Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബെംഗളൂരു ടെക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം

ബെംഗളൂരു ടെക് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം


സാങ്കേതിക ലോകത്തെ നേതാക്കളെ, അന്താരാഷ്ട്ര പ്രതിനിധികളെ, സുഹൃത്തുക്കളെ,

एल्लारिगू नमस्कारा (എല്ലാരിഗൂ നമസ്‌കാര) ഇന്ത്യയിലേക്ക് സ്വാഗതം! नम्म कन्नडा नाडिगे स्वागता, नम्म बेन्गलुरिगे स्वागता (നമ്മുടെ കന്നഡ നാടിഗെ സ്വാഗത, നമ്മുടെ ബെംഗളൂരിഗേ സ്വാഗത).

ബെംഗളൂരു ടെക് ഉച്ചകോടിയെ ഒരിക്കല്‍ കൂടി അഭിസംബോധന ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കര്‍ണാടകയിലെ സ്‌നേഹനിര്‍ഭരരായ ആളുകളേയും ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തേയും നിങ്ങള്‍ എല്ലാവരും സ്‌നേഹിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളെ,
സാങ്കേതിക വിദ്യയുടെയും ചിന്താ നേതൃത്വത്തിന്റെയും നാടാണ് ബെംഗളൂരു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു നഗരമാണിത്. ഇതൊരു നൂതനാശയ നഗരം കൂടിയാണ്. ഇന്ത്യയുടെ നൂതനാശയ സൂചികയില്‍ വര്‍ഷങ്ങളായി, ബെംഗളൂരു ഒന്നാം സ്ഥാനത്താണ്.

സുഹൃത്തുക്കളെ,
ഇന്ത്യയുടെ സാങ്കേതിക വിദ്യയും നൂതനാശയങ്ങളും ഇതിനോടകം തന്നെ ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ഭാവികാലം വര്‍ത്തമാനകാലത്തേക്കാള്‍ വളരെ വലുതായിരിക്കും. എന്തെന്നാല്‍ ഇന്ത്യയ്ക്ക് നൂതനാശയ യുവത്വവും വര്‍ദ്ധിച്ചുവരുന്ന സാങ്കേതിക പ്രാപ്തിയുമുണ്ട്.

