Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാവലിയാലി ധാമിലെ ഒരു പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.

ബാവലിയാലി ധാമിലെ ഒരു പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം.


മഹന്ത് ശ്രീ റാം ബാപ്പു ജി, സമൂഹത്തിലെ ആദരണീയരായ അംഗങ്ങളെ, ഇവിടെ ഒത്തുകൂടിയ ദശലക്ഷക്കണക്കിന് ഭക്തരായ സഹോദരീ സഹോദരന്മാരെ – നമസ്‌കാരം, ജയ് ഠാക്കർ!

ഒന്നാമതായി, ഭാർവാഡ്‌ സമൂഹത്തിന്റെ പാരമ്പര്യങ്ങൾക്കും, എല്ലാ ആദരണീയരായ സന്യാസിമാർക്കും, മഹാന്മാർക്കും, ഈ പവിത്രമായ പാരമ്പര്യം സംരക്ഷിക്കുന്നതിനായി ജീവിതം സമർപ്പിച്ച എല്ലാവർക്കും എന്റെ ആദരപൂർവ്വകമായ അഭിവാദ്യം അർപ്പിക്കുന്നു. ഇന്ന് നമ്മുടെ സന്തോഷം പലമടങ്ങ് വർദ്ധിച്ചിരിക്കുന്നു. ഇത്തവണത്തെ മഹാ കുംഭമേള ചരിത്രപരമായിരുന്നു എന്ന് മാത്രമല്ല, ഞങ്ങൾക്ക് അഭിമാനകരമായ ഒരു നിമിഷവുമായിരുന്നു, കാരണം ഈ ശുഭകരമായ അവസരത്തിൽ, മഹാന്ത് ശ്രീ റാം ബാപ്പു ജിയെ മഹാ മണ്ഡലേശ്വർ എന്ന പദവി നൽകി ആദരിച്ചു. ഇത് ഒരു സുപ്രധാന നേട്ടവും നമുക്കെല്ലാവർക്കും വളരെയധികം സന്തോഷമുള്ള നിമിഷവുമാണ്. റാം ബാപ്പു ജിക്കും നമ്മുടെ സമൂഹത്തിലെ എല്ലാ കുടുംബങ്ങൾക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

കഴിഞ്ഞ ഒരാഴ്ചയായി, ഭാവ്‌നഗർ എന്ന സ്ഥലം ഭഗവാൻ കൃഷ്ണന്റെ വൃന്ദാവനമായി മാറിയതുപോലെ തോന്നി, ഇതിനെ കൂടുതൽ സവിശേഷമാക്കുന്നതിനായി, നമ്മുടെ ബഹുമാന്യ സഹോദരന്റെ ഭാഗവത കഥ നടന്നു. ഭക്തി പ്രവാഹ രീതിയും, ആളുകൾ കൃഷ്ണന്റെ സ്നേഹത്തിൽ മുഴുകിയ രീതിയും ഒരു യഥാർത്ഥ ദിവ്യ അന്തരീക്ഷം സൃഷ്ടിച്ചു. എന്റെ പ്രിയപ്പെട്ട കുടുംബമെ, ബവലിയാലി ധാം വെറുമൊരു മതകേന്ദ്രമല്ല; ഭർവാഡ്‌  സമൂഹത്തിനും മറ്റു പലർക്കും വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണിത്.

നാഗാ ലാഖാ ഠാക്കറിന്റെ അനുഗ്രഹത്താൽ, ഈ പുണ്യസ്ഥലം എല്ലായ്പ്പോഴും ഭർവാഡ്‌ സമൂഹത്തിന് യഥാർത്ഥ മാർഗനിർദേശവും മഹത്തായ പ്രചോദനത്തിന്റെ ഒരു വലിയ പൈതൃകവും നൽകിയിട്ടുണ്ട്. ഇന്ന്, ഈ പുണ്യസ്ഥലത്ത് ശ്രീ നാഗാ ലാഖാ ഠാക്കർ ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠ നമ്മുക്ക് ഒരു സുവർണ്ണാവസരമായി മാറിയിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി, മഹത്തായ ആഘോഷത്തിന്റെ അന്തരീക്ഷം നിലനിൽക്കുന്നു. സമൂഹത്തിന്റെ ആവേശവും ഉത്സാഹവും ശ്രദ്ധേയമാണ് – എല്ലായിടത്തുനിന്നും പ്രശംസകൾ ഞാൻ കേൾക്കുന്നു. എന്റെ ഹൃദയത്തിൽ, നിങ്ങൾ എല്ലാവരുടെയും ഇടയിൽ ഞാൻ ഉണ്ടായിരിക്കണമെന്ന് എനിക്ക് തോന്നുന്നു, പക്ഷേ പാർലമെന്റിലും ജോലിയിലുമുള്ള എന്റെ പ്രതിബദ്ധത കാരണം, ഇവിടം വിട്ട് വരുക എന്നത് പ്രയാസമാണ്. എന്നിരുന്നാലും, ആയിരക്കണക്കിന് നമ്മുടെ സഹോദരിമാർ അവതരിപ്പിക്കുന്ന ഗംഭീരമായ ‘റാസി’ നെ (നൃത്തം) കുറിച്ച് അറിയുമ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നുന്നു – അവർ യഥാർത്ഥത്തിൽ വൃന്ദാവനത്തെ അവിടെ ജീവസുറ്റതാക്കി!

