Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രിറ്റോറിയയില്‍ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ബിസിനസ് മീറ്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

പ്രിറ്റോറിയയില്‍ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ബിസിനസ് മീറ്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന

പ്രിറ്റോറിയയില്‍ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ബിസിനസ് മീറ്റില്‍ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന


ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ബഹുമാനപ്പെട്ട ശ്രീ. ജേക്കബ് സുമ, ബഹുമാനപ്പെട്ട രാജ്യാന്താരബന്ധ- സഹകരണ വകുപ്പുകളുടെ മന്ത്രീ, ബഹുമാനപ്പെട്ട വ്യാപാര- വ്യവസായവകുപ്പു മന്ത്രീ, ദക്ഷിണാഫ്രിക്കയിലെയും ഇന്ത്യയിലെയും വ്യവസായപ്രമുഖരേ, സഹോദരീസഹോദരന്‍മാരേ,

ഇന്നു നിങ്ങളോടൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക ബന്ധം ചരിത്രത്തിന്റെ കരുത്തുറ്റ അടിത്തറയില്‍ കെട്ടിപ്പടുക്കപ്പെട്ടതാണ്.

വിധി നമ്മെ ഒരേ വഴിയിലാണു നയിച്ചത്.

സ്വപ്‌നങ്ങള്‍ നമ്മെ ഒരുമിപ്പിച്ചു.

നമ്മുടെ ചരിത്രങ്ങളില്‍ പൊതു അധ്യായങ്ങളേറെയുണ്ട്.

സമരങ്ങളിലൂടെയും ത്യാഗത്തിലൂടെയും നാം ചരിത്രത്തിന്റെ ഗതി തന്നെ മാറ്റി.

ഭാഗ്യവശാല്‍, ഈ ഉദ്യമത്തില്‍ നമ്മെ നയിക്കാന്‍ മാനവരാശി കണ്ടതില്‍ വച്ചേറ്റവും വലിയ നേതാക്കന്മാര്‍ തന്നെയുണ്ടായിരുന്നു.

സുഹൃത്തുക്കളേ,

നെല്‍സണ്‍ മണ്ടേലയെയും മഹാത്മാ ഗാന്ധിയെയും പോലുള്ള നേതാക്കള്‍ നമുക്കു രാഷ്ട്രീയസ്വാതന്ത്ര്യം നേടിത്തന്നു.

ഇപ്പോള്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിനായി യത്‌നിക്കേണ്ട സമയമാണ്.

നമ്മുടെ ബന്ധം നമ്മുടെ ജനതയുടെ അഭിലാഷങ്ങള്‍ നിറവേറ്റുകയെന്ന പൊതു ആഗ്രഹത്തില്‍ അധിഷ്ഠിതമാണ്.

വീഴ്ചകള്‍ നേരിടേണ്ടിവന്നപ്പോഴും സുഹൃത്തുക്കളായിരുന്നു നാം.

ഇനി നമുക്ക് അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണം.

മഹാന്മാരായ നമ്മുടെ നേതാക്കളുടെ അനുഗ്രഹത്താല്‍ ഇരു രാഷ്ട്രങ്ങള്‍ക്കും വികസനപാതയില്‍ മുന്നോട്ടുപോകാന്‍ സാധിച്ചു.

ബ്രിക്‌സ് അംഗങ്ങളുടെ സമ്പദ്‌വ്യവസ്ഥകളില്‍ ദക്ഷിണാഫ്രിക്കയും ഇന്ത്യയും പ്രമുഖ അംഗങ്ങളാണ്.

നമ്മുടെ ജനതയും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉള്ളവരും വലിയ പ്രതീക്ഷകളോടെയാണു നമ്മെ നിരീക്ഷിക്കുന്നത്.

ഈ രണ്ടു പ്രതീക്ഷകളും നിറവേറ്റപ്പെടുന്നതിനായി നമുക്കു കൈകോര്‍ക്കാം.

സാധ്യതയുള്ള എല്ലാ രംഗങ്ങളിലും സജീവവും ഫലപ്രദവുമായ സഹകരണം നാം തമ്മിലുണ്ടെന്നതു സന്തോഷം പകരുന്നു.

ആ പ്രവര്‍ത്തനത്തിന്റ പ്രധാന ഭാഗമാണ് ഈ ഉജ്വലമായ കൂട്ടായ്മ.

സുഹൃത്തുക്കളേ,

ഈ രാജ്യം സന്ദര്‍ശിക്കാന്‍ അല്‍പം വൈകിപ്പോയെന്നു ഞാന്‍ സമ്മതിക്കുന്നു.

പക്ഷേ, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പ്രസിഡന്റ് സുമയും ഞാനും പല തവണ കണ്ടുമുട്ടിയിട്ടുണ്ട്.

ഇന്ത്യയുടെ പ്രമുഖ വാണിജ്യ, നിക്ഷേപ പങ്കാളിയാണ് ദക്ഷിണാഫ്രിക്ക.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഉഭയകക്ഷിവ്യാപാരം 380 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

നിക്ഷേപരംഗത്തെ ചിത്രവും ശോഭ നിറഞ്ഞതാണ്.

ഇരുഭാഗത്തുനിന്നും നിക്ഷേപത്തിന്റെ തുടര്‍ച്ചയായ ഒഴുക്കുണ്ട്.

നൂറ്റമ്പതിലേറെ ഇന്ത്യന്‍ കമ്പനികള്‍ ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്നു.

അതുപോലെ, ഒട്ടേറെ ദക്ഷിണാഫ്രിക്കന്‍ കമ്പനികള്‍ ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നു.

എന്തായാലും അളവറ്റ സാധ്യതകളാണുള്ളത്.

അത് അനുദിനം വര്‍ധിച്ചുവരികയുമാണ്.

ഇരു രാജ്യങ്ങളും സാമ്പത്തിക അടിത്തറ ഭദ്രമാക്കിക്കൊണ്ടിരിക്കുന്നതു കൊണ്ടാണ് ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നത്.

വാണിജ്യം വൈവിധ്യവല്‍ക്കരിക്കാനും ആവശ്യങ്ങള്‍ പരസ്പരം നിറവേറ്റാനും ജനങ്ങലെ സേവിക്കാനുമുള്ള വഴികള്‍ നാം തേടിക്കൊണ്ടിരിക്കണം.

നാം തമ്മിലുള്ള വിവിധ രംഗങ്ങളിലുള്ള സജീവ സഹകരണം, അത്തരമൊരു ബന്ധം സാധ്യമാണെന്നതിനു തെളിവാണ്.

സുഹൃത്തുക്കളേ,

ഇന്ത്യന്‍ കമ്പനികളെ സംബന്ധിച്ചിടത്തോളം ഈ ഭൂഖണ്ഡത്തിലെ വീടു പോലെയാണ് ദക്ഷിണാഫ്രിക്ക.

എത്രയോ മുന്‍നിര കമ്പനികളുടെ കാല്‍പ്പാടുകള്‍ ഇവിടെ പതിഞ്ഞിട്ടുണ്ട്.

അവര്‍ പലവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുമുണ്ട്.

ഏറെ ഇന്ത്യന്‍ സി.ഇ.ഒമാര്‍ ഇവിടെ നമുക്കൊപ്പമുണ്ട്.

എനിക്കവരോട് ഉപദേശിക്കാനുള്ളത് അവരുടെ ബിസിനസ് ഈ മഹത്തായ രാഷ്ട്രത്തിന്റെ സാമൂഹിക, സാമ്പത്തിക പരിവര്‍ത്തനത്തിലാണു കലാശിക്കുന്നതെന്നതാണ്.

ഇന്ത്യക്കായി മൂന്നു ‘പി’കള്‍ ഞാന്‍ നിര്‍ദേശിച്ചുകൊണ്ടിരിക്കുകയാണ്. അവ പബ്ലിക് സെക്ടര്‍, പ്രൈവറ്റ് സെക്ടര്‍, പീപ്പിള്‍സ് പാര്‍ട്ണര്‍ഷിപ് എന്നിവയാണ്.

പേഴ്‌സണല്‍ സെക്ടറിനും ഞാന്‍ ഊന്നല്‍ നല്‍കുന്നുണ്ട്.

ഇവിടെയും സ്ഥിതി അതു തന്നെയാണ്.

നൈപുണ്യവികസനത്തെയും സാമൂഹികശാക്തീകരണത്തെയും കേന്ദ്രീകരിച്ചായിരിക്കണം നിങ്ങളുടെ ബിസിനസ് പദ്ധതികള്‍.

ആഫ്രിക്കന്‍ മാനവികതയുടെ ആവേശമായ ഉബുണ്ടു നിങ്ങളുടെ ബിസിനസ് ധാര്‍മികതയില്‍ പ്രതിഫലിക്കണം.

