Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി സെന്ററിന്റെ ഉദ്ഘാടനവും ബോയിംഗ് സുകന്യ പ്രോഗ്രാമിന്റെ സമര്‍പ്പണവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം

ബോയിംഗ് ഇന്ത്യ എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി സെന്ററിന്റെ ഉദ്ഘാടനവും ബോയിംഗ് സുകന്യ പ്രോഗ്രാമിന്റെ സമര്‍പ്പണവും നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം


കര്‍ണാടക ഗവര്‍ണര്‍, ശ്രീ തവര്‍ ചന്ദ് ഗെലോട്ട് ജി, മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യ ജി, കര്‍ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ്, ആര്‍. അശോക് ജി, ഭാരതിലെ ബോയിംഗ് കമ്പനിയുടെ സി ഒ ഒ, സ്റ്റെഫാനി പോപ്പ്, മറ്റ് വ്യവസായ പങ്കാളികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ!

വിദേശത്ത് നിന്നുള്ള എല്ലാ വിശിഷ്ടാതിഥികള്‍ക്കും ബംഗളൂരുവില്‍ വളരെ ഊഷ്മളമായ സ്വാഗതം. ബെംഗളൂരു അഭിലാഷങ്ങളെ പുതുമകളോടും നേട്ടങ്ങളോടും ബന്ധിപ്പിക്കുന്നു, കൂടാതെ ഭാരതത്തിന്റെ സാങ്കേതിക സാധ്യതകളെ ആഗോള ഡിമാന്‍ഡുമായി ബന്ധിപ്പിക്കുന്നു. ബംഗളൂരുവില്‍ ബോയിങ്ങിന്റെ പുതിയ ഗ്ലോബല്‍ ടെക്നോളജി കാമ്പസിന്റെ ഉദ്ഘാടനം ഈ പേരിന് കരുത്ത് പകരാന്‍ ഒരുങ്ങുകയാണ്.  ബോയിംഗ് കമ്പനിയുടെ അമേരിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ സ്ഥാപനമായി ശ്രദ്ധേയമായി, ഈ കാമ്പസ് നിലകൊള്ളുന്നു, ഇത് ഭാരതത്തിന് മാത്രമല്ല, ആഗോള വ്യോമയാന വിപണിക്കും പുത്തന്‍ ഊര്‍ജ്ജം പകരുന്നു. എന്നാല്‍ സുഹൃത്തുക്കളേ, ഈ സൗകര്യത്തിന്റെ പ്രാധാന്യം ഇതില്‍ മാത്രം ഒതുങ്ങുന്നില്ല. ആഗോള സാങ്കേതിക മുന്നേറ്റങ്ങള്‍, ഗവേഷണം, നവീകരണം, ഡിസൈന്‍, ഡിമാന്‍ഡ് എന്നിവയെ നയിക്കാനുള്ള ഭാരതത്തിന്റെ പ്രതിബദ്ധതയുമായി ഈ സൗകര്യത്തിന്റെ പ്രാധാന്യം ചേര്‍ന്നു പോകുന്നു.  ഇത് ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്’ എന്ന ഞങ്ങളുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തുന്നു. മാത്രമല്ല, ഈ കാമ്പസ്, ഭാരതത്തിന്റെ കഴിവിലുള്ള ലോകത്തിന്റെ വിശ്വാസത്തിന് അടിവരയിടുന്നു. ഈ സൗകര്യത്തിനുള്ളില്‍ ഒരു ദിവസം ഭാരതം ‘എയര്‍ക്രാഫ്റ്റ് ഓഫ് ദ ഫ്യൂച്ചര്‍’ രൂപകല്‍പ്പന ചെയ്യുമെന്ന വിശ്വാസത്തിന്റെ ആഘോഷമാണ് ഇന്ന്. അതിനാല്‍, മുഴുവന്‍ ബോയിംഗ് മാനേജ്‌മെന്റിനും എല്ലാ പങ്കാളികള്‍ക്കും ഞാന്‍ എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു; ഒപ്പം നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.

