ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ശ്രീ ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ഫെബ്രുവരി 10-12 തീയതികളിൽ ഫ്രാൻസ് സന്ദർശിച്ചു. 2025 ഫെബ്രുവരി 10, 11 തീയതികളിൽ ഫ്രാൻസും ഇന്ത്യയും സംയുക്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആക്ഷൻ ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ചു. ബ്ലെച്ച്‌ലി പാർക്ക് (നവംബർ 2023), സിയോൾ (മെയ് 2024) ഉച്ചകോടികളിൽ കൈവരിച്ച സുപ്രധാന നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി, രാഷ്ട്രത്തലവന്മാരും ഗവൺമെന്റ് മേധാവിമാരും, അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കളും, ചെറുകിട- വൻകിട സംരംഭങ്ങളുടെ പ്രതിനിധികളും, അക്കാദമിക്, ഗവൺമെന്റിതര സംഘടനകളുടെ പ്രതിനിധികളും, കലാകാരന്മാരും, സിവിൽ സമൂഹത്തിലെ അംഗങ്ങളും ഉച്ചകോടിയിൽ ഒത്തുചേർന്നു. പൊതുജനതാൽപ്പര്യം മുൻനിർത്തി ആഗോള എഐ മേഖലയ്ക്ക് സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കാനുള്ള പ്രതിബദ്ധത അവർ അടിവരയിട്ടു. ഫ്രാൻസിന്റെ അധ്യക്ഷതയിൽ എഐ ആക്ഷൻ ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് മാക്രോണിനെ അഭിനന്ദിച്ചു. അടുത്തഎഐ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനെ ഫ്രാൻസ് സ്വാഗതം ചെയ്തു.
. 2024 ജനുവരിയിൽ ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി പ്രസിഡന്റ് മാക്രോൺ ഇന്ത്യ സന്ദർശിച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രി മോദിയുടെ ഫ്രാൻസ് സന്ദർശനം. പ്രധാനമന്ത്രിയുടെ ആറാമത്തെ ഫ്രാൻസ് സന്ദർശനമാണിത്. അസാമാന്യമാംവിധം ശക്തവും ബഹുമുഖവുമായ ഉഭയകക്ഷി സഹകരണത്തിന്റെ മുഴുവൻ മേഖലയെക്കുറിച്ചും ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് മാക്രോണും ഉഭയകക്ഷി ചർച്ചകൾ നടത്തി. പ്രസിഡന്റ് മാക്രോൺ, മാർസെയിലിൽ, പ്രധാനമന്ത്രി മോദിക്കായി ഒരുക്കിയ സ്വകാര്യ അത്താഴ വിരുന്ന് ഇരു നേതാക്കളും തമ്മിലുള്ള മികച്ച ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. മാർസെയിലിൽ ഇന്ത്യയുടെ കോൺസുലേറ്റ് ജനറൽ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര തെർമോ ന്യൂക്ലിയർ പരീക്ഷണാത്മക റിയാക്ടർ സംവിധാനവും അവർ സന്ദർശിച്ചു.
2024 ജനുവരിയിൽ പ്രസിഡന്റ് മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും, 2023 ജൂലൈയിൽ തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ബാസ്റ്റിൽ ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി ഫ്രാൻസ് സന്ദർശിച്ചപ്പോൾ പ്രസിദ്ധീകരിച്ച ഹൊറൈസൺ 2047 രൂപരേഖയിലും വിശദീകരിച്ചിരിക്കുന്ന ഉഭയകക്ഷി സഹകരണത്തിനും അന്താരാഷ്ട്ര പങ്കാളിത്തത്തിനുമുള്ള തങ്ങളുടെ പൊതുവായ കാഴ്ചപ്പാട് പ്രസിഡന്റ് മാക്രോണും പ്രധാനമന്ത്രി മോദിയും ആവർത്തിച്ചുറപ്പിച്ചു. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി സഹകരണത്തിൽ കൈവരിച്ച പുരോഗതിയെ നേതാക്കൾ പ്രകീർത്തിക്കുകയും അതിന്റെ മൂന്ന് സ്തംഭങ്ങളിലൂടെ അത് കൂടുതൽ ത്വരിതപ്പെടുത്താനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
സമതുലിതവും സമാധാനപരവുമായ ഒരു അന്താരാഷ്ട്ര ക്രമം നിലനിർത്തുന്നതിനും, ആഗോള വെല്ലുവിളികളെ നേരിടുന്നതിനും, സാങ്കേതിക, സാമ്പത്തിക മേഖലകളിൽ ഉൾപ്പെടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ അഭിസംബോധന ചെയ്യുന്നതിന് ലോകത്തെ സജ്ജമാക്കുന്നതിനുമായി, പരിഷ്കരിച്ചതും ഫലപ്രദവുമായ ബഹുരാഷ്ട്രവാദത്തിനായുള്ള ആഹ്വാനം ഇരു നേതാക്കളും ആവർത്തിച്ചു. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പരിഷ്കരിക്കേണ്ട അടിയന്തര ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ ഇരു നേതാക്കളും യുഎൻഎസ്‌സി വിഷയങ്ങളിലുൾപ്പെടെ ബഹുരാഷ്ട്ര വേദികളിൽ അടുത്ത് സഹകരിക്കാനുള്ള സമ്മതമറിയിച്ചു. യുഎൻഎസ്‌സിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് ഫ്രാൻസ് അവരുടെ ഉറച്ച പിന്തുണ ആവർത്തിച്ചു. വലിയ രീതിയിൽ മനുഷ്യാവകാശ ലംഘനങ്ങൾ സംഭവിക്കുന്ന സാഹചര്യത്തിൽ വീറ്റോ അധികാരത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തിപ്പെടുത്താൻ ഇരു നേതാക്കളും സമ്മതമറിയിച്ചു. ദീർഘകാല ആഗോള വെല്ലുവിളികളെയും നിലവിലെ അന്താരാഷ്ട്ര സംഭവവികാസങ്ങളെയും കുറിച്ച് അവർ വിപുലമായ ചർച്ചകൾ നടത്തുകയും ബഹുരാഷ്ട്ര ഉദ്യമങ്ങളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഉൾപ്പെടെ ആഗോള, പ്രാദേശിക ഇടപെടൽ ശക്തമാക്കാൻ പരസ്പര സമ്മതമറിയിക്കുകയും ചെയ്തു.