ഇതു നമ്മുടെ സര്‍വേ ഭവന്തു സുഖിനഃ എന്ന തത്വശാസ്ത്രത്തിനു സമാനമാണ്.

ഇതിനു വേണ്ടിയാണു മഹാത്മാ ഗാന്ധി നിലകൊണ്ടത്.

പ്രോല്‍സാഹിപ്പിക്കുന്നതിലും വളര്‍ത്തുന്നതിലുമല്ലാതെ ചൂഷണം ചെയ്യുന്നതിനു നാം ഒരിക്കലും നിലകൊണ്ടിട്ടില്ല.

നമ്മുടെ വ്യാപാരബന്ധങ്ങള്‍ ഏകപക്ഷീയമല്ലെന്നതാണ് പ്രോല്‍സാഹജനകമായ വസ്തുത.

ദക്ഷിണാഫ്രിക്കന്‍ കമ്പനികള്‍ ഇന്ത്യയിലും സജീവമാണ്.

നമ്മ ദക്ഷിണാഫ്രിക്കയില്‍ നിന്നു പഠിക്കുകയും അവര്‍ പരിചയപ്പെടുത്തിയ പുതുമയാര്‍ന്ന ഉല്‍പന്നങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

ഇരു രാജ്യങ്ങളുടെയും വികസനത്തിനായി ദക്ഷിണാഫ്രിക്കന്‍ ബിസിനസ് മഹിമയും ഇന്ത്യയുടെ ശേഷിയും പരസ്പരം പ്രേരകമായിത്തീരണം.

സുഹൃത്തുക്കളേ,

കഴിഞ്ഞ രണ്ടു വര്‍ഷമായി സമ്പദ്‌വ്യവസ്ഥ മെച്ചപ്പടുത്തുന്നതിനായി എല്ലാ രംഗങ്ങളിലും നാം കഠിനാധ്വാനം ചെയ്തിട്ടുണ്ട്.

നമ്മുടെ ആത്മാര്‍ഥതയ്ക്കും കഠിനാധ്വാനത്തിനും വളരെ പ്രോല്‍സാഹജനകമായ ഫലം ലഭിച്ചിട്ടുമുണ്ട്.

ഇന്ന് ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയിലെ ഒരു തിളങ്ങുന്ന താരകമാണ്.

ആഗോളവളര്‍ച്ചയുടെ യന്ത്രമായാണ് ഇന്ത്യ വിലയിരുത്തപ്പെടുന്നത്.

ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണ്.

ആഗോളമാന്ദ്യത്തിന്റെ നാളുകളിലും മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 7.6 ശതമാനം വളര്‍ച്ച നേടാന്‍ രാജ്യത്തിനു സാധിച്ചു.

വരുംനാളുകളില്‍ കൂടുതല്‍ വളര്‍ച്ച നേടുമെന്ന് ലോകബാങ്കും ഐ.എം.എഫും മറ്റു സ്ഥാപനങ്ങളും പ്രവചിച്ചിട്ടുമുണ്ട്.

അതു മാത്രമല്ല, 2014-15ല്‍ ആഗോളവളര്‍ച്ചയുടെ 12.5 ശതമാനം സംഭാവന ചെയ്തത് ഇന്ത്യയാണ്.

ആഗോളവളര്‍ച്ചയില്‍ ഇന്ത്യയുടെ പങ്ക് ലോകസമ്പദ്‌വ്യവസ്ഥയില്‍ രാജ്യത്തിനുള്ള പങ്കാളിത്തത്തിലും 68 ശതമാനം കൂടുതലാണ്.

ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ പ്രത്യക്ഷവിദേശ നിക്ഷേപം ഉണ്ടായത്.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’യുടെ വിജയം ഉയര്‍ത്തിക്കാട്ടിയ റേറ്റിങ് ഏജന്‍സി മൂഡീസ് ചൂണ്ടിക്കാട്ടുന്നത് 2016ല്‍ ഉണ്ടായ പ്രത്യക്ഷവിദേശ നിക്ഷേപം ഏറ്റവും ഉയര്‍ന്നതാണെന്നാണ്.

ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും പ്രമുഖ ബ്രാന്‍ഡായി ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ മാറി.

രാജ്യത്തിനകത്തും പുറത്തും ജനങ്ങളുടെ സ്ഥാപനങ്ങളുടെയും വ്യവസായങ്ങളുടെയും ബിസിനസ്സുകളുടെയും മാധ്യമങ്ങളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഭാവനയെ അതു കീഴടക്കി.
‘മെയ്ക്ക് ഇന്‍ ഇന്ത്യ’യുടെ ഭാഗമായി, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനു ഞങ്ങള്‍ പ്രാധാന്യം നല്‍കിവരികയാണ്.