വിശ്വാസം, സംസ്കാരം, പാരമ്പര്യം എന്നിവയുടെ സംയോജനം ശരിക്കും ഹൃദയസ്പർശിയായതും ഉന്മേഷദായകവുമാണ്. ഈ പരിപാടികളിലെല്ലാം, പങ്കെടുത്ത കലാകാരന്മാരെ – സഹോദരീസഹോദരന്മാരെ – ഞാൻ അഭിനന്ദിക്കുന്നു, അവർ അവസരത്തെ ഊർജ്ജസ്വലമാക്കുകയും അവരുടെ പ്രകടനങ്ങളിലൂടെ സമൂഹത്തിന് അർത്ഥവത്തായ സന്ദേശങ്ങൾ നൽകുകയും ചെയ്തു. ഭായ് ജി തന്റെ കഥപറച്ചിലിലൂടെ തന്റെ ജ്ഞാനത്താൽ നമ്മെ പ്രബുദ്ധരാക്കുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. എത്ര തവണ ഞാൻ നന്ദി പറഞ്ഞാലും അത് ഒരിക്കലും മതിയാകില്ല.

ഈ പുണ്യവേളയിൽ പങ്കെടുക്കാൻ എന്നെ അനുവദിച്ചതിന് മഹന്ത് ശ്രീ റാം ബാപ്പു ജിക്കും ബാവലിയാലി ധാമിനും ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. എന്നിരുന്നാലും, ഈ ശുഭദിനത്തിൽ നിങ്ങളോടൊപ്പം ഉണ്ടായിരിക്കാൻ കഴിയാത്തതിനാൽ ഞാൻ ക്ഷമ ചോദിക്കണം. നിങ്ങൾക്കെല്ലാവർക്കും എന്റെ മേൽ തുല്യ അവകാശമുണ്ടെന്ന് എനിക്കറിയാം. എന്നാൽ ഭാവിയിൽ ഞാൻ ആ സ്ഥലം സന്ദർശിക്കുമ്പോഴെല്ലാം, തീർച്ചയായും ഞാൻ ആദരവോടെ പ്രണമിക്കാൻ വരുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ,

ഭർവാഡ്‌ സമൂഹവുമായും ബാവലിയാലി ധാമുമായും ഉള്ള എന്റെ ബന്ധം വളരെ പഴക്കമുള്ളതാണ്. ഭർവാഡ് സമൂഹത്തിന്റെ സേവന മനോഭാവം, പ്രകൃതിയോടുള്ള അവരുടെ സ്നേഹം, പശുസേവനത്തോടുള്ള അവരുടെ സമർപ്പണം എന്നിവ വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ്. നമ്മുടെ നാവിൽ എപ്പോഴും വരുന്ന ഒരു വാചകം ഇതാണ്:

नगा लाखा नर भला,

पच्छम धरा के पीर।

खारे पानी मीठे बनाये,

सूकी सूखी नदियों में बहाये नीर।

(നാഗാ ലാഖാ, മഹാനുഭാവനായ മനുഷ്യൻ,

പടിഞ്ഞാറൻ ദേശത്തിന്റെ വിശുദ്ധൻ.

അദ്ദേഹം ഉപ്പുവെള്ളത്തിന് മധുരിമയേകി,

ഒഴുകുന്ന അരുവികളെ വരണ്ട നദികളിലേക്ക് കൊണ്ടുവന്നു.)

