1961 ലെ പ്രസവാനുകൂല്യ നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള 2016 ലെ പ്രസവാനുകൂല്യ നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി. നിയമ ഭേദഗതി വഴി രണ്ടു കുട്ടികളെ വരെ പ്രസവിക്കുന്നതിനുള്ള അവധി 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ധിക്കും. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് പ്രസവാവധി 12 ആഴ്ചയായി തുടരും. ഇതു കൂടാതെ കുട്ടികളെ ദത്തെടുക്കുന്ന അമ്മമാര്‍ക്കും 12 ആഴ്ചത്തെ അവധി ലഭ്യമാക്കും. 50 ല്‍ അധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ ശിശു സംരക്ഷണ കേന്ദ്രം നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് ഭേദഗതിയില്‍ പറയുന്നു. ഔപചാരിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന 1.8 ദശലക്ഷം സ്ത്രീകള്‍ക്ക് ഈ നിയമഭേദഗതിയുടെ ആനുകൂല്യം ലഭിക്കും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തും പ്രസവാനന്തരവും ആനുകൂല്യങ്ങളോടെയുള്ള അവധി ഉറപ്പുവരുത്തുന്നതാണ് 1961 ല്‍ കൊണ്ടു വന്ന പ്രസവാനുകൂല്യ നിയമം. പത്തോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരും.