ശ്രീ രാംനാഥ് കോവിന്ദ്, ബീഹാര്‍ ഗവര്‍ണര്‍,
മംഗോളിയയില്‍ നിന്നുള്ള അഭിവന്ദ്യ ഖാംബ ലാമ ച്. ഡെബ്രേല്‍,
തായ്‌വാനില്‍ നിന്നുള്ള അഭിവന്ദ്യ മിങ് ക്വാങ് ഷി,
വിയറ്റ്‌നാമില്‍ നിന്നുള്ള അഭിവന്ദ്യ തിച്ച് തിയെന്‍ താം,
റഷ്യയില്‍ നിന്നുള്ള അഭിവന്ദ്യ തേലോ തുല്‍ക്കു റിംപോച്ച്,
ശ്രീലങ്കയില്‍ നിന്നുള്ള അഭിവന്ദ്യ ബനാഗള ഉപാതിസ്സ,
അഭിവന്ദ്യ ലാമ ലൊബ്‌ഴാങ്,
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ കിരണ്‍ റിജ്ജു,
ഭൂട്ടാനില്‍ നിന്നുള്ള മന്ത്രി ലിയോന്‍പോ നാംഗെ ഡോര്‍ജി,
മംഗോളിയയില്‍ നിന്നുള്ള മന്ത്രി ബയാര്‍സൈഖാന്‍,
മഹാ സംഗയിലെ അഭിവന്ദ്യരായ അംഗങ്ങളേ, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരേ, നയതന്ത്രജ്ഞരേ,
നിങ്ങള്‍ക്കൊപ്പമായിരിക്കുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ബോധ്ഗയയില്‍ എത്തിച്ചേര്‍ന്നത് അനുഗ്രഹപ്രദമായി എനിക്ക് അനുഭവപ്പെടുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനും, അടല്‍ ബിഹാരി വാജ്‌പേയിയ്ക്കും ശേഷം ഈ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കാനുള്ള അവസരം എനിക്കുണ്ടായി.
ഒരു വിശിഷ്ട ദിനത്തിലാണ് ഞാന്‍ നിങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും, പണ്ഡിതനും, അധ്യാപകനുമായ ഡോ സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മവാര്‍ഷിക സ്മരണാര്‍ത്ഥം ഇന്ന് ഇന്ത്യയില്‍ അധ്യാപക ദിനം ആചരിക്കുകയാണ്.
ലോക ചരിത്രത്തിലെ എറ്റവും സ്വാധീനശേഷിയുള്ള അധ്യാപകരിലൊരാളായ ഗൗതമ ബുദ്ധനെക്കുറിച്ചാണ് ഈ ചര്‍ച്ചാവേദിയില്‍ നാം സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ ജനലക്ഷങ്ങളെ ശതാബ്ദങ്ങളോളം പ്രചോദിപ്പിച്ചു.
ശ്രീകൃഷ്ണ ഭഗവാന്റെ ജന്മ ദിവസമായ ജന്മാഷ്ടമിയും ഇന്ന് നമ്മള്‍ ആഘോഷിക്കുന്നു. ശ്രീകൃഷ്ണ ഭഗവാനില്‍ നിന്നും ഈ ലോകത്തിന് ഒരുപാട് പഠിക്കാനുണ്ട്. ശ്രീകൃഷ്ണനെക്കുറിച്ച് പറയുമ്പോള്‍, ഗുരുക്കന്മാരുടെ ഗുരു എന്നാണ് നാം പറയാറുള്ളത്.
ഗൗതമ ബുദ്ധനും, ശ്രീകൃഷ്ണ ഭഗവാനും ലോകത്തെ ഒട്ടേറെ കാര്യങ്ങള്‍ പഠിപ്പിച്ചു. ഈ സമ്മേളനത്തിന്റെ വിഷയം, ഒരു വിധത്തില്‍ പറഞ്ഞാല്‍, ഈ രണ്ടു മഹാത്മാക്കള്‍ നല്‍കിയ മൂല്യങ്ങളാലും, ആദര്‍ശത്താലും പ്രചോദിതമാക്കപ്പെട്ടതാണ്.
