Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലെക്സ് ഫ്രിഡ്മാനുമായി പോഡ്കാസ്റ്റില്‍ ആശയവിനിമയം നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോഡ്കാസ്റ്റില്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ലെക്സ് ഫ്രിഡ്മാനുമായി സംവദിച്ചു. എന്തിനാണ് അദ്ദേഹം ഉപവസിക്കുന്നതെന്നും എങ്ങനെയാണ് ഉപവാസം നയിക്കുന്നതെന്നും ചോദിച്ചപ്പോള്‍, തന്നോടുള്ള ബഹുമാന സൂചകമായി ഉപവാസം അനുഷ്ഠിച്ചതിന് ലെക്സ് ഫ്രിഡ്മാനു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ‘ഇന്ത്യയില്‍, മതപാരമ്പര്യങ്ങള്‍ ദൈനംദിന ജീവിതവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു’ എന്ന് പറഞ്ഞ മോദി ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യാഖ്യാനിച്ചതുപോലെ ഹിന്ദുമതം കേവലം ആചാരാനുഷ്ഠാനങ്ങളല്ല, മറിച്ച് ജീവിതത്തെ നയിക്കുന്ന തത്ത്വചിന്തയാണെന്നും കൂട്ടിച്ചേര്‍ത്തു. അച്ചടക്കം വളര്‍ത്തുന്നതിനും ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തെ സന്തുലിതമാക്കുന്നതിനുമുള്ള സങ്കേതമാണ് ഉപവാസം എന്ന് അദ്ദേഹം പറഞ്ഞു. ഉപവാസം ഇന്ദ്രിയങ്ങളെ ഉയര്‍ത്തുകയും അവയെ കൂടുതല്‍ സംവേദനക്ഷമതയുള്ളതും അവബോധമുള്ളതുമാക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഉപവാസ സമയത്ത്, ഒരാള്‍ക്ക് സൂക്ഷ്മ സുഗന്ധങ്ങളും വിശദാംശങ്ങളും പോലും കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഉപവാസം ചിന്താപ്രക്രിയയെ ത്വരിതപ്പെടുത്തുന്നുവെന്നും പുതിയ കാഴ്ചപ്പാടുകള്‍ നല്‍കുന്നുവെന്നും അസാധാരണമായ ചിന്തയെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉപവാസം എന്നാല്‍ ഭക്ഷണം ഒഴിവാക്കുക എന്നത് മാത്രമല്ല, തയ്യാറെടുപ്പിന്റെയും വിഷവിമുക്തമാക്കലിന്റെയും ശാസ്ത്രീയ പ്രക്രിയ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ആയുര്‍വേദ, യോഗ പരിശീലനങ്ങള്‍ നിരവധി ദിവസങ്ങള്‍ക്ക് മുമ്പ് പിന്തുടര്‍ന്ന് ഉപവാസത്തിനായി തന്റെ ശരീരത്തെ ഒരുക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ഈ കാലയളവില്‍ ജലാംശത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഉപവാസം ആരംഭിച്ചുകഴിഞ്ഞാല്‍, ആഴത്തിലുള്ള ആത്മപരിശോധനയ്ക്കും ശ്രദ്ധ കേന്ദ്രീകരിക്കലിനും അനുവദിക്കുന്ന ഒരു ഭക്തിയുടെയും സ്വയം അച്ചടക്കത്തിന്റെയും പ്രവൃത്തിയായി അദ്ദേഹം അതിനെ കാണുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പ്രസ്ഥാനത്തില്‍ നിന്നാണ് തന്റെ ഉപവാസം ആരംഭിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഉപവാസ സമയത്ത് അദ്ദേഹത്തിന് ഊര്‍ജ്ജത്തിന്റെയും അവബോധത്തിന്റെയും കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അത് അതിന്റെ പരിവര്‍ത്തന ശക്തിയെക്കുറിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ഉപവാസം തന്നെ മന്ദഗതിയിലാക്കുന്നില്ല, പകരം, അത് പലപ്പോഴും തന്റെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉപവാസ സമയത്ത്, തന്റെ ചിന്തകള്‍ കൂടുതല്‍ സ്വതന്ത്രമായും സൃഷ്ടിപരമായും ഒഴുകുന്നുവെന്നും, ഇത് സ്വയം പ്രകടിപ്പിക്കുന്നതിനുള്ള അവിശ്വസനീയമായ അനുഭവമായി മാറുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിലപ്പോള്‍ ഒമ്പത് ദിവസവും പൂര്‍ണമായും ഉപവസിച്ച്, ലോക വേദിയില്‍ ഒരു നേതാവെന്ന നിലയില്‍ തന്റെ പങ്ക് എങ്ങനെ നിര്‍വഹിച്ചുവെന്ന് ചോദിച്ചപ്പോള്‍, ദഹനം സ്വാഭാവികമായും മന്ദഗതിയിലാകുന്ന മണ്‍സൂണ്‍ സീസണില്‍ ആചരിക്കുന്ന പുരാതന ഇന്ത്യന്‍ പാരമ്പര്യമായ ചതുര്‍മാസത്തെ ശ്രീ മോദി ഉയര്‍ത്തിക്കാട്ടി. ഈ കാലയളവില്‍, പല ഇന്ത്യക്കാരും ഒരു ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്ന സമ്പ്രദായം പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ പാരമ്പര്യം ജൂണ്‍ പകുതിയോടെ ആരംഭിക്കുകയും നവംബറിലെ ദീപാവലിക്ക് ശേഷം നാല് മുതല്‍ നാലര മാസം വരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്നു. ശക്തി, ഭക്തി, ആത്മീയ അച്ചടക്കം എന്നിവ ആഘോഷിക്കുന്ന സെപ്റ്റംബറിലെ അല്ലെങ്കില്‍ ഒക്ടോബറിലെ നവരാത്രി ഉത്സവത്തില്‍ പൂര്‍ണ്ണമായും ഭക്ഷണം ഉപേക്ഷിക്കുകയും ഒമ്പത് ദിവസം ചൂടുവെള്ളം മാത്രം കഴിക്കുകയും ചെയ്യാറുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചിലെ അല്ലെങ്കില്‍ ഏപ്രിലിലെ ചൈത്ര നവരാത്രിയില്‍, ഒമ്പത് ദിവസത്തേക്ക് ഒരു പ്രത്യേക പഴം മാത്രം കഴിച്ചുകൊണ്ട് ഒരു സവിശേഷ ഉപവാസ രീതി പിന്തുടരുന്നുണ്ടെന്ന് അദ്ദേഹം പങ്കുവച്ചു. ഉദാഹരണത്തിന്, അദ്ദേഹം പപ്പായ തിരഞ്ഞെടുക്കുകയാണെങ്കില്‍, ഉപവാസ കാലയളവിലുടനീളം അദ്ദേഹം പപ്പായ മാത്രമേ കഴിക്കൂ. ഈ ഉപവാസ രീതികള്‍ തന്റെ ജീവിതത്തില്‍ ആഴത്തില്‍ വേരൂന്നിയതാണെന്നും 50 മുതല്‍ 55 വര്‍ഷം വരെ സ്ഥിരമായി പിന്തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ഉപവാസ രീതികള്‍ തുടക്കത്തില്‍ വ്യക്തിപരമായിരുന്നുവെന്നും പരസ്യമായി അറിയപ്പെട്ടിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമായതിനുശേഷം അവ കൂടുതല്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടു. തന്റെ അനുഭവങ്ങള്‍ ഇപ്പോള്‍ പങ്കിടുന്നതില്‍ തനിക്ക് പ്രശ്നമില്ലെന്നും അവ മറ്റുള്ളവര്‍ക്ക് പ്രയോജനകരമാകുമെന്നും മറ്റുള്ളവരുടെ ക്ഷേമത്തിനായുള്ള തന്റെ ജീവിത സമര്‍പ്പണവുമായി പൊരുത്തപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉപവാസത്തിലായിരുന്നപ്പോള്‍ വൈറ്റ് ഹൗസില്‍ നടന്ന ഒരു ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ ഉണ്ടായ ഒരു സംഭവവും അദ്ദേഹം പങ്കുവച്ചു.

