Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2019 നവംബര്‍ 24ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ(മനസ്സ് പറയുന്നത് -ആറാം ലക്കം)


പ്രിയപ്പെട്ട ജനങ്ങളേ, മന്‍ കീ ബാത്തിലേക്ക് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുന്നു. രാജ്യത്തിലെ യുവാക്കള്‍ ജ്വലിക്കുന്ന ആവേശമുള്ള രാജ്യസ്‌നേഹവും സേവനമനോഭാവമുള്‍ക്കൊണ്ട് യുവാക്കള്‍…. അവരെ നിങ്ങള്‍ക്കറിയില്ലേ. എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലെ നാലാമത്തെ ഞായറായഴ്ച എന്‍സിസി ദിനമായി ആഘോഷിക്കപ്പെടുന്നു. സാധാരണയായി, നമ്മുടെ യുവ തലമുറയ്ക്ക് ഫ്രണ്ട്ഷിപ് ദിനം മിക്കവാറും ഓര്‍മ്മയുണ്ടാകും. എന്നാല്‍ വളരെയധികം പേര്‍ക്ക് എന്‍സിസി ദിനവും അത്രതന്നെ ഓര്‍മ്മയുണ്ടാകും. അതുകൊണ്ട് നമുക്കിന്ന് എന്‍സിസിയെക്കുറിച്ചു സംസാരിക്കാം. എനിക്കും ചില ഓര്‍മ്മകള്‍ക്ക് പുതുമ പകരാന്‍ ഈ അവസരം ഉപകരിച്ചേക്കും. ആദ്യമായി മുന്‍ എന്‍സിസി കേഡറ്റുകള്‍ക്കും ഇപ്പോഴത്തെ എന്‍സിസി കേഡറ്റുകള്‍ക്കും എന്‍സിസി ദിനത്തിന്റെ അനേകമനേകം ശുഭാശംസകള്‍ നേരുന്നു.  കാരണം ഞാനും നിങ്ങളെപ്പോലെ ഒരു കേഡറ്റായിരുന്നു, ഇന്നും മനസ്സുകൊണ്ട് സ്വയം കേഡറ്റായി കണക്കാക്കുന്നു. എന്‍സിസി എന്നാല്‍ നാഷണല്‍ കേഡറ്റ് കോര്‍  എന്ന് നമുക്കെല്ലാമറിയാം. ലോകത്തിലെ യൂണിഫോമണിഞ്ഞ സംഘടനകളില്‍ ഏറ്റവും വലിയ ഒന്നാണ് ഭാരതത്തിലെ എന്‍സിസി. ഇതൊരു ത്രിതല സേവന സംഘടനയാണ്. ഇതില്‍ സൈന്യം, നാവികസേന, വായുസേന എന്നീ മൂവരും ചേരുന്നു.  നേതൃത്വം, ദേശഭക്തി, സ്വാര്‍ഥരഹിതസേവനം, അനുസരണ, കഠിനാധ്വാനം തുടങ്ങിയവയെല്ലാം സ്വന്തം സ്വഭാവത്തിന്റെ ഭാഗമാക്കുക, സ്വന്തം സ്വഭാവം രൂപപ്പെടുത്താനുള്ള രോമാഞ്ചപ്പെടുത്തുന്ന യാത്രയെന്നാണ് എന്‍സിസിയെ പറയാനാവുക. ഈ യാത്രയെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ കൂടി പറയാന്‍ എന്‍സിസിയില്‍ തങ്ങളുടെ സ്ഥാനമുറപ്പിച്ച ചില യുവാക്കള്‍ കൂടെയുണ്ട് വരൂ, അവരോട് ഫോണില്‍ സംസാരിക്കാം:
പ്രധാനമന്ത്രി – സുഹൃത്തുക്കളേ, നിങ്ങള്‍ക്കേവര്‍ക്കും സുഖമാണോ?
തരന്നും ഖാന്‍ – ജയ് ഹിന്ദ് പ്രധാനമന്ത്രി ജീ
പ്രധാനമന്തി – ജയ് ഹിന്ദ്
തരന്നും ഖാന്‍ – സര്‍ ഞാന്‍ ജൂനിയര്‍ അണ്ടര്‍ ഓഫീസര്‍ തരന്നും ഖാന്‍ ആണ്.
പ്രധാനമന്തി – തരന്നും, താങ്കള്‍ എവിടെയുള്ള ആളാണ്?
തരന്നും ഖാന്‍ – ഞാന്‍ ദില്ലിയില്‍ താമസിക്കുന്ന ആളാണു സര്‍.
പ്രധാനമന്ത്രി – ശരി എന്‍സിസിയില്‍ ചേര്‍ന്നിട്ട് ഇത്രയും കാലം എന്തെല്ലാം അനുഭവങ്ങളാണുള്ളത്?
തരന്നും ഖാന്‍ – സര്‍ ഞാന്‍ 2017 ല്‍ എന്‍സിസിയില്‍ ചേര്‍ന്നു. ഈ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവു നല്ല വര്‍ഷങ്ങളാണ്.
പ്രധാനമന്ത്രി – ആഹാ… അതുകേട്ടിട്ട് വളരെ സന്തോഷം തോന്നുന്നു.
തരന്നും ഖാന്‍ – സര്‍, എന്റെ ഏറ്റവും നല്ല അനുഭവം ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്യാമ്പില്‍ പങ്കെടുത്തതാണ്. ഞങ്ങളുടെ ആ ക്യാമ്പ് ആഗസ്റ്റിലാണു നടന്നത്, അതില്‍ വടക്കു കിഴക്കന്‍ പ്രദേശങ്ങളിലെ കുട്ടികളാണ് വന്നിരുന്നത്. കേഡറ്റുകള്‍ക്കൊപ്പം ഞങ്ങള്‍ 10 ദിവസം കഴിഞ്ഞു. ഞങ്ങള്‍ അവരുടെ ജീവിതരീതി കണ്ടുപഠിച്ചു. അവരുടെ ഭാഷയെന്താണെന്നു മനസ്സിലാക്കി. അവരുടെ പാരമ്പര്യം, അവരുടെ സംസ്‌കാരം, തുടങ്ങിയ പല കാര്യങ്ങളും അവരില്‍ നിന്ന് പഠിക്കാനായി. ഉദാഹരണത്തിന് വൈസോം (vaizome) എന്നാല്‍ ഹലോ എന്നാണ്, അതുപോലെതന്നെ ഒരു സാംസ്‌കാരിക രാവ് സംഘടിപ്പിക്കയുണ്ടായി. അതിനോടനുബന്ധിച്ച് അവര്‍ തങ്ങളുടെ ഡാന്‍സ് പഠിപ്പിച്ചു അവരുടെ ഡാന്‍സിന് തേഹരാ എന്നാണ് പറയുന്നത്. അവര്‍ എന്നെ മേഖലാ അണിയാന്‍ പഠിപ്പിച്ചു. അതണിഞ്ഞാല്‍ ഞങ്ങള്‍ ദില്ലിക്കാരും നമ്മുടെ നാഗാലാന്‍ഡില്‍ നിന്നുള്ള സുഹൃത്തുക്കളുമെമെല്ലാം നല്ല സുന്ദരികളായിരുന്നു. ഞങ്ങള്‍ അവരെ ദില്ലി ദര്‍ശന്‍ പരിപാടിക്ക് കൊണ്ടുപായി…. അവരെ ദേശീയ യുദ്ധ സ്മാരകത്തിലും ഇന്ത്യാ ഗേറ്റും കൊണ്ടുപേയി  കാണിച്ചു. അവിടെ വച്ച് അവര്‍ക്ക് ദില്ലിയിലെ ചാഠ് കഴിക്കാന്‍ കൊടുത്തു, ഭേല്‍ പൂരി കഴിപ്പിച്ചു. അതവര്‍ക്ക് അല്‍പം എരിവുള്ളതായി തോന്നി. കാരണം അവര്‍ പറഞ്ഞതനുസരിച്ച് അവര്‍ കൂടുതലും സൂപ് കഴിക്കാനാണ് ഇഷ്ടപ്പെടുന്നത്, പിന്നെ ആവിയില്‍ വേവിച്ച പച്ചക്കറി കഴിക്കുന്നു,. അതായത് അവര്‍ക്ക് ഭക്ഷണം അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. അതുകൂടാതെ അവരോടൊപ്പം ഫോട്ടോകളെടുത്തു, അനുഭവങ്ങള്‍ പങ്കുവച്ചു.
പ്രധാനമന്ത്രി – നിങ്ങള്‍ അവരുമായുള്ള ബന്ധം നിലനിര്‍ത്തുന്നുണ്ടോ?
തരന്നും ഖാന്‍ – ഉവ്വ് സര്‍, ഞങ്ങള്‍ അവരുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ട്.
പ്രധാനമന്ത്രി – ശരി, നന്നായി.
തരന്നും ഖാന്‍ –  ഉവ്വ് സര്‍.
പ്രധാനമന്ത്രി – ആരാണ് കൂടെയുള്ളതിപ്പോള്‍?