മഹാഭാരത യുദ്ധത്തിന് തൊട്ടു മുന്‍പാണ് ശ്രീകൃഷ്ണന്‍ തന്റെ സന്ദേശം ഓതിയത്, യുദ്ധതന്ത്രത്തിലുപരിയായി ഉയരുന്നതിന് ബുദ്ധഭഗവാനും ഊന്നല്‍ നല്‍കി.
തത്വങ്ങള്‍ക്കും, പ്രക്രിയകള്‍ക്കും ഇരുവരും വലിയ പ്രാധാന്യം നല്‍കി. അഷ്ടമാര്‍ഗ്ഗവും, പഞ്ചശീലങ്ങളും ഗൗതമ ബുദ്ധന്‍ പ്രദാനം ചെയ്തപ്പോള്‍, ജീവിതത്തെക്കുറിച്ചുള്ള അമൂല്യ പാഠങ്ങള്‍ കര്‍മ്മ യോഗത്തിന്റെ രൂപത്തില്‍ ശ്രീകൃഷ്ണന്‍ നല്‍കി. ജനങ്ങളെ വിഭിന്നതകള്‍ക്കുപരിയായി ഒരുമിപ്പിച്ചു നിര്‍ത്തുന്നതിനുള്ള ശക്തി ഈ രണ്ട് മഹാത്മാക്കള്‍ക്കുമുണ്ടായിരുന്നു. അവരുടെ പ്രബോധനങ്ങള്‍ പ്രാവര്‍ത്തികവും, അനശ്വരവും, മുന്‍പത്തെക്കാളുപരി ഇക്കാലത്ത് പ്രസക്തവുമാണ്.
നമ്മള്‍ സമ്മേളനം നടത്തുന്നതായ ഈ സ്ഥലം അതിനെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നു. മനുഷ്യരാശിയുടെ ചരിത്രത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള ഭൂമിയായ ബോധ്ഗയയില്‍ വച്ചാണ് നാം ഈ സമ്മേളനം നടത്തുന്നത്.
ഇത് ജ്ഞാനോദയത്തിന്റെ ഭൂമിയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബോധ്ഗയയ്ക്ക് ലഭിച്ചത് സിദ്ധാര്‍ത്ഥനെയാണെങ്കില്‍ ബോധ്ഗയ ലോകത്തിന് തിരിച്ച് നല്‍കിയത് അറിവിന്റെയും, സമാധാനത്തിന്റെയും, അനുകമ്പയുടെയും മകുടോദാഹരണമായ ബുദ്ധഭഗവാനെയാണ്.
അതിനാല്‍ ജന്മാഷ്ടമിയെന്ന പുണ്യദിനത്തിലും, സവിശേഷ ദിവസമായ അധ്യാപക ദിനത്തിലും നടക്കുന്ന സംഭാഷണത്തെയും, സമ്മേളനത്തെയും അസാധാരണമാക്കാന്‍ പറ്റിയ വേദിയാണിത്.
വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും, ടോക്യോ ഫൗണ്ടേഷനും ചേര്‍ന്ന് ഇന്റര്‍നാഷണല്‍ ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്റെ സഹായത്തോടെ ‘സംഘര്‍ഷമൊഴിവാക്കലും, പരിസ്ഥിതി അവബോധവും’ എന്ന വിഷയത്തില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഹിന്ദു ബുദ്ധിസ്റ്റ് ഇനിഷ്യേറ്റീവില്‍ പങ്കെടുക്കാനായാത് എനിക്ക് ലഭിച്ച വലിയ അംഗീകാരമാണ്.
സംഘര്‍ഷം പരിഹരിക്കുന്നതില്‍ നിന്നും, സംഘര്‍ഷം ഒഴിവാക്കുകയെന്നതിലേക്കും, പാരിസ്ഥിതിക നിയന്ത്രണങ്ങളില്‍ നിന്നും, പാരിസ്ഥിതിക അവബോധത്തിലേക്കും മാറുകയെന്നത് സമ്മേളനത്തില്‍ ആശയവത്കരിക്കപ്പെട്ടു.
