Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശന വേളയില്‍ (2018 മാര്‍ച്ച് 10) ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങളും കരാറുകളും


1. മയക്കുമരുന്ന്, ലഹരിപദാര്‍ഥങ്ങള്‍, തത്തുല്യമായ രാസവസ്തുക്കള്‍ തുടങ്ങിയവയുടെ ഉപയോഗം ഇല്ലാതാക്കാനും അവ അനധികൃതമായി കടത്തുന്നതു കുറച്ചുകൊണ്ടുവരാനുമായി ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള കരാര്‍. ഇന്ത്യക്കുവേണ്ടി ആഭ്യന്തര മന്ത്രി ശ്രീ. രാജ്‌നാഥ് സിങ്ങും ഫ്രാന്‍സിനുവേണ്ടി യൂറോപ്പ്, വിദേശകാര്യ മന്ത്രി ശ്രീ. ജീന്‍-വൈവ്‌സ് ലി ഡ്രിയാനും ഒപ്പുവെച്ചു. ലഹരിവസ്തുക്കളുടെ കടത്തും ഉപയോഗവും തടയുന്നതിന് ഇരു രാജ്യങ്ങള്‍ക്കും സഹായകമാകും. ഭീകരവാദത്തിനു പണം ലഭ്യമാകുന്നതു കുറയുകയും ചെയ്യും.

2. ഇന്ത്യ-ഫ്രാന്‍സ് കുടിയേറ്റ, സഞ്ചാര പങ്കാളിത്ത കരാര്‍. ഇന്ത്യക്കുവേണ്ടി വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജും ഫ്രാന്‍സിനുവേണ്ടി യൂറോപ്പ്, വിദേശകാര്യ മന്ത്രി ശ്രീ. ജീന്‍-വൈവ്‌സ് ലി ഡ്രിയാനും ഒപ്പുവെച്ചു. താല്‍ക്കാലികമായുള്ള കുടിയേറ്റത്തിനും നൈപുണ്യം നേടിയവര്‍ മാതൃരാജ്യത്തേക്കു തിരിച്ചെത്തുന്നതിനും സഹായകമാകും.

3. വിദ്യാഭ്യാസ യോഗ്യതകള്‍ അംഗീകരിക്കാനുള്ള ഇന്ത്യ-ഫ്രാന്‍സ് കരാര്‍. ഇന്ത്യക്കുവേണ്ടി മനുഷ്യ വിഭവശേഷി മന്ത്രി ശ്രീ. പ്രകാശ് ജാവദേക്കറും ഫ്രാന്‍സിനുവേണ്ടി ഉന്നതവിദ്യാഭ്യാസം, ഗവേഷണം, പുതിയ കണ്ടുപിടിത്തങ്ങള്‍ വകുപ്പു മന്ത്രി ശ്രീമതി ഫ്രെഡറിക് വിദലും ഒപ്പുവെച്ചു. വിദ്യാഭ്യാസ യോഗ്യതകള്‍ പരസ്പരം അംഗീകരിക്കപ്പെടാന്‍ സഹായിക്കുന്ന കരാറാണിത്.

4. റെയില്‍ രംഗത്തു സാങ്കേതിക സഹകരണത്തിനായി റെയില്‍വേ മന്ത്രാലയവും ഫ്രാന്‍സിലെ എസ്.എന്‍.സി.എഫ്. മോട്ടിലിറ്റീസും തമ്മിലുള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി റെയില്‍വേ മന്ത്രി ശ്രീ. പീയുഷ് ഗോയലും ഫ്രാന്‍സിനുവേണ്ടി യൂറോപ്പ്, വിദേശകാര്യ മന്ത്രി ശ്രീ. ജീന്‍-വൈവ്‌സ് ലി ഡ്രിയാനും ഒപ്പുവെച്ചു. അതിവേഗ റെയിലുകള്‍, ഇടത്തരം അതിവേഗ റെയിലുകള്‍, സ്റ്റേഷനുകളുടെ അറ്റകുറ്റപ്പണിയും പ്രവര്‍ത്തനവും അടിസ്ഥാനസൗകര്യവും ആധുനികവല്‍ക്കരിക്കല്‍, നഗരപ്രാന്തങ്ങളിലേക്കുള്ള ട്രെയിന്‍ ഗതാഗതം എന്നീ മേഖലകള്‍ മുന്‍ഗണനയോടെ കണ്ട് പരസ്പര സഹകരണം മെച്ചപ്പെടുത്തുകയാണു ധാരണാപത്രത്തിന്റെ ഉദ്ദേശ്യം.