സുഹൃത്തുക്കളേ,

കര്‍ണാടകയിലെ ജനങ്ങള്‍ക്കും ഇന്ന് സുപ്രധാന ദിനമാണ്. കഴിഞ്ഞ വര്‍ഷം ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്ടറി കര്‍ണാടകയില്‍ പൂര്‍ത്തിയായിരുന്നു. ഇപ്പോള്‍ അവര്‍ക്കും ഈ ഗ്ലോബല്‍ ടെക്‌നോളജി കാമ്പസ് ലഭിക്കാന്‍ പോകുന്നു. കര്‍ണാടക ഒരു പ്രധാന വ്യോമയാന കേന്ദ്രമായി എങ്ങനെ വികസിക്കുന്നുവെന്ന് ഇത് ചിത്രീകരിക്കുന്നു. വ്യോമയാന മേഖലയില്‍ പുതിയ വൈദഗ്ധ്യം നേടാനുള്ള നിരവധി അവസരങ്ങള്‍ ഈ സൗകര്യം പ്രദാനം ചെയ്യുന്നതിനാല്‍, പ്രത്യേകിച്ച് ഭാരതത്തിലെ യുവാക്കള്‍ക്ക് ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് രാജ്യത്തെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം വളര്‍ത്തിയെടുക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. ജി-20 ഉച്ചകോടിക്കിടെ ഞങ്ങളുടെ ഒരു പ്രമേയത്തില്‍ സാക്ഷ്യം വഹിച്ചതുപോലെ, സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ യുഗം വന്നിരിക്കുന്നുവെന്ന് ഞങ്ങള്‍ ലോകത്തെ അറിയിച്ചു. ഏവിയേഷന്‍, എയ്റോസ്പേസ് മേഖലയില്‍ സ്ത്രീകള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് ഞങ്ങളുടെ ശ്രമങ്ങള്‍ വ്യാപിക്കുന്നു. യുദ്ധവിമാന പൈലറ്റുമാരുടെ നിലയിലായാലും സിവില്‍ ഏവിയേഷനിലായാലും, ഇന്ന് ഭാരതം വനിതാ പൈലറ്റുമാരുടെ കാര്യത്തില്‍ ആഗോള തലത്തിലാണ്. ഭാരതത്തിലെ പൈലറ്റുമാരില്‍ 15 ശതമാനം സ്ത്രീകളാണെന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ കഴിയും, ഇത് ആഗോള ശരാശരിയേക്കാള്‍ മൂന്നിരട്ടി കൂടുതലാണ്. പുതുതായി ആരംഭിച്ച ബോയിംഗ് സുകന്യ പ്രോഗ്രാം ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ നമ്മുടെ പെണ്‍മക്കളുടെ പങ്കാളിത്തം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പൈലറ്റുമാരാകാന്‍ ആഗ്രഹിക്കുന്ന വിദൂര പ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍മക്കളുടെ സ്വപ്നങ്ങള്‍ ഈ സംരംഭം സാക്ഷാത്കരിക്കും. കൂടാതെ, രാജ്യത്തുടനീളമുള്ള നിരവധി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പൈലറ്റുമാര്‍ക്കായി കരിയര്‍ കോച്ചിംഗും വികസന സൗകര്യങ്ങളും സ്ഥാപിക്കും.

സുഹൃത്തുക്കളേ,

സമീപ മാസങ്ങളില്‍, ഭാരതം, ചാന്ദ്രയാനിന്റെ അഭൂതപൂര്‍വമായ വിജയത്തിന് സാക്ഷ്യം വഹിച്ചു, മുമ്പ് മറ്റൊരു രാജ്യവും എത്തിച്ചേര്‍ന്നിട്ടില്ലാത്ത സ്ഥലങ്ങളില്‍ നാം എത്തിച്ചേരുന്നു. ഈ നേട്ടം നമ്മുടെ രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ശാസ്ത്രബോധത്തെ ഉയര്‍ത്തി. സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, കണക്ക് എന്നിവ പഠിക്കുന്ന ഗണ്യമായ എണ്ണം പെണ്‍കുട്ടികളുള്ള ഭാരതം STEM വിദ്യാഭ്യാസത്തിന്റെ ഒരു പ്രധാന കേന്ദ്രമാണ്. എന്റെ ഒരു വിദേശ യാത്രയ്ക്കിടെ ഒരു പ്രമുഖ ലോക നേതാവ് STEM-ലെ ഇന്ത്യന്‍ പെണ്‍മക്കളുടെ താല്‍പ്പര്യത്തെക്കുറിച്ച് അന്വേഷിച്ച ഒരു സന്ദര്‍ഭം ഞാന്‍ ഓര്‍ക്കുന്നു.  STEM-ല്‍ പുരുഷ വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ ഞങ്ങള്‍ക്കുണ്ടെന്ന വിവരം ഞാന്‍ പങ്കിട്ടപ്പോള്‍ അദ്ദേഹം അത്ഭുതത്തോടെയാണ് അത് കേട്ടത്. ഈ രംഗത്തെ ഭാരതത്തിന്റെ പെണ്‍മക്കളുടെ അപാരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ബോയിംഗ് സുകന്യ പ്രോഗ്രാം ഒരുങ്ങുന്നു. സുഹൃത്തുക്കളേ, നിങ്ങള്‍ എല്ലാവരും ഒരു വ്യോമയാന വിപണിയെന്ന നിലയില്‍ ഭാരതത്തിന്റെ ശ്രദ്ധേയമായ വളര്‍ച്ച നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തു, അതിന്റെ പാത പിന്തുടരുന്നു. കഴിഞ്ഞ ദശകത്തില്‍, ഭാരതത്തിന്റെ വ്യോമയാന വിപണി അഗാധമായ പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ട്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളും ഇപ്പോള്‍ പുതിയ ആവേശത്തിലാണ്. ഉത്പ്പാദനം മുതല്‍ സേവനങ്ങള്‍ വരെയുള്ള ഭാരതത്തിലെ പുതിയ സാധ്യതകള്‍ ഓരോ പങ്കാളിയും ആരായുകയാണ്. ഇന്ന്, ഭാരതം അഭിമാനപൂര്‍വ്വം ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി നിലകൊള്ളുന്നു, ഒരു ദശാബ്ദത്തിനുള്ളില്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഇരട്ടിയിലേറെയായി. ഉഡാന്‍ പോലുള്ള സംരംഭങ്ങള്‍ ഈ പരിവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ ആഭ്യന്തര യാത്രക്കാരുടെ എണ്ണം അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇനിയും വര്‍ദ്ധിക്കാന്‍ പോകുന്നു. വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡിനൊപ്പം, ആഗോള വ്യോമയാന വിപണിയിലേക്ക് പുതിയ ഊര്‍ജ്ജം പകരാന്‍ ഭാരതത്തെ പ്രേരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ എയര്‍ലൈനുകള്‍ നൂറുകണക്കിന് പുതിയ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി.

