ബുന്ദേല്‍ഖണ്ഡ്, വിദര്‍ഭ, മറാത്ത്വാഡ എന്നിവിടങ്ങളിലെ വരള്‍ച്ചയെക്കുറിച്ചു പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം നടത്തുന്നു. ഇതില്‍ ആദ്യമായി, ബുന്ദേല്‍ഖണ്ഡിലെ സ്ഥിതിയെക്കുറിച്ചു മനസ്സിലാക്കാനുള്ള യോഗം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്നു. യു.പി. ചീഫ് സെക്രട്ടറിയും സംഘവും സ്ഥിതിഗതികള്‍ ഒരു അവതരണത്തിലൂടെ വിശദീകരിച്ചു. കേന്ദ്രഗവണ്മെന്റിന്റെ വിവിധ വകുപ്പു സെക്രട്ടറിമാര്‍ സന്നിഹിതരായിരുന്നു.
ആശ്വാസപദ്ധതികള്‍
കേന്ദ്ര ആഭ്യന്തര മന്ത്രി തലവനായുള്ള ഉന്നതതല സമിതി വരള്‍ച്ച നേരിടാന്‍ യു.പിക്ക് ദേശീയ ദുരിതാശ്വാസനിധിയില്‍ നിന്ന് 1304 കോടി രൂപ അനുവദിക്കണമെന്നു ശുപാര്‍ശ ചെയ്തിട്ടുണ്ട്. ധനസഹായം സംസ്ഥാന ഗവണ്മെന്റ് ഒരാഴ്ചയ്ക്കകം കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറും. 2016ലെ റാബി കൃഷിയെ സംബന്ധിച്ച് ഒരു നിവേദനം യു.പി. ഗവണ്മെന്റ് ഉടന്‍തന്നെ സമര്‍പ്പിക്കും. ആഭ്യന്തരവകുപ്പ് ഇതു പരിശോധിച്ച് ദുരിതാശ്വാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കും.
കുടിവെള്ളം: ബുന്ദേല്‍ഖണ്ഡ് മേഖല, വിശേഷിച്ച് ചിത്രകൂടം ഡിവിഷനിലെ മഹോബ, ചിത്രകൂടം, ബാന്ദ ജില്ലകള്‍ നേരിടുന്ന കുടിവെള്ളപ്രശ്നം പരിഹരിക്കാനായി സമഗ്ര പദ്ധതി തയ്യാറാക്കിയതായി യു.പി. ചീഫ് സെക്രട്ടറി വ്യക്തമാക്കി. കുടിവെള്ളം ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
തൊഴിലും ജീവിതോപാധിയും: 2017-17 സാമ്പത്തികവര്‍ഷം ബുന്ദേല്‍ഖണ്ഡില്‍ എം.ജി.എന്‍.ആര്.ഇ.ജി.എസ്. പ്രവൃത്തിദിനങ്ങള്‍ നൂറില്‍നിന്ന് 150 ആയി ഉയര്‍ത്തണമെന്ന നിര്‍ദേശത്തിന് അംഗീകാരം നല്കി. എം.ജി.എന്‍.ആര്.ഇ.ജി.എസിലെ തൊഴില്‍ദാനപദ്ധതി പ്രകാരം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് 700 കോടി രൂപ ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനം വഴി ഉടന്‍ കൈമാറുമെന്നു സംസ്ഥാന ഗവണ്മെന്റ് ഉറപ്പാക്കും.
വരുമാനത്തിനുള്ള മറ്റു സ്രോതസ്സുകള്‍ ഉറപ്പാക്കുന്നതിനായി നാഷണല്‍ റൂറല്‍ ലൈവ്ലിഹുഡ് മിഷന് കരുത്തുറ്റതാക്കിത്തീര്ക്കാനും അതിന്റെ നേട്ടം എല്ലാ ബ്ലോക്കുകളിലും ലഭ്യമാക്കാനും തീരുമാനിച്ചു.