5. സ്ഥിരമായ ഇന്‍ഡോ-ഫ്രഞ്ച് റെയില്‍വേസ് ഫോറം രൂപീകരിക്കാനായി ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഇടക്കാല കരാര്‍. ഇന്ത്യക്കുവേണ്ടി റെയില്‍വേ മന്ത്രി ശ്രീ. പീയുഷ് ഗോയലും ഫ്രാന്‍സിനുവേണ്ടി യൂറോപ്പ്, വിദേശകാര്യ മന്ത്രി ശ്രീ. ജീന്‍-വൈവ്‌സ് ലി ഡ്രിയാനും ഒപ്പുവെച്ചു. സ്ഥിരം ഇന്‍ഡോ-ഫ്രഞ്ച് റെയില്‍വേ ഫോറം രൂപീകരിക്കുകവഴി നിലവിലുള്ള സഹകരണം വര്‍ധിപ്പിക്കുകയാണ് ഇടക്കാല ഉത്തരവിലൂടെ ലക്ഷ്യംവെക്കുന്നത്.

6. സായുധ സേനകള്‍ക്കിടയില്‍ സൈന്യവിന്യാസശാസ്ത്രം സംബന്ധിച്ച അറിവുകള്‍ കൈമാറുന്നതിനായി ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള കരാര്‍. ഇന്ത്യക്കുവേണ്ടി പ്രതിരോധ മന്ത്രി ശ്രീമതി നിര്‍മല സീതാരാമനും ഫ്രാന്‍സിനുവേണ്ടി സായുധസേനാ മന്ത്രി ശ്രീമതി ഫ്‌ളോറന്‍സ് പാര്‍ലിയും ഒപ്പുവെച്ചു. അംഗീകൃത തുറമുഖ സന്ദര്‍ശനങ്ങളിലും സംയുക്ത പ്രകടനങ്ങളിലും സംയുക്ത പരിശീലനങ്ങളിലും മാനുഷിക സഹായങ്ങള്‍, ദുരന്ത ദുരിതാശ്വാസ പരിശ്രമങ്ങള്‍ എന്നിവയിലും സൈന്യവിന്യാസശാസ്ത്രപരമായ പിന്തുണയും സാധനങ്ങള്‍ എത്തിക്കലും സേവനങ്ങള്‍ ലഭ്യമാക്കലും സംബന്ധിച്ചുള്ള പരസ്പര സഹായത്തിനു കരാര്‍ സൗകര്യമൊരുക്കും.

7. പരിസ്ഥിതിരംഗത്തു സഹകരിക്കുന്നതിനായി ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന വകുപ്പു സഹമന്ത്രി ഡോ. മഹേഷ് ശര്‍മയും ഫ്രാന്‍സിനുവേണ്ടി പാരിസ്ഥിതിക, ഉള്‍ച്ചേര്‍ത്തുള്ള പരിവര്‍ത്തനം മന്ത്രിക്കു കീഴിലുള്ള സഹമന്ത്രിയായ ശ്രീമതി ബ്രൂണേ പോയിര്‍സനും ഒപ്പുവെച്ചു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഇരു ഗവണ്‍മെന്റുകളും തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള അടിസ്ഥാനമൊരുക്കുകയാണു ധാരണാപത്രത്തിന്റെ ഉദ്ദേശ്യം.