മനുഷ്യരാശിയ്ക്ക് മുന്‍പ് നേരിടേണ്ടി വന്നിട്ടില്ലാത്ത വിധത്തില്‍ വെല്ലുവിളിയുയര്‍ത്തുന്ന രണ്ട് ഗുരുതരമായ വിഷയങ്ങളിലുള്ള ചിന്തകള്‍ ഞാന്‍ പങ്കു വച്ചു. ഈ രണ്ട് വിഷയങ്ങളെ ആസ്പദമാക്കിയും, ആഗോള ചിന്താമാതൃകയില്‍ മാറ്റം വരുത്തുന്നതിനും, ലോകം ബുദ്ധനിലേക്ക് ഉറ്റുനോക്കുകയാണെന്ന് ഞാന്‍ സ്മരിക്കുന്നു, കാരണം രാജ്യങ്ങളുടെ പ്രേരണയെ ആശ്രയിച്ചിരിക്കുന്ന സംഘര്‍ഷ പരിഹാര സംവിധാനങ്ങളും, പാരിസ്ഥിതിക നിയന്ത്രണങ്ങളും വെല്ലുവിളികളെ നേരിടുന്നതില്‍ കൂടുതലായി പരാജയപ്പെടുന്നു.
ആത്മീയ, മതനേതാക്കളും, ബുദ്ധിജീവികളും, പ്രധാനമായും ബുദ്ധമത സമൂഹങ്ങളില്‍ നിന്നുള്ളവര്‍, രണ്ടു ദിവസത്തെ ഈ സമ്മേളനത്തില്‍ പങ്കെടുത്ത് ചര്‍ച്ചകള്‍ നടത്തി. ആത്മീയ, മത, ബൗദ്ധിക നേതാക്കള്‍ പങ്കെടുത്ത രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞതനുസരിച്ച്, സമാനമായ മറ്റൊരു സമ്മേളനം 2016 ജനുവരിയില്‍ നടത്താന്‍ ടോക്യോ ഫൗണ്ടേഷന്‍ തീരുമാനിക്കുകയും, പ്രഖ്യാപനം നടത്തുകയും ചെയ്തു. മറ്റുള്ള ബുദ്ധിസ്റ്റ് രാജ്യങ്ങളും സമാനമായ സമ്മേളനങ്ങള്‍ അവരുടെ രാജ്യങ്ങളില്‍ നടത്താമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
സാമ്പത്തിക, സാംസ്‌കാരിക പ്രതിഭാസമായുള്ള ഏഷ്യയുടെ വളര്‍ച്ചയുമായി യോജിക്കുന്ന അസാധാരണ സംഭവവികാസമാണ് ഇത്. ഹിന്ദു-ബുദ്ധമത സാംസ്‌കാരിക ദര്‍ശനങ്ങള്‍ രൂപപ്പെടുത്തിയ ഈ സമ്മേളനത്തിന്റെ പ്രമേയങ്ങള്‍ സംഘര്‍ഷമൊഴിവാക്കുന്ന തത്വചിന്തയെന്ന ആശയത്തെയും ഏഷ്യയിലെ പരിസ്ഥിതി അവബോധത്തെയും തീവ്രമാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
രണ്ടു വിഷയങ്ങളിലും ഒരു വിശാല അഭിപ്രായ ഐക്യത്തില്‍ രണ്ടു ദിവസത്തെ സമ്മേളനത്തിന് എത്താന്‍ സാധിച്ചെന്നാണ് കരുതുന്നത്. സംഘര്‍ഷമെന്ന വിഷയത്തില്‍-കൂടുതലും മത അസഹിഷ്ണുതയാല്‍ നയിക്കപ്പെടുന്നവ-ഒരാളുടെ മതം പിന്തുടരുന്നതിനുള്ള സ്വാതന്ത്ര്യത്തില്‍ പ്രശ്‌നമില്ലെങ്കിലും, മൗലിക ശക്തികള്‍ തങ്ങളുടെ തത്വസംഹിത മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുമ്പോഴാണ് സംഘര്‍ഷത്തിനുള്ള സാധ്യത ഉയരുന്നതെന്ന് സമ്മേളനത്തിലെ പ്രതിനിധികള്‍ അംഗീകരിക്കുന്നു. പരിസ്ഥിതി വിഷയത്തില്‍ പ്രകൃതി പാരമ്പര്യത്തിന്റെ സംരംക്ഷണത്തിലൂന്നുന്ന ധര്‍മ്മത്തിന്റെ തത്വചിന്താപരമായ അസ്ഥിവാരം സുസ്ഥിര വികസനത്തിന് നിര്‍ണ്ണായകമാണെന്ന് സമ്മേളനം അംഗീകരിക്കുന്നു. വികസനത്തെ ജനങ്ങളുടെ പ്രാദേശിക സംസ്‌കാരവുമായി അണിനിരത്തുക വഴി മാത്രമേ സുസ്ഥിര വികസനം സാധ്യമാകൂ എന്ന ദര്‍ശനത്തില്‍ ഐക്യരാഷ്ട്ര സഭയും എത്തിച്ചേര്‍ന്നതായി ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ.