അദ്ദേഹത്തിന്റെ ആദ്യകാല ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, വടക്കന്‍ ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്നഗറിനെക്കുറിച്ച് പ്രധാനമന്ത്രി സ്മരിക്കുകയും അതിന്റെ സമ്പന്നമായ ചരിത്ര പ്രാധാന്യം ചൂണ്ടിക്കാട്ടുകയും ചെയ്തു. ചൈനീസ് തത്ത്വചിന്തകനായ ഹ്യൂന്‍ സാങ്ങിനെപ്പോലുള്ള വ്യക്തികളെ ആകര്‍ഷിച്ച വഡ്നഗര്‍ ബുദ്ധമത പഠനത്തിന്റെ പ്രധാന കേന്ദ്രമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 1400 കളില്‍ ഈ പട്ടണം ഒരു പ്രമുഖ ബുദ്ധമത വിദ്യാഭ്യാസ കേന്ദ്രം കൂടിയായിരുന്നുവെന്നും ബുദ്ധ, ജൈന, ഹിന്ദു പാരമ്പര്യങ്ങള്‍ ഐക്യത്തോടെ നിലനിന്നിരുന്ന സവിശേഷമായ അന്തരീക്ഷം തന്റെ ഗ്രാമത്തിനുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചരിത്രം പുസ്തകങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും, കാരണം, വഡ്നഗറിലെ ഓരോ കല്ലിനും മതിലിനും ഒരു കഥ പറയാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയായിരുന്ന കാലത്ത്, നഗരത്തിന്റെ തുടര്‍ച്ചയായ നിലനില്‍പ്പ് തെളിയിക്കുന്ന 2,800 വര്‍ഷം പഴക്കമുള്ള തെളിവുകള്‍ കണ്ടെത്തിയ വലിയ തോതിലുള്ള ഉത്ഖനന പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. ഈ കണ്ടെത്തലുകള്‍ വഡ്‌നഗറില്‍ അന്താരാഷ്ട്ര തലത്തിലുള്ള മ്യൂസിയം സ്ഥാപിക്കുന്നതിലേക്ക് നയിച്ചതായി ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇത് ഇപ്പോള്‍ പുരാവസ്തു വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന പഠന മേഖലയാണ്. ഇത്രയും ചരിത്ര പ്രാധാന്യമുള്ള സ്ഥലത്ത് ജനിച്ചതില്‍ കൃതാര്‍ഥത പ്രകടിപ്പിച്ച അദ്ദേഹം ഇത് തന്റെ ഭാഗ്യമായി കാണുന്നുവെന്നും പറഞ്ഞു. ജനാലകളില്ലാത്ത ചെറിയ വീട്ടിലെ തന്റെ കുടുംബത്തിന്റെ ജീവിതത്തെക്കുറിച്ചും കടുത്ത ദാരിദ്ര്യത്തിലാണ് താന്‍ വളര്‍ന്നതെന്നും വിവരിച്ച പ്രധാനമന്ത്രി, തന്റെ ബാല്യകാലം പങ്കുവച്ചു. എന്നിരുന്നാലും, താരതമ്യം ചെയ്യാന്‍ അടിസ്ഥാനമില്ലാത്തതിനാല്‍ തങ്ങള്‍ക്ക് ഒരിക്കലും ദാരിദ്ര്യത്തിന്റെ ഭാരം അനുഭവപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പിതാവ് അച്ചടക്കമുള്ളവനും കഠിനാധ്വാനിയുമായിരുന്നു. കൃത്യനിഷ്ഠയ്ക്ക് പേരുകേട്ടവനുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അമ്മയുടെ കഠിനാധ്വാനത്തെയും മറ്റുള്ളവരെ പരിപാലിക്കാനുള്ള അവരുടെ മനോഭാവത്തെയും ചൂണ്ടിക്കാട്ടിയ ശ്രീ മോദി അത് തന്നില്‍ സഹാനുഭൂതിയും സേവനബോധവും വളര്‍ത്തിയെന്നും പറഞ്ഞു. അതിരാവിലെ തന്റെ അമ്മ പരമ്പരാഗത പ്രതിവിധികളിലൂടെ കുട്ടികളെ എങ്ങനെ സല്‍ക്കരിക്കുമായിരുന്നെന്നും കുട്ടികളെ അവരുടെ വീട്ടില്‍ ഒരുമിച്ച് കൂട്ടുമായിരുന്നെന്നും അദ്ദേഹം ഓര്‍മ്മിച്ചു. ഈ അനുഭവങ്ങള്‍ തന്റെ ജീവിതത്തെയും മൂല്യങ്ങളെയും രൂപപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വേളയില്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ തന്റെ പശ്ചാത്തലം പൊതുജനങ്ങള്‍ക്ക് വെളിപ്പെടുത്തിയതോടെ, രാഷ്ട്രീയത്തിലേക്കുള്ള തന്റെ യാത്ര തന്റെ എളിയ തുടക്കത്തെ വെളിച്ചത്തു കൊണ്ടുവന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭാഗ്യമായാലും നിര്‍ഭാഗ്യമായാലും തന്റെ ജീവിതാനുഭവങ്ങള്‍ ഇപ്പോള്‍ തന്റെ പൊതുജീവിതത്തെ അറിയിക്കുന്ന രീതിയില്‍ വികസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ക്ക് നല്‍കാനുള്ള ഉപദേശത്തെകുറിച്ച് ചോദിച്ചപ്പോള്‍, വെല്ലുവിളികള്‍ ജീവിതത്തിന്റെ ഭാഗമാണെന്നും എന്നാല്‍ അവ ആരുടെയും ലക്ഷ്യത്തെ നിര്‍വചിക്കരുതെന്നും പറഞ്ഞ ശ്രീ മോദി, ക്ഷമയും ആത്മവിശ്വാസവും നിലനിര്‍ത്താന്‍ യുവാക്കളെ പ്രോത്സാഹിപ്പിച്ചു. ബുദ്ധിമുട്ടുകള്‍ സഹിഷ്ണുതയുടെ പരീക്ഷണങ്ങളാണെന്നും വ്യക്തികളെ പരാജയപ്പെടുത്തുന്നതിനുപകരം അവരെ ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ഓരോ പ്രതിസന്ധിയും വളര്‍ച്ചയ്ക്കും പുരോഗതിക്കും അവസരം നല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രാക്കുകള്‍ മുറിച്ചുകടക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുന്ന റെയില്‍വേ സ്റ്റേഷന്‍ അടയാളങ്ങള്‍ ഉദാഹരിച്ച്, ജീവിതത്തില്‍ കുറുക്കുവഴികളില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ‘കുറുക്കുവഴി നിങ്ങളെ വെട്ടിച്ചുരുക്കും’ എന്ന് അദ്ദേഹം പറഞ്ഞു. വിജയം കൈവരിക്കുന്നതില്‍ ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ ഉത്തരവാദിത്വത്തിലും ഹൃദയം മുഴുവനായി നല്‍കി ആവേശത്തോടെ ജീവിതം നയിക്കേണ്ടതിന്റെയും, യാത്രയില്‍ സംതൃപ്തി കണ്ടെത്തേണ്ടതിന്റെയും ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി. സമൃദ്ധി മാത്രം വിജയം ഉറപ്പുനല്‍കുന്നില്ലെന്നും വിഭവങ്ങളുള്ളവര്‍ പോലും വളരുകയും സമൂഹത്തിന് സംഭാവന നല്‍കുകയും ചെയ്യണമെന്ന വസ്തുത ചൂണ്ടിക്കാട്ടി, വ്യക്തിഗത വളര്‍ച്ച ജീവിതത്തിലുടനീളം അനിവാര്യമായതിനാല്‍ ഒരിക്കലും പഠനം നിര്‍ത്താതിരിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പിതാവിന്റെ ചായക്കടയിലെ ഇടപെടലുകളില്‍ നിന്ന് പഠിച്ചതിന്റെ സ്വന്തം അനുഭവം പങ്കിട്ട അദ്ദേഹം ഇത് തുടര്‍ച്ചയായ പഠനത്തിന്റെയും സ്വയം മെച്ചപ്പെടുത്തലിന്റെയും മൂല്യം പഠിപ്പിച്ചതായും കൂട്ടിച്ചേര്‍ത്തു. പലരും വലിയ ലക്ഷ്യങ്ങള്‍ വയ്ക്കുന്നുണ്ടെന്നും പരാജയപ്പെടുകയാണെങ്കില്‍ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും ആയിത്തീരുന്നതിനുപകരം എന്തെങ്കിലും ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം ഉപദേശിച്ചു, കാരണം ഈ മനോഭാവം തുടര്‍ച്ചയായ ദൃഢനിശ്ചയത്തിനും ലക്ഷ്യങ്ങളിലേക്കുള്ള പുരോഗതിക്കും അനുവദിക്കുന്നു. ഒരാള്‍ക്ക് കിട്ടുന്നതില്‍ നിന്നല്ല, കൊടുക്കുന്നതില്‍ നിന്നാണ് യഥാര്‍ത്ഥ സംതൃപ്തി ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഭാവനയിലും സേവനത്തിലും കേന്ദ്രീകൃതമായ മനോഭാവം വളര്‍ത്തിയെടുക്കാന്‍ അദ്ദേഹം യുവാക്കളെ പ്രോത്സാഹിപ്പിച്ചു.

ഹിമാലയത്തിലേക്കുള്ള യാത്രയെക്കുറിച്ച് ചോദിച്ചപ്പോള്‍, സമൂഹജീവിതം കേന്ദ്രമായിരുന്ന ചെറിയ പട്ടണത്തില്‍ താന്‍ വളര്‍ന്നതിനെക്കുറിച്ച് ശ്രീ മോദി ഓര്‍ത്തു. സ്വാമി വിവേകാനന്ദന്‍, ഛത്രപതി ശിവാജി മഹാരാജ് തുടങ്ങിയ വ്യക്തികളെക്കുറിച്ചുള്ള പുസ്തകങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അദ്ദേഹം പലപ്പോഴും പ്രാദേശിക ലൈബ്രറി സന്ദര്‍ശിച്ചു. ഇത് തന്റെ ജീവിതത്തെ സമാനമായി രൂപപ്പെടുത്താനുള്ള ആഗ്രഹത്തിന് കാരണമായി, തന്റെ സഹിഷ്ണുത പരീക്ഷിക്കുന്നതിനായി തണുത്ത കാലാവസ്ഥയില്‍ പുറത്ത് ഉറങ്ങുന്നത് പോലുള്ള ശാരീരിക പരിമിതികള്‍ പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി വിവേകാനന്ദന്റെ ശിക്ഷണങ്ങളുടെ സ്വാധീനം എടുത്തുകാട്ടിയ മോദി, പ്രത്യേകിച്ചും രോഗിയായ അമ്മയ്ക്ക് സഹായം ആവശ്യമുണ്ടായിരുന്നിട്ടും, ധ്യാന വേളയില്‍ കാളിദേവിയോട് എന്തെങ്കിലും ചോദിക്കാന്‍ വിവേകാനന്ദന്‍ ധൈര്യപ്പെടാത്ത കഥയും ചൂണ്ടിക്കാട്ടി. വിവേകാനന്ദനില്‍ ദാനശീലം വളര്‍ത്തിയ ഈ അനുഭവം, തന്നില്‍ മുദ്ര പതിപ്പിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. മറ്റുള്ളവര്‍ക്ക് നല്‍കുന്നതിലൂടെയും സേവനം ചെയ്യുന്നതിലൂടെയുമാണ് യഥാര്‍ത്ഥ സംതൃപ്തി ലഭിക്കുന്നതെന്നും ശ്രീ മോദി പറഞ്ഞു. തന്റെ ഗ്രാമത്തില്‍ സൈനികരെ കാണുന്നത് രാഷ്ട്രത്തെ സേവിക്കാന്‍ തന്നെ പ്രചോദിപ്പിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, പക്ഷേ അക്കാലത്ത് അദ്ദേഹത്തിന് വ്യക്തമായ വഴി അറിയില്ലായിരുന്നു. ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കാനുള്ള തന്റെ അഗാധമായ ആഗ്രഹത്തെക്കുറിച്ചും അത് പര്യവേക്ഷണം ചെയ്യാനുള്ള തന്റെ യാത്രയെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. സമൂഹത്തെ സേവിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് തന്നെ നയിച്ച സ്വാമി ആത്മസ്ഥാനാനന്ദ്ജിയെപ്പോലുള്ള സന്ന്യാസിമാരുമായുള്ള ബന്ധത്തെകുറിച്ചും അദ്ദേഹം പറഞ്ഞു. ദൗത്യത്തിലായിരുന്ന സമയത്ത് ശ്രദ്ധേയരായ സന്ന്യാസിമാരെ കണ്ടുമുട്ടിയെന്നും അവര്‍ ത്‌നിക്ക് സ്നേഹവും അനുഗ്രഹങ്ങളും ചൊരിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഹിമാലയത്തിലെ തന്റെ അനുഭവങ്ങളെക്കുറിച്ചും ശ്രീ മോദി സംസാരിച്ചു, അവിടെ സന്ന്യാസിമാരുമായുള്ള കൂടിക്കാഴ്ചകളും ഏകാന്തതയും തന്നെ രൂപപ്പെടുത്താനും തന്റെ ആന്തരിക ശക്തി കണ്ടെത്താനും സഹായിച്ചു. തന്റെ വ്യക്തിപരമായ വളര്‍ച്ചയില്‍ ധ്യാനം, സേവനം, ഭക്തി എന്നിവയുടെ പങ്ക് അദ്ദേഹം വ്യക്തമാക്കി.

എല്ലാ തലത്തിലും സേവന ജീവിതം നയിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ച രാമകൃഷ്ണ മിഷനിലെ സ്വാമി ആത്മസ്ഥാനാനന്ദ്ജിയുമായുള്ള അനുഭവം പങ്കുവച്ച ശ്രീ മോദി, മറ്റുള്ളവര്‍ തന്നെ പ്രധാനമന്ത്രിയായോ മുഖ്യമന്ത്രിയായോ കാണുമെങ്കിലും ആത്മീയ തത്വങ്ങളില്‍ അദ്ദേഹം ആഴത്തില്‍ പ്രതിജ്ഞാബദ്ധനാണ്. തന്റെ ആന്തരിക സ്ഥിരത മറ്റുള്ളവരെ സേവിക്കുന്നതിലാണ് വേരൂന്നിയതെന്ന് അദ്ദേഹം എടുത്തുകാട്ടുന്നു. അത് കുട്ടികളെ പരിപാലിക്കാന്‍ അമ്മയെ സഹായിക്കുന്നതിലൂടെയോ ഹിമാലയത്തില്‍ അലഞ്ഞുതിരിയുന്നതിലൂടെയോ അല്ലെങ്കില്‍ തന്റെ നിലവിലെ ഉത്തരവാദിത്വ സ്ഥാനത്ത് നിന്ന് പ്രവര്‍ത്തിക്കുന്നതിലൂടെയോ ആകാം. ഒരു സന്ന്യാസിയും നേതാവും തമ്മില്‍ യഥാര്‍ത്ഥ വ്യത്യാസമില്ലെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, കാരണം രണ്ട് കര്‍ത്തവ്യങ്ങളും ഒരേ അടിസ്ഥാന മൂല്യങ്ങളാല്‍ നയിക്കപ്പെടുന്നു. വസ്ത്രധാരണം, ജോലി തുടങ്ങിയ ബാഹ്യ വശങ്ങള്‍ മാറിയേക്കാം. എന്നാല്‍ സേവനത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം സ്ഥിരമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഉത്തരവാദിത്വങ്ങളും സമാന ശാന്തതയോടെയും ശ്രദ്ധയോടെയും അര്‍പ്പണബോധത്തോടെയുമാണ് താന്‍ നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം അടിവരയിട്ടു.

