Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ മോദി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ മോദി ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗയാന പാർലമെന്റിന്റെ ദേശീയ അസംബ്ലിയെ അഭിസംബോധന ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് അദ്ദേഹം. അഭിസംബോധനയ്ക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സ്പീക്കർ മൻസൂർ നാദിർ വിളിച്ചുചേർത്തു.

ഇന്ത്യയും ഗയാനയും തമ്മിലുള്ള ദീർഘകാലത്തെ ചരിത്രപരമായ ബന്ധം പ്രധാനമന്ത്രി പ്രസംഗത്തിൽ അനുസ്മരിച്ചു. രാജ്യത്തിന്റെ പരമോന്നത ബഹുമതി തനിക്കു സമ്മാനിച്ച ഗയാന ജനതയോട് അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യയും ഗയാനയും തമ്മിൽ ഭൂമിശാസ്ത്രപരമായ അകലം ഉണ്ടായിരുന്നിട്ടും, പങ്കിടുന്ന പൈതൃകവും ജനാധിപത്യവും ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും പങ്കിടുന്ന ജനാധിപത്യ ധർമചിന്തയ്ക്കും പൊതുവായ മനുഷ്യ കേന്ദ്രീകൃത സമീപനത്തിനും അടിവരയിട്ട്, ഈ മൂല്യങ്ങൾ ഏവരെയും ഉൾക്കൊള്ളുന്ന പാതയിൽ മുന്നേറാൻ അവയെ സഹായിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്തിടെ ബ്രസീലിൽ നടന്ന ജി-20 ഉച്ചകോടിയിൽ ഉൾപ്പെടെ, ഗ്ലോബൽ സൗത്തിന്റെ ശബ്ദം ഉയർത്താൻ ‘മാനവരാശി ആദ്യം’ എന്ന ഇന്ത്യയുടെ തത്വം പ്രചോദനമേകുന്നുവെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിന്റെ സുഹൃത്തായ വിശ്വബന്ധുവായി മാനവരാശിയെ സേവിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും ചെറുതും വലുതുമായ എല്ലാ രാഷ്ട്രങ്ങൾക്കും തുല്യപ്രാധാന്യം നൽകുന്ന ആഗോള സമൂഹത്തോടുള്ള സമീപനത്തെ ഈ അടിസ്ഥാനചിന്തയാണു രൂപപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ ആഗോള പുരോഗതിയും സമൃദ്ധിയും കൊണ്ടുവരാൻ സ്ത്രീകൾ നയിക്കുന്ന വികസനത്തിന് പ്രഥമപരിഗണന നൽകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. യുവാക്കളുടെ കഴിവുകൾ പൂർണമായി സാക്ഷാത്കരിക്കുന്നതിന് വിദ്യാഭ്യാസ-നൂതനാശയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ വിനിമയങ്ങൾ നടത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കരീബിയൻ മേഖലയ്ക്ക് ഇന്ത്യയുടെ ഉറച്ച പിന്തുണ അറിയിച്ച അദ്ദേഹം, രണ്ടാമത് ഇന്ത്യ-ക്യാരികോം ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് പ്രസിഡന്റ് അലിക്ക് നന്ദി അറിയിച്ചു. ഇന്ത്യയും ഗയാനയും തമ്മ‌‌ിലുള്ള ചരിത്രപരമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത അടിവരയിട്ട്, ഇന്ത്യയ്ക്കും ലാറ്റിനമേരിക്കൻ ഭൂഖണ്ഡത്തിനും ഇടയിലുള്ള അവസരങ്ങളുടെ പാലമായി ഗയാന മാറുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. “നാം ഭൂതകാലത്തിൽനിന്നു പാഠം ഉൾക്കൊള്ളുകയും നമ്മുടെ വർത്തമാനകാലം മെച്ചപ്പെടുത്തുകയും ഭാവിക്കായി കരുത്തുറ്റ അടിത്തറ സജ്ജമാക്കുകയും വേണം” എന്ന ഗയാനയുടെ മഹാനായ പുത്രൻ ഛേദി ജഗന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ശ്രീ മോദി പ്രസംഗം ഉപസംഹരിച്ചത്. ഗയാനയുടെ പാർലമെന്റംഗങ്ങളെ ഇന്ത്യ സന്ദർശിക്കാനും അദ്ദേഹം ക്ഷണിച്ചു.

 

പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂർണരൂപം ഇവിടെ കാണാം.

***

SK