ഇത്, എന്റെ വീക്ഷണത്തില്‍, വൈവിധ്യതയുടെ ലോകം രൂപപ്പെടുത്തി വികസിപ്പിക്കുന്നതിലേക്കുള്ള അനുകൂലമായ ഒരു തിരിവാണ്. ആഗോള തലത്തില്‍ ചിന്തയിലുണ്ടായ ഈ വ്യതിയാനമാണ് ഹിന്ദു-ബുദ്ധ സമൂഹങ്ങള്‍ക്ക് തങ്ങളുടെ പൊതു സമ്മതമുള്ള ആശയങ്ങള്‍ ആഗോള തലത്തിലേക്ക് എത്തിക്കുന്നതിനാവശ്യമായ ഒരു പരിതസ്ഥിതി രൂപപ്പെടുത്തിയത്. സംഘര്‍ഷമൊഴിവാക്കാനും പരിസ്ഥിതി അവബോധമുണ്ടാക്കുന്നതിനുമുള്ള ഹിന്ദു ബുദ്ധ സമ്മേളനം ഈ രണ്ടു വിഷയങ്ങളിലും സുസ്ഥിര ആശയങ്ങള്‍ അധികമില്ലാത്ത ഈ ലോകത്തിലെ സുപ്രധാന വികസനമാണ്.
ബുദ്ധ ഭഗവാന്റെ അവതാരത്തിന്റെയും ഉപദേശങ്ങളുടെയും ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നാണ് ഹിന്ദു തത്വചിന്ത.
ഹിന്ദുമതത്തില്‍ ബുദ്ധന്റെ സ്വാധീനം അനവധി പണ്ഡിതന്മാര്‍ വിലയിരുത്തിയിട്ടുണ്ട്. ബുദ്ധന്റെ സ്വാധീനത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുള്ള ആദി ശങ്കരനെ ബുദ്ധവേഷം കെട്ടിയവനെന്ന അര്‍ത്ഥത്തില്‍ പ്രച്ഛന്ന ബുദ്ധന്‍ എന്നു വരെ വിളിച്ചിട്ടുണ്ട്. ഉന്നതശീര്‍ഷനായ ഹിന്ദു തത്വചിന്തകനായ ആദി ശങ്കരനു മേല്‍ ബുദ്ധനുള്ള സ്വാധീനം അത്രമാത്രമായിരുന്നു. പൊതു തലത്തിലും ബുദ്ധന്‍ ആദരിക്കപ്പെട്ടു, ജയദേവന്‍ ഗീതാ ഗോവിന്ദത്തില്‍ ബുദ്ധനെ മഹാവിഷ്ണുവെന്നും അംഹിംസ പ്രചരിപ്പിക്കാന്‍ താഴേക്കിറങ്ങി വന്ന ദൈവമെന്നും സ്തുതിച്ചു. ബുദ്ധന്റെ ആവിര്‍ഭാവത്തോടെ ഹിന്ദു മതം ബുദ്ധിസ്റ്റ് ഹിന്ദുവിസം അഥവാ ഹിന്ദു ബുദ്ധിസമായി. ഇന്ന് അത് വേര്‍തിരിക്കാനാവാത്ത മിശ്രണമായി.
ഇങ്ങനെയാണ് സ്വാമി വിവേകാനന്ദന്‍ ബുദ്ധനെ പ്രശംസിച്ചത്.
ഞാന്‍ ഉദ്ധരിക്കാം:
ബുദ്ധന്‍ ജനിച്ച സമയത്ത് ഇന്ത്യയ്ക്ക് ഒരു വലിയ ആത്മീയ നേതാവിന്റെയും ഒരു പ്രവാചകന്റെയും ആവശ്യമുണ്ടായിരുന്നു.
