പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ശ്രീ. ഡൊണാള്‍ഡ് ട്രംപുമായി ഇന്ന് ടെലഫോണ്‍ സംഭാഷണം നടത്തി. 30 മിനിട്ട് നീണ്ട അവരുടെ സംഭാഷണത്തില്‍ ഉഭയകക്ഷി മേഖലാവിഷയങ്ങള് ഉള്‍പ്പെട്ടു. ഇരു നേതാക്കളും തമ്മിലുള്ള ഊഷ്മളവും, സൗഹാര്‍ദ്ദപരവുമായ പ്രത്യേക ബന്ധം സംഭാഷണത്തിലും പ്രതിഫലിച്ചു.
ഇക്കൊല്ലം ജൂണ്‍ അവസാനം ഒസാക്കയില്‍ ജി 20 ഉച്ചകോടിയ്ക്കിടെ നടന്ന സംഭാഷണത്തെ അദ്ദേഹം അനുസ്മരിച്ചു.
ഒസാക്കയില്‍ നടന്ന തങ്ങളുടെ ഉഭയകക്ഷി സംഭാഷണങ്ങള്‍ പരാമര്‍ശിക്കവെ, ഇരു കൂട്ടര്‍ക്കും ഗുണകരമാകുന്ന ഉഭയകക്ഷി വ്യാപാര സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യയുടെ വാണിജ്യ മന്ത്രിയും അമേരിക്കന്‍ വ്യാപാര പ്രതിനിധിയും എത്രയും വേഗം കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
മേഖലയിലെ സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍, മേഖലയിലെ ചില നേതാക്കള്‍ നടത്തുന്ന തീവ്രമായ വാചാടോപവും ഇന്ത്യാ – വിരുദ്ധ അക്രമങ്ങളും സമാധാനത്തിന് ഒട്ടും അനുഗുണമല്ലന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിര്‍ത്തികടന്നുള്ള ഭീകരവാദം ഉപേക്ഷിച്ച് ഭീകരതയും അക്രമവും ഇല്ലാത്ത ഒരു പരിസ്ഥിതി സൃഷ്ടിക്കേണ്ട പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞു.
ദാരിദ്ര്യം, നിരക്ഷരത, രോഗങ്ങള്‍ എന്നിവയോട് പോരാടാന്‍ ഈ പാതയില്‍ ചരിക്കുന്ന ആരുമായും സഹകരിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
അഫ്ഗാനിസ്ഥാന്റെ സ്വാതന്ത്ര്യലബ്ദിയുടെ 100 വര്‍ഷം ഇന്ന് പൂര്‍ത്തിയാകുന്ന കാര്യം അനുസ്മരിച്ച് കൊണ്ട് സുരക്ഷിതവും, ജനാധിപത്യമുള്ളതും, യഥാര്‍ത്ഥത്തില്‍ സ്വതന്ത്രവുമായ ഒരു ഐക്യ അഫ്ഗാനിസ്ഥാന് വേണ്ടി യത്നിക്കുന്നതില്‍ ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.
പ്രസിഡന്റ് ട്രംപുമായി നിരന്തരം ബന്ധപ്പെടാന്‍ കഴിയുന്നതിനെ താന്‍ വിലമതിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.