Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രമുഖ ഇലക്‌ട്രോണിക് മാധ്യമ ഉടമകളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി


ഒരു ജീവിതകാല വെല്ലുവളിയായ കോവിഡ്-19നെ നൂതനാശയങ്ങളിലൂടെ കൈകാര്യം ചെയ്യണം: പ്രധാനമന്ത്രി
റിപ്പോര്‍ട്ടര്‍മാര്‍, ക്യമറാമാന്‍മാര്‍, സാങ്കേതികവിദഗ്ധര്‍ എന്നിവരുടെ വിശ്രമമില്ലാത്ത പരിശ്രമം രാജ്യത്തിന് നല്‍കുന്നത് ഏറ്റവും വലിയ സേവനം: പ്രധാനമന്ത്രി
ദുഷ്ചിന്തകളെയും പരിഭ്രാന്തിയെയും സകാരാത്മകമായ വാര്‍ത്താവിനിമയങ്ങളിലൂടെ പ്രതിരോധിക്കണം: പ്രധാനമന്ത്രി

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവരുന്ന അടിയന്തര വെല്ലുവിളികളെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വിഡിയോ കോഫറന്‍സിലൂടെ ഇലക്‌ട്രോണിക് മാധ്യമ ചാനല്‍ ഉടമകളുമായി ആശയവിനിമയം നടത്തി.
ആദ്യ ദിവസം മുതല്‍ തന്നെ ഈ മഹാമാരി ഉയര്‍ത്തുന്ന ഭീഷണിയുടെ ഗൗരവം തിരിച്ചറിഞ്ഞതിന് പ്രധാനമന്ത്രി മാധ്യമങ്ങളോട് നന്ദി പ്രകാശിപ്പിക്കുകയും ബോധവല്‍ക്കരണം നടത്തുന്നതിന് ചാനലുകള്‍ നടത്തുന്ന പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. രാജ്യത്തങ്ങോളമിങ്ങോളം വാര്‍ത്താമുറികള്‍ക്കുള്ളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറാമാന്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരുടെ അര്‍പ്പണമനോഭാവത്തെയും പ്രതിജ്ഞാബദ്ധതയെയും അദ്ദേഹം പ്രശംസിക്കുകയും, അവരുടെ പ്രവര്‍ത്തനത്തെ രാഷ്ട്രസേവനമെന്നു വിശേഷിപ്പിക്കുകയും ചെയ്തു. വീട്ടിലിരുന്നു വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിന് ചില ചാനലുകള്‍ സ്വീകരിച്ച നൂതനാശയങ്ങളെ അദ്ദേഹം പ്രശംസിച്ചു.
കോവിഡ്-19നെ ജീവിതകാല വെല്ലുവിളിയെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, നൂതനമായ ആശയങ്ങളിലൂടെ ഇതിനെ കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി. നമുടെ മുന്നില്‍ ഒരു നീണ്ട യുദ്ധമാണ് ഉള്ളത്. സാമൂഹിക അകലത്തിനുള്ള ബോധവല്‍ക്കരണത്തെക്കുറിച്ച് ഈ സാഹചര്യത്തില്‍ നല്ല പ്രചരണം നല്‍കണം, ഏറ്റവും ആധുനികമായ വികസനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പ്രധാനപ്പെട്ട തീരുമാനങ്ങളും വളരെ വേഗവും പ്രൊഫഷണലായും അതിവേഗം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സുഗമമായ ഭാഷയില്‍ ജനങ്ങളില്‍ എത്തിക്കണം. 
ചാനലുകള്‍ ഒരു വശത്ത് ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതും അശ്രദ്ധരാകാതിരിക്കുന്നതും ഉറപ്പാക്കുകയും ഒപ്പം ദുഷ്പ്രചരണങ്ങളും പരിഭ്രാന്തി വളര്‍ത്തുന്ന ചിന്തകളും സകാരാത്മകമായ ആശയവിനിമയങ്ങളിലൂടെ പ്രതിരോധിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഈ പോരാട്ടത്തിന്റെ മുന്‍പന്തിയിലുള്ള ഡോക്ടര്‍മാരെയും ആരോഗ്യ പരിരക്ഷാ പ്രവര്‍ത്തകരെയും പ്രചോദിതരായി നിര്‍ത്തേണ്ടതുണ്ട്.
പ്രതികരണത്തിന്റെ ഏറ്റവും സുപ്രധാനമായ മാധ്യമമമായി വാര്‍ത്താചാനലുകള്‍ നിലകൊള്ളുന്നുണ്ടെന്നും ആ പ്രതികരണങ്ങള്‍ ഉള്‍ക്കൊണ്ട് ഗവണ്‍മെന്റ് നിരന്തരം പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫീല്‍ഡിലുള്ള റിപ്പോര്‍ട്ടര്‍മാര്‍ക്ക് ബൂം മൈക്കുകള്‍ ലഭ്യമാക്കണമെന്നു ചാനലുകളോട് നിര്‍ദ്ദേശിച്ച അദ്ദേഹം, അഭിമുഖങ്ങള്‍ നടത്തുമ്പോള്‍ കുറഞ്ഞപക്ഷം ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും മറ്റുമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും പറഞ്ഞു.