ബുദ്ധന്‍ ഒന്നിനു മുന്നിലും തല കുനിച്ചില്ല, വേദമാകട്ടെ, ജാതിയാകട്ടെ, പുരോഹിതനാകട്ടെ, ആചാരങ്ങളാകട്ടെ. സാധ്യമായിടത്തോളം അദ്ദേഹം നിര്‍ഭയം യുക്തിവിചാരം നടത്തി. ലോകം ഇന്നേ വരെ കാണാത്ത തരത്തിലുള്ള നിര്‍ഭയമായ സത്യാന്വേഷണവും, എല്ലാത്തിനോടുമുള്ള സ്‌നേഹവുമായിരുന്നു അദ്ദേഹത്തിന്റെത്.
ഏതൊരു ഗുരുവിനേക്കാലും ധീരനും സത്യസന്ധനമായിരുന്നു ബുദ്ധന്‍.
സന്മാര്‍ഗ്ഗത്തിന്റെ ഒരു പരിപൂര്‍ണ്ണ സംവിധാനം ലോകത്തിനു നല്‍കിയ ആദ്യ മനുഷ്യനായിരുന്നു ബുദ്ധന്‍. നന്മ ഹേതുവായി അദ്ദേഹം നന്മയുള്ളവനായി, സ്‌നേഹം ഹേതുവാക്കി അദ്ദേഹം സ്‌നേഹിച്ചു.
സമത്വത്തിന്റെ വലിയ ധര്‍മ്മോപദേശകനായിരുന്നു ബുദ്ധന്‍. എല്ലാ പുരുഷനും സ്ത്രീക്കും ആത്മീയത കൈവരിക്കാന്‍ തുല്യാവകാശമാണുള്ളതെന്നായിരുന്നു അദ്ദേഹം പഠിപ്പിച്ചത്.
ബുദ്ധോപദേശങ്ങളുടെ മൂല്യവും ഗുണങ്ങളും മത പണ്ഡിതര്‍ സാഹിത്യത്തില്‍ സംയോജിപ്പിക്കുക വഴി ഇന്ത്യ അവയെല്ലാം സ്വാംശീകരിച്ചതിനാല്‍ ഇന്ത്യയെ ഞാന്‍ വ്യക്തിപരമായി ബുദ്ധമത ഇന്ത്യയെന്ന് വിളിക്കാന്‍ ആഗ്രഹിക്കുന്നു.
ഇത്ര ഉന്നതമായ സ്തുതി ഏറ്റവും മഹാന്മാരായ ഹിന്ദു തത്വചിന്തകരില്‍ ഒരാളില്‍ നിന്നാകുമ്പോള്‍ ഇന്നത്തെ ഹിന്ദുമതത്തെ സ്വഭാവത്തിലും സത്തയിലും ബുദ്ധിസ്റ്റ് ഹിന്ദുമതം എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ് ?
എല്ലാ മതങ്ങളുടെയും എല്ലാ വിധത്തിലുമുള്ള ആരാധനകളെയും അംഗീകരിക്കുന്ന ഇന്ത്യ രാജ്യത്തിന്റെ മകുട രത്‌നമാണ് ബുദ്ധന്‍. ബുദ്ധന്‍ ഉള്‍പ്പെടെ നിരവധി മഹാന്മാരായ ആത്മീയ നേതാക്കളുടെ ഉപോത്പന്നമാണ് ഇന്ത്യയിലെ ഹിന്ദുമതത്തിന്റെ നിലവാരം.
ബോധ് ഗയയില്‍ ബുദ്ധന്‍ കൈവരിച്ച ജ്ഞാനോദയം ഹിന്ദുമതത്തിലെയും ജ്ഞാനോദയത്തിന് തിരി തെളിയിച്ചു.
ഈ പൗരാണിക ദേശത്തിന്റെ പ്രഥമ സേവകനെന്ന നിലയില്‍ ഞാന്‍ ബുദ്ധനെ ഹിന്ദുമതത്തിന്റെ മാത്രമല്ല, നമ്മുടെ എല്ലാവരുടെയും, ലോകത്തിന്റെ തന്നെയും നിലനില്‍പ്പിന് അത്യാവശ്യമായ പുതു ലോക വീക്ഷണവും ദര്‍ശനവും നല്‍കിയ ലോക പരിഷ്‌കര്‍ത്താവെന്ന നിലയില്‍, ആദരിക്കുന്നു.