ഹരി ജി വി – ജയ് ഹിന്ദ് സര്‍
പ്രധാനമന്ത്രി – ജയ് ഹിന്ദ്
ഹരി ജി വി – ഞാന്‍ സീനിയര്‍ അണ്ടര്‍ ഓഫീസര്‍   ഹരി ജി വി  സംസാരിക്കുന്നു.  ഞാന്‍ കര്‍ണ്ണാടകയില്‍ ബംഗളൂരു നിവാസിയാണ് സര്‍.
പ്രധാനമന്ത്രി – എവിടെയാണ് പഠിക്കുന്നത്?
ശ്രീഹരി ജി വി – സര്‍ ബംഗളൂരുവില്‍ ക്രിസ്തുജയന്തി കോളജില്‍.
പ്രധാനമന്ത്രി – കൊള്ളാം ബംഗളൂരുവില്‍തന്നെയാണ്!
ശ്രീഹരി ജി വി – അതെ സര്‍.
പ്രധാനമന്ത്രി – പറയൂ, എന്തു വിശേഷമുണ്ട്?
ശ്രീഹരി ജി വി -സര്‍, ഞാന്‍ ഇന്നലെയാണ് സിംഗപ്പൂരില്‍ നടന്ന യൂത്ത് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്തിട്ട് മടങ്ങിയെത്തിയത്.
പ്രധാനമന്ത്രി – ആഹാ, നന്നായി.
ശ്രീഹരി ജി വി – ഉവ്വ് സര്‍.
പ്രധാനമന്ത്രി – അതായത് സിംഗപ്പൂരില്‍ പോകാനൊരു അവസരം കിട്ടി.
ശ്രീഹരി ജി വി – ഉവ്വ് സര്‍.
പ്രധാനമന്ത്രി -സിംഗപ്പൂര്‍ യാത്രയുടെ അനുഭവങ്ങള്‍ പറയൂ.
ശ്രീഹരി ജി വി – അവിടെ ആറു രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വന്നത്. യൂണൈറ്റഡ് കിംഗ്ഡം, യൂണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, സിംഗപ്പൂര്‍, ബ്രൂണൈ, ഹോംഗ്‌കോംഗ്, പിന്നെ നേപ്പാളും. അവിടെ ഞങ്ങള്‍ പഠിച്ചത് ആയോധന മുറകളും ഇന്റര്‍ നാഷണല്‍ മിലിട്ടറി ഏക്‌സര്‍സൈസുകളുമായിരുന്നു. അവിടെ ഞങ്ങളുടെ പ്രകടനം കുറച്ച് വേറിട്ടതായിരുന്നു സര്‍. ഞങ്ങളെ വാട്ടര്‍ സ്‌പോര്‍ട്‌സും സാഹസിക പ്രവര്‍ത്തനങ്ങളും പഠിപ്പിച്ചു. വാട്ടര്‍ പോളോ ടൂര്‍ണമെന്റില്‍ ഇന്‍ഡ്യയുടെ ടീം വിജയിക്കുകയും ചെയ്തു സര്‍. സാംസ്‌കാരിക പരിപാടികളില്‍ ഞങ്ങള്‍ ഓവറോള്‍ പെര്‍ഫോര്‍മന്‍സ് കാഴ്ചവച്ചു സര്‍. ഞങ്ങളുടെ ഡ്രില്ലും വേര്‍ഡ് ഓഫ് കമാന്‍ഡും അവര്‍ക്ക് വളരെ മികച്ചതായി തോന്നി സര്‍.
പ്രധാനമന്ത്രി – നിങ്ങള്‍ എത്ര പേരുണ്ടായിരുന്നു ഹരീ?
ഹരി ജി വി – 20 പേരുണ്ടായിരുന്നു സര്‍. 10 ആണ്‍ കുട്ടികളും 10 പെണ്‍ കുട്ടികളും.
പ്രധാനമന്ത്രി -ഇത് ഭാരതത്തിലെ പല പല സംസ്ഥാനങ്ങളില്‍ നിന്നായിരുന്നിരിക്കും?
ഹരി ജി വി – അതെ സര്‍.
പ്രധാനമന്ത്രി- ശരി, ഹരിയുടെ സുഹൃത്തുക്കളെല്ലാം യാത്രാനുഭവങ്ങള്‍ കേള്‍ക്കാന്‍ കാത്തിരിക്കയാകും. എനിക്ക് വളരെ നന്നായി തോന്നി. കൂടെ വേറെ ആരുണ്ട്?
വിനോല്‍  കിസോ – ജയ് ഹിന്ദ് സര്‍.
പ്രധാനമന്ത്രി – ജയ് ഹിന്ദ് ..
വിനോല്‍  കിസോ – ഞാന്‍ സീനിയര്‍ അണ്ടര്‍ ഓഫീസര്‍ വിനോല്‍  കിസോ ആണ് സര്‍. ഞാന്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയണ്‍ നാഗാലാന്റ് സംസ്ഥാനത്തുനിന്നാണ് സര്‍.
പ്രധാനമന്ത്രി – ങാ… വിനോല്‍  … പറയൂ യാത്രാനുഭവങ്ങള്‍..
വിനോല്‍  കിസോ –  സര്‍, ഞാന്‍ ജഖാമയിലുള്ള ഓടോണമസ് കോളജ്, സെന്റ് ജോസഫ്‌സില്‍ പഠിക്കുന്നു. ബി.എ.ഹിസ്റ്ററി ഓണര്‍സ്.  ഞാന്‍ 2017 ല്‍ എന്‍സിസിയില്‍ ചേര്‍ന്നു. അതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ നല്ല തീരുമാനമായിരുന്നു സര്‍.
പ്രധാനമന്ത്രി – എന്‍സിസി കാരണം ഭാരതത്തിലെ എവിടെയെല്ലാം പോകാന്‍ അവസരം ലഭിച്ചു?
വിനോല്‍  കിസോ – സര്‍. ഞാന്‍ എന്‍സിസിയില്‍ ചേര്‍ന്ന് പല കാര്യങ്ങള്‍ പഠിച്ചു. അവസരങ്ങളും വളരെയധികം ലഭിച്ചു. എന്റെ ഒരു അനുഭവം അങ്ങയുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. ഞാന്‍ ഈ വര്‍ഷം 2019 ജൂണ്‍ മാസത്തില്‍ ഒരു ക്യാമ്പില്‍ പങ്കെടുത്തു- കംബൈന്‍ഡ് ആന്വല്‍ ട്രെയിനിംഗ് ക്യാമ്പ്. അത് നടന്നത് കൊഹിമയിലെ സാസോലീ കോളജിലായിരുന്നു. ഈ ക്യാമ്പില്‍ 400 കേഡറ്റുകള്‍ പങ്കെടുത്തു.
പ്രധാനമന്ത്രി – ഭാരതത്തില്‍ മറ്റെവിടെയെല്ലാം പോയി, എന്തെല്ലാം കണ്ടു എന്നെല്ലാം അറിയാന്‍ നാഗാലാന്റിലെ സുഹൃത്തുക്കള്‍ അറിയാനാഗ്രഹിക്കുന്നുണ്ടാകും. ആ യത്രാനുഭവങ്ങളെല്ലാം നിങ്ങള്‍ അവരുമായി പങ്കിടാറുണ്ടോ ?
വിനോല്‍  കിസോ – ഉവ്വ് സര്‍
പ്രധാനമന്ത്രി – മറ്റാരാണ് കൂടെയുള്ളത്?
അഖില്‍ – ജയ് ഹിന്ദ് സര്‍, ഞാന്‍ ജൂനിയര്‍ അണ്ടര്‍ ഓഫീസര്‍ അഖില്‍ ആണ് സര്‍.
പ്രധാനമന്ത്രി – ങാ..അഖില്‍ പറയൂ.
അഖില്‍ – ഞാന്‍ ഹരിയാണയിലെ രോഹ്തക് നിവാസിയാണു സര്‍.
പ്രധാനമന്ത്രി –  ങാ..
അഖില്‍ – ഞാന്‍ ദില്ലിയിലെ ദയാല്‍ സിംഗ് കോളജില്‍ ഫിസിക്‌സ് ഓണേഴ്‌സിനു പഠിക്കുന്നു സര്‍.
പ്രധാനമന്ത്രി – ങാ.. ങാ..
അഖില്‍ – എനിക്ക് എന്‍സിസിയില്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ടത് അച്ചടക്കമാണു സര്‍.
പ്രധാനമന്ത്രി – നന്നായി.
അഖില്‍ – ഇതെന്നെ കൂടുതല്‍ ഉത്തരവാദിത്വമുള്ള പൗരനാക്കി സര്‍. എന്‍സിസി കേഡറ്റിന്റെ ഡ്രില്‍, യൂണിഫോം ഒക്കെയും വളരെ ഇഷ്ടമാണ്.
പ്രധാനമന്ത്രി –  എത്ര ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി, എവിടെല്ലാം പോകാന്‍ സാധിച്ചു?
അഖില്‍ – ഞാന്‍ മൂന്നു ക്യാമ്പുകളില്‍ പങ്കെടുത്തു സര്‍. അടുത്ത കാലത്ത് ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഡഹ്‌റാഡൂണില്‍ അറ്റാച്ച്‌മെന്റ് ക്യാമ്പില്‍ പങ്കെടുക്കുകയുണ്ടായി.
പ്രധാനമന്ത്രി – എത്ര ദിവസത്തേക്കുള്ളതായിരുന്നു?
അഖില്‍ – സര്‍, 13 ദിവസത്തെ ക്യാമ്പായിരുന്നു സര്‍.
പ്രധാനമന്ത്രി  – കൊള്ളാം.
അഖില്‍ – സര്‍, ഭാരതത്തിന്റെ സൈന്യത്തില്‍ ഓഫീസറാകുന്നതെങ്ങനെ എന്ന് വളരെ അടുത്തുനിന്നു കണ്ടു സര്‍. അതിനുശേഷം ഭാരതീയ സൈന്യത്തില്‍ ഓഫീസറാകാനുള്ള എന്റെ നിശ്ചയം കൂടുതല്‍ ദൃഢമായി സര്‍.
പ്രധാനമന്ത്രി – സബാഷ് …
അഖില്‍ – ഞാന്‍ റിപ്പബ്ലിക് ഡേ പരേഡിലും പങ്കെടുക്കുകയുണ്ടായി സര്‍. അതെ എന്നെയും എന്റെ കുടുംബത്തെയും സംബന്ധിച്ചിടത്തോളം വലിയ അഭിമാനകരമായ കാര്യമായിരുന്നു.
പ്രധാനമന്ത്രി –   സബാഷ്…
അഖില്‍ – എന്നെക്കാളധികം സന്തോഷം എന്റെ അമ്മയ്ക്കായിരുന്നു സര്‍. ഞങ്ങള്‍ രാവിലെ 2 മണിക്ക് ഉണര്‍ന്ന് രാജ്പഥില്‍ പരിശീലനത്തിനു പോകുമ്പോള്‍ ഞങ്ങളുടെ ആവേശം കാണേണ്ടതു തന്നെയായിരുന്നു. മറ്റു സേവനസംഘടനകളിലെ ആളുകള്‍ ഞങ്ങളെ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു.. രാജ്പഥില്‍ മാര്‍ച്ച് ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് രോമാഞ്ചം അനുഭവപ്പെട്ടിരുന്നു സര്‍.
പ്രധാനമന്ത്രി – നിങ്ങള്‍ നാലുപേരോടും സംസാരിക്കാന്‍ അവസരം ലഭിച്ചു. അതും എന്‍സിസി ദിനത്തെക്കുറിച്ച്. എനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്. കാരണം ഞാനും എന്റെ കുട്ടിക്കാലത്ത് ഗ്രാമത്തിലെ സ്‌കൂളില്‍ എന്‍സിസി കേഡറ്റായിരുന്നു. അതുകൊണ്ട് അച്ചടക്കവും ഈ യൂണിഫോമും കൊണ്ട് ആത്മവിശ്വാസം എത്രയാണു വര്‍ധിക്കുന്നതെന്നും ഒരു എന്‍സിസി കേഡറ്റായി അനുഭവിച്ചറിയാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്.
വിനോല്‍  – പ്രധാനമന്ത്രീജീ, എനിക്കൊരു ചോദ്യമുണ്ട്.
പ്രധാനമന്ത്രി –  എന്താണ് ചോദിക്കൂ..
തരന്നും – അങ്ങും എന്‍സിസിയുടെ ഭാഗമായിരുന്നല്ലോ…
പ്രധാനമന്ത്രി – ആരാണത്? വിനോല്‍   ആണോ സംസാരിക്കുന്നത്?
വിനോല്‍  – അതെ സര്‍ അതെ.
പ്രധാനമന്ത്രി – ങാ.. വിനോല്‍ ചോദിക്കൂ.
വിനോല്‍  – അങ്ങയ്ക്ക് എപ്പോഴെങ്കിലും ശിക്ഷ ലഭിച്ചിട്ടുണ്ടോ?
പ്രധാനമന്ത്രി – (ചിരിച്ചുകൊണ്ട്) ഇതിന്റെയര്‍ഥം നിങ്ങള്‍ക്ക് ശിക്ഷ ലഭിക്കാറുണ്ടെന്നാണ്.
വിനോലേ – ഉവ്വ് സര്‍.
പ്രധാനമന്ത്രി –  എനിക്ക് ശിക്ഷയൊന്നും ലഭിച്ചിട്ടില്ല, കാരണം, ഞാന്‍ വളരെ അച്ചടക്കം പാലിക്കുന്ന കൂട്ടത്തിലായിരുന്നു. എന്നാല്‍ ഒരിക്കല്‍ ഒരു തെറ്റിദ്ധാരണയുണ്ടായി. ക്യാമ്പിലായിരുന്നപ്പോള്‍ ഞാനൊരു മരത്തില്‍ കയറുകയുണ്ടായി. അക്കാര്യത്തില്‍ ആദ്യം തോന്നിയത് ഞാനേതോ നിയമം ലംഘിച്ചു എന്നായിരുന്നു. എന്നാല്‍ പട്ടത്തിന്റെ ചരടിയില്‍ ഒരു പക്ഷി കുടുങ്ങിയതിനെ രക്ഷപ്പെടുത്താനായിരുന്നു അതെന്ന്  പിന്നീട് എല്ലാവര്‍ക്കും മനസ്സിലായി. എന്തായാലും എന്റെ മേല്‍ ശിക്ഷാനടപടി ഉണ്ടാകുമെന്നാണ് ആദ്യം തോന്നിയത്. പക്ഷേ, പിന്നെ എന്നെ വളരെ അഭിനന്ദിച്ചു. അങ്ങനെ അതൊരു വേറിട്ട അനുഭവമായി.
തരന്നും ഖാന്‍ – സര്‍, ഇതുകേട്ട് വളരെ ഇഷ്ടപ്പെട്ടു സര്‍.
പ്രധാനമന്ത്രി –  നന്ദി…
തരന്നും ഖാന്‍ – ഞാന്‍ തരന്നും ആണ് സംസാരിക്കുന്നത്.
പ്രധാനമന്ത്രി – ഉവ്വ് തരന്നും പറയൂ.
തരന്നും ഖാന്‍ – അങ്ങനുവദിക്കുമെങ്കില്‍ ഞാന്‍ ഒരു ചോദ്യം ചോദിക്കാനാഗ്രഹിക്കുന്നു.
പ്രധാനമന്ത്രി – ഉവ്വ്… ചോദിക്കൂ.
തരന്നും ഖാന്‍ – സര്‍, എല്ലാ ഭാരതീയരും 3 വര്‍ഷത്തിനിടയില്‍ 15 ഇടങ്ങളില്‍ യാത്ര പോകണമെന്ന സന്ദേശം അങ്ങ് നല്‍കുകയുണ്ടായി. എവിടേക്കു പോകണമെന്ന് അങ്ങ് പറഞ്ഞു തരുമോ? എവിടെ പോയതാണ് അങ്ങയ്ക്ക് വളരെയധികം ഇഷ്ടപ്പെട്ടത്?
പ്രധാനമന്ത്രി – ഹിമാലയമാണ് എനിക്ക് എന്നും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം.
തരന്നും ഖാന്‍ – സര്‍.
പ്രധാനമന്ത്രി – എങ്കിലും നിങ്ങള്‍ക്ക് പ്രകൃതിയോടു സ്‌നേഹമുണ്ടെങ്കില്‍ വനം, അരുവി എല്ലാമുള്ള ഒരു വേറിട്ട ചുറ്റുപാടുകളാണ് കാണേണ്ടതെങ്കില്‍ വടക്കു കിഴക്കന്‍ ഭാരതത്തിലേക്കു പോകണം.
തരന്നും ഖാന്‍ – ഉവ്വ് സര്‍.
പ്രധാനമന്ത്രി –  ഞാനെപ്പോഴും പറയാറുണ്ട്, അതുകൊണ്ട് വടക്ക് കിഴക്കന്‍ ടൂറിസം വികസിക്കും, സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഗുണമുണ്ടാകും, ഏക് ഭാരത് – ശ്രേഷ്ഠ ഭാരത് എന്ന സ്വപ്നത്തെ ശക്തിപ്പെടുത്താനും അതുപരിക്കും.
തരന്നും ഖാന്‍ – ഉവ്വ് സര്‍.
പ്രധാനമന്ത്രി – എന്നാല്‍ ഭാരതത്തിലെ എല്ലാ ഇടത്തും കാണാന്‍ വളരെയേറെ ഉണ്ട്, പഠിക്കാനും വളരെയുണ്ട്, ഒരു തരത്തില്‍ ആത്മാവിനെ നിര്‍മ്മലമാക്കുന്നതുപോലെയാണ്.
ശ്രീഹരി ജി.വി. – പ്രധാനമന്ത്രി ജീ ഞാന്‍ ശ്രീഹരി സംസാരിക്കുന്നു.
പ്രധാനമന്ത്രി – ഹരി പറയൂ.
