Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020 നവംബര്‍ 29 ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ മനസ്സ് പറയുന്നത് 2.0 (പതിനെട്ടാം ലക്കം)


എന്റെ പ്രിയപ്പെട്ട ദേശവാസികളെ, നമസ്‌കാരം . ‘മന്‍ കീ ബാത്തിന്റെ’ തുടക്കത്തില്‍, ഇന്ന് നിങ്ങളുമായി ഒരു നല്ല വാര്‍ത്ത പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കാനഡയില്‍ നിന്ന് അന്നപൂര്‍ണ ദേവിയുടെ വളരെ പഴയ ഒരു പ്രതിമ ഇന്ത്യയിലേക്ക് മടങ്ങിവരുന്നുവെന്ന വിവരം അറിയുമ്പോള്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നുണ്ടാകും. ഏകദേശം 100 വര്‍ഷം മുമ്പ് അതായത് 1913 ല്‍ ഈ പ്രതിമ വാരണസിയിലെ ഒരു ക്ഷേത്രത്തില്‍ നിന്ന് മോഷ്ടിച്ച് രാജ്യത്തിന് പുറത്തേക്ക് കടത്തിയിരുന്നു  ഇത് തിരികെ എത്തിക്കുന്നതിലൂടെ, ഈ പുണ്യപ്രവര്‍ത്തനം സാധ്യമാക്കിയ  കാനഡ സര്‍ക്കാരിനോടും മറ്റെല്ലാവരോടും  ഞാന്‍ നന്ദിയര്‍പ്പിക്കുന്നു.  അമ്മ അന്നപൂര്‍ണയ്ക്ക് കാശിയുമായി വളരെ പ്രത്യേക ബന്ധമുണ്ട്. ഇപ്പോള്‍, അമ്മയുടെ  പ്രതിമ, തിരിച്ചുവരുന്നത് നമുക്കെല്ലാവര്‍ക്കും സന്തോഷം തരുന്ന കാര്യമാണ്. മാതാ അന്നപൂര്‍ണ പ്രതിമ പോലെ, നമ്മുടെ പൈതൃകത്തിന്റെ അനേകം അമൂല്യ നിധികള്‍ അന്താരാഷ്ട്ര സംഘങ്ങളുടെ  പക്കലായി കഴിഞ്ഞു . അന്താരാഷ്ട്ര വിപണിയില്‍ ഇവയെ ഈ സംഘങ്ങള്‍ വളരെ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നു. ഇപ്പോള്‍, നാം ഇത്തരം സംഘങ്ങളുടെ നേര്‍ക്ക് കര്‍ക്കശ നിലപാട് തന്നെ സ്വീകരിച്ചു വരുന്നു. ഈ നിധികളുടെ  തിരിച്ചുവരവിന്, ഇന്ത്യ തന്റെ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിച്ചു വരുന്നു . അത്തരം ശ്രമങ്ങള്‍ കാരണം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നിരവധി പ്രതിമകളും, കരകൗശല വസ്തുക്കളും തിരികെ കൊണ്ടുവരാന്‍ ഇന്ത്യക്ക് കഴിഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാം ലോക പൈതൃക വാരം ആഘോഷിച്ചു. ഇതാ യാദൃശ്ചികമായി മാതാ അന്നപൂര്‍ണ പ്രതിമ മടങ്ങിയെത്തുകയും ചെയ്തു. ലോക പൈതൃക വാരം സാംസ്‌കാരിക പ്രേമികള്‍ക്ക് പഴയ കാലത്തിലേക്ക് മടങ്ങാനും അവരുടെ ചരിത്രത്തിന്റെ വിവിധ വശങ്ങളെ കുറിച്ച്  പര്യവേക്ഷണം ചെയ്യാനും ഒരു മികച്ച അവസരം നല്‍കുന്നു. കൊറോണ കാലഘട്ടം ആയിരുന്നിട്ടും, ആളുകള്‍ ഈ പൈതൃക വാരം നൂതനമായ രീതിയില്‍ ആഘോഷിക്കുന്നത് നാം കണ്ടു. പ്രതിസന്ധിഘട്ടത്തില്‍ സംസ്‌കാരം വളരെ ഉപയോഗപ്രദമാണ്, സംഘര്‍ഷം  കൈകാര്യം ചെയ്യുന്നതില്‍ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സാങ്കേതികവിദ്യയിലൂടെ ഒരു വൈകാരിക റീചാര്‍ജായി സംസ്‌കാരം പ്രവര്‍ത്തിക്കുന്നു. ഇന്ന് രാജ്യത്തെ നിരവധി മ്യൂസിയങ്ങളും ലൈബ്രറികളും അവയുടെ ശേഖരം പൂര്‍ണ്ണമായും ഡിജിറ്റലാക്കാനുള്ള ശ്രമത്തിലാണ്. ദില്ലിയില്‍, നമ്മുടെ ദേശീയ മ്യൂസിയം ഇക്കാര്യത്തില്‍ പ്രശംസനീയമായ ചില ശ്രമങ്ങള്‍ നടത്തി. നാഷണല്‍ മ്യൂസിയം പത്തോളം വെര്‍ച്വല്‍ ഗാലറികള്‍ അവതരിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു – എന്താ,രസകരമല്ലേ! ഇപ്പോള്‍, നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് ദില്ലിയിലെ നാഷണല്‍ മ്യൂസിയം ഗാലറികള്‍ സന്ദര്‍ശിക്കാന്‍ കഴിയും. സാങ്കേതികവിദ്യയിലൂടെ കൂടുതല്‍ ആളുകളിലേക്ക് സാംസ്‌കാരിക പൈതൃകം എത്തിച്ചേരേണ്ടത് വളരെ ആവശ്യമാണ് ,അതുപോലെ തന്നെ  ഈ പൈതൃക സമ്പത്തുകളുടെ  സംരക്ഷണത്തിന് സാങ്കേതികവിദ്യയുടെ ഉപയോഗവും പ്രധാനമാണ്. അടുത്തിടെ, ഞാന്‍ ഒരു രസകരമായ പ്രോജക്റ്റിനെക്കുറിച്ച് വായിക്കുകയായിരുന്നു. നോര്‍വേയുടെ വടക്ക് ഭാഗത്ത് സ്വാല്‍ബാര്‍ഡ് (svalbard )എന്നൊരു ദ്വീപുണ്ട്. ഈ ദ്വീപില്‍ ആര്‍ട്ടിക് വേള്‍ഡ് ആര്‍ക്കൈവ് എന്ന പ്രോജക്റ്റ് നിര്‍മ്മിച്ചു. ഈ ആര്‍ക്കൈവില്‍ വിലയേറിയ പൈതൃക ഡാറ്റകള്‍  ഏതെങ്കിലും തരത്തിലുള്ള, പ്രകൃതിദത്തമോ  അല്ലെങ്കില്‍ മനുഷ്യനിര്‍മ്മിതമോ ആയ  ദുരന്തങ്ങളാല്‍ നശിച്ചു പോകാത്ത  വിധത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ഈ പദ്ധതിയെ അടിസ്ഥാനമാക്കി  അജന്ത ഗുഹകളുടെ പൈതൃക സമ്പത്ത് ഡിജിറ്റലൈസ് ചെയ്ത് അലങ്കരിക്കാനുള്ള ഒരു സംവിധാനം ഒരുക്കുന്നുവെന്ന് വിവരം കിട്ടിയിട്ടുണ്ട് . ഇതിലൂടെ, അജന്ത ഗുഹകളുടെ പൂര്‍ണ്ണമായ ഒരു ദര്‍ശനം നിങ്ങള്‍ക്ക് ലഭിക്കും. ഡിജിറ്റലൈസ് ചെയ്തതും പുന സ്ഥാപിച്ചതുമായ പെയിന്റിംഗും അനുബന്ധ രേഖകളും ഉദ്ധരണികളും ഇതില്‍ ഉള്‍പ്പെടും.