സുഹൃത്തുക്കളെ,
ഇന്ത്യയുടെ യുവത്വത്തിന്റെ ശക്തി ലോകമെമ്പാടും അറിയപ്പെടുന്നുണ്ട്. സാങ്കേതിക ആഗോളവല്‍ക്കരണവും കഴിവുകളുടെ ആഗോളവല്‍ക്കരണവും അവര്‍ ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യപരിരക്ഷ, മാനേജ്‌മെന്റ്, സാമ്പത്തികം- തുടങ്ങി വിവിധ മേഖലകളില്‍ നേതൃത്വം നല്‍കുന്ന യുവ ഇന്ത്യക്കാരെ നിങ്ങള്‍ക്ക് കണ്ടെത്തനാകൂം. ആഗോള നന്മയ്ക്കായി നാം നമ്മുടെ കഴിവുകളെ ഉപയോഗിക്കുകയാണ്. ഇന്ത്യയില്‍ പോലും അവയുടെ നേട്ടങ്ങള്‍ കാണാം. ആഗോള നൂതനാശയ സൂചികയില്‍ ഈ വര്‍ഷം ഇന്ത്യ 40-ാം റാങ്കിലേക്ക് കുതിച്ചു. 2015ല്‍ നാം 81-ാം സ്ഥാനത്തായിരുന്നു! 2021 മുതല്‍ ഇന്ത്യയിലെ യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം ഇരട്ടിയായി! ഇന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബാണ് നമ്മള്‍. 81,000 അംഗീകൃത സ്റ്റാര്‍ട്ടപ്പുകള്‍ നമുക്ക് ഉണ്ട്. ഇന്ത്യയില്‍ ഗവേഷണ-വികസന കേന്ദ്രങ്ങളുള്ള നൂറുകണക്കിന് അന്താരാഷ്ട്ര കമ്പനികളുമുണ്ട്. ഇന്ത്യയുടെ പ്രതിഭകളുടെ കൂട്ടമാണ്  ഇതിന് കാരണം.
സുഹൃത്തുക്കളെ,
സാങ്കേതിക പ്രാപ്തി വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ യുവാക്കളെ ശാക്തീകരിക്കുകയാണ്. രാജ്യത്ത് ഒരു മൊബൈല്‍, ഡാറ്റ വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 8 വര്‍ഷത്തിനുള്ളില്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ 60 ദശലക്ഷത്തില്‍ നിന്ന് 810 ദശലക്ഷമായി ഉയര്‍ന്നു, സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ 150 ദശലക്ഷത്തില്‍ നിന്ന് 750 ദശലക്ഷമായും ഉയര്‍ന്നു. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഇന്റര്‍നെറ്റിന്റെ വളര്‍ച്ച ദ്രുതഗതിയിലുമാണ്. ഇന്‍ഫര്‍മേഷന്‍ സൂപ്പര്‍ഹൈവേയുമായി ഒരു പുതിയ ജസംഖ്യാപരമായ ബന്ധിപ്പിക്കല്‍ തന്നെ നടക്കുന്നു.
സുഹൃത്തുക്കളെ,
വളരെക്കാലമായി, സാങ്കേതികവിദ്യ ഒരു പ്രത്യേക മേഖലയായിട്ടാണ് കണ്ടുവരുന്നത്. അത് ഉന്നതര്‍ക്കും പ്രതാപവാന്മാര്‍ക്കും മാത്രമുള്ളതാണെന്നാണ് പറഞ്ഞിരുന്നതും. എന്നാല്‍ സാങ്കേതികവിദ്യയെ എങ്ങനെ ജനാധിപത്യവത്കരിക്കാമെന്ന് ഇന്ത്യ തെളിയിച്ചു. സാങ്കേതികവിദ്യയ്ക്ക് എങ്ങനെ മാനുഷിക സ്പര്‍ശം നല്‍കാമെന്നതും ഇന്ത്യ കാട്ടികൊടുത്തിട്ടുണ്ട്. ഇന്ത്യയില്‍ സാങ്കേതികവിദ്യ സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ഒരു ശക്തിയാണ്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ഏകദേശം 200 ദശലക്ഷം കുടുംബങ്ങള്‍ക്ക് ഒരു സുരക്ഷാവലയം തീര്‍ക്കുകയാണ്. അതിനര്‍ത്ഥം, ഏകദേശം 600 ദശലക്ഷം ആളുകള്‍ എന്നതാണ്! ഒരു സാങ്കേതിക വേദി അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കോവിഡ് 19 വാക്‌സിന്‍ യജ്ഞം നടത്തിയത് ഇന്ത്യയാണ്. കോവിന്‍ എന്ന സാങ്കേതിക-അധിഷ്ഠിത വേദിയിലൂടെയാണ് അത് നടത്തിയത്. ആരോഗ്യ മേഖലയില്‍ നിന്ന് നമുക്ക് വിദ്യാഭ്യാസ മേഖലയിലേയ്ക്ക് പോകാം.