ഭക്ഷ്യസുരക്ഷ: 2016 ജനുവരി ഒന്നിനു പ്രാബല്യത്തില്‍വരും വിധം എന്‍.എഫ്.എസ്.എ. നടപ്പാക്കിയിട്ടുണ്ടെന്നു യു.പി. ചീഫ് സെക്രട്ടറി അറിയിച്ചു. ബുന്ദേല്‍ഖണ്ഡില്‍ ഭക്ഷ്യധാന്യവിതരണത്തോത് ഉയര്‍ത്തിയിട്ടുണ്ട്. എം.ജി.എന്‍.ആര്.ഇ.ജി.എസ്. ഗുണഭോക്താക്കളുടെയും റേഷന്‍ കാര്‍ഡ് ഉടമകളുടെയും വിശദാംശങ്ങള്‍ ആധാറുമായി ബന്ധപ്പെടുത്തുന്ന പദ്ധതി വേഗമാക്കാന്‍ സംസ്ഥാന ഗവണ്മെന്റിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബുന്ദേല്‍ഖണ്ഡ് പാക്കേജ്
മുന്‍ ബുന്ദേല്‍ഖണ്ഡ് പാക്കേജ് നടപ്പാക്കുന്നതു സംബന്ധിച്ചു യോഗം ചര്‍ച്ച ചെയ്തു. നീതി ആയോഗ് മാര്‍ച്ച് 31ന് ഒറ്റത്തവണ ഗ്രാന്റായി 264 കോടി രൂപ യു.പിക്കു ലഭ്യമാക്കി. നിര്‍മാണഘട്ടത്തിലുള്ള പദ്ധതികള്‍ക്കായാണ് ഈ തുക അനുവദിച്ചത്. പൈപ്പുകളിട്ടുള്ള 37 ജലപദ്ധതികള്‍ മുന്‍ഗണനാക്രമത്തില്‍ പൂര്‍ത്തിയാക്കുമെന്നു സംസ്ഥാന ഗവണ്മെന്റ് ഉറപ്പാക്കും. ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നു യോഗം വിലയിരുത്തി.
വരള്ച്ചയില്ലാതാക്കല്
തടാകങ്ങള്‍, കുളങ്ങള്‍ തുടങ്ങിയവ സംരക്ഷക്കുന്നതിനു വിവിധ പദ്ധതികളില്‍ പെടുത്തി ശ്രമം നടത്തും. ബുന്ദേല്‍ഖണ്ഡ് മേഖലയ്ക്കായുള്ള പാക്കേജില്‍ ഉള്‍പ്പെടുത്തി വരള്ച്ചയൊഴിവാക്കാന് സഹായകമാകുന്ന മറ്റു പദ്ധതികള്‍കൂടി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്നു നീതി ആയോഗ് സി.ഇ.ഒ. സംസ്ഥാന ഗവണ്മെന്റുമായി ചര്‍ച്ച നടത്തി തീരുമാനിക്കും.
കൃഷി
ബുന്ദേല്‍ഖണ്ഡിലെ ഏറ്റവും പ്രധാന ഖാരിഫ് വിള എള്ളാണ്. 2016-17ലെ ഇതിന്റെ തറവില ഉടന്‍ പ്രഖ്യാപിക്കാന്‍ തീരുമാനമായി. തറവിലയ്ക്കു പുറമെ, ബുന്ദേല്‍ഖണ്ഡില്‍ 20 രൂപ ബോണസ്സായി നല്കുന്നതു പരിഗണിക്കും. കേന്ദ്ര കൃഷിവകുപ്പു സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത് എള്ളു സംഭരണപദ്ധതിക്ക് സംസ്ഥാന ഗവണ്മെന്റ് രൂപം നല്‍കും.
ബുന്ദേല്‍ഖണ്ഡ് മേഖലയിലെ കാര്ഷികോല്പാദനം വര്‍ധിപ്പിക്കുന്നതിന് രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം പദ്ധതി ആരംഭിക്കുന്നതിനായുള്ള നിര്‍ദേശം സംസ്ഥാന ഗവണ്മെന്റ് സമര്‍പ്പിക്കും.