5. ശാസ്ത്രീയ അറിവ്, ഗവേഷണം, നവീകരണം എന്നിവ വികസിപ്പിക്കുന്നതിന്റെ പരമപ്രധാനമായ പ്രാധാന്യം അംഗീകരിച്ചുകൊണ്ടും, ആ മേഖലകളിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന ഇടപെടലുകളെ അനുസ്മരിച്ചുകൊണ്ടും, ഇന്ത്യ-ഫ്രാൻസ് നവീകരണ വർഷത്തിന്റെ മഹത്തായ ഉത്ഘാടനം 2026 മാർച്ചിൽ ന്യൂഡൽഹിയിൽ നടക്കുമെന്ന് പ്രസിഡന്റ് മാക്രോണും പ്രധാനമന്ത്രി മോദിയും അതിന്റെ ലോഗോ പുറത്തിറക്കിക്കൊണ്ട് പ്രഖ്യാപിച്ചു.
I. സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടിയുള്ള പങ്കാളിത്തം
തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി ഫ്രാൻസും ഇന്ത്യയും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന ആഴത്തിലുള്ള പ്രതിരോധ സഹകരണത്തെ അനുസ്മരിച്ചുകൊണ്ട്, 2024 ൽ അംഗീകരിച്ച പ്രതിരോധ വ്യാവസായ രൂപരേഖയ്ക്ക് അനുസൃതമായി വ്യോമ, സമുദ്ര ആസ്തികലിന്മേലുള്ള സഹകരണം തുടരുന്നതിനെ പ്രസിഡന്റ് മാക്രോണും പ്രധാനമന്ത്രി മോദിയും സ്വാഗതം ചെയ്തു. തദ്ദേശീയവൽക്കരണം ഉൾപ്പെടെ, ഇന്ത്യയിൽ സ്കോർപീൻ അന്തർവാഹിനികളുടെ നിർമ്മാണത്തിലെ സഹകരണ പുരോഗതിയെയും, പ്രത്യേകിച്ച് ഡിആർഡിഒ വികസിപ്പിച്ച എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ (എഐപി), P75-സ്കോർപീൻ അന്തർവാഹിനികളുമായി സംയോജിപ്പിക്കുന്നതിനുള്ള ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനങ്ങളെയും, ഭാവിയിലെ P75-എഎസ് അന്തർവാഹിനികളുമായി ഇന്റഗ്രേറ്റഡ് കോംബാറ്റ് സിസ്റ്റം (ഐസിഎസ്) സംയോജിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് നടത്തിയ വിശകലനങ്ങളെയും ഇരു നേതാക്കളും അഭിനന്ദിച്ചു. P75 സ്കോർപീൻ-ക്ലാസ് പദ്ധതിയുടെ ആറാമത്തെയും അവസാനത്തെയും അന്തർവാഹിനിയായ ഐഎൻഎസ് വാഗ്ഷീർ, 2025 ജനുവരി 15 ന് കമ്മീഷൻ ചെയ്തതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. മിസൈലുകൾ, ഹെലികോപ്റ്റർ എഞ്ചിനുകൾ, ജെറ്റ് എഞ്ചിനുകൾ എന്നിവയിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. സഫ്രൻ ഗ്രൂപ്പിലെ പ്രസക്തമായ സ്ഥാപനങ്ങളും അവരുടെ ഇന്ത്യൻ സ്ഥാപനങ്ങളും തമ്മിലുള്ള മികച്ച സഹകരണത്തെയും അവർ സ്വാഗതം ചെയ്തു. Pinaka MBLR ന്റെ സൂക്ഷ്മ പരിശോധനയ്ക്കായി ഫ്രഞ്ച് സൈന്യത്തെ പ്രധാനമന്ത്രി മോദി ക്ഷണിക്കുകയും ഈ സംവിധാനം ഫ്രാൻസ് ഏറ്റെടുക്കുന്നത് ഇന്ത്യ-ഫ്രഞ്ച് പ്രതിരോധ ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കുമെന്ന് ഊന്നിപ്പറയുകയും ചെയ്തു. കൂടാതെ, പ്രതിരോധ ഉപകരണ പരിപാടികളിലെ നമ്മുടെ പങ്കാളിത്തത്തിന്റെ വർദ്ധിച്ചുവരുന്ന ശക്തിയിൽ മറ്റൊരു ചുവടുവയ്പ്പായ OCCAR നിയന്ത്രിക്കുന്ന യൂറോഡ്രോൺ MALE പ്രോഗ്രാമിൽ ഇന്ത്യയെ നിരീക്ഷക രാജ്യമായി ഉൾപ്പെടുത്താനുള്ള തീരുമാനത്തെ പ്രസിഡന്റ് മാക്രോൺ സ്വാഗതം ചെയ്തു.