ശ്രീഹരി -അങ്ങ് ഒരു രാഷ്ട്രീയക്കാരനായിരുന്നില്ലെങ്കില്‍ ആരാകുമായിരുന്നു എന്നാണ് എനിക്കറിയേണ്ടത്.
പ്രധാനമന്ത്രി – ഇതൊരു വളരെ വിഷമം പിടിച്ച ചോദ്യമാണ്. കാരണം എല്ലാ കുട്ടികളുടെയും ജീവിതത്തില്‍ പല പടവുകളുമുണ്ട്. ചിലപ്പോള്‍ ഇതാകണമെന്നുതോന്നും, മറ്റു ചിലപ്പോള്‍ മറ്റൊരാളാകണമെന്നു തോന്നും. എന്നാല്‍ സത്യത്തില്‍ എനിക്ക് ഒരിക്കലും രാഷ്ട്രീയത്തിലെത്തണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല. ഒരിക്കലും ചിന്തിച്ചിട്ടുമില്ല. എന്നാല്‍ എത്തി. എത്തിയ സ്ഥിതിക്ക് മനസ്സും ശരീരവും രാജ്യത്തിന് പ്രയോജനപ്പെടണമെന്ന് വിചാരിക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ ഞാനിവിടെയായിരുന്നില്ലെങ്കില്‍ എവിടെ ആയിരിക്കുമായിരുന്നു എന്നത് എന്റെ  ചിന്തയില്‍പോലും ഇല്ല. ഇപ്പോള്‍ മനസ്സും ശരീരവും കൊണ്ട് എവിടെയാണോ അവിടെ മനസ്സര്‍പ്പിച്ച് ജീവിക്കണം, മനസ്സും ശരീരവും കൊണ്ട് അധ്വാനിക്കണം, രാജ്യത്തിനുവേണ്ടി എല്ലുമുറിയെ പണിയെടുക്കണം. പകലെന്നും നോക്കേണ്ട, രാവെന്നും നോക്കേണ്ട… ഇയൊരു ലക്ഷ്യത്തോടെ ഞാന്‍ സ്വയം അര്‍പ്പിച്ചിരിക്കയാണ്.
അഖില്‍ – പ്രധാനമന്ത്രിജീ….
പ്രധാനമന്ത്രി – ങാ..
അഖില്‍ – അങ്ങ് പകലെല്ലാം ഇത്രയ്ക്ക് തിരക്കിലാണ്. എനിക്കറിയേണ്ടത് ടിവി കാണാനും, സിനിമ കാണാനും അല്ലെങ്കില്‍ പുസ്തകം വായിക്കാനുമൊക്കെ അങ്ങേക്ക് സമയം ലഭിക്കുന്നുണ്ടോ എന്നാണ്?
പ്രധാനമന്ത്രി – എനിക്ക് പുസ്തകം വായിക്കുന്ന ശീലമുണ്ടായിരുന്നു. സിനിമ കാണാന്‍ ഒരിക്കലും താത്പര്യമേ ഇല്ലായിരുന്നു. അങ്ങനെ ടി വി കാണാന്‍ സാധിക്കുന്നുമില്ല. വളരെ കുറച്ചേ കാണാറുളളൂ. പണ്ട് ചിലപ്പോഴൊക്കെ ജിജ്ഞാസ കാരണം ഡിസ്‌കവറി ചാനല്‍ കണ്ടിരുന്നു. പുസ്തകങ്ങള്‍ വായിക്കയും ചെയ്തിരുന്നു. എന്നാല്‍ ഈയിടെ വായിക്കാന്‍ സാധിക്കാറില്ല. പിന്നെ ഗൂഗിള്‍ കാരണവും ശീലങ്ങള്‍ ദുഷിച്ചുപോയിരിക്കുന്നു. കാരണം എന്തെങ്കിലും അറിയേണ്ട ആവശ്യം വന്നാല്‍ വേഗം കുറുക്കുവഴി അന്വേഷിക്കയായി. അങ്ങനെ എല്ലാവരുടെയും ശീലങ്ങള്‍ ചീത്തയായതുപോലെ എന്റെ ശീലവും ചീത്തയായി. ശരി സുഹൃത്തുക്കളേ, നിങ്ങളേവരോടും സംസാരിച്ചതില്‍ എനിക്ക് വളരെ സന്തോഷം… നിങ്ങള്‍ വഴി എന്‍സിസിയുടെ എല്ലാ കേഡറ്റുകള്‍ക്കും അനേകാനേകം ശുഭാശംസകള്‍ നേരുന്നു. വളരെ വളരെ നന്ദി സുഹൃത്തുക്കളേ, നന്ദി!
എല്ലാ എന്‍സിസി കേഡറ്റുകളും – വളരെ വളരെ നന്ദി സര്‍, താങ്ക്യൂ
പ്രധാനമന്ത്രി – താങ്ക്യൂ, താങ്ക്യൂ.
എല്ലാ എന്‍സിസി കേഡറ്റുകളും – ജയ് ഹിന്ദ് സര്‍.
പ്രധാനമന്ത്രി – ജയ് ഹിന്ദ്
എല്ലാ എന്‍സിസി കേഡറ്റുകളും – ജയ് ഹിന്ദ് സര്‍.
പ്രധാനമന്ത്രി – ജയ് ഹിന്ദ്, ജയ് ഹിന്ദ്.

എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ഡിസംബര്‍ 7 സായുധ സേനാ പതാകദിനമായി ആഘോഷിക്കപ്പെടുന്നു എന്നത് നാം ആരും തന്നെ മറക്കാന്‍ പാടില്ല. നാം നമ്മുടെ വീരന്മാരായ സൈനികരെ, അവരുടെ പരാക്രമത്തെ, അവരുടെ ബലിദാനത്തെ ഓര്‍മ്മിക്കുകയും അവര്‍ക്കായി നമ്മുടെ പങ്ക് നല്‍കുകയും ചെയ്യുന്ന ദിനമാണത്. ആദരമനോഭാവം കൊണ്ടു മാത്രം കാര്യം നടക്കില്ല. പങ്കുചേരലും ആവശ്യമാണ്, ഡിസംബര് 7 ന് എല്ലാവരും മുന്നോട്ടു വരണം. എല്ലാവരുടെയും പക്കല്‍ അന്ന് സായുധ സേനാ പതാക ഉണ്ടായിരിക്കണം, എല്ലാവരും തങ്ങളുടെ പങ്ക് നല്‍കുകയും വേണം. വരൂ. ഈ അവസരത്തില്‍ നമുക്ക് നമ്മുടെ സായുധ സൈനികരുടെ അപാരമായ സാഹസം, ശൗര്യം, സമര്‍പ്പണമനോഭാവത്തോട് കൃതജ്ഞത വ്യക്തമാക്കാം, വീരന്മാരായ സൈനികരെ സ്മരിക്കാം.
