Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന


ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന,
ഇരു രാജ്യങ്ങളിലെയും പ്രതിനിധികളേ,
മാധ്യമ സുഹൃത്തുക്കളെ,

നമസ്‌കാരം,

പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും അവരുടെ സംഘത്തിനും ഞാന്‍ ഹൃദ്യമായ സ്വാഗതം നേരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഞങ്ങള്‍ ഏകദേശം പത്ത് തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും, ഇന്നത്തെ മീറ്റിംഗ് പ്രത്യേകതയുളളതാണ്, കാരണം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഞങ്ങളുടെ ഗവണ്‍മെന്റിന്റെ മൂന്നാം ടേമിലെ ഞങ്ങളുടെ ആദ്യത്തെ അതിഥിയാണ്.

സുഹൃത്തുക്കളേ,

നമ്മുടെ ‘അയല്‍പക്കം ആദ്യം’ നയം, ആക്റ്റ് ഈസ്റ്റ് പോളിസി, വിഷന്‍ സാഗര്‍, ഇന്‍ഡോ-പസഫിക് വിഷന്‍ എന്നിവയുടെ കൂടിച്ചേരലിലാണ് ബംഗ്ലാദേശ് സ്ഥിതി ചെയ്യുന്നത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി സുപ്രധാന ജനക്ഷേമ പദ്ധതികള്‍ ഞങ്ങള്‍ ഒരുമിച്ച് പൂര്‍ത്തിയാക്കി. അഖൗറ-അഗര്‍ത്തലയ്ക്കിടയില്‍, ആറാമത്തെ ഇന്ത്യ-ബംഗ്ലാദേശ് ക്രോസ്-ബോര്‍ഡര്‍ റെയില്‍ ലിങ്ക് ആരംഭിച്ചു. ഖുല്‍ന-മോംഗ്ല തുറമുഖം വഴി ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള കാര്‍ഗോ സൗകര്യം ആരംഭിച്ചു. മോംഗ്ല തുറമുഖം ആദ്യമായി റെയില്‍ മാര്‍ഗവുമായി ബന്ധിപ്പിച്ചിരിക്കുന്നു. 1320 മെഗാവാട്ട് മൈത്രി തെര്‍മല്‍ പവര്‍ പ്ലാന്റിന്റെ രണ്ട് യൂണിറ്റുകളിലും വൈദ്യുതി ഉല്‍പ്പാദനം ആരംഭിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഇന്ത്യന്‍ രൂപയുടെ (INR) വ്യാപാരം ആരംഭിച്ചു. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയില്‍ ഗംഗാനദിയില്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റിവര്‍ ക്രൂയിസ് വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ആദ്യ അതിര്‍ത്തി സൗഹൃദ പൈപ്പ് ലൈന്‍ പൂര്‍ത്തിയായി. ഇന്ത്യന്‍ ഗ്രിഡ് വഴി നേപ്പാളില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി കയറ്റുമതി ഊര്‍ജ്ജ മേഖലയിലെ ഉപ-പ്രാദേശിക സഹകരണത്തിന്റെ ആദ്യ ഉദാഹരണമായി മാറി. ഇത്തരം വലിയ സംരംഭങ്ങള്‍, ഒന്നിലധികം മേഖലകളില്‍, ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുന്നത് നമ്മുടെ ബന്ധങ്ങളുടെ വേഗതയും വ്യാപ്തിയും പ്രതിഫലിപ്പിക്കുന്നു.

സുഹൃത്തുക്കളേ,

പുതിയ മേഖലകളിലെ സഹകരണത്തിനായി ഇന്ന് ഞങ്ങള്‍ ഒരു ഭാവി കാഴ്ചപ്പാട് തയ്യാറാക്കിയിട്ടുണ്ട്. ഹരിത പങ്കാളിത്തം, ഡിജിറ്റല്‍ പങ്കാളിത്തം, ബ്ലൂ ഇക്കണോമി, ബഹിരാകാശം തുടങ്ങി ഒട്ടനവധി മേഖലകളിലെ സഹകരണം സംബന്ധിച്ച കരാറില്‍ നിന്ന് ഇരു രാജ്യങ്ങളിലെയും യുവാക്കള്‍ക്ക് പ്രയോജനം ലഭിക്കും. ഇന്ത്യ ബംഗ്ലാദേശ് ‘മൈത്രി സാറ്റലൈറ്റ്’ ഞങ്ങളുടെ പങ്കാളിത്തത്തിന് പുതിയ ഉയരങ്ങള്‍ നല്‍കും. കണക്റ്റിവിറ്റി, വാണിജ്യം, സഹകരണം എന്നിവയില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.