രാഷ്ട്രീയ സ്വയംസേവക സംഘം (ആര്‍എസ്എസ്) തന്റെ ആദ്യകാല ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത പ്രധാനമന്ത്രി, ദേശഭക്തി ഗാനങ്ങളോടുള്ള, പ്രത്യേകിച്ച് ഒരു തമ്പുരുവുമായി തന്റെ ഗ്രാമത്തിലെത്തിയിരുന്ന മകോഷി എന്ന വ്യക്തി ആലപിച്ചിരുന്ന ഗാനങ്ങളോടുള്ള, തന്റെ കുട്ടിക്കാലത്തെ താല്‍പര്യത്തെക്കുറിച്ച് പരാമര്‍ശിച്ചു. ഈ ഗാനങ്ങള്‍ തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും ആര്‍എസ്എസുമായുള്ള തന്റെ ഇടപെടലില്‍ അവ ഒരു പങ്കു വഹിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി സംഭാവന നല്‍കുകയെന്ന ലക്ഷ്യത്തോടെ എല്ലാം ചെയ്യുക, പഠിക്കുക, വ്യായാമം ചെയ്യുക തുടങ്ങിയ അടിസ്ഥാന മൂല്യങ്ങള്‍ ആര്‍എസ്എസ് തന്നില്‍ വളര്‍ത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതലക്ഷ്യത്തിലേക്ക് വ്യക്തമായ ദിശാബോധം ആര്‍എസ്എസ് നല്‍കുന്നുവെന്നു പറഞ്ഞ മോദി, ജനങ്ങളെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്യമാണെന്നും അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് അതിന്റെ നൂറാം വാര്‍ഷികത്തിലേക്ക് അടുക്കുകയാണെന്നും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അംഗങ്ങളുള്ള വലിയ സന്നദ്ധ സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വിവിധ സംരംഭങ്ങളെ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഗവണ്‍മെന്റ് സഹായമില്ലാതെ ചേരികളിലും ജനവാസ കേന്ദ്രങ്ങളിലും 1,25,000 സേവന പദ്ധതികള്‍ നടത്തുന്ന സേവാഭാരതി, ഗോത്ര മേഖലകളില്‍ 70,000 ത്തിലധികം ഏകാധ്യാപക സ്‌കൂളുകള്‍ സ്ഥാപിച്ച വനവാസി കല്യാണ്‍ ആശ്രമം, 30 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന 25,000 ത്തോളം സ്‌കൂളുകള്‍ നടത്തുന്ന വിദ്യാ ഭാരതി എന്നിവയെക്കുറിച്ചും പരാമര്‍ശിച്ചു. വിദ്യാഭ്യാസത്തിനും മൂല്യങ്ങള്‍ക്കും ആര്‍എസ്എസ് മുന്‍ഗണന നല്‍കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ അടിയുറച്ചുനില്‍ക്കുന്നുവെന്നും സമൂഹത്തിന് ഭാരമാകാതിരിക്കാന്‍ നൈപുണ്യങ്ങള്‍ കരസ്ഥമാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് അംഗങ്ങളുള്ള ഇന്ത്യന്‍ തൊഴിലാളി യൂണിയന്‍, പരമ്പരാഗത തൊഴിലാളി പ്രസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ‘തൊഴിലാളികള്‍ ലോകത്തെ ഒന്നിപ്പിക്കുക’ എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സവിശേഷമായ സമീപനം സ്വീകരിക്കുന്നതായി അദ്ദേഹം എടുത്തുപറഞ്ഞു. ആര്‍എസ്എസില്‍ നിന്ന് നേടിയെടുത്ത ജീവിത മൂല്യങ്ങള്‍ക്കും ലക്ഷ്യത്തിനും സ്വാമി ആത്മസ്ഥാനാനന്ദയെപ്പോലുള്ള സന്ന്യാസിമാരില്‍ നിന്ന് ലഭിച്ച ആത്മീയ മാര്‍ഗനിര്‍ദേശത്തിനും പ്രധാനമന്ത്രി നന്ദി പ്രകടിപ്പിച്ചു.

ഇന്ത്യ എന്ന വിഷയം പരാമര്‍ശിക്കവേ, ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള സാംസ്‌കാരിക സ്വത്വവും നാഗരികതയുമാണെന്ന് ശ്രീ മോദി പറഞ്ഞു. നൂറിലധികം ഭാഷകളും ആയിരക്കണക്കിന് ഭാഷാഭേദങ്ങളുമുള്ള ഇന്ത്യയുടെ വിശാലത ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം ഓരോ 20 മൈലിലും ഭാഷ, ആചാരങ്ങള്‍, പാചകരീതികള്‍, വസ്ത്രധാരണരീതികള്‍ എന്നിവ മാറുന്നു എന്ന ചൊല്ല് ഊന്നിപ്പറഞ്ഞു. ഈ വലിയ വൈവിധ്യം ഉണ്ടായിരുന്നിട്ടും, രാജ്യത്തെ ഒന്നിപ്പിക്കുന്ന ഒരു പൊതു നൂലിഴ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലുടനീളം പ്രതിധ്വനിക്കുന്ന ശ്രീരാമന്റെ കഥകള്‍ അടിവരയിട്ട്, ഗുജറാത്തിലെ രാംഭായി മുതല്‍ തമിഴ്‌നാട്ടിലെ രാമചന്ദ്രന്‍, മഹാരാഷ്ട്രയിലെ രാംഭാവു എന്നിവര്‍ വരെ എല്ലാ പ്രദേശങ്ങളിലും ശ്രീരാമനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട പേരുകള്‍ എങ്ങനെ കാണപ്പെടുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സവിശേഷമായ സാംസ്‌കാരിക ബന്ധം ഇന്ത്യയെ നാഗരികതയായി ഒന്നിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുളിക്കുന്ന സമയത്ത് ഗംഗ, യമുന, ഗോദാവരി, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി തുടങ്ങിയ നദികളുടെ പേരുകള്‍ ജപിച്ച് ഇന്ത്യയിലെ എല്ലാ നദികളെയും ഓര്‍മ്മിക്കുന്ന ആചാരത്തിന് ശ്രീ മോദി ഊന്നല്‍ നല്‍കി. ഐക്യത്തിന്റെ ഈ വികാരം ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍ ആഴത്തില്‍ വേരൂന്നിയതാണെന്നും പ്രധാനപ്പെട്ട സംഭവങ്ങളിലും ആചാരങ്ങളിലും എടുക്കുന്ന തീരുമാനങ്ങളിലും ഇത് പ്രതിഫലിക്കുന്നുവെന്നും അത് ചരിത്രരേഖകളായി വര്‍ത്തിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജംബുദ്വീപില്‍ തുടങ്ങി കുടുംബ ദേവതയിലേക്ക് ചുരുങ്ങുന്നത് പോലുള്ള ചടങ്ങുകളില്‍ പ്രപഞ്ചത്തെ ആവാഹിക്കുന്നത് പോലുള്ള ആചാരങ്ങളില്‍ ഇന്ത്യന്‍ വേദങ്ങളുടെ സൂക്ഷ്മമായ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് അടിവരയിട്ട പ്രധാനമന്ത്രി, ഈ ആചാരങ്ങള്‍ ഇപ്പോഴും സജീവമാണെന്നും ഇന്ത്യയിലുടനീളം ദിവസവും ആചരിക്കപ്പെടുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. പാശ്ചാത്യ, ആഗോള മാതൃകകള്‍ രാഷ്ട്രങ്ങളെ ഭരണ സംവിധാനങ്ങളായി കാണുമ്പോള്‍, ഇന്ത്യയുടെ ഐക്യം അതിന്റെ സാംസ്‌കാരിക ബന്ധങ്ങളിലാണ് ഉള്ളതെന്ന് അദ്ദേഹം നിരീക്ഷിച്ചു. ചരിത്രത്തിലുടനീളം ഇന്ത്യയ്ക്ക് വൈവിധ്യമാര്‍ന്ന ഭരണ സംവിധാനങ്ങളുണ്ടായിരുന്നുവെങ്കിലും സാംസ്‌കാരിക പാരമ്പര്യങ്ങളിലൂടെ അതിന്റെ ഐക്യം സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശങ്കരാചാര്യരുടെ നാല് തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ സ്ഥാപനത്തെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ഇന്ത്യയുടെ ഐക്യം നിലനിര്‍ത്തുന്നതില്‍ തീര്‍ത്ഥാടന പാരമ്പര്യങ്ങളുടെ പങ്കിനെ ശ്രീ മോദി അടിവരയിട്ടു. ഇന്നും ദശലക്ഷക്കണക്കിന് പേര്‍ തീര്‍ത്ഥാടനത്തിനായി യാത്ര ചെയ്യുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാമേശ്വരത്ത് നിന്ന് കാശിയിലേക്കും തിരിച്ചും വെള്ളം കൊണ്ടുവരുന്നത് അദ്ദേഹം ഉദാഹരിച്ചു. രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന പാരമ്പര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഇന്ത്യയുടെ ഹിന്ദു കലണ്ടറിന്റെ സമ്പന്നതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധിയുടെ പൈതൃകത്തെക്കുറിച്ചും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ചർച്ച ചെയ്ത പ്രധാനമന്ത്രി, മഹാത്മാഗാന്ധിയെപ്പോലെ ഗുജറാത്തി മാതൃഭാഷയായ ഗുജറാത്തിലാണ് അദ്ദേഹം ജനിച്ചതെന്ന് ആവർത്തിച്ചു. വിദേശത്ത് അഭിഭാഷകനായി അവസരങ്ങൾ ലഭിച്ചിട്ടും, ആഴത്തിലുള്ള കർത്തവ്യബോധത്തിന്റെയും കുടുംബ മൂല്യങ്ങളുടെയും വഴികാട്ടിയായി ഇന്ത്യയിലെ ജനങ്ങളെ സേവിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിക്കാൻ ഗാന്ധിജി തീരുമാനമെടുത്തുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഗാന്ധിജിയുടെ തത്വങ്ങളും പ്രവർത്തനങ്ങളും ഇന്നും എല്ലാ ഇന്ത്യക്കാരെയും സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശുചിത്വത്തിനായുള്ള ഗാന്ധിയുടെ വാദത്തെ അടിവരയിട്ട അദ്ദേഹം, അത് സ്വയം പരിശീലിക്കുകയും തന്റെ ചർച്ചകളിൽ അതിനെ കേന്ദ്ര വിഷയമാക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി. നൂറ്റാണ്ടുകളുടെ കോളനിവാഴ്ചയ്ക്കിടയിലും രാജ്യത്തുടനീളം സ്വാതന്ത്ര്യത്തിന്റെ ജ്വാല ഉജ്ജ്വലമായി തെളിച്ച ഇന്ത്യയുടെ നീണ്ട സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യം ഉറപ്പാക്കാൻ ദശലക്ഷക്കണക്കിന്പേർ ജീവൻ ബലിയർപ്പിച്ചു. തടവും രക്തസാക്ഷിത്വവും സഹിച്ചു- അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ശാശ്വതമായ സ്വാധീനം ചെലുത്തിയെങ്കിലും, സത്യത്തിൽ വേരൂന്നിയ ഒരു ബഹുജന പ്രസ്ഥാനത്തിന് നേതൃത്വം നൽകി രാജ്യത്തെ ഉണർത്തിയത് മഹാത്മാഗാന്ധിയാണെന്ന് ശ്രീ മോദി നിരീക്ഷിച്ചു. തൂപ്പുകാർ മുതൽ അധ്യാപകർ, നൂൽനൂൽക്കുന്നവർ, പരിചരണം നൽകുന്നവർ വരെയുള്ള എല്ലാ വ്യക്തികളെയും സ്വാതന്ത്ര്യസമരത്തിൽ ഉൾപ്പെടുത്താനുള്ള ഗാന്ധിജിയുടെ കഴിവ് അദ്ദേഹം എടുത്തുകാട്ടി. ഗാന്ധി സാധാരണ പൗരന്മാരെ സ്വാതന്ത്ര്യത്തിനായുള്ള പട്ടാളക്കാരാക്കി മാറ്റി. ബ്രിട്ടീഷുകാർക്ക് അത് പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്തത്ര വലിയ ഒരു പ്രസ്ഥാനം സൃഷ്ടിച്ചുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു നുള്ള് ഉപ്പ് ഒരു വിപ്ലവത്തിന് തിരികൊളുത്തിയ ദാണ്ഡി മാർച്ചിന്റെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ച് ഗാന്ധി തന്റെ ബ്രീച്ച്‌ക്ലോത്ത് ധരിച്ച് ജോർജ്ജ് രാജാവിനെ കണ്ടുമുട്ടിയ വട്ടമേശ സമ്മേളനത്തിൽ നിന്നുള്ള ഒരു കഥ പ്രധാനമന്ത്രി പങ്കുവെച്ചു. “നിങ്ങളുടെ രാജാവ് നമുക്ക് രണ്ടുപേർക്കും വേണ്ടത്ര വസ്ത്രങ്ങൾ ധരിക്കുന്നു” എന്ന ഗാന്ധിയുടെ നർമ്മപരമായ പരാമർശം അദ്ദേഹം എടുത്തുകാണിച്ചു. അത് അദ്ദേഹത്തിന്റെ വിചിത്രമായ ആകർഷണീയത പ്രകടമാക്കുന്നു. ഐക്യത്തിനും ജനങ്ങളുടെ ശക്തിയെ അംഗീകരിക്കുന്നതിനുമുള്ള ഗാന്ധിയുടെ ആഹ്വാനത്തെക്കുറിച്ച് ശ്രീ മോദി പ്രതിഫലിപ്പിച്ചു. അത് ഇപ്പോഴും പ്രതിധ്വനിക്കുന്നു. സർക്കാരിനെ മാത്രം ആശ്രയിക്കുന്നതിനുപകരം, എല്ലാ സംരംഭങ്ങളിലും സാധാരണക്കാരെ ഉൾപ്പെടുത്തുന്നതിനും സാമൂഹിക മാറ്റം വളർത്തുന്നതിനുമുള്ള തന്റെ സ്വന്തം പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.