8. സുസ്ഥിര നഗര വികസനം സംബന്ധിച്ച സഹകരണത്തിനായി ഇന്ത്യയും ഫ്രാന്‍സുമായുള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി ഭവന, നഗരകാര്യ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി ശ്രീ. ഹര്‍ദീപ് സിങ് പുരിയും ഫ്രാന്‍സിനുവേണ്ടി പാരിസ്ഥിതിക, ഉള്‍ച്ചേര്‍ത്തുള്ള പരിവര്‍ത്തനം മന്ത്രിക്കു കീഴിലുള്ള സഹമന്ത്രിയായ ശ്രീമതി ബ്രൂണേ പോയിര്‍സനും ഒപ്പുവെച്ചു. സ്മാര്‍ട് സിറ്റി വികസിപ്പിക്കല്‍, നഗര ബഹുജന ഗതാഗത സംവിധാനം വികസിപ്പിക്കല്‍, നഗര കുടിയേറ്റ കേന്ദ്രങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതിനു കരാര്‍ സഹായകമാകും.

9. രഹസ്യ സ്വഭാവത്തോടുകൂടിയതോ സംരക്ഷിതമായതോ ആയ വിവരങ്ങള്‍ കൈമാറുന്നതിനും പരസ്പരം സംരക്ഷിക്കുന്നതിനുമായുള്ള ഇന്ത്യ-ഫ്രാന്‍സ് കരാര്‍. ഇന്ത്യക്കുവേണ്ടി ദേശീയ പ്രതിരോധ ഉപദേഷ്ടാവ് ശ്രീ. അജിത് ദോവലും ഫ്രാന്‍സിനുവേണ്ടി ഫ്രഞ്ച് പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ശ്രീ. ഫിലിപ് എറ്റിയന്നും ഒപ്പുവെച്ചു. രഹസ്യ സ്വഭാവത്തോടുകൂടിയതും സംരക്ഷിതവുമായ വിവരങ്ങള്‍ കൈമാറുന്നതിനുള്ള പൊതു സുരക്ഷാ നിയന്ത്രണങ്ങളെ നിര്‍വചിക്കുന്ന കരാറാണ് ഇത്.

10. നാവിക ബോധവല്‍ക്കരണ ദൗത്യത്തെക്കുറിച്ചുള്ള ആസൂത്രണപൂര്‍വ പഠനത്തിനായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്ര(ഐ.എസ്.ആര്‍.ഒ.)വും സെന്‍ട്രല്‍ നാഷണല്‍ ഡിഇറ്റിയൂഡ്‌സ് സ്‌പേഷ്യലെ(സി.എന്‍.ഇ.എസ്.)സും തമ്മിലുള്ള കരാര്‍ നടപ്പാക്കല്‍. ഇന്ത്യക്കുവേണ്ടി ബഹിരാകാശ വകുപ്പ് സെക്രട്ടറിയും ഐ.എസ്.ആര്‍.ഒ. ചെയര്‍മാനുമായ ശ്രീ. കെ.ശിവനും ഫ്രാന്‍സിനുവേണ്ടി സി.എന്‍.ഇ.എസ്. പ്രസിഡന്റ് ശ്രീ. ജീന്‍-വൈവ്‌സ് ലി ഗാളും ഒപ്പുവെച്ചു. ഫ്രാന്‍സിനും ഇന്ത്യക്കും താല്‍പര്യമുള്ള പ്രദേശങ്ങളിലുള്ള കപ്പലുകളെ കണ്ടെത്താനും തിരിച്ചറിയാനും നിരീക്ഷിക്കാനും സമഗ്ര പദ്ധതികള്‍ അടങ്ങുന്ന കരാറാണിത്.