ഇവ വെറും വാക്കുകളല്ല. ആ കാലങ്ങളിൽ പോലും, നിസ്വാർത്ഥ സേവനവും അസാധ്യമായത് നേടാനുള്ള കഴിവും (ഗുജറാത്തി പഴഞ്ചൊല്ല് പറയുന്നതുപോലെ,  नेवा के पानी मोभे लगा लिए  അതായത്, വരണ്ട കിണറ്റിൽ നിന്ന് വെള്ളം കോരുന്നത്) അവരുടെ പ്രവൃത്തികളിൽ ദൃശ്യമായിരുന്നു. അവർ വെച്ച ഓരോ ചുവടും സേവനത്തിന്റെ സുഗന്ധം പരത്തി, നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ആളുകൾ അവരെ ഓർക്കുന്നു – അത് തന്നെ ഒരു വലിയ നേട്ടമാണ്. ബഹുമാന്യനായ ഇസു ബാപ്പുവിന്റെ നിസ്വാർത്ഥ സേവനത്തിന് ഞാൻ നേരിട്ട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സമർപ്പണം ഞാൻ എന്റെ കണ്ണുകളാൽ കണ്ടിട്ടുണ്ട്. ഗുജറാത്തിന് വരൾച്ച പുതിയൊരു കാര്യമല്ല. പത്ത് വർഷമെടുത്താൽ അതിൽ ഏഴ് വർഷവും ഗുജറാത്തിനെ വരൾച്ച ബാധിച്ച ഒരു കാലമുണ്ടായിരുന്നു. ഗുജറാത്തിൽ, “എന്തും ചെയ്യൂ, പക്ഷേ ധണ്ഡൂകയിലേക്ക് (വരൾച്ചബാധിത പ്രദേശം) നിങ്ങളുടെ മകളെ വിവാഹം കഴിപ്പിക്കരുത്” എന്ന് പോലും പറഞ്ഞിരുന്നു. (ഗുജറാത്തിയിൽ: बंदूके देजो पण धंधूके न देता, “ധണ്ഡൂകയിൽ മകളെ വിവാഹം കഴിപ്പിക്കുന്നതിനേക്കാൾ അവളെ വെടിവച്ചുകൊല്ലുന്നതാണ് നല്ലത്” എന്നർത്ഥം.) ഈ ചൊല്ല് നിലനിന്നത് ധണ്ഡൂക പലപ്പോഴും കടുത്ത വരൾച്ച അനുഭവിച്ചിരുന്നതിനാലാണ്. ധണ്ഡൂകയും രൺപൂരും പോലും വെള്ളത്തിനായി പാടുപെടുന്ന സ്ഥലങ്ങളായിരുന്നു. ആ സമയത്ത്, ബഹുമാന്യനായ ഇസു ബാപ്പുവിന്റെ നിസ്വാർത്ഥ സേവനം പ്രകടമായിരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങളെ അദ്ദേഹം സേവിച്ച രീതി ഇന്നും ഓർമ്മിക്കപ്പെടുന്നു. ഞാൻ മാത്രമല്ല, ഗുജറാത്ത് സംസ്ഥാനം മുഴുവൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ദിവ്യമായി കണക്കാക്കുന്നു. ആളുകൾ അദ്ദേഹത്തിന്റെ സംഭാവനകളെ പ്രശംസിക്കുന്നത് നിർത്തുന്നില്ല. നാടോടി സമൂഹങ്ങളെ സേവിക്കുന്നതായാലും, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കിയതായാലും, പരിസ്ഥിതി സംരക്ഷണത്തിനായി സ്വയം സമർപ്പിച്ചതായാലും, ഗിർ പശുക്കളെ പരിപാലിക്കുന്നതായാലും, സേവനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത അദ്ദേഹം ചെയ്ത എല്ലാ കാര്യങ്ങളിലും കാണാൻ കഴിയും. അദ്ദേഹത്തിന്റെ പ്രവർത്തനത്തിലൂടെ, നിസ്വാർത്ഥ സേവനത്തിന്റെ ആഴത്തിൽ വേരൂന്നിയ പാരമ്പര്യം നമുക്ക് വ്യക്തമായി കാണാൻ കഴിയും.

