Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഹിന്ദുസ്ഥാൻ ടൈംസ് നേതൃത്വ ഉച്ചകോടി 2023നെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ഹിന്ദുസ്ഥാൻ ടൈംസ് നേതൃത്വ ഉച്ചകോടി 2023നെ അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഹിന്ദുസ്ഥാൻ ടൈംസ് നേതൃത്വ ഉച്ചകോടി 2023നെ അഭിസംബോധന ചെയ്തു.

2023ലെ ഹിന്ദുസ്ഥാൻ ടൈംസ് നേതൃത്വ ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് പ്രധാനമന്ത്രി എച്ച്ടി ഗ്രൂപ്പിന് നന്ദി പറഞ്ഞു. ഈ നേതൃത്വ ഉച്ചകോടിയുടെ പ്രമേയങ്ങളുമായി ഇന്ത്യ മുന്നോട്ടുപോകുന്നതിന്റെ സന്ദേശം എച്ച്‌ടി ഗ്രൂപ്പ് എല്ലായ്‌പ്പോഴും എങ്ങനെയാണു കൈമാറുന്നതെന്നു ശ്രീ മോദി വ്യക്തമാക്കി. 2014ൽ ഇപ്പോഴത്തെ ഗവണ്മെന്റ് അധികാരത്തിൽ വന്നപ്പോൾ ‘ഇന്ത്യയെ പുനർനിർമിക്കുക’ എന്നതായിരുന്നു ഈ ഉച്ചകോടിയുടെ പ്രമേയമെന്ന് അദ്ദേഹം അനുസ്മരിച്ചു. വലിയ മാറ്റങ്ങൾ വരാനിരിക്കുന്നതായും ഇന്ത്യയെ പുനർരൂപകൽപ്പന ചെയ്യുമെന്നും മുൻകൂട്ടി കാണാൻ ഈ ഗ്രൂപ്പിനായി എന്ന് അദ്ദേഹം പറഞ്ഞു. ഇതിലും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച് 2019ൽ നിലവിലെ ഗവണ്മെന്റ് പുനഃസ്ഥാപിച്ചപ്പോൾ നൽകിയത് ‘നല്ല നാളേക്കുള്ള സംഭാഷണങ്ങൾ’ എന്ന വിഷയമാണെന്നും അദ്ദേഹം അനുസ്മരിച്ചു. 2023ൽ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഉച്ചകോടിയുടെ പ്രമേയമായ ‘പ്രതിബന്ധങ്ങൾ മറികടക്കുക’ എന്ന വിഷയവും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നിലവിലെ ഗവണ്മെന്റ് എല്ലാ റെക്കോർഡുകളും തകർത്ത് വിജയിക്കുമെന്ന സന്ദേശവും ശ്രീ മോദി ഉയർത്തിക്കാട്ടി. “2024ലെ പൊതുതിരഞ്ഞെടുപ്പുഫലം പ്രതിബന്ധങ്ങൾക്ക് അതീതമായിരിക്കും” – ശ്രീ മോദി അഭിപ്രായപ്പെട്ടു.