സമുദ്രാഭ്യാസങ്ങൾ, സമുദ്ര നിരീക്ഷണ വിമാനങ്ങളുടെ സംയുക്ത പട്രോളിംഗ് എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും പതിവായി നടന്നുവരുന്ന സൈനികാഭ്യാസങ്ങളെ ഇരു നേതാക്കളും അഭിനന്ദിച്ചു. 2025 ജനുവരിയിൽ ഫ്രഞ്ച് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് ചാൾസ് ഡി ഗല്ലെയുടെ ഇന്ത്യാ സന്ദർശനത്തെയും തുടർന്ന് ഫ്രഞ്ച് ബഹുരാഷ്ട്ര നാവികാഭ്യാസമായ ലാ പെറൂസിൽ ഇന്ത്യൻ നാവികസേനയുടെ പങ്കാളിത്തത്തെയും 2025 മാർച്ചിൽ നടക്കാനിരിക്കുന്ന വരുണ അഭ്യാസത്തിന്റെ നടത്തിപ്പും ഇരു നേതാക്കളും പരാമർശിച്ചു.
2024 ഡിസംബർ 5-6 തീയതികളിൽ പാരീസിൽ സമാരംഭം കുറിച്ച FRIND-X (ഫ്രാൻസ്-ഇന്ത്യ ഡിഫൻസ് സ്റ്റാർട്ടപ്പ് എക്സലൻസ്) നെ അവർ സ്വാഗതം ചെയ്തു. HORIZON 2047-ലും ഇന്ത്യ-ഫ്രാൻസ് ഡിഫൻസ് ഇൻഡസ്ട്രിയൽ റോഡ്മാപ്പിലും ഉൾപ്പെടുത്തിയിരിക്കുന്ന ദർശനത്തിന് അനുസൃതമായി, DGA-യും ഡിഫൻസ് ഇന്നൊവേഷൻ ഏജൻസിയും ഇതിൽ പങ്കാളികളാണ്. പ്രതിരോധ സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, ഇൻകുബേറ്ററുകൾ, ആക്സിലറേറ്ററുകൾ, എന്നിവയുൾപ്പെടെ പ്രതിരോധ ആവാസവ്യവസ്ഥ അക്കാദമിക് ആവാസവ്യവസ്ഥ
എന്നിങ്ങനെ പ്രതിരോധ നവീകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ഒരു പുതിയ യുഗത്തെ വളർത്തിയെടുക്കുന്ന രണ്ട് പ്രധാന പങ്കാളികളെ ഈ സഹകരണ പ്ലാറ്റ്‌ഫോം ഒരുമിച്ച് കൊണ്ടുവരുന്നു.
പ്രതിരോധമേഖലയിലെ ഗവേഷണ വികസന പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിനായി, ഡിജിഎയ്ക്കും ഡിആർഡിഒയ്ക്കും ഇടയിൽ പ്രതിരോധ സാങ്കേതികവിദ്യകളിലെ സഹകരണത്തിനായുള്ള സാങ്കേതിക ക്രമീകരണത്തിലൂടെ ഒരു ഗവേഷണ വികസന ചട്ടക്കൂട് എത്രയും വേഗം ആരംഭിക്കുന്നതിന് ഇരു നേതാക്കളും ഊന്നൽ നൽകി. കൂടാതെ, ഗവേഷണ വികസന പങ്കാളിത്തത്തിനുള്ള സാങ്കേതികവിദ്യകൾ തിരിച്ചറിയുന്നതിനായി L’Office National d’Etudes et de Recherches Aérospatiales (ONERA) ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡിആർഡിഒ) തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെ ഇരു നേതാക്കളും സ്വാഗതം ചെയ്തു. ഇതിനു പുറമെ, ഇൻസ്റ്റിറ്റ്യൂട്ട് പോളിടെക്നിക് ഡി പാരിസൻണ്ട് ഇന്റർ ഡിസിപ്ലിനറി സെന്റർ ഫോർ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി അടുത്തിടെ ആരംഭിച്ച ബൗദ്ധിക വിതരണ വെല്ലുവിളി സംബന്ധിച്ച ഉദ്യമത്തിൽ ഫ്രഞ്ച് വിദ്യാർത്ഥികൾക്കൊപ്പം ഇന്ത്യൻ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തെയും ഇന്ത്യ സ്വാഗതം ചെയ്യുകയും, പ്രതിരോധമേഖലയിൽ വിദ്യാർത്ഥികളിൽ താൽപ്പര്യം ഉണർത്തുന്നതിന് ഭാവിയിൽ കൂടുതൽ സംയുക്ത സംരംഭങ്ങൾക്കുള്ള പ്രോത്സാഹനത്തെയും ഇന്ത്യ സ്വാഗതം ചെയ്തു.
