Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടിവി9 ഉച്ചകോടി 2025-നെ അഭിസംബോധന ചെയ്തു


ന്യൂഡല്‍ഹിയിലെ ഭാരത മണ്ഡപത്തില്‍ ഇന്ന് നടന്ന ടിവി9 ഉച്ചകോടി 2025 ല്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ടിവി9ന്റെ മുഴുവന്‍ ടീമിനും അതിന്റെ കാഴ്ചക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ടിവി9ന് വലിയ തോതില്‍ പ്രാദേശിക പ്രേക്ഷകരുണ്ടെന്നും ഇപ്പോള്‍ ആഗോള പ്രേക്ഷകരും തയ്യാറെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടെലികോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രവാസികളെയും അദ്ദേഹം സ്വാഗതം ചെയ്യുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

”ഇന്ന്, ലോകത്തിന്റെ കണ്ണുകള്‍ ഇന്ത്യയിലാണ്”, ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇന്ത്യയെക്കുറിച്ച് ജിജ്ഞാസുക്കളാണെന്നു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷത്തിനുശേഷം ലോകത്തിലെ 11-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയായിരുന്ന ഇന്ത്യ 7-8 വര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഉയര്‍ന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഎംഎഫിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ച്, കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ജിഡിപി ഇരട്ടിയാക്കിയ ലോകത്തിലെ ഒരേയൊരു പ്രധാന സമ്പദ്വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യ സമ്പദ്വ്യവസ്ഥയില്‍ രണ്ട് ലക്ഷം കോടി ഡോളര്‍ ചേര്‍ത്തിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ജിഡിപി ഇരട്ടിയാക്കുന്നത് വെറും സംഖ്യകളുടെ കാര്യമല്ലെന്നും, 25 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ച് ഒരു ‘നവ-മധ്യവര്‍ഗം’ രൂപീകരിക്കുന്നതുപോലുള്ള വലിയ സ്വാധീനങ്ങള്‍ ചെലുത്തിയെന്നും കൂട്ടിച്ചേര്‍ത്തു. നവ-മധ്യവര്‍ഗം സ്വപ്നങ്ങളും അഭിലാഷങ്ങളുമായി ഒരു പുതിയ ജീവിതം ആരംഭിക്കുകയാണെന്നും സമ്പദ്വ്യവസ്ഥയ്ക്കു സംഭാവന നല്‍കുകയും അതിനെ ഊര്‍ജ്ജസ്വലമാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ലോകത്തിലെ ഏറ്റവും വലിയ യുവജന ജനസംഖ്യ ഇന്ത്യയിലാണ്’, യുവാക്കള്‍ അതിവേഗം വൈദഗ്ധ്യമുള്ളവരായി മാറുന്നുണ്ടെന്നും അതുവഴി നവീകരണത്തിന് ആക്കം കൂട്ടുന്നുണ്ടെന്നും പ്രധാനമന്ത്രി ഉദ്ഘോഷിച്ചു. ‘ഇന്ത്യ ആദ്യം’ എന്നത് ഇന്ത്യയുടെ വിദേശനയത്തിന്റെ മന്ത്രമായി മാറിയിരിക്കുന്നു’, പ്രധാനമന്ത്രി എടുത്തുപറഞ്ഞു. എല്ലാ രാജ്യങ്ങളില്‍ നിന്നും തുല്യ അകലം പാലിക്കുക എന്ന നയം ഇന്ത്യ ഒരിക്കല്‍ പിന്തുടര്‍ന്നിരുന്നെങ്കില്‍, നിലവിലെ സമീപനം എല്ലാവരുമായും തുല്യമായി അടുപ്പം പുലര്‍ത്തുക എന്നതാണ് – ഒരു ‘തുല്യമായ അടുപ്പ’മെന്ന നയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള സമൂഹം ഇപ്പോള്‍ ഇന്ത്യയുടെ അഭിപ്രായങ്ങളെയും നൂതനാശയങ്ങളെയും, ശ്രമങ്ങളെയും