1965-ന് മുമ്പ് നിലവിലുണ്ടായിരുന്ന കണക്റ്റിവിറ്റി കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ പുനഃസ്ഥാപിച്ചു. ഇപ്പോള്‍ ഞങ്ങള്‍ ഡിജിറ്റല്‍, ഊര്‍ജ്ജ കണക്റ്റിവിറ്റിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഇത് ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കും. നമ്മുടെ സാമ്പത്തിക ബന്ധങ്ങള്‍ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനായി, സിഇപിഎ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരുപക്ഷവും സമ്മതിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ സിറാജ്ഗഞ്ചില്‍ ഒരു ഇന്‍ലാന്‍ഡ് കണ്ടെയ്‌നര്‍ ഡിപ്പോയുടെ നിര്‍മ്മാണത്തെ ഇന്ത്യ പിന്തുണയ്ക്കും.

സുഹൃത്തുക്കളേ,

54 നദികള്‍ ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിക്കുന്നു. വെള്ളപ്പൊക്കം, മുന്‍കൂര്‍ മുന്നറിയിപ്പ്, കുടിവെള്ള പദ്ധതികള്‍ എന്നിവയില്‍ ഞങ്ങള്‍ സഹകരിക്കുന്നുണ്ട്. 1996-ലെ ഗംഗാ ജല ഉടമ്പടി പുതുക്കുന്നതിനുള്ള സാങ്കേതികതല ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ബംഗ്ലാദേശിലെ ടീസ്റ്റ നദിയുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ഒരു സാങ്കേതിക സംഘം ഉടന്‍ ബംഗ്ലാദേശ് സന്ദര്‍ശിക്കും.

സുഹൃത്തുക്കളേ,

പ്രതിരോധ ഉല്‍പ്പാദനം മുതല്‍ സായുധ സേനയുടെ നവീകരണം വരെ നമ്മുടെ പ്രതിരോധ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഞങ്ങള്‍ സമഗ്രമായ ചര്‍ച്ചകള്‍ നടത്തി. തീവ്രവാദത്തെ ചെറുക്കുന്നതിനും അതിര്‍ത്തിയിലെ സമാധാനപരമായ പരിപാലനത്തിനും ഞങ്ങളുടെ സഹകരണം ശക്തിപ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നമുക്ക് പൊതുവായ ഒരു കാഴ്ചപ്പാടുണ്ട്. ഇന്തോ-പസഫിക് ഓഷ്യന്‍സ് ഇനീഷ്യേറ്റീവില്‍ ചേരാനുള്ള ബംഗ്ലാദേശിന്റെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. BIMSTEC ഉള്‍പ്പെടെയുള്ള മറ്റ് പ്രാദേശിക, അന്തര്‍ദേശീയ ഫോറങ്ങളില്‍ ഞങ്ങള്‍ ഞങ്ങളുടെ സഹകരണം തുടരും.

സുഹൃത്തുക്കളേ,

 സംസ്‌കാരങ്ങള്‍ തമ്മിലുളള പങ്കുവെക്കലും ഊര്‍ജസ്വലരായ ആളുകള്‍ തമ്മിലുള്ള ഇടപെടലുമാണ് ഞങ്ങളുടെ ബന്ധത്തിന്റെ അടിത്തറ. സ്‌കോളര്‍ഷിപ്പുകള്‍, പരിശീലനം, ശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ചികിത്സയ്ക്കായി ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് ഇ-മെഡിക്കല്‍ വിസ സൗകര്യം ഇന്ത്യ ആരംഭിക്കും. ബംഗ്ലാദേശിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിനായി രംഗ്പൂരില്‍ ഒരു പുതിയ അസിസ്റ്റന്റ് ഹൈക്കമ്മീഷന്‍ തുറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഇന്നത്തെ ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിന് ഇരു ടീമുകള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയാണ് ബംഗ്ലാദേശ്, ബംഗ്ലാദേശുമായുള്ള ബന്ധത്തിന് ഞങ്ങള്‍ ഏറ്റവും മുന്‍ഗണന നല്‍കുന്നു. സുസ്ഥിരവും സമൃദ്ധവും പുരോഗമനപരവുമായ ബംഗ്ലാദേശ് എന്ന ബംഗബന്ധുവിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഞാന്‍ ആവര്‍ത്തിക്കുന്നു. 2026-ല്‍ ബംഗ്ലാദേശ് ഒരു വികസ്വര രാജ്യമാകും. ‘സോണാര്‍ ബംഗ്ലാ’യെ നയിച്ചതിന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. ‘വികസിത് ഭാരത് 2047’, ‘സ്മാര്‍ട്ട് ബംഗ്ലാദേശ് 2041’ എന്നിവയുടെ ദര്‍ശനം നമ്മള്‍ ഒരുമിച്ച് സാക്ഷാത്കരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

വളരെ നന്ദി.

 

NS