മധ്യ-കിഴക്കൻ മേഖലയിലെ പ്രശ്നങ്ങൾ, യുക്രൈൻ യുദ്ധം എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരു നേതാക്കളും വിശദമായ ചർച്ചകൾ നടത്തി. പരസ്പര ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതും അടുത്ത ബന്ധം പുലർത്തുന്നതും പതിവായി തുടരാൻ ഇരു നേതാക്കളും സമ്മതമറിയിച്ചു.
2023 സെപ്തംബറിൽ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയ്ക്കിടെ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി (IMEC) ആരംഭിച്ച കാര്യം ഇരു നേതാക്കളും അനുസ്മരിക്കുകയും ഈ സംരംഭം നടപ്പിലാക്കുന്നതിൽ അടുത്ത് പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഈ പ്രദേശങ്ങളിലുടനീളം കണക്റ്റിവിറ്റി, സുസ്ഥിരമായ വളർച്ചാ മാർഗ്ഗങ്ങൾ , ശുദ്ധമായ ഊർജത്തിലേക്കുള്ള കാൽവയ്‌പ്പ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് IMEC യുടെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തിൽ, മെഡിറ്ററേനിയൻ കടലിലെ മാർസെയിലിന്റെ തന്ത്രപ്രധാനമായ സ്ഥാനം അവർ അംഗീകരിച്ചു.
ന്യൂ ഡൽഹിയിൽ സമീപഭാവിയിൽ ആരംഭമാകുന്ന ഇന്ത്യ- യൂറോപ്യൻ യൂണിയൻ ഉച്ചകോടി കണക്കിലെടുത്ത്, EU-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം അവർ അടിവരയിട്ടു.
ഓസ്‌ട്രേലിയയുമായും യുണൈറ്റഡ് അറബ് എമിറേറ്റുകളുമായും ത്രിരാഷ്ട്ര സംവിധാനത്തിൽ വർദ്ധിച്ചുവരുന്ന സഹകരണത്തെ അവർ അഭിനന്ദിച്ചു. ഫ്രാൻസ്, ഇന്ത്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയ്‌ക്കിടയിൽ നടന്ന സംയുക്ത സൈനികാഭ്യാസങ്ങളെയും ഇന്ത്യ, ഫ്രാൻസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ബഹുമുഖ സൈനികാഭ്യാസത്തിൽ പങ്കെടുത്തതിനെയും ഇരുവരും അഭിനന്ദിച്ചു. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെയും ഇന്ത്യയുടെയും ക്ഷണപ്രകാരം ഫ്രാൻസ് കാലാവസ്ഥയ്‌ക്കായുള്ള കണ്ടൽകാട് സഖ്യത്തിൽ ചേർന്നു. കഴിഞ്ഞ വർഷം നടന്ന ത്രിതല ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളുടെ പശ്ചാത്തലത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഓസ്‌ട്രേലിയ എന്നീ ഗവൺമെന്നുകളിലെ ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവർത്തിക്കാൻ അവർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും,ഐപിഒഐ, ഐഒആർഎ എന്നീ മേഖലകളിൽ ഉൾപ്പടെ സാമ്പത്തികം, നവീകരണം, ആരോഗ്യം, പുനരുപയോഗിക്കാവുന്ന ഊർജം, വിദ്യാഭ്യാസം, സംസ്‌കാരം, സമുദ്രമേഖല എന്നീ മേഖലകളിലെ ത്രികക്ഷി സഹകരണത്തിന്റെ മൂർത്തമായ പദ്ധതികൾ തിരിച്ചറിയാനും ആഹ്വാനം ചെയ്തു.
സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതും സുരക്ഷിതവും സമാധാനപരവുമായ ഇന്തോ-പസഫിക് മേഖലയ്ക്കുള്ള തങ്ങളുടെ പൊതുവായ പ്രതിബദ്ധതയ്ക്ക് ഇരു നേതാക്കളും അടിവരയിട്ടു.
ബഹിരാകാശ മേഖലയിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള തങ്ങളുടെ ആഗ്രഹം അവർ ആവർത്തിച്ചു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ത്യ-ഫ്രാൻസ് രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപ്രധാനമായ ബഹിരാകാശ ചർച്ചയുടെ ആദ്യ രണ്ട് പതിപ്പുകളുടെ ഗണ്യമായ സംഭാവന കണക്കിലെടുത്ത്, അതിന്റെ മൂന്നാം പതിപ്പ് 2025-ൽ നടത്താൻ ഇരുവരും സമ്മതിച്ചു. CNES-ഉം ISRO-യും തമ്മിലുള്ള പങ്കാളിത്തത്തിന്റെ ശക്തിയെ അവർ അഭിനന്ദിക്കുകയും അവരുടെ ബഹിരാകാശ വ്യാവസായിക വിഭാഗങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെയും സമന്വയത്തിന്റെയും വികസനത്തിന് പിന്തുണ നൽകുകയും ചെയ്തു.
