Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്‍മശതാബ്ദി വേളയില്‍ പ്രധാനമന്ത്രി നല്‍കിയ വീഡിയോ സന്ദേശം


നമസ്‌കാരം!

‘ജതിര്‍ പിത’ ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വിശേഷ വേളയില്‍ ബംഗ്ലാദേശിന് 130 കോടി ഇന്ത്യന്‍ സഹോദരീ സഹോദരന്‍മാരുടെ ആശംസകള്‍.

സുഹൃത്തുക്കളേ, ചരിത്രപരമായ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഹസീന ജി വ്യക്തിപരമായി എന്നെ ക്ഷണിച്ചിട്ടുണ്ടെങ്കിലും കൊറോണ വൈറസ് നിമിത്തം പങ്കെടുക്കാന്‍ സാധിക്കില്ല. തുടര്‍ന്ന് ഷെയ്ഖ് ഹസീന ജി തന്നെ അഭിപ്രായപ്പെട്ടതനുസരിച്ച് നിങ്ങളുമായി വീഡിയോ ലിങ്ക് വഴി ആശയവിനിമയം നടത്തുകയാണ്.

സുഹൃത്തുക്കളേ, ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ കഴിഞ്ഞ നൂറ്റാണ്ടിലെ മഹദ് വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം നമുക്കെല്ലാം പ്രചോദനം പകരുന്നു.

ബംഗബന്ധു എന്നാല്‍-

ധൈര്യമുള്ള നേതാവ്

ദൃഢനിശ്ചയമുള്ള നേതാവ്

ശാന്തി നിറഞ്ഞ യോഗി

നീതി, തുല്യത, അന്തസ്സ് എന്നിവയ്ക്കായി നിലയുറപ്പിച്ച വീരന്‍

മൃഗീയതയ്‌ക്കെതിരെ വെല്ലുവിളി ഉയര്‍ത്തിയ വ്യക്തി

ബലപ്രയോഗത്തിനെതിരെയുള്ള രക്ഷാകവചം.

അദ്ദേഹത്തിന്റെ ഈ സവിശേഷതകള്‍ ബംഗ്ലാദേശിന്റെ സ്വാതന്ത്രം യാഥാര്‍ഥ്യമാക്കുന്നതിനു തടസ്സംനിന്ന എല്ലാ വെല്ലുവിളികളെയും നേരിടുന്നതിന് അക്കാലത്തു ലക്ഷക്കണക്കിനു യുവാക്കള്‍ക്കു നവ ഊര്‍ജം പകര്‍ന്നുനല്‍കി. ഷെയ്ഖ് മുജീബുര്‍ റഹ്മാന്‍ സ്വപ്‌നം കണ്ടതുപോലെ തങ്ങളുടെ പ്രിയപ്പെട്ട രാജ്യം ‘ഷോനര്‍ ബംഗ്ല’ ആക്കുന്നതിനായി ബംഗ്ലാദേശികള്‍ ഇപ്പോള്‍ സ്വയം സമര്‍പ്പിക്കുന്നതു കാണുമ്പോള്‍ എനിക്കു വലിയ സന്തോഷം തോന്നുന്നു.

സുഹൃത്തുക്കളേ, ബംഗബന്ധുവിന്റെ ജീവിതം 21ാം നൂറ്റാണ്ടിലെ ലോകത്തിനു വലിയ സന്ദേശം പകര്‍ന്നുനല്‍കുന്നു. അടിച്ചമര്‍ത്തുന്നതും ക്രൂരവുമായ ഭരണകൂടം എല്ലാ ജനാധിപത്യ മൂല്യങ്ങളെയും അവഗണിച്ചുകൊണ്ട് ‘ബംഗ്ലാ ഭൂമി’യില്‍ അനീതി നിറഞ്ഞ ഭരണം നടത്തിയതെങ്ങനെ എന്നും ജനങ്ങള്‍ക്കു ബുദ്ധിമുട്ടു സൃഷ്ടിച്ചതെങ്ങനെ എന്നും നമുക്കറിയാം.

തന്റെ ജീവിതത്തിന്റെ ഓരോ നിമിഷവും അദ്ദേഹം നീക്കിവെച്ചത് നാശത്തില്‍നിന്നും വംശഹത്യയില്‍നിന്നും ബംഗ്ലാദേശിനെ മുക്തമാക്കാനും സൃഷ്ടിപരവും പുരോഗമനാത്മകവുമായ സമൂഹത്തെ സൃഷ്ടിക്കാനും ആണ്. പകയും നിഷേധവും ഒരിക്കലും ഒരു രാജ്യത്തിന്റെ വികസനത്തിന് അടിത്തറ ഒരുക്കില്ലെന്ന് അദ്ദേഹത്തിനു കൃത്യമായ ബോധ്യമുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ഈ ആശയങ്ങളും ശ്രമങ്ങളും ഇഷ്ടമല്ലാതിരുന്ന ചിലര്‍ അദ്ദേഹത്തെ നമ്മില്‍നിന്നു തട്ടിയെടുത്തു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും ഷെയ്ഖ് രെഹാനയ്ക്കും ഈശ്വരാനുഗ്രഹം ഉണ്ടെന്നതിനാല്‍ ബംഗ്ലാദേശ് ഉള്‍പ്പെടെ നാമെല്ലാം ഭാഗ്യവാന്‍മാരാണ്. ഹിംസയെയും വെറുപ്പിനെയും പിന്‍തുണയ്ക്കുന്നവര്‍ പ്രശ്‌നമുണ്ടാക്കാതിരുന്ന മേഖലകളില്ല.