‘ഇന്ത്യയെ പുനർനിർമ്മിക്കുക’ എന്നതിൽനിന്ന് ‘പ്രതിബന്ധങ്ങൾ മറികടക്കുക’ എന്നതിലേക്കുള്ള ഇന്ത്യയുടെ യാത്ര രാജ്യത്തിന്റെ വരാനിരിക്കുന്ന ശോഭനമായ ഭാവിയുടെ അടിത്തറ പാകിയതായി പ്രധാനമന്ത്രി പറഞ്ഞു. ഈ അടിത്തറയിൽ വികസിതവും മഹത്തായതും സമ്പന്നവുമായ ഇന്ത്യ നിർമിക്കപ്പെടുമെന്ന്, ദീർഘകാലമായി ഇന്ത്യ അഭിമുഖീകരിക്കുന്ന നിരവധി പ്രതിബന്ധങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ദീർഘകാലത്തെ അടിമത്തവും ആക്രമണങ്ങളും രാജ്യത്തെ നിരവധി തടസങ്ങൾക്കുള്ളിൽ ബന്ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരാമർശിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അനുസ്മരിച്ച അദ്ദേഹം, അക്കാലത്ത് ഉയർന്നുവന്ന പ്രവാഹവും ജനങ്ങൾക്കിടയിലെ അഭിനിവേശവും ഐക്യബോധവും അത്തരം നിരവധി തടസങ്ങൾ തകർത്തുവെന്നു ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിനുശേഷവും ഇതേ കുതിപ്പു തുടരുമെന്നാണു പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. “നിർഭാഗ്യവശാൽ, അത് സംഭവിച്ചില്ല. നമ്മുടെ രാജ്യത്തിന് അതിന്റെ സാധ്യതകൾക്കനുസരിച്ച് വളരാൻ കഴിഞ്ഞില്ല” – അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളിലൊന്ന് മാനസികമായ പ്രതിബന്ധങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ചില പ്രശ്‌നങ്ങൾ യഥാർഥത്തിലുള്ളവയും മറ്റു ചിലവ മനസിലാക്കാനാകുന്നതും ബാക്കിയുള്ളവ അതിശയോക്തിപരവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2014 ന് ശേഷം ഈ തടസ്സങ്ങള്‍ നീക്കാന്‍ ഭാരതം തുടര്‍ച്ചയായി കഠിനാധ്വാനം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി ആശ്വസിച്ചു. ഒരുപാട് കടമ്പകള്‍ തരണം ചെയ്ത നമ്മള്‍ ഇപ്പോള്‍ പ്രതിബന്ധങ്ങള്‍ക്കപ്പുറത്തേക്ക് പോകുന്നതിനെക്കുറിച്ചാണു സംസാരിക്കുന്നത്. ”ഇന്ന്, ചന്ദ്രന്റെ ഇതുവരെ ആരും ഇറങ്ങിയിട്ടില്ലാത്ത ആ ഭാഗത്ത് ഇന്ത്യ എത്തിയിരിക്കുന്നു. ഇന്ന്, എല്ലാ തടസ്സങ്ങളും തകര്‍ത്ത് ഡിജിറ്റല്‍ ഇടപാടുകളില്‍ ഭാരതം ഒന്നാം സ്ഥാനത്തെത്തി. മൊബൈല്‍ നിര്‍മ്മാണത്തില്‍ മുന്നിലാണ്, സ്റ്റാര്‍ട്ടപ്പുകളില്‍ ലോകത്തിലെ മികച്ച 3 രാജ്യങ്ങളില്‍ ശക്തമായി നിലകൊള്ളുന്നു, കൂടാതെ വിദഗ്ധരായ ആളുകളുടെ ഒരു സംഘം ഉണ്ടാക്കുന്നു,’ അദ്ദേഹം പറഞ്ഞു. ജി 20 ഉച്ചകോടി പോലുള്ള ആഗോള പരിപാടികളില്‍ ഇന്ന് ഇന്ത്യ അതിന്റെ പതാക ഉയര്‍ത്തി, എല്ലാ തടസ്സങ്ങളും തകര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എഴുത്തുകാരനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ അല്ലാമ ഇഖ്ബാലിന്റെ ‘സിത്താറോം കെ ആഗേ ജഹാന്‍ ഔര്‍ ഭി ഹേ’ എന്ന ഗസലില്‍ നിന്നുള്ള ഒരു വരി ആലപിച്ച്, ഇന്ത്യ ഇനിയും നിര്‍ത്താന്‍ പോകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മുന്‍കാല ഗവണ്‍മെന്റുകളുടെ അയഞ്ഞ സമീപനത്തെക്കുറിച്ചുള്ള വിമര്‍ശനത്തിനും പരിഹാസത്തിനും കാരണമായ രാജ്യത്തിന്റെ ഏറ്റവും വലിയ തടസ്സങ്ങളാണ് മാനസികാവസ്ഥയും അനാസ്ഥയുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമയനിഷ്ഠ, അഴിമതി, ഗവണ്‍മെന്റിന്റെ പ്രയത്‌നങ്ങള്‍ എന്നിവയെ എടുത്തുകാണിച്ചുകൊണ്ട്, ചില സംഭവങ്ങള്‍ മാനസികമായ തടസ്സങ്ങള്‍ തകര്‍ക്കാന്‍ രാജ്യത്തെ മുഴുവന്‍ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. മഹാത്മാഗാന്ധി ആരംഭിച്ച ദണ്ഡി മാര്‍ച്ച് എങ്ങനെയാണ് രാജ്യത്തെ പ്രചോദിപ്പിച്ചതെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ജ്വാല ജ്വലിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാന്ദ്രയാന്‍ 3ന്റെ വിജയം ഓരോ പൗരനിലും അഭിമാനവും ആത്മവിശ്വാസവും ഉളവാക്കുന്നുവെന്നും എല്ലാ മേഖലകളിലും മുന്നേറാന്‍ അവരെ പ്രചോദിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ‘ഇന്ന്, ഓരോ ഇന്ത്യക്കാരും ആത്മവിശ്വാസം കൊണ്ട് നിറഞ്ഞിരിക്കുകയാണ്’, പ്രധാനമന്ത്രി പറഞ്ഞു. വൃത്തി, ശൗചാലയം, ശുചിത്വം തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രി തന്നെ ചെങ്കോട്ടയില്‍ നിന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഉന്നയിച്ചത് ചിന്താഗതിയില്‍ മാറ്റം വരുത്തിയതെങ്ങനെയെന്ന് അദ്ദേഹം അനുസ്മരിച്ചു. ‘ശുചിത്വം ഇപ്പോള്‍ ഒരു പൊതു പ്രസ്ഥാനമായി മാറിയിരിക്കുന്നു’, ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഖാദിയുടെ വില്‍പന മൂന്നിരട്ടി വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍ ദരിദ്രര്‍ക്കിടയിലെ മാനസിക പ്രതിബന്ധങ്ങള്‍ തകര്‍ക്കുന്നതിനും അവരുടെ അഭിമാനവും ആത്മാഭിമാനവും പുനരുജ്ജീവിപ്പിക്കാനുള്ള മാധ്യമമായി മാറിയെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. ബാങ്ക് അക്കൗണ്ടുകള്‍ പണക്കാര്‍ക്ക് മാത്രമായി പരിഗണിക്കപ്പെടുന്ന നിഷേധാത്മകമായ മാനസികാവസ്ഥ ചൂണ്ടിക്കാട്ടിയ അദ്ദേഹം ജന്‍ധന്‍ യോജന എങ്ങനെയാണ് പാവപ്പെട്ടവരുടെ വീട്ടുപടിക്കല്‍ എത്തിച്ച് ബാങ്കുകളെ കൂടുതല്‍ പ്രാപ്യമാക്കിയതെന്ന് അറിയിച്ചു. ദരിദ്രരുടെ ശാക്തീകരണത്തിന്റെ ഉറവിടമായി റുപേ കാര്‍ഡുകളുടെ വ്യാപകമായ ഉപയോഗം മാറിയതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. എസി മുറികളില്‍ ഇരുന്ന് അക്കങ്ങളാലും വിവരണങ്ങളാലും നയിക്കപ്പെടുന്നവര്‍ക്ക് ഒരിക്കലും പാവപ്പെട്ടവരുടെ മാനസിക ശാക്തീകരണം മനസ്സിലാക്കാന്‍ കഴിയില്ല, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തിക്ക് പുറത്തുള്ള ചിന്താഗതിയുടെ മാറ്റത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന കഴിവിനെ ശ്രീ മോദി പരാമര്‍ശിച്ചു. കാലാവസ്ഥാ കര്‍മ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുകയും സമയപരിധിക്ക് മുമ്പ് ആഗ്രഹിച്ച ഫലങ്ങള്‍ കൈവരിക്കുകയും ചെയ്തു. കായികരംഗത്തെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുകയും ഈ നേട്ടത്തിന് പിന്നില്‍ പ്രകടമായ മനോഭാവത്തിലെ മാറ്റത്തില്‍ അഭിമാനിക്കുകയും ചെയ്തു.