മഹാത്മാഗാന്ധിയുടെ പാരമ്പര്യം നൂറ്റാണ്ടുകൾക്കതീതമാണെന്ന് ശ്രീ മോദി പരാമർശിച്ചു, അദ്ദേഹത്തിന്റെ പ്രസക്തി ഇന്നും നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ശക്തി അദ്ദേഹത്തിന്റെ പേരിലല്ല, മറിച്ച് 140 കോടി ഇന്ത്യക്കാരുടെയും ആയിരക്കണക്കിന് വർഷത്തെ കാലാതീതമായ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും പിന്തുണയിലാണെന്ന് പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം സ്വന്തം ഉത്തരവാദിത്വബോധം ഉയർത്തിക്കാട്ടി. “ഒരു ലോകനേതാവിനൊപ്പം ഞാൻ കൈ കുലുക്കുമ്പോൾ, അത് മോദിയല്ല ചെയ്യുന്നത്; മറിച്ച് 140 കോടി ഇന്ത്യക്കാരാണ് അങ്ങനെ ചെയ്യുന്നത്” – അദ്ദേഹം വിനയപൂർവ്വം കൂട്ടിച്ചേർത്തു. 2013 ൽ തന്റെ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ അദ്ദേഹം നേരിട്ട വ്യാപകമായ വിമർശനത്തെ ഓർമ്മിപ്പിച്ച്, വിദേശനയത്തെയും ആഗോള ഭൗമരാഷ്ട്രീയത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണയെ വിമർശകർ ചോദ്യം ചെയ്തതായി ശ്രീ മോദി പറഞ്ഞു. ആ സമയത്ത് അദ്ദേഹം പ്രതികരിച്ചതിങ്ങനെ: “ഇന്ത്യ സ്വയം നിന്ദിക്കപ്പെടാൻ അനുവദിക്കില്ല, ആരെയും ഒരിക്കലും ഉയർത്തിക്കാട്ടുകയുമില്ല. ഇന്ത്യ ഇപ്പോൾ അതിന്റെ എതിരാളികളുമായി നേർക്കുനേർ കാണും”. ഈ വിശ്വാസം തന്റെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവായി തുടരുന്നുവെന്നും, രാജ്യത്തിന് എപ്പോഴും പ്രഥമ പരിഗണന നൽകുന്നുവെന്നും ഊന്നിപ്പറഞ്ഞു. ലോകം ഒരു കുടുംബം എന്ന ദർശനത്തിൽ വേരൂന്നിയ ആഗോള സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ ദീർഘകാല വാദത്തെ പ്രധാനമന്ത്രി എടുത്തുകാട്ടി. പുനരുപയോഗ ഊർജ്ജത്തിനായുള്ള “ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്” എന്ന ആശയം, എല്ലാ സസ്യജന്തുജാലങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ആഗോള ആരോഗ്യ സംരക്ഷണത്തിനായുള്ള “ഒരു ഭൂമി, ഒരു ആരോഗ്യം” തുടങ്ങിയ ആഗോള സംരംഭങ്ങൾക്ക് ഇന്ത്യ നൽകിയ സംഭാവനകളെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള ക്ഷേമം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് കൂട്ടായ ശ്രമങ്ങൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്ന മുദ്രാവാക്യത്തോടെ ഇന്ത്യ ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിനെക്കുറിച്ച് പരാമർശിക്കവേ, ഇന്ത്യയുടെ കാലാതീതമായ ജ്ഞാനം ലോകവുമായി പങ്കിടേണ്ട കടമയ്ക്കു ശ്രീ മോദി അടിവരയിട്ടു. ഇന്നത്തെ ലോകത്തിന്റെ പരസ്പരബന്ധിതമായ സ്വഭാവത്തെക്കുറിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഒരു രാജ്യത്തിനും ഒറ്റപ്പെട്ട് അഭിവൃദ്ധി പ്രാപിക്കാൻ കഴിയില്ല. നാമെല്ലാവരും പരസ്പരം ആശ്രയിക്കുന്നു.” ആഗോള സംരംഭങ്ങളെ മുന്നോട്ട് നയിക്കുന്നതിന് സമന്വയത്തിന്റെയും സഹകരണത്തിന്റെയും ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. ഐക്യരാഷ്ട്രസഭ പോലുള്ള ആഗോള സംഘടനകളുടെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. കാലത്തിനനുസരിച്ച് പരിണമിക്കാനുള്ള അവയുടെ കഴിവില്ലായ്മ അവയുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ആഗോള ചർച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുക്രൈ‌നിലെ സമാധാനത്തിലേക്കുള്ള പാത എന്ന വിഷയത്തിൽ, ശ്രീ മോദി, ശ്രീ ബുദ്ധന്റെയും മഹാത്മാഗാന്ധിയുടെയും നാടിനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് പറഞ്ഞു. ഇന്ത്യയുടെ ശക്തമായ സാംസ്കാരിക-ചരിത്ര പശ്ചാത്തലം, ഇന്ത്യ സമാധാനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ലോകം അത് ശ്രദ്ധിക്കുന്നുവെന്ന് ഉറപ്പാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാർ സംഘർഷത്തിനായി കഠിനാധ്വാനം ചെയ്യുന്നില്ല, പകരം ഐക്യത്തെ പിന്തുണയ്ക്കുകയും സമാധാനത്തിനായി നിലകൊള്ളുകയും സാധ്യമാകുന്നിടത്തെല്ലാം സമാധാനം സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്വം സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. റഷ്യയുമായും യുക്രൈ‌നുമായും ഉള്ള തന്റെ അടുത്ത ബന്ധത്തെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് പറയാൻ പ്രസിഡന്റ് പുടിനുമായി ഇടപഴകാമെന്നും, യുദ്ധക്കളത്തിലല്ല, ചർച്ചകളിലൂടെയാണ് പരിഹാരങ്ങൾ കൈവരിക്കേണ്ടതെന്ന് പ്രസിഡന്റ് സെലെൻസ്‌കിയെ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ ഫലപ്രദമാകണമെങ്കിൽ ഇരുകക്ഷികളെയും ഉൾപ്പെടുത്തണമെന്നും നിലവിലെ സാഹചര്യം യുക്രൈ‌നും റഷ്യയും തമ്മിൽ അർത്ഥവത്തായ ചർച്ചകൾക്ക് അവസരമൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭക്ഷണം, ഇന്ധനം, വളം എന്നിവയിൽ പ്രതിസന്ധി നേരിടുന്ന ഗ്ലോബൽ സൗത്തിൽ സംഘർഷം മൂലമുണ്ടായ ദുരിതങ്ങൾ എടുത്തുകാണിച്ച പ്രധാനമന്ത്രി, സമാധാനം പിന്തുടരുന്നതിൽ ആഗോള സമൂഹം ഒന്നിക്കണമെന്ന് ആഹ്വാനം ചെയ്തു. “ഞാൻ നിഷ്പക്ഷനല്ല” എന്ന് പറഞ്ഞ് അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചുറപ്പിച്ചു. “ഞാൻ നിഷ്പക്ഷനല്ല. എനിക്ക് ഒരു നിലപാടുണ്ട്. അതു സമാധാനമാണ്. സമാധാനത്തിനാണ് ഞാൻ പരിശ്രമിക്കുന്നത്.”

ഇന്ത്യ-പാക് ബന്ധങ്ങളെക്കുറിച്ചു ചർച്ച ചെയ്യവേ, 1947-ലെ ഇന്ത്യയുടെ വിഭജനത്തിന്റെ വേദനാജനകമായ യാഥാർത്ഥ്യത്തെ പ്രധാനമന്ത്രി പരാമർശിച്ചു. തുടർന്നുണ്ടായ ദുഃഖവും രക്തച്ചൊരിച്ചിലും എടുത്തുകാട്ടി. പരിക്കേറ്റവരെയും മൃതദേഹങ്ങളെയും കൊണ്ട് പാകിസ്ഥാനിൽ നിന്ന് എത്തുന്ന ട്രെയിനുകളുടെ ഭയാനകമായ കാഴ്ച അദ്ദേഹം വിവരിച്ചു. യോജിപ്പുള്ള സഹവർത്തിത്വത്തിന്റെ പ്രതീക്ഷകൾ ഉണ്ടായിരുന്നിട്ടും, പാകിസ്ഥാൻ ശത്രുതയുടെ പാത തിരഞ്ഞെടുത്ത് ഇന്ത്യയ്‌ക്കെതിരെ നിഴൽ യുദ്ധം നടത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. രക്തച്ചൊരിച്ചിലും ഭീകരതയും വളർത്തുന്ന പ്രത്യയശാസ്ത്രത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്തു. ഭീകരത ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനും ഭീഷണിയാണെന്ന് വ്യക്തമാക്കി. ഭീകരതയുടെ പാത പലപ്പോഴും പാകിസ്ഥാനിലേക്ക് നയിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവിടെ അഭയം തേടിയ ഒസാമ ബിൻ ലാദന്റെ ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു. പാകിസ്ഥാൻ പ്രക്ഷുബ്ധതയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുന്നുവെന്നും ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരത ഉപേക്ഷിക്കാൻ അവരോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. “നിങ്ങളുടെ രാജ്യത്തെ നിയമവിരുദ്ധ ശക്തികൾക്ക് കീഴടങ്ങുന്നതിലൂടെ നിങ്ങൾക്ക് എന്താണ് ലഭിക്കുക?”- അദ്ദേഹം ആരാഞ്ഞു. ലാഹോർ സന്ദർശനവും പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി പാകിസ്ഥാനെ ക്ഷണിച്ചതും ഉൾപ്പെടെ സമാധാനം വളർത്താനുള്ള തന്റെ വ്യക്തിപരമായ ശ്രമങ്ങൾ ശ്രീ മോദി പങ്കുവച്ചു. മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ഓർമ്മക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയുടെ തെളിവായി അദ്ദേഹം ഈ നയതന്ത്ര നടപടിയെ എടുത്തുകാട്ടി. എന്നിരുന്നാലും, ഈ ശ്രമങ്ങൾക്ക് ശത്രുതയും വഞ്ചനയും നേരിടേണ്ടി വന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