സുഹൃത്തുക്കളേ, ഭാരതത്തിന്റെ വ്യോമയാന മേഖലയോടുള്ള ഞങ്ങളുടെ കൂട്ടായ ആവേശം ഇന്ന് പ്രകടമാണ്. എന്നിരുന്നാലും, ഒരു ചോദ്യം ഉയര്‍ന്നുവരുന്നു – ആഗോള വ്യോമയാന മേഖലയില്‍ ഭാരതത്തെ ഇത്രയധികം ഉയരങ്ങളിലെത്തിക്കാന്‍ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ എന്താണ് സംഭവിച്ചത്? നമ്മുടെ പൗരന്മാരുടെ അഭിലാഷങ്ങള്‍ക്കും ജീവിത സൗകര്യത്തിനും മുന്‍ഗണന നല്‍കാനുള്ള നമ്മുടെ പ്രതിബദ്ധത എന്നാണ് അതിന് ഉത്തരം. മോശം എയര്‍ കണക്റ്റിവിറ്റി ഞങ്ങള്‍ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തിയ ഒരു കാലം നിലവിലുണ്ടായിരുന്നു, ഇത് ഞങ്ങളുടെ കഴിവുകളെ പ്രകടനത്തിലേക്ക് മാറ്റുന്നതിന് തടസ്സമായി. അങ്ങനെ, ഞങ്ങള്‍ കണക്റ്റിവിറ്റി ഇന്‍ഫ്രാസ്ട്രക്ചറിലെ നിക്ഷേപത്തിന് മുന്‍ഗണന നല്‍കി, ആഗോളതലത്തില്‍ ഏറ്റവും നന്നായി ബന്ധിപ്പിച്ചിട്ടുള്ള വിപണികളിലൊന്നായി ഭാരതത്തെ മാറ്റി. 2014ല്‍ ഭാരതത്തിന് ഏകദേശം 70 പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍  ഇപ്പോള്‍ അത് 150 എണ്ണത്തിലൂടെ ഇരട്ടിയായി.

സുഹൃത്തുക്കളേ,

ഭാരതത്തിന്റെ എയര്‍പോര്‍ട്ട് കപ്പാസിറ്റി വികസിച്ചതോടെ എയര്‍ കാര്‍ഗോ മേഖല അതിവേഗ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ഈ വളര്‍ച്ച ഭാരതത്തിന്റെ വിദൂര പ്രദേശങ്ങളില്‍ നിന്ന് അന്താരാഷ്ട്ര വിപണികളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എളുപ്പത്തില്‍ കൊണ്ടുപോകാന്‍ സഹായിച്ചു. അതിവേഗം വളരുന്ന വ്യോമയാന മേഖല ഭാരതത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുക മാത്രമല്ല, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

