പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാർച്ച് 30 ന് മഹാരാഷ്ട്രയും ഛത്തീസ്ഗഡും സന്ദർശിക്കും. തുടർന്ന് അദ്ദേഹം നാഗ്പൂരിലേക്ക് യാത്ര ചെയ്യുകയും രാവിലെ 9 മണിക്ക് സ്മൃതി മന്ദിറിൽ ദർശനം നടത്തുകയും തുടർന്ന് ദീക്ഷഭൂമി സന്ദർശിക്കുകയും ചെയ്യും.
രാവിലെ 10 മണിയോടെ അദ്ദേഹം നാഗ്പൂരിലെ മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ ശിലാസ്ഥാപനം നിർവഹിക്കുന്ന പ്രധാനമന്ത്രി അവിടെ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
ഉച്ചയ്ക്ക് 12:30 ന് നാഗ്പൂരിലെ സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡിലെ ലോയിറ്ററിംഗ് മ്യൂണിഷൻ ടെസ്റ്റിംഗ് റേഞ്ചും യുഎവികൾക്കായുള്ള റൺവേ സൗകര്യവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
തുടർന്ന്, പ്രധാനമന്ത്രി ബിലാസ്പൂരിലേക്ക് യാത്ര തിരിക്കും, ഉച്ചകഴിഞ്ഞ് 3:30 ന് അദ്ദേഹം 33,700 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും പ്രവൃത്തികൾക്ക് തുടക്കം കുറിക്കുകയും,രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും. തുടർന്ന് നടക്കുന്ന പൊതുയോഗത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
പ്രധാനമന്ത്രി മഹാരാഷ്ട്രയിൽ
ഹിന്ദു പുതുവത്സരത്തിന് തുടക്കം കുറിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രതിപദാ പരിപാടിയോട് അനുബന്ധിച്ച്, പ്രധാനമന്ത്രി സ്മൃതി മന്ദിറിൽ ദർശനം നടത്തുകയും ആർ.എസ്.എസിന്റെ സ്ഥാപക നേതാക്കന്മാരെ ആദരിക്കുകയും ചെയ്യും. 1956 ൽ ആയിരക്കണക്കിന് അനുയായികളോടൊപ്പം ഡോ. ബി.ആർ. അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമി സന്ദർശിക്കുകയും അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിക്കുകയും ചെയ്യും.
മാധവ് നേത്രാലയ കണ്ണാശുപത്രി & ഗവേഷണ കേന്ദ്രത്തിൻ്റെ പുതിയ വിപുലീകരണ കെട്ടിടമായ മാധവ് നേത്രാലയ പ്രീമിയം സെന്ററിന് പ്രധാനമന്ത്രി തറക്കല്ലിടും. 2014 ൽ സ്ഥാപിതമായ ഇത് നാഗ്പൂരിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ സൂപ്പർ-സ്പെഷ്യാലിറ്റി നേത്ര പരിചരണ സൗകര്യമാണ്. ഗുരുജി ശ്രീ മാധവറാവു സദാശിവറാവു ഗോൾവാൾക്കറുടെ സ്മരണാർത്ഥമാണ് കേന്ദ്രം സ്ഥാപിച്ചത്. വരാനിരിക്കുന്ന പദ്ധതിയിൽ ജനങ്ങൾക്ക് താങ്ങാനാവുന്നതും ലോകോത്തരവുമായ നേത്ര പരിചരണ സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ 250 കിടക്കകളുള്ള ഒരു ആശുപത്രി, 14 ഔട്ട്പേഷ്യന്റ് വകുപ്പുകൾ (ഒപിഡി), 14 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ എന്നിവ ഉൾപ്പെടും.