മുമ്പൊരിക്കലുമില്ലാത്തവിധം വിലമതിക്കുന്നുവെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ലോകം ഇന്ന് ഇന്ത്യയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ‘ഇന്ത്യ ഇന്ന് എന്താണു ചിന്തിക്കുന്ന’തെന്നു മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ലോകക്രമത്തില്‍ ഇന്ത്യ കേവലം പങ്കാളിയാകുക മാത്രമല്ല, ഭാവി രൂപപ്പെടുത്തുന്നതിനും സുരക്ഷിതമാക്കുന്നതിനും സജീവമായി സംഭാവന നല്‍കുകയും ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആഗോള സുരക്ഷയില്‍, പ്രത്യേകിച്ച് കോവിഡ്-19 മഹാവ്യാധിസമയത്ത്, ഇന്ത്യയുടെ നിര്‍ണായക പങ്കിനെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. സംശയങ്ങള്‍ തള്ളിക്കൊണ്ട് ഇന്ത്യ സ്വന്തം വാക്‌സിനുകള്‍ വികസിപ്പിച്ചെടുത്തു, വേഗത്തില്‍ കുത്തിവയ്പ്പ് ഉറപ്പാക്കി. 150 ലധികം രാജ്യങ്ങള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള പ്രതിസന്ധിയുടെ കാലത്ത്, ഇന്ത്യയുടെ സേവനത്തിന്റെയും കാരുണ്യത്തിന്റെയും മൂല്യങ്ങള്‍ ലോകമെമ്പാടും പ്രതിധ്വനിച്ചു. അതിലൂടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സത്ത പ്രകടമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടാം ലോകമഹായുദ്ധാനന്തര ആഗോള സാഹചര്യത്തെക്കുറിച്ചു പരാമര്‍ശിക്കവേ, മിക്ക രാജ്യാന്തര സംഘടനകളിലും ഏതാനും രാജ്യങ്ങള്‍ ആധിപത്യം പുലര്‍ത്തിയിരുന്നതായി ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഇന്ത്യയുടെ സമീപനം എല്ലായ്പ്പോഴും കുത്തകയെക്കാള്‍ മാനവികതയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടുള്ളതാണെന്നും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും പങ്കാളിത്തപരവുമായ ഒരു ആഗോള ക്രമത്തിനായി പരിശ്രമിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ കാഴ്ചപ്പാടിനനുസൃതമായി, 21-ാം നൂറ്റാണ്ടില്‍ ആഗോള സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് ഇന്ത്യ നേതൃത്വം നല്‍കിയിട്ടുണ്ടെന്നും കൂട്ടായ സംഭാവനയും സഹകരണവും ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കു വലിയ നാശനഷ്ടങ്ങള്‍ വരുത്തുന്ന പ്രകൃതിദുരന്തങ്ങളുടെ വെല്ലുവിളിയെ നേരിടാന്‍, ഇന്ത്യ ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള സഖ്യം (സിഡിആര്‍ഐ) സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തുവെന്ന് ശ്രീ മോദി പറഞ്ഞു. ദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പും പ്രതിരോധശേഷിയും ശക്തിപ്പെടുത്തുന്നതിനുള്ള ആഗോള പ്രതിബദ്ധതയാണ് സിഡിആര്‍ഐ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍, പവര്‍ ഗ്രിഡുകള്‍ എന്നിവയുള്‍പ്പെടെയുള്ള ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു, അവയ്ക്ക് പ്രകൃതിദുരന്തങ്ങളെ നേരിടാനും ലോകമെമ്പാടുമുള്ള സമൂഹങ്ങളെ സംരക്ഷിക്കാനും കഴിയുമെന്ന് ഉറപ്പാക്കുന്നു.