കഴിവുകള്‍ക്കും വിഭവങ്ങള്‍ക്കും ഇന്ത്യയില്‍ ഒരു കുറവുമില്ല”, പ്രധാനമന്ത്രി പറഞ്ഞു. ദാരിദ്ര്യത്തിന്റെ യഥാര്‍ത്ഥ തടസ്സം ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി മുദ്രാവാക്യങ്ങള്‍ കൊണ്ട് അതിനെ ചെറുക്കാനാവില്ലെന്നും പരിഹാരങ്ങളും നയങ്ങളും ഉദ്ദേശ്യങ്ങളും ഉപയോഗിക്കണമെന്നും പറഞ്ഞു. പാവപ്പെട്ടവരെ സാമൂഹികമായും സാമ്പത്തികമായും പുരോഗതി പ്രാപിക്കാന്‍ സഹായിക്കാത്ത മുന്‍ ഗവണ്‍മെന്റുകളുടെ ചിന്താഗതിയില്‍ അദ്ദേഹം പരിദേവനപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ രൂപത്തിലുള്ള പിന്തുണയോടെ ദാരിദ്ര്യത്തെ മറികടക്കാന്‍ പാവപ്പെട്ടവര്‍ പ്രാപ്തരാകുമെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, പാവപ്പെട്ടവരെ ശാക്തീകരിക്കുക എന്നത് കേന്ദ്ര ഗവണ്‍ശമന്റിന്റെ ഏറ്റവും വലിയ മുന്‍ഗണനയാണെന്നും പറഞ്ഞു. ”ഗവണ്‍മെന്റ് ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തുക മാത്രമല്ല, ദാരിദ്ര്യത്തെ മറികടക്കാന്‍ പാവപ്പെട്ടവരെ സഹായിക്കുകയും ചെയ്തു”, കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ മാത്രം 13 കോടിയിലധികം ആളുകള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി അറിയിച്ചുകൊണ്ട്അദ്ദേഹം പറഞ്ഞു. 13 കോടി ജനങ്ങള്‍ ദാരിദ്ര്യത്തിന്റെ വേലി തകര്‍ത്ത് രാജ്യത്തെ നവ മദ്ധ്യവര്‍ഗത്തിന്റെ ഭാഗമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

സ്വജനപക്ഷപാതത്തിന്റെ പ്രതിബന്ധത്തെക്കുറിച്ച് സംസാരിച്ച ശ്രീ മോദി, കായികരംഗത്തോ, ശാസ്ത്ര, രാഷ്ട്രീയ പത്മ അവാര്‍ഡുകളുടെ മേഖലയിലോ സാധാരണക്കാര്‍ക്ക് ഒന്നും സാദ്ധ്യമായിരുന്നില്ലെന്നും, ചില വുത്തങ്ങളില്‍പ്പെട്ടവരാണെങ്കില്‍ മാത്രമേ വിജയം ഉണ്ടായിരുന്നുള്ളുവെന്നും ചൂണ്ടിക്കാട്ടി. സാധാരണ പൗരന്മാര്‍ക്ക് ഇന്ന് ശാക്തീകരണവും പ്രോത്സാഹനവും അനുഭവിക്കുന്ന തോന്നലുണ്ടെന്ന് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം അതിന് ഗവണ്‍മെന്റിന്റെ സമീപനത്തിലെ പരിവര്‍ത്തനത്തിനെ പ്രശംസിക്കുകയും ചെയ്തു. ”ഇന്നലെ അറിയപ്പെടാത്ത വീരന്മാര്‍ ഇന്ന് രാജ്യത്തിന്റെ വീരന്മാരാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ തടസ്സം ഇന്ത്യ കൈകാര്യം ചെയ്യുന്നതിലേക്ക് ശ്രദ്ധ ആകര്‍ഷിച്ച പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന യജ്ഞം നടക്കുകയാണെന്നും എടുത്തുപറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയുടെ വേഗതയും തോതും ം ഉയര്‍ത്തിക്കാട്ടുന്നതിനായി, ഹൈവേകളുടെ നിര്‍മ്മാണം 2013-14 ല്‍ 12 കിലോമീറ്ററില്‍ നിന്ന് 2022-23 ല്‍ 30 കിലോമീറ്ററായി ഉയര്‍ത്തിയതും, 2014 ലെ 5 നഗരങ്ങളില്‍ നിന്ന് മെട്രോ ബന്ധിപ്പിക്കല്‍ 2023 ല്‍ 20 നഗരങ്ങളിലേക്ക് വിപുലീകരിച്ചതും 2014ല്‍ല 70 ആയിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം ഇന്ന് ഏതാണ്ട് 150 ആയതും 2014ലെ 380 മെഡിക്കല്‍ കോളേജുകള്‍ ഇന്ന് 700 ആയതും. ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല 2014ലെ 350 കിലോമീറ്ററില്‍ നിന്നും ഇന്ന് 6ലക്ഷം കിലോമീറ്ററില്‍ അധികമായി വിപുലീകരിച്ചതും പ്രധാനമന്ത്രി ഗ്രാമസഡക് യോജനയ്ക്ക് കീഴില്‍ ഗ്രാമങ്ങളെ 2014ലെ 55 ശതമാനത്തില്‍ നിന്ന് 99 ശതമാനം ബന്ധിപ്പിക്കാന്‍ സാധിച്ചതും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം 20,000 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ മാത്രമാണ് വൈദ്യുതീകരിച്ചിരുന്നതെന്നും എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 40,000 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ വൈദ്യുതീകരിച്ചിട്ടുണ്ടെന്നതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ”ഇതാണ് ഇന്ത്യയുടെ ഇന്നത്തെ വികസനത്തിന്റെ വേഗതയും തോതും. ഇത് ഇന്ത്യയുടെ വിജയത്തിന്റെ അടയാളമാണ്,”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യ പല പ്രതിബന്ധങ്ങളില്‍ നിന്നും പ്രത്യക്ഷമായിതന്നെ കരകയറിയതായി അദ്ദേഹം പറഞ്ഞു. നല്ല സാമ്പത്തികശാസ്ത്രം നല്ല രാഷ്ട്രീയമാകില്ല എന്നായിരുന്നു നമ്മുടെ നയരൂപീകര്‍ത്താക്കളുടെയും രാഷ്ര്ടീയ വിദഗ്ധരുടെയും വീക്ഷണം. അത് ശരിയാണെന്ന് പല ഗവണ്‍മെന്റുകളും അംഗീകരിച്ചിരുന്നതിനാല്‍ നമ്മുടെ രാജ്യത്തിന് രാഷ്ട്രീയവും സാമ്പത്തികവുമായ ഇരുമേഖലകളിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നു. പക്ഷേ, ഞങ്ങള്‍ നല്ല സാമ്പത്തികശാസ്ത്രവും നല്ല രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുവന്നു. ഇന്ത്യയുടെ സാമ്പത്തിക നയങ്ങള്‍ രാജ്യത്ത് പുരോഗതിയുടെ പുതിയ വഴികള്‍ തുറന്നു. ബാങ്കിംഗ് പ്രതിസന്ധി, ജി.എസ്.ടി നടപ്പാക്കല്‍, കോവിഡ് മഹാമാരി എന്നിവയില്‍ പരിഹാരം കാണേണ്ട സമയത്ത് ബഹുജനങ്ങള്‍ക്ക് ദീര്‍ഘകാല നേട്ടങ്ങള്‍ നല്‍കുന്ന നയങ്ങള്‍ പ്രതിവിധിയായി തെരഞ്ഞെടുത്തുവെതന്ന് അദ്ദേഹം പറഞ്ഞു.
