പ്രസിഡന്റ് മാക്രോണിന്റെ ക്ഷണപ്രകാരം ഫെബ്രുവരി 10 മുതൽ 12 വരെ ഞാൻ ഫ്രാൻസ് സന്ദർശിക്കുകയാണ്. പാരീസിൽ, ലോക നേതാക്കളുടെയും ആഗോള ടെക് സിഇഒമാരുടെയും സമ്മേളനമായ AI ആക്ഷൻ ഉച്ചകോടിയിൽ ഞാൻ സഹ-അധ്യക്ഷത വഹിക്കുന്നതിനായി ഉറ്റു നോക്കുന്നു. അവിടെ നവീകരണത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള സഹകരണ സമീപനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഞങ്ങൾ പരസ്പരം കൈമാറും.
എന്റെ സുഹൃത്ത് പ്രസിഡന്റ് മാക്രോണിനൊപ്പം ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തത്തിനായുള്ള 2047 ഹൊറൈസൺ റോഡ്മാപ്പിന്റെ പുരോഗതി അവലോകനം ചെയ്യാൻ എന്റെ സന്ദർശനത്തിന്റെ ഭാഗമായുള്ള ഉഭയകക്ഷി വിഭാഗം, അവസരമൊരുക്കും. ഫ്രാൻസിലെ ആദ്യത്തെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്യുന്നതിനായി ഞങ്ങൾ ചരിത്രപ്രസിദ്ധമായ ഫ്രഞ്ച് നഗരമായ മാർസെയിലിലേക്കും പോകും, കൂടാതെ ആഗോള നന്മയ്ക്കായി ഊർജം വിനിയോഗിക്കുന്നതിനായി ഫ്രാൻസ് ഉൾപ്പെടെയുള്ള പങ്കാളി രാജ്യങ്ങളുടെ കൺസോർഷ്യത്തിൽ ഇന്ത്യ അംഗമായ ഇന്റർനാഷനൽ തെർമോ ന്യൂക്ലിയർ എക്സ്പിരിമെന്റൽ റിയാക്ടർ പദ്ധതിയും സന്ദർശിക്കും. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് മസാർഗൂസ് യുദ്ധ സെമിത്തേരിയിൽ ശ്രദ്ധാഞ്ജലികൾ അർപ്പിക്കും.
ഫ്രാൻസിലെ സന്ദർശനത്തിന് ശേഷം, യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണപ്രകാരം രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഞാൻ അമേരിക്കയിലേക്ക് പോകും. എന്റെ സുഹൃത്തായ പ്രസിഡന്റ് ട്രംപിനെ കാണാൻ ഞാൻ കാത്തിരിക്കുകയാണ്. ജനുവരിയിലെ അദ്ദേഹത്തിന്റെ ചരിത്രപരമായ തിരഞ്ഞെടുപ്പ് വിജയത്തിനും സ്ഥാനാരോഹണത്തിനും ശേഷമുള്ള ഞങ്ങളുടെ ആദ്യ കൂടിക്കാഴ്ച്ചയാണെങ്കിലും, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ ആഗോള നയതന്ത്ര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ ആദ്യ ടേമിൽ ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഊഷ്മളമായ ഓർമ്മകൾ എന്നിലുണ്ട്.
ഈ സന്ദർശനം അദ്ദേഹത്തിന്റെ ആദ്യ ടേമിലെ ഞങ്ങളുടെ സഹകരണത്തിന്റെ വിജയങ്ങൾ കെട്ടിപ്പടുക്കുന്നതിനും സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധം, ഊർജം, വിതരണ ശൃംഖല, പുനരുജ്ജീവനം തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ നമ്മുടെ പങ്കാളിത്തം കൂടുതൽ ഉയർത്തുന്നതിനും ആഴത്തിലാക്കുന്നതിനുമുള്ള ഒരു അജണ്ട വികസിപ്പിക്കുന്നതിനുള്ള അവസരമായിരിക്കും. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര പ്രയോജനത്തിനായി ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും ലോകത്തിന് മികച്ച ഒരു ഭാവി രൂപപ്പെടുത്തുകയും ചെയ്യും.
***
NK