കൂട്ടിയിണക്കുന്നതിനുള്ള കായികരംഗത്തിന്റെ ശക്തിയെക്കുറിച്ച് പറഞ്ഞ ശ്രീ മോദി, അവ ജനങ്ങളെ ആഴത്തിൽ ബന്ധിപ്പിക്കുകയും ലോകത്തെ ഊർജ്ജസ്വലമാക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമാക്കി. “മനുഷ്യ പരിണാമത്തിൽ കായിക വിനോദങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. അവ കളികൾ മാത്രമല്ല; അവ രാഷ്ട്രങ്ങൾക്കിടയിൽ ജനങ്ങളെ ഒരുമിച്ച് ചേർക്കുന്നു.” – അദ്ദേഹം പറഞ്ഞു. കായിക സാങ്കേതികവിദ്യകളിൽ താൻ വിദഗ്ദ്ധനല്ലെങ്കിലും, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അടുത്തിടെ നടന്ന ക്രിക്കറ്റ് മത്സരത്തിൽ കണ്ടതുപോലെ, ഫലങ്ങൾ പലപ്പോഴും സ്വയം സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വനിതാ ഫുട്ബോൾ ടീമിന്റെ മികച്ച പ്രകടനവും പുരുഷ ടീമിന്റെ പുരോഗതിയും ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ ശക്തമായ ഫുട്ബോൾ സംസ്കാരത്തെയും പ്രധാനമന്ത്രി എടുത്തുകാട്ടി. ഭൂതകാലത്തെക്കുറിച്ച് ഓർമ്മിപ്പിച്ച്, 1980-കളിലെ തലമുറയ്ക്ക് മറഡോണ യഥാർത്ഥ നായകനായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം ഇന്നത്തെ തലമുറ മെസ്സിയെ പരാമർശിക്കുന്നു. മധ്യപ്രദേശിലെ ഗോത്ര ജില്ലയായ ഷാഹ്‌ഡോളിലേക്ക് ശ്രീ മോദി നടത്തിയ അവിസ്മരണീയ സന്ദർശനം അനുസ്മരിച്ചു. അവിടെ ഫുട്‌ബോളിനായി ആഴത്തിൽ സമർപ്പിക്കപ്പെട്ട സമൂഹത്തെ കണ്ടുമുട്ടി. നാല് തലമുറകളുടെ ഫുട്ബോൾ പാരമ്പര്യത്തിലൂടെയും 80 ഓളം ദേശീയതല കളിക്കാരിലൂടെയും നേടിയെടുത്ത പേരാണ് “മിനി ബ്രസീൽ” എന്ന് അഭിമാനത്തോടെ തങ്ങളുടെ ഗ്രാമത്തെ പരാമർശിച്ച യുവ കളിക്കാരെ അദ്ദേഹം ഓർമ്മിച്ചു. അവരുടെ വാർഷിക ഫുട്ബോൾ മത്സരങ്ങൾ സമീപ ഗ്രാമങ്ങളിൽ നിന്ന് 20,000 മുതൽ 25,000 വരെ കാണികളെ ആകർഷിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഫുട്ബോളിനോടുള്ള വർദ്ധിച്ചുവരുന്ന അഭിനിവേശത്തെക്കുറിച്ച് അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു, അത് ആവേശം വർദ്ധിപ്പിക്കുക മാത്രമല്ല, യഥാർത്ഥ ടീം സ്പിരിറ്റ് വളർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രധാനമന്ത്രി ഹൂസ്റ്റണിൽ നടന്ന “ഹൗഡി മോദി” റാലി അനുസ്മരിച്ചു. അതിൽ താനും പ്രസിഡന്റ് ട്രംപും നിറഞ്ഞ സ്റ്റേഡിയത്തിൽ പ്രസംഗിച്ച കാര്യം പ്രധാനമന്ത്രി ഓർമ്മിച്ചു. മോദിയുടെ പ്രസംഗത്തിനിടെ സദസ്സിൽ ഇരിക്കുകയും പിന്നീട് അദ്ദേഹത്തോടൊപ്പം സ്റ്റേഡിയത്തിൽ ചുറ്റിനടക്കാൻ സമ്മതിക്കുകയും ചെയ്ത രീതി അദ്ദേഹം എടുത്തുപറഞ്ഞു. പരസ്പര വിശ്വാസവും ശക്തമായ ബന്ധവും പ്രകടമാക്കി. പ്രസിഡന്റ് ട്രംപിന്റെ ധൈര്യവും തീരുമാനമെടുക്കലും അദ്ദേഹം എടുത്തുപറഞ്ഞു. ഒരു പ്രചാരണത്തിനിടെ വെടിയേറ്റതിനുശേഷവും അദ്ദേഹത്തിന്റെ അതിജീവനശേഷി അദ്ദേഹം ഓർമ്മിച്ചു. വൈറ്റ് ഹൗസിലേക്കുള്ള തന്റെ ആദ്യ സന്ദർശനം ശ്രീ മോദി ഓർമ്മിച്ചു. അവിടെ പ്രസിഡന്റ് ട്രംപ് ഔപചാരിക പെരുമാറ്റച്ചട്ടം ലംഘിച്ച് അദ്ദേഹത്തെ നേരിട്ട് സന്ദർശിച്ചു. മുൻ പ്രസിഡന്റുമാരെയും സുപ്രധാന നിമിഷങ്ങളെയും കുറിച്ചുള്ള വിശദാംശങ്ങൾ കുറിപ്പുകളോ സഹായമോ ഇല്ലാതെ പങ്കുവച്ചപ്പോൾ, ട്രംപിന്റെ അമേരിക്കൻ ചരിത്രത്തോടുള്ള ആഴമായ ആദരത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ട്രംപ് ഓഫീസിൽ ഇല്ലാതിരുന്നപ്പോഴും അചഞ്ചലമായി നിലനിന്ന ശക്തമായ വിശ്വാസവും ആശയവിനിമയവും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്രംപ് കാർക്കശ്യക്കാരനായ മധ്യസ്ഥൻ എന്ന് വിളിക്കുന്നതും വിവിധ വേദികളിൽ അഭിനന്ദിക്കുന്നതും ട്രംപിന്റെ മഹാമനസ്കതയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ട്രംപിനെ സംബന്ധിച്ചിടത്തോളം അമേരിക്കയാണ് ഒന്നാമത്; മോദിയെ സംബന്ധിച്ചിടത്തോളം എല്ലായ്പ്പോഴും ഇന്ത്യയാണ് ഒന്നാമത്. എല്ലാ വേദികളിലും ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിൽ ഉറച്ചുനിൽക്കുന്നുവെന്നും മറ്റുള്ളവർക്ക് ഒരു ദോഷവും വരുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെ, ഈ ഉത്തരവാദിത്വം തനിക്ക് നൽകിയ 140 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷ നിറവേറ്റുക മാത്രമാണു താൻ ചെയ്യുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ അമേരിക്കൻ ഐക്യനാടുകളിലേക്കുള്ള സന്ദർശന വേളയിൽ എലോൺ മസ്‌ക്, തുളസി ഗബ്ബാർഡ്, വിവേക് രാമസ്വാമി, ജെഡി വാൻസ് തുടങ്ങിയ വ്യക്തികളുമായുള്ള തന്റെ ഫലപ്രദമായ കൂടിക്കാഴ്ചകൾ എടുത്തുകാട്ടിയ ശ്രീ മോദി, ഊഷ്മളവും കുടുംബസമാനവുമായ അന്തരീക്ഷത്തെക്കുറിച്ച് സംസാരിക്കുകയും എലോൺ മസ്‌കുമായുള്ള തന്റെ ദീർഘകാല പരിചയം പങ്കുവയ്ക്കുകയും ചെയ്തു. DOGE ദൗത്യത്തെക്കുറിച്ചുള്ള മസ്‌കിന്റെ ആവേശത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും 2014 ൽ അധികാരമേറ്റതിനുശേഷം ഭരണത്തിലെ കാര്യക്ഷമതയില്ലായ്മയും ദോഷകരമായ രീതികളും ഇല്ലാതാക്കാനുള്ള തന്റെ സ്വന്തം ശ്രമങ്ങളുമായുള്ള സമാനതകൾ വ്യക്തമാക്കുകയും ചെയ്തു. പ്രധാന ഭരണ പരിഷ്കാരങ്ങൾ എടുത്തുകാട്ടിയ പ്രധാനമന്ത്രി മോദി, അധികാരമേറ്റ ശേഷം തന്റെ ഗവണ്മെന്റ് ക്ഷേമപദ്ധതികളിൽനിന്ന് 10 കോടി വ്യാജ ഗുണഭോക്താക്കളെ കണ്ടെത്തി നീക്കം ചെയ്തുവെന്നും, നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം (ഡിബിടി) വഴി ആനുകൂല്യങ്ങൾ അർഹരായവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കിയെന്നും, ഇത് 3 ലക്ഷം കോടി രൂപ ലാഭിക്കാൻ കാരണമായെന്നും പറഞ്ഞു. കൂടാതെ, ഭരണം കാര്യക്ഷമമാക്കുന്നതിനായി കാലഹരണപ്പെട്ട 1500 നിയമങ്ങളും 45,000 ത്തിലധികം നിബന്ധനകൾ പാലിക്കലും റദ്ദാക്കി. ഗവണ്മെന്റിന്റെ വാങ്ങലുകൾക്കായി GeM പോർട്ടലും ആരംഭിച്ചു. ഇതു ചെലവ് കുറയ്ക്കുകയും ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. DOGE പോലുള്ള നൂതന ദൗത്യങ്ങൾ ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റുന്നതുപോലെ, ഈ ധീരമായ മാറ്റങ്ങൾ ഇന്ത്യയെ ആഗോള ചർച്ചാ വിഷയമാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയും ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, പരസ്പരം പഠിക്കുകയും ആഗോള നന്മയ്ക്ക് സംഭാവന നൽകുകയും ചെയ്തതിന്റെ പൊതുവായ ചരിത്രം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു ഘട്ടത്തിൽ, ഇന്ത്യയും ചൈനയും ലോക ജിഡിപിയുടെ 50% ത്തിലധികം സംഭാവന ചെയ്തിരുന്നുവെന്ന് എടുത്തുകാട്ടി. ഇത് അവരുടെ വമ്പിച്ച സംഭാവനകൾ പ്രകടമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഉത്ഭവിച്ച ചൈനയിലെ ബുദ്ധമതത്തിന്റെ ആഴത്തിലുള്ള സ്വാധീനം ഉൾപ്പെടെയുള്ള ആഴത്തിലുള്ള സാംസ്കാരിക ബന്ധങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ശ്രീ മോദി വ്യക്തമാക്കി. അയൽക്കാർ തമ്മിലുള്ള വ്യത്യാസങ്ങൾ സ്വാഭാവികമാണെന്ന് അദ്ദേഹം സമ്മതിച്ചു, പക്ഷേ ഈ വ്യത്യാസങ്ങൾ തർക്കങ്ങളിലേക്ക് നീങ്ങുന്നത് തടയേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. “രണ്ട് രാജ്യങ്ങൾക്കും പ്രയോജനകരമായ സ്ഥിരതയുള്ളതും സഹകരണപരവുമായ ബന്ധം കെട്ടിപ്പടുക്കുന്നതിനുള്ള താക്കോലാണ് സംഭാഷണം” – അദ്ദേഹം കൂട്ടിച്ചേർത്തു. അതിർത്തി തർക്കങ്ങളെക്കുറിച്ചു പറയവേ, 2020-ൽ ഉടലെടുത്ത സംഘർഷങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള തന്റെ സമീപകാല കൂടിക്കാഴ്ച അതിർത്തി സാധാരണ നിലയിലേക്ക് മടങ്ങാൻ കാരണമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2020-ന് മുമ്പുള്ള നിലയിലേക്ക് സാഹചര്യങ്ങൾ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം എടുത്തുകാട്ടി. വിശ്വാസവും ഉത്സാഹവും ഊർജ്ജവും ക്രമേണ തിരിച്ചുവരുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ആഗോള സ്ഥിരതയ്ക്കും സമൃദ്ധിക്കും ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷത്തേക്കാൾ ആരോഗ്യകരമായ മത്സരമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സംഘർഷങ്ങളെക്കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി, കോവിഡ്-19-ൽ നിന്നുള്ള പാഠങ്ങൾ വ്യക്തമാക്കി. അത് ഓരോ രാജ്യത്തിന്റെയും പരിമിതികളെ തുറന്നുകാട്ടുകയും ഐക്യത്തിന്റെ ആവശ്യകതയ്ക്ക് അടിവരയിടുകയും ചെയ്തു. എന്നാൽ, സമാധാനത്തിലേക്ക് നീങ്ങുന്നതിനുപകരം, ലോകം കൂടുതൽ അനിശ്ചിതത്വത്തിലേക്കും സംഘർഷങ്ങൾ വഷളാകുന്നതിലേക്കും നയിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പരിഷ്കാരങ്ങളുടെ അഭാവവും അന്താരാഷ്ട്ര നിയമങ്ങളോടുള്ള അവഗണനയും കാരണം യുഎൻ പോലുള്ള അന്താരാഷ്ട്ര സംഘടനകളുടെ പ്രസക്തി നഷ്ടമാകുന്നത് അദ്ദേഹം എടുത്തുകാട്ടി. സംഘർഷത്തിൽ നിന്ന് സഹകരണത്തിലേക്ക് മാറാൻ ശ്രീ മോദി ആഹ്വാനം ചെയ്തു, വികസനാധിഷ്ഠിത സമീപനമാണ് മുന്നോട്ടുള്ള വഴിയെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരബന്ധിതവും പരസ്പരാശ്രിതവുമായ ഒരു ലോകത്ത് വിപുലീകരണവാദത്തിനു സാധ്യതയില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. രാജ്യങ്ങൾ പരസ്പരം പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. തുടർച്ചയായ സംഘർഷങ്ങളിൽ ആഗോള വേദികൾ പങ്കുവയ്ക്കുന്ന ആഴത്തിലുള്ള ആശങ്ക ചൂണ്ടിക്കാട്ടിയ അദ്ദേഹം, സമാധാനം പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