വിള ഇന്‍ഷുറന്‍സ്: യു.പിയില്‍ വിള ഇന്‍ഷുറന്‍സ് ഏഴു മുതല്‍ പത്തു വരെ ശതമാനമേ വരുന്നുള്ളൂ എന്നു കണ്ടെത്തി. എന്നാല്‍, ബുന്ദേല്ഖണ്ഡിലാകട്ടെ ഇത് 30 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. റാബി 2014-15ലെ നഷ്ടത്തിന് 250 കോടി രൂപയിലേറെയും 2015 ഖാരിഫിലെ നഷ്ടത്തിന് 180 കോടി രൂപയിലേറെയും വിതരണം ചെയ്തിട്ടുണ്ട്. ഇതുവഴി യഥാക്രമം 3.34 ലക്ഷം കര്‍ഷകര്‍ക്കും 2.16 ലക്ഷം കര്ഷകര്ക്കുമാണു നഷ്ടപരിഹാരം ലഭിച്ചത്.
അടുത്തിടെ ആരംഭിച്ച പ്രധാനമന്ത്രി ഫസല്‍ ബീമ യോജന പദ്ധതിയില്‍ പരമാവധി കര്‍ഷകരെ ഉള്‍പ്പെടുത്താനും ഇതിനായി സംസ്ഥാന ഗവണ്മെന്റ് ജില്ലകള്‍തോറും ക്യാംപുകള്‍ സംഘടിപ്പിക്കാനും തീരുമാനമായി.
ജലസേചനം
അറ്റകുറ്റപ്പണി നടക്കുന്നതും പുനരാരംഭിക്കേണ്ടതും പുനരുജ്ജീവിപ്പിക്കേണ്ടതുമായ ഒമ്പതു ജലസേചന പദ്ധതികള്‍ക്കു മുന്‍ഗണനാക്രമത്തില്‍ ഫണ്ട് അനുവദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വാട്ടര്‍ റിസോഴ്സസ് സെക്രട്ടറിയോടു നിര്‍ദേശിച്ചു. അര്ജുന് സഹായക്, വരുണ, ബാണാസാഗര്‍ ജലസേചനപദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ നീതി ആയോഗ് സി.ഇ.ഒ., വാട്ടര്‍ റിസോര്‍സസ് സെക്രട്ടറി, യു.പി. ഇറിഗേഷന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എന്നിവര്‍ ഏപ്രില്‍ 12നു യോഗം ചേരും. കുടിവെള്ളക്ഷാമം സംബന്ധിച്ചുള്ള പരാതികള്‍ക്കു പരിഹാരം കണ്ടെത്താന്‍ നീതി ആയോഗ് സി.ഇ.ഒ. സംസ്ഥാന ഗവണ്മെന്റുമായി ചര്‍ച്ച നടത്തി പരിഹാരത്തിനു ശ്രമിക്കും.
സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസം
വികസനപദ്ധതി നിര്‍ദേശങ്ങള്‍, വിശേഷിച്ച് പി.എം.ജി.എസ്.വൈ., കുടിവെള്ളം, ഗ്രാമവൈദ്യുതീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടവ സംബന്ധിച്ച്, അതാതിടത്തെ ജനപ്രതിനിധികള്‍, പ്രത്യേകിച്ച് എം.പിമാരുമായി സംസാരിച്ചുവേണം മുന്നോട്ടുപോകാനെന്നു തീരുമാനിച്ചു.
പ്രകൃതിയില്‍നിന്നുണ്ടാകുന്ന തിരിച്ചടികളുടെ ദുരിതം പേറുന്ന മേഖലകളെ സംരക്ഷിക്കാനുതകുന്ന ദീര്‍ഘകാല പദ്ധതികള്‍ക്കായി പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടനുസരിച്ചും സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന്റെ ആവേശമുള്‍ക്കൊണ്ടും കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും കൈകോര്‍ത്തുനീങ്ങും.