തടസത്തിന്റെ മറ്റൊരു പ്രത്യക്ഷ ഉദാഹരണമായി ഈയിടെ പാസാക്കിയ നാരീ ശക്തി വന്ദന്‍ അധീനിയത്തെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഒരിക്കലും പാസാക്കില്ലെന്ന് തോന്നിപ്പിച്ച  ബില്ലാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്‍ ഗവണ്‍മെന്റുകള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി നിരവധി പ്രശ്നങ്ങള്‍ പെരുപ്പിച്ചു കാട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട 370ാം വകുപ്പ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. നേരത്തേ, അത് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് എല്ലാവരേയും വിശ്വസിപ്പിക്കാനായി ഒരു മാനസിക സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നു. അതു റദ്ദാക്കിയതു പുരോഗതിക്കും സമാധാനത്തിനും വഴിയൊരുക്കിയെന്നും അദ്ദേഹം തുടര്‍ന്നു. ജമ്മു കശ്മീര്‍ എങ്ങനെ മാറുന്നുവെന്ന് ലാല്‍ ചൗക്കിന്റെ ചിത്രങ്ങള്‍ കാണിക്കുന്നു. ഇന്ന് കേന്ദ്രഭരണപ്രദേശത്ത് തീവ്രവാദം അവസാനിക്കുകയും ടൂറിസം തുടര്‍ച്ചയായി വളരുകയും ചെയ്യുന്നു. ജമ്മു കശ്മീരിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ നാം പ്രതിജ്ഞാബദ്ധരാണ്,’ അദ്ദേഹം പറഞ്ഞു.

മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി, ബ്രേക്കിംഗ് ന്യൂസിന്റെ പ്രസക്തിയും 2014 മുതലുള്ള അതിന്റെ പരിവര്‍ത്തനവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റേറ്റിംഗ് ഏജന്‍സികള്‍ 2013-ലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് താഴോട്ടുപോകുമെന്നു നിഗമനം തിരുത്തിയത് അനുസ്മരിച്ചുകൊണ്ട്, നെരെ വിപരീതമായി വളര്‍ച്ചാനിരക്ക് വര്‍ധിക്കുമെന്ന തിരുത്തലിനു സാക്ഷ്യം വഹിക്കുകയാണെന്നു വ്യക്തമാക്കി. 2013ല്‍ തകര്‍ച്ച നേരിട്ടിരുന്ന ഇന്ത്യന്‍ ബാങ്കുകള്‍ തകര്‍ച്ച 2023ല്‍ ലാഭത്തില്‍ സര്‍വകാല റെക്കോഡ് സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. 2013ലെ ഹെലികോപ്റ്റര്‍ അഴിമതിയില്‍നിന്ന് 2013-14 മുതലേതില്‍നിന്ന് 20 മടക്ക് ഉയര്‍ന്ന് രാജ്യം പ്രതിരോധ മേഖലയിലെ കയറ്റുമതിയില്‍ റെക്കോഡ് സ്ഥാപിച്ചതും പ്രധാനമന്ത്രി വിശദീകരിച്ചു. റെക്കോഡ് കുംഭകോണങ്ങളില്‍നിന്ന് ഇന്ത്യ റെക്കോഡ് വികസനത്തിലേക്കു കടന്നുവെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
2013-ല്‍ ഇടത്തരക്കാരെ ബാധിക്കുന്ന ഗുരുതരമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ദേശീയ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളുടെ നിഷേധാത്മക തലക്കെട്ടുകള്‍ വന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. എന്നാല്‍ ഇന്ന് സ്റ്റാര്‍ട്ടപ്പുകളോ സ്പോര്‍ട്സോ ബഹിരാകാശമോ സാങ്കേതികവിദ്യയോ ആകട്ടെ, ഇന്ത്യയുടെ വികസന യാത്രയില്‍ മധ്യവര്‍ഗം അതിവേഗം മുന്നേറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  അവരുടെ വരുമാനം വര്‍ധിച്ചിട്ടുണ്ടെന്നും 2023-ല്‍ 7.5 കോടിയിലധികം ആളുകള്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു, 2013-14ല്‍ ഇത് 4 കോടിയായിരുന്നു. 