ലോകമെമ്പാടുമുള്ള ബുദ്ധമതക്കാര്‍ തീര്‍ത്ഥാടന സ്ഥലമെന്ന രീതിയില്‍ എപ്രകാരമാണ് ബോധ് ഗയയെ ആദരിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇന്ത്യയും ബുദ്ധ ലോകവുമായുള്ള സാംസ്‌കാരിക ബന്ധവും ആത്മീയ തലസ്ഥാനവുമാകാന്‍ സാധിക്കും വിധം ബോധ് ഗയയെ വികസിപ്പിക്കാന്‍ ഇന്ത്യയിലുള്ള ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ പുണ്യ സ്ഥലത്തു നിന്നുള്ള തങ്ങളുടെ ആത്മീയാവശ്യങ്ങളുടെ നിര്‍വൃതിക്കായി സഹോദര ബുദ്ധ രാജ്യങ്ങള്‍ക്ക് സാധ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ ഇന്ത്യ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നു.
ബുദ്ധമതങ്ങളുടെയും ആത്മീയ നേതാക്കളുടെയും പ്രഖ്യാപനം വായിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്.
കഠിനാധ്വാനത്തിന്റെയും വിശദമായ ചര്‍ച്ചകളുടെയും ഫലമായതിനാലാണ് ഈ പ്രഖ്യാപനം നമുക്ക് മുന്നോട്ടുള്ള വഴി കാട്ടി തരുന്ന മാര്‍ഗ്ഗദര്‍ശന രേഖയായി മാറുന്നത്. സഹിഷ്ണുതയുടെയും, വൈവിധ്യത്തെ അംഗീകരിക്കുന്നതിന്റെയും, അനുകമ്പയുടെയും സാഹോദര്യത്തിന്റെയും മാനസികഭാവത്തിന്റെയും പ്രാധാന്യത്തെപ്പറ്റി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞ കാര്യങ്ങള്‍ ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. ഈ മഹനീയ സമ്മേളനത്തോടുള്ള അദ്ദേഹത്തിന്റെ സന്ദേശവും, ഈ സംരംഭം മുന്നോട്ട് കൊണ്ടു പോകുന്നതിന് അദ്ദേഹം നല്‍കുന്ന പിന്തുണയും നമുക്ക് വലിയ ശക്തി പകരുന്ന കാര്യമാണ്.
ഒരിക്കല്‍ കൂടി, നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങളും ശുഭാശംസകളും നേരുന്നു. പ്രതീക്ഷ ജനിപ്പിക്കുന്ന ഈ സമ്മേളനം, സംഘര്‍ഷങ്ങള്‍ക്കുപരിയായി സാംസ്‌കാരിക സൗഹാര്‍ദ്ദത്തിനും ലോകസമാധാനത്തിനുമായി ഒരു സംഭാഷണ ചട്ടക്കൂട് രൂപീകരിക്കാനുള്ള പ്രചോദനം നല്‍കുന്നു. നമ്മുടെ വിവേകം ഭാവി തലമുറകളിലേക്ക്, അവര്‍ക്കു കൂടി പ്രായോഗികമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന വിധം എത്തുമെന്ന് ഉറപ്പാക്കാന്‍ നിങ്ങള്‍ നടത്തുന്ന നിരന്തരവും ദൃഢനിശ്ചയത്തോടെയുമുള്ള പരിശ്രമത്തിന് എന്റെ ആശംസകള്‍ നേരുന്നു. ഇത് നമുക്കോ അവര്‍ക്കോ മാത്രമല്ല, മുഴുവന്‍ മാനവ രാശിയുടെയും പ്രകൃതി മാതാവില്‍ നിന്ന് നമുക്ക് കിട്ടിയ മനോഹരമായ ചുറ്റുപാടുകളുടെയും അഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്.
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്ദി. ഒരുപാട് നന്ദി.
Some glimpses from Mahabodhi Temple. Feeling very blessed. pic.twitter.com/VF8oBml7EN
— Narendra Modi (@narendramodi) September 5, 2015
Some glimpses from Mahabodhi Temple. Feeling very blessed. pic.twitter.com/VF8oBml7EN
— Narendra Modi (@narendramodi) September 5, 2015