ഓപ്പണ്‍ കോഴ്‌സുകളുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ശേഖരണങ്ങളിലൊന്നാണ് ഇന്ത്യയിലുള്ളത്. വിവിധ വിഷയങ്ങളിലായി ആയിരക്കണക്കിന് കോഴ്‌സുകള്‍ ഇവിടെ ലഭ്യമാണ്. 10 ദശലക്ഷത്തിലധികം വിജയകരമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കലും സംഭവിച്ചിട്ടുണ്ട്. ഓണ്‍ലൈനിലും സൗജന്യമായുമാണ് ഇതെല്ലാം ചെയ്യപ്പെടുന്നത്. ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളില്‍ ഒന്നാണ് നമ്മുടെ ഡാറ്റ താരിഫുകള്‍ക്കുള്ളത്. കോവിഡ്19 ന്റെ സമയത്ത്, ഈ കുറഞ്ഞ ഡാറ്റാ ചെലവ് പാവപ്പെട്ട വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ €ാസുകളില്‍ പങ്കെടുക്കാന്‍ സഹായിച്ചു. ഇതില്ലായിരുന്നെങ്കില്‍ വിലപ്പെട്ട രണ്ട് വര്‍ഷങ്ങള്‍ അവര്‍ക്ക് നഷ്ടമാകുമായിരുന്നു.
സുഹൃത്തുക്കളെ,
ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തില്‍ സാങ്കേതികവിദ്യയെ ഇന്ത്യ ഒരു ആയുധമായി ഉപയോഗിക്കുകയാണ്. സ്വാമിത്വ പദ്ധതി പ്രകാരം, ഡ്രോണുകള്‍ ഉപയോഗിച്ച് നാം ഗ്രാമപ്രദേശങ്ങളിലെ ഭൂമിയുടെ ഭൂപടം തയാറാക്കുന്നു. അതിനുശേഷം ജനങ്ങള്‍ക്ക് ആസ്തികാര്‍ഡുകള്‍ നല്‍കുന്നു. ഇത് ഭൂമിയിലുള്ള തര്‍ക്കങ്ങള്‍ കുറയ്ക്കുന്നു. പാവപ്പെട്ടവര്‍ക്ക് സാമ്പത്തിക സേവനങ്ങളും വായ്പയും ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. കോവിഡ് 19 സമയത്ത്, ഒരു പ്രശ്‌നവുമായി പല രാജ്യങ്ങളും പൊരുതുകയായിരുന്നു. ജനങ്ങള്‍ക്ക് സഹായം ആവശ്യമാണെന്ന് അവര്‍ക്കറിയാമായിരുന്നു. ആനുകൂല്യ കൈമാറ്റം ചെയ്യുന്നത് സഹായിക്കുമെന്നും അവര്‍ക്കറിയാമായിരുന്നു. എന്നാല്‍ ജനങ്ങളിലേക്ക് ആനുകൂല്യങ്ങള്‍ എത്തിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അവര്‍ക്കില്ലായിരുന്നു. എന്നാല്‍ സാങ്കേതികവിദ്യ എങ്ങനെ നന്മയ്ക്കുള്ള ശക്തിയാകുമെന്ന് ഇന്ത്യ കാണിച്ചുകൊടുത്തു. ആനുകൂല്യങ്ങള്‍ നേരിട്ട് കൈമാറാനുള്ള കരുത്ത് നമ്മുടെ ജന്‍ ധന്‍, ആധാര്‍, മൊബൈല്‍ ത്രിത്വം ഞങ്ങള്‍ക്ക് നല്‍കി. അംഗീകൃതവും പരിശോധിച്ചുറപ്പിച്ചതുമായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നേരിട്ട് ലഭിച്ചു. പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബില്യണ്‍ കണക്കിന് രൂപയാണ് എത്തിയത്. കോവിഡ്19 കാലത്ത്, ചെറുകിട വ്യാപാരങ്ങളെക്കുറിച്ച് എല്ലാവരും ആശങ്കാകുലരായിരുന്നു. ഞങ്ങള്‍ അവരെ സഹായിച്ചു, എന്നാല്‍ ഞങ്ങള്‍ ഒരു പടി കൂടി മുന്നോട്ട് പോയി. വ്യാപാരം പുനരാരംഭിക്കുന്നതിന് പ്രവര്‍ത്തന മൂലധനം പ്രാപ്തമാക്കുന്നതിന് ഞങ്ങള്‍ വഴിയോര കച്ചവടക്കാരെ സഹായിച്ചു. ഡിജിറ്റല്‍ ഇടപാട് ഉപയോഗിക്കുന്നവര്‍ക്ക് പ്രോത്സാഹന ആനുകൂല്യങ്ങളും നല്‍കി. ഇത് ഡിജിറ്റല്‍ ഇടപാടുകളെ ഒരുതരത്തില്‍ അവരുടെ ജീവിതമാര്‍ഗ്ഗമാക്കി.
സുഹൃത്തുക്കളെ,
ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഒരു ഗവണ്‍മെന്റ് വിജയകരമായി നടത്തുന്നതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇന്ത്യയില്‍ അത് നടക്കുന്നുണ്ട്. ജെം എന്ന് വിളിക്കുന്ന ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് സ്ഥലം നമുക്കുണ്ട്. ചെറുകിട വ്യാപാരികളും വ്യവസായികളും ഗവണ്‍മെന്റിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്ന വേദിയാണിത്. ചെറുകിട വ്യാപാരങ്ങള്‍ക്ക് ഒരു വലിയ ഉപഭോക്താവിനെ കണ്ടെത്താന്‍ സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്. അതേസമയം, ഇത് അഴിമതിക്കുള്ള സാദ്ധ്യതയും കുറച്ചു. അതുപോലെ, സാങ്കേതികവിദ്യ ഓണ്‍ലൈന്‍ ടെന്‍ഡറിംഗിനെയും സഹായിച്ചിട്ടുണ്ട്. ഇത് പദ്ധതികളെ ത്വരിതപ്പെടുത്തുകയും സുതാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സംഭരണമൂല്യം ഒരു ത്രില്യണ്‍ രൂപയിലും എത്തി.