അതിർത്തി കടന്നുള്ള ഭീകരത ഉൾപ്പെടെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും ഭീകരതയെ അസന്ദിഗ്ധമായി അപലപിക്കുന്നതായി ഇരു നേതാക്കളും വീണ്ടും ഉറപ്പിച്ചു. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്ന ശൃംഖലകളും സുരക്ഷിത താവളങ്ങളും തകർക്കാൻ അവർ ആഹ്വാനം ചെയ്തു. സാമ്പത്തിക സഹായം നൽകുന്നവർക്കും ആസൂത്രണം ചെയ്യുന്നവർക്കും പിന്തുണയ്ക്കുന്നവർക്കും തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഒരു രാജ്യവും സുരക്ഷിത താവളമൊരുക്കരുതെന്നും അവർ നിർദ്ദേശിച്ചു . യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ 1267 ഉപരോധ സമിതി പട്ടികപ്പെടുത്തിയിട്ടുള്ള ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വ്യക്തികളുടെ പദവികൾ ഉൾപ്പെടെ എല്ലാ ഭീകരർക്കെതിരെയും യോജിച്ച നടപടിയെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (Financial Action Task Force) ശുപാർശകൾക്ക് അനുസൃതമായി കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധതയിലും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനെതിരെയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. FATF, നോ മണി ഫോർ ടെറർ (NMFT), മറ്റ് ബഹുമുഖ പ്ലാറ്റ്‌ഫോമുകൾ എന്നിവയിൽ ഒരുമിച്ച് പ്രവർത്തിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു രാജ്യങ്ങളും ആവർത്തിച്ചു.
തീവ്രവാദ വിരുദ്ധ മേഖലയിൽ ഏജൻസി തല സഹകരണത്തിനായി ഇന്ത്യയുടെ നാഷണൽ സെക്യൂരിറ്റി ഗാർഡും (എൻഎസ്ജി) ഗ്രൂപ്പ് ഡി ഇൻ്റർവെൻഷൻ ഡി ലാ ജെൻഡർമേരി നാഷണേലും (ജിഐജിഎൻ) തമ്മിലുള്ള സഹകരണത്തെ അവർ അഭിനന്ദിച്ചു. 2024 ഏപ്രിലിൽ നടന്ന തീവ്രവാദ വിരുദ്ധ ചർച്ചയുടെ ഫലങ്ങൾ ഇരു നേതാക്കളും സ്വാഗതം ചെയ്തു, ഇത് ഇന്ത്യ – ഫ്രാൻസ് രാജ്യങ്ങൾക്കിടയിൽ വളർന്നുവരുന്ന തീവ്രവാദ വിരുദ്ധ, രഹസ്യാന്വേഷണ സഹകരണം പ്രതിഫലിപ്പിക്കുന്നു . ന്യൂഡൽഹിയിൽ മിലിപോൾ 2025 ൻ്റെ വിജയകരമായ നടത്തിപ്പിനേയും ഇരു നേതാക്കളും ഉറ്റുനോക്കുന്നു.
വികസിത ഘട്ടത്തിലുള്ള വ്യോമയാന മേഖലയിൽ ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നതിനുള്ള ചർച്ചകളെ ഇരുവരും സ്വാഗതം ചെയ്തു.
സുരക്ഷിതവും തുറന്നതും വിശ്വസനീയവുമായ നിർമ്മിത ബുദ്ധി വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനങ്ങളിലെ ദാർശനിക സംയോജനത്തിൽ വേരൂന്നിയ നിർമിത ബുദ്ധി (AI) സംബന്ധിച്ച ഇന്ത്യ-ഫ്രാൻസ് രാജ്യങ്ങളുടെ രൂപരേഖയ്ക്ക് പ്രധാനമന്ത്രി മോദിയും പ്രസിഡൻ്റ് മാക്രോയും ആരംഭം കുറിച്ചു.ഫ്രഞ്ച് സ്റ്റാർട്ടപ്പ് ഇൻകുബേറ്റർ സ്റ്റേഷൻ എഫ്-ൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുത്തിയതിനെ അവർ സ്വാഗതം ചെയ്തു. ഫ്രാൻസിൽ ഇന്ത്യയുടെ തത്സമയ പേയ്‌മെൻ്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഉപയോഗിക്കുന്നതിനുള്ള വിപുലമായ സാധ്യതകളെയും അവർ സ്വാഗതം ചെയ്തു. സൈബർസ്‌പെയ്‌സിൻ്റെ തന്ത്രപരമായ പ്രാധാന്യവും അന്താരാഷ്ട്ര നിയമത്തിൻ്റെ പ്രയോഗവും സൈബർസ്‌പേസിൽ ഉത്തരവാദിത്വത്തോടെയുള്ള പെരുമാറ്റത്തിനുള്ള ചട്ടക്കൂട് നടപ്പിലാക്കുന്നതും സംബന്ധിച്ച് ഐക്യരാഷ്ട്രസഭയിൽ ഇരു രാജ്യങ്ങൾക്കുമിടയിലെ ഏകോപനം ശക്തിപ്പെടുത്താനുള്ള തങ്ങളുടെ ആഗ്രഹവും അനാരോഗ്യകരമായ സൈബർ ഉപകരണങ്ങളുടെയും സമ്പ്രദായങ്ങളുടെയും വ്യാപനത്തിൽ നിന്ന് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിൻ്റെ ആവശ്യകതയും ഇരു നേതാക്കളും ആവർത്തിച്ചു. 2025-ൽ നടക്കാനിരിക്കുന്ന ഇന്ത്യ-ഫ്രാൻസ് തന്ത്രപ്രധാന സൈബർ സുരക്ഷ , സൈബർ വിദഗ്ധർ തമ്മിലുള്ള ചർച്ചകൾ എന്നിവകൾക്കായി ഇരുവരും പ്രതീക്ഷ പങ്കിട്ടു.