പ്രിയപ്പെട്ട ജനങ്ങളേ, ഭാരതത്തില്‍ ഫിറ്റ് ഇന്ത്യാ പ്രസാഥാനവുമായി നിങ്ങളിപ്പോള്‍ പരിചയപ്പെട്ടു കഴിഞ്ഞിട്ടുണ്ടാകും. സിബിഎസ്‌സി ഫിറ്റ് ഇന്ത്യാ വാരാഘോഷത്തിന്റെ വളരെ അഭിനന്ദനാര്‍ഹമായ ഒരു തുടക്കം കുറിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് ഫിറ്റ് ഇന്ത്യാ വീക്ക് ഡിസംബര്‍ മാസത്തില്‍ എപ്പോള്‍ വേണമെങ്കിലും ആഘോഷിക്കാം. ഇതില്‍ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് പല പരിപാടികളും നടത്തേണ്ടതുണ്ട്. ക്വിസ്, ഉപന്യാസ രചന, ചിത്രരചന, പരമ്പരാഗതവും പ്രാദേശികവുമായ കളികള്‍, യോഗാസനം, നൃത്തം, കളികള്‍, മത്സരങ്ങളെല്ലാം പെടും. ഫിറ്റ് ഇന്ത്യാ വാരത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം പല അധ്യാപകര്‍ക്കും അച്ഛനമ്മമാര്‍ക്കും പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ഫിറ്റ് ഇന്ത്യാ എന്നാല്‍ കേവലം ബുദ്ധികൊണ്ടുള്ള കസര്‍ത്തോ, കടലാസിലെ കസര്‍ത്തോ, ലാപ്‌ടോപ്പിലോ, കമ്പ്യൂട്ടറിലോ, മൊബൈല്‍ ഫോണിലോ ഫിറ്റ്‌നസ് ആപ് നോക്കിക്കൊണ്ടിരിക്കലോ മാത്രമല്ല എന്നു മറക്കരുത്. അതുപോരാ, വിയര്‍പ്പൊഴിക്കണം. ആഹാരശീലങ്ങള്‍ മാറ്റണം. കൂടുതലും കേന്ദ്രീകൃത പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ശീലമുണ്ടാക്കണം. എല്ലാ സ്‌കൂളുകളും, ഡിസംബര്‍ മാസത്തില്‍ ഫിറ്റിന്ത്യാ വാരം ആഘോഷിക്കണമെന്ന് ഞാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകളോടും സ്‌കൂള്‍ മാനേജ്‌മെന്റുകളോടും അഭ്യര്‍ഥിക്കുന്നു. അതിലൂടെ ഫിറ്റ്‌നസ് ന്റെ ശീലം നമ്മുടെയെല്ലാം ദിനചര്യയുടെ ഭാഗമാകും. ഫിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് സ്‌കൂളുകളുടെ റാങ്കിംഗിനുള്ള ഏര്‍പ്പാടും ചെയ്തിട്ടുണ്ട്. ഇതിലൂടെ റാങ്കിംഗ് നേടുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഫിറ്റ് ഇന്ത്യാ ലോഗോയും പതാകയും ഉപയോഗിക്കാനാകും. ഫിറ്റിന്ത്യാ പോര്‍ട്ടലില്‍ കടന്ന് സ്‌കൂളിലന് സ്വയം ഫിറ്റ് എന്നു പ്രഖ്യാപിക്കാവുന്നതാണ്. ഫിറ്റ് ഇന്ത്യാ ത്രീ സ്റ്റാര്‍, ഫിറ്റ് ഇന്ത്യാ ഫൈവ് സ്റ്റാര്‍ റേറ്റിംഗുകളും നല്കുന്നതാണ്. എല്ലാ സ്‌കൂളുകളും ഫിറ്റിന്ത്യാ റാങ്കിംഗില്‍ പങ്കെടുക്കണമെന്നും, ഫിറ്റ് ഇന്ത്യ സ്വഭാവികമായ സ്വഭാവമായി മാറണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഇതൊരു ജനമുന്നേറ്റമാകണം. ഉണര്‍വ്വുണ്ടാകണം, അതിനായി പ്രയത്‌നിക്കണം.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ രാജ്യം വളരെ വിശാലമാണ്. വളരെയധികം വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. പല കാര്യങ്ങളും സ്വാഭാവികമായും നമ്മുടെ ശ്രദ്ധയില്‍ പോലും പെടാത്തവിധം പുരാതനമാണ്. അതുപോലെ ഒരു കാര്യം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് മൈ ജിഒവി യില്‍ ഒരു അഭിപ്രായം എന്റെ ദൃഷ്ടിയില്‍ പെട്ടു. അത് അസമിലെ നൗഗാവിലുള്ള ശ്രീമാന്‍ രമേശ് ശര്‍മ്മ എഴുതിയതായിരുന്നു. അദ്ദേഹം ബ്രഹ്മപുത്ര നദിയില്‍ ഒരു ഉത്സവം നടക്കുന്നു എന്നെഴുതി. അതിന്റെ പേര് ബ്രഹ്മപുത്ര പുഷ്‌കര്‍ എന്നാണ്. നവംബര്‍ 4 മുതല്‍ നവംബര്‍ 16 വരെയായിരുന്നു ഈ ഉത്സവം. ഈ ബ്രഹ്മപുത്ര പുഷ്‌കറില്‍ പങ്കെടുക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകം ആളുകള്‍ ഒരുമിച്ചുകൂടുന്നു. ഇതുകേട്ട് നിങ്ങള്‍ക്കും ആശ്ചര്യം തോന്നുന്നില്ലേ? അതെ ഇതാണു കാര്യം. മുഴുവന്‍ കാര്യവും കേട്ടാല്‍ നിങ്ങള്‍ക്കും ആശ്ചര്യമുണ്ടാകും വിധമാണ് നമ്മുടെ പൂര്‍വ്വികര്‍ ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതെക്കുറിച്ച് എത്രത്തോളം പ്രചാരം ആവശ്യമുണ്ടോ, രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇതെക്കുറിച്ച് അറിയേണ്ടതുണ്ടോ അത്രയും ഉണ്ടാകുന്നില്ല എന്നതാണ് ദുര്‍ഭാഗ്യപൂര്‍ണ്ണമായ കാര്യം. ഈ ആഘോഷമാകെയും ഒരു തരത്തില്‍ ഒരു രാജ്യം- ഒരു സന്ദേശം, നാമെല്ലാം ഒന്ന് എന്ന വികാരം നിറയ്ക്കുന്നതാണ്, ആ വികാരം ശക്തിപ്പെടുത്തുന്നതാണ് എന്നതാണ് സത്യം.
ആദ്യമായി രമേശ്ജിയ്ക്ക് വളരെ വളരെ നന്ദി. അങ്ങ് മന്‍ കീ ബാത്തിലൂടെ രാജ്യത്തെ ജനങ്ങളോട് ഈ കാര്യം പങ്കുവയ്ക്കാന്‍ തീരുമാനിച്ചു. ഇത്രയും മഹത്തായ കാര്യത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകളോ, പ്രചാരമോ ഉണ്ടാകുന്നില്ലെന്നതില്‍ വേദനയും വ്യക്തമാക്കി. അങ്ങയുടെ വേദന എനിക്കു മനസ്സിലാകും.  രാജ്യത്തെ അധികമാളുകള്‍ക്കും ഇതെക്കുറിച്ച് അറിയുകയില്ല. ആരെങ്കിലും ഇതിനെ ഇന്റര്‍നാഷണല്‍ റിവര്‍ ഫെസ്റ്റിവല്‍ എന്നു പറഞ്ഞിരുന്നെങ്കില്‍, കുറച്ചു മഹത്തായ വാക്കുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, അതെക്കുറിച്ച് തീര്‍ച്ചയായും ചര്‍ച്ച നടത്തുമായിരുന്ന കുറച്ചാളുകള്‍ നമ്മുടെ രാജ്യത്തുണ്ട്, അതിലൂടെ പ്രചാരവും ലഭിക്കുമായിരുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, പുഷ്‌കരം, പുഷ്‌കരാല്‍, പുഷ്‌കരഃ എന്നീ വാക്കുകള്‍ നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇതെന്താണെന്ന് നിങ്ങള്‍ക്കറിയാമോ, ഞാന്‍ പറയാം. ഇത് രാജ്യത്തെ 12 വിവിധ നദികളില്‍ നടക്കുന്ന ഉത്സവങ്ങളുടെ പല പേരുകളാണ്. ഓരോ വര്‍ഷവും രാജ്യത്തെ ഒരു നദിയില്‍ എന്ന കണക്കിന് 12 നദികളില്‍ നടക്കുന്ന ആഘോഷമാണിത്. അതായത് ഒരു നദിയിലെ ആഘോഷം ഒരിക്കല്‍ കഴിഞ്ഞാല്‍ പിന്നെ 12 വര്‍ഷം കഴിഞ്ഞാണ് അവിടെ വീണ്ടും ആഘോഷം വരുക. കൂടാതെ ഈ ഉത്സവം രാജ്യത്തെ വിവിധ കോണുകളിലുള്ള 12 നദികളിലാണു നടത്തുന്നത്. ഓരോ നദികളിലായി ഇത് 12 ദിവസമാണ് നടക്കുക. കുംഭമേളപോലെ ഈ ഉത്സവം ദേശീയ ഐക്യത്തെ പ്രോത്സാഹിപ്പിക്കുന്നു, ഏക് ഭാരത് ശ്രേഷ്ഠ ഭാരതം എന്നത് കാട്ടിത്തരുന്നു. ഇതുപോലെ നദിയുടെ മാഹാത്മ്യം, നദിയുടെ അഭിമാനം, ജീവിതത്തില്‍ നദിയുടെ മാഹാത്മ്യം സ്വാഭാവികതയോടെ പ്രകടമാകുന്ന ഒരു ഉത്സവമാണ് പുഷ്‌കരം.