ഭാവിയിലെ വെല്ലുവിളികളെ നേരിടുന്നതിന്, പ്രത്യേകിച്ച് ഊര്‍ജ്ജ സ്രോതസ്സുകളില്‍, ആഗോള സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്, ഏറ്റവും ചെറിയ രാജ്യങ്ങള്‍ക്ക് പോലും സുസ്ഥിര ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കുന്നതിനുള്ള ഒരു പരിഹാരമായി ഇന്ത്യയുടെ അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം (ഐഎസ്എ) എന്ന സംരംഭത്തെ ശ്രീ മോദി എടുത്തുപറഞ്ഞു. ഈ ശ്രമം കാലാവസ്ഥയെ അനുകൂലമായി സ്വാധീനിക്കുക മാത്രമല്ല, ആഗോളതലത്തില്‍ തെക്കന്‍ രാജ്യങ്ങളുടെ ഊര്‍ജ്ജസംബന്ധിയായ ആവശ്യങ്ങള്‍ നടപ്പാകുമെന്ന് ഉറപ്പാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 100-ലധികം രാജ്യങ്ങള്‍ ഈ സംരംഭത്തില്‍ ചേര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞു. വ്യാപാര അസന്തുലിതാവസ്ഥയുടെയും ലോജിസ്റ്റിക് പ്രശ്നങ്ങളുടെയും ആഗോള വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച ശ്രീ മോദി, ഇന്ത്യ-മിഡില്‍ ഈസ്റ്റ്‌യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) ഉള്‍പ്പെടെയുള്ള പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു മറ്റു രാജ്യങ്ങളുമായി ചേര്‍ന്നുള്ള ഇന്ത്യയുടെ സഹകരണ ശ്രമങ്ങളെ എടുത്തുപറഞ്ഞു. ഈ പദ്ധതി ഏഷ്യ, യൂറോപ്പ്, മധ്യപൂര്‍വ മേഖല എന്നിവയെ വാണിജ്യത്തിലൂടെയും കണക്റ്റിവിറ്റിയിലൂടെയും ബന്ധിപ്പിക്കുമെന്നും സാമ്പത്തിക അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും ബദല്‍ വ്യാപാര മാര്‍ഗങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംരംഭം ആഗോള വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം അടിവരയിട്ടുപറഞ്ഞു.
ആഗോള സംവിധാനങ്ങളെ കൂടുതൽ പങ്കാളിത്തപരവും ജനാധിപത്യപരവുമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, ഭാരത് മണ്ഡപത്തിൽ നടന്ന ജി-20 ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയനെ ജി-20-ൽ സ്ഥിരാംഗമാക്കിയ ചരിത്രപരമായ നടപടിയെക്കുറിച്ച് പരാമർശിച്ചു. ഇന്ത്യ അധ്യക്ഷപദവിയിലിരിക്കെയാണ് ഈ ദീർഘകാല ആവശ്യം പൂർത്തീകരിക്കപ്പെട്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം, ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ആഗോള കേന്ദ്രം, നിർമ്മിതബുദ്ധിക്കായുള്ള  ഒരു ആഗോള ചട്ടക്കൂടിന്റെ വികസനം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇന്ത്യയുടെ ഗണ്യമായ സംഭാവനകളെ എടുത്തുകാണിച്ചുകൊണ്ട്, ആഗോള തലത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന സ്ഥാപനങ്ങളിൽ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ശബ്ദമെന്ന നിലയിലുള്ള  ഇന്ത്യയുടെ പങ്ക് ശ്രീ മോദി അടിവരയിട്ടു. ഈ ശ്രമങ്ങൾ പുതിയ ലോകക്രമത്തിൽ ഇന്ത്യയുടെ ശക്തമായ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇത് ഒരു തുടക്കം മാത്രമാണ്, ആഗോള വേദികളിൽ ഇന്ത്യയുടെ കഴിവുകൾ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