ലൈസന്‍സിങ് നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും അനുമതി നല്‍കല്‍, റിട്ടേണ്‍സ്, പരിശോധനകള്‍ എന്നീ കാര്യങ്ങളിലെ വ്യവസ്ഥകള്‍ യുക്തിപൂര്‍ണമാക്കാനും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു.

മറ്റു ചില സൂചനകള്‍ നല്‍കാം:

നിക്ഷേപം നടത്തുന്നതിനു ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ ഇടമായി ഇന്ത്യയെ പല ആഗോള ഏജന്‍സികളും സ്ഥാപനങ്ങളും കാണുന്നു.

ബിസിനസ് ചെയ്യുന്നതിലുള്ള എളുപ്പത്തിന്റെ കാര്യത്തില്‍ ലോകബാങ്കിന്റെ ആഗോള റാങ്കിങ് പട്ടികയില്‍ ഇന്ത്യ 12 സ്ഥാനം മുകളിലോട്ട് ഉയര്‍ന്നു.

നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതില്‍ യു.എന്‍.സി.ടി.എ.ഡി. റാങ്കിങ്ങിലും നില മെച്ചപ്പെടുത്തി.

നേരത്തേ 15ാമതു സ്ഥാനത്തായിരുന്ന രാജ്യം ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്തെത്തി.

ലോകസാമ്പത്തിക ഫോറത്തിന്റെ ആഗോള മല്‍സരക്ഷമതാ സൂചികയില്‍ 16 സ്ഥാനം മുകളിലേക്കുയരാന്‍ ഇന്ത്യക്കു സാധിച്ചു.

നമ്മുടെ നയങ്ങളും നടത്തിപ്പും പകരുന്ന അനുകൂലമായ സാഹചര്യം ആത്മവിശ്വാസത്തെ വളര്‍ത്തി.

നടപടിക്രമങ്ങള്‍ ഇനിയും ലഘൂകരിക്കുകവഴി ബിസിനസ് ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കാനുള്ള പ്രോല്‍സാഹനം നമുക്ക് ഇതിലൂടെ ലഭിക്കുകയും ചെയ്യുന്നു.

ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും അവയെ സംരംഭങ്ങളാക്കി മാറ്റുന്നതിനും പുതുമയാര്‍ന്ന സ്റ്റാര്‍ട്ടപ്പ്-ഇന്ത്യ പദ്ധതിക്കും തുടക്കമിട്ടിട്ടുണ്ട്.

ഇതെല്ലാം തൊഴില്‍വിപണി വികസിക്കാനും ജനങ്ങളുടെ വാങ്ങല്‍ശേഷി ഉയരാനും വഴിവെക്കുന്നുണ്ട്.

ഇത് ഇന്ത്യയെ ഉന്നത ജീവിതനിലവാരമുള്ള ഇടമാക്കി മാറ്റും.

വളര്‍ച്ച എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ളതാണെന്നും ഗ്രാമീണ, നഗര സമൂഹങ്ങള്‍ പൂര്‍ണമായി അതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഉറപ്പു വരുത്തിയിട്ടുണ്ട്.

അടിസ്ഥാന മേഖലയിലും സാമൂഹ്യ രംഗങ്ങളിലും പുതുതലമുറ അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തില്‍ കുതിപ്പു നേടാന്‍ ഇന്ത്യക്കു സാധിക്കുന്നുണ്ട്.

സുഹൃത്തുക്കളേ,

നാം ഇരു രാഷ്ട്രങ്ങളും നേരിടുന്ന സാമൂഹ്യ-സാമ്പത്തിക വെല്ലുവിളികള്‍ സമാനമാണ്.

ഈ ഘട്ടത്തില്‍ എനിക്കു നല്‍കാനുള്ള ഉപദേശം വികസനസങ്കല്‍പം പുതുക്കപ്പെടണമെന്നാണ്.

പരസ്പരം സഹായിക്കാവുന്ന വിധത്തിലാണ് നാം ഇരു രാഷ്ട്രങ്ങളും.

ഉദാഹരണത്തിന്,

പ്രകൃതി നമ്മോടു കനിവു കാണിച്ചിട്ടുണ്ട്.