ഭൗമഗ്രഹത്തിനായുള്ള പങ്കാളിത്തം
ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നതിനും ആണവോർജം ഊർജ മിശ്രിതത്തിൻ്റെ അനിവാര്യ ഘടകമാണെന്ന് പ്രധാനമന്ത്രി മോദിയും പ്രസിഡൻ്റ് മാക്രോയും ഊന്നിപ്പറഞ്ഞു.ജയ്താപൂർ ആണവനിലയ പദ്ധതിയുമായി ബന്ധപ്പെട്ട സഹകരണത്തെ പരാമർശിച്ച് ഇന്ത്യ-ഫ്രാൻസ് സിവിൽ ആണവ ബന്ധങ്ങളും ആണവോർജത്തിൻ്റെ സമാധാനപരമായ ഉപയോഗത്തിനുള്ള സഹകരണത്തിനുള്ള ശ്രമങ്ങളും ഇരു നേതാക്കളും അംഗീകരിച്ചു.സിവിൽ ആണവോർജ്ജത്തിനായുള്ള പ്രത്യേക ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗത്തെ അവർ സ്വാഗതം ചെയ്തു, ചെറുകിട മോഡുലാർ റിയാക്ടർ (എസ്എംആർ), അഡ്വാൻസ്ഡ് മോഡുലാർ റിയാക്ടർ (എഎംആർ) എന്നിവയെക്കുറിച്ചുള്ള ഒരു കത്ത് ഒപ്പുവെച്ചതിനെയും ആണവ പ്രൊഫഷണലുകളുടെ പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള സഹകരണത്തിനായി ഇന്ത്യയുടെ ജിസിഎൻഇപി, ഡിഎഇ, ഫ്രാൻസിന്റെ ഐഎൻഎസ്ടിഎൻ, സിഇഎ എന്നിവ തമ്മിലുള്ള നടപ്പാക്കൽ കരാറിനെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു.
കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കൽ എന്നിവയുൾപ്പെടെയുള്ള പാരിസ്ഥിതിക പ്രതിസന്ധികളെയും വെല്ലുവിളികളെയും സംയുക്തമായി നേരിടാനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു. പരിസ്ഥിതി മന്ത്രാലയങ്ങൾ തമ്മിൽ പരിസ്ഥിതിമേഖലയിൽ ഉഭയകക്ഷി സഹകരണം പുതുക്കുന്നതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ദാരിദ്ര്യ നിർമാർജനത്തിലും ഭൂമിയുടെ സംരക്ഷണത്തിലും ദുർബല രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി, അന്താരാഷ്ട്ര ധനസഹായ സംവിധാനം പരിഷ്കരിക്കുന്നതിന് ‘ജനങ്ങൾക്കും ഭൂമിക്കും വേണ്ടിയുള്ള പാരിസ് ഉടമ്പടി’ സ്ഥാപിച്ച തത്വങ്ങളോടുള്ള പ്രതിജ്ഞാബദ്ധത ഇരുനേതാക്കളും ആവർത്തിച്ചു. സമുദ്രങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിര ഉപയോഗത്തിനുമുള്ള അന്താരാഷ്ട്ര ശ്രമങ്ങളിലെ പ്രധാന നാഴികക്കല്ലായി ഐക്യരാഷ്ട്രസഭയുടെ സമുദ്ര സമ്മേളനത്തിന്റെ (UNOC-3) പ്രാധാന്യത്തിന് ഇരുനേതാക്കളും ഊന്നൽ നൽകി. 2025 ജൂണിൽ നിസിൽ നടക്കാനിരിക്കുന്ന UNOC-3 ന്റെ പശ്ചാത്തലത്തിൽ, ഏവരെയും ഉൾക്കൊള്ളുന്നതും സമഗ്രവുമായ അന്താരാഷ്ട്ര സമുദ്ര പരിപാലനത്തിന്റെ സ്തംഭങ്ങളിലൊന്നായി, പ്രകൃത്യായുള്ള അധികാരപരിധിയിലെ മേഖലകൾക്കപ്പുറം സമുദ്ര ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിര ഉപയോഗവും സംബന്ധിച്ച കരാറിന്റെ (BBNJ കരാർ) പ്രാധാന്യം ഫ്രാൻസും ഇന്ത്യയും അംഗീകരിക്കുന്നു. ഉടമ്പടിയിൽ ഒപ്പുവച്ചതിനാൽ, എത്രയും വേഗം അതു പ്രാബല്യത്തിൽ വരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. 2025 ജൂണിലെ UNOC-3നായി ഫ്രാൻസിന് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തു.
ഇന്തോ-പസഫിക് മേഖലയിലെ മൂന്നാം രാജ്യങ്ങളിൽ നിന്നുള്ള കാലാവസ്ഥാ-സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ-ഫ്രാൻസ് ഇന്തോ-പസഫിക് ത്രികോണ വികസന സഹകരണം ആരംഭിച്ചതിനെ അവർ പ്രകീർത്തിച്ചു. സാമ്പത്തിക ഉൾപ്പെടുത്തൽ, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ 13 ദശലക്ഷം യൂറോയുടെ ഇക്വിറ്റി കരാറിനായി പ്രൊപാർകോയും ബന്ധപ്പെട്ട ഇന്ത്യൻ മൈക്രോഫിനാൻസ് സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ദുരന്ത നിവാരണ അടിസ്ഥാനസൗകര്യ സഖ്യത്തിന്റെയും അന്താരാഷ്ട്ര സൗര സഖ്യത്തിന്റെയും ഫ്രാൻസ്-ഇന്ത്യ അധ്യക്ഷതയുടെ ചട്ടക്കൂടിലെ കരുത്തുറ്റതും ഫലപ്രദവുമായ സഹകരണത്തെയും അവർ അഭിനന്ദിച്ചു.