21ാം നൂറ്റാണ്ടിലെ 25 വർഷങ്ങൾ കഴിഞ്ഞുവെന്നും, അതിൽ 11 വർഷം തന്റെ ഗവണ്മെന്റിന്റെ നേതൃത്വത്തിൽ രാഷ്ട്ര സേവനത്തിനായി സമർപ്പിക്കപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടിയ ശ്രീ മോദി.”ഇന്ത്യ ഇന്ന് എന്താണ് ചിന്തിക്കുന്നത്” എന്ന് മനസ്സിലാക്കാൻ കഴിഞ്ഞ കാലത്തെ ചോദ്യങ്ങളും ഉത്തരങ്ങളും വിലയിരുത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ആശ്രിതത്വത്തിൽ നിന്ന് സ്വാശ്രയത്വത്തിലേക്കും, അഭിലാഷങ്ങൾ നേട്ടങ്ങളിലേക്കും, നിരാശയിൽ നിന്ന് വികസനത്തിലേക്കുമുള്ള പരിവർത്തനങ്ങൾ  അദ്ദേഹം എടുത്തുപറഞ്ഞു. ഒരു ദശാബ്ദം മുമ്പ് ഗ്രാമങ്ങളിലെ ശൗചാലയങ്ങളുടെ അഭാവം സ്ത്രീകൾക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നതായും എന്നാൽ ഇന്ന് സ്വച്ഛ് ഭാരത് മിഷൻ അതിനു പരിഹാരം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2013 ൽ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകൾ ചെലവേറിയ ചികിത്സകളെ ചുറ്റിപ്പറ്റിയായിരുന്നുവെങ്കിൽ ഇന്ന് ആയുഷ്മാൻ ഭാരത് അതിന് ഒരു പരിഹരമായി മാറി. അതുപോലെ ഒരുകാലത്ത് ദരിദ്രരുടെ അടുക്കളകൾ പുകനിറഞ്ഞതായിരുന്നു. എന്നാൽ ഇപ്പോൾ ഉജ്ജ്വല യോജനയുടെ പ്രയോജനം അടുക്കളകൾ പുകവിമുക്തമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2013 ൽ ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് ചോദിക്കുമ്പോൾ മൗനം പാലിച്ചിരുന്ന സ്ത്രീകളിൽ 30 കോടിയിലധികം പേർ ഇന്ന്  ഇന്ന് ജൻ ധൻ യോജനയിലൂടെ ബാങ്ക് അകൗണ്ടുകൾ  സ്വന്തമാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരുകാലത്ത് കിണറുകളെയും കുളങ്ങളെയും ആശ്രയിച്ചുകൊണ്ടുള്ള കുടിവെള്ളത്തിനായുള്ള പോരാട്ടം, ഹർ ഘർ നാൽ സേ ജൽ യോജനയിലൂടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദശകത്തിന് മാത്രമല്ല മാറ്റമുണ്ടായിട്ടുള്ളതെന്നും ജനങ്ങളുടെ ജീവിതത്തിലും കാര്യമായ മാറ്റമുണ്ടായിട്ടുണ്ടെന്നും  അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ വികസന മാതൃക ലോകം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഇന്ത്യ ഇനി വെറുമൊരു ‘സ്വപ്നങ്ങളുടെ രാഷ്ട്രം’ മാത്രമല്ല, മറിച്ച് ‘അവ സാക്ഷാത്കരിക്കുന്ന രാഷ്ട്രം’ ആണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു രാഷ്ട്രം അതിലെ പൗരന്മാരുടെ സൗകര്യങ്ങൾക്കും സമയത്തിനും വില കൽപ്പിക്കുമ്പോൾ, അത് രാജ്യത്തെ പരിവർത്തനം ചെയ്യുമെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ന് ഇന്ത്യയിൽ ഇതാണ് സംഭവിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. പാസ്‌പോർട്ട് അപേക്ഷാ പ്രക്രിയയിലെ ഗണ്യമായ മാറ്റങ്ങൾ ഉദാഹരണമായി അദ്ദേഹം പരാമർശിച്ചു. മുമ്പ്, പാസ്‌പോർട്ട് നേടുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നതായും ദീർഘനാൾ അതിനായി കാത്തിരിക്കേണ്ടിയിരുന്നുവെന്നും രേഖകൾ തയ്യാറാക്കുന്നത് വളരെ സങ്കീർണ്ണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വളരെ വിരളമായിരുന്ന പാസ്‌പോർട്ട് കേന്ദ്രങ്ങൾ, പ്രധാനമായും സംസ്ഥാന തലസ്ഥാനങ്ങളിലാണ് ഉണ്ടായിരുന്നത്. ചെറിയ പട്ടണങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഈ പ്രക്രിയ പൂർത്തിയാക്കാൻ പലപ്പോഴും രാത്രി തലസ്ഥാനങ്ങളിൽ തങ്ങേണ്ടിവന്നിരുന്നുവെന്നും ഈ വെല്ലുവിളികൾ ഇപ്പോൾ പൂർണ്ണമായും മാറിയിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തെ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളുടെ എണ്ണം വെറും 77 ൽ നിന്ന് ഇപ്പോൾ 550 ലധികമായി വർദ്ധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 50 ദിവസം വരെ വേണ്ടിയിരുന്ന പാസ്‌പോർട്ടിനായുള്ള കാത്തിരിപ്പ് ഇപ്പോൾ വെറും 5-6 ദിവസമായി കുറഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ബാങ്കിംഗ് അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടായ പരിവർത്തനത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി 50-60 വർഷങ്ങൾക്ക് മുമ്പ് ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടെങ്കിലും, ലക്ഷക്കണക്കിന് ഗ്രാമങ്ങളിൽ ഈ അടുത്തകാലംവരെയും ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമായിരുന്നില്ലെന്നും ഈ സ്ഥിതി ഇപ്പോൾ മാറിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഓൺലൈൻ ബാങ്കിംഗ് സൗകര്യങ്ങൾ എല്ലാ വീടുകളിലും എത്തിയിട്ടുണ്ടെന്നും ഇന്ന് രാജ്യത്തെ ഓരോ 5 കിലോമീറ്റർ ചുറ്റളവിലും ബാങ്കിംഗ് സൗകര്യം ലഭ്യമായിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗവണ്മെന്റ്, ബാങ്കിംഗ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക മാത്രമല്ല, ബാങ്കിംഗ് സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തികൾ (എൻപിഎ) ഗണ്യമായി കുറഞ്ഞുവെന്നും അവരുടെ ലാഭം റെക്കോർഡ് വർധനയായ ₹1.4 ലക്ഷം കോടിയിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. പൊതു പണം കൊള്ളയടിച്ചവർ ഇപ്പോൾ അതിനുള്ള മറുപടി പറയുകയാണെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 22,000 കോടിയിലധികം രൂപ തിരിച്ചുപിടിച്ചുവെന്നും അത് അർഹരായവർക്ക്‌ നിയമപരമായി തിരികെ നൽകുകയാണെന്നും അദ്ദേഹം അറിയിച്ചു.

കാര്യക്ഷമത ഫലപ്രദമായ ഭരണത്തിലേക്ക് നയിക്കുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കേണ്ടതിന്റെയും, പരിമിതമായ വിഭവങ്ങൾ ഉപയോഗിക്കേണ്ടതിന്റെയും അനാവശ്യ ചെലവുകൾ ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞു. “ചുവപ്പ് നാടയ്ക്ക് പകരം ചുവപ്പ് പരവതാനി”ക്ക് മുൻഗണന നൽകുന്നത് ഒരു രാജ്യത്തിന്റെ വിഭവങ്ങളോടുള്ള ബഹുമാനത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 11 വർഷമായി, ഇത് തന്റെ ഗവണ്മെന്റിന്റെ  പ്രധാന മുൻഗണനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിവിധ മന്ത്രാലയങ്ങളിൽ കൂടുതൽ വ്യക്തികളെ ഉൾപ്പെടുത്തുന്ന മുൻകാല രീതിയെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, രാഷ്ട്രീയ നിർബന്ധങ്ങൾക്കപ്പുറം രാജ്യത്തിന്റെ വിഭവങ്ങൾക്കും ആവശ്യങ്ങൾക്കും മുൻഗണന നൽകുന്നതിനായി തന്റെ ഗവണ്മെന്റിന്റെ ആദ്യ കാലയളവിൽ നിരവധി മന്ത്രാലയങ്ങളെ തമ്മിൽ ലയിപ്പിച്ചുവെന്ന് എടുത്തുപറഞ്ഞു. നഗരവികസന മന്ത്രാലയവും ഭവന, നഗര ദാരിദ്ര്യ നിർമ്മാർജ്ജന മന്ത്രാലയവും ലയിപ്പിച്ച്, ഭവന, നഗരകാര്യ മന്ത്രാലയം രൂപീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അതുപോലെ, വിദേശകാര്യ മന്ത്രാലയത്തോടൊപ്പം പ്രവാസി കാര്യ മന്ത്രാലയം സംയോജിപ്പിച്ചു. ജലവിഭവ, നദീ വികസന മന്ത്രാലയത്തെ കുടിവെള്ള മന്ത്രാലയവുമായി ലയിപ്പിച്ച് ജലശക്തി മന്ത്രാലയം രൂപീകരിച്ചതും അദ്ദേഹം