2002-ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള വിഷയത്തിൽ, ശ്രീ മോദി അതിലേക്ക് നയിച്ച അസ്ഥിരമായ അന്തരീക്ഷത്തെക്കുറിച്ച് വിശദമായി വിവരിച്ചു. കന്ദഹാർ ഹൈജാക്കിങ്, ചുവപ്പുകോട്ട ആക്രമണം, 9/11 ഭീകരാക്രമണം എന്നിവയുൾപ്പെടെ ആഗോള-ദേശീയ പ്രതിസന്ധികളുടെ പരമ്പര ഉയർത്തിക്കാട്ടി. പുതുതായി നിയമിതനായ മുഖ്യമന്ത്രി എന്ന നിലയിൽ താൻ നേരിട്ട പിരിമുറുക്കമുള്ള അന്തരീക്ഷത്തെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വിനാശകരമായ ഭൂകമ്പത്തിന് ശേഷമുള്ള പുനരധിവാസത്തിന് മേൽനോട്ടം വഹിക്കൽ, ദാരുണമായ ഗോധ്ര സംഭവത്തിന്റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2002ലെ കലാപത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, തന്റെ ഭരണത്തിന് മുമ്പ് ഗുജറാത്തിന് വർഗീയകലാപങ്ങളുടെ നീണ്ട ചരിത്രമുണ്ടായിരുന്നെന്ന് ചൂണ്ടിക്കാട്ടി. ജുഡീഷ്യറി ഈ വിഷയം സമഗ്രമായി അന്വേഷിക്കുകയും താൻ പൂർണ്ണമായും നിരപരാധിയാണെന്ന് കണ്ടെത്തുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. 2002 മുതൽ 22 വർഷമായി ഗുജറാത്ത് സമാധാനപരമായി തുടരുകയാണെന്നും എല്ലാവരുടെയും വികസനത്തിലും എല്ലാവരുടെയും വിശ്വാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച ഭരണ സമീപനമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. വിമർശനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ശ്രീ മോദി, “വിമർശനം ജനാധിപത്യത്തിന്റെ ആത്മാവാണ്” എന്ന് പ്രസ്താവിച്ചു, യഥാർത്ഥവും വിവരാത്മകവുമായ വിമർശനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ അദ്ദേഹം, അത് മികച്ച നയരൂപീകരണത്തിലേക്ക് നയിക്കുമെന്ന് വിശ്വസിക്കുന്നതായും വ്യക്തമാക്കി. എന്നിരുന്നാലും, അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ വ്യാപനത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അവയെ സൃഷ്ടിപരമായ വിമർശനങ്ങളിൽ നിന്ന് അദ്ദേഹം മാറ്റിനിർത്തി. “ആരോപണങ്ങൾ ആർക്കും ഗുണം ചെയ്യില്ല; അവ അനാവശ്യമായ സംഘർഷങ്ങൾ ഉണ്ടാക്കുക മാത്രമേ ചെയ്യൂ” – അദ്ദേഹം അഭിപ്രായപ്പെട്ടു. സന്തുലിതമായ സമീപനത്തിനായി വാദിച്ച പ്രധാനമന്ത്രി, പത്രപ്രവർത്തനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവച്ചു. അമൃത് ശേഖരിക്കുകയും മധുരം പരത്തുകയും ചെയ്യുന്ന തേനീച്ചയോട് പത്രപ്രവർത്തനത്തെ താരതമ്യം ചെയ്ത അദ്ദേഹം ഒരുപമ പങ്കുവച്ചു. ആവശ്യമുള്ളപ്പോൾ ശക്തമായി കുത്താനും അതിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്വേഗജനകം എന്നതിനേക്കാൾ സത്യത്തിലും  സൃഷ്ടിപരമായ സ്വാധീനത്തിലും പത്രപ്രവർത്തനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി.

രാഷ്ട്രീയത്തിലെ തന്റെ വിപുലമായ അനുഭവത്തെക്കുറിച്ച് ചർച്ച ചെയ്ത ശ്രീ മോദി, സംഘടനാ പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് കൈകാര്യം ചെയ്യൽ, പ്രചാരണ തന്ത്രങ്ങൾ എന്നിവയിലെ തന്റെ ആദ്യകാല ശ്രദ്ധ എടുത്തുകാട്ടി, 24 വർഷമായി ഗുജറാത്തിലെയും ഇന്ത്യയിലെയും ജനങ്ങൾ തന്നിൽ വിശ്വാസമർപ്പിച്ചിരുന്നുവെന്നും, ഈ പവിത്രമായ കടമയെ അചഞ്ചലമായ സമർപ്പണത്തോടെ മാനിക്കാൻ ഇപ്പോഴും പ്രതിജ്ഞാബദ്ധനാണെന്നും പറഞ്ഞു. ജാതി, മതം, വിശ്വാസം, സമ്പത്ത് അല്ലെങ്കിൽ പ്രത്യയശാസ്ത്രം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനമില്ലാതെ ക്ഷേമപദ്ധതികൾ എല്ലാ പൗരന്മാർക്കും എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനുള്ള തന്റെ ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. പദ്ധതികളിൽ നിന്ന് നേരിട്ട് പ്രയോജനം ലഭിക്കാത്തവർക്കു ഭാവി അവസരങ്ങൾ ഉറപ്പുനൽകുകയും ചെയ്യുന്ന തരത്തിൽ വിശ്വാസം വളർത്തിയെടുക്കുക എന്നതാണ് തന്റെ ഭരണ മാതൃകയുടെ ആധാരശിലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “ഞങ്ങളുടെ ഭരണം വോട്ടെടുപ്പുകളിലല്ല, ജനങ്ങളിലാണ് വേരൂന്നിയിരിക്കുന്നത്; പൗരന്മാരുടെയും രാജ്യത്തിന്റെയും ക്ഷേമത്തിനായി അതു സമർപ്പിതമാണ്” – പ്രധാനമന്ത്രി പറഞ്ഞു, രാജ്യത്തെയും ജനങ്ങളെയും ദൈവികതയുടെ പ്രകടനങ്ങളായി ബഹുമാനിക്കുന്നതിനുള്ള കാഴ്ചപ്പാടു പങ്കുവച്ച്, ജനങ്ങളെ സേവിക്കുന്ന അർപ്പണബോധമുള്ള പുരോഹിതന്റെ പങ്കിനോട് തന്റെ പങ്കിനെ അദ്ദേഹം ഉപമിച്ചു. സാധാരണക്കാർക്കൊപ്പം നിൽക്കുകയും വിശ്വാസം വളർത്തുകയും ചെയ്യുന്ന തന്റെ നിലപാടുയർത്തിക്കാട്ടിയ അദ്ദേഹം, തന്റെ പദവി കൊണ്ടു നേട്ടമുണ്ടാക്കാൻ തനിക്ക് സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി, താൽപ്പര്യ വൈരുദ്ധ്യങ്ങളില്ലെന്ന് വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയിൽ അംഗമാകുന്നതിൽ പ്രധാനമന്ത്രി അഭിമാനം പ്രകടിപ്പിച്ചു, ദശലക്ഷക്കണക്കിന് സമർപ്പിത സന്നദ്ധപ്രവർത്തകരുടെ അക്ഷീണ പരിശ്രമത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഇന്ത്യയുടെയും പൗരന്മാരുടെയും ക്ഷേമത്തിനായി സമർപ്പിച്ചിരിക്കുന്ന ഈ സന്നദ്ധപ്രവർത്തകർക്കു രാഷ്ട്രീയത്തിൽ വ്യക്തിപരമായ പങ്കില്ലെന്നും അവരുടെ നിസ്വാർത്ഥ സേവനത്തിന് വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നുംഅദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പാർട്ടിയിലുള്ള ഈ വിശ്വാസം തെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിക്കുന്നുണ്ടെന്നും അത് ജനങ്ങളുടെ അനുഗ്രഹമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

2024 ലെ പൊതുതെരഞ്ഞെടുപ്പിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടി, ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ അവിശ്വസനീയമായ ലോജിസ്റ്റിക്സിനെക്കുറിച്ച് സംസാരിച്ച ശ്രീ മോദി, വടക്കേ അമേരിക്കയിലെയും യൂറോപ്യൻ യൂണിയനിലെയും ജനസംഖ്യയെക്കാൾ കൂടുതലായി രജിസ്റ്റർ ചെയ്ത 98 കോടി വോട്ടർമാരുണ്ടെന്ന് എടുത്തുപറഞ്ഞു. ഇതിൽ 64.6 കോടി വോട്ടർമാർ കടുത്ത ചൂടിനെ അതിജീവിച്ച് വോട്ട് രേഖപ്പെടുത്തി എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഒരു ദശലക്ഷത്തിലധികം പോളിങ് ബൂത്തുകളും രജിസ്റ്റർ ചെയ്ത 2500-ലധികം രാഷ്ട്രീയ പാർട്ടികളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ജനാധിപത്യത്തിന്റെ വ്യാപ്തി കാണിക്കുന്നു. ഏറ്റവും വിദൂര ഗ്രാമങ്ങളിൽ പോലും പോളിങ് സ്റ്റേഷനുകൾ ഉണ്ടെന്നും എത്തിച്ചേരാനാകാത്ത പ്രദേശങ്ങളിലേക്ക് വോട്ടിങ് മെഷീനുകൾ കൊണ്ടുപോകാൻ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്ന, ഗുജറാത്തിലെ ഗിർ വനത്തിൽ ഒരു വോട്ടർക്കായി ഒരു പോളിംഗ് ബൂത്ത് സ്ഥാപിച്ചതുപോലുള്ള കഥകൾ അദ്ദേഹം പങ്കുവച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ ആഗോള മാനദണ്ഡം സ്ഥാപിച്ചതിന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി പ്രശംസിച്ചു. രാഷ്ട്രീയ അവബോധത്തിന്റെയും ലോജിസ്റ്റിക്കൽ മികവിന്റെയും ആഴം കണക്കിലെടുത്ത്, ഇന്ത്യയുടെ തെരഞ്ഞെടുപ്പ് നടത്തിപ്പിനെ ലോകമെമ്പാടുമുള്ള മികച്ച സർവകലാശാലകൾ കേസ് സ്റ്റഡിയായി പഠിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തന്റെ നേതൃത്വത്തെക്കുറിച്ച് പരാമർശിച്ച ശ്രീ മോദി, ഒരു പ്രധാനമന്ത്രി എന്നതിലുപരി “പ്രധാന സേവകൻ” എന്ന നിലയിലാണ് സ്വയം തിരിച്ചറിയുന്നതെന്നും, സേവനമാണ് തന്റെ പ്രവർത്തന നൈതികതയുടെ മാർഗ്ഗനിർദ്ദേശകതത്വമെന്നും പറഞ്ഞു. അധികാരം തേടുന്നതിനുപകരം ഉൽപ്പാദനക്ഷമതയിലും ജനങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റം കൊണ്ടുവരുന്നതിലുമാണ് തന്റെ ശ്രദ്ധയെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത് അധികാരക്കളി കളിക്കാനല്ല, മറിച്ച് സേവിക്കാനാണ്”- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏകാന്തത എന്ന ആശയത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, തന്നെയും സർവശക്തനെയും പ്രതിനിധാനം ചെയ്യുന്ന “1+1” എന്ന തത്ത്വചിന്തയിൽ വിശ്വസിക്കുന്നതിനാൽ, തനിക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെടുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തെയും ജനങ്ങളെയും സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാമാരിക്കാലത്ത്, വിദൂരദൃശ്യസംവിധാനത്തിലൂടെ ഭരണമാതൃക രൂപകൽപ്പന ചെയ്തും 70 വയസ്സും അതിൽ കൂടുതലുമുള്ള പാർട്ടി സന്നദ്ധപ്രവർത്തകരുമായി വ്യക്തിപരമായി ബന്ധപ്പെട്ടും, അവരുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിച്ചും, പഴയ ഓർമ്മകൾ പുനരുജ്ജീവിപ്പിച്ചും അദ്ദേഹം സജീവമായി.

കഠിനാധ്വാനത്തിന്റെ രഹസ്യം എന്താണെന്ന് ചോദിച്ചപ്പോൾ, തന്റെ പ്രചോദനം കർഷകർ, സൈനികർ, തൊഴിലാളികൾ, കുടുംബങ്ങൾക്കും സമൂഹങ്ങൾക്കും വേണ്ടി അക്ഷീണം സ്വയം സമർപ്പിക്കുന്ന അമ്മമാർ എന്നിവരുൾപ്പെടെ തന്റെ ചുറ്റുമുള്ളവരുടെ കഠിനാധ്വാനം നിരീക്ഷിക്കുന്നതിൽ നിന്നാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. “എനിക്ക് എങ്ങനെ ഉറങ്ങാൻ കഴിയും? എങ്ങനെ വിശ്രമിക്കാൻ കഴിയും? പ്രചോദനം എന്റെ കൺമുന്നിലുണ്ട്”- അദ്ദേഹം പറഞ്ഞു. സഹപൗരന്മാർ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളാണ് തന്റെ പരമാവധി പുറത്തെടുക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2014 ലെ പ്രചാരണ വേളയിൽ നൽകിയ ‘രാജ്യത്തിനുവേണ്ടിയുള്ള കഠിനാധ്വാനത്തിൽ ഒരിക്കലും പിന്നോട്ട് പോകരുത്, ദുരുദ്ദേശ്യത്തോടെ പ്രവർത്തിക്കരുത്, വ്യക്തിപരമായ നേട്ടങ്ങൾക്കായി ഒരിക്കലും ഒന്നും ചെയ്യില്ല’ എന്നീ വാഗ്ദാനങ്ങൾ അദ്ദേഹം അനുസ്മരിച്ചു. ഗവൺമെന്റിന്റെ തലവനായ 24 വർഷത്തിനിടയിൽ ഈ മാനദണ്ഡങ്ങൾ താൻ ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങളെ സേവിക്കുന്നതിലൂടെയും അവരുടെ അഭിലാഷങ്ങൾ മനസ്സിലാക്കുന്നതിലൂടെയും അവരുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിലൂടെയുമാണ് തനിക്ക് പ്രചോദനം ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “എനിക്ക് പറ്റാവുന്നത്രയും ചെയ്യാൻ ഞാൻ എപ്പോഴും ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്, കഴിയുന്നത്ര കഠിനാധ്വാനം ചെയ്യും. ഇന്നും എന്റെ ഊർജ്ജം അതേപടി നിലനിൽക്കുന്നു” – അദ്ദേഹം അഭിപ്രായപ്പെട്ടു.