സുഹൃത്തുക്കളെ,
നൂതനാശയം സുപ്രധാനമാണ്. എന്നാല്‍ സംയോജനത്തിന്റെ പിന്‍ബലമുണ്ടാകുമ്പോള്‍ അത് ഒരു ശക്തിയായി മാറും. വിവരങ്ങള്‍ തടഞ്ഞുവയ്ക്കുന്നത് അവസാനിപ്പിക്കാനും കൂട്ടായപ്രവര്‍ത്തനം പ്രവര്‍ത്തനക്ഷമമാക്കാനും സേവനം ഉറപ്പാക്കാനും സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. പങ്കാളിത്തവേദികളില്‍, ഒളിവുമറവുകളൊന്നുമില്ല. ഉദാഹരണത്തിന്, പി.എം ഗതി ശക്തി ദേശീയ മാസ്റ്റര്‍പ്ലാന്‍ എടുക്കുക. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യ അടിസ്ഥാന സൗകര്യ മേഖലയില്‍ 100 ട്രില്യണ്‍ രൂപ നിക്ഷേപിക്കുകയാണ്. ഏതൊരു അടിസ്ഥാനസൗകര്യ പദ്ധതികളില്‍ പങ്കാളികളുടെ എണ്ണം വളരെ വലുതാണ്. പരമ്പരാഗതമായി, ഇന്ത്യയില്‍, വന്‍കിട പദ്ധതികള്‍ പലപ്പോഴും വൈകാറുണ്ട്. അധികച്ചെലവുകളും സമയക്രമം നീട്ടുന്നതും സാധാരണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നമുക്ക് ഗതിശക്തി എന്നാല്‍ പങ്കാളിത്ത വേദിയുണ്ട്. കേന്ദ്രഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവയെ ഏകോപിപ്പിക്കാന്‍ കഴിയും. മറ്റൊരാള്‍ എന്താണ് ചെയ്യുന്നതെന്ന് ഇവരില്‍ ഓരോരുത്തര്‍ക്കും അറിയാനാകും. പദ്ധതികള്‍, ഭൂവിനിയോഗം, സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരിടത്ത് ലഭ്യമാണ്. അതിനാല്‍, ഓരോ പങ്കാളിയ്ക്കും ഒരേ ഡാറ്റ കാണാനാകും. ഇത് ഏകോപനം മെച്ചപ്പെടുത്തുകയും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പുതന്നെ അവ പരിഹരിക്കുകയും ചെയ്യുന്നു. ഇത് അംഗീകാരങ്ങളും അനുമതികളും ത്വരിതപ്പെടുത്തുകയും ചെയ്യും.
സുഹൃത്തുക്കളെ,
ഇപ്പോള്‍ ചുവപ്പ്‌നാടയെക്കുറിച്ച് കേള്‍ക്കുന്ന ഒരു സ്ഥലമല്ല ഇന്ത്യ . നിക്ഷേപകര്‍ക്ക് ചുവന്ന പരവതാനിക്ക് പേരുകേട്ടതാണ് ഇവിടം. അത് നേരിട്ടുള്ള വിദേശ നിക്ഷേപ പരിഷ്‌കാരങ്ങളോ അല്ലെങ്കില്‍ ഡ്രോണ്‍ നിയമങ്ങളുടെ ഉദാരവല്‍ക്കരണമോ അല്ലെങ്കില്‍ അര്‍ദ്ധചാലക മേഖലയിലെ ചുവടുവയ്പ്പുകളോ അല്ലെങ്കില്‍ വിവിധ മേഖലകളിലെ ഉല്‍പ്പാദന പ്രോത്സാഹന പദ്ധതികളോ അല്ലെങ്കില്‍ വ്യാപാരം ചെയ്യുന്നത് സുഗമമാക്കുന്നതിലെ വര്‍ദ്ധനയോ ആകട്ടെ,
സുഹൃത്തുക്കളെ,
നിരവധി മികച്ച ഘടകങ്ങള്‍ ഇന്ത്യയില്‍ ഒന്നിച്ചുവരുന്നുണ്ട്. നിങ്ങളുടെ നിക്ഷേപത്തിനും ഞങ്ങളുടെ നൂതനാശയങ്ങള്‍ക്കും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. നിങ്ങളുടെ വിശ്വാസത്തിനും ഞങ്ങളുടെ സാങ്കേതിക പ്രതിഭകള്‍ക്കും കാര്യങ്ങള്‍ സാദ്ധ്യമാക്കാന്‍ കഴിയും. ലോകത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെ ഞങ്ങള്‍ നയിക്കുമ്പോള്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. ബെംഗളൂരു ടെക് ഉച്ചകോടിയിലെ നിങ്ങളുടെ ചര്‍ച്ചകള്‍ താല്‍പര്യമുണര്‍ത്തുന്നതും ഫലപ്രദവുമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.

–ND–