Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബംഗ്ലാദേശ് പ്രസിഡന്റുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


ഇന്നുച്ചയ്ക്കു ഹൈദരാബാദ് ഹൗസില്‍വെച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ മോദി, ബംഗ്ലാദേശ് പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. മുഹമ്മദ് അബ്ദുല്‍ ഹമീദുമായി കൂടിക്കാഴ്ച നടത്തി.

വളരെ മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധം തുടരുന്നതില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. മുന്‍കൂട്ടി തീരുമാനിച്ച മറ്റു പരിപാടികള്‍ ഉള്ളതിനാല്‍ ഇന്ത്യയില്‍ എത്തിച്ചേരാന്‍ കഴിയാതെപോയ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആശംസകളും പ്രസിഡന്റ് കൈമാറി. രാജ്യം സന്ദര്‍ശിക്കാനുള്ള ബംഗ്ലാദേശ് ഗവണ്‍മെന്റിന്റെ ക്ഷണം പ്രധാനമന്ത്രി സന്തോഷപൂര്‍വം സ്വീകരിച്ചു. സന്ദര്‍ശനത്തിനുള്ള തീയതികള്‍ നയതന്ത്ര വകുപ്പുകള്‍ വഴി നിശ്ചയിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചു.

സ്വാതന്ത്ര്യത്തിനായുള്ള ബംഗ്ലാദേശിന്റെ യുദ്ധത്തോടെ കെട്ടിപ്പടുക്കപ്പെട്ട ഉഭയകക്ഷിബന്ധത്തിന് ഇന്ത്യ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കിവരുന്നുവെന്നു പ്രധാനമന്ത്രി ശ്രീ. മോദി വ്യക്തമാക്കി. പരിഹരിക്കപ്പെടാതെ കിടന്ന സങ്കീര്‍ണ പ്രശ്‌നങ്ങളായ അതിര്‍ത്തി രേഖപ്പെടുത്തല്‍ മുതല്‍ക്കുള്ള കാര്യങ്ങളില്‍ തീര്‍പ്പുണ്ടാക്കുന്നതില്‍ ഇരു രാജ്യങ്ങളും കഴിഞ്ഞ അഞ്ചു വര്‍ഷമായി വലിയ പക്വതയും ക്ഷമയും പ്രദര്‍ശിപ്പിച്ചുവരുന്നതായി അദ്ദേഹം പറഞ്ഞു. ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ദിയും ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ 50ാം വാര്‍ഷികവും 2021ല്‍ സംയുക്തമായി സമുചിതമായി ആഘോഷിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്തേണ്ടുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

2019 മെയ് 30ന് ഇന്ത്യാ ഗവണ്‍മെന്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ചടങ്ങിനു സാക്ഷ്യം വഹിക്കുന്നതിനാണ് ബംഗ്ലാദേശ് പ്രസിഡന്റ് ഇന്ത്യയില്‍ എത്തിയത്. നേരത്തേ, 2014 ഡിസംബറില്‍ ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്തിയിട്ടുള്ള അദ്ദേഹം, 2018 മാര്‍ച്ചില്‍ രാജ്യാന്തര സൗരോര്‍ജ സഖ്യത്തിന്റെ പ്രഥമ യോഗത്തില്‍ സംബന്ധിക്കാനും ഇവിടെ എത്തിയിരുന്നു.