സുഹൃത്തുക്കളേ, പകര്‍ച്ചവ്യാധി നമ്മുടെ പ്രവര്‍ത്തനരീതിയെ മാറ്റിമറിച്ചുവെങ്കിലും, പ്രകൃതിയെ പുതിയ രീതിയില്‍ അനുഭവിക്കാനുള്ള അവസരവും ഇത് നല്‍കിയിട്ടുണ്ട്. പ്രകൃതിയെക്കുറിച്ചുള്ള നമ്മുടെ വീക്ഷണവും മാറി. ഇപ്പോള്‍ നാം ശൈത്യകാലത്തേക്ക് പ്രവേശിക്കുകയാണ്. പ്രകൃതിയുടെ വ്യത്യസ്ത നിറങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ഇന്റര്‍നെറ്റില്‍ ചെറി പുഷ്പങ്ങളുടെ വൈറല്‍ ചിത്രങ്ങള്‍ നിറഞ്ഞിരിക്കുന്നതായി കണ്ടു. ഞാന്‍ ചെറി പുഷ്പങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ജപ്പാനിലെ ഈ പ്രസിദ്ധമായ ഐഡന്റിറ്റിയെക്കുറിച്ചാണല്ലോ ഞാന്‍ സംസാരിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിരിക്കും . പക്ഷെ അങ്ങനെയല്ല! ഇവ ജപ്പാനിലെ  ഫോട്ടോകളല്ല. ഷില്ലോങിലെ മേഘാലയയിലെ ചിത്രങ്ങളാണിവ. ഈ ചെറി പുഷ്പങ്ങളാല്‍ മേഘാലയയുടെ ഭംഗി കൂടുതല്‍ വര്‍ദ്ധിക്കുന്നു.   

സുഹൃത്തുക്കളേ, ഈ മാസം, ഡോ. സലിം അലി ജിയുടെ 125-)0 ജന്മവാര്‍ഷികാഘോഷം നവംബര്‍ 12 മുതല്‍ ആരംഭിച്ചു. പക്ഷികളുടെ ലോകത്ത് , പക്ഷി നിരീക്ഷണ രംഗത്ത്  ഡോക്ടര്‍ സലിം ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്  നടത്തിയത്. ലോകത്തെ പക്ഷി നിരീക്ഷകരെയാകെ അദ്ദേഹം ഇന്ത്യയിലേക്ക് ആകര്‍ഷിച്ചു. ഞാന്‍ എല്ലായ്‌പ്പോഴും പക്ഷിനിരീക്ഷകരുടെ  ആരാധകനാണ്. വളരെയധികം ക്ഷമയോടെ, അവര്‍ മണിക്കൂറുകളോളം, രാവിലെ മുതല്‍ വൈകുന്നേരം വരെ, പക്ഷികളെ നിരീക്ഷിക്കുന്നു. പ്രകൃതിയുടെ തനതായ കാഴ്ചകള്‍ ആസ്വദിക്കുകയും, അതിലൂടെ തങ്ങള്‍ നേടിയ  അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുകയും  ചെയ്യുന്നു. ഇന്ത്യയിലും പക്ഷി നിരീക്ഷണ സമൂഹങ്ങള്‍ സജീവമാണ്. നിങ്ങളും തീര്‍ച്ചയായും ഈ വിഷയവുമായി ബന്ധപ്പെടുക. എന്റെ തിരക്കുള്ള ജീവിതത്തില്‍ കുറച്ചു ദിവസം മുന്പ് കെവാഡിയയില്‍, പക്ഷികളോടൊപ്പം,കുറച്ചു സമയം ചെലവഴിക്കാനുള്ള അവിസ്മരണീയമായ ഒരു അവസരം എനിക്ക് ലഭിച്ചു. പക്ഷികളുമായി ചെലവഴിക്കുന്ന സമയം, അത്  നിങ്ങളെ പ്രകൃതിയുമായി ബന്ധിപ്പിക്കും, മാത്രമല്ല പരിസ്ഥിതിയെ പ്രചോദിപ്പിക്കുകയും ചെയ്യും.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ, ഇന്ത്യയുടെ സംസ്‌കാരവും ശാസ്ത്രവും എന്നും  എല്ലായ്‌പ്പോഴും ലോകത്തെ മുഴുവന്‍ ആകര്‍ഷിച്ചിരുന്ന ഘടകങ്ങളാണ്. നിരവധി ആളുകള്‍ അവയെ  കുറിച്ചറിയാന്‍  ഇന്ത്യയിലെത്തി, പിന്നീട് അവര്‍ എന്നെന്നേക്കുമായി ഇവിടത്തെ നിവാസികളായി മാറി. മറ്റു ചിലര്‍  അവരവരുടെ രാജ്യത്തേക്ക് തിരിച്ചുപോകുകയും  ഈ സംസ്‌കാരത്തിന്റെ പ്രചാരകന്മാരായി മാറുകയും ചെയ്തു.  ‘വിശ്വനാഥ്’ എന്ന  പേരില്‍ അറിയപ്പെടുന്ന ജോനാസ് മസെട്ടിയുടെ (”Jonas Masetti’ ) പ്രവര്‍ത്തനത്തെക്കുറിച്ച് അറിയാനുള്ള ഒരു അവസരം എനിക്ക് ലഭിച്ചിരുന്നു. ജോണ്‍ ബ്രസീലിലെ ആളുകള്‍ക്ക് വേദാന്തവും ഗീതയും പഠിപ്പിക്കുന്നു. റിയോ ഡി ജനീറോയില്‍ (Rio de Janeiro)   നിന്ന് മണിക്കൂറുകള്‍ അകലെ സ്ഥിതി ചെയ്യുന്ന പെട്രൊപോളിസ് പര്‍വതങ്ങളില്‍ (Petrópolis ) അദ്ദേഹം ‘വിശ്വവിദ്യ’ എന്ന പേരില്‍ ഒരു സ്ഥാപനം നടത്തി വരുന്നു. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിച്ച ശേഷം ജോനാസ് ഓഹരി വിപണിയില്‍ തന്റെ കമ്പനിയില്‍ കുറച്ചു കാലം ജോലി ചെയ്തു. പിന്നീട് അദ്ദേഹത്തിനു  ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് പ്രത്യേകിച്ച് വേദാന്തം പഠിക്കാന്‍ താല്പര്യം ജനിച്ചു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച്  മുതല്‍ ആത്മീയത വരെ, വാസ്തവത്തില്‍, അദ്ദേഹത്തിന്റേത് ഒരു നീണ്ട യാത്ര തന്നെ ആയിരുന്നു. ജോനാസ് ഇന്ത്യയില്‍ വേദാന്ത തത്ത്വചിന്ത പഠിച്ചു. 4 വര്‍ഷമായി അദ്ദേഹം കോയമ്പത്തൂരിലെ ആര്യ വിദ്യാ ഗുരുകുലം എന്ന സ്ഥലത്താണ് താമസിച്ചത്. ജോനാസിന് മറ്റൊരു പ്രത്യേകതയുണ്ട്, തന്റെ സന്ദേശം കൈമാറാന്‍ അദ്ദേഹം സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. പതിവായി അദ്ദേഹം ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍ ചെയ്യുന്നുണ്ട്. എല്ലാ ദിവസവും അദ്ദേഹം പോഡ്കാസ്റ്റുകള്‍ ചെയ്യുന്നു. കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ തന്റെ സ്വതന്ത്ര ഓപ്പണ്‍ കോഴ്സുകളിലൂടെ ജോനാസ് ഒന്നര ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ വേദാന്തത്തെക്കുറിച്ച് പഠിപ്പിച്ചു കഴിഞ്ഞു. ജോനാസ് ഒരു വലിയ ജോലി ചെയ്യുക മാത്രമല്ല, ധാരാളം ആളുകള്‍ക്ക് മനസിലാക്കാന്‍ കഴിയുന്ന ഒരു ഭാഷയിലും അത് ചെയ്യുന്നു. കൊറോണയുടെയും ക്വാറന്റൈന്റെയും ഈ സമയത്ത് വേദാന്തത്തിന് എങ്ങനെ സഹായിക്കാനാകുമെന്ന് അറിയാന്‍ ആളുകള്‍ക്ക് വലിയ താല്‍പ്പര്യമുണ്ട്? ‘മന്‍ കി ബാത്ത്’ ലൂടെ ഞാന്‍ ജോനാസിന്റെ പരിശ്രമത്തിനും അദ്ദേഹത്തിന്റെ ഭാവി പരിശ്രമങ്ങള്‍ക്കും ആശംസകള്‍ നേരുന്നു.

