Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ സിദ്ധഗംഗാ മഠം സന്ദര്‍ശിച്ചു, ശ്രീ ശ്രീ ശിവകുമാര സ്വാമിജിയുടെ സ്മാരക മ്യൂസിയത്തിന് തറക്കല്ലിട്ടു


 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കര്‍ണ്ണാടകത്തിലെ തുംകൂറിലുള്ള ശ്രീ. സിദ്ധഗംഗാ മഠം സന്ദര്‍ശിച്ചു. അവിടെ അദ്ദേഹം ശ്രീ ശ്രീ ശിവകുമാര സ്വാമിജിയുടെ സ്മാരക മ്യൂസിയത്തിന് തറക്കല്ലുമിട്ടു.
തുടര്‍ന്ന് സദസ്സിനെ അഭിസംബോധന ചെയ്യവേ 2020 ന് തുടക്കമിടുന്നത് ഇതുപോലൊരു പുണ്യ സ്ഥലത്ത് നിന്നായതില്‍ താന്‍ ഭാഗ്യവാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീ സിദ്ധഗംഗാ മഠത്തിന്റെ പരിപാവനമായ ഊര്‍ജ്ജം നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശിച്ചു.
പ്രധാനമന്ത്രി പറഞ്ഞു. ‘പൂജനീയനായ സ്വാമി ശ്രീ ശ്രീ ശിവകുമാരജി യുടെ ഭൗതികമായ അഭാവം നമുക്കെല്ലാം അനുഭവപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ കേവലം നോട്ടം പോലും നമ്മെ പ്രചോദിപ്പിക്കുകയും, സമ്പന്നമാക്കുകയും ചെയ്യുമെന്ന് എനിക്ക് നേരിട്ട് അനുഭവപ്പെട്ടിട്ടുണ്ട്. പ്രചോദിപ്പിക്കുന്ന അദ്ദേഹത്തിന്റെ വ്യക്തിത്വം മൂലം പതിറ്റാണ്ടുകളായി ഈ വിശുദ്ധ സ്ഥലം സമൂഹത്തിന് ദിശാബോധം നല്‍കി വരികയാണ്. ‘ ‘ശ്രീ ശ്രീ ശിവകുമാരജി യുടെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന മ്യൂസിയത്തിന് തറക്കല്ലിടാന്‍ അവസരം ലഭിച്ചുവെന്നത് എന്റെ ഭാഗ്യമാണ്. ഈ മ്യൂസിയം ജനങ്ങള്‍ക്ക് പ്രചോദനമേകുക മാത്രമല്ല, രാഷ്ട്രത്തിനും, സമൂഹത്തിനും ദിശാബോധം നല്‍കുന്നതിനായി നിലകൊള്ളും,’അദ്ദേഹം പറഞ്ഞു.
പുതിയ ഊര്‍ജ്ജത്തോടെയും, നവചൈതന്യത്തോടെയുമാണ് ഇന്ത്യ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലേക്ക് കടന്നിരിക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദശാബ്ദം എങ്ങനെയാണ് തുടങ്ങിയതെന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം രാജ്യത്തോട് ആവശ്യപ്പെട്ടു. അതിന് വിപരീതമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം തുടങ്ങിയിരിക്കുന്നത് പ്രതീക്ഷകളുടെയും, അഭിലാഷങ്ങളുടെയും  കരുത്തുറ്റ അടിത്തറയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അദ്ദേഹം പറഞ്ഞു ,’ഒരു നവ ഇന്ത്യയ്ക്കായുളള അഭിലാഷമാണ്. യുവജനങ്ങളുടെ സ്വപ്നങ്ങളുടെ അഭിലാഷമാണിത്. രാജ്യത്തെ സഹോദരിമാരുടെയും, പെണ്‍മക്കളുടെയും അഭിലാഷമാണിത്. രാജ്യത്തെ പാവപ്പെട്ടവരുടെയും, അധഃസ്ഥിതരുടെയും, ദരിദ്രരുടെയും, കഷ്ടപ്പെടുന്നവരുടെയും, പിന്നാക്കക്കാരുടെയും, ആദിവാസികളുടെയും അഭിലാഷമാണിത്.’