എക്കാലത്തെയും മികച്ച ഗണിതശാസ്ത്രജ്ഞരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന ശ്രീനിവാസ രാമാനുജനോടുള്ള തന്റെ അഗാധമായ ആദരം പ്രകടിപ്പിച്ച ശ്രീ മോദി, രാമാനുജന്റെ ജീവിതവും പ്രവർത്തനവും ശാസ്ത്രത്തിനും ആത്മീയതയ്ക്കും ഇടയിലുള്ള ആഴമായ ബന്ധത്തെ ഉദാഹരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. രാമാനുജന്റെ ഗണിതശാസ്ത്ര ആശയങ്ങൾ അദ്ദേഹം ആരാധിക്കുന്ന ദേവതയിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടതെന്ന വിശ്വാസത്തെ അദ്ദേഹം എടുത്തുകാട്ടി. അത്തരം ആശയങ്ങൾ ആത്മീയ ശിക്ഷണത്തിൽ നിന്നാണ് ഉയർന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. “അച്ചടക്കം എന്നത് കഠിനാധ്വാനം മാത്രമല്ല; ഒരു ജോലിയിൽ പൂർണ്ണമായും സ്വയം സമർപ്പിക്കുകയും അതിൽ പൂർണ്ണമായും മുഴുകുകയും ചെയ്യുക എന്നതാണ് അർത്ഥം. അങ്ങനെ നിങ്ങൾ നിങ്ങളുടെ ജോലിയുമായി ഒന്നുചേരും” – അദ്ദേഹം പറഞ്ഞു. വൈവിധ്യമാർന്ന വിജ്ഞാന സ്രോതസ്സുകൾക്കായി മനസുതുറന്നിരിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി അടിവരയിട്ടു. ഈ തുറന്ന മനസ്സ് പുതിയ ആശയങ്ങളുടെ ആവിർഭാവം വളർത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവരവും അറിവും തമ്മിലുള്ള വ്യത്യാസം അദ്ദേഹം വ്യക്തമാക്കി. “ചിലർ തെറ്റായി വിവരങ്ങളെ അറിവുമായി കൂട്ടിക്കുഴയ്ക്കുന്നു. അറിവ് എന്നത് ആഴമേറിയ ഒന്നാണ്; പ്രോസസ്സിങ്, പ്രതിഫലനം, ധാരണ എന്നിവയിലൂടെ അത് ക്രമേണ വികസിക്കുന്നു.” രണ്ടും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഈ വ്യത്യാസം തിരിച്ചറിയേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തുകാട്ടി.

തന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ച് ചർച്ച ചെയ്യവേ, നിലവിലെ ചുമതല വഹിക്കുന്നതിന് മുമ്പ് ഇന്ത്യയിലെ 85-90% ജില്ലകളിലും നടത്തിയ വിപുലമായ യാത്രകൾ ശ്രീ മോദി എടുത്തുപറഞ്ഞു. ഈ അനുഭവങ്ങൾ അടിസ്ഥാന യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള നേരിട്ടുള്ള അറിവ് തനിക്ക് നൽകിയെന്ന് അദ്ദേഹം പറഞ്ഞു. “എന്നെ ബുദ്ധിമുട്ടിക്കുന്നതോ ഒരു പ്രത്യേക രീതിയിൽ പ്രവർത്തിക്കാൻ എന്നെ നിർബന്ധിക്കുന്നതോ ആയ ഒരു ഭാരവും ഞാൻ വഹിക്കുന്നില്ല” എന്ന് അദ്ദേഹം പറഞ്ഞു. “എന്റെ രാജ്യം ആദ്യം” എന്നതാണ് തന്റെ മാർഗനിർദേശതത്വമെന്ന് അദ്ദേഹം പങ്കുവച്ചു. തീരുമാനങ്ങൾ എടുക്കുമ്പോൾ ഏറ്റവും ദരിദ്രനായ വ്യക്തിയുടെ മുഖം പരിഗണിക്കുക എന്ന മഹാത്മാഗാന്ധിയുടെ വിവേകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുവെന്നും അദ്ദേഹം പറഞ്ഞു. സജീവമായ നിരവധി വിവര ലഭ്യതാമാർഗങ്ങൾ വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, മികച്ച ബന്ധമുള്ള ഭരണസംവിധാനം പ്രധാനമന്ത്രി എടുത്തുകാട്ടി. “ആരെങ്കിലും എനിക്ക് വിവരങ്ങൾ നൽകുമ്പോൾ, അത് എന്റെ ഒരേയൊരു വിവര സ്രോതസ്സല്ല” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പഠിതാവിന്റെ മാനസികാവസ്ഥ നിലനിർത്താനും, ഒരു വിദ്യാർത്ഥിയെപ്പോലെ ചോദ്യങ്ങൾ ചോദിക്കാനും, ഒന്നിലധികം കോണുകളിൽ നിന്ന് പ്രശ്നങ്ങൾ വിശകലനം ചെയ്യാൻ കുറ്റങ്ങളും കുറവുകളും കണ്ടെത്തുന്നവാനും അദ്ദേഹം ആവശ്യപ്പെട്ടു. ആഗോള സാമ്പത്തിക സിദ്ധാന്തങ്ങൾ അന്ധമായി പിന്തുടരാനുള്ള സമ്മർദത്തെ ചെറുത്ത കോവിഡ് -19 പ്രതിസന്ധി ഘട്ടത്തിലെ തന്റെ തീരുമാനമെടുക്കൽ പ്രക്രിയ ശ്രീ മോദി പങ്കുവച്ചു. “ദരിദ്രർ വിശന്നുറങ്ങാൻ ഞാൻ അനുവദിക്കില്ല” എന്ന് അദ്ദേഹം പറഞ്ഞു. “ക്ഷമയിലും അച്ചടക്കത്തിലും വേരൂന്നിയ തന്റെ സമീപനം ഇന്ത്യയെ കടുത്ത പണപ്പെരുപ്പം ഒഴിവാക്കാനും ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഉയർന്നുവരാനും സഹായിച്ചു”വെന്ന് അദ്ദേഹം പറഞ്ഞു. “എന്തെങ്കിലും എന്റെ രാജ്യത്തിനും ജനങ്ങൾക്കും ശരിയാണെങ്കിൽ, ഞാൻ എപ്പോഴും റിസ്ക് എടുക്കാൻ തയ്യാറാണ്” എന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ തീരുമാനങ്ങളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിനും അദ്ദേഹം ഊന്നൽ നൽകി. “എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, ഞാൻ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നില്ല. ഞാൻ എഴുന്നേറ്റു നിന്ന് ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. പരിണിതഫലം എന്റേതുമാത്രമാക്കുന്നു.” ഈ സമീപനം തന്റെ സംഘത്തിൽ ആഴത്തിലുള്ള പ്രതിജ്ഞാബദ്ധത വളർത്തിയെടുക്കുകയും പൗരന്മാർക്കിടയിൽ വിശ്വാസം വളർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “എനിക്ക് തെറ്റുകൾ പറ്റാം. പക്ഷേ ഞാൻ മോശം ഉദ്ദേശ്യത്തോടെ പ്രവർത്തിക്കില്ല” –  ഫലങ്ങൾ എല്ലായ്പ്പോഴും ആസൂത്രണം ചെയ്തതുപോലെ നടന്നില്ലെങ്കിലും, സമൂഹം അദ്ദേഹത്തിന്റെ സത്യസന്ധമായ ഉദ്ദേശ്യങ്ങളെ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

“നിർമിതബുദ്ധി (AI) വികസനം അടിസ്ഥാനപരമായി സഹകരണ ശ്രമമാണ്. ഒരു രാജ്യത്തിനും സ്വന്തമായി AI പൂർണമായും വികസിപ്പിക്കാൻ കഴിയില്ല” – AI പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് ചോദിച്ചപ്പോൾ ശ്രീ മോദി പറഞ്ഞു. “ലോകം AI ഉപയോഗിച്ച് എന്ത് ചെയ്താലും, ഇന്ത്യയില്ലാതെ അത് അപൂർണമായിരിക്കും” – അദ്ദേഹം പറഞ്ഞു. നിർദിഷ്ട ഉപയോഗത്തിനായുള്ള AI-അധിഷ്ഠിത ആപ്ലിക്കേഷനുകളിൽ ഇന്ത്യയുടെ സജീവമായ പ്രവർത്തനത്തെയും വിശാലമായ പ്രവേശനക്ഷമത ഉറപ്പാക്കുന്നതിനുള്ള അതുല്യമായ മാർക്കറ്റ്പ്ലേസ് അധിഷ്ഠിത മാതൃകയെയും അദ്ദേഹം എടുത്തുകാട്ടി. വിശാലമായ പ്രതിഭാസഞ്ചയമാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “നിർമ‌ിത ബുദ്ധി അടിസ്ഥാനപരമായി ശക്തി പ്രാപിക്കുന്നതും രൂപപ്പെടുത്തുന്നതും മനുഷ്യബുദ്ധിയാൽ നയിക്കപ്പെടുന്നതുമാണ്. യഥാർത്ഥ ബുദ്ധി ഇന്ത്യയിലെ യുവാക്കളിൽ ധാരാളമായുണ്ട്” – ശ്രീ മോദി അഭിപ്രായപ്പെട്ടു. ആഗോള പ്രതീക്ഷകളെ മറികടന്ന 5G വിക്ഷേപണത്തിൽ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയുടെ ഉദാഹരണം പ്രധാനമന്ത്രി പങ്കുവച്ചു. ഒരു ഹോളിവുഡ് ബ്ലോക്ക്ബസ്റ്ററിനേക്കാൾ കുറഞ്ഞ ചെലവിൽ നിർമ്മിച്ച ചന്ദ്രയാൻ പോലുള്ള ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവിന്റെ കാര്യത്തിലുള്ള ലാഭം അദ്ദേഹം എടുത്തുകാണിച്ചു. ഇത് ഇന്ത്യയുടെ കാര്യക്ഷമതയും നവീകരണവും പ്രകടമാക്കുന്നു. ഈ നേട്ടങ്ങൾ ഇന്ത്യൻ പ്രതിഭകളോട് ആഗോളതലത്തിൽ ആദരം സൃഷ്ടിക്കുന്നുവെന്നും ഇന്ത്യയുടെ നാഗരികതയുടെ ധർമ്മചിന്തയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാങ്കേതികവിദ്യയിൽ പ്രമുഖരായ ഇന്ത്യൻ വംശജരുടെ വിജയത്തെക്കുറിച്ചും ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ സാംസ്കാരിക മൂല്യങ്ങളായ സമർപ്പണം, ധാർമ്മികത, സഹകരണം എന്നിവ ഇതിന് കാരണമായി. “ഇന്ത്യയിൽ വളർന്നവർ, പ്രത്യേകിച്ച് കൂട്ടുകുടുംബങ്ങളിലും തുറന്ന സമൂഹങ്ങളിലും വളർന്നവർ, സങ്കീർണ്ണമായ ജോലികളും വലിയ സംഘത്തെയും എളുപ്പത്തിൽ നയിക്കുന്നുവെന്നു തെളിഞ്ഞിട്ടുണ്ട്” – അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ പ്രൊഫഷണലുകളുടെ പ്രശ്നപരിഹാര കഴിവുകളും വിശകലന ചിന്തയും അദ്ദേഹം എടുത്തുകാട്ടി. ഇത് അവരെ ആഗോളതലത്തിൽ മത്സരക്ഷമതയുള്ളവരാക്കുന്നു. മനുഷ്യർക്ക് പകരമായി AI ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ച അദ്ദേഹം, സാങ്കേതികവിദ്യ എപ്പോഴും മനുഷ്യരാശിക്കൊപ്പം മുന്നേറിയിട്ടുണ്ടെന്നും, മനുഷ്യർ പൊരുത്തപ്പെടുകയും ഒരു പടി മുന്നിൽ നിൽക്കുകയും ചെയ്യുന്നുണ്ടെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “മനുഷ്യ ഭാവനയാണ് ഇന്ധനം. AI-ക്ക് അതിനെ അടിസ്ഥാനമാക്കി നിരവധി കാര്യങ്ങൾ സൃഷ്ടിക്കാൻ കഴിയും. എന്നാൽ ഒരു സാങ്കേതികവിദ്യയ്ക്കും മനുഷ്യ മനസ്സിന്റെ അതിരുകളില്ലാത്ത സർഗ്ഗാത്മകതയെയും ഭാവനയെയും മാറ്റിസ്ഥാപിക്കാൻ കഴിയില്ല” – അദ്ദേഹം പറഞ്ഞു. മനുഷ്യനായിരിക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥത്തെക്കുറിച്ച് ചിന്തിക്കാൻ AI മനുഷ്യരെ വെല്ലുവിളിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരസ്പരം പരിപാലിക്കാനുള്ള മനുഷ്യന്റെ സഹജമായ കഴിവ് എടുത്തുകാട്ടിയ അദ്ദേഹം, AI-ക്ക് അത് ആവർത്തിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.