സുഹൃത്തുക്കളേ, ഇതിനു സമാനമായി, ഇപ്പോള്‍, നിങ്ങള്‍ ഒരു വാര്‍ത്ത ശ്രദ്ധിച്ചിരിക്കണം. ന്യൂസിലാന്റില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പി. ഡോ. ഗൌരവ് ശര്‍മ ലോകത്തിലെ പുരാതന ഭാഷകളിലൊന്നായ സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. ഒരു ഇന്ത്യക്കാരനെന്ന നിലയില്‍, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഈ വ്യാപനം നമുക്കെല്ലാവര്‍ക്കും അഭിമാനമുളവാക്കുന്നതാണ്. ‘മന്‍ കി ബാത്ത്’ വഴി ഞാന്‍ ഗൌരവ് ശര്‍മ ജിയെ  ആശംസകള്‍ അറിയിക്കുന്നു. ന്യൂസിലാന്റിലെ ജനങ്ങളെ  സേവിക്കുവാനും അതു വഴി അവര്‍ക്ക് പുതിയ നേട്ടങ്ങള്‍ കൈവരുത്തുവാനും അദ്ദേഹത്തിനു കഴിയട്ടെ എന്നു ആശംസിക്കുന്നു.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ , നാളെ നവംബര്‍ 30 ന് ശ്രീ ഗുരു നാനക് ദേവ് ജിയുടെ 551-ാമത്തെ പ്രകാശ് പര്‍വ്  (പ്രകാശോല്‌സവം ) ആഘോഷിക്കും. ഗുരു നാനക് ദേവ് ജിയുടെ സ്വാധീനം ലോകമെമ്പാടും വ്യക്തമായി കാണാവുന്നതാണ്.

വാന്‍കൂവര്‍ (Vancouver ) മുതല്‍ വെല്ലിംഗ്ടണ്‍ വരെ , സിംഗപ്പൂര്‍ മുതല്‍ ദക്ഷിണാഫ്രിക്ക വരെ എല്ലായിടത്തും അദ്ദേഹത്തിന്റെ  സന്ദേശങ്ങള്‍ കേള്‍ക്കുന്നു. ഗുരു ഗ്രന്ഥ് സാഹിബില്‍ ഇങ്ങനെ പറയുന്നു – ‘ ഒരു ദാസന്റെ ജോലി സേവിക്കുക എന്നതാണ്’. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നിരവധി സുപ്രധാന നാഴികക്കല്ലുകളിലൂടെ നമുക്ക് കടന്നു പോകേണ്ടി വന്നിട്ടുണ്ട്, ഒരു സേവകനെന്ന നിലയില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുമുണ്ട്. ഗുരു സാഹിബ് നമ്മെകൊണ്ട്  സേവനം ചെയ്യിച്ചതാണ്. ഗുരു നാനക് ദേവ് ജിയുടെ 550-ാമത്തെ പ്രകാശ് പര്‍വ്, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ 350-ാമത്തെ പ്രകാശ് പര്‍വ്, ഇനി അടുത്ത വര്‍ഷം ശ്രീ ഗുരു തേജ് ബഹാദൂര്‍ ജിയുടെ 400-ാമത്തെ പ്രകാശ് പര്‍വവും വരുന്നു. ഗുരു സാഹിബിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ചിരുന്നു എന്ന് എനിക്കു സ്വയം തോന്നുന്നു. തന്റെ കാര്യങ്ങളില്‍ അദ്ദേഹം എന്നെ എന്നും ചേര്‍ത്ത് നിര്‍ത്തിയിരുന്നു. 

സുഹൃത്തുക്കളേ, കച്ചില്‍  ഒരു ഗുരുദ്വാര ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ,അതാണ്  ലഖ്പത് ഗുരുദ്വാര സാഹിബ്. ശ്രീ ഗുരു നാനാക്ക് തന്റെ കഷ്ട കാലങ്ങളില്‍  ലഖ്പത് ഗുരുദ്വാര സാഹിബില്‍ താമസിച്ചിരുന്നതായി പറയുന്നു . 2001 ലെ ഭൂകമ്പത്തില്‍ ഈ ഗുരുദ്വാരയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. ഗുരു സാഹിബിന്റെ കൃപ കൊണ്ട് മാത്രമാണ്, അതിന്റെ പുനസ്ഥാപനം ഉറപ്പാക്കാന്‍ എനിക്ക് കഴിഞ്ഞത്. ഗുരുദ്വാര നന്നാക്കിയെന്ന് മാത്രമല്ല അതിന്റെ അന്തസ്സും ആഭിജാത്യവും പുനസ്ഥാപിച്ചു. നമുക്കെല്ലാവര്‍ക്കും ഗുരു സാഹിബില്‍ നിന്ന് ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചു. ലഖ്പത് ഗുരുദ്വാരയുടെ സംരക്ഷണ ശ്രമങ്ങള്‍ക്ക് 2004 ലെ യുനെസ്‌കോ ഏഷ്യ പസഫിക് ഹെറിറ്റേജ് അവാര്‍ഡ് ഫംഗ്ഷനില്‍ ഡിസ്ടിംഗ്ഷന്‍ അവാര്‍ഡ് ലഭിക്കുകയും ചെയ്തു . അറ്റകുറ്റപ്പണികള്‍ക്കിടെ കരകൗശലവുമായി ബന്ധപ്പെട്ട സവിശേഷതകള്‍ പ്രത്യേകം ശ്രദ്ധിച്ചതായി അവാര്‍ഡ് നല്‍കിയ ജൂറി കണ്ടെത്തിയിരുന്നു. ഗുരുദ്വാരയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സിഖ് സമൂഹത്തിന് സജീവ പങ്കാളിത്തം മാത്രമല്ല, അവരുടെ മാര്‍ഗദര്‍ശനവും ഉണ്ടായിരുന്നു എന്നും  ജൂറി കണ്ടെത്തി. മുഖ്യമന്ത്രി അല്ലാതിരുന്നപ്പോള്‍  പോലും എനിക്ക് ലഖ്പത് ഗുരുദ്വാര സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചിരുന്നു. അവിടെയെത്തുമ്പോള്‍ എനിക്ക് വളരെയധികം ഊര്‍ജം ലഭിക്കുമായിരുന്നു. ഈ ഗുരുദ്വാര സന്ദര്‍ശിക്കുന്ന ഏവര്‍ക്കും പ്രത്യേക അനുഭൂതി ലഭിക്കുന്നു. ഗുരു സാഹിബ് എന്നില്‍ നിന്ന് നിരന്തരമായ സേവനം സ്വീകരിച്ചതില്‍ എനിക്ക് നന്ദിയുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴി തുറന്നത് വളരെ ചരിത്രപരമായ ഒരു സംഭവമായിരുന്നു. ജീവിതത്തിലുടനീളം ഞാന്‍ ഈ കാര്യം എന്റെ ഹൃദയത്തില്‍ സൂക്ഷിക്കും. ശ്രീ ദര്‍ബാര്‍ സാഹിബിനെ സേവിക്കാന്‍ മറ്റൊരു അവസരം ലഭിച്ചത് നമ്മുടെ ഏവരുടെയും  പരമ ഭാഗ്യമാണ്. വിദേശത്ത് താമസിക്കുന്ന നമ്മുടെ സിഖ് സഹോദരങ്ങള്‍ക്ക് ദര്‍ബാര്‍ സാഹിബിന്റെ സേവനത്തിനായി ഫണ്ട് അയയ്ക്കുന്നത് എളുപ്പമായിരിക്കുകയാണ് . ഈ നീക്കം ലോകത്തിലെ ഭക്തരെ  ദര്‍ബാര്‍ സാഹിബുമായി കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, ലങ്കറിന്റെ ( സമൂഹ ഭക്ഷണം ) പാരമ്പര്യം ആരംഭിച്ചത് ഗുരു നാനക് ദേവ് ജി ആണ്, ലോകമെമ്പാടുമുള്ള സിഖ് സമൂഹം കൊറോണയുടെ ഈ സമയത്ത് ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്ന പാരമ്പര്യം എങ്ങനെ തുടരുന്നുവെന്ന് ഇന്ന് നാം കണ്ടു. മാനവ സേവയുടെ  ഈ പാരമ്പര്യം നമുക്കെല്ലാവര്‍ക്കും ഒരു പ്രചോദനമായി നിരന്തരം വര്‍ത്തിക്കുന്നു. നാമേവരും  നല്ല സേവകരായി തുടരട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു. ഗുരു സാഹിബ് എന്നില്‍ നിന്നും നാട്ടുകാരില്‍ നിന്നും ഈ രീതിയില്‍ സേവനം ആഗ്രഹിക്കുന്നു . ഒരിക്കല്‍ കൂടി, ഗുരു നാനക്ക് ജയന്തിക്ക് എന്റെ ആശംസകള്‍.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ , കഴിഞ്ഞ കാലങ്ങളില്‍, രാജ്യത്തുടനീളമുള്ള നിരവധി സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ വിദ്യാഭ്യാസ യാത്രയിലെ പ്രധാന പരിപാടികളില്‍ പങ്കെടുക്കാനും എനിക്ക് അവസരം ലഭിച്ചു. സാങ്കേതികവിദ്യയിലൂടെ, ഐഐടി-ഗുവാഹത്തി, ഐഐടി-ദില്ലി, ദീന്‍ദയാല്‍ പെട്രോളിയം യൂണിവേഴ്‌സിറ്റി, ഗാന്ധിനഗര്‍, ജെഎന്‍യു, മൈസൂര്‍ സര്‍വകലാശാല, ലക്നൗ സര്‍വകലാശാല എന്നിവരുമായി എനിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ഇരിക്കുന്നത്  വളരെ ഉന്മേഷദായകവും ഊര്‍ജ്ജം നിറയ്ക്കുന്നതുമായ കാര്യമാണ്. യൂണിവേഴ്‌സിറ്റി കാമ്പസുകള്‍ ഒരു തരത്തില്‍ മിനി ഇന്ത്യ പോലെയാണ്. ഒരു വശത്ത്, ഈ കാമ്പസുകളില്‍ ഇന്ത്യയുടെ വൈവിധ്യം ദര്‍ശിക്കാം . മറുവശത്ത്, പുതിയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ മാറ്റം വരുത്തുന്നതിനുള്ള ആഗ്രഹവും അവര്‍ക്കുണ്ട് . കൊറോണയ്ക്ക് മുമ്പുള്ള ദിവസങ്ങളില്‍, ഞാന്‍ ഒരു സ്ഥാപനത്തിന്റെ പരിപാടിക്ക് പോകുമ്പോള്‍, അടുത്തുള്ള സ്‌കൂളുകളില്‍ നിന്നുള്ള പാവപ്പെട്ട കുട്ടികളെയും ആ പരിപാടിയിലേക്ക് ക്ഷണിക്കണമെന്ന് നിര്‍ബന്ധിച്ചിരുന്നു. ആ കുട്ടികള്‍ എന്റെ പ്രത്യേക അതിഥികളായി ചടങ്ങില്‍ എത്തിയിരുന്നു. ആ മഹത്തായ ചടങ്ങില്‍ വച്ച്  ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ഡോക്ടറും, എഞ്ചിനീയറും, ശാസ്ത്രജ്ഞനും ഒക്കെ  ആകുന്നത് ഒരു ചെറിയ കുട്ടി കാണുന്നു, ആരെങ്കിലും മെഡല്‍ നേടുന്നത് കാണുന്നു, പിന്നെ അവനില്‍ പുതിയ സ്വപ്നങ്ങള്‍ ഉണ്ടാകുന്നു – എനിക്കും ഇതിന് കഴിയും എന്ന  ആത്മവിശ്വാസം അവനില്‍ ഉണ്ടാകുന്നു . ഇത് അവനില്‍ ദൃഡനിശ്ചയം ഉണര്ത്തുവാനുള്ള പ്രചോദനമാകുന്നു. 