നാഗ്പൂരിലെ സോളാർ ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ യുദ്ധോപകരണ കേന്ദ്രം പ്രധാനമന്ത്രി സന്ദർശിക്കും. ആളില്ലാ യുദ്ധ വിമാനങ്ങൾക്കായി (യുഎവി) പുതുതായി നിർമ്മിച്ച 1250 മീറ്റർ നീളവും 25 മീറ്റർ വീതിയുമുള്ള എയർസ്ട്രിപ്പ്, ലോയിറ്ററിംഗ് യുദ്ധോപകരണങ്ങളും മറ്റ് ഗൈഡഡ് യുദ്ധോപകരണങ്ങളും പരീക്ഷിക്കുന്നതിനായുള്ള ലൈവ് യുദ്ധോപകരണ-വാർഹെഡ് പരീക്ഷണ കേന്ദ്രവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി ഛത്തീസ്ഗഡിൽ
അടിസ്ഥാന സൗകര്യ വികസനവും സുസ്ഥിര ഉപജീവനമാർഗ്ഗവും മെച്ചപ്പെടുത്തുന്നതിനുള്ള തൻ്റെ പ്രതിജ്ഞാബദ്ധതയ്ക്ക് അനുസൃതമായി, ബിലാസ്പൂരിൽ 33,700 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്യും.വൈദ്യുതി, എണ്ണ, വാതകം, റെയിൽ, റോഡ്, വിദ്യാഭ്യാസം, ഭവന മേഖലകളുമായി ബന്ധപ്പെട്ടതാണ് പദ്ധതികൾ.
രാജ്യത്തുടനീളമുള്ള വൈദ്യുതി മേഖല മെച്ചപ്പെടുത്തുന്നതിന് പ്രധാനമന്ത്രി പ്രതിജ്ഞാബദ്ധനാണ്. ഇതിനനുസൃതമായി, താങ്ങാനാവുന്നതും വിശ്വസനീയവുമായ വൈദ്യുതി നൽകുന്നതിനും ഛത്തീസ്ഗഢിനെ വൈദ്യുതി ഉൽപാദനത്തിൽ സ്വയംപര്യാപ്തമാക്കുന്നതിനും ഒന്നിലധികം നടപടികൾ സ്വീകരിക്കും. ബിലാസ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന 9,790 കോടിയിലധികം രൂപ വിലമതിക്കുന്ന എൻടിപിസിയുടെ സിപത് സൂപ്പർ തെർമൽ പവർ പ്രോജക്ട് സ്റ്റേജ്-III (1x800MW) ന്റെ ശിലാസ്ഥാപനം അദ്ദേഹം നിർവഹിക്കും. ഉയർന്ന വൈദ്യുതി ഉൽപാദന കാര്യക്ഷമതയുള്ള ഏറ്റവും പുതിയ അത്യാധുനിക അൾട്രാ-സൂപ്പർക്രിട്ടിക്കൽ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കൽക്കരി അധിഷ്ഠിത പ്രോജക്റ്റ്. ഛത്തീസ്ഗഢ് സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനി ലിമിറ്റഡിന്റെ (CSPGCL) 15,800 കോടി രൂപയിലധികം വിലമതിക്കുന്ന ഫസ്റ്റ് സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്രോജക്ടിന്റെ (2X660MW) പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കം കുറിക്കും. 560 കോടിയിലധികം വിലമതിക്കുന്ന പശ്ചിമ മേഖലാ വിപുലീകരണ പദ്ധതിക്ക് (WRES) കീഴിൽ പവർഗ്രിഡിന്റെ മൂന്ന് പവർ ട്രാൻസ്മിഷൻ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.
വായു മലിനീകരണം കുറയ്ക്കുക, ശുദ്ധമായ ഊർജ്ജ പരിഹാരങ്ങൾ ലഭ്യമാക്കുക എന്നീ ഇന്ത്യയുടെ നെറ്റ്-സീറോ ഉദ്വമന ലക്ഷ്യങ്ങൾക്ക് അനുസൃതമായി, കൊറിയ, സൂരജ്പൂർ, ബൽറാംപൂർ, സർഗുജ ജില്ലകളിലെ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ (സിജിഡി) പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിടും. 1,285 കോടിയിലധികം ചിലവു വരുന്ന പദ്ധതിയിൽ, 200 കിലോമീറ്ററിലധികം ഉയർന്ന മർദ്ദമുള്ള പൈപ്പ്‌ലൈനും 800 കിലോമീറ്ററിലധികം ദൈർഘ്യമുള്ള എംഡിപിഇ (മീഡിയം ഡെൻസിറ്റി പോളിയെത്തിലീൻ) പൈപ്പ്‌ലൈനും ഒന്നിലധികം സിഎൻജി വിതരണ ഔട്ട്‌ലെറ്റുകളും ഉൾപ്പെടുന്നു. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) 2210 കോടിയിലധികം രൂപ വിലമതിക്കുന്ന 540 കിലോമീറ്റർ ദൈർഘ്യമുള്ള വിശാഖ്-റായ്പൂർ പൈപ്പ്‌ലൈൻ (വിആർപിഎൽ) പദ്ധതിയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഈ ബഹു ഉൽപ്പന്ന (പെട്രോൾ, ഡീസൽ, മണ്ണെണ്ണ) പൈപ്പ്‌ലൈനിന് പ്രതിവർഷം 3 ദശലക്ഷം മെട്രിക് ടണ്ണിലധികം ശേഷിയുണ്ടാകും.
മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, 108 കിലോമീറ്റർ ദൈർഘ്യമുള്ള ഏഴ് റെയിൽവേ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. 2,690 കോടിയിലധികം രൂപ വിലമതിക്കുന്ന 111 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് റെയിൽവേ പദ്ധതികൾ അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കും. മന്ദിർ ഹസൗദ് വഴി അഭാൻപൂർ-റായ്പൂർ സെക്ഷനിൽ മെമു ട്രെയിൻ സർവീസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും. ഛത്തീസ്ഗഢിലെ ഇന്ത്യൻ റെയിൽ ശൃംഖലയുടെ 100% വൈദ്യുതീകരണവും അദ്ദേഹം സമർപ്പിക്കും. ഈ പദ്ധതികൾ തിരക്ക് കുറയ്ക്കുകയും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും മേഖലയിലുടനീളമുള്ള സാമൂഹികവും സാമ്പത്തികവുമായ വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യും.
മേഖലയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി, നവീകരിച്ച എൻ എച്ച്-930 ലെ ജൽമാല മുതൽ ഷെർപാർ സെക്ഷനും (37 കിലോമീറ്റർ) എൻ എച്ച്-43 ലെ അംബികാപൂർ-പത്തൽഗാവ് സെക്ഷനും (75 കിലോമീറ്റർ) പേവ്ഡ് ഷോൾഡറോടെ (paved shoulder) രണ്ടു വരിയാക്കുന്നത് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. ദേശീയപാത 130Dയിലെ (47.5 കിലോമീറ്റർ) കൊണ്ടഗാവ്-നാരായൺപൂർ ഭാഗം രണ്ടു ലൈനായി ഉയർത്തുന്നതിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 1,270 കോടി രൂപയിലധികം വിലമതിക്കുന്ന ഈ പദ്ധതികൾ ഗോത്രവർഗ, വ്യാവസായിക മേഖലകളിലേക്കുള്ള പ്രവേശനക്ഷമത ഗണ്യമായി മെച്ചപ്പെടുത്തുകയും മേഖലയുടെ സമഗ്ര വികസനത്തിലേക്ക് നയിക്കുകയും ചെയ്യും.
എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയ്ക്ക് അനുസൃതമായി, പ്രധാനമന്ത്രി രണ്ട് മുൻനിര വിദ്യാഭ്യാസ സംരംഭങ്ങൾ സമർപ്പിക്കും. സംസ്ഥാനത്തെ 29 ജില്ലകളിലായി 130 PM SHRI സ്കൂളുകളും റായ്പൂരിൽ വിദ്യാ സമീക്ഷ കേന്ദ്രവുമാണ് (VSK) ഇത്തരത്തിൽ സമർപ്പിക്കുന്നത്. പി എം സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ പദ്ധതി പ്രകാരം 130 സ്‌കൂളുകൾ അപ്‌ഗ്രേഡ് ചെയ്യും. മികച്ച ഘടനാപരമായ അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് ബോർഡുകൾ, ആധുനിക ലബോറട്ടറികൾ, ലൈബ്രറികൾ എന്നിവയിലൂടെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ ഈ സ്കൂളുകൾ സഹായിക്കും. റായ്പൂരിലെ വി എസ് കെ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ സർക്കാർ പദ്ധതികളുടെ ഓൺലൈൻ നിരീക്ഷണവും ഡാറ്റ വിശകലനവും സാധ്യമാക്കും.
ഗ്രാമീണ കുടുംബങ്ങൾക്ക് ശരിയായ ഭവന ലഭ്യത ഉറപ്പാക്കുന്നതിനും അവരുടെ ആരോഗ്യം, സുരക്ഷ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവ മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത നിറവേറ്റുന്നതിനായി, പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീൺ (PMAY-G) പ്രകാരം 3 ലക്ഷം ഗുണഭോക്താക്കളുടെ ഗൃഹപ്രവേശം നടക്കും, പദ്ധതി പ്രകാരമുള്ള ചില ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി താക്കോൽ കൈമാറും.
***
NK