വിദ്യാഭ്യാസം, പരീക്ഷകൾ, വിദ്യാർത്ഥികളുടെ വിജയം എന്നീ വിഷയങ്ങളെ പരാമർശിച്ച ശ്രീ മോദി, സാമൂഹിക മാനസികാവസ്ഥ വിദ്യാർത്ഥികളിൽ അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുവെന്നും സ്കൂളുകളും കുടുംബങ്ങളും പലപ്പോഴും റാങ്കിംഗിലൂടെയാണ് വിജയം അളക്കുന്നതെന്നും പറഞ്ഞു. ഈ മാനസികാവസ്ഥ കുട്ടികളെ അവരുടെ ജീവിതമാകെ 10, 12 ക്ലാസുകളിലെ പരീക്ഷകളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിൽ അവതരിപ്പിച്ച പ്രധാന മാറ്റങ്ങൾ അദ്ദേഹം എടുത്തുകാട്ടി. ‘പരീക്ഷ പേ ചർച്ച’ പോലുള്ള സംരംഭങ്ങളിലൂടെ വിദ്യാർത്ഥികളുടെ ഭാരം ലഘൂകരിക്കുന്നതിനുള്ള തന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം പങ്കുവച്ചു. ഒരു വ്യക്തിയുടെ കഴിവിന്റെ ഏക അളവുകോൽ പരീക്ഷകൾ മാത്രമായിരിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. “പലർക്കും അക്കാദമികമായി ഉയർന്ന സ്കോർ നേടാൻ കഴിഞ്ഞേക്കില്ല, പക്ഷേ ക്രിക്കറ്റിൽ സെഞ്ച്വറി നേടാൻ കഴിയും; കാരണം അവിടെയാണ് അവരുടെ യഥാർത്ഥ ശക്തി സ്ഥിതിചെയ്യുന്നത്.” പഠനത്തെ ആസ്വാദ്യകരവും ഫലപ്രദവുമാക്കിയ നൂതനമായ അധ്യാപന രീതികൾ എടുത്തുകാട്ടി, അദ്ദേഹം തന്റെ സ്കൂൾ കാലത്തെ കഥകൾ പങ്കുവച്ചു. പുതിയ വിദ്യാഭ്യാസ നയത്തിൽ അത്തരം സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെച്ചപ്പെടുത്തിയ കഴിവുകളും വൈദഗ്ധ്യങ്ങളും വിജയത്തിലേക്കുള്ള വാതിലുകൾ തുറക്കുന്നുവെന്നു ചൂണ്ടിക്കാട്ടി, സമർപ്പണത്തോടെയും ആത്മാർത്ഥതയോടെയും ഓരോ ജോലിയും നിർവഹിക്കാൻ ശ്രീ മോദി വിദ്യാർത്ഥികളെ ഉപദേശിച്ചു. യുവാക്കൾ ഉത്സാഹം നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞു. “തീർച്ചയായും നിങ്ങൾക്ക് മാത്രമായി നിശ്ചയിച്ചിട്ടുള്ള ചില ജോലികളുണ്ട്. നിങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അവസരങ്ങൾ വരും.” ഏതൊരാളുടെയും ജീവിതത്തെ വലിയ ലക്ഷ്യവുമായി ബന്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. അത് പ്രചോദനവും അർത്ഥവും നൽകുന്നു. സമ്മർദത്തെയും ബുദ്ധിമുട്ടുകളെയും അഭിസംബോധന ചെയ്ത അദ്ദേഹം, മാതാപിതാക്കൾ കുട്ടികളെ പദവിചിഹ്നങ്ങളായി ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും ജീവിതം പരീക്ഷകളെക്കുറിച്ചുള്ളത് മാത്രമല്ലെന്ന് മനസ്സിലാക്കാനും ആവശ്യപ്പെട്ടു. നന്നായി തയ്യാറെടുക്കാനും, കഴിവുകളിൽ വിശ്വസിക്കാനും, ആത്മവിശ്വാസത്തോടെ പരീക്ഷകളെ സമീപിക്കാനും അദ്ദേഹം വിദ്യാർത്ഥികളെ ഉപദേശിച്ചു. പരീക്ഷാസമയത്ത് വെല്ലുവിളികൾ മറികടക്കാൻ ചിട്ടയായ സമയപരിപാലനത്തിന്റെയും പതിവു പരിശീലനത്തിന്റെയും പ്രാധാന്യത്തിന് അദ്ദേഹം ഊന്നൽ നൽകി. ഓരോ വ്യക്തിയുടെയും അതുല്യമായ കഴിവുകളിലുള്ള വിശ്വാസം അദ്ദേഹം ആവർത്തിച്ചു. തങ്ങളിലുള്ള വിശ്വാസം നിലനിർത്താനും വിജയിക്കാനുള്ള അവരുടെ കഴിവുകളിൽ വിജയം നേടാനും വിദ്യാർത്ഥികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

പഠനസമയത്ത് പൂർണമനസ്സേകേണ്ടതിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, തന്റെ പഠന സമീപനവും പങ്കുവച്ചു. “ഞാൻ ഏതൊരാളെ കണ്ടുമുട്ടുമ്പോഴും, ആ നിമിഷത്തിൽ ഞാൻ പൂർണ്ണ മനസ്സേകും. ഈ സമ്പൂർണ്ണ ശ്രദ്ധ പുതിയ ആശയങ്ങൾ വേഗത്തിൽ ഗ്രഹിക്കാൻ എന്നെ അനുവദിക്കുന്നു” – അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ശീലം സ്വീകരിക്കാൻ അദ്ദേഹം മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു. അത് മനസ്സിന്റെ മൂർച്ച കൂട്ടുകയും പഠന ശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പ്രസ്താവിച്ചു. “മികച്ച ഡ്രൈവർമാരുടെ ജീവിതകഥകൾ വായിച്ചുകൊണ്ട് മാത്രം നിങ്ങൾക്ക് ഡ്രൈവിങ്ങിൽ പ്രാവീണ്യം നേടാൻ കഴിയില്ല. നിങ്ങൾ സ്വയം വാഹനമോടിച്ച് റോഡിൽ കയറുകതന്നെവേണം.” -പരിശീലനത്തിന്റെ മൂല്യം എടുത്തുകാട്ടി അദ്ദേഹം പറഞ്ഞു. മരണമെന്ന സത്യം ചൂണ്ടിക്കാട്ടി, ജീവിതത്തെ സ്വീകരിക്കേണ്ടതിന്റെയും, ലക്ഷ്യം നിർണയിച്ച് അതിനെ സമ്പന്നമാക്കേണ്ടതിന്റെയും, മരണഭയം ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. “മരണം മുട്ടിവിളിക്കുംമുമ്പ് പൂർണ്ണമായും ഒരു ലക്ഷ്യത്തോടെയും ജീവിക്കാൻ കഴിയുന്നവിധം നിങ്ങളുടെ ജീവിതത്തെ സമ്പന്നമാക്കുന്നതിനും, പരിഷ്കരിക്കുന്നതിനും, ഉയർത്തുന്നതിനും പ്രതിജ്ഞാബദ്ധരാകുക” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ശുഭാപ്തിവിശ്വാസമില്ലായ്മയും നിഷേധാത്മകതയും തന്റെ മാനസികാവസ്ഥയുടെ ഭാഗമല്ലെന്ന് പ്രസ്താവിച്ച പ്രധാനമന്ത്രി, ഭാവിയെക്കുറിച്ചുള്ള തന്റെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ചരിത്രത്തിലുടനീളം പ്രതിസന്ധികളെ അതിജീവിക്കുന്നതിലും മാറ്റത്തെ സ്വീകരിക്കുന്നതിലും മനുഷ്യരാശിയുടെ അതിജീവനശേഷി അദ്ദേഹം എടുത്തുകാട്ടി. “എല്ലാ യുഗത്തിലും, നിരന്തരം ഒഴുകുന്ന മാറ്റത്തിന്റെ പ്രവാഹവുമായി പൊരുത്തപ്പെടുക എന്നത് മനുഷ്യസ്വഭാവമാണ്” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലഹരണപ്പെട്ട ചിന്താരീതികളിൽ നിന്ന് ഏവരും സ്വതന്ത്രരായി പരിവർത്തനം സ്വീകരിക്കുമ്പോൾ അസാധാരണമായ മുന്നേറ്റങ്ങൾക്കു സാധ്യതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആത്മീയത, ധ്യാനം, സാർവത്രിക ക്ഷേമം എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിച്ച ശ്രീ മോദി, ഗായത്രി മന്ത്രത്തിന്റെ പ്രാധാന്യം എടുത്തുകാട്ടി. സൂര്യന്റെ പ്രകാശശക്തിക്ക് സമർപ്പിച്ചിരിക്കുന്ന ആത്മീയ പ്രബുദ്ധതയ്ക്കുള്ള കരുത്തുറ്റ സങ്കേതമായി ഇതിനെ വിശേഷിപ്പിച്ചു. നിരവധി ഹിന്ദു മന്ത്രങ്ങൾ ശാസ്ത്രവുമായും പ്രകൃതിയുമായും ആഴത്തിൽ ഇഴചേർന്നിരിക്കുന്നുവെന്നും, ദിവസവും ജപിക്കുമ്പോൾ അഗാധവും ശാശ്വതവുമായ നേട്ടങ്ങൾ നൽകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രദ്ധ വ്യതിചലിക്കുന്നതിൽനിന്ന് സ്വയം മോചിതനാകുകയും ഈ നിമിഷത്തിൽ ജീവിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് ധ്യാനമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹിമാലയത്തിലുണ്ടായ അനുഭവവും അദ്ദേഹം വിവരിച്ചു. ഒരു പാത്രത്തിൽ വീഴുന്ന വെള്ളത്തുള്ളികളുടെ താളാത്മകമായ ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു സന്ന്യാസി പഠിപ്പിച്ചു. ഈ പരിശീലനത്തെ “ദിവ്യമായ മാറ്റൊലി” എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇത് ഏകാഗ്രത വികസിപ്പിക്കാനും ധ്യാനത്തിലേക്കു പരിണമിക്കാനും തന്നെ സഹായിച്ചു. ഹിന്ദു തത്വചിന്തയെക്കുറിച്ച് പ്രതിഫലിപ്പിച്ച്, ജീവിതത്തിന്റെ പരസ്പരബന്ധത്തെയും സാർവത്രിക ക്ഷേമത്തിന്റെ പ്രാധാന്യത്തെയും എടുത്തുകാട്ടുന്ന മന്ത്രങ്ങൾ ശ്രീ മോദി ഉദ്ധരിച്ചു. “ഹിന്ദുക്കൾ ഒരിക്കലും വ്യക്തിഗത ക്ഷേമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല. എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും ഞങ്ങൾ ആഗ്രഹിക്കുന്നു” എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ സത്തയെയും ഋഷിമാരുടെ ആത്മീയ ആചാരങ്ങളെയും പ്രതീകപ്പെടുത്തുന്ന സമാധാനത്തിന്റെ ആഹ്വാനത്തോടെയാണ് ഓരോ ഹിന്ദു മന്ത്രവും അവസാനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ചിന്തകൾ പങ്കിടാനുള്ള അവസരത്തിന് നന്ദി പ്രകടിപ്പിച്ചാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്. വളരെക്കാലമായി ഉള്ളി‌ൽ സൂക്ഷിച്ചിരുന്ന ആശയങ്ങൾ അനാവരണം ചെയ്യാനും ആവിഷ്കരിക്കാനും ഈ സംഭാഷണം തന്നെ അനുവദിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

A wonderful conversation with @lexfridman, covering a wide range of subjects. Do watch! https://t.co/G9pKE2RJqh

— Narendra Modi (@narendramodi) March 16, 2025

 

***

SK