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ,

ഭർവാഡ് സമൂഹം ഒരിക്കലും കഠിനാധ്വാനത്തിൽ നിന്നും ത്യാഗത്തിൽ നിന്നും പിന്മാറിയിട്ടില്ല – അവർ എപ്പോഴും മുൻപന്തിയിലായിരുന്നു. ഞാൻ നിങ്ങൾക്കിടയിൽ വന്നപ്പോഴെല്ലാം ഞാൻ തുറന്നു സംസാരിച്ചിട്ടുണ്ടെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. വടി കൊണ്ടുപോകുന്ന യുഗം അവസാനിച്ചുവെന്ന് ഞാൻ ഒരിക്കൽ ഭർവാഡ് സമൂഹത്തോട് പറഞ്ഞു – നിങ്ങൾ വളരെക്കാലം വടി ചുമന്നു, പക്ഷേ ഇപ്പോൾ പേനയുടെ യുഗമാണ്. ഇന്ന് അഭിമാനത്തോടെ ഞാൻ പറയട്ടെ, ഗുജറാത്തിലെ എന്റെ സേവനകാലത്ത്, ഭർവാഡ് സമൂഹത്തിലെ പുതിയ തലമുറ ഈ മാറ്റം സ്വീകരിച്ചു. കുട്ടികൾ ഇപ്പോൾ പഠിക്കുകയും മുന്നേറുകയും ചെയ്യുന്നു. മുമ്പ്, ഞാൻ പറയുമായിരുന്നു, “വടി ഉപേക്ഷിച്ച് പേന എടുക്കുക.” ഇപ്പോൾ, ഞാൻ പറയുന്നു, “എന്റെ പെൺമക്കളുടെ കൈകളിൽ കമ്പ്യൂട്ടറുകളും ഉണ്ടായിരിക്കണം.” മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, നമുക്ക് ഒരുപാട് നേടാൻ കഴിയും – ഇതാണ് നമ്മെ പ്രചോദിപ്പിക്കുന്നത്. നമ്മുടെ സമൂഹം പ്രകൃതിയുടെ സംരക്ഷകനാണ്. “അതിഥി ദേവോ ഭവ” (അതിഥിയാണ് ദൈവം) എന്ന ആത്മാവിനെ നിങ്ങൾ യഥാർത്ഥത്തിൽ ജീവിതത്തിലേക്ക് കൊണ്ടുവന്നു. നമ്മുടെ ഇടയ, ബൽവ സമൂഹങ്ങളുടെ പാരമ്പര്യങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. വൃദ്ധസദനങ്ങളിൽ ഭർവാഡ് സമൂഹത്തിലെ മുതിർന്നവരെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയില്ല. കൂട്ടുകുടുംബ സങ്കല്പവും മുതിർന്നവരുടെ സേവനവും അവരുടെ സംസ്കാരത്തിൽ ദൈവസേവനമായി കണക്കാക്കപ്പെടുന്നു. അവർ തങ്ങളുടെ മുതിർന്നവരെ വൃദ്ധസദനങ്ങളിലേക്ക് അയയ്ക്കുന്നില്ല – അവർ അവരെ പരിപാലിക്കുന്നു. ഈ മൂല്യങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറുന്നത് ഒരു പ്രധാന നേട്ടമാണ്. തലമുറകളായി, ഭർവാഡ് സമൂഹത്തിന്റെ ധാർമ്മികവും കുടുംബപരവുമായ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്.

