പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 സെപ്റ്റംബർ 11നു രാവിലെ 10.30ന് ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്‌പോ മാർട്ടിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്യും.
സെമികണ്ടക്ടർ രൂപകൽപ്പന, ഉൽപ്പാദനം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കുകയെന്നതാണു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഈ കാഴ്ചപ്പാടിനനുസൃതമായാണു ‘സെമികണ്ടക്ടർ ഭാവിക്കു രൂപംനൽകൽ’ എന്ന വിഷയത്തിൽ 2024 സെപ്റ്റംബർ 11 മുതൽ 13 വരെ ‘സെമികോൺ ഇന്ത്യ’ സംഘടിപ്പിക്കുന്നത്.
സെപ്തംബർ 11 മുതൽ 13 വരെ നടക്കുന്ന ത്രിദിന സമ്മേളനം ഇന്ത്യയെ സെമികണ്ടക്ടറിന്റെ ആഗോളകേന്ദ്രമാക്കി മാറ്റുന്ന തരത്തിൽ, ഇന്ത്യയുടെ സെമികണ്ടക്ടർ തന്ത്രവും നയവും പ്രദർശിപ്പിക്കും. ആഗോളതലത്തിൽ സെമികണ്ടക്ടർ മേഖലയിലെ വൻകിട കമ്പനികളുടെ ഉന്നത നേതൃത്വത്തിന്റെ പങ്കാളിത്തത്തിന് ഇതു സാക്ഷ്യം വഹിക്കും. ആഗോളതലത്തിലെ പ്രമുഖർ, കമ്പനികൾ, സെമികണ്ടക്ടർ വ്യവസായത്തിലെ വിദഗ്ധർ എന്നിവരെ ഈ ഉച്ചകോടി ഒരുമിച്ചുകൊണ്ടുവരും. 250-ലധികം പ്രദർശകരും 150 പ്രഭാഷകരും സമ്മേളനത്തിൽ പങ്കെടുക്കും.
****