Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബാലിയിലെ ജി-20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പരാമർശങ്ങൾ


ശ്രേഷ്ഠരേ !

സുഹൃത്തുക്കളേ ,

എന്റെ സുഹൃത്ത് പ്രസിഡന്റ് ജോക്കോവിയെ ഒരിക്കൽ കൂടി അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ദുഷ്‌കരമായ വേളയിലും  ജി-20-ന് അദ്ദേഹം കാര്യക്ഷമമായ നേതൃത്വം നൽകി. ബാലി പ്രഖ്യാപനം അംഗീകരിച്ചതിന്  ജി-20 സമൂഹത്തെയും  ഞാൻ അഭിനന്ദിക്കുന്നു. ജി-20 പ്രസിഡൻസി കാലത്ത് ഇന്തോനേഷ്യയുടെ പ്രശംസനീയമായ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യ ശ്രമിക്കും. ഈ വിശുദ്ധ ദ്വീപായ ബാലിയിൽ ജി-20 പ്രസിഡൻസിയുടെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ ശുഭകരമായ ഒരു യാദൃശ്ചികതയാണ്. ഇന്ത്യയും ബാലിയും തമ്മിൽ പഴക്കാം ചെന്ന  ബന്ധമുണ്ട്.

ശ്രേഷ്ഠരേ !

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, സാമ്പത്തിക മാന്ദ്യം, ഭക്ഷ്യ-ഊർജ്ജ വിലകൾ, മഹാമാരിയുടെ  ദീർഘകാല ദൂഷ്യഫലങ്ങൾ എന്നിവ ലോകത്തെ  ഒരേസമയം അള്ളിപ്പിടിക്കുന്ന  വേളയിലാണ്  ഇന്ത്യ ജി-20-ന്റെ ചുമതല ഏറ്റെടുക്കുന്നത്. ഇത്തരമൊരു സമയത്ത് ലോകം പ്രതീക്ഷയോടെയാണ് ജി-20യെ ഉറ്റുനോക്കുന്നത്. ഇന്ന്, ഇന്ത്യയുടെ ജി-20 അധ്യക്ഷസ്ഥാനം എല്ലാവരേയും ഉൾക്കൊള്ളുന്നതും,  ഉത്‌കര്‍ഷേച്ഛ നിറഞ്ഞതും,  നിർണ്ണായകവും പ്രവർത്തനാധിഷ്ഠിതവുമാകുമെന്ന് ഞാൻ ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു.

ശ്രേഷ്ഠരേ !

അടുത്ത ഒരു വർഷത്തിനുള്ളിൽ, പുതിയ ആശയങ്ങൾ വിഭാവനം ചെയ്യുന്നതിനും കൂട്ടായ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമുള്ള   ഒരു മുഖ്യ ചാലക ശക്തിയായി  ജി -20  ആഗോളതലത്തിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കും. പ്രകൃതി വിഭവങ്ങളുടെ മേലുള്ള ഉടമസ്ഥാവകാശ ബോധം ഇന്ന് സംഘർഷങ്ങൾക്ക് കാരണമാവുകയും പരിസ്ഥിതിയുടെ ദുരവസ്ഥയുടെ പ്രധാന കാരണമായി മാറുകയും ചെയ്യുന്നു. ഗ്രഹത്തിന്റെ സുരക്ഷിതമായ ഭാവിക്ക്, ട്രസ്റ്റിഷിപ്പ്  അതായതു ഊരായ്മ അഥവാ കാര്യനിര്‍വ്വാഹകത്വം എന്ന ബോധം  ഇതിന്  പരിഹാരമാണ്. ലൈഫ്, അതായത് ‘ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റ്’ എന്ന കാമ്പെയ്‌ന് ഇതിന് വലിയ സംഭാവന നൽകാൻ കഴിയും. സുസ്ഥിരമായ ജീവിതശൈലി ഒരു ബഹുജന പ്രസ്ഥാനമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

ശ്രേഷ്ഠരേ !

വികസനത്തിന്റെ നേട്ടങ്ങൾ സാർവത്രികവും എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ ആവശ്യം. വികസനത്തിന്റെ നേട്ടങ്ങൾ എല്ലാ മനുഷ്യരിലേക്കും അനുകമ്പയോടും ഐക്യദാർഢ്യത്തോടും കൂടി നാം എത്തിക്കണം. സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ ആഗോള വികസനം സാധ്യമല്ല. നമ്മുടെ ജി-20 അജണ്ടയിൽ പോലും സ്ത്രീകൾ നയിക്കുന്ന വികസനത്തിന് മുൻഗണന നൽകണം. സമാധാനവും സുരക്ഷിതത്വവും ഇല്ലെങ്കിൽ, നമ്മുടെ ഭാവി തലമുറകൾക്ക് സാമ്പത്തിക വളർച്ചയോ സാങ്കേതിക നൂതനത്വമോ പ്രയോജനപ്പെടുത്താൻ കഴിയില്ല. ജി-20 സമാധാനത്തിനും ഐക്യത്തിനും അനുകൂലമായ ശക്തമായ സന്ദേശം നൽകേണ്ടതുണ്ട്. ഈ മുൻ‌ഗണനകളെല്ലാം ഇന്ത്യയുടെ ജി-20 അധ്യക്ഷപദവിയുടെ  പ്രമേയത്തിൽ പൂർണ്ണമായും ഉൾക്കൊള്ളുന്നു – “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി”.

ശ്രേഷ്ഠരേ !

ഓരോ ഇന്ത്യക്കാരനും ജി-20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത് അഭിമാനകരമായ അവസരമാണ്. നമ്മുടെ രാജ്യത്തെ വിവിധ നഗരങ്ങളിലും സംസ്ഥാനങ്ങളിലും ഞങ്ങൾ ജി-20 യോഗങ്ങൾ  സംഘടിപ്പിക്കും. ഞങ്ങളുടെ അതിഥികൾക്ക് ഇന്ത്യയുടെ അതിശയകരമായ വൈവിധ്യം, ഉൾക്കൊള്ളുന്ന പാരമ്പര്യങ്ങൾ, സാംസ്കാരിക സമൃദ്ധി എന്നിവയുടെ പൂർണ്ണമായ അനുഭവം ലഭിക്കും. ‘ജനാധിപത്യത്തിന്റെ മാതാവ്’ എന്ന ഇന്ത്യയിലെ അതുല്യമായ ഈ ആഘോഷത്തിൽ നിങ്ങളെല്ലാവരും പങ്കെടുക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നാം  ഒരുമിച്ച് ജി-20-നെ ആഗോള മാറ്റത്തിന് ഉത്തേജകമാക്കും.

വളരെയധികം നന്ദി!

–ND–