നമ്മുടെ സമൂഹം അതിന്റെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ആധുനികതയിലേക്ക് അതിവേഗം മുന്നേറുന്നതും കാണുന്നതിൽ എനിക്ക് വലിയ സംതൃപ്തി തോന്നുന്നു. നാടോടി കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസവും ഹോസ്റ്റൽ സൗകര്യങ്ങളും നൽകുന്നതും ഒരു മികച്ച സേവനമാണ്. നമ്മുടെ സമൂഹത്തെ ആധുനികതയുമായി ബന്ധിപ്പിക്കുന്നതും ലോകവുമായി സംയോജിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതും ഒരു നിർണായക ഉത്തരവാദിത്തമാണ്. ഇപ്പോൾ, നമ്മുടെ പെൺമക്കൾ കായികരംഗത്തും മികവ് പുലർത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ലക്ഷ്യത്തിനായി നാം പ്രവർത്തിക്കണം. ഇതും ഒരു മികച്ച സേവനമാണ്. ഞാൻ ഗുജറാത്തിലായിരുന്നപ്പോൾ, ഖേൽ മഹാകുംഭിൽ (കായികോത്സവം) സ്കൂളിൽ പോകുന്ന ചെറുപ്പക്കാരായ പെൺകുട്ടികൾ കായിക മത്സരങ്ങളിൽ മെഡലുകൾ നേടുന്നത് ഞാൻ കണ്ടു. ദൈവം അവർക്ക് പ്രത്യേക ശക്തി നൽകിയിട്ടുണ്ട്, അവരുടെ പുരോഗതിയിലും നാം ശ്രദ്ധ കേന്ദ്രീകരിക്കണം. നമ്മുടെ കന്നുകാലികളെ നാം പരിപാലിക്കുന്നു – നമ്മുടെ കന്നുകാലികൾ രോഗബാധിതരായാൽ, അവയുടെ ആരോഗ്യം ഉറപ്പാക്കാൻ നമുക്ക് കഴിയുന്നതെല്ലാം ചെയ്യുന്നു. ഇപ്പോൾ, നമ്മുടെ കുട്ടികളോട് നമുക്ക് അതേ സമർപ്പണവും കരുതലും ഉണ്ടായിരിക്കണം. ബാവലിയാലി ധാം മൃഗസംരക്ഷണത്തിൽ, പ്രത്യേകിച്ച് ഗിർ പശു ഇനത്തെ സംരക്ഷിക്കുന്നതിൽ മികവ് പുലർത്തിയിട്ടുണ്ട്, ഇത് മുഴുവൻ രാജ്യത്തിനും അഭിമാനകരമാണ്. ഇന്ന്, ഗിർ പശുവിനെ ലോകമെമ്പാടും പ്രശംസിക്കുന്നു.

എന്റെ പ്രിയപ്പെട്ട കുടുംബാംഗങ്ങളേ,

സഹോദരീ സഹോദരന്മാരേ, നമ്മൾ വ്യത്യസ്തരല്ല; നാമെല്ലാവരും സഹയാത്രികരാണ്. നമ്മൾ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കുടുംബാംഗമെന്ന നിലയിൽ ഞാൻ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടായിരുന്നു. ഇന്ന്, ബാവലിയാലി ധാമിൽ ഒത്തുകൂടിയ ദശലക്ഷക്കണക്കിന് ജനങ്ങളെ കാണുമ്പോൾ, നിങ്ങളിൽ നിന്ന് എന്തെങ്കിലും ചോദിക്കാൻ എനിക്ക് അവകാശമുണ്ടെന്ന് എനിക്ക് തോന്നുന്നു. എനിക്ക് നിങ്ങളോട് ഒരു കാര്യം ചോദിക്കാനുണ്ട്, നിങ്ങൾ എന്നെ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന വിശ്വാസത്തോടെയാണ് ഞാൻ ഒരു അഭ്യർത്ഥന നടത്തുന്നത്. നമുക്ക് നമ്മളായി തുടരാൻ കഴിയില്ല – അടുത്ത 25 വർഷത്തിനുള്ളിൽ ഭാരതത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനായി നമ്മൾ ഒരു വലിയ കുതിച്ചുചാട്ടം നടത്തുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും വേണം. നിങ്ങളുടെ പിന്തുണയില്ലാതെ, എന്റെ ജോലി അപൂർണ്ണമായി തുടരും. ഈ ലക്ഷ്യത്തിനായി മുഴുവൻ സമൂഹവും ഒത്തുചേരണം. ഒരിക്കൽ ഞാൻ ചെങ്കോട്ടയിൽ നിന്ന് ‘സബ്ക പ്രയാസ്’ (കൂട്ടായ ശ്രമം) ഊന്നിപ്പറഞ്ഞത് നിങ്ങൾ ഓർക്കുന്നുണ്ടാകും. ‘സബ്ക പ്രയാസ്’ ആണ് നമ്മുടെ ഏറ്റവും വലിയ ശക്തി. ‘വികസിത ഭാരത’ത്തിലേക്കുള്ള ആദ്യപടി നമ്മുടെ ഗ്രാമങ്ങളുടെ വികസനത്തോടെയാണ് ആരംഭിക്കുന്നത്. പ്രകൃതിയെയും കന്നുകാലികളെയും സേവിക്കുക എന്നത് നമ്മുടെ പവിത്രമായ കടമയാണ്. അത് മനസ്സിൽ വെച്ചുകൊണ്ട്, നാം ഏറ്റെടുക്കേണ്ട മറ്റൊരു പ്രധാന ദൗത്യമുണ്ട്. നമ്മുടെ പ്രാദേശിക ഭാഷയിൽ ഖുർപക-മുഹ്പക എന്ന് വിളിക്കുന്ന ഒരു രോഗമായ കുളമ്പുരോഗത്തെ ചെറുക്കുന്നതിന് ഇന്ത്യാ ​ഗവണ്മെൻ്റ് പൂർണ്ണമായും സൗജന്യമായ ഒരു പരിപാടി നടത്തുന്നു. നമ്മുടെ കന്നുകാലികളെ പൂർണ്ണമായി സംരക്ഷിക്കുന്നതിന്, പതിവായി വാക്സിനേഷൻ അത്യാവശ്യമാണ്. ഇതൊരു 
അനുകമ്പയാർന്ന പ്രവൃത്തിയാണ്, ​ഗവണ്മെൻ്റ് ഈ വാക്സിനുകൾ സൗജന്യമായി നൽകുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കന്നുകാലികൾക്കും പതിവായി ഈ വാക്സിനേഷൻ ലഭിക്കുന്നുണ്ടെന്ന് നാം ഉറപ്പാക്കണം. അപ്പോൾ മാത്രമേ ഭഗവാൻ കൃഷ്ണന്റെ തുടർച്ചയായ അനുഗ്രഹങ്ങൾ നമുക്ക് ലഭിക്കൂ, നമ്മുടെ ഠാക്കർമാർ നമ്മെ സഹായിക്കാൻ എത്തും.

കന്നുകാലി കർഷകർക്കുള്ള സാമ്പത്തിക സഹായവുമായി ബന്ധപ്പെട്ടതാണ് നമ്മുടെ ​ഗവണ്മെൻ്റ് സ്വീകരിച്ച മറ്റൊരു പ്രധാന സംരംഭം. മുമ്പ്, കിസാൻ ക്രെഡിറ്റ് കാർഡുകൾ കർഷകർക്ക് മാത്രമേ ലഭ്യമായിരുന്നുള്ളൂ, എന്നാൽ ഇപ്പോൾ ഞങ്ങൾ കന്നുകാലി കർഷകർക്കും ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, കന്നുകാലി ഉടമകൾക്ക് അവരുടെ വ്യവസായം വികസിപ്പിക്കുന്നതിന് ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭിക്കും. കൂടാതെ, നാടൻ പശു ഇനങ്ങളെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ദേശീയ ഗോകുൽ മിഷൻ പുരോഗമിക്കുന്നു. നിങ്ങളോട് എന്റെ എളിയ അഭ്യർത്ഥന ഇതാണ്: ഞാൻ ഡൽഹിയിൽ ഇരുന്ന് ഈ സംരംഭങ്ങളിൽ പ്രവർത്തിക്കുന്നു, പക്ഷേ നിങ്ങൾ അവ പ്രയോജനപ്പെടുത്തുന്നില്ലെങ്കിൽ, എന്താണ് അർത്ഥം? നിങ്ങൾ ഈ പരിപാടികളിൽ നിന്ന് പ്രയോജനം നേടണം. അങ്ങനെ ചെയ്യുന്നതിലൂടെ, ദശലക്ഷക്കണക്കിന് മൃഗങ്ങളുടെയും ജീവജാലങ്ങളുടെയും അനുഗ്രഹം എനിക്ക് ലഭിക്കും. അതിനാൽ, ഈ പദ്ധതിയുടെ പൂർണ്ണ പ്രയോജനം നേടാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