നമ്മുടെ പൂര്‍വ്വികര്‍ പ്രകൃതിക്ക്, പരിസ്ഥിതിക്ക്, ജലത്തിന്, ഭൂമിക്ക്, കാടിന് വളരെ പ്രാധാന്യമേകി. അവര്‍ നദിയുടെ പ്രാധാന്യം മനസ്സിലാക്കി, സമൂഹത്തിന് നദിയോട് സകാരാത്മകമായ വികാരം എങ്ങനെ ഉണ്ടാകണം, ഒരു സംസ്‌കാരം എങ്ങനെ ഉണ്ടാകണം, നദിയുമായി ഒരു സാംസ്‌കാരിക ധാര, നദിയുമായി സമൂഹത്തെ ബന്ധിപ്പിക്കുന്നതിനുള്ള ശ്രമം ഇത് നിരന്തരം നടന്നുപോന്നിട്ടുണ്ട്. സമൂഹം നദിയുമായും ബന്ധപ്പെട്ടു, പരസ്പരവും ബന്ധപ്പെട്ടു എന്നതാണ് ഏറ്റവും രസകരമായ കാര്യം. കഴിഞ്ഞ വര്‍ഷം തമിഴ്‌നാട്ടിലെ താമ്രപര്‍ണി നദിയില്‍ പുഷ്‌കരം നടക്കുകയുണ്ടായി. ഈ വര്‍ഷം അത് നടന്നത് ബ്രഹ്മപുത്ര നദിയിലാണ്, വരും വര്‍ഷത്തില്‍ തുംഗഭദ്രാ നദിയില്‍ ആന്ധ്രപ്രദേശിലും, തെലുങ്കാനയിലും കര്‍ണ്ണാടകയിലും നടക്കും. ഒരു തരത്തില്‍ നിങ്ങള്‍ക്ക് ഈ പന്ത്രണ്ട് സ്ഥലങ്ങളിലേക്കുമുള്ള യാത്ര ഒരു ടൂറിസ്റ്റ് സര്‍ക്യൂട്ട് ആയും നടത്താവുന്നതാണ്. രാജ്യമെങ്ങും നിന്നെത്തിയ തീര്‍ഥയാത്രക്കാരെ വളരെ മനോഹരമായി സത്കരിച്ച അസമിലെ ജനങ്ങളുടെ ഉത്സാഹത്തെയും ആതിഥ്യത്തെയും ഞാന്‍ അഭിനന്ദിക്കുന്നു. സംഘാടകര്‍ ശുചിത്വത്തിന്റെ  കാര്യത്തില്‍ വളരെ ശ്രദ്ധ വച്ചു. പ്ലാസ്റ്റിക് ഫ്രീ സോണ്‍ നിശ്ചയിച്ചു. അവിടവിടെയായി ബയോ ടോയ്‌ലറ്റുകള്‍ ഏര്‍പ്പാടാക്കി. നദികളോട് ഇങ്ങനെയുള്ള വികാരം  ഉണര്‍ത്താനുള്ള ഇത്തരം ആയിരക്കണക്കിന് വര്‍ഷം പുരാതനമായ നമ്മുടെ ഉത്സവം വരും തലമുറയെക്കുടീ കൂട്ടിയിണക്കട്ടെ. പ്രകൃതി, പരിസ്ഥിതി, ജലം ഈ കാര്യങ്ങളെല്ലാം നമ്മുടെ വിനോദയാത്രയുടെയും ഭാഗമാകട്ടെ, ജീവിതത്തിന്റെയും ഭാഗമാകട്ടെ.
പ്രിയപ്പെട്ട ജനങ്ങളേ, നമോ ആപ് ല്‍ മധ്യപ്രദേശില്‍ നിന്നുള്ള മകള്‍ ശ്വേത എഴുതുന്നു, സര്‍ ഞാന്‍ 9-ാം ക്ലാസില്‍ പഠിക്കുന്നു. എന്റെ ബോര്‍ഡ് പരീക്ഷയ്ക്ക് ഒരു വര്‍ഷത്തെ സമയം ബാക്കിയുണ്ട്. ഞാന്‍ വിദ്യാര്‍ഥികളോടും പരീക്ഷാര്‍ഥികളോടും അങ്ങയുടെ സംഭാഷണം നിരന്തരം കേള്‍ക്കാറുണ്ട്. ഞാനിത് അങ്ങയ്ക്ക് എഴുതുന്നത്, അടുത്ത പരീക്ഷാ ചര്‍ച്ച എന്നായിരിക്കും എന്ന് അങ്ങ് പറയാത്തതുകൊണ്ടാണ്. അങ്ങ് എത്രയും വേഗം അത് നടത്തൂ. സാധിക്കുമെങ്കില്‍ ജനുവരിയില്‍ത്തന്നെ ആ പരിപാടി നടത്തണം.

സുഹൃത്തുക്കളേ, മന്‍ കീ ബാത് ന്റെ കാര്യത്തില്‍ എനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് ഇതാണ്. എന്റെ യുവ സുഹൃത്തുക്കള്‍, എത്രത്തോളം അധികാരത്തോടും സ്‌നേഹത്തോടും പരാതി പറയുന്നു, ആജ്ഞ തരുന്നു, നിര്‍ദ്ദേശം തരുന്നു എന്നുള്ളതാണ്. ഇതുകണ്ട് എനിക്ക് വളരെയധികം സന്തോഷം തോന്നുന്നു. ശ്വേതാജീ, മകള്‍ വളരെ ശരിയായ സമയത്താണ് ഈ വിഷയം മുന്നോട്ടു വച്ചിരിക്കുന്നത്. പരീക്ഷകള്‍ വരുകയാണ്, അതുകൊണ്ട് എല്ലാ വര്‍ഷത്തെയും പോലെ നമുക്ക് പരീക്ഷയെക്കുറിച്ച് ചര്‍ച്ചയും നടത്തണം. ഈ ചര്‍ച്ചാ പരിപാടി കുറച്ചു നേരത്തേ നടത്തണമെന്നു ശ്വേത പറഞ്ഞതു ശരിതന്നെയാണ്.
കഴിഞ്ഞ പരിപാടിക്കു ശേഷം പല ആളുകളും ഇത് കൂടുതല്‍ ഗുണവത്താക്കുന്നതിന് തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അയച്ചിട്ടുണ്ട്, കഴിഞ്ഞ പ്രാവശ്യം വൈകിയാണു നടന്നത്, പരീക്ഷ വളരെ അടുത്ത് എത്തിയിരുന്നു എന്ന് പരാതികളും അയച്ചിട്ടുണ്ട്. ഈ പരിപാടി ജനുവരിയില്‍ നടത്തണമെന്ന ശ്വേതയുടെ അഭിപ്രായം വളരെ നല്ലതാണ്. മാനവശേഷി മന്ത്രാലയവും മൈ ജിഒവി യുടെ ടീമും ഒരുമിച്ച് ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കയാണ്. ഇപ്രാവശ്യം പരീക്ഷയെക്കുറിച്ചുള്ള ചര്‍ച്ച ജനവരി ആരംഭത്തില്‍ അല്ലെങ്കില്‍ മധ്യത്തില്‍ നടത്താന്‍ ഞാന്‍ ശ്രമിക്കുന്നതാണ്. രാജ്യമെങ്ങുമുള്ള വിദ്യാര്‍ഥികള്‍ക്കും കൂട്ടുകാര്‍ക്കും രണ്ട് അവസരങ്ങള്‍ ലഭിക്കും. ഒന്നാമത്തേത്, തങ്ങളുടെ സ്‌കൂളില്‍ നിന്നുതന്നെ ഈ പരിപാടിയുടെ ഭാഗമാകുക. രണ്ടാമതായി, ഇവിടെ ദില്ലിയില്‍ നടക്കുന്ന പരിപാടികള്‍ പങ്കെടുക്കുക. ദില്ലിയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യമെങ്ങും നിന്നുള്ള വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത് മൈ ജിഒവി വഴിയാണ്. സുഹൃത്തുക്കളേ, നമുക്ക് ഒന്നുചേര്‍ന്ന് പരീക്ഷയെക്കുറിച്ചുള്ള ഭയത്തെ ഓടിക്കണം. എന്റെ യുവ സുഹൃത്തുക്കള്‍ പരീക്ഷയുടെ സമയത്ത് ചിരിച്ചുകളിച്ചിരിക്കുന്നതു കാണണം, മാതാപിതാക്കള്‍ മാനസികസമ്മര്‍ദ്ദമില്ലാത്തവരായിരിക്കണം, അധ്യാപകര്‍ സമാധാനത്തോടെയിരിക്കണം എന്നെല്ലാമുള്ള ലക്ഷ്യത്തോടെ കഴിഞ്ഞ പല വര്‍ഷങ്ങളായി നാം മന്‍ കീ ബാത്തിലൂടെ, ടൗണ്‍ ഹാളിലൂടെയോ അല്ലെങ്കില്‍ എക്‌സാം വാരായേഴ്‌സ് എന്ന പുസ്തകത്തിലൂടെയോ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കയാണ്. ഈ ദൗത്യത്തെ രാജ്യമെങ്ങുമുള്ള വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ പ്രോത്സാഹനമേകിയതില്‍ ഞാന്‍ അവരോടു നന്ദിയുള്ളവനാണ്. വരാന്‍പോകുന്ന പരീക്ഷാ-ചര്‍ച്ച പരിപാടി നമുക്ക് ഒരുമിച്ച് ആഘോഷിക്കാം, നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു.