പരാമർശിച്ചു. രാജ്യത്തിന്റെ മുൻഗണനകളും വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവുമാണ് ഈ തീരുമാനങ്ങക്ക് പിന്നിലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കുന്നതിനും കുറയ്ക്കുന്നതിനും ഗവണ്‍മെന്റ് നടത്തിയ ശ്രമങ്ങള്‍ക്ക് അടിവരയിട്ട പ്രധാനമന്ത്രി കാലക്രമേണ പ്രസക്തി നഷ്ടപ്പെട്ട ഏകദേശം 1,500 നിയമങ്ങള്‍ തന്റെ ഗവണ്‍മെന്റ് റദ്ദാക്കിയെന്നും പരാമര്‍ശിച്ചു. അതിനുപുറമെ, ഏകദേശം 40,000ല്‍ പരം അനുവര്‍ത്തനങ്ങളും പിന്‍വലിച്ചു. പൊതുജനങ്ങള്‍ക്ക് പീഢനങ്ങളില്‍ നിന്നുള്ള ആശ്വാസവും ഗവണ്‍മെന്റ് സംവിധാനത്തിനുള്ളിലെ ഊര്‍ജ്ജത്തിന്റെ സംരക്ഷണവും എന്നീ രണ്ട് പ്രധാന ഫലങ്ങള്‍ ഈ നടപടികള്‍ കൊണ്ട് കൈവരിക്കാനായെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജി.എസ്.ടി (ചരക്കുസേവന നികുതി) യിലൂടെ മറ്റൊരു പരിഷ്‌ക്കരണം നടപ്പാക്കിയതിന്റെ ഉദാഹരണവും പ്രധാനമന്ത്രി നല്‍കി. 30-ലധികം നികുതികളെ ഒരൊറ്റ നികുതിയായി ഏകീകരിച്ചതിന്റെ ഫലമായി നടപടിക്രമങ്ങളിലും എഴുത്തുകുത്തുകളിലും (ഡോക്യുമെന്റേഷന്‍) ഗണ്യമായ ഒഴിവാക്കല്‍ സാദ്ധ്യമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുന്‍കാലങ്ങളില്‍ പലപ്പോഴും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഗവണ്‍മെന്റ് സംഭരണത്തെ ബാധിച്ചിരുന്ന കാര്യക്ഷമതയില്ലായ്മയക്കും അഴിമതിയയ്ക്കും അടിവരയിട്ട പ്രധാനമന്ത്രി, ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തന്റെ ഗവണ്‍മെന്റ് ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസ് (ജെം) പ്ലാറ്റ്ഫോം അവതരിപ്പിച്ചുവെന്നും പറഞ്ഞു. ഇപ്പോള്‍ ഗവണ്‍മെന്റ് വകുപ്പുകള്‍ അവരുടെ ആവശ്യകതകള്‍ ഈ പ്ലാറ്റ്ഫോമില്‍ പട്ടികപ്പെടുത്തും വില്‍പ്പനക്കാര്‍ അതിന് ബിഡ്ഡുകള്‍ സമര്‍പ്പിക്കുും, തുടര്‍ന്ന് സുതാര്യമായി ഓര്‍ഡറുകള്‍ അന്തിമമാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ മുന്‍കൈ അഴിമതി ഗണ്യമായി കുറയ്ക്കുകയും ഒരു ലക്ഷം കോടിയിലധികം രൂപയുടെ ലാഭം ഗവണ്‍മെന്റിനുണ്ടാക്കി തരികയും ചെയ്തു. ഇന്ത്യയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ -ഡി.ബി.ടി) സംവിധാനം ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നികുതിദായകരുടെ 3 ലക്ഷം കോടിയിലധികം രൂപ തെറ്റായ കൈകളിലേക്ക് പോകുന്നത് ഡി.ബി.ടി തടഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലില്ലാത്ത വ്യക്തികള്‍ ഉള്‍പ്പെടെ ഗവണ്‍മെന്റ് പദ്ധതികളെ ചൂഷണം ചെയ്തിരുന്ന 10 കോടിയിലധികം വ്യാജ ഗുണഭോക്താക്കളെ ഔദ്യോഗിക രേഖകളില്‍ നിന്ന് നീക്കം ചെയ്തുവെന്നതും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

ഓരോ നികുതിദായകന്റെയും സംഭാവനയുടെ സത്യസന്ധമായ വിനിയോഗത്തിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയ്ക്കും നികുതിദായകരോടുള്ള ബഹുമാനത്തിനും ഉന്നല്‍നല്‍കിയ ശ്രീ മോദി, നികുതി സംവിധാനം കൂടുതല്‍ നികുതിദായക സൗഹൃദമാക്കിയെന്ന് എടുത്തുപറഞ്ഞു. മുന്‍കാലങ്ങളെ അപേക്ഷിച്ച് ആദായനികുതി റിട്ടേണുകള്‍ (ഐ.ടി.ആര്‍) ഫയല്‍ ചെയ്യുന്ന പ്രക്രിയ ഇപ്പോള്‍ വളരെ ലളിതവും വേഗത്തില്‍ ചെയ്യാവുന്നതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുന്‍പ് ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സഹായമില്ലാതെ ഐ.