്റേ, സുഹൃത്തുക്കളെ,

ഇന്ത്യയും ബ്രസീലും തമ്മില്‍ പരസ്പരം വിവിധ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള സാധ്യതകള്‍ അനന്തമാണ്. അവ പരമാവധി ഉപയോഗപ്പെടുത്താനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. ഇത് സാധിക്കുന്നതിനുള്ള വഴികള്‍ തേടാന്‍ പ്രസിഡന്റ് ടെമറിന്റെ ഇന്ത്യാ സന്ദര്‍ശനം വളരെ പ്രയോജനപ്പെട്ടു. പോര്‍ച്ചുഗീസ് ഭാഷയില്‍ പറയും പോലെ നമ്മുടെ ഐക്യമാണ് നമ്മെ ശക്തരാക്കുന്നു.
നന്ദി.