ഭീകരതയും അക്രമവും രാഷ്ട്രീയത്തിന്റെയും നയതന്ത്രത്തിന്റെയും ആയുധമാക്കി മാറ്റാന്‍ ശ്രമിക്കുന്നത് ഏതുവിധത്തിലാണു സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും നാശത്തിലേക്കു നയിക്കുക എന്നതിനു നാം സാക്ഷ്യം വഹിക്കുകയാണ്. ബംഗ്ലാദേശ് പുതിയ ഉയരങ്ങള്‍ താണ്ടുമ്പോള്‍ ഭീകരതയെയും അക്രമത്തെയും പിന്‍തുണയ്ക്കുന്നവര്‍ ഇപ്പോള്‍ ഏത് അവസ്ഥയിലാണെന്നു നാം കാണുകയാണ്.

സുഹൃത്തുക്കളേ, ബംഗബന്ധുവിനാല്‍ പ്രചോദിതമായി ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തില്‍ എല്ലാവരെയും ഉള്‍ച്ചേര്‍ത്തു വികസനോന്‍മുഖ നയങ്ങളുമായി ബംഗ്ലാദേശ് മുന്നോട്ടുപോവുകയാണ്. അഭിനന്ദനാര്‍ഹമാണ് ഇത്.

സമ്പദ്‌വ്യവസ്ഥയിലായിലും കായിക മേഖല പോലെയുള്ള സാമൂഹിക സൂചികകളില്‍ ആയാലും ബംഗ്ലാദേശ് പുതിയ അളവുകോലുകള്‍ തീര്‍ക്കുകയാണ്. നൈപുണ്യം, വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം, മൈക്രോഫിനാന്‍സ് തുടങ്ങി പല മേഖലകളിലും മുന്‍പില്ലാത്ത പുരോഗതി നേടിക്കൊണ്ടിരിക്കുന്നു.

കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനിടെ ഇന്ത്യയും ബംഗ്ലാദേശും ഉഭയകക്ഷി ബന്ധത്തില്‍ സുവര്‍ണ അധ്യായം രചിച്ചുവെന്നും നമ്മുടെ പങ്കാളിത്തത്തിനു പുതിയ മാനവും ദിശയും പകര്‍ന്നു എന്നും ചൂണ്ടിക്കാട്ടാന്‍ സാധിക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്. കര, നാവിക അതിര്‍ത്തികള്‍ പോലുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സാധിച്ചത് ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള വിശ്വാസം വര്‍ധിച്ച സാഹചര്യത്തിലാണ്.

ഇപ്പോള്‍ ഇന്ത്യയുടെ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളി മാത്രമല്ല, വികസന പങ്കാളി കൂടിയാണ് ബംഗ്ലാദേശ്. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ബംഗ്ലാദേശില്‍ എത്രയോ വീടുകള്‍ക്കു പ്രകാശവും ഫാക്ടറികള്‍ക്ക് ഊര്‍ജവും ലഭ്യമാക്കുന്നു. ഫ്രന്‍ഡ്ഷിപ് പൈപ്‌ലൈന്‍ വഴി നമ്മുടെ സൗഹൃദത്തിനു പുതിയ മാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

റോഡ്, റെയില്‍, ജല പാതകളിലൂടെയോ ആകാശമാര്‍ഗമോ ഇന്റര്‍നെറ്റ് വഴിയോ ഒക്കെ ആകട്ടെ, വിവിധ മേഖലകളിലുള്ള നമ്മുടെ സഹകരണം ഇരു രാജ്യങ്ങളിലെയും ജനങ്ങളെ പരസ്പരം കൂടുതല്‍ ബന്ധിപ്പിക്കുന്നു.

ടഗോര്‍, ക്വാസി നസ്‌റുല്‍ ഇസ്ലാം, ഉസ്താദ് അലാവുദ്ദീന്‍ ഖാന്‍, ലലോന്‍ ഷാ, ജിബനാനന്ദ ദാസ്, ഈശ്വരചന്ദ്ര വിദ്യാസാഗര്‍ തുടങ്ങിയ ബുദ്ധിജീവികളില്‍നിന്നാണു നമ്മുടെ പൈതൃകം പിറക്കുന്നത്.

ബംഗബന്ധുവിന്റെ പാരമ്പര്യവും പ്രചോദനവും നമ്മുടെ പൈതൃകത്തെ കൂടുതല്‍ സമഗ്രമാക്കി. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും മൂല്യങ്ങളുമായി ഇന്ത്യ എന്നും ചേര്‍ന്നുനിന്നിട്ടുണ്ട്. ഈ പൊതു പൈതൃകമാണ് ആഴമേറിയ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ അടിത്തറ.

നമ്മുടെ ഈ പാരമ്പര്യവും ആഴത്തില്‍ വേരുകളുള്ള ബന്ധവും ബംഗബന്ധു കാട്ടിത്തന്ന വഴിയുമാണ് ഈ ദശാബ്ദത്തിലും ഇരു രാജ്യങ്ങളുടെയും പങ്കാളിത്തത്തിന്റെയും പുരോഗതിയുടെയും അഭിവൃദ്ധിയുടെയും ഉറച്ച അടിത്തറ.

അടുത്ത വര്‍ഷം ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതിന്റെ 50ാം വാര്‍ഷികവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവുമാണ്. ഈ രണ്ടു നാഴികക്കല്ലുകളും ഇന്ത്യയെയും ബംഗ്ലാദേശിനെയും പുതിയ ഉയരങ്ങിലേക്ക് ഉയര്‍ത്തുക മാത്രമല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുകയും ചെയ്യുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.

ഒരിക്കല്‍ക്കൂടി ബംഗ്ലാദേശിനു ബംഗബന്ധു ജന്‍മശതാബ്ദി വര്‍ഷത്തില്‍ എല്ലാ ആശംസകളും നേരുന്നു.

ജയ് ബംഗ്ല, ജയ് ഹിന്ദ്!