‘ഇന്ത്യയെ സമൃദ്ധവും, കഴിവുറ്റതുമായ ഒരു ലോകശക്തിയായി കാണാനുള്ള അഭിലാഷമാണിത്. പാരമ്പര്യവശാല്‍ നമുക്ക് ലഭിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുക തന്നെ വേണമെന്ന മനസ്സാണ് ഇന്ന് ഓരോ ഇന്ത്യക്കാരനും ഉള്ളത്. സമൂഹത്തില്‍ നിന്ന് ഉയരുന്ന ഈ സന്ദേശവും നമ്മുടെ ഈ ഗവണ്‍മെന്റിനെ  പ്രചോദിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ‘ 
പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് ജനങ്ങള്‍ പലായനം ചെയ്തത് അവരുടെയും, അവരുടെ പെണ്‍മക്കളുടെയും ജീവന്‍ രക്ഷിക്കാനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങള്‍ എന്തുകൊണ്ട് പാകിസ്ഥാനെതിരെ സംസാരിക്കാതെ പകരം ഇക്കൂട്ടര്‍ക്കെതിര പ്രകടനങ്ങള്‍ നടത്തുന്നു എന്ന ചോദ്യം ഓരോ ഇന്ത്യക്കാരനും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പാര്‍ലമെന്റിനെതിരെ പ്രക്ഷോഭം നടത്തുന്നവരോടായി പ്രധാനമന്ത്രി പറഞ്ഞു. ‘നിങ്ങള്‍ക്ക് പ്രതിഷേധിക്കണമെന്നുണ്ടെങ്കില്‍ കഴിഞ്ഞ 70 വര്‍ഷമായി പാകിസ്ഥാന്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തൂ. പാകിസ്ഥാന്റെ ഈ പ്രവൃത്തി അന്താരാഷ്ട്ര തലത്തില്‍ തുറന്നു കാട്ടേണ്ട സമയമാണിത്. നിങ്ങള്‍ക്ക് മുദ്രാവാക്യങ്ങള്‍ മുഴക്കണമെങ്കില്‍ പാകിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ പീഡനത്തിന് വിധേയരാകുന്നതിനെതിരെ മുഴക്കൂ. നിങ്ങള്‍ക്ക് പ്രകടനം നടത്തണമെങ്കില്‍ പാകിസ്ഥാനില്‍  പീഡനത്തിന് വിധേയരായ ഹിന്ദു, ദളിത് ഇരകള്‍ക്ക് പിന്തുണയേകിക്കൊണ്ട് നടത്തൂ.’
മൂന്ന് കാര്യങ്ങളില്‍ പരിഹാരം കാണുന്നതിന് പ്രധാനമന്ത്രി സന്യാസി സമൂഹത്തിന്റെ സജീവ പിന്തുണ തേടി. 
ഒന്നാമതായി, ഓരോ വ്യക്തിയുടേയും കടമകള്‍ക്കും, ചുമതലകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് ഇന്ത്യയുടെ പുരാതന സംസ്‌കാരത്തെ കൂടുതല്‍ ബലപ്പെടുത്തുക.
രണ്ടാമതായി പ്രകൃതിയേയും, പരിസ്ഥിതിയേയും സംരക്ഷിക്കുക
മൂന്നാമതായി ജലസംരക്ഷണത്തെക്കുറിച്ചും, ജലക്കൊയ്ത്തിനെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ സഹകരിക്കുക.
ശരിയായ പാതയിലെ വിളക്കുമാടങ്ങളായി ഇന്ത്യ എക്കാലവും കണ്ടിട്ടുള്ളത് സന്യാസിമാരെയും, ഋഷിവര്യന്മാരെയും, ഗുരുക്കന്മാരെയുമാണെന്ന് അദ്ദേഹം പറഞ്ഞു.

***