2024ലെ ഉഭയകക്ഷി വ്യാപാരത്തിന്റെ റെക്കോർഡ് നില ചൂണ്ടിക്കാട്ടിയ നേതാക്കൾ, ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യാപാരത്തിനും നിക്ഷേപത്തിനും വിപുലമായ സാധ്യതകൾ ഇനിയും ഉപയോഗപ്പെടുത്താനുണ്ടെന്നു വിലയിരുത്തി. ഫ്രാൻസിലും ഇന്ത്യയിലും നിക്ഷേപം നടത്തുന്ന കമ്പനികളിൽ വലിയ ആത്മവിശ്വാസം നിലനിർത്തേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും എടുത്തുപറഞ്ഞു. നഗരവികസന മേഖലയിൽ 2024-ൽ പ്രഖ്യാപിച്ച നിരവധി സാമ്പത്തിക സഹകരണ പദ്ധതികളെ അവർ അഭിനന്ദിച്ചു. 2024 മെയ് മാസത്തിൽ വെർസൈൽസിൽ നടന്ന 7-ാമത് ചൂസ് ഫ്രാൻസ് ഉച്ചകോടിയിൽ ഇന്ത്യ വിശിഷ്ടാതിഥിയായി പങ്കെടുത്തത് അവർ അനുസ്മരിച്ചു. 2024 നവംബറിലും 2025 ഫെബ്രുവരിയിലും ഉഭയകക്ഷി സിഇഒമാരുടെ ചർച്ചാവേദി സംഘടിപ്പിച്ചതിൽ ഇരുനേതാക്കളും സന്തുഷ്ടി പ്രകടിപ്പിച്ചു.
കഴിഞ്ഞ ജനുവരിയിൽ പാരിസിൽ നടന്ന ഇന്ത്യയുടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ ദൗത്യത്തോടെ, ഇരുരാജ്യത്തെയും ആരോഗ്യ മന്ത്രാലയങ്ങൾ തമ്മിലുള്ള സഹകരണത്തിന് അഭൂതപൂർവമായ വേഗം കൈവരിക്കാനായതിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. 2025-ൽ ഉഭയകക്ഷി സഹകരണത്തിനുള്ള പ്രധാന മുൻഗണനകളായി ഡിജിറ്റൽ ആരോഗ്യം, ആന്റി മൈക്രോബയൽ പ്രതിരോധം, ആരോഗ്യ വിദഗ്ധരുടെ കൈമാറ്റം എന്നിവ വിലയിരുത്തിയിട്ടുണ്ട്. പാരിസാന്റേ ക്യാമ്പസും C-CAMP ഉം (സെന്റർ ഫോർ മോളിക്യുലാർ പ്ലാറ്റ്‌ഫോം) തമ്മിൽ ഉദ്ദേശ്യപത്രം ഒപ്പുവച്ചതിനെയും ഇന്തോ-ഫ്രഞ്ച് ലൈഫ് സയൻസസ് സിസ്റ്റർ ഇന്നൊവേഷൻ ഹബ്ബ് സൃഷ്ടിക്കുന്നതിനെയും ഇരുനേതാക്കളും സ്വാഗതം ചെയ്തു.
ജനങ്ങൾക്കായുള്ള പങ്കാളിത്തം
2023 ജൂലൈയിൽ പ്രധാനമന്ത്രി മോദിയുടെ ഫ്രാൻസ് സന്ദർശനവേളയിൽ ഒപ്പുവച്ച ഉദ്ദേശ്യപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള അഭിലാഷം അനുസ്മരിച്ച്, 2024 ഡിസംബറിൽ ഡൽഹിയിലെ ദേശീയ മ്യൂസിയവും ഫ്രാൻസ് മ്യൂസിയംസ് ഡെവലപ്‌മെന്റും തമ്മിലുള്ള കരാറിൽ ഒപ്പുവച്ചതിനെ പ്രസിഡന്റ് മാക്രോണും പ്രധാനമന്ത്രി മോദിയും സ്വാഗതം ചെയ്തു. ഈ കരാർ കൂടുതൽ സഹകരണത്തിനും ഇന്ത്യൻ പ്രൊഫഷണലുകളുടെ പരിശീലനം ഉൾപ്പെടെ, വിശാലമായ മ്യൂസിയം സഹകരണത്തിനും വഴിയൊരുക്കുന്നു. ദേശീയ സമുദ്ര പൈതൃക സമുച്ചയത്തിന്റെ വികസനത്തിൽ പങ്കാളിത്തം സംബന്ധിച്ച കൂടിയാലോചനകൾ തുടരാമെന്നും ഫ്രാൻസ് വാഗ്ദാനം ചെയ്തു.