ടി.ആര്‍ ഫയല്‍ ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന്, വ്യക്തികള്‍ക്ക് ഓണ്‍ലൈനായി അവരുടെ ഐ.ടി.ആര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫയല്‍ ചെയ്യാന്‍ കഴിയും, മാത്രമല്ല, ഫയല്‍ ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവരുടെ അക്കൗണ്ടുകളില്‍ റീഫണ്ടുകള്‍ ക്രെഡിറ്റ് ചെയ്യപ്പെടുകയും ചെയ്യും. മുഖം നോക്കാതെയുള്ള വിലയിരുത്തല്‍ പദ്ധതിയുടെ (ഫെയ്‌ലെസ് അസസ്‌മെന്റ് സ്‌കിം) അവതരണം നികുതിദായകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഗണ്യമായി കുറച്ചുവെന്നതും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. കാര്യക്ഷമത അടിസ്ഥാനമാക്കിയുള്ള ഇത്തരം ഭരണ പരിഷ്‌കാരങ്ങള്‍ ലോകത്തിന് ഒരു പുതിയ ഭരണ മാതൃക നല്‍കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ 10-11 വര്‍ഷത്തിനിടയില്‍ എല്ലാ വിഭാഗങ്ങളിലും മേഖലകളിലും ഇന്ത്യയ്ക്കുണ്ടായ പരിവര്‍ത്തനത്തെ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, മനോഭാവത്തിലുണ്ടായ ഗണ്യമായ മാറ്റത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു. സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകള്‍ക്കുശേഷവും, വിദേശ ഉല്‍പ്പന്നങ്ങളാണ് മികച്ചതെന്ന് കരുതുന്ന ഒരു മാനസികാവസ്ഥ ഇന്ത്യയില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ കടയുടമകള്‍ പലപ്പോഴും ”ഇത് ഇറക്കുമതി ചെയ്തതാണ്”! എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങിയിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സ്ഥിതി ഇപ്പോള്‍ മാറിയിരിക്കുന്നുവെന്നും ”ഇത് ഇന്ത്യയില്‍ നിര്‍മ്മിച്ചതാണോ”? എന്ന് സജീവമായി ഇന്ന് ജനങ്ങള്‍ ചോദിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഉല്‍പ്പാദന മികവിലുള്ള ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതിക്ക് അടിവരയിട്ടുകൊണ്ടും, രാജ്യം ആദ്യമായി എം.ആര്‍.ഐ മെഷീന്‍ തദ്ദേശീയമായി വികസിപ്പിച്ച സമീപകാല നേട്ടം ഊന്നിപ്പറഞ്ഞുകൊണ്ടും, ഈ നാഴികക്കല്ല് ഇന്ത്യയിലെ മെഡിക്കല്‍ ഡയഗ്‌നോസ്റ്റിക്‌സിലെ ചിലവ് ഗണ്യമായി കുറയ്ക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഉല്‍പ്പാദന മേഖലയില്‍ പുതിയ ഊര്‍ജ്ജം പകര്‍ന്ന ആത്മനിര്‍ഭര്‍ ഭാരത്, മെയ്ക്ക് ഇന്‍ ഇന്ത്യ എന്നീ മുന്‍കൈള്‍ സൃഷ്ടിച്ച പരിവര്‍ത്തനാത്മക സ്വാധീനത്തിനും അദ്ദേഹം അടിവരയിട്ടു. ഒരിക്കല്‍ ലോകം ഇന്ത്യയെ ഒരു ആഗോള വിപണിയായാണ് വീക്ഷിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ അവര്‍ രാജ്യത്തെ ഒരു പ്രധാന ഉല്‍പ്പാദന കേന്ദ്രമായി അംഗീകരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2014-15 ല്‍ ഒരു ബില്യണ്‍ ഡോളറില്‍ താഴെയായിരുന്ന കയറ്റുമതി ഒരു ദശാബ്ദത്തിനുള്ളില്‍ ഇരുപത് ബില്യണ്‍ ഡോളറിലധികം വര്‍ദ്ധിച്ചുവെന്ന് പറഞ്ഞുകൊണ്ട്, ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ വ്യവസായത്തിലെ വിജയം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആഗോള ടെലികോം, നെറ്റ്വര്‍ക്കിംഗ് വ്യവസായത്തിലെ ഒരു ഊര്‍ജ്ജ കേന്ദ്രമായി ഇന്ത്യ ഉയര്‍ന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഓട്ടോമോട്ടീവ് മേഖലയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഘടകങ്ങളുടെ കയറ്റുമതിയില്‍ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യയുടെ പ്രശസ്തിയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. മുന്‍പ് വലിയ അളവില്‍ ഇന്ത്യ മോട്ടോര്‍ സൈക്കിള്‍ ഘടകങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നുവെങ്കില്‍, ഇന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഘടകങ്ങളാണ് യു.എ.ഇ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് എത്തിച്ചേരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സൗരോര്‍ജ്ജ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും ഇറക്കുമതി കുറഞ്ഞപ്പോള്‍ കയറ്റുമതി 23 മടങ്ങ് വര്‍ദ്ധിച്ചതായി പറഞ്ഞ ശ്രീ മോദി സൗരോര്‍ജ്ജ മേഖലയിലെ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടി. കഴിഞ്ഞ ദശകത്തില്‍ പ്രതിരോധ കയറ്റുമതിയിലെ വളര്‍ച്ച 21 മടങ്ങ് വര്‍ദ്ധിച്ചതായും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ നിര്‍മ്മാണ സമ്പദ്വ്യവസ്ഥയുടെ ശക്തിയും വിവിധ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള കഴിവും ഈ നേട്ടങ്ങള്‍ പ്രകടമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വിവിധ വിഷയങ്ങളെക്കുറിച്ച് നടക്കാനിരിക്കുന്ന വിശദമായ ചര്‍ച്ചകള്‍ക്കും പര്യാലോചനകള്‍ക്കും ഊന്നല്‍ നല്‍കികൊണ്ട് ടിവി 9 ഉച്ചകോടിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഈ ഉച്ചകോടിയില്‍ പങ്കുവയ്ക്കപ്പെടുന്ന ആശയങ്ങളും ദര്‍ശനങ്ങളും രാജ്യത്തിന്റെ ഭാവി നിര്‍വചിക്കുന്നതാകുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. നവീകരിച്ച ഊര്‍ജ്ജത്തോടെ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പുതിയ യാത്ര ഇന്ത്യ ആരംഭിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ നിര്‍ണ്ണായക നിമിഷത്തെ അദ്ദേഹം അനുസ്മരിച്ചു. 1947 ല്‍ സ്വാതന്ത്ര്യം കൈവരിച്ച ഇന്ത്യയുടെ നേട്ടം പരാമര്‍ശിച്ച അദ്ദേഹം, ഈ ദശകത്തില്‍, വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിനായി രാഷ്ട്രം പരിശ്രമിക്കുകയാണെന്നും പറഞ്ഞു. 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ദര്‍ശനം കൈവരിക്കുന്നതിന് കൂട്ടായ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് ചുവപ്പുകോട്ടയില്‍ നിന്ന് താന്‍ നടത്തിയ പ്രസ്താവന അദ്ദേഹം ആവര്‍ത്തിച്ചു. ഈ ഉച്ചകോടി സംഘടിപ്പിച്ചതിന് ടിവി 9 നെ അഭിനന്ദിച്ച പ്രധാനമന്ത്രി, അവരുടെ സാരാത്മകമായ ഈ മുന്‍കൈയെ അംഗീകരിക്കുകയും ഉച്ചകോടിയുടെ വിജയത്തിന് ആശംസകള്‍ നേരുകയും ചെയ്തു. ദൗത്യരൂപത്തില്‍ വിവിധ ഇടപെടലുകളില്‍ 50,000 ത്തിലധികം യുവജനങ്ങളെ ഉള്‍പ്പെടുത്തുകയും തെരഞ്ഞെടുത്ത യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തതിന് ടി.വി 9 നെറ്റ്വര്‍ക്കിനെ അദ്ദേഹം പ്രശംസിച്ചു. 2047 ലെ വീകസിത ഭാരതത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ യുവജനങ്ങളായിരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

 

-NK-