സുഹൃത്തുക്കളേ, ഇതുകൂടാതെ, ആ സ്ഥാപനത്തിന്റെ പൂര്‍വവിദ്യാര്‍ഥികള്‍ ആരാണ്, ആ സ്ഥാപനത്തിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി പതിവായി ഇടപഴകുന്നതിനുള്ള ക്രമീകരണം എന്താണ് , എന്ന കാര്യം കൂടി അറിയാന്‍ എനിക്ക് എല്ലായ്‌പ്പോഴും താല്‍പ്പര്യമുണ്ട്. അവരുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി ശൃംഖല എത്രത്തോളം ഊര്‍ജ്ജ്വസ്വലമാണ് …

എന്റെ യുവ സുഹൃത്തുക്കളെ, നിങ്ങള്‍ എന്നുവരെയാണോ ഒരു സ്ഥാപനത്തില്‍ പഠിക്കുന്നത് അന്ന് വരെ അവിടുത്തെ വിദ്യാര്‍ഥിയായിരിക്കും. പക്ഷെ ജീവിതം മുഴുവനും നിങ്ങള്‍ അവിടത്തെ പൂര്‍വ വിദ്യാര്‍ഥി ആയിരിക്കും. സ്‌കൂളില്‍ നിന്നും കോളേജില്‍ നിന്നും പടിയിറങ്ങുന്നതിനു ശേഷം രണ്ടു കാര്യങ്ങള്‍ ഒരിക്കലും അവസാനിക്കുന്നില്ല- ഒന്ന്, വിദ്യാഭ്യാസത്തിന്റെ സ്വാധീനം, രണ്ട്, നിങ്ങള്‍ക്ക് നിങ്ങളുടെ സ്‌കൂളിനോടും കോളേജിനോടുമുള്ള ബന്ധം. പൂര്‍വ വിദ്യാര്‍ഥികള്‍ പരസ്പരം സംസാരിക്കുമ്പോള്‍ സ്‌കൂളിനെക്കുറിച്ചും കോളേജിനെക്കുറിച്ചുമുള്ള അവരുടെ ഓര്‍മ്മകളില്‍ ,പുസ്തകത്തെയും പഠനത്തെക്കാളുമുപരി ക്യാമ്പസില്‍ ചെലവഴിച്ച സമയം, പിന്നെ സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍, പിന്നെ ആ ഓര്‍മകളില്‍ നിന്നും താന്‍ പഠിച്ച സ്ഥാപനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുള്ള തോന്നല്‍ ഒക്കെ ഉണ്ടാകും. നിങ്ങളുടെ വ്യക്തിത്വം വികസിച്ചത് എവിടെ നിന്നാണോ അതിന്റെ വികസനത്തിനായി എന്തെങ്ങിലും ചെയ്യാന്‍ കഴിഞ്ഞാല്‍ അതില്‍പരം സന്തോഷം വേറെന്തുണ്ട്? അത്തരം ചില ശ്രമങ്ങളെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്. പൂര്‍വ വിദ്യാര്‍ഥികള്‍ തങ്ങള്‍ പഠിച്ച സ്ഥാപനത്തിനു സഹായങ്ങള്‍ നല്‍കിയതിനെക്കുറിച്ച്. ഇന്നത്തെക്കാലത്ത് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ സജീവമാണ് പൂര്‍വ വിദ്യാര്‍ഥികള്‍. ഐ.ഐ.ടി യില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ അവരുടെ സ്ഥാപനത്തിനായി കോണ്‍ഫറന്‍സ് സെന്റര്‍, മാനേജ്മെന്റ് സെന്റര്‍, ഇന്‍ക്യുബേഷന്‍ സെന്റര്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങള്‍  ഒരുക്കി നല്‍കി. ഇവരുടെ ഇത്തരംപ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ വിദ്യാര്‍ഥികളുടെ പഠന അനുഭവത്തെ മികച്ചതാക്കാന്‍ സഹായിക്കും. ഡല്‍ഹിയിലെ ഐ.ഐ.ടി ഒരു എന്‍ഡോവ്‌മെന്റ് ഫണ്ട് തുടങ്ങിയിട്ടുണ്ട്. അതൊരു മികച്ച ആശയമാണ്. ലോകത്തിലെ തന്നെ മികച്ച സര്‍വകലാശാലകള്‍ ഇത്തരത്തിലുള്ള എന്‍ഡോവ്‌മെന്റ് നല്‍കുന്നത് ശീലമാക്കിയിട്ടുണ്ട്, അത് വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനകരമാണ്. എനിക്ക് തോന്നുന്നത് ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകള്‍ക്കും ഇത്തരത്തിലുള്ള എന്‍ഡോവ്‌മെന്റ് നല്‍കുവാന്‍ സാധിക്കും . 

എന്തെങ്കിലും തിരികെ നല്‍കേണ്ടി വരുമ്പോള്‍ ഒന്നും വലുതും ചെറുതും ആകുന്നില്ല. ചെറിയ ചെറിയ സഹായം പോലും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. എല്ലാ ശ്രമങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. സാധാരണയായി പൂര്‍വ വിദ്യാര്‍ഥികള്‍ അവരുടെ സ്ഥാപനത്തിന്റെ ടെക്‌നോളജി നവീകരണം, കെട്ടിട നിര്‍മാണം, അവാര്‍ഡ്, സ്‌കോളര്‍ഷിപ്പ് എന്നിവ തുടങ്ങാന്‍, നൈപുണ്യ വികസന പരിപാടികള്‍ തുടങ്ങാന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ചില സ്‌കൂളുകളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ മെന്റെര്‍ഷിപ്പ് പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതില്‍ അവര്‍ പല പല ബാച്ചുകളായി വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്നു . അതോടൊപ്പം വിദ്യാഭ്യാസ സാധ്യതയെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ധാരാളം സ്‌കൂളുകളിലെ , എടുത്തു പറയുകയാണെങ്കില്‍ ബോര്‍ഡിംഗ് സ്‌കൂളുകളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ വളരെ മികച്ചതാണ് . അവര്‍ കായിക ടൂര്‍ണമെന്റുകളും സാമൂഹ്യ സേവനവും  ആസൂത്രണം ചെയ്തു വരുന്നു. ഞാന്‍ പൂര്‍വ വിദ്യാര്‍ഥികളില്‍ നിന്നും ആഗ്രഹിക്കുന്നത് എന്തെന്നാല്‍ നിങ്ങള്‍ ഏതു  സ്ഥാപനത്തിലാണോ പഠിച്ചത് അത് സ്‌കൂളായാലും കോളേജായാലും സര്‍വകലാശാലയായാലും ശരി ആ സ്ഥാപനവുമായുള്ള ബന്ധം ഒന്ന് കൂടി ദൃഢമാക്കണം. എല്ലാ സ്ഥാപനങ്ങളോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് പൂര്‍വവിദ്യാര്‍ഥികള്‍ ഇടപഴകുന്നതിനുതകുന്ന നൂതന രീതികള്‍ ആവിഷ്‌കരിക്കാന്‍ തയ്യാറാവണം. പൂര്‍വവിദ്യാര്‍ഥികളുടെ സജീവ പങ്കാളിത്തിനായി ക്രിയേറ്റീവ് പ്ലാറ്റ്‌ഫോം തയ്യാറാക്കണം. വലിയ വലിയ സ്‌കൂളുകളിലും കോളേജുകളിലും മാത്രമല്ല നമ്മുടെ ഗ്രാമങ്ങളിലെ സ്‌കൂളുകളിലും ശക്തവും ഉണ്ടാകേണ്ട