2014ല്‍ 4.5 ലക്ഷം രൂപയില്‍ താഴെയായിരുന്ന ശരാശരി വരുമാനം 2023ല്‍ 13 ലക്ഷം രൂപയായി വര്‍ധിച്ചതായും തല്‍ഫലമായി ലക്ഷക്കണക്കിന് ആളുകള്‍ താഴ്ന്ന വരുമാന വിഭാഗത്തില്‍ നിന്ന് ഉയര്‍ന്ന വരുമാന വിഭാഗത്തിലേക്ക് മാറിയതായും നികുതി വിവരങ്ങളുമായി ബന്ധപ്പെട്ട ഒരു പഠനം വ്യക്തമാക്കുന്നു. ദേശീയ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച സാമ്പത്തിക റിപ്പോര്‍ട്ടിലെ രസകരമായ വസ്തുത ഉദ്ധരിച്ചുകൊണ്ട്, 5.5 ലക്ഷം മുതല്‍ 25 ലക്ഷം വരെ രൂപ ശമ്പളപരിധിയിലുള്ളവരുടെ മൊത്തം വരുമാനം ചേര്‍ത്താല്‍ ലഭിക്കുന്ന തുക 2011-12ല്‍ 3.25 ലക്ഷം കോടി രൂപയായിരുന്നെങ്കില്‍  ഇത് 2021 ആയപ്പോഴേക്കും 14.5 ലക്ഷം കോടി രൂപയായി ഉയര്‍ന്നു, അതായത് 5 മടങ്ങ് വര്‍ധനയുണ്ടായി. ശമ്പളം ലഭിക്കുന്ന തുക മാത്രം വിശകലനം ചെയ്താണ് ഈ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നതെന്നും മറ്റ് സ്രോതസ്സുകള്‍ പരിഗണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വളര്‍ന്നുവരുന്ന മധ്യവര്‍ഗവും കുറഞ്ഞ തോതില്‍ മാത്രമുള്ള ദാരിദ്ര്യവും ഈ വലിയ സാമ്പത്തിക ചക്രത്തിന്റെ രണ്ട് പ്രധാന ഘടകങ്ങളുടെ അടിസ്ഥാനമായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ദാരിദ്ര്യത്തില്‍ നിന്ന് കരകയറുന്നവ നവ-മധ്യവര്‍ഗം രാജ്യത്തിന്റെ ഉപഭോഗ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ആവശ്യം നിറവേറ്റുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യവര്‍ഗം അവരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു, അതായത് ദാരിദ്ര്യ നിരക്ക് കുറയുന്നത് മധ്യവര്‍ഗത്തിനും ഗുണം ചെയ്യുന്നു. ഈ ആളുകളുടെ ആഗ്രഹങ്ങളും സന്നദ്ധതയും നമ്മുടെ നാടിന്റെ വികസനത്തിന് ശക്തി പകരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ശക്തി ഇന്ന് ഇന്ത്യയെ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി മാറ്റി. ഇന്ത്യ ഉടന്‍ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

2047ഓടെ വികസിത രാഷ്ട്രമായി മാറുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് അമൃത കാലത്തില്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങളെയും ഇന്ത്യ വിജയകരമായി തരണം ചെയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘ഇന്ന്, ദരിദ്രരില്‍ ഏറ്റവും ദരിദ്രര്‍ മുതല്‍ ലോകത്തിലെ ഏറ്റവും ധനികര്‍ വരെ ഇത് ഇന്ത്യയുടെ സമയമാണെന്ന് വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു. ഓരോ ഇന്ത്യക്കാരന്റെയും ഏറ്റവും വലിയ ശക്തി ആത്മവിശ്വാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിന്റെ ശക്തിയാല്‍ നമുക്ക് ഏത് തടസ്സവും മറികടക്കാന്‍ കഴിയും, അദ്ദേഹം പറഞ്ഞു. 2047-ല്‍ നടക്കുന്ന ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് ഉച്ചകോടി – വികസിത രാഷ്ട്രം, ഇനിയെന്ത് എന്ന പ്രമേയത്തോടൂകുടിയായിരിക്കുമെന്ന പ്രത്യാശ പങ്കുവെച്ചുകൊണ്ടാണു  പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

NS