നമുക്കേറെ പ്രകൃതിവിഭവങ്ങള്‍ ഉണ്ട്.

അതു യഥാവിധി നേടിയെടുക്കുകയും സാധാരണക്കാരന്റെ ക്ഷേമത്തിനായി ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണു നമ്മുടെ കര്‍ത്തവ്യം.

പരസ്പരം ഏറെ കാര്യങ്ങള്‍ പഠിക്കാന്‍ നമുക്കു സാധിക്കും.

ഇവിടത്തെ ലോകോത്തര ഖനന കമ്പനികളുമായി സഹകരിക്കാന്‍ ഞങ്ങള്‍ക്കു താല്‍പര്യമുണ്ട്.

ഇവിടത്തെ കമ്പനികളില്‍ ചിലത് ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

പക്ഷേ, ഇക്കാര്യത്തില്‍ തന്ത്രപരമായ ബന്ധം അനിവാര്യമാണ്.

ഇക്കാര്യത്തിലുള്ള താല്‍പര്യം ഏകപക്ഷീയമല്ലതാനും.

രണ്ടാമതായി, കാലാവസ്ഥാ വ്യതിയാനവും അതിവേഗ വികസനവും സംബന്ധിച്ച വെല്ലുവിളികള്‍ നമുക്കു പൊതുവായുണ്ട്.

വികസനത്തിനായി വെടിപ്പുള്ളതും ഹരിതാഭവുമായ വഴികള്‍ പിന്തുടരാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.

അതേസമയം, നമുക്ക് ഊര്‍ജസ്രോതസ്സുകള്‍ ആവശ്യമാണു താനും.

പല രാജ്യങ്ങളുടെയും പിന്തുണയോടെ നാം രാജ്യാന്തര സൗരോര്‍ജ സഖ്യത്തിനു തുടക്കമിട്ടു.

ഈ വേദി നമുക്കു ഗുണകരമാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

നേര്‍വിപരീതങ്ങളായ കാലാവസ്ഥകളാണെന്ന നേട്ടവും നമുക്കു രണ്ടു രാഷ്ട്രങ്ങള്‍ക്കുമുണ്ട്

.ഇന്ത്യയില്‍ മാമ്പഴക്കാലമായ വേനല്‍ വരുമ്പോള്‍ ഇവിടെ ശൈത്യം; നേരെ തിരിച്ചും.

പഴങ്ങളും പച്ചക്കറികളും അധികകാലം സംഭരിച്ചുവെക്കാന്‍ സാധിക്കാത്ത ഇനങ്ങളും ഇരു രാജ്യങ്ങളിലും യഥാസമയം ലഭ്യമാക്കുകവഴി ഫലപ്രദമായി വിപണനം നടത്താന്‍ സാധിക്കും.

വിപുലമായ ആഭ്യന്തര വിപണി സ്വന്തമായുള്ള ഇന്ത്യ നിങ്ങളുടെ ഭക്ഷ്യസംസ്‌കരണ വ്യവസായത്തിനു വലിയ സാധ്യതയാണ്. ഈ മേഖലയിലുള്ള സഹകരണം നമ്മുടെ കര്‍ഷകര്‍രുടെയും ഗ്രാമങ്ങളുടെയും മൂല്യം വര്‍ധിപ്പിക്കും.

ഇന്ത്യയില്‍ ഞങ്ങള്‍ക്ക് ഉത്കര്‍ഷേച്ഛയോടെയുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണുള്ളത്.

സ്വാതന്ത്ര്യം നേടിയതുമുതല്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

ഒരുമിച്ചുശ്രമിച്ചാല്‍ ഈ വിടവുകള്‍ നികത്താന്‍ നമുക്കേറെ ചെയ്യാന്‍ സാധിക്കും.

സാങ്കേതികതയിലും നൈപുണ്യത്തിലും നിങ്ങളെ നന്നായി സഹായിക്കാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യ.

ഇക്കാര്യങ്ങൡലൊക്കെ ശ്രമങ്ങള്‍ നടക്കുന്നുണ്ടുതാനും.

ഈ വര്‍ഷം ന്യൂഡെല്‍ഹിയില്‍ നടന്ന ഇന്ത്യ ആഫ്രിക്ക ഫോറം ഉച്ചകോടിയില്‍ അടുത്ത അഞ്ചു വര്‍ഷത്തിനകം 50,000 ആഫ്രിക്കക്കാരെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ഞങ്ങള്‍ ഏറ്റെടുത്തിരുന്നു.

