Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി സെപ്റ്റംബർ 17നു ദേശീയ ലോജിസ്റ്റിക്സ് നയം അവതരിപ്പിക്കും


പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 സെപ്റ്റംബർ 17നു ദേശീയ വിന്യാസ (ലോജിസ്റ്റിക്സ്) നയം (എൻഎൽപി) അവതരിപ്പിക്കും. വൈകിട്ട് 5.30നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിലാണു ചടങ്ങ്. 

മറ്റു വികസിത സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യയിൽ വിന്യാസച്ചെലവു കൂടുതലായതിനാലാണു ദേശീയ വിന്യാസനയത്തിന്റെ ആവശ്യകത ഉയർന്നത്. ആഭ്യന്തരവിപണിയിലും കയറ്റുമതി വിപണിയിലും ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത മെച്ചപ്പെടുത്തുന്നതിനു രാജ്യത്തു വിന്യാസച്ചെലവു കുറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വിന്യാസച്ചെലവു കുറയുന്നതു സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളിൽ കാര്യക്ഷമത വർധിപ്പിക്കും. മൂല്യവർധനയെയും ഉദ്യമങ്ങളെയും പ്രോത്സാഹിപ്പിക്കും. 

2014 മുതൽ, വ്യവസായനടത്തിപ്പുസൗകര്യവും ജീവിതസൗകര്യവും മെച്ചപ്പെടുത്തുന്നതിനു ഗവണ്മെന്റ് വലിയ ഊന്നലാണു നൽകുന്നത്. മൊത്തത്തിലുള്ള വിന്യാസ ആവാസവ്യവസ്ഥയുടെ വികസനത്തിനായി, വിവിധ മേഖലകളും വകുപ്പുകളും അധി‌കാരപരിധികളും ഉൾപ്പെടുന്ന ചട്ടക്കൂടു സ്ഥാപിക്കുകയാണു ദേശീയ വിന്യാസനയം ചെയ്യുന്നത്. ചെലവു വർധിക്കുന്നതിന്റെയും കാര്യക്ഷമതയില്ലായ്മയുടെയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സമഗ്രമായ ശ്രമമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തുനിന്നുള്ള ചരക്കകളുടെ മത്സരശേഷി മെച്ചപ്പെടുത്തുന്നതിനും സാമ്പത്തികവളർച്ച വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള ശ്രമം കൂടിയാണ് ഈ നയം.

സമഗ്രമായ ആസൂത്രണത്തിനും നിർവഹണത്തിനുമായി എല്ലാ പങ്കാളികളെയും ഏകോപിപ്പിച്ചു ലോകോത്തര ആധുനിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുകയെന്നതാണു പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. അതിലൂടെ  കാര്യക്ഷമതയും കൂട്ടായ്മയും കൈവരിക്കാനാകും. ബഹുതല സമ്പർക്കസൗകര്യങ്ങൾക്കായുള്ള ദേശീയ ആസൂത്രണപദ്ധതിയായ പിഎം ഗതിശക്തിക്കു കഴിഞ്ഞവർഷം പ്രധാനമന്ത്രി തുടക്കംകുറിച്ചത് ഈ ദിശയിലുള്ള മുൻകൈയെടുക്കൽ ആയിരുന്നു. ദേശീയ വിന്യാസനയം കൂടിവരുന്നതോടെ പിഎം ഗതിശക്തിക്കു കൂടുതൽ ഉത്തേജനം ലഭിക്കുകയും പദ്ധതി സമ്പൂർണമാകുകയും ചെയ്യും.

-ND-