11. ഇന്ത്യന്‍ ആണവോര്‍ജ കോര്‍പറേഷന്‍ ലിമിറ്റഡും ഫ്രാന്‍സിലെ ഇ.ഡി.എഫും തമ്മിലുള്ള ഇന്‍ഡസ്ട്രിയല്‍ വേ ഫോര്‍വേഡ് കരാര്‍. ഇന്ത്യക്കുവേണ്ടി അണുശക്തി വകുപ്പ് സെക്രട്ടറി ശ്രീ. ശേഖര്‍ ബസുവും ഫ്രാന്‍സിനുവേണ്ടി ഇ.ഡി.എഫിന്റെ സി.ഇ.ഒ. ശ്രീ. ജീന്‍ ബെര്‍നാഡ് ലെവിയും ഒപ്പുവെച്ചു. ജയ്താപൂര്‍ അണുശക്തി പദ്ധതി നടപ്പാക്കുന്നതില്‍ പുരോഗതിയുണ്ടാകുന്നതിനു വഴിവെക്കുന്ന കരാറാണ് ഇത്.

12. ജലമാപനം, നാവിക ചാര്‍ട്ടുകള്‍ തയ്യാറാക്കല്‍ എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനായി ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി കരാര്‍. ഇന്ത്യക്കുവേണ്ടി അംബാസഡര്‍ ശ്രീ. വിനയ് ക്വത്‌റയും ഫ്രാന്‍സിനുവേണ്ടി അംബാസഡര്‍ ശ്രീ. അലക്‌സാന്‍ഡര്‍ സിയെഗ്ലറും ഒപ്പുവെച്ചു. ഇരു രാജ്യങ്ങള്‍ക്കിടയില്‍ ജലമാപനം, സമുദ്രസംബന്ധിയായ രേഖകള്‍ തയ്യാറാക്കല്‍, സമുദ്ര സുരക്ഷാ വിവരങ്ങള്‍ എന്നീ കാര്യങ്ങളിലുള്ള സഹകരണത്തെ ഈ കരാര്‍ പ്രോല്‍സാഹിപ്പിക്കും.

13. സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്ക് ചാലഞ്ച് പ്രോസസിലൂടെ പത്ത് കോടി യൂറോ ലഭ്യമാക്കുന്നതിനായി ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വായ്പാ കരാര്‍. ഇന്ത്യക്കുവേണ്ടി അംബാസഡര്‍ ശ്രീ. വിനയ് ക്വത്‌റയും ഫ്രാന്‍സിനുവേണ്ടി അംബാസഡര്‍ ശ്രീ. അലക്‌സാന്‍ഡര്‍ സിയെഗ്ലറും ഒപ്പുവെച്ചു. സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ക്കു കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ലഭ്യമാക്കുന്ന വിഹിതത്തിനപ്പുറം ആവശ്യമായിവരുന്ന തുക കണ്ടെത്തുന്നതിനു കരാര്‍ സഹായകമാകും.

14. ദേശീയ സൗരോര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ടും ഫ്രാന്‍സിന്റെ പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ മന്ത്രാലയവും ഫ്രാന്‍സ് ദേശീയ സൗരോര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ള ധാരണാപത്രം. ഇന്ത്യക്കുവേണ്ടി അംബാസഡര്‍ ശ്രീ. വിനയ് ക്വത്‌റയും ഫ്രാന്‍സിനുവേണ്ടി അണുശക്തി, ഇതര ഊര്‍ജ കമ്മിഷന്‍ (സി.ഇ.എ.) അഡ്മിനിസ്‌ട്രേറ്റര്‍ ശ്രീ. ദാനിയല്‍ വെര്‍വയെര്‍ദെയും ഒപ്പുവെച്ചു. ഈ കരാറോടെ ഇരു രാജ്യങ്ങളും ഐ.എസ്.എ. അംഗരാഷ്ട്രങ്ങളുടെ സൗരോര്‍ജ മേഖലയിലുള്ള പദ്ധതികളില്‍ സാങ്കേതികവിദ്യാ കൈമാറ്റത്തിലൂടെയും സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഒരുമിക്കും.