Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി 2018 മെയ് 19ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 മെയ് 19ന് ഏകദിന ജമ്മു കശ്മീര്‍ സന്ദര്‍ശനം നടത്തും.

ലെയില്‍ 19ാമത് കുഷോക് ബകുല റിംപോച്ചയുടെ ജന്മശതാബ്ദി ആഘോഷ സമാപനച്ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും. സോജില തുരങ്കത്തിന്റെ ജോലി അരംഭിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശിലാഫലകം അനാച്ഛാദനം ചെയ്യും.

14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സോജില തുരങ്കം ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്ക പാതയും ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇരു ദിശയിലേക്കുമുള്ള തുരങ്കവുമായിരിക്കും. ഈ വര്‍ഷമാദ്യം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി 6,800 കോടി രൂപ ചെലവില്‍ എന്‍.എച്ച്. 1എയിലെ ശ്രീനഗര്‍-ലെ പ്രദേശത്തെ ബല്‍ട്ടാല്‍ മുതല്‍ മിനമാര്‍ഗ് വരെയുള്ള തുരങ്കം നിര്‍മിച്ചു സംരക്ഷിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. തുരങ്കം പൂര്‍ത്തിയാകുന്നതോടെ ശ്രീനഗര്‍, കര്‍ഗില്‍, ലെ എന്നീ പ്രദേശങ്ങള്‍ക്കിടയില്‍ എല്ലാ കാലാവസ്ഥയിലും ഗതാഗതം സാധ്യമാകും. നിലവില്‍ സോജില മലയിടുക്ക് കടന്നെത്താന്‍ മൂന്നര മണിക്കൂര്‍ വേണമെങ്കില്‍ തുരങ്ക പാത യാഥാര്‍ഥ്യമാകുന്നതോടെ കേവലം 15 മിനുട്ട് കൊണ്ട് എത്താന്‍ സാധിക്കും. ഈ മേഖലകളുടെ സര്‍വതോന്മുഖമായ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക ഉദ്ഗ്രഥനത്തിന് ഇതു സഹായകമാകും. തുരങ്ക പാതയുടെ തന്ത്രപരമായ പ്രാധാന്യവും ഏറെയാണ്.

ശ്രീനഗറിലെ ഷേര്‍-ഇ-കശ്മീര്‍ രാജ്യാന്തര കോണ്‍ഫറന്‍സ് സെന്ററി(എസ്.കെ.ഐ.സി.സി.)ല്‍ നടക്കുന്ന ചടങ്ങില്‍ 330 മെഗാവാട്ട് കിഷന്‍ഗംഗ ജലവൈദ്യുത പദ്ധതി പവര്‍ സ്റ്റേഷന്‍ പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. ശ്രീനഗര്‍ റിങ് റോഡിന്റെ തറക്കല്ലിടല്‍ കര്‍മവും അദ്ദേഹം നിര്‍വഹിക്കും.

ജമ്മുവിലെ സൊറാവാര്‍ സിങ് ഓഡിറ്റോറിയത്തില്‍ പകുല്‍ ദള്‍ ഊര്‍ജപദ്ധതിക്കും ജമ്മു റിങ് റോഡിനും പ്രധാനമന്ത്രി തറക്കല്ലിടും. ശ്രീ മാതാ വൈഷ്‌ണോദേവി ക്ഷേത്ര ബോര്‍ഡിന്റെ താരാക്കോട് മാര്‍ഗും മെറ്റീരിയല്‍ റോപ്‌വേയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ക്ഷേത്രം സന്ദര്‍ശിക്കുന്ന തീര്‍ഥാടകര്‍ക്ക് ഉപകാരപ്രദമാണ് താരാക്കോട് മാര്‍ഗ്.
നഗരങ്ങളിലെ വാഹനത്തിരക്കു കുറയ്ക്കാനും റോഡ് ഗതാഗതം സുരക്ഷിതവും വേഗമാര്‍ന്നതും കൂടുതല്‍ സൗകര്യപ്രദവും പരിസ്ഥിതിസൗഹൃദപരവും ആക്കിത്തീര്‍ക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ശ്രീനഗര്‍, ജമ്മു റിങ് റോഡുകള്‍.

ജമ്മു ഷേര്‍-ഇ-കശ്മീര്‍ കൃഷിശാസ്ത്ര, സാങ്കേതിക സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങിലും പ്രധാനമന്ത്രി സംബന്ധിക്കും.