1966-ൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ആദ്യ സാംസ്കാരിക കരാർ ഒപ്പിട്ടതിന്റെ 60-ാം വാർഷികം ആഘോഷിക്കുന്നതിനായി, സംസ്കാരം ഉൾപ്പെടുന്ന വിവിധ മേഖലകൾ കേന്ദ്രീകരിച്ചുള്ള സംരംഭമായ നൂതനാശയ വർഷം 2026ന്റെ പശ്ചാത്തലത്തിൽ വിവിധ സാംസ്കാരികവിനിമയങ്ങളും പരിപാടികളും ഏറ്റെടുക്കാൻ ഇരുപക്ഷവും ധാരണയായി.
പാരിസ് ഒളിമ്പിക്‌സും പാരാലിമ്പിക്‌സും 2024 വിജയകരമായി സംഘടിപ്പിച്ചതിന് പ്രസിഡന്റ് മാക്രോണിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. 2036-ൽ ഒളിമ്പിക്‌സും പാരാലിമ്പിക്‌സും സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ, പ്രധാന അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ സംഘാടനത്തിലും സുരക്ഷിതത്വത്തിലും ഫ്രാൻസിന്റെ അനുഭവവും വൈദഗ്ധ്യവും പങ്കിടാനുള്ള പ്രസിഡന്റ് മാക്രോണിന്റെ സന്നദ്ധതയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.
മെഡിറ്ററേനിയൻ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2025-ൽ മാർസെയിലിൽ നടക്കുന്ന റെയ്‌സിന ചർച്ചയുടെ പ്രാദേശിക പതിപ്പ് ആരംഭിക്കുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. മെഡിറ്ററേനിയൻ, ഇന്തോ-പസഫിക് മേഖലകൾ തമ്മിലുള്ള വ്യാപാരവും സമ്പർക്കസൗകര്യവും മെച്ചപ്പെടുത്തുന്നതിനായി ഗവണ്മെന്റുകളുടെ പ്രതിനിധികൾ, വ്യവസായപ്രമുഖർ, വ്യാപാര-സമ്പർക്കസൗകര്യ മേഖലകളിലെ വിദഗ്ധർ, മറ്റ് പ്രസക്ത പങ്കാളികൾ എന്നിവരെ ഉൾപ്പെടുത്തി ഉന്നതതല സംഭാഷണം വളർത്തിയെടുക്കുന്നതിനു ലക്ഷ്യമിട്ടുള്ളതാണിത്.
2024 സെപ്റ്റംബറിൽ അന്താരാഷ്ട്ര ക്ലാസ് പദ്ധതിക്കു വിജയകരമായി തുടക്കം കുറിച്ചതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഇത് ഫ്രാൻസിൽ തെരഞ്ഞെടുത്ത പാഠ്യപദ്ധതിയിൽ പ്രവേശിക്കുന്നതിനുമുമ്പ്, ഒരു അധ്യയന വർഷത്തിൽ ഇന്ത്യൻ വിദ്യാർഥികളെ വിദേശ ഭാഷയായി ഫ്രഞ്ച് പഠിപ്പിക്കുകയും ഫ്രാൻസിലെ വളരെ പ്രശസ്തമായ ഫ്രഞ്ച് സർവകലാശാലകളിൽ രീതിശാസ്ത്രവും അക്കാദമിക് ഉള്ളടക്കങ്ങളും പഠിപ്പിക്കുകയും ചെയ്യുന്നു. വിദ്യാർഥികളുടെ ചലനാത്മകത വർധിപ്പിക്കുന്നതിനും 2030 ആകുമ്പോഴേക്കും ഫ്രാൻസിൽ 30,000 ഇന്ത്യൻ വിദ്യാർഥികൾ എന്ന ലക്ഷ്യം കൈവരിക്കുന്നതിനും ഇത് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കും. ഇക്കാര്യത്തിൽ, ഫ്രാൻസിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിക്കുന്നതിനെ അവർ സ്വാഗതം ചെയ്തു. 2025 ആകുമ്പോഴേക്കും അഭൂതപൂർവമായ നിലയിൽ ഇത് 10,000 ആയി ഉയരുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഇന്ത്യ-ഫ്രാൻസ് മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് കരാർ (എംഎംപിഎ) പ്രകാരം യുവ പ്രൊഫഷണൽ പദ്ധതി (വൈപിഎസ്) പ്രവർത്തനക്ഷമമാക്കുന്നതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഇത് യുവാക്കളുടെയും പ്രൊഫഷണലുകളുടെയും ഇരുവശങ്ങളിലേക്കുമുള്ള സഞ്ചാരം സാധ്യമാക്കുകയും ഇന്ത്യയിലെയും ഫ്രാൻസിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദബന്ധത്തിനു കൂടുതൽ കരുത്തേകുകയും ചെയ്യും. മാത്രമല്ല, നൈപുണ്യവികസനം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിശീലനം എന്നീ മേഖലകളിൽ സഹകരണം വളർത്തിയെടുക്കുന്നതിനുള്ള ധാരണാപത്രം കാലേക്കൂട്ടി പൂർത്തിയാക്കുന്നതിനും ഇരുനേതാക്കളും ഊന്നൽ നൽകി. ഇത് ഈ മേഖലയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങൾക്കും അവസരമൊരുക്കും.
ഉഭയകക്ഷി ‘ഹൊറൈസൺ 2047’ മാർഗരേഖയിൽ പ്രകടിപ്പിച്ച വികസനമോഹങ്ങൾ പിന്തുടർന്ന്, ദീർഘകാല സഹകരണം നിരന്തരം ആഴത്തിലാക്കാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്.
-NK-