പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ബഹുമാനപ്പെട്ട മെറ്റി ഫ്രെഡറിക്‌സണുമായി ടെലിഫോണില്‍ സംസാരിച്ചു.
ഇരു രാജ്യങ്ങളും കോവിഡ്- 19നെ പ്രതിരോധിക്കാന്‍ കൈക്കൊണ്ട നടപടികള്‍ ഇരു നേതാക്കളും താരതമ്യംചെയ്തു. രോഗബാധ വര്‍ധിക്കാത്തവിധം ലോക്ഡൗണ്‍ വ്യവസ്ഥകള്‍ പിന്‍വലിക്കുന്നതില്‍ ഡെന്‍മാര്‍ക്ക് നേടിയ വിജയത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അനുഭവങ്ങള്‍ പാഠമാക്കാന്‍ ഇന്ത്യന്‍, ഡാനിഷ് വിദഗ്ധര്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍ ഇരുവരും സമ്മതിച്ചു.
ഇന്ത്യ-ഡെന്‍മാര്‍ക്ക് ബന്ധം ശക്തിപ്പെടുത്താനുള്ള ആഗ്രഹം ആവര്‍ത്തിച്ച നേതാക്കള്‍, കോവിഡിനു ശേഷമുള്ള ലോകത്ത് ഇരു രാജ്യങ്ങളും സഹകരിച്ച് എങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നു ചര്‍ച്ച നടത്തുകയും ചെയ്തു.
2020 മേയ് 12നു രണ്ടു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ജോയിന്റ് കമ്മിഷന്‍ മീറ്റിങ് ഫലപ്രദമായി സംഘടിപ്പിക്കപ്പെട്ടതിനെ ഇരുവരും സ്വാഗതം ചെയ്തു.
ആരോഗ്യ ഗവേഷണം, ശുദ്ധമായ ഹരിതോര്‍ജം, കാലാവസ്ഥാ വ്യതിയാന പുനര്‍നിര്‍മാണം തുടങ്ങിയ മേഖലകള്‍ പരസ്പരം ഗുണകരമായ സഹകരണത്തിനു വളരെയധികം സാധ്യതകള്‍ പ്രദാനം ചെയ്യുന്നു എന്നു സമ്മതിച്ച നേതാക്കള്‍ ഇന്ത്യയും ഡെന്‍മാര്‍ക്കും തമ്മില്‍ കരുത്തുറ്റ ഹരിതാഭമായ തന്ത്രപ്രധാനമായ പങ്കാളിത്തം യാഥാര്‍ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കാനുള്ള പ്രതിബദ്ധത പരസ്പരം വെളിപ്പെടുത്തി.