ഇനി ചില ഉദാഹരണങ്ങള്‍ പറയാം.

നമുക്കു പല മേഖലകളിലും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കും.

– പ്രതിരോധം മുതല്‍ ക്ഷീരോല്‍പാദനം വരെ

– ഹാര്‍ഡ്‌വെയര്‍ മുതല്‍ സോഫ്റ്റ്‌വെയര്‍ വരെ

– മരുന്നുകള്‍ മുതല്‍ മെഡിക്കല്‍ ടൂറിസം വരെ

– സോഫ്റ്റ് സ്‌കില്ലുകള്‍ മുതല്‍ ശാസ്ത്രവും സാങ്കേതികവിദ്യയും വരെ

നമുക്കു മുന്നില്‍ അവസരങ്ങളുണ്ട്.

ഏറ്റവും തുറന്ന സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

സാധ്യമായിടത്തോളം മിക്ക മേഖലകളിലും നേരിട്ടുള്ള വിദേശനിക്ഷേപം ഉദാരവല്‍ക്കരിച്ചു.

ബിസിനസുകള്‍ കെട്ടിപ്പടുക്കാനും വളര്‍ത്തിയെടുക്കാനും പറ്റുംവിധം വ്യവസ്ഥകള്‍ ലഘൂകരിക്കകയും യുക്തിപൂര്‍ണമാക്കുകയും ചെയ്തു.

സുഹൃത്തുക്കളേ,

അവസാനിപ്പിക്കുംമുമ്പ് സ്ഥാപനപരമായ കൂട്ടിച്ചര്‍ക്കലുകള്‍ നാം തമ്മിലുള്ള പങ്കാളിത്തത്തിന് ആഴം പകര്‍ന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടട്ടെ.

ബ്രിക്‌സ് ബിസിനസ് സൗഹൃദവും സി.ഇ.ഒമാരുടെ ഫോറവും നാം തമ്മിലുള്ള പങ്കാളിത്തം വര്‍ധിപ്പിക്കാനും വികസിപ്പിക്കാനും സഹായകമായിട്ടുണ്ട്.

ഇന്ന്, ഇന്ത്യ-ദക്ഷിണാഫ്രിക്ക സി.ഇ.ഒസ് ഫോറത്തിന്റെ മൂന്നാമതു യോഗം വിജയകരമായി നടത്താന്‍ നമുക്കു സാധിച്ചു.

നിങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ മാനിക്കുന്നു; അവ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യും.

പതിവു യാത്രികരായ ബിസിനസുകാര്‍ക്ക് പത്തു വര്‍ഷത്തെ ബ്രിക്‌സ് വിസ ഏര്‍പ്പെടുത്തിയ ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റിന്റെ നടപടിക്കു നന്ദി അറിയിക്കുന്നു.

ഇന്ത്യന്‍ വ്യവസായരംഗത്തിനു പ്രോല്‍സാഹനം പകരുന്ന തീരുമാനമാണത്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്ക്കായുള്ള ഇ-വിസ പ്രോഗ്രാമിനു ഞങ്ങള്‍ തുടക്കമിട്ടു.

ഹ്രസ്വകാല വിനോദസഞ്ചാരികള്‍ക്കും ബിസിനസ്സുകാര്‍ക്കും ഉപകാരപ്പെടുന്നതാണിത്.

വീട്ടിലിരുന്നുകൊണ്ട് ഇ-മെയ്ല്‍ അയച്ചാല്‍ ഒരു ചെലവുമില്ലാതെ നിങ്ങള്‍ക്കു വിസ കിട്ടും.

സുഹൃത്തുക്കളേ,

-നമുക്ക് ഒരിക്കല്‍ക്കൂടി കൈകള്‍ കോര്‍ക്കാം

-നമുക്ക് നമ്മെത്തന്നെ ഒരുമിച്ച് ഒരിക്കല്‍ക്കൂടി സമര്‍പ്പിക്കാം

-ദാരിദ്ര്യത്തിന്റെ ശത്രുവിനെതിരെ അടരാടാന്‍ ഇത് അത്യാവശ്യമാണ്

-ഇതു വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കാം

-എങ്കിലും നമുക്കു വിജയിക്കണം

-ഇതു മാത്രമായിരിക്കും മഹാന്‍മാരായ നമ്മുടെ നേതാക്കള്‍ക്കു നല്‍കാവുന്ന യഥാര്‍ഥ ശ്രദ്ധാഞ്ജലി.

നന്ദി.