താണ്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഡിസംബര്‍ 5 ശ്രീ. അരബിന്ദോയുടെ ഓര്‍മ ദിവസമാണ് . അരബിന്ദോയെക്കുറിച്ച് വായിക്കുന്തോറും ആഴത്തിലുള്ള അറിവ് ലഭിക്കുന്നു. എന്റെപ്രിയപ്പെട്ട യുവാക്കള്‍ അരബിന്ദോയെക്കുറിച്ച് എത്രത്തോളം മനസിലാക്കുന്നോ അത്രത്തോളം നിങ്ങള്‍ നിങ്ങളെ തന്നെ പരിഷ്‌ക്കരിക്കും. ജീവിതത്തിന്റെ ഏത് അവസ്ഥയിലും, നിങ്ങളുടെ ലക്ഷ്യത്തിലേക്കെത്താന്‍  അരബിന്ദോ നിങ്ങള്‍ക്കെപ്പോഴും ഒരു പ്രേരണയായിരിക്കും.. നിങ്ങള്‍ക്ക് പുതിയ മാര്‍ഗം കാണിച്ചു തരാന്‍ അദ്ദേഹത്തിനു സാധിക്കും. . എങ്ങനെ എന്നാല്‍ ഇന്ന് നമ്മള്‍ വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാമ്പയിനുമായി മുന്നോട്ടു പോകുമ്പോള്‍ അരബിന്ദോയുടെ തദ്ദേശീയ തത്വചിന്ത നമുക്ക് വഴി കാണിച്ചുതരും. 

 അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍  ഇന്ത്യന്‍ ജോലിക്കാരും കരകൗശല വിദഗ്ധരും നിര്‍മ്മിക്കുന്ന  വസ്തുക്കള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് സ്വദേശി  എന്നതുകൊണ്ടുദ്ദേശിക്കുന്നത്. വിദേശത്തു നിന്നും എന്തെങ്കിലും പഠിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നില്ല. എവിടെനിന്നെങ്കിലും പുതിയതായി പഠിക്കാന്‍ കഴിഞ്ഞാല്‍ അത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് നല്ലതാണ്. ഇത് തന്നെയാണ് വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാപയിന്റെ ചേതനയും. പ്രത്യേകിച്ച് അദ്ദേഹം സ്വദേശിയെ സ്വീകരിക്കുന്നതിനെക്കുറിച് പറഞ്ഞിരിക്കുന്നത് ഇന്ന് എല്ലാ പൗരന്‍മാരും വായിക്കേണ്ടതാണ്. സുഹൃത്തുക്കളേ, അതുപോലെ വിദ്യാഭ്യാസ ത്തെക്കുറിച്ചുള്ള അരബിന്ദോയുടെ ചിന്തകള്‍ വളരെ വ്യക്തമാണ്. അദ്ദേഹം വിദ്യാഭ്യാസത്തെ  കേവലം അറിവോ, ഡിഗ്രി നേടുന്നതോ ജോലി നേടുന്നതോ ആയിട്ടല്ല കാണുന്നത് . മറിച്ച്് വിദ്യാഭ്യാസം യുവാക്കളുടെ മനസ്സിലും ശരീരത്തിനും പരിശീലനം നല്‍കുന്നതായിരിക്കണം. യുവാക്കളുടെ മസ്തിഷ്‌കത്തിന്റെ ശാസ്ത്രീയവികസനവും മനസ്സില്‍ ഭാരതീയന്‍ എന്ന വിചാരവും ഉണ്ടാകണം എങ്കിലേ യുവാക്കള്‍ക്ക് നല്ലൊരു പൗരനാകാന്‍ സാധിക്കൂ. അരബിന്ദോ ദേശീയ വിദ്യാഭ്യാസത്തെക്കുറിച് എന്താണോ അന്ന് പറഞ്ഞത് അത് ആരും ചെവിക്കൊണ്ടില്ല . ഇന്ന് രാജ്യം  അതിനെ പുതിയ ദേശീയ വിദ്യാഭ്യാസ നയമായി സ്വീകരിച്ചുകൊണ്ട് നടപ്പാക്കുകയാണ്. 

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഭാരതത്തില്‍ കൃഷിക്കും അനുബന്ധ കാര്യങ്ങള്‍ക്കും പുതിയ ആശയങ്ങള്‍ ഉടലെടുക്കുകയാണ്. കഴിഞ്ഞ കാലത്തെ കൃഷി നവീകരണ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഘലക്ക് വലിയ മുതല്‍ക്കൂട്ടാണ്  നല്‍കാന്‍ സാധിച്ചത് . വര്‍ഷങ്ങളായുള്ള കര്‍ഷകരുടെ ആവശ്യങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെവിക്കൊണ്ടില്ല. പക്ഷെ ഇന്നത് സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കയാണ്. വളരെ ചര്‍ച്ചകള്‍ക്ക് ശേഷം കാര്‍ഷിക പരിഷ്‌ക്കരണത്തിനു നിയമപരമായ രൂപം ലഭിച്ചിരിക്കുകയാണ്. ഇതോടെ കര്‍ഷകര്‍ക്ക് അവരുടെ അധികാരം ലഭിക്കുകയും പുതിയ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഈ അധികാരങ്ങള്‍ കുറഞ്ഞ സമയം കൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കുറച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിലെ കര്‍ഷകനായ ജിതേന്ദ്ര ജി പുതിയ കാര്‍ഷിക നിയമങ്ങള്‍ എങ്ങനെ ഉപയോഗിച്ചുവെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണം. ജിതേന്ദ്ര ജി ചോളം കൃഷി ചെയ്ത് വ്യാപാരികള്‍ക്ക് ശരിയായ വിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചു. വിളയുടെ ആകെ ചെലവ് ഏകദേശം മൂന്ന് ലക്ഷം മുപ്പതിനായിരം രൂപയായി നിശ്ചയിച്ചു. ജിതേന്ദ്രക്ക്  ഇരുപത്തയ്യായിരം രൂപ  അഡ്വാന്‍സ് ആയി കിട്ടി കഴിഞ്ഞു. ബാക്കി പൈസ പതിനഞ്ച് ദിവസത്തിനകം കിട്ടും. പക്ഷെ എന്തോ കാരണം കൊണ്ട് പതിനഞ്ച് ദിവസത്തിനകം ബാക്കി പൈസ കിട്ടിയില്ല . കര്‍ഷകരില്‍ നിന്നും വിളവ് വാങ്ങി മാസക്കണക്കിനായാലും പൈസ കൊടുക്കില്ല ,  ചോളം വാങ്ങുന്നവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അതേ പാരമ്പര്യം പിന്‍തുടരുന്നവരാണ്. 