വ്യോമയാന മേഖലയുടെ തുടര്‍ച്ചയായതും ത്വരിതപ്പെടുത്തിയതുമായ വളര്‍ച്ച ഉറപ്പാക്കാന്‍, ഭാരതം നയപരമായ തലത്തില്‍ തുടര്‍ച്ചയായി നടപടികള്‍ കൈക്കൊള്ളുന്നു. വ്യോമയാന ഇന്ധനവുമായി ബന്ധപ്പെട്ട നികുതികള്‍ കുറയ്ക്കാനും വിമാന പാട്ടം ലളിതമാക്കാനും ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളെ പ്രോത്സാഹിപ്പിക്കുന്നു. വിമാനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിനും ധനസഹായം നല്‍കുന്നതിനുമുള്ള ഭാരതത്തിന്റെ ഓഫ്‌ഷോര്‍ ആശ്രിതത്വം കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. അതിനാല്‍, രാജ്യത്തിന്റെ മുഴുവന്‍ വ്യോമയാന മേഖലയ്ക്കും പ്രയോജനം ചെയ്യുന്ന ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ അതോറിറ്റിയും ഗിഫ്റ്റ് സിറ്റിയില്‍ സ്ഥാപിച്ചു.

സുഹൃത്തുക്കളേ, 

ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് ഞാന്‍ വിളിച്ചുപറഞ്ഞു – ‘ഇതാണ് സമയം, ഇതാണ് ശരിയായ സമയം’. ബോയിംഗിനും മറ്റ് അന്താരാഷ്ട്ര കമ്പനികള്‍ക്കും ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതിക്കൊപ്പം അവരുടെ വളര്‍ച്ചയെ വിന്യസിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സമയം കൂടിയാണിത്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിലാണ്  140 കോടി ഇന്ത്യക്കാരും ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ 9 വര്‍ഷത്തിനിടെ, ഏകദേശം 25 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി, വളര്‍ന്നുവരുന്ന ഒരു നവ-മധ്യവര്‍ഗം രൂപീകരിച്ചു. ഭാരതത്തിലെ എല്ലാ വരുമാന ഗ്രൂപ്പുകളിലും മുകളിലേക്കുള്ള വളര്‍ച്ച പ്രകടമാണ്, കൂടാതെ രാജ്യത്തിന്റെ ടൂറിസം മേഖല അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നു, ഇത് നിങ്ങള്‍ക്കെല്ലാവര്‍ക്കും നിരവധി പുതിയ സാധ്യതകള്‍ തുറന്നിടുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.

സുഹൃത്തുക്കളേ,

ഭാരതത്തില്‍ ഇത്രയധികം സാധ്യതകളുള്ളതിനാല്‍, നാം അതിവേഗം വിമാന നിര്‍മ്മാണ ആവാസവ്യവസ്ഥ സ്ഥാപിക്കണം. MSME-കളുടെ ശക്തമായ ശൃംഖലയും വിശാലമായ പ്രതിഭകളുടെ കൂട്ടായ്മയും ഭാരതത്തിനുണ്ട്. സുസ്ഥിരമായ ഒരു ഗവണ്‍മെന്റും ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുന്ന നയപരമായ സമീപനവും ചേര്‍ന്ന്, ഇത് എല്ലാ മേഖലയ്ക്കും വിജയ സാഹചര്യം സൃഷ്ടിക്കുന്നു. ഭാരതത്തിലെ ബോയിങ്ങിന്റെ ആദ്യത്തെ പൂര്‍ണ്ണമായി രൂപകല്പന ചെയ്ത് നിര്‍മ്മിച്ച വിമാനത്തിനായി ആളുകള്‍ക്ക് അധികകാലം കാത്തിരിക്കേണ്ടി വരില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭാരതത്തിന്റെ അഭിലാഷങ്ങളും നിങ്ങളുടെ വിപുലീകരണവും ശക്തമായ ഒരു പങ്കാളിത്തമായി ഉയര്‍ന്നുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പുതിയ സൗകര്യത്തിനും, പ്രത്യേകിച്ച് ‘ദിവ്യംഗന്‍’ (ഭിന്നശേഷിക്കാര്‍) വ്യക്തികള്‍ക്കായി നടത്തിയ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനത്തിനും നിങ്ങള്‍ക്ക് എല്ലാവര്‍ക്കും വീണ്ടും ആശംസകള്‍. ജനങ്ങളുമായുള്ള ഇടപഴകലില്‍, ഒരു സംവിധാനം എന്ന നിലയ്ക്ക് അപ്പുറും, അതില്‍ ഒരു ‘വൈകാരികമായ സ്പര്‍ശം അനുഭവപ്പെട്ടു. ബോയിംഗ് ടീമിന്റെ ഉത്തമബോധ്യമില്ലാതെ, ഈ വൈകാരിക സ്പര്‍ശം സാധ്യമല്ല. ഇതിനായി ഞാന്‍ ബോയിംഗ് ടീമിനെ പ്രത്യേകം അഭിനന്ദിക്കുന്നു. വളരെ നന്ദി.

 

SK