സുഹൃത്തുക്കളേ,  2010 ല്‍ അയോധ്യ വിഷയത്തെക്കുറിച്ച് അലാഹാബാദ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെക്കുറിച്ചു കഴിഞ്ഞ മന്‍ കീ ബാത് ല്‍ നാം ചര്‍ച്ച ചെയ്തിരുന്നു. രാജ്യം അന്ന് തീരുമാനം വരുന്നതിനു മുമ്പും, തീരുമാനം വന്നശേഷവും എത്ര ശാന്തിയും സാഹോദര്യം നിലനിര്‍ത്തി എന്ന് ഞാന്‍ പറയുകയുണ്ടായി. ഇപ്രാവശ്യവും, നവംബര്‍ 9ന് സുപ്രീം കോടതിയുടെ വിധി വന്നപ്പോള്‍ 130 കോടി ഭാരതീയര്‍ അവരെ സംബന്ധിച്ചിടത്തോളം രാജ്യനന്മയെക്കാള്‍ വലുതായി ഒന്നുമില്ലെന്ന് വീണ്ടും തെളിയിച്ചു. രാജ്യത്ത് ശാന്തിയും ഐക്യവും സന്മനോഭാവത്തിനുമുള്ള വില സര്‍വ്വോപരിയാണ്. രാമക്ഷേത്രത്തെക്കുറിച്ച് തീരുമാനം വന്നപ്പോള്‍ രാജ്യം മുഴുവന്‍ അത് തുറന്ന മനസ്സോടെ സ്വീകരിച്ചു. തീര്‍ത്തും സ്വഭാവികതയോടെയും ശാന്തിയോടെയും അംഗീകരിച്ചു. ഇന്ന് മന്‍ കീ ബാത്‌ലൂടെ ഞാന്‍ ജനങ്ങളോട് നന്ദി പറയുന്നു. അവര്‍ വളരെ ക്ഷമയും സംയമനവും പക്വതയും കാട്ടിയതില്‍ വിശേഷാല്‍ കൃതജ്ഞത വ്യക്തമാക്കാനാഗ്രഹിക്കുന്നു. ഒരു വശത്ത് ദീര്‍ഘകാലത്തിനുശേഷം നിയമപ്പോരാട്ടം അവസാനിച്ചിരിക്കയാണ്. മറുവശത്ത് നീതിപീഠത്തോടുള്ള രാജ്യത്തിന്റെ ആദരവും ഏറിയിരിക്കുന്നു. ശരിയായ അര്‍ഥത്തില്‍ ഈ തീരുമാനം നമ്മുടെ നീതിപീഠത്തെ സംബന്ധിച്ചിടത്തോളവും ഒരു നാഴികക്കല്ലാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. സുപ്രീം കോടതിയുടെ ഈ ചരിത്ര വിധിക്കുശേഷം ഇപ്പോള്‍ രാജ്യം പുതിയ പ്രതീക്ഷകളും പുതിയ ആശയാഭിലാഷങ്ങളുമായി പുതിയ പാതയിലൂടെ, പുതിയ ലക്ഷ്യത്തോടെ മുന്നേറുകയാണ്. നവഭാരതം ഈ വികാരത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ശാന്തിയോടും ഐക്യത്തോടും സന്മനോഭാവത്തോടും കൂടി മുന്നേറണമെന്നാണ് എന്റെ ആഗ്രഹം, നമ്മുടെ ഏവരുടെയും ആഗ്രഹം.
പ്രിയപ്പെട്ട ജനങ്ങളേ, നമ്മുടെ സംസ്‌കാരവും ഭാഷകളും ലോകത്തിനുമുഴുവന്‍ വൈവിധ്യത്തില്‍ ഏകതയുടെ സന്ദേശമാണ് നല്കുന്നത്. 130 കോടി ജനങ്ങളുള്ള ഈ രാജ്യത്ത് കോസ് കോസ് പര്‍ പാനി ബദലേ, ഔര ചാര്‍ കോസ പര്‍ വാണി (നാഴികയ്ക്കു നാഴികയ്ക്കു വെള്ളം മാറും, നാലു നാഴികയ്ക്കു ഭാഷമാറും)  എന്നു പറയപ്പെട്ടിരുന്നു. നമ്മുടെ ഭാരതഭൂമിയില്‍ നൂറു കണക്കിന് ഭാഷകള്‍ നൂറ്റാണ്ടുകളായി പൂത്തുലഞ്ഞിട്ടുണ്ട്. എന്നാല്‍ ഭാഷകളും നാടന്‍ഭാഷകളും ഇല്ലാതെയാകുമോ എന്ന കാര്യത്തിലും നാം വേവലാതിപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം എനിക്ക് ഉത്തരാഖണ്ഡിലെ ധാര്‍ചുലയിലെ കഥ വായിക്കാന്‍ ലഭിക്കയുണ്ടായി. എനിക്ക് വളരെ സന്തോഷം തോന്നി. എങ്ങനെയാണ് ആളുകള്‍ തങ്ങളുടെ ഭാഷകളെ വളര്‍ത്താനായി മുന്നോട്ടു വരുന്നത് എന്നെനിക്കു മനസ്സിലായി. പുതുമയാര്‍ന്ന ചുവടുവയ്പ്പുകളാണ് ജനങ്ങള്‍ നടത്തുന്നത്. ഒരു കാലത്ത് ഞാന്‍ ധാര്‍ചുലയില്‍ പോക്കുവരവും താമസവുമൊക്കെ നടത്തിയിരുന്നതുകൊണ്ടാണ് ധാര്‍ചുലയുടെ കാര്യത്തില്‍ എന്റെ ശ്രദ്ധ പതിഞ്ഞത്. അപ്പുറത്ത് നേപ്പാള്‍, ഇപ്പുറത്ത് കാളിഗംഗാ – സ്വാഭാവികമായും ധാര്‍ചുല എന്നു കേട്ടയുടന്‍ ഈ വാര്‍ത്തയില്‍ എന്റെ ശ്രദ്ധപതിഞ്ഞു. പിഥോര്‍ഗഡിലെ ധാര്‍ചുലയില്‍ രംഗ സമുദായത്തില്‍പെട്ട വളരെ ആളുകളുണ്ടായിരുന്നു. അവരുടെ പരസ്പരം സംഭാഷണത്തിന്റെ ഭാഷ രംഗലോ ആണ്. അവരുടെ ഭാഷ സംസാരിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞുകൊണ്ടേയിരിക്കുന്നുവെന്നതില്‍ അവര്‍ വളരെ ദുഃഖിച്ചിരുന്നു. പിന്നെന്താ, ഒരു നാള്‍ അവര്‍ തങ്ങളുടെ ഭാഷയെ രക്ഷിക്കാനുള്ള നിശ്ചയമെടുത്തു. നോക്കിയിരിക്കെ ഈ ദൗത്യത്തില്‍ രംഗ സമുദായത്തിലെ ആളുകള്‍ ഒത്തുചേരുവാന്‍ തുടങ്ങി. ഈ സമുദായത്തില്‍പെട്ട ആളുകളുടെ സംഖ്യ എണ്ണത്തിലൊതുങ്ങുന്നതാണെന്നതില്‍ നിങ്ങള്‍ക്ക് അദ്ഭുതം തോന്നും. പതിനായിരം ഉണ്ടാകുമെന്ന് വെറുതെ ഊഹിക്കാം. എന്നാല്‍ രംഗ ഭാഷയെ രക്ഷിക്കാന്‍ എല്ലാവരും ഒത്തുചേര്‍ന്നു, 84 വയസ്സുള്ള വയോവൃദ്ധനായ ദീവാന്‍ സിംഗാണെങ്കിലും 22 വയസ്സുള്ള യുവ പ്രൊഫസര്‍ വൈശാലീ ഗര്‍ബ്യാല്‍ ആണെങ്കിലും കച്ചവടക്കാരാണെങ്കിലും എല്ലാവരും തങ്ങളാല്‍ സാധിക്കുന്ന ശ്രമം തുടങ്ങി. ഈ ദൗത്യത്തില്‍ സോഷ്യല്‍ മീഡിയയെയും വളരെ ഉപയോഗിച്ചു. പല വാട്‌സ് ആപ് ഗ്രൂപ്പുകളും ഉണ്ടായി. നൂറുക്കണക്കിന് ആളുകളെ അതുമായി ബന്ധിപ്പിച്ചു. ഈ ഭാഷയ്ക്ക് വിശേഷാല്‍ ലിപിയില്ല.  സംഭാഷണത്തിലൂടെയാണ് അത് നിലനിന്നുപോന്നത്. ആളുകള്‍ കഥകളും കവിതകളും ഗാനങ്ങളും പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. പരസ്പരം തെറ്റുകള്‍ തിരുത്തുവാന്‍ തുടങ്ങി. ഒരു തരത്തില്‍ വാട്‌സ് ആപ് ക്ലാസ് റൂമായി മാറി. എല്ലാവരും അധ്യാപകരുമായി വിദ്യാര്‍ഥികളുമായി. ഇങ്ങനെ രംഗലോക് ഭാഷയെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുകയാണ്. പല തരത്തിലുള്ള പരിപാടികള്‍ നടത്തുന്നു, പത്രിക പ്രസിദ്ധീകരിക്കുന്നു. ഇക്കാര്യത്തില്‍ സാമൂഹിക സംഘടനകളുടെയും സഹായം ലഭിക്കുന്നു.
സുഹൃത്തുക്കളേ, ഐക്യരാഷ്ട്ര സഭ 2019, അതായത് നടപ്പുവര്‍ഷം തദ്ദേശീയ ഭാഷകളുടെ അന്താരാഷ്ട്ര വര്‍ഷമായി പ്രഖ്യാപിച്ചിരിക്കയാണ് എന്നതാണ് വിശേഷാല്‍ കാര്യം. അതായത് ഇല്ലാതെയാകലിന്റെ വക്കത്തെത്തിയ ഭാഷകളെ സംരക്ഷിക്കുന്ന കാര്യത്തിന് പ്രധാന്യം നല്കിയിരിക്കുന്നു. നൂറ്റമ്പതു വര്‍ഷം മുമ്പ്, ആധുനിക ഹിന്ദിയുടെ പിതാവ് ഭാരതേന്ദു ഹരിശ്ചന്ദ്രന്‍ പറയുകയുണ്ടായി
നിജ് ഭാഷാ ഉന്നതി അഹൈ, സബ് ഉന്നതി കോ മൂല്‍
ബിന് നിജ് ഭാഷാ-ജ്ഞാന് കേ, മിടത് ന ഹിയ കോ സൂല്‍.
