Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും, മംഗോളിയന്‍ പ്രസിഡന്റ് ഖല്‍ട്ട്മാഗിന്‍ ബത്തുല്‍ഗയും സംയുക്തമായി ബുദ്ധ പ്രതിമ അനാവരണം ചെയ്തു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും, മംഗോളിയന്‍ പ്രസിഡന്റ് ഖല്‍ട്ട്മാഗിന്‍ ബത്തുല്‍ഗയും ഉലാന്‍ ബാത്തറിലെ ചരിത്ര പ്രസിദ്ധമായ ഗന്ധന്‍ ടെഗ്‌ചെന്‍ലിംഗ് സന്യാസിമഠത്തില്‍ സ്ഥാപിച്ചിട്ടുള്ള ഭഗവാന്‍ ബുദ്ധന്റെയും അദ്ദേഹത്തിന്റെ രണ്ട് ശിഷ്യന്മാരുടെയും പ്രതിമ സംയുക്തമായി അനാവരണം ചെയ്തു.

2015-ല്‍ നടത്തിയ മംഗോളിയന്‍ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗന്ധന്‍ ടെഗ്‌ചെന്‍ലിംഗ് സന്യാസിമഠത്തില്‍ പ്രാര്‍ത്ഥന നടത്തുകയും, ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ തമ്മിലുള്ള പൊതുവായ ബുദ്ധമത പാരമ്പര്യത്തിന്റേയും, സാംസ്‌കാരിക ബന്ധങ്ങളുടേയും പ്രതീകമായി ഭഗവാന്‍ ബുദ്ധന്റെ ഒരു പ്രതിമ മഠത്തിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

തന്റെ രണ്ട് ശിഷ്യന്മാരോടൊപ്പം ഇരിക്കുന്ന രൂപത്തിലുള്ള ബുദ്ധന്റെ പ്രതിമ സഹാനുഭൂതിയുടേയും, സമാധാനത്തിന്റേയും, സഹവര്‍ത്തിത്വത്തി ന്റേയും സന്ദേശം നല്‍കുന്നു. ഈ മാസം 6,7 തീയതികളില്‍ ഉലാന്‍ ബാത്തറില്‍ നടന്ന ‘സംവാദ്’ മൂന്നാം ലക്കത്തോടനുബന്ധിച്ച് ഗന്ധന്‍ സന്യാസിമഠത്തില്‍ പുണ്യാഹക്രിയകള്‍ക്ക് ശേഷം പ്രതിമ സ്ഥാപിക്കുകയുണ്ടായി. സംവാദത്തിന്റെ മൂന്നാം ലക്കത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ബുദ്ധമത നേതാക്കള്‍, വിദഗ്ധര്‍, പണ്ഡിതര്‍ തുടങ്ങിയവര്‍ ബുദ്ധമതവുമായി ബന്ധപ്പെട്ട സമകാലീന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഗന്ധന്‍ ടെഗ്‌ചെന്‍ലിംഗ് സന്യാസിമഠം മംഗോളിയയിലെ ബുദ്ധമതക്കാരുടെ ഒരു പ്രമുഖ കേന്ദ്രവും, അമൂല്യമായ ബുദ്ധമത പൈതൃകത്തിന്റെ ഒരു നിധി ശേഖരവുമാണ്. ഇക്കൊല്ലം ജൂണ്‍ 21 മുതല്‍ 23 വരെ സമാധാനത്തിനായുള്ള ഏഷ്യന്‍ ബുദ്ധമത സമ്മേളനത്തിന്റെ പതിനൊന്നാമത് പൊതുയോഗത്തിന് ഇവിടം ആതിഥേയത്വം വഹിച്ചു. സമ്മേളനത്തിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇത്. ഇന്ത്യ, ദക്ഷിണ കൊറിയ, റഷ്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍, വടക്കന്‍ കൊറിയ, തായ്‌ലന്‍ഡ്, ജപ്പാന്‍, ലാവോസ് തുടങ്ങി 14 രാജ്യങ്ങളില്‍ നിന്ന് 150-ലധികം അതിഥികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയും മംഗോളിയന്‍ പ്രസിഡന്റും ചേര്‍ന്ന് ഇന്ന് അനാവരണം ചെയ്ത പ്രതിമ ഭഗവാന്‍ ബുദ്ധന്റെ സാര്‍വ്വജനീന സന്ദേശത്തോട് ഇരു രാജ്യങ്ങള്‍ക്കുമുള്ള പൊതുവായ ആദരവിന്റെ പ്രതീകമാണ്.