ചാനലുകള്‍ ശാസ്ത്രീയമായ റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കണമെന്നും തങ്ങളുടെ ചര്‍ച്ചകളില്‍ കാര്യങ്ങള്‍ അറിയാവുന്ന വ്യക്തികളെ ഉള്‍പ്പെടുത്തണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് പ്രതിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വൈറസിന്റെ വ്യാപനം തടയുന്നതിനായി പൗരന്മാരുടെ അച്ചടക്കവും സാമൂഹിക അകലം പാലിക്കലും പ്രധാനമാണെന്നതിന് അദ്ദേഹം അടിവരയിട്ടു.
ഈ വെല്ലുവിളിയെ കൈകാര്യം ചെയ്യുന്നതിന് നല്‍കുന്ന നേതൃത്വത്തിനും കഠിനപ്രയത്‌നത്തിനും മാധ്യമപ്രതിനിധികള്‍ പ്രധാനമന്ത്രിക്ക് നന്ദി രേഖപ്പെടുത്തി. ഈ മഹാമാരിക്കെതിരായ പോരാട്ടത്തില്‍ അദ്ദേഹത്തോടൊപ്പം നിന്നു പ്രവര്‍ത്തിക്കുമെന്ന് അവര്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കി.
പ്രധാനമന്ത്രിക്ക് ജനങ്ങളുമായുള്ള വൈകാരികമായ ബന്ധത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട്, പ്രതിനിധികള്‍ അദ്ദേഹത്തോട് കൂടെക്കൂടെ രാജ്യത്തെ അഭിസംബോധനചെയ്യാനും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കൂടുതല്‍ സകാരാത്മകമായ കഥകള്‍, പ്രത്യേകിച്ചും കോവിഡ്-19ല്‍നിന്നു രക്ഷപ്പെട്ടവരുടെ പരിചയം സംബന്ധിച്ചവ ഉള്‍പ്പെടുത്താനും അഭ്യര്‍ഥിച്ചു. റിപ്പോര്‍ട്ടര്‍മാരെ പരിശോധിക്കുന്നതിനും ഊഹാപോഹങ്ങള്‍ക്കെതിരെ പോരാടുന്നതിനും 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകുന്ന അര്‍പ്പിതമായ ഒരു വകുപ്പ് രൂപീകരിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു. മറ്റു ചാനലുകള്‍ക്കു കൂടി ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു ദിവസം പ്രസാര്‍ഭാരതിക്കു രണ്ടു തവണ ആധികാരിക വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശവും അവര്‍ മുന്നോട്ടുവച്ചു.
നിര്‍ദ്ദേശങ്ങള്‍ക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും പ്രധാനമന്ത്രി അവരോട് നന്ദി പ്രകാശിപ്പിച്ചു. കറന്‍സി നോട്ടുകള്‍ വഴി വൈറസ് പരക്കുന്നത് തടയുന്നതിനായി ഡിജിറ്റല്‍ ഇടപാട് സംവിധാനങ്ങള്‍ സംബന്ധിച്ച ബോധവല്‍ക്കരണം പ്രചരിപ്പിക്കണമെന്ന് അദ്ദേഹം ചാനലുകളോട് അഭ്യര്‍ത്ഥിച്ചു. ശാസ്ത്രീയമായ റിപ്പോര്‍ട്ടിങ്ങിലൂടെ അന്ധവിശ്വാസങ്ങളുടെ പ്രചരണത്തെ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സകാരാത്മകമായി വിവിരങ്ങള്‍ പങ്കുവയ്ക്കുന്നതിന് ആരോഗ്യമന്ത്രാലയ ബീറ്റ് കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു. കോവിഡ്-19നെ പ്രതിരോധിക്കുന്നതിനുള്ള ഗ്രേഡഡ് റെസ്‌പോണ്‍സ് സംവിധാനത്തിന്റെ പരിപ്രേക്ഷ്യവും വെല്ലുവിളികള്‍ നേരിടുന്നതിനായി കാര്യശേഷി നിര്‍മ്മാണത്തിനായി നിരന്തരം നടത്തുന്ന പരിശ്രമങ്ങളും അവര്‍ വിശദീകരിച്ചു.
ഗ്രേഡഡ് പ്രതികരണ പ്രകാരമുള്ള പരിശോധനാ തന്ത്രമാണ് പിന്തുടരുന്നതെന്നും പരിശോധനാ കിറ്റിന്റെ അംഗീകാരം വേഗത്തിലാക്കുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ വ്യക്തമാക്കി.
കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയും വാര്‍ത്താ വിതരണ മന്ത്രാലയം സെക്രട്ടറിയും പ്രമുഖ ഇലക്‌ട്രോണിക് മാധ്യമ സ്ഥാപനങ്ങളുടെ മുതിര്‍ന്ന പ്രതിനിധികളും എഡിറ്റര്‍മാരും ആശയവിനിമയത്തില്‍ പങ്കെടുത്തു.