അതായത് മാതൃഭാഷാജ്ഞാനമില്ലാതെ പുരോഗതി അസാധ്യമാണ് എന്ന്. അതുകൊണ്ട് രംഗ സമുദായത്തിന്റെ ഈ തുടക്കം ലോകത്തിനു മുഴുവന്‍ വഴികാട്ടിയാണ്. നിങ്ങളും ഈ കഥയില്‍ നിന്ന് പ്രേരണ ഉള്‍ക്കൊള്ളുന്നുവെങ്കില്‍ ഇന്നുമുതല്‍ തന്നെ, സ്വന്തം മാതൃഭാഷ, അല്ലെങ്കില്‍ സംസാരഭാഷ സ്വയം ഉപയോഗിക്കൂ. കുടുംബത്തെയും സമൂഹത്തെയും അതിനു പ്രേരിപ്പിക്കൂ.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് മഹാകവി സുബ്രഹ്മണ്യ ഭാരതിജി തമിഴില്‍ ഒരു കാര്യം പറയുകയുണ്ടായി. അതും നമുക്ക് വളരെ പ്രേരണയേകുന്നതാണ്.
മുപ്പതുകോടി മുഗമുടൈയാള്‍
ഉയിര്‍ മെയ്പുരം ഒന്തുടൈയാള്‍
ഇവള്‍ സെപ്പുമൊഴി പതിനെട്ടുടൈയാള്‍
എനില്‍ സിന്ദനൈ ഒന്തുടൈയാള്‍
ഇത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തെ പകുതിയിലെ കാര്യമാണ്. അദ്ദേഹം പറഞ്ഞത് ഭാരതമാതാവിന് 30 കോടി മുഖങ്ങളുണ്ട്, എന്നാല്‍ ശരീരം ഒന്നാണ്. 18 ഭാഷകള്‍ സംസാരിക്കുന്നെങ്കിലും ചിന്ത  ഒന്നാണ് എന്നാണ്.
പ്രിയപ്പെട്ട ജനങ്ങളേ, ചിലപ്പോഴൊക്കെ ജീവിതത്തില്‍ ചെറിയ ചെറിയ കാര്യങ്ങളും നമുക്ക് വളരെ വലിയ സന്ദേശം നല്കുന്നു. ഇപ്പോള്‍ കണ്ടില്ലേ, സ്‌കൂബാ ഡൈവേഴ്‌സിനെക്കുറിച്ച് ഒരു കാര്യം വായിക്കയായിരുന്നു. എല്ലാ ഭാരതീയര്‍ക്കും പ്രേരണയേകുന്ന ഒരു കഥയാണ്. വിശാഖപട്ടണത്ത് ജലത്തില്‍ മുങ്ങുന്നതിന് പരിശീലനം നല്കുന്ന സ്‌കൂബാ ഡൈവേഴ്‌സ് ഒരു ദിവസം  മംഗമാരിപ്പേട്ട ബീച്ചില്‍  സമുദ്രത്തില്‍ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും കവറുകളും കണ്ടു. അത് പെറുക്കി മാറ്റുന്നതിനിടയില്‍ അവര്‍ക്ക് കാര്യം ഗൗരവമുള്ളതാണെന്നു തോന്നി. നമ്മുടെ സമുദ്രം എത്ര വേഗമാണ് ചവറുകള്‍ കൊണ്ട് നിറയുന്നതെന്ന് അവരുടെ ശ്രദ്ധയില്‍ പെട്ടു. കഴിഞ്ഞ പല ദിവസങ്ങളായില്‍ ഈ മുങ്ങലുകാര്‍  സമുദ്രത്തില്‍ തീരത്തുനിന്ന് ഏകദേശം 100 മീറ്റര്‍ ദൂരേക്കു പോവുകയും ആഴത്തില്‍ മുങ്ങി അവിടെയുള്ള ചവറുകള്‍ തീരത്തെത്തിക്കുകയും ചെയ്യുന്നു. 13 ദിവസങ്ങള്‍ കൊണ്ട് അതായത് രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം 4000 കിലോയിലധികം പ്ലാസ്റ്റിക് മാലിന്യം  അവര്‍ സമുദ്രത്തില്‍ നിന്ന് കണ്ടെടുത്തു എന്നാണ് ഞാന്‍ അറിഞ്ഞത്. ഈ മുങ്ങല്‍ വിദഗ്ധരുടെ ചെറിയ തുടക്കം ഒരു വലിയ മുന്നേറ്റമായി മാറുകയാണ്. ഇവര്‍ക്ക് ഇപ്പോള്‍  ആ പ്രദേശത്തുള്ള മറ്റാളുകളുടെയും സഹകരണം ലഭിക്കുന്നുണ്ട്. ഈ മുങ്ങല്‍കാരില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് നമുക്കും നമ്മുടെ ചുറ്റുപാടുകളെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് മുക്തമാക്കാം എന്നു നിശ്ചയിച്ചുകൂടേ. പിന്നെ പ്ലാസ്റ്റിക് മുക്ത ഭാരതത്തിന് ലോകത്തിനുമുഴുവന്‍ മുന്നില്‍ ഒരു പുതിയ ഉദാഹരണം കാഴ്ചവയ്ക്കാനാകും.
പ്രിയപ്പെട്ട ജനങ്ങളേ, രണ്ടു ദിവസം കഴിഞ്ഞാല്‍ നവംബര്‍ 26 ആണ്. ഈ ദിനം രാജ്യത്തിനു മുഴുവന്‍ വിശേഷപ്പെട്ടതാണ്. നമ്മുടെ റിപ്പബ്ലിക്കിന് വിശേഷാല്‍ പ്രധാനമാണ്. കാരണം, ഈ ദിവസം നാം ഭരണഘടനാ  ദിനമായി ആഘോഷിക്കുന്നു. ഇപ്രാവശ്യത്തെ ഭരണഘടനാദിനം കൂടുതല്‍ വിശേഷപ്പെട്ടതാണ്, കാരണം, ഇപ്രാവശ്യം ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് 70 വര്‍ഷമാവുയാണ്. ഇപ്രാവശ്യം ഇതോടനുബന്ധിച്ച് പാര്‍ലമെന്റില്‍ വിശേഷാല്‍ സമ്മേളനമുണ്ടാകും, പിന്നീട് വര്‍ഷം മുഴുവന്‍ രാജ്യമെങ്ങും നിരവധി പരിപാടികളുണ്ടാകും. വരൂ, ഈ അവസരത്തില്‍ നമുക്ക് ഭരണഘടനാ നിര്‍മ്മാണസഭയിലെ എല്ലാവരെയും ആദരവോടംടെ നമിക്കാം, നമ്മുടെ ആദരവ് സമര്‍പ്പിക്കാം. ഓരോ പൗരന്റെയും അധികാരവും മാനവും രക്ഷിക്കുന്നതാണ് നമ്മുടെ  ഭരണഘടന. ഇത് നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കളുടെ ദീര്‍ഘവീക്ഷണം കാരണം ഉറപ്പിക്കാന്‍ സാധിച്ചിട്ടുള്ളതാണ്. ഭരണഘടനാദിനം നമ്മുടെ ഭരണഘടനയുടെ ആദര്‍ശങ്ങളെ നിലനിര്‍ത്തുന്നതിനും രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കുവഹിക്കാനുള്ള നമ്മുടെ പ്രതിബദ്ധതയെ ബലപ്പെടുത്തുന്നതുമാകട്ടെ. ഈ സ്വപ്നമാണല്ലോ നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കളും കണ്ടത്!
പ്രിയപ്പെട്ട ജനങ്ങളേ, തണുപ്പുകാലം ആരംഭിച്ചു. ചെറിയ തണുപ്പുതോന്നിത്തുടങ്ങിയിട്ടുണ്ട്. ഹിമാലയത്തിന്റെ ചില ഭാഗങ്ങള്‍ മഞ്ഞിന്റെ പുതപ്പണിയാന്‍ തുടങ്ങിയിരിക്കുന്നെങ്കിലും ഈ കാലാവസ്ഥ ഫിറ്റിന്ത്യാ പ്രസ്ഥാനത്തിന്റേതാണ്. നിങ്ങള്‍, നിങ്ങളുടെ കുടുംബം, നിങ്ങളുടെ സുഹൃത്തുക്കള്‍ ആരും ഈ അവസരം നഷ്ടപ്പെടുത്തരുത്. ഫിറ്റ് ഇന്ത്യാ പ്രസ്ഥാനം  മുന്നോട്ടു കൊണ്ടുപോകുന്നതിന് കാലാവസ്ഥയെ മതിയാവോളം പ്രയോജനപ്പെടുത്തൂ.
അനേകം ശുഭാശംസകള്‍, വളരെ വളരെ നന്ദി.