അങ്ങനെ ജിതെന്ദ്രക്ക് നാലുമാസമായി പേമെന്റ് കിട്ടിയില്ല . ഈ അവസരത്തില്‍ ജിതെന്ദ്രക്ക് സഹായമായത് സെപ്റ്റംബറില്‍ പാസായ കര്‍ഷക നിയമമാണ്. ഈ നിയമത്തില്‍, വിള വാങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ കര്‍ഷകന് മുഴുവന്‍ പണവും നല്‍കണമെന്നും  പണമടച്ചില്ലെങ്കില്‍ കര്‍ഷകന് പരാതി നല്‍കാമെന്നും വ്യവസ്ഥയുണ്ട്. നിയമത്തില്‍ മറ്റൊരു വലിയ വ്യവസ്ഥ കൂടിയുണ്ട്, ഈ നിയമപ്രകാരം  പ്രദേശത്തെ എസ്.ഡി.എം കര്‍ഷകന്റെ പരാതി ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കേണ്ടതാണ്.. അത്തരമൊരു നിയമത്തിന്റെ പരിരക്ഷ നമ്മുടെ കര്‍ഷക സഹോദരന്മാരുടെ പക്കലുണ്ടായിരുന്നപ്പോള്‍, അവരുടെ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്, ജിതേന്ദ്ര  പരാതിപ്പെടുകയും അദ്ദേഹത്തിന്റെ കുടിശ്ശിക ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കുകയും ചെയ്തു. അതായത്, നിയമത്തെക്കുറിച്ചുള്ള ശരിയായതും പൂര്‍ണ്ണവുമായ അറിവ് മാത്രമാണ് ജീതേന്ദ്രയുടെ കരുത്തായത്. ഏത് മേഖലയിലായാലും, എല്ലാത്തരം ആശയക്കുഴപ്പങ്ങളില്‍ നിന്നും കിംവദന്തികളില്‍ നിന്നും അകന്ന്, ശരിയായ വിവരങ്ങള്‍ മനസ്സിലാകുക എന്നത് ഓരോ വ്യക്തിക്കും ഒരു വലിയ പിന്തുണയാണ്. രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ താമസിക്കുന്ന മുഹമ്മദ് അസ്ലം കര്‍ഷകരില്‍ അവബോധം വളര്‍ത്തുന്നതിനായി അത്തരമൊരു കാര്യം ചെയ്യുന്നു. ഒരു ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ അസോസിയേഷന്റെ സി.ഇ.ഒ കൂടിയാണ് അദ്ദേഹം. അതെ, നിങ്ങള്‍ കേട്ടത് ശരിയാണ്, ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ അസോസിയേഷന്റെ സിഇഒ. രാജ്യത്തിന്റെ വിദൂര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക സംഘങ്ങള്‍ക്ക് സിഇഒമാര്‍ ഉണ്ടെന്ന അറിവ് ദേശത്തെ വലിയ കമ്പനികളുടെ സി.ഇ.ഒ മാര്‍ക്ക് ആനന്ദം നല്‍കുന്ന വാര്‍ത്തയായിരിക്കും. സുഹൃത്തുക്കളേ, മുഹമ്മദ് അസ്ലം ജി തന്റെ പ്രദേശത്തെ നിരവധി കര്‍ഷകരെ സംയോജിപ്പിച്ച് ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചു. അവര്‍  ഈ ഗ്രൂപ്പിലൂടെ, എല്ലാ ദിവസവും അടുത്തുള്ള മാര്‍ക്കറ്റില്‍  നടക്കുന്ന കാര്യങ്ങളെക്കുറിച്ച് കര്‍ഷകരെ അറിയിക്കുന്നു. അവരുടെ സ്വന്തം എഫ്.പി.ഒയും കര്‍ഷകരില്‍ നിന്ന് വിളകള്‍ വാങ്ങുന്നു, ഇത്തരം ശ്രമങ്ങള്‍ സ്വന്തം  തീരുമാനമെടുക്കാന്‍ കര്‍ഷകരെ സഹായിക്കുന്നു.