മറ്റൊരു പ്രധാന കാര്യം, ഞാൻ മുമ്പ് പരാമർശിച്ചതും ഇന്ന് ആവർത്തിക്കുന്നതും, വൃക്ഷത്തൈ നടലിന്റെ പ്രാധാന്യമാണ്. ഈ വർഷം, ലോകമെമ്പാടും പ്രശംസിക്കപ്പെട്ട ഒരു കാമ്പെയ്‌ൻ ഞാൻ ആരംഭിച്ചു: ‘ഏക് പേഡ് മാ കേ നാം’ (അമ്മയുടെ നാമത്തിൽ ഒരു മരം). നിങ്ങളുടെ അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിൽ, അവരുടെ സാന്നിധ്യത്തിൽ ഒരു മരം നടുക. അവർ മരിച്ചിട്ടുണ്ടെങ്കിൽ,അവരുടെ ഫോട്ടോ മുന്നിൽ വയ്ച്ചുകൊണ്ട് അവരുടെ ഓർമ്മയ്ക്കായി ഒരു മരം നടുക. ഭർവാഡ് സമൂഹം ശക്തരും ദീർഘായുസ്സുള്ളവരുമായ ഗുരുജനങ്ങൾക്ക് പേരുകേട്ടതാണ് – അവരിൽ പലരും 90 മുതൽ 100 ​​വർഷം വരെ ജീവിക്കുന്നു – അവരെ സേവിക്കുന്നതിൽ നാം അഭിമാനിക്കുന്നു. ഇപ്പോൾ, നമ്മുടെ അമ്മമാരുടെ പേരിൽ മരങ്ങൾ നടുന്നതിൽ നാം അഭിമാനിക്കണം. നമ്മൾ ഭൂമി മാതാവിനെ ദ്രോഹിച്ചുവെന്നും നാം അംഗീകരിക്കണം – നമ്മൾ വെള്ളം വേർതിരിച്ചെടുത്തു, രാസവസ്തുക്കൾ ചേർത്തു, അവരെ വരൾച്ചയിലേക്ക് തള്ളിവിട്ടു, അവളുടെ മണ്ണിനെ പോലും വിഷലിപ്തമാക്കി. ഭൂമി മാതാവിന്റെ ആരോഗ്യം പുനഃസ്ഥാപിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇതിനായി, കന്നുകാലി വളം നമ്മുടെ ഭൂമിക്ക് സമ്പത്ത് പോലെയാണ്. അത് മണ്ണിനെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് പ്രകൃതിദത്ത കൃഷി നിർണായകമാകുന്നത്. ഭൂമി സ്വന്തമാക്കിയിരിക്കുന്നവരും അവസരമുള്ളവരും പ്രകൃതി കൃഷി സ്വീകരിക്കണം. ഗുജറാത്ത് ഗവർണർ ആചാര്യജി പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ ശ്രമങ്ങൾ നടത്തിവരികയാണ്. അതിനാൽ, നിങ്ങളോടെല്ലാം എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്: ചെറുതോ വലുതോ ആയ ഭൂമി എന്തുതന്നെയായാലും, നമ്മൾ പ്രകൃതി കൃഷിയിലേക്ക് മാറുകയും ഭൂമി മാതാവിനെ സേവിക്കുകയും വേണം.

പ്രിയ സഹോദരീ സഹോദരന്മാരേ,

ഒരിക്കൽ കൂടി, ഭാർവാഡ് സമൂഹത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു, നാഗാ ലഖാ ഠാക്കറിന്റെ അനുഗ്രഹം നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ബാവലിയാലി ധാമുമായി ബന്ധപ്പെട്ട ഓരോ വ്യക്തിക്കും അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാകട്ടെ – ഇത് ഠാക്കറിന്റെ കാൽക്കൽ എന്റെ പ്രാർത്ഥനയാണ്. നമ്മുടെ പെൺമക്കളും പുത്രന്മാരും വിദ്യാഭ്യാസം നേടുന്നതും പുരോഗമിക്കുന്നതും നമ്മുടെ സമൂഹം കൂടുതൽ ശക്തമാകുന്നതും കാണുന്നതിനപ്പുറം നമുക്ക് എന്താണ് ചോദിക്കാൻ കഴിയുക? ഈ ശുഭകരമായ അവസരത്തിൽ, ഭായ് ജിയുടെ വാക്കുകളെ നമുക്ക് ആദരിക്കാം, നമ്മുടെ സമൂഹം അതിന്റെ ശക്തി നിലനിർത്തിക്കൊണ്ട് ആധുനികതയിലേക്ക് നീങ്ങുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് അവയെ മുന്നോട്ട് കൊണ്ടുപോകാം. എനിക്ക് ശരിക്കും വളരെയധികം സന്തോഷം തോന്നുന്നു. എനിക്ക് നേരിട്ട് വരാൻ കഴിഞ്ഞിരുന്നെങ്കിൽ, അത് കൂടുതൽ സന്തോഷകരമാകുമായിരുന്നു.

ജയ് ഠാക്കർ!

***

NK