സുഹൃത്തുക്കളേ

അറിവുണ്ടെങ്കില്‍ ഊര്‍ജ്ജ്വസ്വലരാകാം.  അങ്ങനെ ബോധവല്‍കരണത്തിലൂടെ ആയിരക്കണക്കിന് ആളുകളുടെ  ജീവിതത്തെ സ്വാധീനിച്ച ഒരു കാര്‍ഷിക സംരംഭകനാണ് ശ്രീ വീരേന്ദ്ര യാദവ്. ഒരിക്കല്‍ ഓസ്ട്രേലിയയില്‍ താമസിച്ചിരുന്ന വീരേന്ദ്ര യാദവ് രണ്ട് വര്‍ഷം മുമ്പ് ഇന്ത്യയിലെത്തി. അദ്ദേഹം ഇപ്പോള്‍ ഹരിയാനയിലെ കൈതാലിലാണ് താമസിക്കുന്നത്. മറ്റ് ആളുകളെപ്പോലെ, കാര്‍ഷിക മേഖലയിലെ വൈക്കോല്‍ നിര്‍മാര്‍ജ്ജനം  അദ്ദേഹത്തിന്റെ  മുന്നിലും  ഒരു വലിയ പ്രശ്‌നമായിരുന്നു. ഇതിന്റെ  പരിഹാരത്തിനായി വളരെ വിശാലമായ പ്രവര്‍ത്തനം ഇന്ന് നടക്കുന്നുണ്ട് , പക്ഷേ, ഇന്ന്, ‘മന്‍ കി ബാത്തില്‍’ ഞാന്‍ വീരേന്ദ്ര ജിയെ പ്രത്യേകം പരാമര്‍ശിക്കുന്നു, കാരണം, അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ വ്യത്യസ്തമാണ്, അവ നമുക്ക് ഒരു പുതിയ ദിശ കാണിക്കുന്നു. | വൈക്കോല്‍ മാറ്റുന്ന  പ്രശ്‌നം  പരിഹരിക്കാന്‍ വീരേന്ദ്ര ജി വൈക്കോല്‍ പിണ്ഡങ്ങള്‍ നിര്‍മ്മിക്കാന്‍ ഒരു വൈക്കോല്‍ ബാലര്‍ മെഷീന്‍ വാങ്ങി. ഇതിനായി കാര്‍ഷിക വകുപ്പില്‍ നിന്നും സാമ്പത്തിക സഹായവും ലഭിച്ചു. ഈ യന്ത്രം ഉപയോഗിച്ച് അദ്ദേഹം വൈക്കോല്‍ പിണ്ഡങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. പിണ്ഡങ്ങള്‍ രൂപീകരിച്ച ശേഷം അദ്ദേഹം കാര്‍ഷിക എനര്‍ജി പ്ലാന്റും പേപ്പര്‍ മില്ലും വിറ്റു. രണ്ട് വര്‍ഷത്തിനുള്ളില്‍ വൈക്കോല്‍ നിര്‍മാര്‍ജ്ജനത്തിലൂടെ  ഒന്നര കോടിയിലധികം രൂപ വീരേന്ദ്ര ജി നേടിയതായും അതും ഏകദേശം 50 ലക്ഷം രൂപ ലാഭമുണ്ടാക്കിയെന്നും അറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും. വീരേന്ദ്രജീ വൈക്കോല്‍ എടുക്കുന്ന കൃഷിയിടങ്ങളിലെ കൃഷിക്കാര്‍ക്കും ഇത് പ്രയോജനകരമാണ്. കുപ്പയില്‍ നിന്നും കനകം വിളയിക്കുന്നു എന്ന ചൊല്ല് പോലെ വൈക്കോല്‍ നീക്കംചെയ്യുന്നതിലൂടെ, പണവും പുണ്യവും നേടുന്നതിനുള്ള ഒരു സവിശേഷ ഉദാഹരണമാണ് ഇത്. യുവാക്കളോട് ഞാന്‍ അപേക്ഷിക്കുന്നു , പ്രത്യേകിച്ച് കാര്‍ഷിക പഠനം നടത്തുന്ന ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളോട് , അവരുടെ ചുറ്റുമുള്ള ഗ്രാമങ്ങളില്‍ പോയി കര്‍ഷകരെ ആധുനിക കൃഷിയെക്കുറിച്ചും സമീപകാല കാര്‍ഷിക പരിഷ്‌കാരങ്ങളെക്കുറിച്ചും ബോധവാന്മാരാക്കൂ. ഇത് ചെയ്യുന്നതിലൂടെ നിങ്ങള്‍ രാജ്യത്ത് സംഭവിക്കുന്ന വലിയ മാറ്റങ്ങളുടെ പങ്കാളിയാകും.

എന്റെ പ്രിയപ്പെട്ട ദേശവാസികളെ ,

‘മന്‍ കി ബാത്തില്‍’ നാം വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ, നാം  ഒരിക്കലും സന്തോഷത്തോടെ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു കാര്യം നടന്നിട്ട് ഒരു വര്‍ഷം തികയുന്നു. കൊറോണയുടെ ആദ്യ കേസിനെക്കുറിച്ച് ലോകം അറിഞ്ഞിട്ട് ഏകദേശം ഒരു വര്‍ഷമായി. അതിനുശേഷം, ലോകമൊട്ടകെ നിരവധി ഉയര്‍ച്ച താഴ്ചകള്‍ കണ്ടു. ലോക്ക്ഡൗണില്‍  നിന്ന് പുറത്തുവന്ന് നാം ഇപ്പോള്‍  വാക്‌സിനെ കുറിച്ച്  ചര്‍ച്ചചെയ്യാന്‍ തുടങ്ങി. എന്നാല്‍, കൊറോണയെ സംബന്ധിച്ചിടത്തോളം, ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഇപ്പോഴും വളരെ മാരകമാണ്. കൊറോണയ്ക്കെതിരായ പോരാട്ടം നാം ശക്തമായി തുടരണം. 

സുഹൃത്തുക്കളേ, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഡിസംബര്‍ ആറാം തീയതി ബാബാ സാഹിബ് അംബേദ്കറുടെ ചരമ  വാര്‍ഷികമാണ് . ഈ ദിവസം, ബാബാ സാഹിബിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതിനൊപ്പം, രാജ്യത്തോടുള്ള തന്റെ പ്രതിജ്ഞകള്‍, ഭരണഘടന, ഒരു പൗരനെന്ന നിലയില്‍ നമ്മുടെ കടമ നിര്‍വഹിക്കാന്‍ അദ്ദേഹം നമുക്ക് നല്‍കിയ പാഠങ്ങള്‍ എന്നിവ ആവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശീതകാലം ശക്തി പ്രാപിക്കുന്നു. പലയിടത്തും മഞ്ഞുവീഴുന്നു. ഈ സീസണില്‍, കുടുംബത്തിലെ കുട്ടികളെയും പ്രായമായവരെയും രോഗികളെയും നാം പ്രത്യേകം ശ്രദ്ധിക്കണം, ഒപ്പം നാം നമ്മളെത്തന്നെ പരിപാലിക്കുകയും വേണം. തന്റെ ചുറ്റുമുള്ള ദരിദ്രരെക്കുറിച്ച് ആളുകള്‍ക്കുള്ള കരുതല്‍  കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നുന്നു. ഊഷ്മള വസ്ത്രങ്ങള്‍ നല്‍കി ആളുകള്‍  അവരെ സഹായിക്കുന്നു. നിരാലംബരായ മൃഗങ്ങള്‍ക്കും ശീതകാലം വളരെ ബുദ്ധിമുട്ടാണ്. അവരെ സഹായിക്കാനും നിരവധി ആളുകള്‍ മുന്നോട്ട് വരുന്നു. നമ്മുടെ യുവതലമുറ അത്തരം പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവമാണ്. സുഹൃത്തുക്കളേ, അടുത്ത തവണ നാം മന്‍ കീ ബാത്തില്‍ കണ്ടുമുട്ടുമ്പോള്‍, ഈ വര്‍ഷം 2020 അവസാനിക്കുന്നുണ്ടാകും. പുതിയ പ്രതീക്ഷകള്‍, പുതിയ വിശ്വാസങ്ങള്‍ എന്നിവ ഉപയോഗിച്ച് നാം മുന്നോട്ട് പോകും. നിങ്ങളുടെ  നിര്‍ദ്ദേശങ്ങളും  ആശയങ്ങളും, അവ എന്തൊക്കെയാണെങ്കിലും, എന്നോട് പങ്കിടുന്നത് തുടരുക. നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍. എല്ലാവരും ആരോഗ്യവാന്മാരായിരിക്കുക, രാജ്യത്തിനായി സജീവമായിരിക്കുക. വളരെയധികം നന്ദി.

 

***